പൂക്കി Gen Z കരങ്ങളാലേ...

പൂക്കി എന്ന ജെൻ സി വാക്ക് ഇപ്പോൾ കേരള രാഷ്ട്രീയത്തിലും സജീവ ചർച്ചാവിഷയമാണ്. എന്താണ് പൂക്കി? മുഖ്യമന്ത്രി ‘പൂക്കി’ ആവുന്നതിലെ രാഷ്ട്രീയം എന്താണ്? കേരളത്തിലെ സമൂഹമാധ്യമ സ്‌ക്രീനുകളിൽ ഇന്ന് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്ന വാക്കാണ് ‘പൂക്കി’ (Pookie). Gen Zയുടെ വൈകാരികഭാഷയിൽ, ‘pookie’ എന്നത് കടുത്ത ആരാധനയുടെ, ലാളനയുടെ, അമിതമായ ദ്രവ്യഭാഷയാണ്. ‘My pookie’, ‘pookie era’, ‘pookie behavior’ -ഇതൊക്കെ ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഒഴുകിനടക്കുന്ന പദാവലികളാണ്. ഇപ്പോൾ ആ വൈകാരിക സൂചകം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന കസേരയിൽ ചെന്നുനിൽക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘The Pookie CM’, ‘നമ്മുടെ pookie CM സൂപ്പർ അല്ലേ’, ‘Appo with Pookie CM’...
Your Subscription Supports Independent Journalism
View Plansപൂക്കി എന്ന ജെൻ സി വാക്ക് ഇപ്പോൾ കേരള രാഷ്ട്രീയത്തിലും സജീവ ചർച്ചാവിഷയമാണ്. എന്താണ് പൂക്കി? മുഖ്യമന്ത്രി ‘പൂക്കി’ ആവുന്നതിലെ രാഷ്ട്രീയം എന്താണ്?
കേരളത്തിലെ സമൂഹമാധ്യമ സ്‌ക്രീനുകളിൽ ഇന്ന് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്ന വാക്കാണ് ‘പൂക്കി’ (Pookie). Gen Zയുടെ വൈകാരികഭാഷയിൽ, ‘pookie’ എന്നത് കടുത്ത ആരാധനയുടെ, ലാളനയുടെ, അമിതമായ ദ്രവ്യഭാഷയാണ്. ‘My pookie’, ‘pookie era’, ‘pookie behavior’ -ഇതൊക്കെ ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഒഴുകിനടക്കുന്ന പദാവലികളാണ്. ഇപ്പോൾ ആ വൈകാരിക സൂചകം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉയർന്ന കസേരയിൽ ചെന്നുനിൽക്കുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ.
‘The Pookie CM’, ‘നമ്മുടെ pookie CM സൂപ്പർ അല്ലേ’, ‘Appo with Pookie CM’ എന്നിങ്ങനെ പോകുന്ന റീൽ സംസ്കാരം ഒരു വൈകാരിക നിക്ഷേപത്തെ സൂചിപ്പിക്കുന്നു. ഇതൊന്നും കേവലം ഒരു വിനോദോപാധിയല്ല. ഇതൊരു സാംസ്‌കാരിക ലക്ഷണമാണ്; പ്രത്യയശാസ്ത്രപരമായ അതിരാണ് എന്ന് കാണേണ്ടതുണ്ട്. ഇതിനുപിന്നിൽ ഒരു പ്രത്യേക മനഃശാസ്ത്ര-രാഷ്ട്രീയ ഘടന പ്രവർത്തിക്കുന്നു.
സാധാരണയായി കണ്ടിട്ടുള്ള പരമ്പരാഗത ഖദർധാരിയായ, രൂക്ഷഭാവമുള്ള ഒരു ഭരണാധികാരിക്കു പകരം, കേരളത്തിന്റെ ഭരണത്തലവനെ Gen Zയുടെ വൈകാരിക നിഘണ്ടുവിൽ ചാരുതയുള്ളവനും സുന്ദരനും ആരാധ്യനുമാക്കുന്ന ഈ സാംസ്‌കാരിക നീക്കത്തിൽ പല രാഷ്ട്രീയ അബോധങ്ങളും ഒളിഞ്ഞിരിപ്പുെണ്ടന്ന് മനസ്സിലാക്കണം. വി.ഡി. സതീശൻ ബോധപൂർവം നിർമിച്ചെടുക്കുന്ന ‘വായനക്കാരനായ മുഖ്യമന്ത്രി’, ബൗദ്ധികമായ തികവുള്ള ഭരണാധികാരി എന്ന പ്രതിച്ഛായയും ഈ ‘പൂക്കി’ തരംഗവുമായി കൃത്യമായി പൊരുത്തപ്പെടുന്നു. ഈ ആരാധക കൂട്ടായ്മ (fandom) രാഷ്ട്രീയ-സാംസ്കാരിക വിനോദത്തിനപ്പുറം ഒരു രാഷ്ട്രീയ കർത്തൃത്വം നിർമിക്കുന്നുണ്ട്.
