Begin typing your search above and press return to search.
proflie-avatar
Login

(അ)വിരാമം

(അ)വിരാമം
cancel

ഇതല്ല മസ്തിഷ്കത്തിന്റെ കഥ. അങ്ങോട്ടുള്ള ചോരയോട്ടം നിലച്ചാൽ മസ്തിഷ്കം പിന്നെ പ്രവർത്തിക്കുക പരമാവധി അഞ്ചു മിനിറ്റ്. അന്നേരം തലയോടിനുള്ളിലെ രക്തമർദം ഹൃദയമുണ്ടാക്കുന്ന മർദത്തെ അധികരിക്കും. അപ്പോഴും ഹൃദയം മിടിക്കുന്നുണ്ടാവും, മസ്തിഷ്കം പക്ഷേ, മരിക്കുന്നു.സരളമാണ് ജീവ​ന്റെ ഭൗതികം-പ്രാണവായു മൂക്കിലൂടെ ശ്വാസകോശത്തിലെത്തുന്നു. അവിടന്നത് ചോരയിൽ ചേരുന്നു. ചോരയതിനെ ശരീരകോശങ്ങൾക്ക് പകരുന്നു. അവിടെയത് വിഘടിക്കപ്പെടുന്നു, വയറ്റിൽനിന്നെടുത്ത ഗ്ലൂക്കോസും ചേർത്ത് ഊർജശകലങ്ങളായിക്കൊണ്ട് ദേഹയന്തിരം ചലിപ്പിക്കുന്നു. സരളമാണ് മരണത്തിന്റെയും ഭൗതികം- മേപ്പടിയേ ഊർജശകലമൊന്നും...

Your Subscription Supports Independent Journalism

View Plans
ഇതല്ല മസ്തിഷ്കത്തിന്റെ കഥ. അങ്ങോട്ടുള്ള ചോരയോട്ടം നിലച്ചാൽ മസ്തിഷ്കം പിന്നെ പ്രവർത്തിക്കുക പരമാവധി അഞ്ചു മിനിറ്റ്. അന്നേരം തലയോടിനുള്ളിലെ രക്തമർദം ഹൃദയമുണ്ടാക്കുന്ന മർദത്തെ അധികരിക്കും. അപ്പോഴും ഹൃദയം മിടിക്കുന്നുണ്ടാവും, മസ്തിഷ്കം പക്ഷേ, മരിക്കുന്നു.

സരളമാണ് ജീവ​ന്റെ ഭൗതികം-

പ്രാണവായു മൂക്കിലൂടെ ശ്വാസകോശത്തിലെത്തുന്നു. അവിടന്നത് ചോരയിൽ ചേരുന്നു. ചോരയതിനെ ശരീരകോശങ്ങൾക്ക് പകരുന്നു. അവിടെയത് വിഘടിക്കപ്പെടുന്നു, വയറ്റിൽനിന്നെടുത്ത ഗ്ലൂക്കോസും ചേർത്ത് ഊർജശകലങ്ങളായിക്കൊണ്ട് ദേഹയന്തിരം ചലിപ്പിക്കുന്നു.

സരളമാണ് മരണത്തിന്റെയും ഭൗതികം-

മേപ്പടിയേ ഊർജശകലമൊന്നും ചമയ്ക്കാതിരിക്കെ ദേഹയന്തിരത്തിന്റെ ഇന്ധനം കെടുന്നു, ചലനം നിലക്കുന്നു, ജീവനും.

ഉടലിൽ ജീവന്റെ പ്രത്യക്ഷം ചലനമാണ്. നേർവിപരീതമാണ് മരണപ്രത്യക്ഷം- നിശ്ചലത. ചെറിയോരെടങ്ങേറുണ്ടിവിടെ. രണ്ടുവിധത്തിലാണ് മനുഷ്യസമീപനം മരണപ്രത്യക്ഷത്തോട് -ഹൃദയ മരണം, മസ്തിഷ്കമരണം.

