അധികാര വികേന്ദ്രീകരണം പാളിയത് എവിടെയാണ്?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എന്താണ് താഴെ തട്ടിൽ നടന്നതെന്ന് അന്വേഷിക്കുകയാണ് ലേഖകൻ? എന്താണ് അധികാര വികേന്ദ്രീകരണത്തിന് പറ്റിയത്? തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം എങ്ങനെയാണ് നടന്നത്? അഴിമതി എന്തുകൊണ്ട് തടയാനായില്ല? 1996 ചിങ്ങം ഒന്നിനാണ് അധികാരം താഴെ തട്ടിലേക്ക് കൊടുക്കുന്നതിന്റെ ഭാഗമായുള്ള ജനകീയാസൂത്രണത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത്. പാർലമെന്റിൽ 1993ൽ പാസാക്കിയ 73, 74 ഭരണഘടനാ ഭേദഗതികൾ പ്രകാരം കൂടുതൽ അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ വ്യവസ്ഥചെയ്തിരുന്നു. അതനുസരിച്ച് സംസ്ഥാനത്ത് പഞ്ചായത്ത്-നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്...
Your Subscription Supports Independent Journalism
View Plansതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എന്താണ് താഴെ തട്ടിൽ നടന്നതെന്ന് അന്വേഷിക്കുകയാണ് ലേഖകൻ? എന്താണ് അധികാര വികേന്ദ്രീകരണത്തിന് പറ്റിയത്? തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം എങ്ങനെയാണ് നടന്നത്? അഴിമതി എന്തുകൊണ്ട് തടയാനായില്ല?
1996 ചിങ്ങം ഒന്നിനാണ് അധികാരം താഴെ തട്ടിലേക്ക് കൊടുക്കുന്നതിന്റെ ഭാഗമായുള്ള ജനകീയാസൂത്രണത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത്. പാർലമെന്റിൽ 1993ൽ പാസാക്കിയ 73, 74 ഭരണഘടനാ ഭേദഗതികൾ പ്രകാരം കൂടുതൽ അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാൻ വ്യവസ്ഥചെയ്തിരുന്നു. അതനുസരിച്ച് സംസ്ഥാനത്ത് പഞ്ചായത്ത്-നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് 1995ലാണ് നടത്തിയത്. താഴെ തട്ടിലേക്ക് എങ്ങനെ അധികാരം കൈമാറും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയും തുടക്കത്തിൽ ഇല്ലായിരുന്നു. അതിന് ഒരു മാർഗദർശനം നൽകുന്നതിനാണ് അന്നത്തെ നായനാർ സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം എട്ട് പഞ്ചവത്സര പദ്ധതികൾ പൂർത്തിയാക്കിയിട്ടും വേണ്ടത്ര വികസനം നടപ്പാക്കാൻ കഴിഞ്ഞിെല്ലന്ന വീണ്ടുവിചാരത്തിൽനിന്നാണ് ജനകീയാസൂത്രണ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കായി മാറ്റിവെച്ചു. ഒട്ടേറെ അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു.
വികസന പദ്ധതികൾ വിഭാവനം ചെയ്യാനും അവ നടപ്പാക്കാനുമുള്ള അധികാരവും നൽകി. സമ്പൂർണ ജനാധിപത്യമായിരുന്നു ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം. സാധാരണക്കാർ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ നാട്ടിൽ വികസന പദ്ധതികൾ നടപ്പാക്കുക എന്ന സുന്ദരമായ ആശയമാണ് ഇത് മുന്നോട്ടുവെച്ചത്. അധികാര കേന്ദ്രീകരണം ഒഴിവാക്കി താഴെ തട്ടിലേക്ക് അധികാരം വികേന്ദ്രീകരിക്കുക എന്നതായിരുന്നു ഇതിന്റെ നേട്ടമായി പറഞ്ഞിരുന്നത്. കുഗ്രാമങ്ങളിൽപോലും വികസനത്തിന്റെ വെളിച്ചമെത്തിക്കാൻ കഴിഞ്ഞതും ഒരു വികസന സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതും ജനകീയാസൂത്രണത്തിന്റെ നേട്ടമായി പറയാം. റോഡ്, വീട്, ശുചിത്വം, ശുദ്ധജല വിതരണം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഇതിന് കഴിഞ്ഞു എന്നത് യാഥാർഥ്യമാണ്. ജനകീയാസൂത്രണത്തിന്റെ എല്ലാ ഗുണവശങ്ങളും അംഗീകരിക്കുന്നതോടൊപ്പം അതിന്റെ മറുവശംകൂടി നാം വിലയിരുത്തേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തോടൊപ്പം അഴിമതി വികേന്ദ്രീകരണവും വ്യാപകമായി അരങ്ങേറി. ചില സ്ഥലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപകമായി അഴിമതിക്കാരായി. 28 വർഷം പിന്നിട്ട ജനകീയാസൂത്രണ പ്രസ്ഥാനം താഴെ തട്ടിൽ പാളിച്ചകൾ സംഭവിക്കാൻ കാരണമെന്താണെന്ന് പരിശോധിച്ച അഞ്ചാം സംസ്ഥാന ധനകാര്യ കമീഷൻ ഇങ്ങനെ എഴുതി.
‘‘കാലഹരണപ്പെട്ട പദ്ധതി ആസൂത്രണരേഖ, പദ്ധതി രൂപവത്കരണത്തിൽ കാര്യമായ സംഭാവന നൽകാത്ത വർക്കിങ് ഗ്രൂപ്പുകളും ഗ്രാമസഭകളും വികസന സെമിനാറുകളും, പദ്ധതികളുടെ ബാഹുല്യം, അവ നടപ്പാക്കുന്നതിലെ കാലതാമസം, പദ്ധതി തുക വാർഡ് അടിസ്ഥാനത്തിൽ വീതംവെക്കൽ, ഉപഭോക്‌തൃ കമ്മിറ്റി വഴി പദ്ധതി നടപ്പാക്കൽ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളുടെ മോശമായ നടത്തിപ്പിനും അഴിമതിക്കും ഇടയാക്കി.’’ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രാദേശിക സർക്കാറുകളുടെ മേൽ താങ്ങാൻ കഴിയാത്ത ചുമതലകൾ വന്നുചേർന്നതും പദ്ധതി നടത്തിപ്പ് അവതാളത്തിലാക്കി. സാമൂഹിക പെൻഷൻ, ഗ്രാമീണ തൊഴിൽ പദ്ധതി, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവ ഏൽപിച്ചതുമൂലം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തകർന്നു.