പൂക്കിയുടെ പ്രത്യയശാസ്ത്ര പരിസരങ്ങൾ
ആഗോളതലത്തിൽതന്നെ Gen Z രാഷ്ട്രീയ സംസ്കാരം ഒരു വലിയ വൈരുധ്യത്തിലാണ് ജീവിക്കുന്നത്. ഒരുവശത്ത്, ഈ തലമുറ രാഷ്ട്രീയമായി അങ്ങേയറ്റം ബോധമുള്ളവരാണ്. കാലാവസ്ഥാ വ്യതിയാനം, ജാതിപീഡനങ്ങൾ, ക്വിയർ അവകാശങ്ങൾ, മുതലാളിത്തത്തിന്റെ ഘടനാപരമായ പരാജയങ്ങൾ എന്നിവയൊക്കെ അവരുടെ ചർച്ചകളിൽ കേന്ദ്രസ്ഥാനത്തുണ്ട്.
മറുവശത്ത്, ഈ രാഷ്ട്രീയബോധം പ്രകടമാകുന്നത് ഒരു പ്രത്യേക സൗന്ദര്യാത്മക രീതിയിലാണ്: വിരോധാഭാസം, മീമുകൾ, അതിശയോക്തിപരമായ സ്നേഹപ്രകടനങ്ങൾ, ‘vibe check’ സംസ്കാരം എന്നിവയിലൂടെ. വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രിയുടെ ‘പൂക്കി’ മീമുകൾ ഉണ്ടാക്കുന്ന Gen Zയുടെ ഒരു വലിയ വിഭാഗം സർക്കാറിന്റെ നയങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവരാണ്. പക്ഷേ, അവരുടെ ആ രാഷ്ട്രീയബോധം പ്രകടമാകുന്ന സൗന്ദര്യാത്മക ഭാഷ ‘പൂക്കി’യാണ്. ഇതൊരു രാഷ്ട്രീയഭാവനയുടെ പ്രതിസന്ധിയുടെ ലക്ഷണമാണ്. അവർക്ക് ഭരണകൂടത്തെ വിലയിരുത്താൻ താൽപര്യമുണ്ട്, പക്ഷേ അതിനെ പ്രകടിപ്പിക്കാൻ യോജിച്ച പരമ്പരാഗത ഭാഷയോ വ്യവസ്ഥാപിത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോ ഇല്ല.
ഒരു ജനക്കൂട്ടം ഒരുമിക്കുന്നത് കേവലം യുക്തിഭദ്രമായ ആശയങ്ങളിലൂടെയോ നയങ്ങളിലൂടെയോ അല്ല, മറിച്ച് തീവ്രമായ വൈകാരിക-ഊർജ ബന്ധങ്ങളിലൂടെയാണെന്ന് ഫ്രോയ്ഡ് നിരീക്ഷിക്കുന്നു (Group Psychology and the Analysis of the Ego). ഗ്രൂപ് അംഗങ്ങൾ തങ്ങളുടെ ആദർശപരമായ അഹംബോധത്തെ നേതാവിൽ നിക്ഷേപിക്കുന്നു. അങ്ങനെ നേതാവ് അവരുടെ സ്നേഹവസ്തുവായി മാറുന്നു (love object); ഈ ആദർശ നിക്ഷേപമാണ് ഗ്രൂപ് ഐക്യത്തിന്റെ യഥാർഥ അടിസ്ഥാനം. ‘പൂക്കി’ എന്ന വാക്കിന്റെ ഫ്രോയ്ഡിയൻ യുക്തി ഇതിലൂടെ വായിച്ചെടുക്കാം. ഫ്രോയ്ഡിന്റെ അഭിപ്രായത്തിൽ നാഗരികത എന്നതുതന്നെ അടിസ്ഥാനപരമായി ഒരു അടിച്ചമർത്തൽ ഘടനയാണ്; ഇവിടെ വ്യക്തികളുടെ ചോദനകളും ആഗ്രഹങ്ങളും ഉദാത്തീകരിക്കപ്പെടുന്നു; ആ ഉദാത്തീകരിക്കപ്പെട്ട ഊർജമാണ് പിന്നീട് സാംസ്‌കാരികവും രാഷ്ട്രീയവുമായ വിശ്വസ്തതയായി മാറുന്നത് (Civilization and Its Discontents).
