ഹാബർമാസിന്റെ ടിൽബെർഗ് പ്രഭാഷണവും പോസ്റ്റ് സെക്കുലർ സമൂഹവും
camera_altയൂഗെൻ ഹാബർമാസ്
ഹാബർമാസിന്റെ പ്രധാന പരികൽപനയാണ് പോസ്റ്റ് സെക്കുലർ സമൂഹങ്ങൾ. പൊതുമണ്ഡലത്തിൽനിന്ന് മതത്തിന്റെ എല്ലാ ചിഹ്നങ്ങളും റദ്ദു ചെയ്യുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച് ഭാഷ്യമായ ‘ലായ് സയ്റ്റ്’ (Laicite) നിലപാടിന്റെ എതിർപക്ഷത്താണ് ഹാബർമാസ് നിലകൊണ്ടത്. എങ്ങനെയൊക്കെയാണ് അദ്ദേഹം സെക്കുലർ മണ്ഡലത്തെ കശക്കിയത്?
‘ഹിന്ദ് സ്വരാജി’ലാണെന്ന് തോന്നുന്നു പാശ്ചാത്യനെ വിലയിരുത്തുന്ന ഗാന്ധിജിയുടെ ഒരു പ്രസ്താവനയുണ്ട്. ഗംഭീരൻ പ്രവൃത്തികൾ നിർവഹിക്കാൻ കഴിവുള്ളവനാണവൻ. അതുകൊണ്ടവന് ഭൂമിയിൽ യജമാനനായി വിലസാം. എന്നാൽ, അഞ്ചുമിനിറ്റുപോലും സ്വസ്ഥനായി തന്റെ ഉള്ളിലോട്ട് നോക്കിയിരിക്കാൻ അവന് സാധിക്കില്ലെന്നാണ് ഗാന്ധിജി പറയുന്നത്. എന്നാൽ, യൂഗെൻ ഹാബർമാസ് (1929-2026) ഗാന്ധിജിയെ തിരുത്തുകയുണ്ടായി. ഫ്രാങ്ക്ഫർട്ട് സ്കൂൾ തലമുറയിൽപെട്ട ഈ ജർമൻ തത്ത്വചിന്തകൻ അഞ്ചു മിനിറ്റല്ല അതിലുമേറെ നേരം ഉള്ളിലേക്ക് നോക്കി, പടിഞ്ഞാറിന്റെ സിദ്ധാന്തശാഠ്യങ്ങളിൽ പലതും അടിമേൽ മറിച്ചിടാൻ ധൃഷ്ടനായി. മനുഷ്യവിരുദ്ധവും സാമൂഹികനീതിയുടെ നെടിയ നിഷേധവുമായ മുതലാളിത്ത വ്യവസ്ഥയുടെ മൂർധാവിൽ നിർദാക്ഷിണ്യം പ്രഹരിച്ച ഹാബർമാസിന് മാർക്സിസത്തെ സംവാദമണ്ഡലങ്ങളിൽ ഇറക്കിക്കിടത്തുന്നതിനും ധമനീസങ്കോചമുണ്ടായില്ല.
യുക്തിയെ അധികാരത്തിനുള്ള ഉപകരണമാക്കി ചുരുക്കിയതോടെ ആധുനികതക്ക് വഴിതെറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്തി പൊതുധാരണ രൂപപ്പെടുത്താനുള്ള മാധ്യമമായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റ മതം. അദ്ദേഹം യുക്തിയെ നിരാകരിച്ചില്ല; മറിച്ച് മാനുഷിക മൂല്യങ്ങളുമായുള്ള അതിന്റെ ബന്ധം വീണ്ടെടുത്തുകൊണ്ട് അതിന്റെ വ്യതിയാനത്തിനുള്ള തിരുത്തലിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. മനുഷ്യന്റെ വിമോചനം സാധിതമാവുക ബലപ്രയോഗത്തിലൂടെയോ സാങ്കേതിക മുന്നേറ്റത്തിലൂടെയോ അല്ല, അവർക്കിടയിൽ നടക്കുന്ന സ്വതന്ത്രമായ ബൗദ്ധിക സംവാദത്തിലൂടെയാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ അടിസ്ഥാന നിലപാട്.
മതവും ആധുനികതയും തമ്മിൽ സംഘർഷമല്ല സംവാദമാണ് വേണ്ടത്. അതുപോലെത്തന്നെ മതവും മതേതരത്വവും പരസ്പരം സംവദിക്കേണ്ടതുണ്ടെന്ന് ഹാബർമാസ് പറയുകയുണ്ടായി. സംവാദത്തിലൂടെയും വിമർശനത്തിലൂടെയും മാത്രമേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. ഡിജിറ്റൽ യുഗത്തിൽ പൊതുസമൂഹം സ്വയം പുതുക്കിപ്പണിയേണ്ട ആവശ്യകതയും അദ്ദേഹം എടുത്തോതിയതായി കാണാം.
