ജനാധിപത്യത്തിന്റെ കൊടിക്കൂറ

ഡൽഹിയിൽ സി.ജെ.പി നടത്തിവന്ന സമരം വിജയകരമായി അവസാനിച്ചു. പ്രക്ഷോഭം നൽകിയ കാഴ്ചകളെക്കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകനും അഭിഭാഷകനും മുൻ ജനപ്രതിനിധിയുമായ ലേഖകൻ. അടിമത്തത്തിൽനിന്നുള്ള വിമോചനപാതയിൽ വിഘ്നകാരിയായ ഫറവോയുടെ ഹൃദയകാഠിന്യം നീക്കുന്നതിനുള്ള മോശയുടെ ശ്രമത്തിൽ ഒരു ഘട്ടത്തിൽ ഈജിപ്തുകാരുടെ ഭവനങ്ങൾ ഈച്ചകളെക്കൊണ്ട് നിറയുന്നുണ്ട്. യുവത പാറ്റകളായി പെരുകി ഇന്ദ്രപ്രസ്ഥമാകെ നിറഞ്ഞപ്പോൾ കഠിനഹൃദയനായ നരേന്ദ്ര മോദിക്ക് ഫറവോയെപ്പോലെ പിടിച്ചുനിൽക്കാനായില്ല. മുപ്പത്തിയാറാമത്തെ ദിവസം കുട്ടികൾ ആവശ്യപ്പെട്ട രാജിയുണ്ടായി. വ്യാഴവട്ടം പൂർത്തിയാക്കിയ നരേന്ദ്ര...
Your Subscription Supports Independent Journalism
View Plansഡൽഹിയിൽ സി.ജെ.പി നടത്തിവന്ന സമരം വിജയകരമായി അവസാനിച്ചു. പ്രക്ഷോഭം നൽകിയ കാഴ്ചകളെക്കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകനും അഭിഭാഷകനും മുൻ ജനപ്രതിനിധിയുമായ ലേഖകൻ.
അടിമത്തത്തിൽനിന്നുള്ള വിമോചനപാതയിൽ വിഘ്നകാരിയായ ഫറവോയുടെ ഹൃദയകാഠിന്യം നീക്കുന്നതിനുള്ള മോശയുടെ ശ്രമത്തിൽ ഒരു ഘട്ടത്തിൽ ഈജിപ്തുകാരുടെ ഭവനങ്ങൾ ഈച്ചകളെക്കൊണ്ട് നിറയുന്നുണ്ട്. യുവത പാറ്റകളായി പെരുകി ഇന്ദ്രപ്രസ്ഥമാകെ നിറഞ്ഞപ്പോൾ കഠിനഹൃദയനായ നരേന്ദ്ര മോദിക്ക് ഫറവോയെപ്പോലെ പിടിച്ചുനിൽക്കാനായില്ല. മുപ്പത്തിയാറാമത്തെ ദിവസം കുട്ടികൾ ആവശ്യപ്പെട്ട രാജിയുണ്ടായി. വ്യാഴവട്ടം പൂർത്തിയാക്കിയ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽനിന്നുള്ള ആദ്യത്തെ രാജിയായിരുന്നു അത്.
തങ്ങളുടെ ഒരു മന്ത്രിക്കെതിരെയും ഗുരുതരമായ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ അവകാശവാദത്തിനേറ്റ അടിയായിരുന്നു അത്. മന്ത്രി പ്രധാൻ ഒഴിയാതിരുന്നെങ്കിൽ ഒഴിയണമെന്ന ആവശ്യം പ്രധാൻ മന്ത്രിക്കുനേരെ ഉണ്ടാകുമായിരുന്നു. കുട്ടികൾ ശാഠ്യം പിടിച്ചാൽ അത് മുതിർന്നവരുടെ ശാഠ്യംപോലെയാവില്ല. കരയുന്ന കുട്ടി പാൽ കിട്ടുന്നതുവരെ കരയും. പകരം എന്തുകൊടുത്താലും അവർ തൃപ്തരാകുകയുമില്ല. കുട്ടികളുടെ ന്യായമായ ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കിൽ അത് അപകടത്തിന്, ചിലപ്പോൾ ദുരന്തത്തിനുതന്നെയും കാരണമാകും.
നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ പ്രതികരണവും ഇടപെടലും കാണുന്നില്ലെന്ന് പരാതിയുള്ളവർ ജന്തർമന്തറിൽ അവരുടെ സാന്നിധ്യം കണ്ണ് നിറയുവോളം കണ്ടു. രാഷ്ട്രീയ സദസ്സുകളിൽ തല നരച്ചവരെ മാത്രം കാണുന്ന പതിവുദൃശ്യത്തിൽനിന്ന് വ്യത്യസ്തമായ കാഴ്ചയായിരുന്നു അത്. പുതിയ രൂപത്തിലും ഭാവത്തിലും ജെൻസി പ്രതിഷേധം നാടാകെ പടർന്നു. അവർക്ക് പോസ്റ്ററും ബാനറും ഇല്ലായിരുന്നു. അവർക്ക് പി.ബിയോ ഹൈകമാൻഡോ ഇല്ലായിരുന്നു. അവർ അരാഷ്ട്രവാദികൾ ആയിരുന്നില്ല. മുറപ്രകാരമുള്ള രാഷ്ട്രീയപ്രവർത്തകരും ആയിരുന്നില്ല. അവർ ഏറെയും കൗമാരപ്രായത്തിലുള്ളവരായിരുന്നു.
ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളുമുണ്ടായിരുന്നു. പെൺകുട്ടികൾ തെരുവിൽ ഉറങ്ങി. അപരിചിതരായ ആൺകുട്ടികൾ അവർക്ക് കാവലിരുന്നു. അവർ പല ഭാഷകൾ സംസാരിച്ചു. പക്ഷേ, അവരുടെ മുദ്രാവാക്യം ഒന്നായിരുന്നു. ആദ്യത്തെ വോട്ട് ഇനിയും ചെയ്തിട്ടില്ലാത്ത കുട്ടികൾ ജീവിതത്തിൽ ആദ്യത്തെ മുദ്രാവാക്യം വിളിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ്. ഭഗത് സിങ്ങിന്റെ നിത്യസ്മരണയിൽ അവർ ഓർത്തെടുത്തതാണ് ആ മുദ്രാവാക്യം. പൊടുന്നനെ തൊഴിൽരഹിതരാക്കപ്പെട്ട എയർ ഹോസ്റ്റസുമാർ ഭൂമിയിലേക്കിറക്കപ്പെട്ടപ്പോൾ ശരണമില്ലാതെ ഡൽഹി വിമാനത്താവളത്തിൽ ഈ മുദ്രാവാക്യം വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രതിഷേധത്തിന്റെ മൂശയിൽ വാർത്തെടുത്ത വിപ്ലവത്തിന്റെ അക്ഷരങ്ങളാണവ.
പാഠപുസ്തകങ്ങളിലെ അനാശാസ്യതയെക്കുറിച്ച് ധാരാളം കേൾക്കുന്നുണ്ട്. വിദ്യാഭ്യാസരംഗംതന്നെ കുത്തഴിയുമ്പോൾ പാഠപുസ്തകം മാത്രം നന്നാക്കിയിട്ട് കാര്യമില്ല. ചോദ്യവും ഉത്തരവും വിലക്കു വാങ്ങാൻ കിട്ടുന്നു. കോച്ചിങ് എന്ന ലക്ഷങ്ങൾ മുടക്കുള്ള പഞ്ചാഗ്നി കടന്നുവന്ന സമർഥരായ കുട്ടികൾ സംവിധാനത്തിനു പുറത്തും ക്രമക്കേടുകൾ കാട്ടുന്നവർ അകത്തും എന്ന അവസ്ഥയായി. ചമ്പൽക്കാടുകളിൽ അന്യംനിന്ന കൊള്ളക്കാർ ചോദ്യകർത്താക്കളായ പ്രഫസർമാരുടെ ആദരണീയരൂപത്തിൽ പുനർജനിച്ചു. ഒരു തലമുറയുടെ ഭാവിയാണ് അവർ അട്ടിമറിച്ചത്. പ്രതീക്ഷയാണ് അവർ തല്ലിക്കെടുത്തിയത്. ചോദ്യങ്ങളുടെ രഹസ്യസ്വഭാവത്തിലാണ് പരീക്ഷയുടെ വിശ്വാസ്യത. പാർലമെന്റിലാണ് ചോദ്യങ്ങൾ പരസ്യമായി ചോദിക്കുന്നത്.