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ Gen Z ‘പൂക്കി’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ, ആ വാത്സല്യം ഈ ഊർജഘടനയിൽനിന്നാണ് ഉണ്ടാകുന്നത്: വി.ഡി. സതീശൻ എന്ന, ഇംഗ്ലീഷും മലയാളവും നന്നായി സംസാരിക്കുന്ന, എപ്പോഴും പുസ്തകങ്ങളെക്കുറിച്ച് വാചാലനാകുന്ന ഒരു പക്വമതിയായ ഭരണാധികാരി Gen Zയുടെ അതിശയോക്തിപരമായ ഭാഷയിൽ ‘adorable’, ‘cute, ‘slay’ ആയിമാറുമ്പോൾ, അതൊരു അടിച്ചമർത്തപ്പെട്ടതിന്റെ തിരിച്ചുവരവാണ്. മുമ്പ് കണ്ടിട്ടുള്ള കഠിനമായ ഭരണാധികാര മാതൃകകൾ നൽകിയ ട്രോമയിൽനിന്ന് വ്യത്യസ്തമായി, അധികാരത്തിന്റെ ഈ പുതിയ രൂപത്തോട് Gen Z ഒരു ഉഭയഭാവന പുലർത്തുന്നു. ഒരുവിധത്തിലുള്ള താദാത്മ്യം പ്രാപിക്കൽ പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്.
ഫ്രഡറിക് ജെയിംസൺ അഭിപ്രായപ്പെടുന്നപോലുള്ള ഒരു വസ്തുതയുമാകാം ഇത്. ഏതൊരു സാംസ്‌കാരിക രൂപവും അല്ലെങ്കിൽ സാഹിത്യപാഠവും യഥാർഥത്തിൽ ചരിത്രപരമായ വൈരുധ്യങ്ങളെയും സാമൂഹിക സംഘർഷങ്ങളെയും അടക്കിനിർത്താനും പരിഹരിക്കാനുമുള്ള ഒരു പ്രതീകാത്മക പ്രവൃത്തിയാണ് എന്ന് ജെയിംസൺ കരുതുന്നു (The Political Unconscious). Gen Z നിർമിക്കുന്ന ഈ പൂക്കി സി.എം മീമുകൾ വെറും നിഷ്കളങ്കമായ ആസ്വാദനമല്ല, മറിച്ച് നമ്മുടെ സമകാലിക രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു വൈരുധ്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ അബോധത്തിന്റെ പ്രകടനമാണ് എന്ന് കരുതാം. കേരളീയ യുവത നേരിടുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ കടുത്ത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുവാനുള്ള അനുരഞ്ജനതന്ത്രം ആയിക്കൂടെന്നില്ല ഈ അബോധ നിർമിതി.
വ്യവസ്ഥിതിയുടെ ക്രൂരമായ യാഥാർഥ്യങ്ങൾ സ്വീകാര്യമല്ലാതാവുമ്പോൾ വ്യവസ്ഥാപിത അധികാര പ്രതിനിധിയെ ഒരു ‘ക്യൂട്ട് ഒബ്ജക്ട്’ ആക്കി മാറ്റി ഡിജിറ്റൽ സ്പേസിൽ പ്രതീക്ഷയുടെ ഒരു സാങ്കൽപിക പരിഹാരം നിർമിക്കുകയാണ് ഈ രാഷ്ട്രീയ അബോധം ചെയ്യുന്നത് പരിഹാരങ്ങൾ സാധ്യമല്ലാത്ത കാര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു രാഷ്ട്രീയ സേഫ്റ്റി വാൽവ്! ജീവിതം അങ്ങേയറ്റം അസ്ഥിരവും സുരക്ഷിതത്വമില്ലാത്തതുമായി മാറുമ്പോൾ, മനുഷ്യർ തങ്ങളുടെ ഉത്കണ്ഠകളെ മറികടക്കാൻ താൽക്കാലികവും വിരോധാഭാസപരവുമായ ആത്മബന്ധങ്ങൾ തേടുന്നു.
Gen Z ഭരണാധികാരിയുമായി സ്ഥാപിക്കുന്ന ഈ പൂക്കി ബന്ധം യഥാർഥത്തിൽ ഇത്തരമൊരു അസ്ഥിരമായ ആത്മബന്ധമാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. ഇത് യഥാർഥത്തിലുള്ള രാഷ്ട്രീയ പ്രതിബദ്ധതയോ പൗരബോധമോ ആവശ്യപ്പെടുന്നില്ല. വികസനമില്ലായ്മയും സിസ്റ്റത്തിന്റെ തകർച്ചയും തങ്ങൾക്ക് നൽകുന്ന ഭാവിയെക്കുറിച്ചുള്ള ഭീതിയെ മറികടക്കാൻ, ഡിജിറ്റൽ ലോകത്ത് മുഖ്യമന്ത്രിയെ തങ്ങളുടെ സ്വന്തം പൂക്കി ആയി സങ്കൽപിച്ച് അവർ ഒരു താൽക്കാലിക സുരക്ഷിതത്വം അനുഭവിക്കുന്നു.