പൊതുമണ്ഡലമെന്നപോലെതന്നെ ഹാബർമാസിന്റെ പ്രധാന പരികൽപനകളിലൊന്നായിരുന്നു പോസ്റ്റ് സെക്കുലർ സമൂഹങ്ങൾ. പൊതുമണ്ഡലത്തിൽനിന്ന് മതത്തിന്റെ എല്ലാ ചിഹ്നങ്ങളും റദ്ദ് ചെയ്യുന്ന മതേതരത്വത്തിന്റെ ഫ്രഞ്ച് ഭാഷ്യമായ ‘ലായ് സയ്റ്റ്’ (Laicite) നിലപാടിന്റെ എതിർപക്ഷത്ത് നിലകൊണ്ട ഹാബർമാസ് മതേതരമൂല്യങ്ങളായി കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നീതിയുടെയും സമത്വത്തിന്റെയും യഥാർഥ സ്രോതസ്സ് മതവും മതാധ്യാപനങ്ങളുമാണെന്ന പ്രസ്താവനയിലൂടെ സെക്കുലർ മണ്ഡലത്തെ ഞെട്ടിച്ചു. എന്തിനധികം ‘അധികാരവും സമൂഹവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ സാമൂഹിക ഉടമ്പടി (Social Contract) പോലും മതത്തിൽനിന്ന് ലഭിച്ചതാണെന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു.
‘‘മുതലാളിത്വത്തിന്റെ വന്യതയിൽനിന്നും ഭൗതികത്വരയും ഉപഭോക്തൃ വാഞ്ഛയും അടിച്ചേൽപിക്കുന്ന അതിന്റെ ദുഷ്ടസ്വാധീനത്തിൽനിന്നും ജനത്തെ സംരക്ഷിക്കുന്നതിൽ മതം വലിയ തോതിൽ പങ്കുവഹിക്കുന്നുണ്ട്. മതം ധർമപാഠങ്ങളുടെയും നീതിയുടെയും സ്രോതസ്സായിരുന്നില്ലെങ്കിൽ ആ മൂല്യങ്ങൾ മർത്യജീവിതഭൂമികയിൽ സുപ്രതിഷ്ഠിതമാകുന്ന കാര്യം സംശയാസ്പദമാണ്. ഭൗതിക പ്രമത്തതയിൽനിന്ന് ഉയർന്നുനിൽക്കാനുള്ള പ്രാപ്തി മതത്തിന് അവകാശപ്പെട്ട സവിശേഷതയത്രെ.’’ മതത്തിന്റെ ആധികാരിക സ്വഭാവം ജനാധിപത്യമൂല്യങ്ങളുമായി ഇടയുന്നില്ലെന്ന് ഹാബർമാസ് ചൂണ്ടിക്കാണിക്കുന്നു. മതവാദികളോട് സഹിഷ്ണുത ഉപദേശിക്കുന്ന മതേതരവാദികൾ തിരിച്ചങ്ങോട്ട് സഹിഷ്ണുത തങ്ങൾക്കും ബാധകമാണെന്നും ബഹുസ്വരത, ശാസ്ത്രം, ജനാധിപത്യമൂല്യങ്ങൾ എന്നിവ മതം സ്വാംശീകരിക്കേണ്ടതുള്ളതുപോലെത്തന്നെ മതത്തിന്റെ ധാർമിക ഉൾക്കാഴ്ചകളെയും ഐക്യദാർഢ്യത്തെയും കുറിച്ച് സെക്കുലർ സമൂഹങ്ങളും പഠിക്കേണ്ടതുണ്ടെന്നുമാണ് ഹാബർമാസിന്റെ വാദം. അങ്ങനെയൊരു ദ്വിപക്ഷ സംവാദ പ്രക്രിയയിലാണ് അദ്ദേഹത്തിന്റെ താൽപര്യം.
ടിൽബർഗ് പ്രഭാഷണം
2007 മാർച്ച് 15ന് യൂർഗൻ ഹാബർമാസ് ഹോളണ്ടിലെ ടിൽബർഗ് (Tilburg) യൂനിവേഴ്സിറ്റിയിൽ ഒരു പ്രഭാഷണം ചെയ്യുകയുണ്ടായി. ‘മതേതരാനന്തര സമൂഹങ്ങളിലെ ഇസ്ലാം’ എന്നതായിരുന്നു ഈ പ്രഭാഷണത്തിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്. ഹാബർമാസ് അന്ന് ജീവിച്ചിരുന്ന ജർമൻ തത്ത്വചിന്തകന്മാരിൽ ശ്രദ്ധേയനായതുകൊണ്ടും പ്രഭാഷണ വിഷയത്തിന്റെ സവിശേഷ സ്വഭാവ കാരണവുമാകാം, പ്രഭാഷണത്തിന്റെ ആഴ്ചകൾക്കുമുമ്പുതന്നെ പ്രവേശന ടിക്കറ്റുകളെല്ലാം വിറ്റ് തീരുകയുണ്ടായി. ഡച്ച് പാർലമെന്റേറിയനും തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയുടെ നേതാവുമായ ഗീർറ്റ് വെയ്ൽഡേർസ് (Geert Wilders) ‘ഫിത്ന’ എന്ന ബാനറിൽ ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദിനെയും അവഹേളിക്കുന്ന ഒരു ഫിലിം നിർമാണം പ്രഖ്യാപിച്ച സന്ദർഭംകൂടിയായിരുന്നു അത്.