രഹസ്യമായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ അത് പരസ്യമായാൽ എല്ലാം തകർന്നു. പാമ്പൻപാലത്തിലൂടെയുള്ള കുതിപ്പ് ആഴിയുടെ അഗാധതയിലേക്കാണെന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടായി. അപ്പോൾ അവർ ലാൽ ബഹാദൂർ ശാസ്ത്രിയെ ഓർത്തു. മനസാ വാചാ കർമണാ അറിയാത്ത കാര്യത്തിന്റെ പേരിൽ നല്ലവനായ ഒരു മന്ത്രി രാജിെവച്ച കാര്യം അവർ ചരിത്രത്തിൽനിന്ന് ഓർത്തെടുത്തു. ശരിയായ ചരിത്രം പഠിക്കുന്ന കുട്ടികൾ ശരിയായ കാര്യങ്ങൾ ഓർത്തെടുക്കും. അതൊഴിവാക്കാനാണ് ചരിത്രത്തിന്റെ പുനർരചന ബി.ജെ.പി നടത്തുന്നത്.
ലാൽ ബഹാദൂർ ശാസ്ത്രി എന്ന പേര് ഓർമയിൽ വരാനിടയില്ലാത്ത ധർമേന്ദ്ര പ്രധാന് കേൾക്കാൻ കഴിയുംവിധം ഉറക്കെ അവർ ആ പേര് വിളിച്ചുപറഞ്ഞു. ഭരണഘടന നിർദേശിക്കുന്ന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിനും മന്ത്രിയുടെ ഉത്തരവാദിത്തത്തിനും മേലേ മന്ത്രിക്ക് ധാർമികമായ ഉത്തരവാദിത്തം എന്നൊരു സിദ്ധാന്തമുണ്ടെന്ന് അവർ മന്ത്രിമാരെ പഠിപ്പിച്ചു. തെരഞ്ഞെടുത്തയക്കുന്നവരെ തിരിച്ചുവിളിക്കാൻ വ്യവസ്ഥയില്ലാത്ത സംവിധാനത്തിൽ അങ്ങനെയൊരു അവകാശത്തെക്കുറിച്ചാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിലൂടെ രാഷ്ട്രീയ ഇന്ത്യയെ അവർ ബോധവത്കരിച്ചത്.
ദുരന്തകാലത്ത് രാജി ആവശ്യപ്പെടാൻ വിദ്യാഭ്യാസമന്ത്രി ഉണ്ടായി എന്നതു കുട്ടികളുടെ ഭാഗ്യം. മൗലാന അബുൽ കലാം ആസാദ് ആയിരുന്നു സ്വതന്ത്ര ഇന്ത്യയിൽ ഒരു ദശകക്കാലം വിദ്യാഭ്യാസമന്ത്രി, അല്ലെങ്കിൽ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി. പിന്നീട് വിദ്യാഭ്യാസമന്ത്രി ഇല്ലാതായി. പകരം മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി വന്നു. ഏറെക്കാലത്തിനുശേഷം വിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിതമായപ്പോൾ ധർമേന്ദ്ര പ്രധാനെപ്പോലെയുള്ള കച്ചവടക്കാരും കുതിരക്കച്ചവടക്കാരും ആസാദ് ഇരുന്ന കസേരയിൽ ഉപവിഷ്ടരായി.
സൈന്യത്തിന്റെ സഹായേത്താടെ പുനഃപരീക്ഷ നടന്നതോ അതിൽ വിജയിച്ചവരുടെ പഠനം ആരംഭിച്ചതോ പ്രക്ഷോഭകാരികൾക്ക് പ്രശ്നമായില്ല. രക്ഷാപ്രവർത്തനത്തിലോ പുനരധിവാസത്തിലോ ആയിരുന്നില്ല അവരുടെ താൽപര്യം. കുറ്റവാളികൾക്ക് ശിക്ഷയും സംവിധാനത്തിന്റെ നവീകരണവുമാണ് അവർക്ക് വേണ്ടിയിരുന്നത്. നീറ്റ് ചോദ്യച്ചോർച്ചയുടെ നീറുന്ന ഓർമയാണ് ആത്മഹത്യ ചെയ്ത 22 കുട്ടികൾ. അവരുടെ കുടുംബത്തിന് ഉദാരമായ നഷ്ടപരിഹാരം നൽകാമെന്ന് അവർ സർക്കാറിനെക്കൊണ്ട് സമ്മതിപ്പിച്ചു. 20 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് അട്ടിമറിക്കപ്പെട്ടത് റെയിൽവേ അപകടത്തേക്കാൾ വലിയ ദുരന്തമായി. 22 മരണം എന്നുപറഞ്ഞാൽ അത് മേജർ ആക്സിഡന്റാണ്. ബോധപൂർവമായ അട്ടിമറിയെ ആക്സിഡന്റിന്റെ ഗണത്തിൽ പെടുത്താനാവില്ല.
