കരണം

കാട്ടിലൊരു മരം വീണാൽ ഒച്ചയുണ്ടാവുമോ, കേൾക്കാനാളില്ലെങ്കിൽ? –പണ്ടൊരു പ്രബന്ധമധ്യേ ജോർജ് ബെർക്ലി നടത്തിയ പ്രയോഗം. ധ്വനിയിത്ര മാത്രം: മനസ്സിലാക്കാൻ ആളില്ലെങ്കിൽ അർഥത്തിന് അസ്തിത്വമില്ല. ദാർശനികത വിട്, സാധാരണത്തിലുമുണ്ട് സംഗതിക്കൊരു വീച്ച്. കാട്ടുമരക്കഥയുടെ ഭൗതികം മാത്രമെടുക്കുക. ശബ്ദം കമ്പനമാണ്. മരത്തിന്റെ പതനമായാലും മറ്റേതു ചലനമായാലും...
Your Subscription Supports Independent Journalism
View Plansകാട്ടിലൊരു മരം വീണാൽ ഒച്ചയുണ്ടാവുമോ, കേൾക്കാനാളില്ലെങ്കിൽ?
–പണ്ടൊരു പ്രബന്ധമധ്യേ ജോർജ് ബെർക്ലി നടത്തിയ പ്രയോഗം. ധ്വനിയിത്ര മാത്രം: മനസ്സിലാക്കാൻ ആളില്ലെങ്കിൽ അർഥത്തിന് അസ്തിത്വമില്ല.
ദാർശനികത വിട്, സാധാരണത്തിലുമുണ്ട് സംഗതിക്കൊരു വീച്ച്. കാട്ടുമരക്കഥയുടെ ഭൗതികം മാത്രമെടുക്കുക. ശബ്ദം കമ്പനമാണ്. മരത്തിന്റെ പതനമായാലും മറ്റേതു ചലനമായാലും ചുറ്റുവായുവിലത് കമ്പനമുണ്ടാക്കുന്നു, തരംഗരൂപത്തിൽ പടരുന്നു. കാതിലത് ‘അലയൊലി’യായെത്തി സിരാകേന്ദ്രങ്ങളിൽ വകതിരിച്ചറിയപ്പെടുന്നു. അഥവാ കേൾക്കാൻ കാതില്ലെങ്കിൽ ശബ്ദമില്ല!
ക്വാണ്ടം ശാസ്ത്രത്തിന്റെ ഉദ്ഭവകാലം. അണുകണത്തിന്റെ അകലോകത്തെ സ്ഥിതിഗതികളെപ്പറ്റി സന്ദേഹം കലശൽ. നിരീക്ഷിക്കുന്ന മാത്രയിൽ സൂക്ഷ്മാണു സ്ഥിതി മാറ്റുന്നു, അല്ലെങ്കിൽ ഗതി. ഈ പുതിയ ശാസ്ത്രശാഖയുടെ സൃഷ്ടിസംഘത്തിൽ മുഖ്യതർക്കം ഐൻസ്റ്റൈനും നീൽ ബോറും തമ്മിൽ, രണ്ടാളിന്റെയും ചങ്ങാതിയും സഹപ്രവർത്തകനുമായ എബ്രഹാം പയ്സിനോട് ഒരുച്ചയൂണിനിടെ പൊടുന്നനെ ഐൻസ്റ്റൈന്റെ ചോദ്യം: ‘‘നമ്മൾ നോക്കുന്നതുകൊണ്ടാണ് ചന്ദ്രൻ അവിടുള്ളതെന്ന് ശരിക്കും വിശ്വസിക്കുന്നുണ്ടോ?’’
(20ാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രം ഇക്കാര്യത്തിൽ തീർച്ചയുള്ള ഒരുത്തരമുണ്ടെന്ന് അവകാശപ്പെടുന്നില്ല –അതായിരുന്നു പയ്സിന്റെ സൂക്ഷ്മതയുള്ള മറുപടി. കാരണം, ക്വാണ്ടം ലോകത്ത് പദാർഥങ്ങൾക്ക് അങ്ങനെയൊരു സുനിശ്ചിതത്വമില്ല. ആപേക്ഷികമായാണു നില, നോക്കുപോലിരിക്കും കണിയുടെ നീക്കുപോക്ക്).