ഒരുപക്ഷേ, ഇതുകൂടി ഇല്ലെങ്കിൽ രാഷ്ട്രീയത്തിലും സാമൂഹികതയിലും പൂർണമായി വിശ്വാസം നഷ്ടപ്പെട്ട് അരാജകവാഴ്ച ഉടലെടുക്കും എന്ന അവസ്ഥക്ക് Gen Z തീർക്കുന്ന ഒരു അബോധ രാഷ്ട്രീയ പ്രതിരോധത്തിന്റെ സാംസ്കാരിക രൂപവും പാഠവുമാണ് പൂക്കി സി.എം പ്രതിഭാസം. പേക്ഷ, പൊതുമണ്ഡലവും സ്വകാര്യ മണ്ഡലവും തമ്മിലുള്ള അതിരുകൾ ഭേദിക്കപ്പെടുന്ന അവസ്ഥ ഇവിടെ സൃഷ്ടിക്കപ്പെടുന്നു എന്നത് നാം കാണാതിരിക്കരുത്. വ്യക്തികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഇടമാണ് പൊതുമണ്ഡലം.
അവിടെ മനുഷ്യർ പൗരന്മാരായി പ്രത്യക്ഷപ്പെടുന്നു, സംവാദം നടത്തുന്നു, വിമർശനങ്ങൾ നടത്തുന്നു, ഒരു പൊതുലോകം നിർമിക്കുന്നു. എന്നാൽ, സ്വകാര്യമണ്ഡലം വൈകാരികവും ഗാർഹികവും ആത്മനിഷ്ഠവുമായ ഇടമാണ്. ഈ വരമ്പുകൾ ഭേദിക്കപ്പെടുന്ന അബോധ പരിസരങ്ങളിൽ സ്വകാര്യമായ വികാരങ്ങളും താൽപര്യങ്ങളും പൊതുമണ്ഡലത്തിലേക്ക് അണപൊട്ടിയൊഴുകുകയും, വ്യവസ്ഥാപിത-നിയത-രാഷ്ട്രീയ വ്യവഹാരങ്ങൾ തീവ്ര വൈകാരികതയിൽ മുങ്ങിപ്പോവുകയും, വിമർശനാത്മക ചിന്തയുടെ പൊതുമണ്ഡലത്തെ വൈകാരികതയുടെ സ്വകാര്യ മണ്ഡലം കൈയേറുകയും ചെയ്യും.
പൂക്കി സി.എം പ്രതിഭാസത്തിൽ ഇതിന്റെ തീവ്രവത്കരണ സാധ്യത വ്യക്തമാണ്. മുഖ്യമന്ത്രി -ഒരു സംസ്ഥാനത്തിന്റെ പൊതുമണ്ഡലത്തിലെ ഏറ്റവും പ്രധാന കർതൃത്വം പെട്ടെന്ന് ആത്മനിഷ്ഠവും സ്വകാര്യവുമായ ഭാഷയുടെ ഇരയായി മാറുന്നു. ‘‘ഞങ്ങളുടെ പൂക്കി സി.എം’’ എന്ന ഉടമസ്ഥാവകാശമാണ് ഇവിടെ പ്രധാനം. ഒരു പൊതു ഭരണാധികാരിയായ മുഖ്യമന്ത്രി ഒരു വ്യക്തിഗത വൈകാരിക വസ്തുവായി മാറുന്നത് അപകടമാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഭരണനിർവഹണത്തിന്റെയും ഇടം വൈകാരിക ഉപഭോഗത്തിന്റെ ഇടമായി മാറരുത്. അങ്ങനെ സംഭവിച്ചാൽ ഉത്തരവാദിത്തം (accountability), ആലോചനകൾ, വിമർശനം എന്നിവയൊക്കെ പ്രസക്തമല്ലാതായി മാറുന്നു. ഒരു ‘പൂക്കി’ ആരാധകൻ മുഖ്യമന്ത്രിയുടെ ബജറ്റ് നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തില്ല; സതീശൻ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ സാമൂഹിക ആഘാതം പരിശോധിക്കില്ല. ആ സൗന്ദര്യാത്മക അടുപ്പത്തിൽ രാഷ്ട്രീയമായ വിമർശനാത്മക ദൂരം അലിഞ്ഞുപോകുന്നു.