ഫിലിം പ്രദർശനത്തിനോടനുബന്ധിച്ച് ഖുർആൻ കത്തിക്കുമെന്നുകൂടി വെയ്ൽഡേർസ് പ്രഖ്യാപിച്ചിരുന്നു. ഹിംസയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഖുർആൻ നിരോധിക്കണമെന്നും പാശ്ചാത്യേതര നാടുകളിൽനിന്നുള്ള എല്ലാ അഭയാർഥി പ്രവാഹത്തിനും തടയിടണമെന്നുംകൂടി വെയ്ൽഡേർസ് ആവശ്യപ്പെടുകയുണ്ടായി. ഹാബർമാസിന്റെ പതിവ് വാർഷിക പ്രഭാഷണങ്ങളിലൊന്നായിരുന്നു ഹോളണ്ടിലെ നെക്സസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ടിൽബർഗ് പ്രഭാഷണം. ആത്മീയ-കല-തത്ത്വശാസ്ത്ര പശ്ചാത്തലത്തിൽ യൂറോപ്യൻ സാംസ്കാരിക പൈതൃകത്തെ സംബന്ധിച്ച പഠനങ്ങൾക്കായുള്ള ഡച്ച് സ്ഥാപനമാണ് നെക്സസ് (Nexus Institute).
യൂറോപ്പിൽ ഒരു ‘പ്രശ്ന’മായ ഇസ്ലാമിനെക്കുറിച്ചു സംസാരിക്കുമ്പോൾ സന്തുലിതമായൊരു നിലപാടെടുക്കുന്നതിൽ ഹാബർമാസ് സൂക്ഷ്മത പാലിച്ചിരുന്നു. പോസ്റ്റ് സെക്കുലർ സമൂഹങ്ങളെ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ ടിൽബർഗ് പ്രഭാഷണത്തിലും ഈ സൂക്ഷ്മത പ്രകടമായിരുന്നു. ‘വിനിമയാധിഷ്ഠിത സമീപനം (Communicative Action) എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ സത്ത ഏത് വിഷയത്തിലും വെറുപ്പും വിദ്വേഷവും മാറ്റിവെച്ച് പൊതുവായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പരസ്പര ധാരണയുടെ ഭാഷയും വിനിമയ സാധ്യതയും കണ്ടെത്തുക എന്നതാണ്. യോജിപ്പിന്റെ പൊതു ഇടങ്ങളിലേക്കെത്താനുള്ള മാർഗം തേടുക എന്നതാണ് ഹാബർമാസിന്റെ ദൃഷ്ടിയിൽ മാനുഷിക ധർമം. പരസ്പര ധാരണ എന്നത് മനുഷ്യഭാഷയുടെ തന്നെ അന്തർഹിതമായ ലക്ഷ്യമത്രെ.
ടിൽബർഗ് യൂനിവേഴ്സിറ്റിയിൽ ഡച്ച് ശ്രോതാക്കളെ അഭിമുഖീകരിച്ചുകൊണ്ട് ഹാബർമാസ് പറഞ്ഞു: ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തിനും ലിബറൽ സാമൂഹിക സംസ്കാരത്തിനും ഒന്നാമതായി വേണ്ടത് ശാന്തമായ അന്തരീക്ഷത്തിലുള്ള ആശയവിനിമയമാണ്. തെളിഞ്ഞ യുക്തിയുടെയും കൃത്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ന്യായങ്ങൾ അവതരിപ്പിക്കുന്ന ഒരു സംവാദമണ്ഡലം സൃഷ്ടിക്കപ്പെടണം. വ്യത്യസ്ത സംസ്കാരങ്ങൾ ഉൾവഹിക്കുന്ന ജനതകളെ ഒരേ ഭൂമികയിൽ ചേർത്തുനിർത്താൻ യുക്തിക്ക് സാധിക്കും. ജ്ഞാനോദയ കാലഘട്ടത്തിൽ മാനവതക്ക് മുഴുവൻ ബാധകമാകാമെന്ന പരിഗണനയിൽ ജനാധിപത്യാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ അത് സാക്ഷാത്കരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. അതേ പ്രബുദ്ധതയിൽനിന്നുതന്നെയാണ് സാംസ്കാരിക ബഹുത്വത്തിന്റെ നിരാകരണ പ്രവണതയും ജന്മംകൊണ്ടത്. പാശ്ചാത്യ സാമ്രാജ്യത്വ മേൽക്കോയ്മയുടെ മറ്റൊരു രൂപംതന്നെയാണിത്.