പദ്ധതി നടത്തിപ്പുകൾക്കായി ഇറങ്ങുന്ന ഉത്തരവുകളുടെ വ്യക്തതയില്ലായ്മ പദ്ധതികളുടെ നടത്തിപ്പിനെ കാര്യമായി ബാധിച്ചു. ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ ഉത്തരവുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. രാവിലെ ഇറങ്ങിയ ഉത്തരവുകൾ വൈകുന്നേരം റദ്ദുചെയ്യും. പിറ്റേദിവസം മറ്റൊരു ഉത്തരവ് ഇറങ്ങും. ഇത് താഴെ തട്ടിൽ പദ്ധതിനടത്തിപ്പിൽ ആശയക്കുഴപ്പമുണ്ടാക്കി. ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ അന്നത്തെ തദ്ദേശ സ്വയംഭരണ സെക്രട്ടറി എസ്.എം. വിജയാനന്ദ് ഐ.എ.എസാണ് ആവശ്യമായ ഉത്തരവുകൾ ഇറക്കിക്കൊണ്ടിരുന്നത്. കാലക്രമത്തിൽ ഒരു പ്രവർത്തനരീതി രൂപപ്പെട്ടു.
പദ്ധതി രൂപവത്കരണത്തിന് മേഖലകൾ തിരിച്ച് ഫണ്ട് നിർബന്ധമായും ഇത്ര ശതമാനം ചെലവഴിക്കണം എന്ന കർശന നിർദേശങ്ങൾ വന്നതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പലതിലും സ്വാതന്ത്ര്യമില്ലാതായി. ഉൽപാദന മേഖല (കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും), പശ്ചാത്തല മേഖല, സേവന മേഖല, വനിത, ശിശുക്ഷേമം, പട്ടികജാതി-പട്ടിക വർഗ ഘടകമേഖല തുടങ്ങിയ മേഖലകൾക്ക് സർക്കാർ നിശ്ചയിക്കുന്ന ഫണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നത് തദ്ദേശസ്ഥാപനങ്ങളെ കുഴക്കി. മേഖലകൾ തിരിച്ച് പദ്ധതികൾ രൂപവത്കരിച്ചപ്പോൾ ആവശ്യമില്ലാത്ത, ഒട്ടും ജനങ്ങൾക്ക് ഉപകാരമല്ലാത്ത പദ്ധതികൾ രൂപവത്കരിക്കേണ്ടിവന്നു. പലതും തട്ടിക്കൂട്ട് പദ്ധതികളായി മാറി. നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടു. അഴിമതിക്ക് പഴുതുകളിട്ട് പദ്ധതികൾ ആവിഷ്കരിച്ചു.
ലക്ഷങ്ങളും കോടികളും ചെലവഴിച്ച് തുടങ്ങിയ പല പദ്ധതികളും ഉപയോഗിക്കാൻ പറ്റാതെ നോക്കുകുത്തികളായി. തദ്ദേശ സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പറ്റാത്ത കെട്ടിടങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു. പല ലക്ഷ്യങ്ങൾക്കായാണ് ഇവ നിർമിച്ചതെങ്കിലും അവക്ക് ഒന്നും ഉപയോഗിക്കാൻ പറ്റാത്ത രൂപത്തിലായിരിക്കും അതിന്റെ ഘടനയുണ്ടാവുക. കെട്ടിടങ്ങൾ പലതും പണിത് കഴിയുമ്പോഴാണ് അതിന് വൈദ്യുതിക്ക് ഫണ്ട് വെച്ചില്ലന്ന് ബോധ്യമാവുക. പിന്നീട് പദ്ധതി വെച്ച് മുന്നോട്ടുപോയാൽതന്നെ പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗക്ഷമമല്ലാതാകും.
റോഡുകളും തോടുകളും കൃഷിക്കായി നിർമിച്ച തടയണകളും ചീർപ്പുകളും വി.സി.ബികളും എല്ലാം വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ തകർന്നുകിടക്കുന്നത് നമുക്ക് കാണാൻ പറ്റും. ഓഡിറ്റുകാർ ചില തടസ്സങ്ങൾ എഴുതിവെക്കും. അതിന് മറുപടി കൊടുക്കുന്നതോടെ തടസ്സങ്ങൾ നീക്കിക്കൊടുക്കും. പക്ഷേ, കോടികൾ പാഴായതിൽ ആർക്കും ഒരു പരിഭവവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും വർഷംതോറും വീണ്ടും ഇങ്ങനെയുള്ള പദ്ധതികൾ ആവിഷ്കരിക്കും. പിന്നെയും കോടികൾ പാഴാകും.

ഒരു സോഷ്യൽ ഓഡിറ്റ് ഇവിടെ നടക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ ഇതുവരെ നടന്ന ഫണ്ട് വിനിയോഗം സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയാറായാൽ എല്ലാം പുറത്തുവരും. പക്ഷേ ആരത് ചെയ്യും? ഓരോ മേഖലയിലും വെച്ച ഫണ്ടും അതിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരിശോധിക്കാം.
കാർഷിക മേഖല
നമ്മുടെ സംസ്ഥാന സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷികാഭിവൃദ്ധിക്കുവേണ്ടി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപകൊണ്ട് യഥാർഥത്തിൽ ഇവിടെ കൃഷിയും അനുബന്ധ സംവിധാനങ്ങളും വളർന്നിട്ടുണ്ടോ? ബജറ്റ് വിഹിതത്തിൽ ഏറ്റവും കൂടുതൽ പണം നീക്കിവെക്കുന്നത് കൃഷിയുടെ അഭിവൃദ്ധിക്കാണ്. അടിത്തട്ടുവരെ ഉദ്യോഗസ്ഥരുള്ള കൃഷി വകുപ്പ് വഴിയും തദ്ദേശ സ്വയംഭരണ വകുപ്പ് വഴിയും കൃഷി മന്ത്രിയുടെ കീഴിലുള്ള വിവിധ ബോർഡ്-കോർപറേഷനുകൾ വഴിയും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഫാമുകൾ വഴിയും ആവിഷ്കരിക്കുന്ന വിവിധ കൃഷിപദ്ധതികൾക്ക് എന്താണ് സംഭവിക്കുന്നത്? കോടികൾ വർഷംതോറും ഈ മേഖലയിൽ ഒഴുക്കിയിട്ടും വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾക്ക് വരെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്.