ഹൃദയമിടിപ്പ് നിലച്ചാൽ മരണമായെന്ന് പറയും. നിലച്ചത് പക്ഷേ, വീണ്ടും മിടിച്ചെന്നുവരാം. ഒന്നുകിൽ സ്വയമേവ- സ്വയം പുനരുജ്ജീവനം (ഓട്ടോ റിസസറ്റിറ്റേഷൻ). അല്ലെങ്കിൽ കൃത്രിമ വഴിക്ക്- ഡീഫൈബ്രിലേറ്റർ/സി.പി.ആർ. ഇതല്ല മസ്തിഷ്കത്തിന്റെ കഥ. അങ്ങോട്ടുള്ള ചോരയോട്ടം നിലച്ചാൽ മസ്തിഷ്കം പിന്നെ പ്രവർത്തിക്കുക പരമാവധി അഞ്ചു മിനിറ്റ്. അന്നേരം തലയോടിനുള്ളിലെ രക്തമർദം ഹൃദയമുണ്ടാക്കുന്ന മർദത്തെ അധികരിക്കും. അപ്പോഴും ഹൃദയം മിടിക്കുന്നുണ്ടാവും, മസ്തിഷ്കം പക്ഷേ, മരിക്കുന്നു.

വൈദ്യശാസ്ത്രത്തിന് ഇന്ന് പോംവഴികളുണ്ട്, ഏത് അവയവ സ്തംഭനത്തിനും. ഹൃദയത്തെ കൃത്രിമ പമ്പോ ഹൃദയ-ശ്വാസകോശ ബൈപാസ് സാമഗ്രിയോ വഴി പ്രവർത്തിപ്പിക്കാനാവും. ശ്വേത രക്താണുവിന് ഉടമയായ ഉടലിന് പുറത്തും പുലരാം; നൂറുകണക്കിന് വർഷങ്ങൾ. ഒരാളിന്റെ ഡി.എൻ.എ മറ്റൊരാളിന്റെ ജീവകോശത്തിൽ നിക്ഷേപിച്ചാൽ അത് മാംസ്യമുണ്ടാക്കും, പതിവുപോലെ. ജനിതകമാരുടെ, കോശമാരുടെ എന്നതൊന്നും പ്രശ്നമല്ല. ഒരാളുടെ കണ്ണോ കരളോ വൃക്കയോ ഹൃദയമോ മറ്റൊരാളിൽ പിടിപ്പിച്ചാലും ഇതുതാൻ ഗതി. എന്നുകരുതി, അവയവദാതാവ് വ്യക്തിപരമായി തുടർന്നും ജീവിക്കുന്നെന്നു വരുന്നില്ല.

ഇപ്പറഞ്ഞ രണ്ടുതരം മരിപ്പുകൾക്കിടെ നേർത്ത ഒരതിരാളിയുണ്ട്- ബോധം. ഹൃദയം ജീവത്തായി തുടർന്നാലും ബോധമരണം ഭവിച്ചാൽ ജീവന് പിന്നെ പ്രസക്തിയില്ല. അത് മിടിക്കുന്നതുകൊണ്ട് ബോധമുണരുന്നില്ല. കൂടിപ്പോയാൽ പറയാം, അനക്കമുള്ള ജഡമെന്ന്. ബോധംതന്നെ മർമം, യന്തിരമോ ഘടകകക്ഷികളോ അല്ല.

ബോധം, യന്തിരത്തിന് ഇല്ലാത്തൊരു ചോദ്യമുയർത്തും, അതിന്റെ ഉടമയോട്: എങ്ങനെ ജീവിക്കണം? ഉത്തരം തേടി ആജീവനാന്ത പരിശ്രമത്തിലാണ് മനുഷ്യബോധം. ആ തത്രത്തിൽ തന്തികൾ രണ്ടെണ്ണം പിന്നിപ്പിണയുന്നു. ഒന്ന്, സ്വന്തം നശ്വരത. രണ്ട്, അതേക്കുറിച്ച പേടി. അഞ്ഞൂറു കൊല്ലം മുമ്പ് ഈ കടങ്കഥയുടെ കടയ്ക്കൽ കത്തിവെച്ചതാണ് ഒരാൾ: ‘‘ഇന്നേക്ക് നൂറുകൊല്ലം കഴിഞ്ഞ് ജീവിക്കാനാവില്ലെന്ന ദുഃഖം, നൂറു കൊല്ലം മുമ്പ് ജീവിക്കാനാവാത്തതിന്റെ ദുഃഖം പോലെ മൗഢ്യം.’’ (മൊൻടെയ്ൻ). ഇന്നും മനുഷ്യൻ ചുമക്കയല്ലേ ഇതേ മൗഢ്യം?