പോസ്റ്റ് സെക്കുലർ സമൂഹമെന്നാൽ എന്താണ്? പ്രഭാഷണ മധ്യേ ഈ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ വിശദീകരണം നൽകി: സെക്കുലർവത്കരണത്തോടൊപ്പം നിർബന്ധമായും ആധുനികവത്കരണം നടക്കുമെന്നും അനിവാര്യമായും അത് മതത്തിന്റെ പങ്കിനെ, പൊതുമണ്ഡലങ്ങളിൽ വിശേഷിച്ചും പ്രാന്തവത്കരിക്കുമെന്നുമുള്ള സങ്കൽപത്തിന് നേരെയുള്ള മൂർച്ചയേറിയ വിമർശക വീക്ഷണമാണ് ഈ സാങ്കേതിക പദാവലി. ആധുനികവത്കരണത്തിലൂടെ മതം അനുക്രമം നിഷ്ക്രമിക്കുമെന്ന വിശ്വാസത്തിന് നിലനിൽപില്ല. നമ്മൾ സമ്പന്നമായ പടിഞ്ഞാറ് ഇപ്പോൾ ജീവിക്കുന്നത് ഒരു പോസ്റ്റ് സെക്കുലർ സമൂഹത്തിന്റെ ഘട്ടത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്.
ഗീർറ്റ് വെയ്ൽഡേർസ്, എറിക്സ് ഹോബ്സ്ബോം, മഹാത്മാഗാന്ധി
അമേരിക്കൻ അനുഭവം
ആധുനികവത്കരണം അതിന്റെ പരമകാഷ്ഠയിലായിരിക്കെ അമേരിക്കയിൽ ഇപ്പോഴും കാണപ്പെടുന്ന ഊർജസ്വലമായ മതസമൂഹങ്ങളെയാണ് ഹാബർമാസ് ഇവിടെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. മതേതരത്വത്തിന്റെ പ്രയാണത്തിലെ ഒരപവാദമായല്ല ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചു മുൻചൊന്ന തത്ത്വത്തിന്റെ മാതൃകയാണ് യു.എസ്. ‘‘ആഗോളതലത്തിലെ മതപരമായ ഉണർവിന്റെ തെളിവായി അദ്ദേഹം എടുത്തുകാണിച്ചത് ലാറ്റിനമേരിക്കയിലെ സുവിശേഷ സംഘങ്ങളെയും ലോക മതങ്ങളിലെല്ലാം കാണപ്പെടുന്ന യാഥാസ്ഥിതിക ധാരകളുടെ മുന്നേറ്റവുമാണ്. ഇറാൻ ഭരണകൂടവും ‘ഇസ്ലാമിക ഭീകരത’യുമാകട്ടെ നമ്മുടെ എല്ലാ മതങ്ങളിലും അന്തർഗതമായ ഹിംസയുടെ രാഷ്ട്രീയ ബഹിർഗമനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.
മതപരമല്ലാത്ത ലൗകിക സ്വഭാവത്തോടുകൂടിയ, അടിച്ചമർത്തപ്പെടുന്ന തർക്കങ്ങൾ മതത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ വലിയ സംഘർഷങ്ങളായി പൊട്ടിത്തെറിക്കുകയാണ്.’’ ഇപ്പറഞ്ഞ ലൗകിക സ്വഭാവത്തോടുകൂടിയ തർക്കങ്ങൾ മധ്യപൗരസ്ത്യ ദേശത്തെ തർക്കങ്ങൾക്കും ഇറാന്റെ യുദ്ധത്തിനിടയിലും അതിനുമുമ്പുമുണ്ടായ വലതുപക്ഷ മതകൂട്ടായ്മകൾക്കും ഒരുപോലെ ബാധകമാണെന്നുകൂടി ഹാബർമാസ് കൂട്ടിച്ചേർക്കുകയുണ്ടായി.
സഭയും രാഷ്ട്രവും
‘‘ഇക്കാലത്ത് മതത്തിന്റെ കേന്ദ്രീയ പ്രവർത്തനം സഭയിലും ഇടവകകളിലും പരിമിതമായിട്ടുണ്ടെന്നത് ശരിതന്നെ. വിശ്വാസാചരണം വ്യക്തിമണ്ഡലത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതേസമയം, ആഗോളതലത്തിൽ അത് കൂടുതൽ സ്വാധീനം നേടിവരുകയുമാണ്; നമ്മുടെ പൊതുമണ്ഡലത്തിലുമതെ. സഭകളും മത സംഘടനകളും വർധിച്ചതോതിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. സുപ്രധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ബഹുജനാഭിപ്രായത്തെ സ്വാധീനിക്കാൻ മതസ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ട്. അവയുടെ ഈ ഇടപെടലുകളുടെ ന്യായങ്ങൾ തൃപ്തികരമാണോ അല്ലേ എന്നത് മറ്റൊരു പ്രശ്നമാണ്.’’