1987ലാണ് കൃഷിവകുപ്പ് രൂപപ്പെട്ടതെങ്കിലും രണ്ടായിരത്തിന് ശേഷമാണ് കൃഷിയുടെ വ്യത്യസ്തതലത്തിലുള്ള അഭിവൃദ്ധിക്ക് വേണ്ടി വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളും ബോർഡുകളും കോർപറേഷനുകളുമടക്കം നൂറുകണക്കിന് സ്ഥാപനങ്ങൾ സംസ്ഥാനത്ത് രൂപവത്കരിച്ചിട്ടുള്ളത്. അതിനുമുമ്പും ഇവിടെ കർഷകർ കൃഷിചെയ്തിരുന്നു. അവർ ഇവിടത്തെ ജനത്തെ തീറ്റിപ്പോറ്റിയിരുന്നു. കേരളത്തിൽ കൃഷിവകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്ടറിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ-സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കാർഷിക സർവകലാശാല പോലെയുള്ള വെള്ളാനകളുമടക്കം ഈ മേഖലയിൽ കോടികൾ ചെലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? കർഷകന് എന്ത് നേട്ടം? ഈ സ്ഥാപനങ്ങളിലുള്ള പതിനായിരക്കണക്കിന് ജീവനക്കാെര പോറ്റാൻ മാത്രം കോടികൾ ചെലവഴിക്കുന്നു.
ഇതെല്ലാം ഉണ്ടായിട്ടും വല്ലതും കഴിക്കണമെങ്കിൽ മറ്റു സംസ്ഥാനക്കാരെ ആശ്രയിക്കുകയേ ശരണമുള്ളൂ. സാധാരണ കർഷകർ ഇപ്പോഴും കൃഷിയിറക്കാൻ സമയാവുമ്പോൾ ആധാരമോ സ്വർണമോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ പലിശക്കാരനിൽനിന്നു കടംവാങ്ങിയും കൃഷിചെയ്ത്, കാട്ടുമൃഗങ്ങളെയും വരൾച്ചയെയും പേമാരിയെയും പ്രതിരോധിച്ച് ബാക്കികിട്ടുന്നത് സ്വർണം, വെള്ളി കടയിൽ ചെമ്പിന്റെ വിലക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാകാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല.
ഒരു സോഷ്യൽ ഓഡിറ്റിനുപോലും വിധേയമാക്കാതെ ഖജനാവിലെ കോടികൾ വീണ്ടും വീണ്ടും ഈ മേഖലയിലേക്ക് യാതൊരു വീണ്ടുവിചാരവുമില്ലാതെ ഒഴുക്കുന്നത് എന്തിനാണ്? ആരെ സംരക്ഷിക്കാനാണ്? ഓരോ ബോർഡിന്റെയും കോർപറേഷന്റെയും ചെയർമാൻമാരായ രാഷ്ടീയക്കാർക്ക് കൊടി വെച്ച കാറിൽ പറന്ന് കോടികൾ ധൂർത്തടിക്കാനോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപവത്കരിക്കുമ്പോൾ മൊത്തം ജനറൽ ഫണ്ടിന്റെ 30 ശതമാനം നിർബന്ധമായും കാർഷിക മേഖലക്ക് വകകൊള്ളിക്കണം. പദ്ധതിക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ഇതിൽ ഒട്ടും കുറവ് വരുത്താൻ അനുവദിക്കുകയില്ല. നൂറുകോടി പദ്ധതി വിഹിതമായി ലഭിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 30 കോടി രൂപ കാർഷിക മേഖലയിൽ നിർബന്ധമായും വകകൊള്ളിക്കണം. 10 കോടി ലഭിക്കുന്ന തദ്ദേശസ്ഥാപനത്തിന് മൂന്നുകോടി രൂപ കൃഷിക്ക് മാറ്റിവെക്കണം. കാർഷികരംഗത്ത് പദ്ധതി വെക്കാൻ സാധ്യത കുറഞ്ഞ പഞ്ചായത്തുകളും നഗരസഭകളും കാർഷിക മേഖലക്ക് വർഷംതോറും ഫണ്ട് വെക്കാൻ പെടാപ്പാട് പെടുന്നത് പലപ്പോഴും കാണാൻ കഴിയും. നഗരകേന്ദ്രീകൃത തദ്ദേശസ്ഥാപനങ്ങൾക്ക് ഇത് വലിയ തലവേദനയാണ്.
അതുകൊണ്ട് ഈ പണം ചെലവഴിക്കുന്നതിനുവേണ്ടി തട്ടിക്കൂട്ട് പദ്ധതികൾ വർഷംതോറും പദ്ധതിരേഖയിൽ ഉൾപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും വെക്കുന്ന ഈ കോടികൾകൊണ്ട് കൃഷിക്ക് ഒരു ഉയർച്ചയും ആ സ്ഥാപനങ്ങളുടെ പരിധിയിൽ ഉണ്ടായിട്ടിെല്ലന്ന് മാത്രമല്ല, കാർഷികരംഗം തകർച്ചയെ നേരിടുകയാണ് ചെയ്തത്. പിന്നെ എന്തിനാണ് വഴിപാടുപോലെ ഈ മേഖലക്ക് നിർബന്ധമായും പണം നീക്കിവെക്കുന്നത്? ആരുടെ താൽപര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്? തങ്ങൾ കാർഷിക മേഖലക്ക് നല്ല ഊന്നൽ നൽകുന്നുണ്ടെന്ന് മേനി നടിക്കാനാണോ?
പദ്ധതി രൂപവത്കരണ ഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഏറ്റവും വലിയ തലവേദന കാർഷിക മേഖലയിലെ പദ്ധതികൾ കണ്ടെത്തുക എന്നതാണ്. കാർഷിക മേഖലയെ തന്നെ തകർക്കുന്ന പല പദ്ധതികളും ഇതിന്റെ കോളത്തിൽ വകകൊള്ളിച്ചത് വിരോധാഭാസമായി നമുക്ക് കാണാൻ സാധിക്കും. ഉദാഹരണത്തിന് നെൽകൃഷി ചെയ്യുന്ന വയലുകൾക്ക് നടുവിലൂടെ ഫാം റോഡുകൾ നിർമിക്കും. നെൽപാടങ്ങളിലേക്ക് വിത്തും വളവും ട്രാക്ടറുമൊക്കെ കൊണ്ടുപോകുന്നതിനും വിളവെടുത്ത നെല്ലും മറ്റും പെട്ടെന്ന് എത്തിക്കുന്നതിനുമാണ് ഫാം റോഡുകൾ പണിയുക. കൃഷിക്ക് നീക്കിവെച്ച 30 ശതമാനം ഫണ്ടിൽനിന്ന് നല്ലൊരു സംഖ്യ ഇതിനായി നീക്കിവെക്കും. പാടത്തിന്റെ നടുവിലൂടെ റോഡ് വരുന്നതോടെ ഭൂ മാഫിയകൾ റോഡിന്റെ ഇരു ഭാഗങ്ങളും മണ്ണിട്ട് നികത്തി വൻ നിർമിതികൾ വൈകാതെ അവിടങ്ങളിൽ ഉയരും. വൻ തുക കൈക്കൂലി നൽകി അതെല്ലാം തരംമാറ്റി എടുക്കും. എത്രയോ പാടശേഖരങ്ങളിലാണ് കൃഷിക്കുവേണ്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണിത ഫാം റോഡുകൾ വന്നതോടെ കൃഷി കുറ്റിയറ്റ് പോയത്!