ഹന്നാ ആരെന്റ് നിരീക്ഷിക്കുന്നതുപോലെ രാഷ്ട്രീയം എന്നത് ഒരു വ്യക്തിഗത ബന്ധമല്ല; അതൊരു പൊതുവായ, വ്യക്തിരഹിതമായ ലോകത്തെ നിർമിക്കാനുള്ള കർമപദ്ധതിയാണ് (The Last Interview). ആ പൊതുലോകം ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകളും ഭരണാധികാരികളുടെ ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പൂക്കി സി.എം സംസ്കാരം ഇതിനെ മാറ്റിസ്ഥാപിക്കുകയും പകരം വൈകാരികമായ താദാത്മ്യം കൊണ്ടുവരുകയും ചെയ്യുകയാണോ എന്ന് നാം ചോദിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പെരുമാറ്റത്തിന്റെയും ഭരണകൂട വിലയിരുത്തലുകളുടെയും നിസ്സാരവത്കരണം ഇവിടെ സംഭവിക്കാൻ അനുവദിക്കാത്തവണ്ണം സമൂഹം ജാഗ്രതപാലിക്കണം. ഹന്നാ ആരെന്റ് ചിന്തയില്ലായ്മയെ തിന്മയായി കണക്കാക്കുന്നു. ആലോചിക്കാനുള്ള കഴിവിന്റെ അഭാവം തിന്മയെ നിസ്സാരവത്കരിക്കും (Eichmann in Jerusalem). പൂക്കി സി.എം സംസ്കാരത്തിലും സമാനമായ ഒരു ചിന്തയില്ലായ്മ പലപ്പോഴും ദൃശ്യമാണെന്നു കരുതേണ്ടതുണ്ട്.
ഭരണത്തെക്കുറിച്ച് രാഷ്ട്രീയമായി ചിന്തിക്കാനുള്ള ഒരു വിസമ്മതം ഇവിടെ കാണുന്നു (ഉദാ. കാർ മോഡിഫിക്കേഷൻ എന്ന സ്വകീയ താൽപര്യത്തിൽ അതിന്റെ സാമൂഹിക വിപത്തുകളെക്കുറിച്ചു ചിന്തിക്കാൻ മറന്നുപോകുന്നു പലരും). ഒരു റീൽ ഷെയർ ചെയ്യുന്നത് പലപ്പോഴും ചിന്തക്ക് പകരമാവുകയാണ്. ഇവിടെ അവരുടെ രാഷ്ട്രീയ കർതൃത്വം കാഴ്ചക്കാരുടെ നിഷ്ക്രിയത്വത്തിലേക്ക് ഉദാത്തീകരിക്കപ്പെടുന്നു. ഇതൊരു നവലിബറൽ സാംസ്‌കാരിക യുക്തിയുടെ ഭാഗമാണ്. നവലിബറൽ സംസ്കാരം പൗരന്മാരെ ഉപഭോക്താക്കളാക്കി മാറ്റുന്നു; ഭരണനിർവഹണത്തെ സൗന്ദര്യാത്മക ഉപഭോഗമാക്കി മാറ്റുന്നു. ഇത്തരം പകരംവെക്കലുകൾ വ്യവസ്ഥാപിതവും ആവർത്തിക്കപ്പെടുന്നതുമാകുമ്പോൾ, നമ്മുടെ പൗരബോധം യഥാർഥത്തിൽ തകരുകയാണ് ചെയ്യുന്നത്.
തീർച്ചയായും ഈ അഭിപ്രായങ്ങളിൽ ഒരു സൂക്ഷ്മത ആവശ്യമാണ്. വികാരങ്ങൾ ഭരണരംഗത്തോ പൊതുമണ്ഡലത്തിലോ പ്രസക്തമല്ല എന്ന് പറയുന്നത് പാർശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കും എന്ന വിമർശനം നിലനിൽക്കുമ്പോൾതന്നെ, ചില ആശങ്കകൾ നാം അംഗീകരിക്കേണ്ടതുമുണ്ട്: ഉത്തരവാദിത്തമില്ലാത്ത വൈകാരിക അടുപ്പം രാഷ്ട്രീയ സംസ്കാരത്തിന് അപകടകരമാണ്. ‘പൂക്കി’ എന്നത് ഒരു വികാരമാണ്; എന്നാൽ ജനാധിപത്യപരമായ ചോദ്യംചെയ്യൽ എന്നത് ഒരു പരിശീലനമാണ്. ഒരു മുഖ്യമന്ത്രിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ‘ക്യൂട്ട്‌നെസ്’ നോക്കിയല്ല, മറിച്ച് ഭരണപരമായ സുതാര്യത നോക്കിയാണ്.