നാളോരോന്നും നാമുണരുന്നത് തലേന്നാളിൽനിന്ന് തെല്ലെങ്കിലും മാറിക്കൊണ്ടാണ്. രാത്രി ഉറങ്ങാൻ കിടന്നയാൾ മരിച്ചു കഴിഞ്ഞു, കാലത്തെ ഉണർന്നെണീക്കുന്നത് മറ്റൊരാൾ. ഇന്നത്തെയാളാവില്ലിനി നാളെ. ഉടൽ മാറിക്കൊണ്ടേയിരിക്കുന്നു, ഉള്ളും. മരണത്തിന്റെ ലീനമായ പ്രത്യക്ഷങ്ങളാണതെന്ന നേര് നാമറിയുന്നില്ല. അറിയുന്നത് പേടിയാണുതാനും. അതേസമയം, ബുദ്ധി പറയും, അനിവാര്യമാണിതെന്ന്. ഒടുവാണ് മരണമെന്ന്, അത് ഒടുവിലേ വരൂന്ന്- മനസ്സിനെ ആശ്വസിപ്പിക്കുന്ന മയക്കുവെടി.

മരണം അന്ത്യവും അനിവാര്യവുമെങ്കിൽ സക്രിയമോ പ്രതിലോമകരമോ ആയ ഒരാദർശപദം കൂടിയാവുമത്. ഒന്നാമത്, മനുഷ്യൻ ആഗ്രഹിക്കുന്നതല്ല മരണം, എന്തു വില കൊടുത്തും ഒഴിവാക്കാൻ കൊതിക്കുന്നതാണ്. സ്വന്തം അസാന്നിധ്യം അയാളെ വേട്ടയാടുന്നു, ഉറ്റവരുടെയും ജീവിതം നഷ്ടാനുഭവങ്ങളിൽ മുങ്ങിയതാണ്, തർക്കമില്ല. അപ്പോൾ, ദുഃഖസാന്ദ്രമായൊരു പദ്ധതിയാണോ ജീവിതം? വിദ്യയും വിനോദവും കളിചിരികളും ശ്രമവിശ്രമങ്ങളുമെല്ലാം ഈ വിപുല ചിത്രത്തിലെ ഒളിചിന്നലുകൾ മാത്രമല്ലേ? അല്ലെങ്കിൽപ്പിന്നെന്തേ ആനന്ദാന്വേഷിയാകുന്നു മനുഷ്യൻ, ആനന്ദം ജീവസ്ഥായി അല്ലാത്തതുകൊണ്ടല്ലേ? ചികിത്സാമുറകളേതും വേദനസംഹാരിയുടെ സാധകരൂപം. മതമേതുമേകുന്നത് ജീവന്മുക്തിക്കുള്ള ഓത്തുപാഠം. പിന്നെന്തുകൊണ്ടിതെല്ലാം, അഴലല്ല കാതലെങ്കിൽ?

വിമോചനം മനസ്സിനെ അടിമപ്പെടുത്തുന്ന ആശയമാണ്- വിമുക്തി എന്തിൽനിന്നുള്ളതുമാട്ടെ. അതുകൊണ്ടുതന്നെ എപ്പഴുമുണ്ട് ആ ചോദ്യം, മനസ്സിൽ: നഷ്ടാനുഭവങ്ങളിൽനിന്ന് എന്തു നേടുന്നു നാം? വി​േരാധാഭാസകരമാണ് സ്വന്തം മരണംപോലും. കാരണം, ഒരേസമയം അത് നമ്മുടെ നഷ്ടവും നമ്മുടേതല്ലാത്ത (മറ്റുള്ളവരുടെ) നഷ്ടവുമാണ്. അപ്പോഴും, നഷ്ടം എന്ന പ്രഹേളിക നിലനിൽക്കുന്നു. അതറിയാൻ പ്രകൃതിപക്ഷത്തുനിന്ന് നോക്കണം, വ്യക്തിപക്ഷത്തുനിന്നല്ല. ജീവിതത്തെ നഷ്ടവും നോവും പിന്തുടരാത്തപക്ഷം അതുമൊരു സമസ്യയാവും. ജിനന്മാർ ക്ഷമിക്കണം, ആശാണ് ദുഃഖഹേതു എന്നു കൽപിച്ചൊഴിയുന്നതിൽ കഥയധികമില്ല. ആശയില്ലെങ്കിലുമുണ്ട് വേദന, ബുദ്ധന്റെ ‘അഷ്ടമാർഗ’വും അവിടെ മുട്ടുകുത്തും.