കടലിലെറിയപ്പെട്ട തേയിലപ്പെട്ടികളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ ചുടുചായ തിളപ്പിച്ച ബോസ്റ്റണിൽനിന്ന് ‘ലൂസിഫറി’ൽ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിൻ രാംദാസ് എന്ന കഥാപാത്രത്തെപ്പോലെ പറന്നിറങ്ങിയ പബ്ലിക് റിലേഷൻസ് വിദ്യാർഥി അഭിജിത് ദീപ്കെ ഓൺലൈനായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാവരും അവരെ സംശയിച്ചു. പക്ഷേ, അവർ ആരെയും സംശയിച്ചില്ല. അവർ എല്ലാവർക്കും ഇടം നൽകി. നല്ല ഉപദേശം സ്വീകരിച്ചു. അങ്ങനെ അവർ നേർവഴി കണ്ടെത്തി. സോനം വാങ്ചുക് പ്രകടിപ്പിച്ച ഐക്യദാർഢ്യം അവരുടെ വിശ്വാസ്യത വർധിപ്പിച്ചു. ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ പ്രസിദ്ധനായ ജോർജ് സോറോസിന്റെ കൈ വരെ സംശയിച്ചവരുണ്ട്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിെവച്ചതിനുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, സഹമന്ത്രി ജിതേന്ദ്ര സിങ്, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ (പി.ടി.ഐ)
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഒരുദിവസംകൊണ്ട് അവസാനിച്ചു. സംഘാടനത്തിലെ പാളിച്ചയായിരുന്നു കാരണം. യുദ്ധത്തിലെന്നപോലെ പ്രക്ഷോഭത്തിലും ലോജിസ്റ്റിക്സ് പ്രധാനമാണ്. ജന്തർമന്തറിലെ കുട്ടികൾക്ക് ഒന്നിനും മുട്ടുണ്ടായില്ല. അവരവർക്കു വേണ്ടതു മാത്രമല്ല, എല്ലാവർക്കും വേണ്ടത് അവർ കരുതി. മർദനത്തിൽ അവർ തളർന്നില്ല. ഒടുവിൽ മർദകർ നിസ്സഹായരും അപമാനിതരുമായി. അവർ സമൂഹത്തിനു മുന്നിൽ കുറ്റഭാരത്താൽ തലതാഴ്ത്തി നിൽക്കുന്നു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ എല്ലാവർക്കും എല്ലാകാലത്തും സംരക്ഷണമൊരുക്കുന്നില്ല. ജനഹിതത്തിന് അനുസൃതമായി വളയുന്നില്ലെങ്കിൽ ഒടിയും. കാറ്റിന്റെ ദിശയനുസരിച്ച് പായ പൊരുത്തപ്പെടുത്തുന്നില്ലെങ്കിൽ യാനം നിർദിഷ്ട പാതയിൽ കരപറ്റില്ല.
വിദ്യാർഥികൾ ഇറങ്ങിയാൽ നെല്ലിപ്പലക കണ്ടേ കയറൂ. പാരിസിലെ സോർബൺ മുതൽ അസം വരെ അത് കണ്ടവരാണ് നമ്മൾ. പ്രക്ഷോഭത്തിലൂടെ വിദ്യാർഥികൾ അധികാരത്തിലെത്തിയതിനും ഉദാഹരണങ്ങൾ നിരവധിയുണ്ട്. ജയപ്രകാശ് മൂവ്മെന്റിന്റെ അടിസ്ഥാനശക്തി വിദ്യാർഥികളായിരുന്നു. അതും നമുക്ക് അത്ര മതിപ്പില്ലാത്ത ബിഹാറിലെയും ഗുജറാത്തിലെയും വിദ്യാർഥികൾ. അര നൂറ്റാണ്ട് ഉത്തർപ്രദേശും ബിഹാറും ആ കുട്ടികളുടെ കൈയിലായി. നവനിർമാൺ സമിതി മുതൽ ജെ.പിയും അണ്ണ ഹസാരെയും വരെ ജനാധിപത്യത്തിലെ പാഠങ്ങളാണ്.
