Begin typing your search above and press return to search.
proflie-avatar
Login

ഗൾഫ് നാടകങ്ങളിലെ ഇന്ത്യ

ഗൾഫ് നാടകങ്ങളിലെ ഇന്ത്യ
cancel

ഗൾഫ് എന്നും നാടകങ്ങളുടെ അരങ്ങുകൂടിയാണ്. സക്രിയമായി ഇടപെടുന്ന കാണികളുടെ കൂടെ നാട്. ഗൾഫ് നാടകങ്ങളിലെ ഇന്ത്യൻ പ്രതിനിധാനത്തെയും ​പ്രാതിനിധ്യത്തെയും കുറിച്ച് വിശദമാക്കുകയാണ് ഈ പ്രഭാഷണം. ഇത്തരമൊരു പ്രൗഢസദസ്സിന് മുമ്പാകെ ‘ഗൾഫ് നാടകങ്ങളിലെ ഇന്ത്യ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകിയതിന് ഖത്തർ സാംസ്കാരിക മന്ത്രാലയത്തോട് ആദ്യമായി നന്ദി പറയട്ടെ. അമേരിക്കൻ നാടകകൃത്തായ ആർതർ മിച്ചറുടെ പ്രശസ്തമായ വാക്കുകൾ ഇത്തരുണത്തിൽ ഓർക്കുകയാണ്. ജനങ്ങളുടെ ബോധമണ്ഡലത്തെ മാറ്റിപ്പണിയുകയും മാനവികസിദ്ധികളെ ഉണർത്തുകയുമാണ് നാടകത്തിന്റെ ദൗത്യമെന്ന് അദ്ദേഹം...

Your Subscription Supports Independent Journalism

View Plans
ഗൾഫ് എന്നും നാടകങ്ങളുടെ അരങ്ങുകൂടിയാണ്. സക്രിയമായി ഇടപെടുന്ന കാണികളുടെ കൂടെ നാട്. ഗൾഫ് നാടകങ്ങളിലെ ഇന്ത്യൻ പ്രതിനിധാനത്തെയും ​പ്രാതിനിധ്യത്തെയും കുറിച്ച് വിശദമാക്കുകയാണ് ഈ പ്രഭാഷണം.

ഇത്തരമൊരു പ്രൗഢസദസ്സിന് മുമ്പാകെ ‘ഗൾഫ് നാടകങ്ങളിലെ ഇന്ത്യ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകിയതിന് ഖത്തർ സാംസ്കാരിക മന്ത്രാലയത്തോട് ആദ്യമായി നന്ദി പറയട്ടെ. അമേരിക്കൻ നാടകകൃത്തായ ആർതർ മിച്ചറുടെ പ്രശസ്തമായ വാക്കുകൾ ഇത്തരുണത്തിൽ ഓർക്കുകയാണ്. ജനങ്ങളുടെ ബോധമണ്ഡലത്തെ മാറ്റിപ്പണിയുകയും മാനവികസിദ്ധികളെ ഉണർത്തുകയുമാണ് നാടകത്തിന്റെ ദൗത്യമെന്ന് അദ്ദേഹം പറയുകയുണ്ടായി.

വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വർഷങ്ങളോളം ഡൽഹിയിൽ താമസിക്കുകയും ഇന്ത്യയെയും ഇന്ത്യൻ സംസ്കാരത്തെയും അഗാധമായി സ്നേഹിക്കുകയും ചെയ്ത ഒരു പ്രമുഖ ഖത്തരി വ്യക്തിത്വത്തെ ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. എഴുപതുകളിലും എൺപതുകളിലും ഇന്ത്യയിൽ ഖത്തർ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച പ്രമുഖ കവിയും നയതന്ത്രജ്ഞനുമായ ഡോ. ഹസൻ നിഅ്മയല്ലാതെ മറ്റാരുമല്ല അത്. സദാ ഖത്തരി ദേശീയവസ്ത്രം ധരിക്കുന്നതിൽ നിഷ്ഠപുലർത്തിയിരുന്ന അദ്ദേഹം ഡൽഹിയിലെ സാംസ്കാരിക രംഗത്ത് വളരെ സജീവമായിരുന്നു.

ഞാൻ ജോലിചെയ്തിരുന്ന ‘പ്രബോധനം’ വാരികയിലേക്ക് വരാറുണ്ടായിരുന്ന ഡൽഹിയിലെ അറബ് ലീഗ് നയതന്ത്രകാര്യാലയത്തി​ന്റെ ‘അൽ അറബ്’ മാഗസിനിൽ എഴുപതുകളിൽ അത്തരം ധാരാളം വാർത്തകൾ വായിച്ചത് ഓർക്കുന്നു. ഔദ്യോഗിക കാലത്ത് അറബ് ‘മുശായരകൾ’ സംഘടിപ്പിച്ചും തന്റെ വസതിയിൽ സംഗീതക്കച്ചേരികൾ നടത്തിയും ഡോ. നിഅ്മ ഡൽഹി സായാഹ്നങ്ങൾ സമ്പന്നമാക്കുകയുണ്ടായി. ഇന്ത്യയിൽനിന്ന് അദ്ദേഹത്തെ മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റുമ്പോഴൊക്കെ ദോഹയിൽ പാഞ്ഞെത്തി അന്നത്തെ ഖത്തർ ഭരണാധികാരിയായ ശൈഖ് ഖലീഫയെ കണ്ട് ആ ഉത്തരവ് അദ്ദേഹം റദ്ദാക്കിക്കുകയായിരുന്നുവെന്ന് പ്രസിദ്ധ സുഡാനി നോവലിസ്റ്റ് തയ്യിബ് സാലിഹ് ‘അൽ മജല്ല’ എന്ന സൗദി മാഗസിനിലെ ചക്രവാളങ്ങൾ (ഇലൽ ആഫാഖ്) എന്ന തന്റെ കോളത്തിൽ എഴുതിയത് ഓർമവരുന്നു. അത്രമാത്രം അഗാധമായിരുന്നു ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം.