കണ്ണിനും കാഴ്ചക്കും അത്യമിതമാണ് മനുഷ്യന്റെ പരിഗണന, കാര്യഗ്രഹണത്തിൽ. എന്നിരിക്കെ, ശ്രദ്ധയുടെ കാതൽ കാതാണെന്നു പറഞ്ഞാലോ? അപ്പോഴും വിടരുക കണ്ണുതന്നെ –‘സംശയദൃഷ്ടി’. ഒരു നിമിഷം...
കണ്ണിന് അടപ്പുണ്ട്, ഇമ. അതുകൊണ്ട് കണ്ണ് അടയും. കാത് അടയുന്നില്ല, ഒരിക്കലും. മനുഷ്യനെ ലോകത്തേക്ക് സദാ ഇഴചേർക്കുന്നത് കാഴ്ചയല്ല, കേഴ്വിയാണ്. മറിച്ചാണ് പൊതുവിചാരം. അതുകൊണ്ടാവണം ശ്രവണത്തിന്റെ ശബ്ദകോശം ശുഷ്കം. നമ്മൾ കുശുകുശുക്കുന്നു, മിണ്ടുന്നു, മൂളുന്നു, പാടുന്നു, മുരളുന്നു, അലറുന്നു... അടരങ്ങനെ പലതുണ്ട്. അതിനുള്ളിൽതന്നെ ഓരോന്നിനും പലതുണ്ട് സ്വനഭേദങ്ങൾ. അതിനൊന്നും വേണ്ട ഗൗരവം നൽകാറില്ല നാം, കാഴ്ചക്കുള്ള മാതിരി. പദകോശത്തിന്റെ ഈ മെലിവാണ് ശ്രവണാനുഭവത്തിൽ നമുക്കുള്ള അശ്രദ്ധയുെട തെളിവ്. വാമൊഴിയിലും വരമൊഴിയിലും കാഴ്ചക്കുള്ള സമഗ്രാധിപത്യത്തോട് താരതമ്യംചെയ്താലറിയും ശബ്ദപരിസ്ഥിതിയോടുള്ള ഉപേക്ഷ.
സാധാരണരിൽ കവിഞ്ഞ സംവേദനശേഷിയുള്ള കലയാളരുടെ അടിസ്ഥാന നില തന്നെ കാഴ്ചകരുടേതാണ്. കണ്ണിന്റെയും ഉൾക്കണ്ണിന്റെയും കാഴ്ചവട്ടമാണവരുടെ നങ്കൂരം. എഴുത്തുകാർ അക്ഷരലിപിയിൽ, ചിത്രമെഴുത്തുകാർ ചിത്രലിപിയിൽ, ശിൽപികൾ രൂപലിപിയിൽ, നർത്തകർ ചലനലിപിയിൽ... ചലച്ചിത്രം നിറയെ നോക്കു
േപാക്കാണ്, ശബ്ദം അതിനുള്ള പക്കമേളം മാത്രം. ശബ്ദസൂക്ഷ്മത അസ്തിവാരമിട്ട കല സംഗീതം മാത്രം. അവിടെപ്പോലും സ്വരലിപിയുടെ വ്യാകരണപ്പിടിയുണ്ട്, ‘ശബ്ദ’കോശത്തിന് –‘ശ്രുതി’ പിഴച്ചാൽ അപശ്രുതി. ശ്രദ്ധിക്കണം, ശ്രവ്യമേതും ശ്രുതിയാണ്, കേട്ടത്. ശബ്ദപ്രപഞ്ചത്തിൽ അപശബ്ദം എന്നൊന്നില്ല. പക്ഷേ, പാട്ടിൽ അതു പാടില്ലാത്തതാണ്, സംഗീതവിരുദ്ധം. അതുകൊണ്ട്, അതിനുവേണ്ടിയൊരു തിരഞ്ഞെടുപ്പും വകഭേദവും നടത്തുന്നു, ശബ്ദത്തിന്റെ. സ്വാഭാവികമായും അതിന്റെ ലിപി പരിമിതമാകുന്നു, ഈണങ്ങൾക്കുവേണ്ടി പുടംചെയ്ത് നേർപ്പിച്ചെടുത്തത്. കേൾവിയുടെ ഭാഷ പക്ഷേ അത്തരം സംസ്കരണങ്ങൾക്ക് ഏറെ അപ്പുറമാണ്. കാതു കൊടുത്താലറിയും അതിന്റെ ആഴം, പരപ്പ്. ശബ്ദത്തിനുനേരെ അന്ധമാണ് കണ്ണ്. അതു പറയും, എന്റെ പണിയല്ലതെന്ന്. കാതിന്റെ പണിക്ക് ഇടമില്ലതാനും, കാഴ്ചയുടെ പുരയിൽ, പൂരത്തിൽ. പക്ഷേങ്കിൽ, കാതില്ലാതെങ്ങനെ ഇക്കഥയറിയാൻ?