അതായത് കൃഷിക്ക് നീക്കിവെച്ച ഫണ്ട് കൃഷിയുടെ അന്തകനായി മാറിയതാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. കൃഷിക്ക് ആവശ്യമായ വ്യത്യസ്ത ഉപകരണങ്ങൾ, യന്ത്രങ്ങൾ വാങ്ങുന്നതാണ് മറ്റൊരു തട്ടിപ്പ്. കാർഷിക ആവശ്യങ്ങൾക്കായി പദ്ധതി പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ഉപകരണങ്ങളുടെയും മെഷിനറികളുടെയും യന്ത്രങ്ങളുടെയും ശവപ്പറമ്പുകളാണ് ഇന്ന് പല പഞ്ചായത്ത്, മുനിസിപ്പൽ, കൃഷി ഓഫിസ് പരിസരങ്ങൾ. വാങ്ങിയതിനുശേഷം ഒരിക്കൽപോലും ഉപയോഗിക്കാത്ത യന്ത്രങ്ങൾ! ഇതിന്റെ ഗുണം കിട്ടിയത് യന്ത്രങ്ങൾ ഉൽപാദിപ്പിക്കുന്ന അക്രഡിറ്റഡ് ഏജൻസികൾ എന്ന് പറയുന്ന തട്ടിക്കൂട്ട് കമ്പനികൾക്കാണ്. ഇവർക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിന് വൻതുകയാണ് കൈക്കൂലിയിനത്തിൽ ഒഴുകുന്നത്. സർക്കാറിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് ഈ ഉപകരണങ്ങൾ വാങ്ങിക്കാൻ പദ്ധതികൾ വെപ്പിക്കും. ഇവരിൽനിന്ന് പർച്ചേസ് ചെയ്യുമ്പോൾ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടാവുകയില്ല എന്നതാണ് ഇവരെ ആശ്രയിക്കാൻ പ്രധാന കാരണം. ഇതിനുവേണ്ടി പദ്ധതി തയാറാക്കി നൽകുന്ന ഉദ്യോഗസ്ഥർക്കും താൽപര്യമെടുക്കുന്ന ജനപ്രതിനിധികൾക്കും വൻതുക കമീഷൻ കമ്പനികൾ മുൻകൂറായി നൽകും.
സർക്കാറിന്റെ എത്ര കോടികളാണ് ഈ ഇനത്തിൽ ഓരോ തദ്ദേശസ്ഥാപനങ്ങളും നശിപ്പിച്ചത്. ഇതിൽ ആർക്കും ഒരു പരിഭവവുമില്ല. സർക്കാർ വീണ്ടും വീണ്ടും ഇങ്ങനെയുള്ള കമ്പനികളിൽനിന്ന് കാർഷികയന്ത്രങ്ങൾ വാങ്ങിക്കാൻ വർഷംതോറും ഉത്തരവ് നൽകിക്കൊണ്ടിരിക്കുന്നു! ഓഡിറ്റർമാർ ചിലർ എഴുതിവെക്കും എന്നതൊഴിച്ചാൽ ഇതിന് കാരണക്കാരായവരിൽനിന്ന് ഒരു പൈസപോലും ഈടാക്കാൻ വകുപ്പുകളില്ല എന്നത് ഇവർക്ക് കൂടുതൽ ധൈര്യംനൽകുകയാണ് ചെയ്യുന്നത്. mമറ്റൊന്ന് കാർഷികാവശ്യങ്ങൾക്കെന്ന് പറഞ്ഞ് നടത്തുന്ന നിർമാണങ്ങളാണ്. കൃഷിക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത തോടുകളുടെ സംരക്ഷണഭിത്തി കെട്ടുക, ആവശ്യമില്ലാതെ പാടശേഖരങ്ങളിൽ വി.സി.ബികൾ വ്യാപകമായി നിർമിക്കുക, കാർഷിക വിളകൾ ശേഖരിക്കുന്നതിന് എന്ന പേരിൽ കെട്ടിടങ്ങൾ പണിയുക തുടങ്ങിയ നിർമിതികളിലൂടെയും കോടികളാണ് തദ്ദേശസ്ഥാപനങ്ങൾ കൃഷിയുടെ പേരിൽ വക കൊള്ളിച്ച് ചെലവഴിക്കുന്നത്.
സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കാർഷിക യന്ത്രങ്ങൾ വാങ്ങിയിരുന്നത് കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചല്ല. നേരത്തേ പറഞ്ഞപോലെ ഈ മേഖലക്ക് നീക്കിവെച്ച ഫണ്ട് ചെലവാക്കുക എന്ന മിനിമം ലക്ഷ്യമാണ് എല്ലാവർക്കുമുണ്ടായിരുന്നത്. നമ്മുടെ പദ്ധതി മാർഗരേഖയിൽ അടിസ്ഥാനപരമായ ചില മാറ്റങ്ങൾ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ ഇതുപോലുള്ള കാർഷിക യന്ത്രങ്ങൾ പൂർണ സബ്സിഡിയോടുകൂടി തിരഞ്ഞെടുത്ത സംഘങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. പലതും കടലാസ് സംഘങ്ങളായിരിക്കും. കാർഷിക രംഗത്ത് ഒരു പ്രവർത്തനവും നടത്താത്ത ഈ തട്ടിക്കൂട്ട് സംഘങ്ങളുടെ പേരിൽ ലക്ഷങ്ങൾ വരുന്ന ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നു. എന്നാൽ, ഇത്തരം ഉപകരണങ്ങൾ ആവശ്യമുള്ള യഥാർഥ കർഷകർ ധാരാളമുണ്ട്. അവർക്ക് പകുതി സബ് സിഡിയോടുകൂടി ആവശ്യമായ ഇത്തരം ഉപകരണങ്ങൾ വാങ്ങാൻ ഫണ്ട് കൊടുക്കുകയാണെങ്കിൽ അത് കർഷകന് ഗുണംചെയ്യും.