ഇതുപോലെത്തന്നെ ഗൾഫ് നാടകങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ‘ഇന്ത്യൻ തിയറ്ററിന്റെ പിതാവ്’ ആയ ഇബ്രാഹിം ഖാസിയെ എങ്ങനെ മറക്കാൻ കഴിയും? ഇന്ത്യക്കാരെന്നല്ല, സൗദികളിൽത്തന്നെ അദ്ദേഹത്തിന്റെ സൗദി വേരുകളെക്കുറിച്ചറിയുന്ന എത്ര പേരുണ്ടാകും? സൗദിയിലെ ഖസീം പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ‘ഉനൈസ്’ നഗരത്തിൽനിന്ന് വ്യാപാരാർഥം ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹത്തിന്റെ പിതാവ് അഹ്മദ് ഖാസി പുണെയിലെത്തുകയായിരുന്നു. ഒരു കുവൈത്തിയായിരുന്നു ഇബ്രാഹിം ഖാസിയുടെ മാതാവ്. പുണെയിലെ സെന്റ് സേവിയറിൽനിന്ന് ബിരുദം നേടിയ ഇബ്രാഹിം ഖാസി ഉപരിപഠനാർഥം ലണ്ടനിലെത്തിയപ്പോൾ ജവഹർലാൽ നെഹ്റു അദ്ദേഹത്തെ കാണാനിടയായി.

ഉപരിപഠനാനന്തരം ഇന്ത്യയിലേക്കുതന്നെ മടങ്ങിവരാൻ നെഹ്റു അദ്ദേഹത്തെ ഉപദേശിച്ചു. ഇന്ത്യൻ തിയറ്ററിന്റെ നിലവാരം ഉയർത്താനും നടന്മാരെ പരിശീലിപ്പിക്കാനുമുള്ള ഒരു സ്ഥാപനം തുടങ്ങാൻ ഡൽഹിയിൽ സൗജന്യമായി സ്ഥലം നൽകാമെന്ന് നെഹ്റു അദ്ദേഹത്തിന് വാഗ്ദാനം നൽകി. അങ്ങനെ കുടുംബാംഗങ്ങൾ മുഴുവൻ ഇന്ത്യ വിട്ടപ്പോൾ ഇബ്രാഹിം ഖാസി, 2020ൽ മരിക്കും വരെ ഇന്ത്യയിൽതന്നെ സ്ഥിരവാസം ചെയ്തു. ഡൽഹിയിലെ നാഷനൽ ഡ്രാമ സ്കൂളും ഖാസി ഫൗണ്ടേഷനും ആർട്ട് ഹെറിറ്റേജ് ഗാലറിയുമൊക്കെ അതികായനായ ഈ കലാകാരന്റെ നിത്യസ്മാരകമായി പരിലസിക്കുന്നു. നടനലോകത്തിലെ അതുല്യ പ്രതിഭകളായ നസീറുദ്ദീൻ ഷാ, ഓംപുരി, രോഹിണി ഹട്ടൻഗഡി തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

ഡോ. നിഅ്മയെയും ഇബ്രാഹിം ഖാസിയെയും പോലെ നയതന്ത്രത്തിന്റെയും സർഗാത്മക കലയുടെയും ഇരട്ട ദൗത്യം നിർവഹിച്ച അറബ് സ്ഥാനപതിമാർ വേറെയുമുണ്ട് അനേകം. സിറിയൻ കവി ഉമർ അബൂരീശ, യു.എ.ഇ കവയിത്രി ളബ്‍യ ഖമീസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. ഡോ. രാധാകൃഷ്ണൻ, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, പോണ്ടിച്ചേരിയിലെ ആറോവില്ലയിലെ അരവിന്ദ മഹർഷി എന്നിവരുമായൊക്കെ ഉറ്റ സൗഹൃദബന്ധം പുലർത്തിയിരുന്ന കവിയായിരുന്നു ഉമർ അബൂരീശ. പുതിയൊരു കവിത എഴുതിയാൽ ഇംഗ്ലീഷ് തർജമയടക്കം അത് കാസറ്റിലാക്കി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ കേൾപ്പിച്ച ശേഷമേ അദ്ദേഹം അത് പ്രസിദ്ധീകരണത്തിന് അയക്കാറുണ്ടായിരുന്നുള്ളൂ. മറ്റൊരു വിഷയമായതിനാൽ അതിന്റെ വിശദാംശങ്ങളിലേക്കൊന്നും കടക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.

നാടകക്കമ്പം

ചലച്ചിത്രത്തിൽനിന്ന് ഭിന്നമായി ഗൾഫ് നാടുകളുടെ ഹൃദയഭൂമിയിൽ സവിശേഷ സ്ഥാനമുള്ള കലയാണ് നാടകം. ഫുട്ബാൾ ഒഴിച്ചുനിർത്തിയാൽ, പൊതുവെ എല്ലാ മേഖലകളിലുമുള്ള ആളുകളും നാടകത്തോട് കമ്പമുള്ളവരാണ്. വർഷന്തോറും ജി.സി.സി അംഗരാഷ്ട്രങ്ങളിൽ നാടകോത്സവവും മത്സരങ്ങളും പതിവാണ്. ഒട്ടനവധി നാടകമെഴുത്തുകാരെയും സംവിധായകന്മാരെയും നടന്മാരെയും ഈ നാടുകൾ സംഭാവന ചെയ്തിട്ടുണ്ട്. ഈ നാടകങ്ങളിൽ ചിലതിൽ ഗാർഹിക വേലക്കാരുടെയും നഴ്സുമാരുടെയും വേഷത്തിലുള്ള ഇന്ത്യൻ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ദർബുസ്സലഖ്’, ‘ഖാലത്തീ ഖുമാശ’, ‘സുഖുൽ മഖാസ്വീസ്വ’ തുടങ്ങിയ കുവൈത്തി നാടകങ്ങളും ‘ത്വാശ്മാശ്’ ‘ആസ്വഫ്’ തുടങ്ങിയ സൗദി നാടകങ്ങളും ‘സീറാൻ’ പോലുള്ള ബഹ്റൈൻ നാടകങ്ങളും ‘ഹായിർ ‘ത്വായിർ’, ‘ശാഹ്ഫാൻ’ തുടങ്ങിയ യു.എ.ഇ നാടകങ്ങളും ഉദാഹരണം. ഈ നാടകങ്ങൾ നേരിട്ട് കാണാനുള്ള അവസരങ്ങൾ ലഭിക്കാത്തതിനാൽ ചില ഖത്തരി നാടകങ്ങൾ, വിശിഷ്യാ ഗാനിം സുലൈത്തിയുടെ ‘അന്നാസ് ബൈസാത്ത്’ (പണമാണ് മനുഷ്യൻ) എന്ന ടെലിവിഷൻ പരമ്പരയെക്കുറിച്ച് പരാമർശിക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം, ഈ നാടകങ്ങൾ, ഖത്തറിലെ താമസക്കാലത്ത് നേരിട്ട് കാണാനുള്ള അവസരം എനിക്കുണ്ടായി.