ഫോണും ഫോണോഗ്രാഫുമൊക്കെ വന്നപ്പോഴാണ് ശ്രദ്ധയിൽ ശബ്ദത്തിന്റെ സ്ഥാനം മനുഷ്യർ ശ്രദ്ധിച്ചുതുടങ്ങുന്നത്. സ്വനയന്തിരങ്ങളുടെ മനോഫലങ്ങൾ തിരിച്ചറിയാൻ കാലം പിന്നെയുമെടുത്തു. റേഡിയോയും റെക്കോഡറും കസറ്റും കടന്ന് സീഡിയും ഡി.വി.ഡിയും എം.പി 3യും പിന്നെ ഇതെല്ലാമുള്ളടക്കുന്ന സ്മാർട്ട്ഫോൺ വരെയായി. ജീവനുള്ള ഉടലിൽനിന്ന് നാദത്തെ ഊരിപ്പടർത്തുന്ന യന്തിരപ്രഗതിയുടെ തുടക്കത്തിൽ കവി പാടി:
സ്വനഗ്രാഹിയി
ലശരീരിയായ് പാടും സൈഗാൾ!
(സോജാ/ ഒ.എൻ.വി)
അതിൽ ഇന്നു പ്രത്യേകിച്ചൊന്നും തോന്നില്ലെങ്കിലും അന്ന് അത് അത്ഭുതമായിരുന്നു, ആവേശവും. ഏത് ശബ്ദത്തിനും ഇനി ഉലകം ചുറ്റാം, പെറ്റുപെരുകാം, പ്രഭവത്തിന്റെ അന്ത്യശേഷവും അനന്തം പുലരാം. ശരീരത്തിലോ ശരീരങ്ങൾക്കിടയിലോ പിറന്ന് അശരീരികളായി പുലരുന്ന ശബ്ദങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടുന്നതും ശരീരത്തിലാണ്. കാട്ടിലെ മരം വീണതിന്റെ ഒച്ച വായുതരംഗമായി ഏതെങ്കിലും ശരീരിയുടെ കാതിലെത്തുമ്പോൾ അതിന് ഉയിരു കൈവരുമ്പോലെ. പ്രശ്നം, ആ പ്രാണൻ കൊടുക്കാൻ കാതിനെത്ര മനസ്സുണ്ടെന്നതാണ്, എത്ര കാതിനാവുന്നുണ്ടെന്നതാണ്. അതിലൊരു അതിലംഘനത്തിന്റെ ആവശ്യമുണ്ട്. പുറത്തുനിന്ന് അകത്തേക്കുള്ള സ്വീകാരങ്ങൾക്ക് ഓരോ വ്യക്തിമനസ്സും സ്വയമിട്ടിരിക്കുന്ന അതിരുകളുടെ ലംഘനം.
കേൾവി, മാനസികമായ ഉല്ലംഖനത്തിന്റെ ഉമ്മറവാതിലാവുന്ന അനുഭവം വിരളം. അപൂർവമായുണ്ട്, പ്രസിദ്ധമായ ചിലത്, റിൽകപോലെ. എഴുത്തുമനസ്സുകൾക്ക് സാമാന്യമായുള്ളത് കാഴ്ചയുടെ ആധിപത്യമാണല്ലോ. എഴുത്തിന് ചൈത്യവും ചൈതന്യവുമേകുന്ന ആ കൺകരുത്തിനോട് പരിഭവിക്കയാണ് ഈ കവി ചെയ്തത്: ‘‘പ്രകടമായിത്തന്നെ നിരന്തരം ആധിപത്യം ചെലുത്തുന്ന കാഴ്ചയുടെ അമിത ഭാരം... അതേ നിലയിൽ ശ്രദ്ധിക്കപ്പെടാത്ത കേൾവിയുടെ സംഭാവന നമുക്കെത്ര ശുഷ്കമായിപ്പോകുന്നു.’’