‘‘ഇത്തരമൊരു പശ്ചാത്തലത്തിൽ നാം എന്തുചെയ്യണം എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. മതപരവും സാംസ്കാരികവുമായ വൈവിധ്യത്തോടൊപ്പം ഇളക്കംതട്ടാതെ നിലനിൽക്കുന്ന നമ്മുടെ ദേശരാഷ്ട്രങ്ങളിൽ സാമൂഹികബന്ധങ്ങളുടെ സിവിൽ സ്വഭാവത്തിന്റെ അനുസൃതിക്ക് ഉറപ്പുലഭിക്കാൻ നാം ഓരോരുത്തരും അപരനിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ‘‘ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ ആധുനിക യുഗത്തിന്റെ തുടക്കത്തിൽ രണ്ടാംലോക യുദ്ധത്തെ തുടർന്ന് സഭയെയും രാഷ്ട്രത്തെയും പരസ്പരം വേർപെടുത്തിയ തത്ത്വത്തിലേക്കാണ് നാം ചെന്നെത്തുക എന്ന് ഹാബർമാസ് ചൂണ്ടിക്കാട്ടി. ആ വേർപെടൽ നൂറ്റാണ്ടുകളെടുത്ത് ക്രമേണയാണ് സംഭവിച്ചതെന്നും യൂറോപ്യൻ രാഷ്ട്രങ്ങളിൽതന്നെ വ്യത്യസ്ത നിയമചട്ടക്കൂടുകളിലൂടെയാണ് അത് ആവിഷ്കൃതമായതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ജനാധിപത്യം
‘‘ഭരണകൂടങ്ങൾ സെക്കുലർ സ്വഭാവം പുലർത്തുമ്പോൾതന്നെ മതന്യൂനപക്ഷങ്ങൾ കൂടുതൽ അവകാശങ്ങൾ നേടിത്തുടങ്ങി.’’ സഹിഷ്ണുതയെന്നാൽ ഇക്കാലത്ത് അപരന്റെ വീക്ഷണങ്ങളെ മാനിക്കലല്ലെന്ന അവസ്ഥ സംജാതമായി. സഹിഷ്ണുതയെന്നാൽ, ലളിതമായി പറഞ്ഞാൽ തർക്കത്തിലുള്ള ഓരോ കക്ഷിക്കും സ്വന്തം നിലപാടിൽ അടിയുറച്ചുനിൽക്കാനുള്ള കൂട്ടായ വിലപേശലിനപ്പുറമൊന്നും അല്ലാതായി മാറി.
പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം സ്റ്റേറ്റിന്റെ പ്രധാനദൗത്യം സമൂഹത്തെ അടക്കിനിർത്തുക, പോരാടുന്ന വിഭാഗങ്ങളെ നിരായുധീകരിച്ച് അവരുടേതായ ദുർബല സഹവർത്തിത്വത്തിന് മേൽനോട്ടം വഹിക്കുക എന്നതിലൊതുങ്ങി. ഈ രീതി അപര്യാപ്തമാണെന്ന് ബോധ്യമായി. 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജനാധിപത്യ സംവിധാനത്തിന് കീഴിൽ സ്റ്റേറ്റ് രണ്ട് നിയമങ്ങൾക്ക് വഴങ്ങി -നിയമവാഴ്ചക്കും ജനങ്ങളുടെ ജനാധിപത്യപരമായ ഇച്ഛാശക്തിക്കും. പൗരന്മാർ സ്വന്തം സമുദായങ്ങളുടെ ഗെറ്റോകളിൽ ഒതുങ്ങിക്കൂടരുതെന്നും അന്യോന്യം അകൽച്ച പാടില്ലെന്നുമുള്ള നിബന്ധനയോടെ അവർക്ക് വിശ്വാസ സ്വാതന്ത്ര്യം നൽകാൻ ഭരണഘടനാധിഷ്ഠിത സ്റ്റേറ്റുകൾക്ക് സാധിച്ചു.
തുല്യാവകാശം
പോസ്റ്റ് സെക്കുലർ സമൂഹത്തിൽ പൗരസഞ്ചയത്തിനിടയിൽ പാലിക്കേണ്ട ശരിയായ സന്തുലനത്തെക്കുറിച്ച് ഇവിടെയാണ് ഹാബർമാസ് ഊന്നുന്നത്. അപരനും ഈ സമൂഹത്തിലെ അംഗമാണെന്ന യാഥാർഥ്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടതുണ്ട്. രാഷ്ട്രത്തിൽ എല്ലാ സാംസ്കാരിക വിഭാഗങ്ങളും തുല്യാവകാശികളായിരിക്കണം. തുല്യപൗരത്വവും സാംസ്കാരിക വൈവിധ്യവും പരസ്പരപൂരകമാകണം. ഇക്കാര്യത്തിൽ യുദ്ധാനന്തര ജർമനി കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്ത തുർക്കി വംശജർക്ക് വഹിക്കാനുള്ള പങ്ക് അദ്ദേഹം എടുത്തോതുന്നു.