 

‘അറബ് ചാർളി ചാപ്ലിൻ’

നാടകകൃത്തും നാടക സംവിധായകനുമെന്ന നിലയിൽ ഗൾഫ് നാടകവേദിയിലെ അതുല്യ പ്രതിഭാശാലിയാണ് ഗാനിം സുലൈത്തി. സർവോപരി അദ്ദേഹത്തിന്റെ പൂർവിക വേരുകൾ എല്ലാ ഗൾഫ് നാടുകളിലും ചെന്നെത്തുന്നുണ്ട് എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. ഖത്തർ സ്വദേശിയാണ് അദ്ദേഹത്തിന്റെ പിതാവ്, മാതാവാകട്ടെ യു.എ.ഇക്കാരിയും. മുത്തശ്ശിയുടെ വേരുകൾ സൗദിയിലാണ്. ബഹ്റൈൻ തലസ്ഥാന നഗരിയായ മനാമയിൽ ജനിച്ച അദ്ദേഹത്തിന് കുവൈത്തിൽ അടുത്ത ബന്ധുക്കളുണ്ട്. അങ്ങനെ നോക്കുമ്പോൾ ഒരു ഗൾഫ് മിശ്രസത്തയാണ് ഈ നടന്റെ വ്യക്തിത്വമെന്ന് കാണാം. എന്നാലോ പൊതുമാനങ്ങളുള്ള തീമുകളും റോളുകളും സാക്ഷാത്കരിച്ച ആ വ്യക്തിത്വം ഇടുങ്ങിയ ദേശാതിർത്തികളെയും ​കവച്ചുവെക്കുന്നതാണ്.

പതിനാറാം വയസ്സിലാണ് ഗാനിം സുലൈത്തി ആദ്യമായി ഒരു നാടകമെഴുതുന്നത്. 1972ൽ സ്വയം എഴുതി നടിച്ച ‘പ്രേതഗേഹം’ (ബൈത്തുശ്ശബഹ്) ആയിരുന്നു ആ കന്നിരചന. 1978ൽ കൈറോവിലെ ‘ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമ ആർട്സി’ൽനിന്ന് ബിരുദമെടുക്കുന്നതിനുമുമ്പ്, ​‘പ്രേതഗേഹ’ത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാല് നാടകങ്ങൾ കൂടി രംഗമണ്ഡപത്തിലെത്തി. ശക്തമായ വിജയ വിളംബരവുമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ ആദ്യകാല രചനകൾ ഗൾഫിലെ, വിശിഷ്യാ ഖത്തറിലെ തിയറ്റർ ചരിത്രത്തിൽ ഗാനിമിന്റെ നാമം അനശ്വരമാക്കി. ഗൾഫ് രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് അദ്ദേഹത്തിന്റെ കീർത്തി ഈജിപ്ത്, തുനീഷ്യ എന്നീ അറബ് രാജ്യങ്ങളിലേക്കുകൂടി എത്തിച്ചേർന്നു. 1985ൽ തുനീഷ്യയിലെ കാർത്തീജിൽ നടന്ന മത്സരത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് ഗാനിമിനായിരുന്നു.

നർമത്തിന്റെ ചിപ്പിയിൽ ​പൊതിഞ്ഞ ആശയങ്ങളുടെ മുത്തുകൾ അവതരിപ്പിച്ചുകൊണ്ട് ഒന്നാന്തരം കൊമേഡിയന്റെ റോളിൽ പല നാടകങ്ങളിലും ഗാനി അഭിനയിക്കുന്നുണ്ട്. ‘അറബ് ലോകത്തിലെ ചാർളി ചാപ്ലിൻ’ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തികച്ചും അന്വർഥമാണ് ഈ അപരാഭിധാനം. ആരെയെങ്കിലും അനുകരിക്കുന്നു എന്ന അർഥത്തിലല്ല ഇത്. അദ്ദേഹത്തിന്റെ ഹാസ്യം സ്വതസിദ്ധമായ കലയുടെ മൂശയിൽ വാർത്തെടുത്ത അറബ് മൗലിക സ്വഭാവത്തോടുകൂടിയുള്ളതാണ്. കലയിലൂടെ മേഖലയുടെ ദിശാസൂചി ക്രമപ്പെടുത്താനും ചിന്താശൂന്യമായ രാഷ്ട്രീയ നീക്കങ്ങളെ യുക്തിഭദ്രമാക്കാനുമാണ് അദ്ദേഹത്തിന്റെ ശ്രമം.