ശബ്ദത്തിന്റെ പ്രപഞ്ചഖനി അവഗണിക്കുന്നതിൽ ഇങ്ങനെ പരിഭവിച്ച എഴുത്തുകാരില്ല, വേറെ. വാമൊഴിക്കും മിഴിമൊഴിക്കുമപ്പുറം പോകാൻ തുനിഞ്ഞവരില്ലെന്നല്ല. ഉദാഹരണം ബഷീർ. കുരുവിയോട് കുഞ്ഞുപ്പാത്തുമ്മയുടെ ഷ് ഷൂ, ഭൂ, ധുർർ... പ്രിയതമയുടെ പിൻചോട്ടിൽ വീഴുന്ന സ്നേഹവിരലുകളുടെ ഫട്റുക്കോ... പിന്നെ, ബുസ്സാട്ടോയും ഡ്രങ്ക് ഡിങ്കാഹോയും കുണ്ട്രപ്പിയും തൊട്ട് മെതിയടിയുടെ ‘ക്ടോ’ വരെയുണ്ട് ബഷീറിയൻ ശബ്ദകോശം. എങ്ങെന നിലക്കും ഗുത്തിനി ഹാലിട്ട ലിത്താപ്പോയുടെ ശ്രുതി? ഇതൊക്കെ ഹാസ്യത്തിനായുള്ള അർഥരഹിത ശബ്ദജാലങ്ങളെന്ന് സാഹിത്യനിരൂപകന്റെ ‘കാഴ്ച’ (ഗുപ്തൻ നായർ). സിംഹവാലന്മാർ സിംഹങ്ങൾക്ക് മാറ്റു നോക്കുമ്പോൾ അത് സ്വാഭാവികം. ശബ്ദത്തിന് അർഥം അമരകോശത്തിൽ കിട്ടില്ല. എന്തെന്നാൽ, അതവിടില്ല. ശബ്ദത്തിന്റെ ക്വാണ്ടം ലോകത്തോടുള്ള എഴുത്തുകാരന്റെ ശ്രവണശ്രദ്ധ കേട്ടുനോക്കയല്ല, മിക്കവരും ചുമ്മാ കണ്ടുപോകയാണ്. കാരണം, നമ്മുടെ എഴുത്തും വായനയും കാഴ്ചയുടെ സമ്പൂർണാടിമത്തത്തിലാണ്. നേരുതന്നെ എഴുത്ത് കണ്ണുതുറപ്പിക്കും. പക്ഷേ കാത് തുറപ്പിക്കുന്നില്ല. ആലോചനാമൃതം ഈ ബധിരിമ, ശ്രവ്യാനുഭവത്തിന്റെ.
അറിവ് അനാവരണം ചെയ്യാൻ വേണ്ട കേൾവിക്ക് സോക്രട്ടീസ് ഒരു പേരിട്ടിരുന്നു –maieutics. സൂതികർമം. ഒരാളിെന്റ ചിന്തയുടെ/ അനുഭവത്തിന്റെ വയറ്റാട്ടിയാവാൻ മറ്റുള്ളോർ ആ പ്രക്രിയയിൽ പങ്കാളികളാകേണ്ടതുണ്ട്. നല്ല ശ്രോതാക്കളാണ് നല്ല രചനകളുടെ സൂതികർമികൾ. തെങ്ങ് തഴച്ചുപൊന്താൻ ചുറ്റിലൊരു തടം വേണം. നമ്മിലെ ഉള്ളിടംകൊണ്ടല്ലേ മറ്റുള്ളോരുടെ മനസ്സിന് തടമൊരുക്കാറ്? ആ കുഞ്ഞിടത്തിലാണ് എന്തും വളർന്നു പന്തലിക്കാറ്. ‘‘നിന്റെ ഹൃദയനാദങ്ങൾ ഞാൻ കേൾക്കുന്നു, എന്റെ സർവസ്വവുംകൊണ്ട്’’ –പണ്ടൊരാൾ തന്റെ കവിസുഹൃത്തിന് എഴുതി, റിൽകയ്ക്ക് ആൻഡ്രിയ സലോമി. ‘മനോവിശ്ലേഷണത്തിന്റെ അമ്മ’യെന്ന് റിൽക വിളിച്ച ചങ്ങാതി. (ആളെ മനസ്സിലാക്കാൻ ഉൽകൃഷ്ടശേഷിയുള്ളവൾ എന്ന് സാക്ഷാൽ ഫ്രോയ്ഡ് വിശേഷിപ്പിച്ച സഹപ്രവർത്തക). സലോമിക്ക് അയച്ച കത്തുകളിലുണ്ട് കാഴ്ചയിട്ട കാൽച്ചങ്ങല പൊട്ടിക്കാൻ വെമ്പുന്ന കവിമനസ്സിന്റെ മിഴാവ്:
നോക്കിനുണ്ട് അതിന്റെ പരിമിതികൾ.