കത്തോലിക്ക -പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ മാതൃകയാക്കി സ്വന്തം വിശ്വാസപ്രമാണങ്ങൾ കൈവിടാതെതന്നെ ജർമനിയിലെ മതേതരാധിഷ്ഠിത ഭരണഘടനാ മൂല്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അവർക്ക് കഴിയേണ്ടതുണ്ട്. മറുവശത്ത് ഇതേ തുറന്ന മനഃസ്ഥിതി സെക്കുലർ സമൂഹങ്ങൾക്കും ഉണ്ടാകണം. മതപരമായ ആവിഷ്കാരങ്ങൾ മതേതര പാഠങ്ങളിലേക്ക് വിവർത്തനം ചെയ്താൽ അത് കൂടുതൽ അർഥവത്താകാനുള്ള സാധ്യതകളുടെ മുന്നിൽ അവർ മനസ്സ് തുറക്കണം. മതസ്ഥരെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന സംവരണ നിലപാട് അവർ തുടരുകയാണെങ്കിൽ പരസ്പരം അംഗീകരിക്കുക എന്ന തുല്യപൗരത്വത്തിന്റെ അടിസ്ഥാന ആശയങ്ങളെയാണ് അവർ അട്ടിമറിക്കുന്നത്.’’
ധ്രുവീകരണം
പ്രഭാഷണാനന്തരം ഗീർറ്റ് വെയ്ൽഡേർസിന്റെ ‘ഫിത്ന’ ഫിലിം പദ്ധതിയെക്കുറിച്ച് സദസ്സിൽനിന്ന് ഹാബർമാസിന്റെ നേരെ ചോദ്യം ഉയർന്നു. ‘‘വെയ്ൽഡേർസ് ഇത്തരമൊരു ഫിലിം നിർമിക്കുന്നതിലൂടെ പ്രകോപനവും ധ്രുവീകരണവുമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അല്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ് എന്നായിരുന്നു ഹാബർമാസിന്റെ പ്രതികരണം. സിനിമ ആരുടെയെങ്കിലും അവകാശത്തെ ഹനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇത്തരം നീക്കങ്ങൾ പലപ്പോഴും മൂന്നാമതൊരു കക്ഷിയെ ബാധിക്കുകയും സമാധാന ഭംഗത്തിനിടയാക്കുകയും ചെയ്യാറുണ്ട്. ഞാനൊരു നിയമജ്ഞനല്ല.
നിയമമാധ്യമങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ടത്. ബന്ധപ്പെട്ട മന്ത്രാലയവും കോടതികളും ശരിയായ രീതിയിൽ അത് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, ഈ പ്രഖ്യാപനം പൊതുമണ്ഡലത്തിലെ ഒരു രാഷ്ട്രീയ വ്യവഹാരമായെടുത്താൽ 2004ൽ ഇസ്ലാമിനെ അപഹസിക്കുന്ന ഫിലിമെടുത്തതിന്റെ പേരിൽ ഒരു ഇസ്ലാമിക തീവ്രവാദിയാൽ കൊല്ലപ്പെട്ട തിയോ വാൻഹോഗിനെ ഓർക്കേണ്ടിവരും. മി. വെയ്ൽഡേർസ്, താങ്കളോടുള്ള എന്റെ ഒരേയൊരു ചോദ്യം ഇതാണ്: ഈ നാട്ടിലേക്ക് മഹാദുരിതങ്ങൾ വലിച്ചുകൊണ്ടുവരുന്ന ഇത്തരം പ്രകോപനങ്ങൾ തുടരേണ്ടതാവശ്യമാണെന്ന് എന്തിനാണ് താങ്കൾ ശഠിക്കുന്നത്? ഇതൊരു രാഷ്ട്രീയ ചോദ്യം മാത്രമാണ്. 1968ൽ നമ്മുടെ ഒരു വിദ്യാർഥി, എന്റെതന്നെ ഒരു വിദ്യാർഥി വ്യക്തമായ നിയമലംഘനത്തിലൂടെ വ്യവസ്ഥാപിതമായി ഇത്തരം പ്രകോപനങ്ങൾ ഇളക്കിവിട്ടിട്ടുണ്ട്. അക്കാലത്തെ പ്രതിഷേധിക്കുന്ന വിദ്യാർഥികളിൽ ഭൂരിപക്ഷത്തിനും ന്യായങ്ങളുണ്ടെന്നായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്.
‘‘വെയ്ൻഡ്സിന്റെ ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും നമ്മൾ വേർതിരിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളിലൊന്നാണെന്ന് സമ്മതിക്കാത്ത ആരും ഈ ഹാളിലുണ്ടാകില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റ് അവകാശങ്ങൾക്കൊക്കെ ഉപരി അതിന് പ്രത്യേക പ്രാധാന്യവുമുണ്ട്.’’
എറിക്സ് ഹോബ്സ്ബോമിന്റെ നിരീക്ഷണം
ഹാബർമാസിന്റെ വീക്ഷണങ്ങളോട് ചേർത്ത് വായിക്കേണ്ടതാണ് മാർക്സിസ്റ്റ് ചരിത്രരചനാരീതിയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ എറിക് ഹോബ്സ് ബോം (1917-2012) ഒന്നര ദശകങ്ങൾക്കു മുമ്പ് ‘ന്യൂ ലെഫ്റ്റ് മാഗസിനി’ൽ എഴുതിയ ലേഖനത്തിലെ ചില നിരീക്ഷണങ്ങൾ:
‘ജ്ഞാനോദയ സിദ്ധാന്തങ്ങളുടെ പതനം തീർച്ചയായും മതാധിഷ്ഠിത രാഷ്ട്രീയത്തിനും ദേശീയത്വത്തിന്റെ മതാത്മക ഭാഷ്യങ്ങൾക്കും ഇടം നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ മതങ്ങൾക്കും വലിയൊരു ഉയർച്ച ഉണ്ടായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പലതിന്റെയും ഗതി വ്യക്തമായും കീഴ്പോട്ടുതന്നെയാണ്.