നിർഭയമായ സാമൂഹിക-രാഷ്ട്രീയ വിമർശനമാണ് ഗാനിം സുലൈത്തിയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണവിശേഷം. ഗൾഫ് സഹകരണ കൗൺസിലിനെ (മജ്‍ലിസുത്തആവുനുൽ ഖലീജി) കളിയാക്കിക്കൊണ്ട് 1959ൽ അരങ്ങേറിയ അദ്ദേഹത്തിന്റെ ‘ഗൾഫ് അടിപിടി കൗൺസിൽ’ (മജ്‍ലിസുത്തഹാവുഗുൽ ഖലീജി) എന്ന നാടകം നോക്കുക. പിൽക്കാല സംഭവവികാസങ്ങൾ ദശകങ്ങൾക്കു മുമ്പുള്ള സുലൈത്തിയുടെ വിശേഷണത്തെ എത്രമാത്രം ശരിവെക്കുന്നതാണെന്ന് നാം കണ്ടതാണ്. ഗൾഫിനെ ​ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന 1995ലെ ‘ഹലോ ഗൾഫ്’ എന്ന നാടകവും ഇവിടെ പ്രസ്താവ്യമാണ്. ഖത്തറിന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘനാളുകൾ സ്റ്റേജ് ചെയ്ത നാടകമായിരുന്നു അത്. തുടർച്ചയായ 112 രാത്രികളാണ് ഈ നാടകം കളിച്ചത്.

പിന്നീട് 2017ൽ ഗൾഫ് പ്രതിസന്ധി കാലത്ത് അരങ്ങേറിയ ‘എന്താണ് സംഭവിക്കുന്നത്?’ (ശ്ശൂല്ലദീയസീർ) എന്ന ടി.വി പരമ്പരയാണ് മ​റ്റൊരു ഉദാഹരണം. ‘അൽ ജസീറ’യുടെ ‘അതിർത്തികളില്ലാതെ’ (ബിലാഹുദൂദ്) എന്ന എപ്പിസോഡിൽ കലാകാരൻതന്നെ വ്യക്തമാക്കിയപോലെ ഗൾഫ് സഹകരണ കൗൺസിലിലെ ഏതെങ്കിലും അംഗരാഷ്ട്രത്തെ ആക്ഷേപിക്കുകയായിരുന്നില്ല ഇതിന്റെ ലക്ഷ്യം. മറിച്ച് ഗൾഫ് കുടുംബ ഐക്യത്തെ ശക്തിപ്പെടുത്തുകയും മൂല്യങ്ങൾ പകർന്നുനൽകുകയുമായിരുന്നു. ‘ഹലോ ഗൾഫി’ൽ ഗൾഫിലെ എണ്ണക്കിണറുകൾ വറ്റുന്ന കാലക്കേടിനെക്കുറിച്ച് ഈ നാടകക്കാരൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. ആ ആപത് സൂചനകളെ ശരിവെക്കുംവിധം ചില ഗൾഫ്നാടുകളിലെ സാമ്പത്തികമാന്ദ്യത്തിന് ലോകം പിന്നീട് സാക്ഷിയായി. രാഷ്ട്രീയക്കാരനു കാണാൻ സാധിക്കാത്ത ഭവിഷ്യത്തുകൾ സത്യദർശമാനായ കലാകാരന് മുൻകൂട്ടി കാണാൻ സാധിക്കുന്നു.

ഇന്ത്യയും ഇന്ത്യക്കാരും സുലൈത്തീ നാടകങ്ങളിൽ

സുലൈത്തിയുടെ നാടകങ്ങളിൽ ഒരു ഇന്ത്യൻ കഥാപാത്രമില്ലാത്തവ വളരെ വിരളമാണ്. നേരത്തേ പരാമർശിച്ച ‘ഹലോ ഗൾഫും’ ഇതിന് അപവാദമല്ല. എന്നാൽ, വിഭവങ്ങളുടെ അഭാവത്തെയും ഉപജീവനാർഥം ഗൾഫ് ജനം ഇന്ത്യയിലേക്ക് പുറപ്പെട്ടുപോയ ഗതകാല നാളുകളെയും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതാണ് ഈ നാടകത്തിലെ മുഖ്യപ്രമേയം. പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലെയും വിക്ടോറിയൻ നഗരങ്ങളായ കൽക്കത്ത, ബോംബെ, ഹൈദരാബാദ്, മലബാർ എന്നിവിടങ്ങളിലേക്കുള്ള ഗൾഫ് മൈഗ്രേഷനാണ് ഇവിടെ സൂചന. പ്രകൃതിദത്തമായ മുത്തുകൾ കച്ചവടം ചെയ്യാനും ഭക്ഷ്യവിഭവങ്ങളും മലഞ്ചരക്കുകളും വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും മരത്തടികളും കയറ്റുമതി ചെയ്ത് വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനും അല്ലെങ്കിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം, ബുക്ക് കീപ്പിങ് തുടങ്ങിയ ആധുനിക വിദ്യകൾ നേടാനും ഗൾഫുകാർ ഇന്ത്യയിലേക്ക് ചേക്കേറിയ കാലഘട്ടമായിരുന്നു അത്.

നജ്ദിൽനിന്ന് ആലു ബസ്സാം, ആലു ഫൗസാൻ, ആലു ഖാദി; ഹിജാസിൽനിന്ന് ആലുസൈൻ, ആലു അബ്ദുൽ ജവാദ്; കുവൈത്തിൽനിന്ന് ആലു മിശഅരി, ബഹ്റൈനിൽനിന്ന് ആലു ഫഖ്റു, ആലുറബ്ബാനി, ആലു മത്വർ; ഷാർജയിൽനിന്ന് ആലു മിദ്ഫാഅ്; ദുബൈയിൽനിന്ന് ആലു ലൂത്വ, ആലു നുഅ്മാൻ, ആലു സായിഗ്; ഖത്തറിൽനിന്ന് ആ രാജ്യത്തിന്റെ യഥാർഥ സ്ഥാപകനായ ശൈഖ് ജാസിം ആലു സാനി എന്നിങ്ങനെ അന്ന് ചേക്കറിയ പ്രമുഖ ഗൾഫ് കുടുംബാംഗങ്ങളെ ബഹ്റൈനി പത്രപ്രവർത്തകനായ ഡോ. അബ്ദുല്ല അൽ മദനി ലിസ്റ്റ് ചെയ്തതായി കാണാം. ബോംബെയിലെ മുഹമ്മദലി റോഡ്, ഇബ്രാഹിം റഹ്മത്തുല്ല റോഡ്, കൊളാബ എന്നീ പ്രദേശങ്ങളുടെ മുക്കുമൂലകളിൽനിന്നു ഇന്നും അവരുടെ സ്മരണകളുടെ സുഗന്ധ സമീരണൻ അടിച്ചുവീശുന്നുണ്ടാകും.