പ്രകൃതിയുടെ വിപുല പശ്ചാത്തലത്തിൽ, യാഥാർഥ്യവും മനുഷ്യനും തമ്മിലെ സംഘർഷത്തിൽ ആശനിരാശകൾ എത്രയോ പാഴ്. മനുഷ്യന്റെ ആധിവ്യഥകളും ബോധോദയങ്ങളുമൊന്നും പ്രകൃതിക്ക് തരിമ്പും ഗൗനമില്ല. ജീവപക്ഷമാണ് പ്രകൃതിയെന്ന വിചാരവും പൊയ്യ്. പക്ഷപാതമൊക്കെ മനുഷ്യനാണ്. പ്രപഞ്ചത്തിന്റെ നിരപേക്ഷതയെ നവീന ഭൗതികശാസ്ത്രം വെളിച്ചപ്പെടുത്തിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ്. അതിനും മുമ്പേയുണ്ടതിന്റെ സൂചന -തെയ്‍വിൽസിൽ, അരിസ്റ്റോട്ടിലിൽ, ഡേവിഡ് ഹ്യൂമിൽ, ഡാർവിനിൽ... മനുഷ്യന് അനുകൂലമോ പ്രതികൂലമോ അല്ലാത്ത പ്രകൃതിയിൽ ‘സഫല’ ജീവിതം പ്രതീക്ഷിക്കാനോ പ്രവചിക്കാനോ സാധ്യമല്ല. (അന്നേരമാണ് ഓരോരോ മരച്ചോട്ടിലും മലപ്പുറത്തുംനിന്നുള്ള ഉദ്ബോധനങ്ങൾ!) പ്രകൃതിക്കുള്ളത് നിയമങ്ങളാണ്, നിശ്ചയങ്ങളല്ല. ചുമതലയോ ബാധ്യതയോ അതിനില്ല. മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രകൃതി പ്രവർത്തിക്കുന്നു, അതിന്റെ നിയമങ്ങളാൽ.

ഇവിടെയാണ് പ്രകൃതിയെ അമ്മയും ദേവിയുമൊക്കെയായി കാണുന്നതിലെ അസംബന്ധം. മനുഷ്യസ്ത്രീകളെപ്പോലെ മക്കളോട് കരുതലും കരുണയുമുള്ള കക്ഷിയല്ല ഈ ‘അമ്മ.’ അങ്ങനെയുള്ള ആവാസപ്പുരയിൽ മനുഷ്യൻ സ്വയം കൽപിക്കുന്ന പ്രതിച്ഛായ സന്താനത്തിന്റേതെങ്കിൽ, പരമാവധി പറയാനാവുക നമ്മൾ പ്രകൃതിയുടെ ഒരണുകണം മാത്രമെന്നാവും. പ്രകൃതിയുടെ ഭാഗമായകൊണ്ട് മനുഷ്യനും അതിന്റെ പ്രവർത്തന നിയമങ്ങൾക്ക് വിധേയനാണ്. ആ നിയമാവലിയിൽ ഉൾപ്പെടുന്ന വകുപ്പാണ് നശ്വരത: തുടങ്ങിയതെന്തും ഒടുങ്ങും. നശ്വരത വാസ്തവത്തിൽ മനുഷ്യവിരുദ്ധമല്ല. ജീവിതത്തിൽ അർഥാന്വേഷണത്തിനുള്ള വ്യവസ്ഥതന്നെയാണത്. ഒന്നോർത്തുനോക്കൂ, ആയിരം കൊല്ലം ആയുസ്സുണ്ടെന്നറിഞ്ഞാൽ മനുഷ്യൻ എന്തെടുക്കും?