റോമൻ കത്തോലിസിസം ലാറ്റിനമേരിക്കയിൽപോലും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ കുതിപ്പിനെതിരെ അതവിടെ പോരടിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലത് അതിജീവനം തേടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേ അവിടെ നിലനിന്നുപോരുന്ന പ്രാദേശിക ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കിഴിവ് നൽകിക്കൊണ്ടാണ്. ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റുകാർ ഉയർന്നുവരുണ്ട്. എന്നാൽ, സാമ്പ്രദായികരീതികൾ പിന്തുടരാതെ മുന്നേറുന്ന ഒരു ചെറിയ ന്യൂനപക്ഷത്തേക്കാളുപരി ഇവർ എത്രമാത്രമുണ്ടെന്ന സംഗതി അവ്യക്തമത്രെ. ഇസ്രായേലിലെ വിദ്രോഹകരമായ ജൂത ഫണ്ടമെന്റലിസവും എത്രമാത്രം ജനകീയ പ്രതിഭാസമാണെന്ന കാര്യവും വ്യക്തമല്ല. ഇസ്ലാമാണ് ഇതിനൊരു അപവാദം.
കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി വിശേഷിച്ച് മിഷനറി പ്രവർത്തനമൊന്നും കൂടാതെതന്നെ തുടർച്ചയായൊരു വികാസം അത് നേടിക്കൊണ്ടിരിക്കുന്നുണ്ട്. സജീവമായൊരു ന്യൂനപക്ഷത്തിനുപരി ഇസ്ലാമിനകത്ത് ഖിലാഫത്തിന്റെ പുനരുജ്ജീവനത്തിന് നിലവിലെ സായുധ പ്രസ്ഥാനങ്ങളിലേതെങ്കിലും വ്യാപൃതരാവുന്നുണ്ടോ എന്നത് വ്യക്തമല്ല. എന്തായാലും ഇസ്ലാം വലിയൊരളവോളം മുന്നേറ്റം തുടരുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, എല്ലാ മുസ്ലിംകളോടുമെന്നപോലെ ഇസ്ലാം പാവപ്പെട്ടവരോട് തുല്യ അളവിൽ അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ക്രൈസ്തവർക്കിടയിൽ ഈ തുല്യമനോഭാവം കാണപ്പെടുന്നില്ല.
കൊളോണിയൽ ക്രൈസ്തവരെപ്പോലെത്തന്നെയാണ് തങ്ങളുമെന്ന് നീഗ്രോ ക്രൈസ്തവർ വിശ്വസിക്കുന്നുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ട്. ഇതര മുസ്ലിംകളെപ്പോലെത്തന്നെയാണ് തങ്ങളുമെന്ന് ബ്ലാക്ക് മുസ്ലിംകൾ വിശ്വസിക്കുന്നപോലെ ഒരു വിശ്വാസം ബ്ലാക്ക് ക്രൈസ്തവർക്കുണ്ടെന്ന് തോന്നുന്നില്ല. ഇസ്ലാമിന്റെ ഘടനക്കകത്തുതന്നെ സമദർശിത്വം കൂടുതലായി നിലനിൽക്കുന്നുണ്ട്. പോരാട്ടവീര്യവും അതിൽ വളരെ കൂടുതലാണ്. മുസ്ലിം അടിമകളെക്കുറിച്ചു വായിച്ചത് ഞാൻ ഓർക്കുന്നു. അവർ നമ്മെ വലിയൊരളവോളം അപകടത്തിലാക്കിയിരുന്നു. സമത്വ വിഷയത്തിൽ പാവപ്പെട്ടവർക്ക്, സ്വീകാര്യമാംവിധത്തിലാണ് മറ്റുള്ളവരോട് ഇസ്ലാം സംവദിക്കുന്നത്. ബഹുജനങ്ങളെ ഇസ്ലാമിൽനിന്ന് അകറ്റാൻ സാധ്യമല്ലെന്ന സംഗതി മുസ്ലിം ലോകത്തിലെ പുരോഗമനവാദികൾ തുടക്കത്തിലേ മനസ്സിലാക്കിയിരുന്നു. തുർക്കിയയിൽപോലും അവർക്ക് ഏതാണ്ടൊരു ഒത്തുതീർപ്പിലെത്തേണ്ടി വന്നിരിക്കയാണ്. ഒരുവേള ഇത് വിജയകരമായി നിർവഹിക്കപ്പെട്ട ഒരേയൊരു നാടായിരിക്കും തുർക്കിയ (ന്യൂ ലെഫ്റ്റ് റിവ്യൂ, 2010 ജനു-ഫെബ്രു ലക്കം).