 

ഉദാരനായ കലാകാരൻ

ഇന്ത്യൻ കലാകാരന്മാർക്ക്, വിശിഷ്യാ കേരളീയർക്ക് തന്റെ നാടകങ്ങളിൽ അഭിനയിക്കാൻ അവസരം നൽകി എന്നതാണ് ഗാനിം സുലൈത്തിയുടെ എടു​ത്തോതേണ്ട പ്രത്യേകത. ഇതര ഗൾഫ് നാടുകളിൽനിന്നുള്ള നാടകങ്ങളിലൊന്നും ഈയൊരു സവിശേഷത ചൂണ്ടിക്കാട്ടാൻ സാധിക്കുകയില്ല. എ.വി. മുഹമ്മദുണ്ണി, അൻവർ ബാബു, അശ്റഫ് ചെറുവള്ളി, റഹ്മാ​ൻ കാട്ടുങ്ങൽ എന്നീ അഭിനേതാക്കൾ ഇവരിൽപെടുന്നു. ടി.വി സ്റ്റുഡിയോകളിലായാലും സ്റ്റുഡിയോകൾക്ക് പുറ​ത്തായാലും റിഹേഴ്സലുകൾക്കിടയിൽ തങ്ങളോട് ആദരവോടും സ്നേഹത്തോടും കൂടി പെരുമാറണമെന്ന് സുലൈത്തി തന്റെ ട്രൂപ്പിലെ ഖത്തരികളോട് പറയാറുള്ളത് ഉണ്ണി അനുസ്മരിക്കുന്നു.

മഹാനായ ഈ കലാകാരന് ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ അതിരുകളൊന്നും അറിഞ്ഞുകൂടായിരുന്നു. ഏറെ വൈകുന്ന രാത്രികളിലെ റിഹേഴ്സലുകൾക്കിടയിൽ ആദ്യം തങ്ങളെ ഊട്ടിയശേഷമല്ലാതെ സുലൈത്തി അത്താഴം കഴിക്കാറുണ്ടായിരുന്നില്ലെന്ന് ഈ ഇന്ത്യൻ കലാകാരന്മാർ ഓർക്കുന്നു. കലയിൽ ഒരു ലോകപൗരൻതന്നെയായിരുന്നു ശരിക്കും സുലൈത്തി. ജന്മഗേഹത്തിൽനിന്നേ മൊട്ടിട്ട് വളർന്ന തിയറ്റർ പ്രണയം ഖത്തറിലും തുടരാൻ സുലൈത്തിയാണ് തനിക്ക് അവസരമൊരുക്കിത്തന്നതെന്ന് അഭിമാനപൂർവം, നന്ദിയോടെ ഉണ്ണി അനുസ്മരിക്കുന്നുണ്ട്.

ഖത്തർ നാഷനൽ തിയറ്ററിൽ നാടകങ്ങൾ അരങ്ങേറുമ്പോഴൊക്കെ മുഹമ്മദുണ്ണി പതിവായി അത് കാണാനെത്താറുണ്ടായിരുന്നു. ഒരു നാടകാവതരണ വേളയിൽ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സുലൈത്തിയോട് ഉണ്ണി, അറബി നാടകങ്ങളെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ നാടകങ്ങളുടെ റിഹേഴ്സൽ നടക്കുന്നിടത്ത് വരാൻ ഉണ്ണിയോട് ആവശ്യപ്പെട്ട ഗാനിം സുലൈത്തി വരാനിരിക്കുന്ന നാടകങ്ങളിലൊന്നിൽ ഒരു റോൾ വാഗ്ദാനം നടത്തുകകൂടി ചെയ്തു. ‘ദോഹ തശ്രീഫ്’ എന്ന നാടകത്തിൽ അഭിനയിക്കാൻ ഉണ്ണിക്ക് അവസരം കിട്ടുന്നത് അങ്ങനെയാണ്. യു.എ.ഇയിൽ ഈ നാടകം അരങ്ങേറിയപ്പോൾ ഒരു മാസത്തോളം സുലൈത്തിയുടെ ട്രൂപ്പിനൊപ്പം ഉണ്ണിയുമുണ്ടായിരുന്നു.

‘പണമില്ലെങ്കിൽ പിണം’

ഗാനിമിന് വളരെ വിപുലമായൊരു ഇന്ത്യൻ പ്രേക്ഷക വൃത്തം, വിശിഷ്യാ കേരള പ്രവാസികളുടെ, ഉണ്ടായിരുന്നു. കേരളീയ പ്രവാസികൾക്ക് അറിയാവുന്ന ഒരു ഖത്തരി കലാകാരനുണ്ടെങ്കിൽ അത് ഗാനിം സുലൈത്തി മാത്രമായിരിക്കുമെന്ന് പറയാവുന്നതാണ്. എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ദോഹയിൽ മലയാളം ചാനലുകൾ പ്രസാരണം തുടങ്ങിയിട്ടുണ്ടായിരുന്നില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരേയൊരു ദൃശ്യമാധ്യമം അന്ന് ഖത്തർ ടി.വി മാത്രമായിരുന്നു. 1994ലെ റമദാനിൽ ‘ഇഫ്താർ സുപ്ര’ക്ക് ചുറ്റും പടിഞ്ഞിരുന്ന്, ‘പണമില്ലെങ്കിൽ പിണം’ എന്ന് പരിഭാഷപ്പെടുത്താവുന്ന ‘അന്നാസ് ബൈസാത്ത്’ എന്ന സുലൈത്തിയുടെ സീരിയൽ ടി.വിയിൽ കണ്ടുകൊണ്ടിരിക്കുന്ന മലയാളികളുടെ ചിത്രം ഇന്നും മനോമുകുരത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇഫ്താറിന്റെ അതേസമയത്തായിരുന്നു ഖത്തർ അറബിക് ചാനൽ ആ സീരിയൽ പ്രസാരണം ചെയ്തിരുന്നത്. രസകരമായ ആ കലാശിൽപം ആസ്വദിക്കുന്നതിന് ഭാഷ അവർക്കൊരു തടസ്സമായിരുന്നില്ല. റമദാൻ മാസം മുഴുവൻ അതിലെ ഓരോ എപ്പിസോഡിനോടുമൊപ്പം ആസ്വദിച്ച് ജീവിക്കുകയായിരുന്നു അവർ.