അതിനു കുറെക്കൂടി സമയവും ആവശ്യമാണ്. എന്നാൽ, പൂക്കി സംസ്കാരത്തിൽ വികാരം പ്രവൃത്തിയെ പൂർണമായും ഇല്ലാതാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പൂക്കി സി.എം ഫാൻഡം തീർച്ചയായും ഭരണകൂടത്തിന് ഒരു പുതിയ സൗന്ദര്യാത്മകതലം നൽകുന്നു. എന്നാൽ, ഏതൊരു ഭരണകൂടവും പലപ്പോഴും യുവതലമുറയെ തങ്ങളിലേക്ക് ചേർക്കുന്നത് സ്വേച്ഛാധിപത്യപരമായ വഴികളിലൂടെയല്ല, മറിച്ച് വൈകാരികമായ വഴികളിലൂടെയാണ് എന്ന് നാം ഓർക്കണം. പൂക്കി സി.എം എന്നത് അത്തരമൊരു വൈകാരിക കൂട്ടിച്ചേർക്കൽ സംവിധാനമായിത്തീരാൻ അനുവദിക്കാത്തവണ്ണം നാം ജാഗരൂകരായിരിക്കണം.
ഒരു രാഷ്ട്രീയ നേതാവ് ‘adorable’ ആകുന്ന ഓരോ സാംസ്‌കാരിക നിമിഷവും രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ നഷ്ടമായിത്തീരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ സാമൂഹികബാധ്യതയാണ്. ശക്തരായ ഭരണാധികാരികൾ തങ്ങളുടെ പ്രതിച്ഛായയിലൂടെ അധികാരം കേന്ദ്രീകരിച്ചപ്പോൾ, പൂക്കി സി.എം എന്നത് ഇതിന്റെയൊക്കെ വളരെ ശാന്തവും ക്രൂരതയില്ലാത്തതുമായ ഒരു പതിപ്പായിത്തീരരുത്. ഭരണപരമായ വീഴ്ചകൾക്ക് മുകളിൽ സൗന്ദര്യശാസ്ത്രത്തെ പ്രതിഷ്ഠിക്കാതിരിക്കാൻ യുവതലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സൗന്ദര്യാത്മക ആനന്ദത്തിൽ പ്രത്യയശാസ്ത്ര അപഹരണം (ideological hijack) സംഭവിക്കാനുള്ള സാധ്യത വലുതാണ്.
ഒരു മാറ്റത്തെക്കുറിച്ചുള്ള പ്രത്യാശ എന്ന് ഒരുപേക്ഷ വളരെ ശുഭാപ്‌തിവിശ്വാസത്തോടെ ഇതിനെ കാണുകയും ചെയ്യാം. പക്ഷേ, കേരള സംസ്ഥാന രൂപവത്കരണത്തിനുശേഷമുള്ള പല ഭരണകൂടങ്ങളെയും ഈ തലമുറക്ക് പരിചയമില്ല എന്നതിനാൽ, പലവുരു ‘പുതിയ തുടക്കങ്ങൾ’ ഉണ്ടായിട്ടുള്ളതും പരാജയപ്പെടുന്നതും വീണ്ടും ‘പുതിയ തുടക്കങ്ങൾ’ ആവർത്തിക്കപ്പെടുന്നതും കണ്ടിട്ടുള്ള ഒരു മുതിർന്ന തലമുറ വളരെ സംശയത്തോടെ ഇപ്പോഴുള്ള തുടക്കങ്ങളെയും വീക്ഷിക്കുന്നതിൽ തെറ്റ് പറയാനാവില്ല. എന്നാൽ, നിരന്തരം ആവർത്തിക്കുന്ന ഈ ‘പുതു തുടക്കങ്ങളെ’ പരിചയമില്ലാത്ത ഒരു തലമുറ വളരെ വൈകാരികമായി കാണുന്നതിലും ആക്ഷേപം വേണ്ടതില്ല. പുതു തുടക്കങ്ങൾ നിത്യമായി തുടങ്ങിക്കൊണ്ടിരിക്കും എന്നുള്ള യാഥാർഥ്യ ബോധം കൈവിടരുത് എന്നു മാത്രം.