അവന്റെ സ്വന്തമായതുകൊണ്ട് ആവശ്യമായ റിപ്പയറിങ് വേണ്ട സമയങ്ങളിൽ ചെയ്ത് അത് സംരക്ഷിച്ചുകൊണ്ടിരിക്കും. ഇതാണ് പ്രായോഗികമായി ഇത്തരം ഉപകരണങ്ങൾ ഉപയോഗപ്പെടുത്താനുള്ള വഴി. പക്ഷേ തദ്ദേശസ്ഥാപനങ്ങൾക്ക് വ്യക്തികൾക്ക് ഉപകരണങ്ങൾ വാങ്ങിക്കൊടുക്കുന്നതിന് മാർഗരേഖയിൽ വകുപ്പുകളില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമുള്ള എല്ലാ പഴുതുകളും അടച്ച് സുതാര്യമായി മാർഗരേഖ പുതുക്കുകയാണെങ്കിൽ പദ്ധതിപ്പണത്തിന്റെ പച്ചയായ ദുരുപയോഗം തടയാൻ സാധിക്കും. പക്ഷേ, ആര് അതിന് മുൻകൈയെടുക്കും എന്നതാണ് പ്രശ്നം.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ സംസ്ഥാനത്ത് ധാരാളം ഫാമുകൾ, വിത്തുൽപാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രമോഷൻ പോസ്റ്റാണ് അധികവും ഇവിടെയുള്ളത്. പിന്നെ കുറെ കരാർ തൊഴിലാളികളും. ഇവരെ തീറ്റിപ്പോറ്റാൻതന്നെ നല്ലൊരു സംഖ്യ മാസംതോറും സർക്കാർ ചെലവഴിക്കുന്നു. അതിന്റെ ഭൗതികസാഹചര്യങ്ങൾ നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ വർഷംതോറും നല്ലൊരു സംഖ്യ നീക്കിവെക്കുന്നു. ഇവയിൽനിന്ന് കർഷകർക്ക് എന്ത് പ്രയോജനമെന്ന് ചോദിച്ചാൽ ഒന്നും എടുത്തുപറയാനില്ല. വർഷംതോറും കുറച്ച് ചെടികളും വിത്തുകളും പേരിന് ഉൽപാദിപ്പിക്കും. സംസ്ഥാനത്തെ ഇങ്ങനെയുള്ള മുഴുവൻ ഫാമുകളും അടച്ചുപൂട്ടിയാൽ കർഷകർക്ക് ഒരു നഷ്ടവും ഉണ്ടാവുകയില്ല. ഖജനാവിന് നല്ലൊരു സംഖ്യ ലാഭിക്കാനുമാകും.
പട്ടികജാതി-പട്ടിക വർഗ മേഖല
സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗമാണ് പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾ. ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാകുന്ന സമൂഹം. സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും ഈ ചൂഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇവർക്കുവേണ്ടി ശബ്ദിക്കുന്നവർ കുറവാണ്. എന്നാൽ, ഇവരുടെ ഉന്നമനത്തിനായി സർക്കാർ ഖജനാവിൽനിന്നും കോടികളാണ് വർഷംതോറും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത വകുപ്പുകൾ, കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ് പട്ടികജാതി/ വർഗ വിഭാഗങ്ങൾക്കുവേണ്ടി ഫണ്ടുകൾ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ കൃഷിയുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചപോലെ ഇവർക്കുവേണ്ടി ചെലവഴിച്ച കോടിക്കണക്കിന് രൂപ ഓരോ പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് നേരിട്ട് കൊടുക്കുകയായിരുന്നുവെങ്കിൽ ഈ വിഭാഗം ഇന്ന് സമ്പന്നരായി മാറിയേനെ!
ഇവർക്കുവേണ്ടി പദ്ധതി ആവിഷ്കരിച്ചവരും അവ നിർവഹണം നടത്തിയവരും സമ്പന്നരാവുകയാണ് ചെയ്തത്. ഒരു മന്ത്രിയും വകുപ്പും എല്ലാമുണ്ടെങ്കിലും ഈ മേഖലയിൽ ചെലവഴിക്കുന്ന ഫണ്ടുകൾക്ക് ശക്തമായ മോണിറ്ററിങ്ങും കോഓഡിനേഷനും ഇല്ല എന്നതാണ് വാസ്തവം. ഇവർക്കായി ചെലവഴിക്കുന്ന ഫണ്ടുകളുടെ ദുരുപയോഗം സംബന്ധിച്ച് നിരന്തരമായി പത്രമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടും ഓഡിറ്റ് വിഭാഗങ്ങൾ ഫണ്ട് വെട്ടിപ്പ് നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് അഴിമതി നിർബാധം നടക്കുന്നത്.
നേരത്തേ സൂചിപ്പിച്ചപോലെ വിവിധ ഏജൻസികളാണ് സമൂഹത്തിലെ ഈ അവശവിഭാഗങ്ങൾക്കുവേണ്ടി പദ്ധതി ആവിഷ്കരിക്കുന്നത്. അതിൽ വലിയൊരു വിഹിതം ഇവർക്കായി ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കൃഷി കഴിഞ്ഞാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് ഈ മേഖലയിലാണ്. പദ്ധതി രൂപവത്കരിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 22.5 ശതമാനം ഫണ്ട് നിർബന്ധമായും പട്ടികജാതി/ വർഗ വിഭാഗത്തിന് നീക്കിവെക്കണം. ഈ മേഖലയിൽ വെക്കുന്ന ഫണ്ട് ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാൻ പാടില്ല. 22.5 ശതമാനം എന്നത് തദ്ദേശസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു സംഖ്യയാണ്. 100 കോടി രൂപയുടെ പദ്ധതി അലോട്ട്മെന്റ് ലഭിച്ചാൽ 22.5 കോടി ഇവർക്കുള്ള പദ്ധതിക്കുവേണ്ടി നീക്കിവെക്കണം. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അവർക്കുവേണ്ടി 22.5 ശതമാനം ഫണ്ട് നിർബന്ധമായും ചെലവഴിച്ചിരിക്കണം. ഇവർക്കുവേണ്ടി പദ്ധതി കണ്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദനയാണ്. ഇവർ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് കുറെ തട്ടിക്കൂട്ട് പദ്ധതികൾ ആവിഷ്കരിക്കും.