മിക്കവരും പിന്നെ എത്രയോ കൊല്ലം നിഷ്ക്രിയരായിരിക്കും-എല്ലാത്തിനും ഇഷ്ടംപോലെ നേരമുണ്ടല്ലോ, ഒക്കെ പിന്നെയാവട്ടേന്ന മട്ട്. അതോടെ പിന്നെ, അത്രയും കൊല്ലം ജീവിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. എലിയുടെയും വാവലിന്റെയും ദീർഘമായ ശിശിരനിദ്രക്കു പോലുമുണ്ട് വ്യക്തമായ അർഥം -പ്രതികൂല ഋതു മാറും വരേക്ക് ദേഹോർജം കാക്കുക. മരണത്തിന്റെ എതിർപദമാണ് അനശ്വരതയെങ്കിൽ അത് വൈരസ്യത്തിന്റെ കൊടുമുടിയിൽ കൊണ്ടെത്തിക്കയേയുള്ളൂ. കെടാജ്വാലയായി ആളെ വിഴുങ്ങും മുഷിപ്പ്, മുരടിപ്പ്.

ജീവിതം എന്നന്നേക്കുമാണെങ്കിൽ ജീവാപായ ഭീഷണിയില്ല. ജീവനിൽ പേടിയില്ല. സമയം വിനിയോഗിക്കേണ്ട അനിവാര്യതയില്ല. മുൻഗണനകൾ ആവശ്യമില്ല. അർഥത്തിന്റെ പ്രശ്നമേയില്ല. നേരംവെച്ച് നാമെ​െന്തടുക്കുന്നെന്നത് പ്രധാനമാവുക ആയുസ്സിന് പരിധിയുണ്ടെങ്കിലാണ്. അപരിമേയതയിൽ പ്രവൃത്തിയുടെ അടിയന്തരത്വമൊക്കെ അർഥരഹിതം, കലക്കത്തെ ആ പഴയ കാലഭാവനക്ക് ജീവൻവെയ്ക്കും:

ചത്തുകൊൾവതിനേതും കഴിവില്ലാ കാലനില്ലാ

മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു

മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീലാ.

അഞ്ഞൂറ് വയസ്സുള്ളോരപ്പപ്പൂന്മാരുമിപ്പോൾ

കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പൻ അവർക്കുണ്ട്

.............................

എന്തു പിന്നെ നിനയ്ക്കുന്നാ ഹുംകൃതിക്കാർക്കൊത്തവണ്ണം

ജന്തുധർമത്തിനും പിന്നെ വേസ്ഥയില്ലെന്നായി വന്നു.

(പഞ്ചേന്ദ്രോപാഖ്യാനം/ കുഞ്ചൻ നമ്പ്യാർ).

സംഗതമായൊരു സംശയത്തിന് പഴുതുണ്ടിവിടെ. നാലഞ്ച് വയസ്സുള്ള കുട്ടിക്ക് പരിധിയുള്ളതായി തോന്നില്ല, സ്വന്തം ജീവിതത്തിന്. ഒരു പ്രവൃത്തിക്കും അടിയന്തരത്വമില്ല, നേരം പോകുന്നതിൽ ബേജാറുമില്ല. ‘‘നേരമ്പോക്കി’’ലാണ് കുട്ടിക്ക് കമ്പം. നേരു​തന്നെ, കുട്ടിയായിരിക്കെ ആന്തരികമായി സ്വതന്ത്രനാണ് മനുഷ്യൻ. ജീവിതം എങ്ങനെ പുലർത്തണമെന്ന വൈചാരികതക്ക് തെല്ലും അടിമയല്ല, അതിപ്പോ, മൃഗങ്ങളും അങ്ങനെ തന്നെയല്ലേ? ഇരുകൂട്ടരെയും വെറുതെ വിടുക.