മലയാളികളുടെ വീടകങ്ങളിൽ ചർച്ചാവിഷയമായ സീരിയൽ ഖത്തരി മാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ ചൂടുപിടിച്ച വിവാദങ്ങൾക്ക് തിരികൊളുത്തി. ആ കലാസൃഷ്ടിയിലൂടെ ഗാനിം നടത്തിയ സാമൂഹിക വിമർശനത്തിന്റെ ഫലമായി വ്രണിതഹൃദയരായ ഒരു വിഭാഗം ഖത്തരികൾ പരമ്പരയെ കഠിനമായി വിമർശിച്ചപ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന നിഷേധാത്മക വശങ്ങ​ളെക്കുറിച്ച് ബോധവാന്മാരായ, കലയുടെ മാന്ത്രികവടികൊണ്ടെങ്കിലും അവ ഉച്ചാടനംചെയ്യാൻ തൽപരരായ മറ്റൊരു വിഭാഗം പരമ്പരയെ അകമഴിഞ്ഞു പിന്തുണച്ചു.

റാശിദുൽ ഗയ്സിന്റെ പാത്രാവിഷ്കാരം

ഒരു ഖത്തരിക്ക് ഇന്ത്യക്കാരിയായ ഭാര്യയിൽ ജനിച്ച റാശിദുൽ ഗയ്സിന്റെ നായകവേഷം സീരിയലിൽ അഭിനയിച്ചത് ഗാനിംതന്നെയായിരുന്നു. പിതാവിന്റെ മരണശേഷം കുടുംബബന്ധം ചേർക്കുക എന്ന ഒരേയൊരു ഉ​ദ്ദേശ്യത്തിൽ റാശിദ് ഖത്തറിലെത്തുന്നു. പക്ഷേ, പിതാവിന്റെ ബന്ധുക്കളായ ഷാഹീനും സഖറിനും ആ വരവ് അത്രക്കങ്ങ് ഇഷ്ടമാകുന്നില്ല. പിതാവിന്റെ സ്വത്തിലുള്ള തന്റെ അവകാശം നേടിയെടുക്കാനാണ് റാശിദ് വന്നിട്ടുള്ളതെന്ന് അവർ തെറ്റിദ്ധരിക്കുന്നു. അവരുടെ പിതാമഹനിൽനിന്ന് വ്യത്യസ്തമായി അവരിരുവരും വളരെ രൂക്ഷമായാണ് റാശിദിനോട് പെരുമാറുന്നത്. പിതാമഹനാകട്ടെ റാശിദിനോട് അനുകമ്പയാണുള്ളത്.

അതിനിടെ, സബീക്ക എന്നൊരു ഖത്തരി പെൺകുട്ടിയുമായി റാശിദ് പ്രണയത്തിലാകുന്നു. ആ പെൺകുട്ടിയുടെ പിതാവിനും റാശിദിനോട് അനുഭാവമാണുള്ളത്. നാടൻ സംസാര​ശൈലിയിൽനിന്ന് ഭിന്നമായി സ്ഫുടമായ (ഫുസ്ഹ) അറബി സംസാരിക്കുന്ന അഭ്യസ്തവിദ്യനായ റാശിദ് അതിനിടെ ഒരു ഖത്തരി ചെറുപ്പക്കാരനെ അറബി ഭാഷ പഠിപ്പിക്കാൻ ആരംഭിക്കുന്നു.

പരമ്പരയിൽ ഇരട്ട റോളിലാണ് ഗാനിം അഭിനയിക്കുന്നത്; റാശിദിന്റെയും പ്രതിനായകനായ സഖറിന്റെയും വേഷത്തിൽ. പരമ്പരയിലുടനീളം നന്മയുടെ പ്രതീകമായി റാശിദ് തിളങ്ങുമ്പോൾ സഖർ തിന്മയുടെ മൂർത്തിയായാണ് രംഗത്തെത്തുന്നത്. ഇത്തരത്തിലൊരു ചിത്രീകരണം ചില ഖത്തരി പ്രേക്ഷകരെ പ്രകോപിപ്പിച്ചതിൽ അത്ഭുതമില്ല. ഒരു ഇന്ത്യക്കാരൻ ഒരു ഖത്തരി യുവാവിനെ അറബി പഠിപ്പിക്കുന്ന രംഗംകൂടി ആയപ്പോൾ മുറിവേറ്റ ദേശീയവികാരം ആളിപ്പടർന്നു. മീഡിയയിലുടനീളം ചൂടുപിടിച്ച വിവാദത്തിനത് തിരികൊളുത്തിയത് സ്വാഭാവികമായിരുന്നു. വിശുദ്ധ ഖുർആൻ അവതരിച്ച, ഗൾഫ് സഹോദരങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞുപോയ അറബി ഭാഷയുടെ ലിറ്റററി രൂപംപോലുള്ള ‘വിനകളു’മായി തങ്ങളുടെ അടുത്ത് വന്ന നായക കഥാപാത്രത്തെ ഖത്തരി പ്രേക്ഷകരിൽ ചിലർ കഠിനമായി കടന്നാക്രമിച്ചു.