കോളനികളുടെ ശാക്തീകരണം എന്നുപറഞ്ഞ് സൈഡ് കെട്ടൽ, ടൈൽ പതിക്കൽ തുടങ്ങിയവക്ക് ലക്ഷക്കണക്കിന് രൂപ നീക്കിവെക്കും. എൻജിനീയറിങ് വിഭാഗം ബോഗസ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കും. അത് അംഗീകരിച്ചാൽ അതിന് നീക്കിവെച്ച ഫണ്ടിന്റെ പകുതിപോലും ചെലവഴിക്കാതെ ബിെല്ലഴുതി പണം തട്ടും. കോളനികളോട് അനുബന്ധിച്ച് കമ്യൂണിറ്റി ഹാൾ, വിശ്രമ മന്ദിരം, തൊഴിൽ പരിശീലന കേന്ദ്രം എന്നൊക്കെ പറഞ്ഞ് കെട്ടിടങ്ങൾ പണിയാൻ കോടികൾ നീക്കിവെക്കും. കെട്ടിടം കെട്ടി അതിന്റെ പണംതട്ടുക എന്നതിനപ്പുറം ഇവ ഒരു കോളനിക്കും പ്രയോജനപ്പെട്ടില്ല എന്നത് ഇതുമായി ബന്ധപ്പെട്ട് ഒരു പരിശോധനക്ക് പോയപ്പോൾ ബോധ്യമായ വസ്തുതയാണ്. കെട്ടിടം പണിക്കേ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടാവുകയുള്ളൂ. വൈദ്യുതി കണക്ഷന് ഫണ്ട് വകകൊള്ളിച്ചിട്ടുണ്ടാകില്ല. വിശ്രമകേന്ദ്രമാണെങ്കിൽ അതിലെ ഫർണിച്ചറുകൾക്ക് ഫണ്ട് വെച്ചിട്ടുണ്ടാവുകയില്ല. നോക്കുകുത്തിയായ കെട്ടിടം കാലക്രമത്തിൽ നശിക്കും. ചിലത് സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളായി മാറും. പദ്ധതി പണത്തിന്റെ വ്യക്തമായ ദുരുപയോഗമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.

പട്ടികജാതി/ വർഗ വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലനമാണ് മറ്റൊരു തട്ടിപ്പ്. നല്ലൊരു സംഖ്യ അതിനായി വർഷംതോറും തദ്ദേശസ്ഥാപനങ്ങൾ നീക്കിവെക്കും. പേരിന് ഒരു പരിശീലനം നൽകി ലക്ഷങ്ങൾ അതിൽനിന്ന് വിവിധ ഏജൻസികൾ തട്ടിയെടുക്കും. വീട് നിർമാണമാണ് പിന്നെ പണം നൽകുന്ന ഒരു സ്കീം. ഇതാണ് ഈ വിഭാഗങ്ങൾക്ക് ഏറ്റവും പ്രയോജനമുള്ള പദ്ധതി. ഒരു വീടിന് 4 ലക്ഷം രൂപ മാത്രമാണ് അതിനായി നൽകുക. ഇപ്പോഴത്തെ അവസ്ഥയിൽ 4 ലക്ഷംകൊണ്ട് വീടിന്റെ പകുതി പണിപോലും നടക്കുകയില്ല. ഒരു ഒറ്റമുറി വെയ്റ്റിങ് ഷെഡ് നിർമാണത്തിന് 10 ലക്ഷം ചെലവഴിക്കുന്ന സർക്കാർ, ഇവരുടെ വീട് നിർമാണത്തിനു മാത്രം മതിയായ ഫണ്ട് നൽകുന്നില്ല. അവരുടെ ഫണ്ട് അനാവശ്യമായി മറ്റ് മേഖലകളിൽ ചെലവഴിക്കുന്നത് ഒഴിവാക്കി ഭവനനിർമാണത്തിന് ആ സംഖ്യകൂടി നീക്കിവെച്ച് ഒരു വീടിന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും നൽകിയാൽ അത് ഉപകാരത്തിൽപെടും. അവർ രക്ഷപ്പെടുകയും ചെയ്യും. 4 ലക്ഷം കൊടുത്താൽ ബാക്കി സംഖ്യ പലിശക്ക് കടമെടുത്ത് ഇവർ കുത്തുപാളയെടുക്കും. എത്ര എത്ര അനുഭവങ്ങളാണ് നേരിൽ കാണാനിടയായിട്ടുള്ളത്.
ഈ വിഭാഗത്തിന്റെ പുരോഗതിയാണ് സർക്കാറിന്റെ ഉദ്ദേശ്യമെങ്കിൽ ഇവർക്കായി പ്രത്യേക കോളനികൾ നിർമിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. കോളനിവത്കരണത്തിലൂടെ അവർ ഒറ്റപ്പെടുകയാണ് ചെയ്യുക. സാമൂഹിക ഉച്ചനീചത്വങ്ങൾക്കും കോളനിവത്കരണം ഇടയാകുന്നു. സമൂഹത്തിൽ ഒരു രണ്ടാം കിട പൗരന്മാരാക്കി മാറ്റുന്നതാണ് ഈ സമ്പ്രദായം. അവർക്ക് സമൂഹത്തിൽ മറ്റ് വിഭാഗങ്ങളിൽ ഇടകലർന്ന് ജീവിക്കാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കേണ്ടത്. അവരെ കോളനികളിലാക്കി ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.