കൂടുതൽ നോക്കിക്കണ്ട ലോകത്തിന്
ആ പ്രേമത്തിൽ മുതിരാൻ മോഹം.
കണ്ണുകളുടെ പണി തീർന്നതാണ്,
ഇനി പണി ഹൃദയത്തിന്റെ-
കണ്ടതിന്റെ പ്രതിച്ഛായകൾക്കുമേൽ,
മനസ്സിനെ തടവിലാക്കിയവയ്ക്കുമേൽ.
കീഴടക്കിക്കഴിഞ്ഞതാണവയെ,
എന്നിട്ടുമറിയില്ലവയെ.

(Turning)
കാതിന് കണ്ണോളമെങ്കിലും സ്ഥാനം ജീവിതത്തിൽ കൈവരാൻ കൊതിച്ച റിൽക. ഒടുവിലൊടുവിൽ ശ്രവണശ്രദ്ധ തന്നെയാക്കി സ്വന്തം കച്ചേരിക്ക് ശ്രുതി. മനുഷ്യൻ മനുഷ്യനെ അറിയുന്നത് കാഴ്ച വഴിക്കല്ല. കാഴ്ചയിൽ അകമല്ല പുറമേ തെളിയൂ. അകമറിയാൻ കാതുതന്നെ ശരണം –ഉൾക്കാഴ്ചപോലെ ഉൾക്കേഴ്വി ബന്ധശ്രദ്ധമായൊരു ശ്രവണം. സെൻബുദ്ധർ പറയും, ‘ആഴശ്രവണം’. നിത്യജീവിതത്തിൽ മനസ്സർപ്പണം പൂർണമായിരിക്കാൻ അവർക്കൊരു സാധകം തന്നെയുണ്ട് –‘അനുതാപ ശ്രദ്ധ’. വിധിക്കയോ സ്വാർഥം പ്രതികരിക്കയോ ചെയ്യാതുള്ള കേൾക്കൽ. ‘‘മറ്റൊരാൾക്ക് കാതുകൊടുക്കുന്നത് അയാൾക്കുള്ളിൽ എന്തെന്നറിയാൻവേണ്ടി മാത്രമല്ല അയാൾക്ക് സാന്ത്വനമാകാൻകൂടിയാണ്. ആഴത്തിലുള്ള ശ്രദ്ധ സംസാരത്തിന്റെ അടിത്തട്ടിലേക്ക് ചെല്ലുന്നു. അവ്വിധം കേൾക്കുന്നിടത്താണ് ശരിയായ ശ്രദ്ധയുള്ളത്, ശരിയായ സംഭാഷണവും.’’ (സോയെൻ ഷാകു)
മിക്കപ്പോഴും നാം കേൾക്കയല്ല, കേൾക്കുന്നതായി ഭാവിക്കയാണ്. മറ്റുള്ളോരോട് മാത്രമല്ല, നമ്മോടുതന്നെയും, പോശാനാണു വ്യഗ്രത. അല്ലെങ്കിൽ ഒഴിവാകാൻ. അതുകൊണ്ടുതന്നെ കേൾവി സംഘർഷം കൂടിയാവുന്നു –കേൾക്കാനുള്ള ശ്രമവും അതിൽ നമുക്കുള്ള പരിമിതിയും തമ്മിലെ. ഈ ഉരസലിൽ, സന്നദ്ധത മാത്രം പോര കേൾക്കാൻ, പ്രയത്നവും അനിവാര്യം. എന്നുവെച്ച്, കരുതുമ്പോലത്ര കഠിനമൊന്നുമല്ലത്. കാരണം, ഒരേസമയം സ്വതന്ത്രവും പരാശ്രിതവുമാണ് മനുഷ്യജീവി. അതിന്റെ പ്രകൃതത്തിൽ അന്തർലീനമായുണ്ട് അനുതാപം. അപ്പോൾ, സ്വയം കേൾക്കലല്ലേ നടക്കുക, പരം കേൾക്കെയും. അന്തക്കരണംകൂടിയാണ് കരണം.