മാറുന്ന പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾ
തീർച്ചയായും പൂക്കി സി.എം എന്നത് ആഗോള പ്രതിഭാസത്തിന്റെ പ്രാദേശിക രൂപമാണ്. പലരാജ്യങ്ങളിലും ഭരണാധികാരികൾക്ക് വ്യത്യസ്തമായ പോപ്-കൾചർ ഇമേജുകളുണ്ട്; രാഷ്ട്രീയക്കാരുടെ ഈ വൈകാരിക വിഗ്രഹവത്കരണം ഒരു ആഗോള പ്രതിഭാസമാണ്. എന്നാൽ, കേരളത്തിൽ ഇതിനൊരു പ്രത്യേക രൂപമുണ്ട്. കേരളം ഉയർന്ന സാക്ഷരതയും രാഷ്ട്രീയബോധവുമുള്ള ഒരു സംസ്ഥാനമാണ്. ഇവിടെ രാഷ്ട്രീയ ചർച്ചകൾ ചായക്കടകളിൽ മുതൽ ഓട്ടോറിക്ഷകളിൽ വരെ നടക്കാറുണ്ട്. ഈ പശ്ചാത്തലത്തിൽ പൂക്കി സി.എം സംസ്കാരത്തിന്റെ കടന്നുവരവ് ഒരു പ്രത്യേക വിരോധാഭാസമാണ്. ഉയർന്ന രാഷ്ട്രീയ സാക്ഷരതയും വിരോധാഭാസപരമായ വൈകാരിക രാഷ്ട്രീയവും ഒരേസമയം നിലനിൽക്കുന്ന ഒരിടമായി ഇന്ന് കേരളം മാറിയിരിക്കുന്നു. ഇതൊരു തലമുറമാറ്റത്തിന്റെ ലക്ഷണംകൂടിയാണ്.
പഴയ തലമുറകൾ കേരളത്തിൽ രാഷ്ട്രീയ സ്വത്വങ്ങളെ വളരെ ഗൗരവത്തോടെയാണ് കൊണ്ടുനടന്നത്. ആ സ്വത്വങ്ങൾ ഒരു പ്രത്യേക രാഷ്ട്രീയ ആഖ്യാനത്തിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ Gen Zയെ സംബന്ധിച്ച് ആ വിവരണങ്ങൾ തകർന്നിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഴിമതികളും പ്രത്യയശാസ്ത്ര തകർച്ചയും അവർ ഒരേസമയം കാണുന്നുണ്ട്. ആ തകർച്ചയിൽ, ഒരു കൃത്യമായ രാഷ്ട്രീയ സ്വത്വം രൂപവത്കരിക്കുക പ്രയാസമാണ്. പൂക്കി സി.എം എന്നത് ആ പ്രയാസത്തിൽനിന്നുള്ള ഒരു രക്ഷാകവാടമാണ്; സർക്കാറിനോട് വലിയ പ്രതിബദ്ധതകളില്ലാതെതന്നെ, എന്നാൽ, മുഖ്യമന്ത്രിയുടെ ‘വൈബിനോട്’ ചേർന്നുനിന്നുകൊണ്ട് വൈകാരികമായ ഒരു ഇടപെടൽ ഇതിലൂടെ സാധ്യമാകുന്നു. ഇവിടെ വികാരങ്ങൾ എന്നത് വ്യക്തികളുടെ ഉള്ളിൽ മാത്രം ജീവിക്കുന്ന ഒന്നല്ല, മറിച്ച് സാമൂഹിക ഇടങ്ങളിലൂടെ സഞ്ചരിക്കുകയും വ്യക്തികളെയും വസ്തുക്കളെയും തമ്മിൽ കൂട്ടിയിണക്കുകയും ചെയ്യുന്ന ഒന്നാണ്.
‘പൂക്കി’ എന്ന വികാരം ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഷെയറുകളിലൂടെയും ഒരു വൈകാരിക ആവാസവ്യവസ്ഥ രൂപവത്കരിക്കുന്നു. ഈ ആവാസവ്യവസ്ഥയിൽ മുഖ്യമന്ത്രി എന്ന പദവി അതിന്റെ ഭരണപരമായ അധികാരത്തിൽനിന്ന് അടർത്തിമാറ്റപ്പെടുകയും വികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കറൻസിയായി മാറുകയും ചെയ്യുന്നു. ഇവിടെ ഭരണാധികാരിയോടുള്ള സ്നേഹവും ആരാധനയും ഉൽപാദിപ്പിക്കപ്പെടുന്നത് കേവലം നയങ്ങളുടെ പേരിലല്ല, മറിച്ച് സോഷ്യൽ മീഡിയ വഴി നിരന്തരം ചംക്രമണം ചെയ്യുന്ന ഈ വൈകാരിക മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വൈകാരിക ആവാസവ്യവസ്ഥ രാഷ്ട്രീയമായ വിയോജിപ്പുകളെയും ചോദ്യംചെയ്യലുകളെയും വളരെ എളുപ്പത്തിൽ റദ്ദ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നത് ഉത്കണ്ഠജനകമാണ്.