എന്നാൽ, ആഴത്തിലുള്ള വിശകലനങ്ങളിൽ കഥാപാത്രങ്ങളുടെ പേരുകൾപോലും തിരഞ്ഞെടുക്കുന്നതിൽ ഗാനിം എത്രമാത്രം സൂക്ഷ്മത പുലർത്തിയിരുന്നു എന്ന് കാണാവുന്നതാണ്. നന്മയുടെ കിരീടമണിഞ്ഞ ‘റാശിദ്’ വിവേകത്തിന്റെ പ്രതിനിധാനമാണ്. ക്രൂരതയുടെ പ്രതിനിധാനമായ സഖറും ഷാഹീനും ഭാഷയിൽ പ്രാപ്പിടിയന്മാരാണ്. കുലീനതയെ ധ്വനിപ്പിക്കുന്ന ‘പരിശുദ്ധമായ തങ്കക്കട്ടിയാണ് സബീക്ക.’

വൈരുധ്യങ്ങൾ

വിമർശകർ എന്തുകൊണ്ടാണ് പരമ്പരയുടെ നെഗറ്റിവ് വശങ്ങളിൽ മാത്രം ഊന്നിയതെന്നത് ദുരൂഹമാണ്. തത്ത്വദീക്ഷ പുലർത്തുന്ന സബീക്കയുടെ പിതാവിന്റെയും സഖർ-ഷാഹീൻമാരുടെ പിതാമഹന്റെയും പാത്രാവിഷ്കാരം എന്തുകൊണ്ടാണ് അവർ അവഗണിച്ചു കളഞ്ഞത്?

അറബ് വംശജയായ ഒരു പെൺകുട്ടി ഇന്ത്യൻ പ്രവാസിയായ റാശിദിൽ അനുരക്തയായതാവാം ഖത്തരി സ്വദേശി പ്രേക്ഷകരിൽ ഇത്രയധികം നീരസമുണ്ടാക്കിയതെന്നാണ് തോന്നുന്നത്. വിമർശനത്തിന്റെ ഊന്നൽ രചനയുടെ കലാപരമായ വശങ്ങളിലായിരുന്നെങ്കിൽ രചനയുടെ ന്യൂനതകൾ പ്രകടമാവുക തികച്ചും വ്യത്യസ്തമായ തലങ്ങളിലാകുമായിരുന്നു. കാരണം, റാശിദിന്റെ ഭാവപ്രകടനങ്ങളിൽ ചിലത് ഉന്നത വിദ്യാഭ്യാസം നേടിയ ഒരാളുടേതുമായി തീരേ പൊരുത്തപ്പെടാത്ത വിധത്തിൽ, ഒരു ബഫൂണിന്റെ നിലവാരത്തിലേക്ക് താഴുന്നതായിരുന്നു. ഇരട്ട റോളിൽ അഭിനയിച്ച ഗാനിം. കൊമേഡിയൻ എന്ന നിലയിൽ, റാശിദിന്റെ നേരെ പ്രേക്ഷകരുടെ അനുകമ്പ പിടിച്ചുപറ്റാൻ ആഗ്രഹിച്ചതാകാം ഈ ദൗർബല്യത്തിന് കാരണം. അങ്ങനെ അഭ്യസ്തവിദ്യനായ റാശിദിന്റെ ഗൗരവപ്രകൃതം അവഗണിച്ചുകൊണ്ട് ആ കഥാപാത്രത്തെ സുലൈത്തി തന്റെ സ്വത്വത്തിൽ സ്വാംശീകരിച്ചു. അതോടെ, ഗാനിമിന്റെ റോളിന്റെ വിജയത്തിനായി റാശിദ് എന്ന അഭ്യസ്തവിദ്യൻ ബലിയായിത്തീർന്നു.

ഈയൊരു ദൗർബല്യം ഒഴിച്ചുനിർത്തിയാൽ നാടകം മൊത്തത്തിൽ വലിയതോതിൽ സന്തുലിതവും വിജയവുമായിരുന്നു. മറ്റേതൊരു സമൂഹവുംപോലെ ഖത്തരി സമൂഹവും ന്യൂനതകളിൽനിന്ന് മുക്തമല്ല. ഈ​യൊരു വീക്ഷണകോണിൽ, പുഴുക്കുത്തുകൾ നീക്കാനും നന്മകളുടെ ശാക്തീകരണത്തിന്റെ സന്ദേശം നൽകാനുമുള്ള ഒരു സർജിക്കൽ ഓപറേഷനായിരുന്നു ‘അന്നാസ് ബൈസാത്ത്’ എന്ന പരമ്പര.

 

മലയാളി നടന്മാർ ഗാനിം സുലൈത്തിയുടെ (ഇടത്തുനിന്ന് നാലാമത്) കൂടെ

അജ്ഞതയുടെ തടവുകാർ

നടേ സൂചിപ്പിച്ചപോലെ ഒരു ഖത്തരി ചെറുപ്പക്കാരനെ റാശിദ് അറബി പഠിപ്പിക്കുന്ന രംഗമാകാം ഗാനിമിനെ ആക്രമിക്കാൻ ചിലരെ പ്രകോപിപ്പിച്ചത്. ഖത്തരികളെ നിന്ദിക്കാനുള്ള ഒരു ശ്രമമായാണ് അവർ അതിനെ കണ്ടത്. ഈ ആരോപണത്തെ ചെറുക്കാൻ ഖത്തരി കവയിത്രി ഡോ. സക്കിയ്യ മാലുല്ല അന്നെഴുതിയ പ്രതികരണംതന്നെ ധാരാളം മതി. ഇന്ത്യയിലെ ഒരു അക്കാദമിയിൽ അംഗമായ അവർക്ക് ഇന്ത്യയെയും ഇന്ത്യക്കാരെയും സംബന്ധിച്ച് നന്നായറിയാം. ഇക്കാര്യത്തിൽ ഗാനിമിനെ ആക്രമിക്കുന്നവർ അജ്ഞതയുടെ തടവുകാർ മാത്രമാണെന്നതാണ് യാഥാർഥ്യം. പണ്ടും ആധുനിക കാലത്തും ഇന്ത്യ സംഭാവനചെയ്ത ഉജ്ജ്വല അറബി പണ്ഡിതന്മാരെയും ചിന്തകന്മാരെയും കുറിച്ച് ഒന്നുമറിയാത്തവരാണവർ.