ഹിന്ദിക്കെതിരെയുള്ള യുദ്ധമോ പ്രതിരോധമോ ആകുമ്പോൾ നമ്മൾ പ്രതീക്ഷയോടെ നോക്കുന്നത് തമിഴ്നാട്ടിലെ വിദ്യാർഥികളെയാണ്. ജയപ്രകാശ് നാരായണനെ പിന്തുടർന്ന വിദ്യാർഥികളുടെ ചരിത്രം അറിയാവുന്നവരാണ് ആർ.എസ്.എസ് കാര്യാലയത്തിലുള്ളത്. ഭാരതീയ ജനത പാർട്ടിക്കും അതറിയാം. ജന്തർമന്തറിലെ വിദ്യാർഥികളും ആ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. അതുകൊണ്ടാണ് അവരുടെ സംഘടനക്ക് കോക്രോച്ച് ജനത പാർട്ടി എന്ന പേരുണ്ടായത്. ലാൽ ബഹാദൂർ ശാസ്ത്രിക്കൊപ്പം ജയപ്രകാശ് നാരായണനും ഓർമിക്കപ്പെട്ടു. പാഠങ്ങൾ ഓർക്കേണ്ടതുപോലെ ഓർത്തതുകൊണ്ട് ജന്തർമന്തറിൽ 1989ലെ ടിയാനൻമെൻ പുനരാവിഷ്കൃതമായില്ല. പ്രക്ഷോഭത്തിന്റെ പാതയിൽ വിദ്യാർഥി നേതാവ് മുഖ്യമന്ത്രിയായ കഥയാണ് അസം ഗണപരിഷത്തിനു പറയാനുള്ളത്.
ചീഫ് ജസ്റ്റിസിന്റെ അവിവേക പരാമർശത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിൽ കോടതിയലക്ഷ്യമാകാതെ രൂപംകൊണ്ട പ്രസ്ഥാനമാണ് സി.ജെ.പി. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സുപ്രീംകോടതിയിലിരുന്ന് ചീഫ് ജസ്റ്റിസ് പാറ്റകളെന്നും പരാദങ്ങളെന്നും വിളിച്ചു. അവർ ഇന്ത്യൻ പൗരരാണെന്ന് അറിയാത്തയാളല്ല സൂര്യകാന്ത്. അവർ തൊഴിൽരഹിതരാകുന്നത് അവരുടെ കുറ്റംകൊണ്ടല്ല. ഭരണഘടനയുടെ വാഗ്ദാനമാണ് അന്തസ്സുള്ള ജീവിതം. അതിന് അവരും അവകാശികളാണ്. കറുപ്പണിഞ്ഞ സമ്പന്നരുടെ അശ്ലീലപരിഹാസം ഏറ്റെടുത്തുകൊണ്ട് അവർ സ്വയം പാറ്റകളായി തരംതാഴ്ത്തപ്പെട്ടു. ചുവന്ന പാറ്റകൾക്ക് പൊടുന്നനെ സ്വീകാര്യതയുണ്ടായി. വ്യാജ അഭിഭാഷകരെയാണ് താൻ പാറ്റകളെന്ന് വിളിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. വ്യാജത്തെ നേരിടേണ്ടത് പരിഹാസം കൊണ്ടല്ല. അവർ ക്രിമിനലുകളാണ്. അവരെ അങ്ങനെതന്നെ കൈകാര്യം ചെയ്യണം. കുട്ടികൾ അട്ടിമറിക്കപ്പെട്ട പരീക്ഷയുടെ ഇരകളാണ്. അവസരം നിഷേധിക്കപ്പെട്ടവരാണ്. വഞ്ചിതരാണ്.
ഭൂരിപക്ഷമില്ലാത്ത പാർട്ടിയാണ് ഇന്ന് ഇന്ത്യയിലെ ഭരണകക്ഷി. ആഭ്യന്തരമായ അസ്വാസ്ഥ്യങ്ങളിൽ ആടിയുലയുമ്പോൾ അത് ആന്ദോളനമായി കാണാനാവില്ല. ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം. അറബ് വസന്തത്തിനു മുന്നോടിയായി വിടർന്ന മുല്ലപ്പൂക്കൾ എവിടെയും എപ്പോഴും വിടരാം. തെരുവോരത്ത് ഉപജീവനം നടത്തുന്ന മകന്റെ ആത്മാഹുതിയിൽ മനംനൊന്ത അമ്മയുടെ നിസ്സഹായമായ നിശ്ചലതയാണ് ഏകാധിപതികളെ കടയോടെ പിഴുതെറിഞ്ഞ അറബ് വസന്തത്തിനു കാരണമായത്.