സമയപരിധിയെ ആശ്രയിച്ചാണ് അടിയന്തരത്വം -കളിയായാലും കാര്യമായാലും, ശ്രമമായാലും വിശ്രമമായാലും. ‘ഡെഡ്ലൈനി’ല്ലെങ്കിൽ, പണിയേതുമാവട്ടെ ഗതിയെന്തെന്നറിയാൻ ‘ജനായത്ത ഭരണം’ മാത്രമോർമിച്ചാൽ മതി- ഗജരാജ വിരാജിത മന്ദഗതി! ഇതുതന്നെ കഥ മനുഷ്യന്റെയും. മൃതിയില്ലാ, ജീവിതം മട്ടമില്ലാപ്പടം പോലെ നിരർഥകം, വില​കെട്ടത്. വെറുതെയല്ല റിൽക കുറിച്ചത്, ‘‘മരണം നമുക്ക് ചങ്ങാതിയാണ്. കാരണം, അത് കേവലത്വവും ഹൃദ്യതയുമുള്ള സാന്നിധ്യങ്ങൾ കൊണ്ടുത്തരുന്നു- പ്രകൃതി, സ്നേഹം, സർവവും. ഇവിടെ ഈ നിമിഷം, ജീവിക്കുന്നതിലൊരു തീവ്രതയുണ്ട്. കടന്നുപോകുന്ന നിമിഷമോരോന്നും നിത്യതയുടെ മിടിക്കുന്ന തന്മാത്രയാണ്. ജീവിതം ശാശ്വതമെങ്കിൽ ആ തുടിപ്പ് നിലച്ചുപോയനേ.’’ സാരമിത്രമാത്രം: ജീവിതമാണ് പ്രധാനം, ജീവിപ്പവരേക്കാൾ.

സമയം നിലച്ച ജീവിതമാണ് മരണം- അക്ഷരാർഥത്തിലും ആന്തരാർഥത്തിലും. ജീവിക്കുന്ന കാഴ്ചകന് തോന്നും, എല്ലാം നിലക്കുന്ന ചക്രവാള സീമയാണതെന്ന്. സത്യത്തിൽ നിലയ്ക്കുന്നുണ്ടോ വല്ലതും? കാഴ്ചകന്റെ കണ്ണിനാണ് എലുകയും എത്തലും. കാണി തിരഞ്ഞെടുക്കുന്നതാണ് കാഴ്ച. ആ വാവട്ടത്തിൽ ചുരുങ്ങുന്നതല്ല കണി. കാണായ്കകൊണ്ട് മറിച്ചു കരുതിപ്പോകയാണ് കാണീ.

ദിനോസറുകൾ ഭാവനചെയ്തു, ജീവിതം തീരുകയാണെന്ന്. പക്ഷേ, ചിറകു മുളച്ച് പറവകളാകയായിരുന്നു അവ. പരിണാമത്തിന്റെ കിനാക്കൾക്ക് കൂടൊരുക്കുക മാത്രമായിരുന്നു ആ വലിയ ഉടലുകൾ. പ്രിയപ്പെട്ട മകളുടെ മരണക്കിടക്കയിലിരുന്ന് ഡാർവിൻ മന്ത്രിച്ചതും മറ്റൊന്നല്ല: ‘‘ഈ ജീവിതക്കാഴ്ചക്ക് ഒരു മഹത്വമുണ്ട്.’’ കാരണം, ആ പിതാവറിഞ്ഞിരുന്നു മരണം ജീവന്റെ ചാലകയന്തിരമെന്ന്. പ്രകൃതിനിർധാരണത്തിൽ ചരിത്രത്തിലുടനീളം വ്യക്തിയുടെ അഴിച്ചിലാണ് വംശത്തിന്റെ പുലർച്ച ഉറപ്പിക്കുവതെന്ന്. വിയോഗം ഹൃദയഭേദകമെങ്കിലും ജീവിതത്തിനതൊരു പ്രഭാവലയമിടുന്നു, ജീവന്റെ അനുസ്യൂതികൊണ്ട്. ഒടുവെന്ന് പൂമ്പുഴു നിനക്കുന്നിടത്ത് തുടങ്ങുന്നു, പൂമ്പാറ്റ.

News Summary - If the heart stops beating, it is said to be dead