‘ഹുജ്ജത്തുല്ലാഹിൽ ബാലിഗ’യുടെ കർത്താവായ നവോത്ഥാന ചിന്തകൻ ഷാഹ് വലിയുല്ലാ ഹിദ്ദഹ്‍ലവി, പ്രശസ്ത ഹദീസ് പണ്ഡിതനായ ശൈഖ് മുബാറക്പൂരി എന്നിവർ മുൻകാല പണ്ഡിതന്മാരിൽ ചിലർമാത്രം. സ്വാതന്ത്ര്യസമര ഭടനും ഖുർആൻ വ്യാഖ്യാതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അബുൽ കലാം ആസാദ്, ഇസ്‍ലാമിക ചിന്തകനായ അബുൽ അഅ്‍ലാ മൗദൂദി, പ്രബോധകനായ മുഹമ്മദ് ഇൽയാസ് സകരിയ്യ, അറബി ഗ്രന്ഥകാരനായ അബുൽ ഹസൻ നദ്‍വി എന്നിവർ ആധുനിക കാലത്തെ ഉദാഹരണങ്ങളിൽപെടുന്നു.

അറബി ഭാഷയുടെ അതീവ സൂക്ഷ്മവശങ്ങളിൽപോലും അഗാധമായ അറിവുള്ള മനീഷി എന്നാണ് സിറിയൻ മഹാകവി ഉമർ അബൂരീശ മൗലാനാ ആസാദിനെ വിശേഷിപ്പിക്കുന്നത്. സിറിയൻ അംബാസഡറായി നിയമിതനായ ഉടൻ ആസാദിനെ സന്ദർശിച്ച സന്ദർഭം അദ്ദേഹം ഓർക്കുന്നു. പത്താം നൂറ്റാണ്ടിലെ അബ്ബാസീയ കാലഘട്ടത്തിൽ ജീവിച്ച അബുത്വയ്യിബ് മുതനബ്ബിയുടെ ഒരു ഈരടി ചൊല്ലിക്കൊണ്ടായിരുന്നുവത്രെ അബൂരീശയെ ആസാദ് സ്വാഗതം ചെയ്തത്.

 

‘ഇദൽ കരീമുൽ ഹുർറുമർറ ബി ബൽദതിൻ

സാലന്ന ദാദ ബിഹാ മഖാമൽ മാഉ’ (സ്വതന്ത്രനായ മാനി ഒരു നാട്ടിലൂടെ കടന്നുവരുമ്പോൾ സൗവർണ വെളി​ച്ചം പരന്നൊഴുകുകയും ജലം നിശ്ചലമായി ഘനീഭവിക്കുകയും ചെയ്യുന്നു). ഈ വരികൾ ചൊല്ലി തന്നെ സ്വാഗതംചെയ്ത ആസാദ് ‘ഘനീഭവിക്കുക’ എന്ന അർഥത്തിൽ ‘ഖാമ’ എന്ന പദം ‘മുതനബ്ബി’യല്ലാതെ മറ്റാരും പ്രയോഗിച്ചു കണ്ടിട്ടില്ലെന്ന് പറഞ്ഞതായി അബൂരീശ അനുസ്മരിക്കുന്നു. ഗാനിം സുലൈത്തിയെ പോലെത്തന്നെ പരാമർശമർഹിക്കുന്ന മറ്റൊരു നാടകകൃത്താണ് അബ്ദുർറഹ്മാൻ മന്നായി. ഫ്രഞ്ച് കലാകാരന്മാരുമായി സഹകരിച്ച് അദ്ദേഹം സംവിധാനം ചെയ്ത ‘മവാഈൽ’ ഏറെ നിരൂപക ശ്രദ്ധയാകർഷിക്കുകയുണ്ടായി.

നാടകങ്ങളിൽ മാത്രമല്ല, ഇതര സർഗാത്മക രചനകളിലും ഇന്ത്യയുടെ അടയാളങ്ങൾ നമുക്ക് കാണാം. ഈയിടെ പുറത്തിറങ്ങിയ ഡോ. ഹുദാ നഈമിയുടെ ‘സഅ്ഫറാന’ എന്ന നോവൽ ഉദാഹരണം. എണ്ണ കണ്ടെത്തുന്നതിനുമുമ്പ് മുത്ത് വ്യാപാരാർഥം ഇന്ത്യയിലെത്തിയ ഖത്തരികൾ തിരിച്ചുവരുമ്പോൾ കുടുംബങ്ങൾക്ക് സമ്മാനമായി ബോംബെയിൽനിന്ന് റേഡിയോവും മുന്തിയ തുണിത്തരങ്ങളും കൊണ്ടുവരുന്നത് ഈ നോവലിലെ ചില അധ്യായങ്ങളിൽ വായിക്കാം.

​അവസാനമായി, ‘അന്നാസ്ബൈസാത്ത്’ എന്ന സോ​ദ്ദേശ്യ രചനയിലൂടെ നൽകിയ സന്ദേശത്തിന് ലബ്ധപ്രതിഷ്ഠിതനായ നാടകപ്രതിഭ ഗാനിം സുലൈത്തിക്ക് എന്റെ രാജ്യമായ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഊഷ്മളമായ സ്നേഹാഭിവാദ്യങ്ങൾ സമർപ്പിക്കട്ടെ.

=======================

(ജനുവരി 10-18 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നാഷനൽ ബുക്ക് ട്രസ്റ്റ് നടത്തിയ വേൾഡ് ബുക്ക് ഫെയറിൽ അതിഥി രാജ്യമായെത്തിയ ഖത്തറിന്റെ സാംസ്കാരിക പരിപാടിയിൽ പ​ങ്കെടുത്ത് നടത്തിയ പ്രഭാഷണം)

News Summary - Indian representation in Gulf dramas