ഇന്റർനെറ്റ് കാലത്തെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ സ്വഭാവവും സാധ്യതകളും തിരിച്ചറിയുന്നതായിരുന്നു പാറ്റകളുടെ രീതി. ഇൻസ്റ്റന്റ് കലാപം ഇൻസ്റ്റഗ്രാം കലാപമായി. മാധ്യമംതന്നെയാണ് സന്ദേശം (The medium is the message) എന്ന് ഇൻറർനെറ്റിന്റെ വ്യാപനത്തിനുമുമ്പേ 1964ൽ മാർഷൽ മക് ലൂഹൻ പറഞ്ഞതിന്റെ ഇൻറർനെറ്റ് കാലത്തെ വ്യാഖ്യാനവും വിശദീകരണവും ഇന്ത്യൻ യുവത 2026ൽ എഴുതിച്ചേർക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പ്രക്ഷോഭത്തെ അവഗണിച്ചു. 1977ലെ ജനത പാർട്ടിക്കെന്നപോലെ 2026ലെ കോക്രോച്ച് ജനത പാർട്ടിക്കും മാധ്യമ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല.
നിഷേധിക്കപ്പെട്ടത് അവർ നിരാകരിച്ചു, അല്ലെങ്കിൽ അവഗണിച്ചു. ജനാധിപത്യത്തിലെ ജനശക്തി മാധ്യമങ്ങളല്ലെന്ന് ഗോദി മാധ്യമങ്ങളെ അവർ ബോധ്യപ്പെടുത്തി. സ്വാതന്ത്ര്യസമരകാലത്തെന്നപോലെ സ്വാതന്ത്ര്യാനന്തര കാലത്തും വിദേശരാഷ്ട്രങ്ങളിലെ അഭിപ്രായരൂപത്കരണമാണ് നമുക്ക് രക്ഷയാകുന്നത്. വിദേശമാധ്യമങ്ങളുടെ ശ്രദ്ധ പതിഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥക്ക് സാധൂകരണമായി തെരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര ഗാന്ധി തയാറായത്. ലോകസമക്ഷം നല്ല പിള്ള ചമയുന്ന മോദിക്ക് ഒരു പക്ഷേ താങ്ങാവുന്നതിന് അപ്പുറമായിരുന്നിരിക്കാം ഐക്യരാഷ്ട്രസഭയിൽനിന്നുണ്ടായ പ്രതികരണം. മുകളിലിരിക്കുന്നവനെപ്പോലെ ലോകമെങ്ങുമുള്ളവർ എല്ലാം കാണുന്നുണ്ട്.
ഒരു പാറ്റയെ അടിച്ചുകൊല്ലാം. കൂട്ടത്തെ ഹിറ്റ് ചെയ്യാം. പാരാവാരംപോലെ പാറ്റകൾ പെരുകുകയും അവ ഹിറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്യുമ്പോൾ കാരണം കണ്ടെത്തണം. ഇപ്പോൾ ജന്തർമന്തർ ശാന്തമാണ്. അതുകൊണ്ട് എല്ലാം നേരെയായി എന്നു കരുതാനാവില്ല. സമാശ്വാസത്തിൽ അവസാനിച്ച കഥ ‘ദൃശ്യം’ സിനിമപോലെയാകരുത്. എപ്പോഴും അടുത്ത ഭാഗത്തിന്റെ സാധ്യതയിലാണ് കഥ അവസാനിക്കുന്നത്. പ്രക്ഷോഭങ്ങളുടെ തുടരാവിഷ്കാരം ജനാധിപത്യമെന്ന മൂലകഥയുടെ രൂപഭദ്രതകക്ക് അനുഗുണമല്ല. ജനാധിപത്യത്തിലെ ജനങ്ങൾ പ്രായഭേദമില്ലാതെ ഏറ്റെടുക്കേണ്ടതായ വിഷയങ്ങൾ ഇനിയും അവശേഷിക്കുന്നു.