ക്ലൗഡ് ലാൻസ്മാൻ
ഹാബർമാസും ഫലസ്തീൻ പ്രശ്നവും
ഹാബർമാസിന്റെ ഉദാരചിന്തകളെപ്പറ്റി പറയുമ്പോൾ തത്ത്വശാസ്ത്രമണ്ഡലത്തിൽനിന്ന് പ്രായോഗിക രാഷ്ട്രീയമണ്ഡലങ്ങളിലേക്കിറങ്ങുമ്പോഴുള്ള കാലിടറലുകൾ നമ്മെ അമ്പരപ്പിക്കും. അപ്പോൾ ഹാബർമാസിനെപ്പോലുള്ള ചിന്തകന്മാരുടെ മനഃസാക്ഷി ഉറങ്ങാൻ പോവുന്നതാണ് നാം കാണുക. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഒടുവിലത്തെ ഗസ്സ സംഭവവികാസങ്ങളിൽ അദ്ദേഹമെടുത്ത ഇസ്രായേൽ അനുകൂല നിലപാട്. ഫലസ്തീനികൾ അനുഭവിക്കുന്ന സെറ്റ്ലർ കൊളോണിയലിസത്തിന്റെ ഭീകര പീഡനങ്ങൾ ജീവിതത്തിലുടനീളം മാനുഷികതയെ ഉയർത്തിപ്പിടിച്ച ഈ പ്രതിഭാകുബേരന് പ്രശ്നമായില്ല.
വിചിത്രമായ ഈ നൈതിക വൈരുധ്യം ഹാബർമാസിന്റെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. ‘ഓറിയന്റലിസം’ എന്ന കൃതിയിൽ എഡ്വേർഡ് സഈദ് ഉദാഹരണങ്ങൾ വേറെയും സ്വന്തം അനുഭവങ്ങളിലൂടെ എടുത്തുകാണിക്കുന്നുണ്ട്. 1979ൽ ഴാങ് പോൾ സാർത്രും സിമോൺ ദ ബൂവാറും മധ്യപൗരസ്ത്യ ദേശത്തെ അറബ്-ഇസ്രായേൽ സംഘട്ടനത്തെക്കുറിച്ച് ചർച്ചചെയ്യാൻ ‘ലെസ് ടെംപ്സ് മോഡേൻസ്’ മാഗസിൻ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാൻ എഡ്വേർഡ് സഈദിനെ ക്ഷണിക്കുകയുണ്ടായി. സന്തുലിതമായ സംവാദമെന്നതിലുപരി പക്ഷപാതം മുഴച്ചുനിൽക്കുന്ന ദുരനുഭവമായിരുന്നു അതെന്നാണ് സഈദ് അതിനെക്കുറിച്ച് എഴുതിയത്.
സാർത്ര് ഫലസ്തീൻ അനുഭാവവും യഹൂദരുടെ ഹോളോകോസ്റ്റ് പീഡാനുഭവത്തോടുള്ള വൈകാരിക മനോഭാവവും തമ്മിൽ തൂക്കമൊപ്പിക്കാൻ പാടുപ്പെട്ടപ്പോൾ ഡിബേറ്റിൽ പങ്കെടുത്ത ചലച്ചിത്രകാരൻ ക്ലൗഡ് ലാൻസ്മാൻ (Cloud Lanzman -1925-2028) തീർത്തും ഇസ്രായേൽ പക്ഷത്തുനിന്നുകൊണ്ടുള്ള ഒരു നിലപാടാണ് അനുവർത്തിച്ചത്. ഹോളോ കോസ്റ്റാനന്തര യഹൂദരോടുള്ള പടിഞ്ഞാറിന്റെ കുറ്റബോധമാണ് ഇതിന്റെ പിന്നിൽ സഈദ് കാണുന്നത്.
ഫലസ്തീനി ഈ പാശ്ചാത്യചിന്തകന്മാരുടെ ദൃഷ്ടിയിൽ എപ്പോഴും ഒരഭയാർഥിയോ ഭീകരവാദിയോ ഒരു മനുഷ്യാവകാശവും അർഹിക്കാത്ത കേവലമൊരു രാഷ്ട്രീയ നമ്പറോ മാത്രമാണ്. മിഷേൽ ഫൂക്കോയുമായുള്ള സംവാദത്തിലും ഇതുതന്നെയായിരുന്നു എഡ്വേർഡ് സഈദിന്റെ അനുഭവം. ദീർഘകാലം അൽജീരിയയിൽ ജീവിച്ച ആൽബേർ കമ്യുവും ഇതിനപവാദമല്ല. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സമരം നയിച്ച നാഷനൽ ലിബറേഷൻ ഫ്രണ്ടിനെതിരായിരുന്നു കമ്യു. ഈ വിഷയത്തിൽ ഹാബർമാസും അവരോട് ചേർന്നുനിൽക്കുകയാണ്.