വ്യക്തികൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികളാണ് ഇവർക്ക് കൂടുതൽ പ്രയോജനം ചെയ്യുക. അതിന് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തണം. ചില ഉദ്ദേശ്യ സ്ഥാപനങ്ങൾ, ഡിഗ്രി, പി.ജി, എൻജിനീയറിങ് എന്നിവക്ക് പഠിക്കുന്ന പട്ടികജാതി/ വർഗ വിദ്യാർഥികൾക്ക് ലാപ് ടോപ് വാങ്ങി നൽകിയ പദ്ധതി ഏറെ പ്രയോജനപ്പെട്ട ഒന്നാണ്. മറ്റൊന്ന് ശിങ്കാരിമേളം നടത്തുന്ന സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിനായി ജില്ലയിലെ നിരവധി സംഘങ്ങളെ തെരഞ്ഞെടുത്ത് അവർക്ക് ശിങ്കാരിമേളത്തിന് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും വിതരണംചെയ്തത് ഏറെ പ്രയോജനം ലഭിച്ച ഒന്നായിരുന്നു. ഒരു ഉപജീവനമാർഗം ലഭിച്ച സന്തോഷത്തിലായിരുന്നു അവർ. മുച്ചക്ര വാഹന വിതരണം അവർക്കുവേണ്ടി നടപ്പാക്കുന്ന മറ്റൊരു പദ്ധതിയായിരുന്നു. വ്യക്തികൾക്കും സംഘങ്ങൾക്കും ഉപജീവനത്തിനും പഠനത്തിനും പ്രയോജനം ചെയ്യുന്ന പദ്ധതികളാണെങ്കിൽ അവർക്ക് അത് ഫലം ചെയ്യും. നിർമാണ പ്രവർത്തനങ്ങളാണെങ്കിൽ കോൺട്രാക്ടർമാർക്കും എൻജിനീയർമാർക്കും ഫലം കിട്ടും.
വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുകൊണ്ട് ഇവർക്കുവേണ്ടി നടപ്പാക്കുന്ന പല പദ്ധതികളിലും ഇരട്ടിപ്പ് കാണാൻ കഴിയും. ഉദാഹരണത്തിന് ഒരു തദ്ദേശസ്ഥാപനം വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കുവേണ്ടി നടപ്പാക്കിയ ലാപ് ടോപ് വിതരണം പദ്ധതിതന്നെ പട്ടികജാതി വകുപ്പും പട്ടികജാതി വികസന കോർപറേഷനും ഒരേ വർഷംതന്നെ നടപ്പാക്കിയിട്ടുണ്ട്. പലർക്കും ഒന്നിൽ കൂടുതൽ ലാപ്ടോപ്പുകൾ ഒരേ വർഷം ലഭിക്കുകയുണ്ടായി. ഈ ഇരട്ടിപ്പ് പല പദ്ധതികളിലും നമുക്ക് കാണാൻ കഴിയും. ഇരട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥർ ബില്ലുകൾ മാറിയെടുത്ത് ഉപകരണങ്ങൾ വിതരണം ചെയ്യാതെ ലക്ഷങ്ങൾ തട്ടിയെടുക്കും. ഉപഭോക്താക്കൾ ഇത് അറിയുന്നില്ലല്ലോ? ഓഡിറ്റ് ചെയ്യുന്ന ഏജൻസികൾക്ക് ബിൽ ഉണ്ടായാൽ മതിയല്ലോ?
പട്ടിക വർഗ വിഭാഗങ്ങൾക്ക് നടപ്പാക്കുന്ന പദ്ധതികളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ അരങ്ങേറുന്നത്. കാടുകളോടനുബന്ധിച്ച വിദൂര കോളനികളിൽ കഴിയുന്ന വിവിധ ആദിവാസി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടിക വർഗ വകുപ്പും പട്ടികവർഗ കോർപറേഷനും മറ്റ് ധാരാളം എൻ.ജി.ഒകളും വർഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അധികവും കടലാസ് പദ്ധതികളാവും. കോളനികളിൽ വൈദ്യുതി എത്തിക്കാൻ പ്രയാസമായതുകൊണ്ട് സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി വ്യാപകമായി നടപ്പാക്കുന്ന ഒന്നാണ്. കാട്ടാനകളുടെ ഉപദ്രവങ്ങളിൽനിന്ന് ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിച്ച പദ്ധതിയായിരുന്നു സോളാർ ഫെൻസിങ്.
സർക്കാർ ഏജൻസിയായ അനർട്ടിനായിരിക്കും പദ്ധതിയുടെ നിർവഹണ ചുമതല. തദ്ദേശസ്ഥാപനങ്ങൾ പദ്ധതി വെച്ച ഉടനെ ഫണ്ട് അനർട്ടിന് കൈമാറും. പണം കൈമാറുന്നതോടെ പദ്ധതി പണം ചെലവായതായി കണക്കാക്കും. വർഷങ്ങൾ കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോഴാണ് അങ്ങനെ ഒരു പദ്ധതിപോലും നടന്നിട്ടിെല്ലന്ന് മനസ്സിലാവുക. പിന്നെ ഒരു തട്ടിക്കൂട്ട് േപ്രാജക്ട് അനർട്ടിൽ അക്രഡിറ്റ് ചെയ്ത ഏജൻസികൾ വഴി നടപ്പാക്കുന്നു. ഒരു കാട്ടാനയെപ്പോലും തടഞ്ഞിട്ടില്ലാത്ത സോളാർ കമ്പിവേലി പേരിന് സ്ഥാപിച്ച് തദ്ദേശ സ്ഥാപനങ്ങൾ അനർട്ടിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ പരസ്പര ധാരണയോടെ തട്ടിയെടുക്കുന്നു. ഇങ്ങനെ എത്രയെത്ര പദ്ധതികൾ വഴിയാണ് ആദിവാസി ഫണ്ട് തട്ടിപ്പ് അരങ്ങേറുന്നത്!
ആദിവാസി വിഭാഗങ്ങൾക്കുള്ള ഭവന നിർമാണമാണ് ഇതിൽ ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്ന ഒരു മേഖല. കോടികൾ ചെലവഴിച്ച് ഭവനങ്ങൾ പണിതിട്ടും നല്ലരീതിയിൽ താമസിക്കാൻ പറ്റുന്ന ഒരു വീടും അവരുടെ ഊരുകളിൽ കാണാൻ സാധിക്കുകയില്ല. ഓലമേഞ്ഞ കുടിലുകൾക്കിടയിലുള്ള സ്ഥലം കട്ടവിരിച്ചും ടൈലിട്ടും സൗന്ദര്യവത്കരണം നടത്തും. ആ മിനുസമുള്ള ടൈലുകൾ ചവിട്ടിക്കയറുന്ന വീടുകൾ പൊട്ടിപ്പൊളിഞ്ഞ നിലവും നിലംപൊത്താറായ മേൽക്കൂരയും ഉള്ളതായിരിക്കും. ഇങ്ങനെ വൈരുധ്യങ്ങളിലൂടെയാണ് ഇവർക്കുവേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഈ പച്ചയായ കൊള്ളയെ സംബന്ധിച്ച് പത്ര-ദൃശ്യ മാധ്യമങ്ങൾ വ്യക്തമായ രേഖകളോടെ പ്രസിദ്ധീകരിച്ചിട്ടും സർക്കാറിനോ വകുപ്പുകൾക്കോ ഒരു കുലുക്കവുമില്ല. പേരിന് ചിലത് അന്വേഷിക്കും. വീണ്ടും ഇതുപോലുള്ള പദ്ധതികൾ ഒരു ഉളുപ്പുമില്ലാതെ ആവർത്തിക്കും. ചോദ്യം ചെയ്യാനും പറയാനും ഈ പാവങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഇത്രയും ധൈര്യമായി ഈ തട്ടിപ്പുകൾ നിർബാധം നടത്താൻ ഉദ്യോഗസ്ഥ-കരാർ ലോബികൾക്കാവുന്നത്. ഇവർക്കായി വർഷംതോറും ഒഴുക്കുന്ന കോടികൾ ആദിവാസികൾക്ക് നേരിട്ട് നൽകിയിരുന്നുവെങ്കിൽ അവർ ഇപ്പോൾ ലക്ഷപ്രഭുക്കളായി മാറിയേനെ.