നിരന്തര ജാഗ്രത; നിരന്തര പ്രതിപക്ഷം
ഇന്ന് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ പൗരത്വത്തിനുള്ള വിദ്യാഭ്യാസമാണ്; ഭരണകൂടത്തെയും വ്യവസ്ഥിതിയെയും ഒരേസമയം ആഴത്തിൽ വിമർശിക്കാനും അതിനോട് സഹാനുഭൂതി പുലർത്താനും നമ്മുടെ യുവതലമുറക്ക് കെൽപ് നൽകുന്ന വിദ്യാഭ്യാസം. വൈകാരികതയിൽ ഊന്നിയ തരംഗങ്ങൾ സമൂഹത്തിന്റെ വിവേചനബുദ്ധിയെ വൈകാരികമായ ഒരു മരവിപ്പിലേക്ക് നയിക്കാൻ നാം അനുവദിക്കരുത്. സമൂഹം ചില അധികാരരൂപങ്ങളോട് അന്ധമായ ആരാധനയോ അല്ലെങ്കിൽ അപരരോട് അകാരണമായ അറപ്പോ പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. എന്നാൽ, വികാരങ്ങൾക്ക് കൃത്യമായ രാഷ്ട്രീയബുദ്ധിശക്തിയുണ്ടെന്ന മാർത്ത നുസ്ബൗമിന്റെ നിരീക്ഷണവും ഈ ഘട്ടത്തിൽ കുറിക്കുന്നത് ഉചിതമായിരിക്കും (Upheavals of Thought). വികാരങ്ങൾ വെറും ശാരീരിക-മാനസിക പ്രതികരണങ്ങളല്ല, മറിച്ച് വൈജ്ഞാനിക വിധിന്യായങ്ങളാണ്. അവ ധാർമികതക്കും നീതിക്കും അത്യന്താപേക്ഷിതമാണ്.
യുക്തിക്ക് വികാരം ആവശ്യമാണ്. അനുകമ്പ, സഹാനുഭൂതി, അല്ലെങ്കിൽ രോഷം തുടങ്ങിയ വികാരങ്ങളില്ലാതെ, നമുക്ക് മനുഷ്യന്റെ കഷ്ടപ്പാടുകൾ പൂർണമായി മനസ്സിലാക്കാനോ നീതിപൂർവവും രാഷ്ട്രീയവുമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. വികാരങ്ങൾ ഒരുതരം ബുദ്ധിശക്തിയായി പ്രവർത്തിക്കുന്നു, കാരണം അവ നമ്മുടെ ആഴത്തിലുള്ള ആവശ്യങ്ങളെയും ദുർബലതകളെയും പിന്തുടരുന്നു. വികാരങ്ങൾ ഒരു ധാർമികസമൂഹത്തിന് ആവശ്യമായ വഴികാട്ടികളാണ് എന്നാണ് നുസ്ബൗമിന്റെ ചിന്ത. അതുകൊണ്ടു വികാരങ്ങളുടെ പൂർണമായ നിരാസമല്ല ഈ വിശകലനത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. അവയുടെ വിമർശനാത്മക പ്രയോഗമാണ് സാധ്യമാകേണ്ടത് എന്ന ആശയമാണ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. ഒരു നിരന്തര പ്രതിപക്ഷത്തിന്റെ നിതാന്തജാഗ്രതയാണ് അത് സാധ്യമാക്കേണ്ടത്.
പൂക്കി സി.എം പ്രതിഭാസത്തിൽ ഒരു കളിയാട്ടമുണ്ട് (playfulness). Gen Zയുടെ ഈ വൈകാരിക രാഷ്ട്രീയ പ്രയോഗത്തിൽ ഒരു വൈബ് ഉെണ്ടന്നതിൽ തർക്കമില്ല. ഇൻസ്റ്റഗ്രാം റീലുകളിൽ സതീശന്റെ പുഞ്ചിരിയും പുസ്തകവായനയും ‘ക്യൂട്ട്’ ആയി മാറുന്നത് ഒരു പുതിയ ഡിജിറ്റൽ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, ഈ ‘വൈബ് ചെക്കി’ന് അപ്പുറം, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ നയങ്ങളുടെയും ഭരണനിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്തേണ്ട പൗരൻ, വെറുമൊരു ‘ഫാൻ ബോയി’യായി ചുരുങ്ങരുത്. ജനാധിപത്യത്തിന്റെ ഗൗരവം നഷ്ടപ്പെടുത്താതിരിക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. നമ്മുടെ പൂക്കി തൂക്കുമോ എന്നത് വരുംദിവസങ്ങളിലെ കേരളീയ പൊതുമണ്ഡലംതന്നെ തെളിയിക്കേണ്ടതുണ്ട്.
===============
ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് േലഖകൻ