നമ്മുടെ പൊതുഫണ്ടിൽനിന്ന് വർഷങ്ങളായി ഫണ്ട് ചോരുന്നതിൽ ആർക്കും ഒരു പരിഭവവും കാണുന്നില്ല. നാം കടമെടുക്കുന്ന ഫണ്ടിൽനിന്നാണ് ഈ കൊള്ളകൾ നടക്കുന്നത്. ഇത് ബോധ്യപ്പെട്ടാലും തടയാൻ ശ്രമിക്കുന്നിെല്ലന്ന് മാത്രമല്ല, വീണ്ടും വീണ്ടും ഫണ്ടുകൾ ഒഴുക്കുകയാണ്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ വിവിധ വകുപ്പുകളും ഏജൻസികളും നാളിതുവരെയായി ചെലവഴിച്ച സംഖ്യകളും അവ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികളും അവയുടെ പ്രയോജനങ്ങളും വിശദമായ ഒരു പഠനത്തിന് വിധേയമാക്കി ഒരു ധവളപത്രം ഇറക്കാൻ അധികാരികൾ തയാറായാൽ അറിയാം, ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ. ഈ കൊള്ളയിലെ പങ്കുവെപ്പുകാരാണ് മുകൾതട്ട് മുതൽ താഴെ തട്ട് വരെയുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കമുള്ള എല്ലാവരും.
നിർമാണ മേഖല
തദ്ദേശസ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണ് എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിക്കുന്ന നിർമാണ മേഖല. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വി.സി.ബികൾ, തടയണകൾ തുടങ്ങി എല്ലാ നിർമാണ പ്രവർത്തനങ്ങളിലും വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എൻജിനീയറിങ് വൈദഗ്ധ്യം വേണ്ട ഈ മേഖലയിലെ വർക്കുകളുടെ സാങ്കേതിക പ്രയോഗങ്ങളും നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഉപയോഗവും ഒന്നും സാധാരണക്കാർക്കോ മറ്റ് ഓഫിസർമാർക്കോ കണ്ടെത്താൻ കഴിയാത്ത സങ്കീർണതയുള്ളതാണ്. ഓരോന്നും ഏത് അനുപാതത്തിലാണ് ചേർക്കേണ്ടത്, എങ്ങനെ, എത്ര അളവിൽ, എപ്പോൾ ചേർക്കണം എന്നൊക്കെ എൻജിനീയറിങ് വൈദഗ്ധ്യം ഉള്ളവർക്ക് മാത്രമേ വ്യക്തമായി മനസ്സിലാക്കാൻ പറ്റൂ. ഈ അവസ്ഥയെ നല്ലവണ്ണം ചൂഷണംചെയ്ത് പൈസ ഉണ്ടാക്കുന്നവരാണ് അധികം എൻജിനീയർമാരും കരാറുകാരും.
പണിത് കുറച്ചുകാലം കഴിയുമ്പോഴേക്ക് തകർന്നു പോകുന്ന റോഡുകളും പാലങ്ങളും ബിൽഡിങ്ങുകളും ഒക്കെ എപ്പോഴും നമുക്ക് കാണാൻ കഴിയുന്ന യാഥാർഥ്യങ്ങളാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് നിർമിച്ചതാണെങ്കിലും തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ ഉദ്യോഗസ്ഥരിൽനിന്നോ കരാറുകാരിൽനിന്നോ ഒരു പൈസപോലും തിരിച്ചടപ്പിച്ചതായി കാണാൻ കഴിയില്ല. അപൂർവങ്ങളിൽ അപൂർവമായി ഒന്നോ രണ്ടോ കേസുകൾ മാത്രം ഉണ്ടാകാനിടയുണ്ട് എന്നതൊഴിച്ചാൽ ഭൂരിഭാഗവും ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ അഴിമതിചെയ്യാൻ ഈ വിഭാഗത്തിന് ഒരു മടിയുമില്ല. പിന്നെ ഭരിക്കുന്നവരും പ്രതിപക്ഷവുമെല്ലാം ഈ കരാറുകാരിൽനിന്നും എൻജിനീയർമാരിൽനിന്നും നല്ലൊരു സംഖ്യ കൈപ്പറ്റുന്നവരായതുകൊണ്ട് ഇവർക്ക് സംരക്ഷണം ഒരുക്കുന്നതിൽ എല്ലാ വിഭാഗവും ഒന്നിക്കുന്നു.
ഈയിടെ കേരളത്തിലുണ്ടായ പാലാരിവട്ടം അടക്കമുള്ള പാലങ്ങളും സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും തകർന്നത് വാർത്തയായിരുന്നു. ഇറിഗേഷൻ, വൈദ്യുതി പദ്ധതികൾ, കനാലുകൾ തുടങ്ങിയ വൻ പ്രോജക്ടുകൾ വരെ നിർമാണം കഴിഞ്ഞ് ലക്ഷ്യം കാണാതെ പോയത് നിരവധിയാണ്. നിരവധി വൻകിട ജലവൈദ്യുതി പദ്ധതികളിൽ നടന്ന കോടികളുടെ അഴിമതി വർഷങ്ങളോളം കോടതികളിൽ വിചാരണക്ക് വന്നു എന്നതല്ലാതെ ആരും അതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടില്ല. വി.എസ്. അച്യുതാനന്ദൻ നിരന്തരം ആർ. ബാലകൃഷ്ണപിള്ളക്കെതിരെ കേസുമായി പോയതുകാരണം അൽപ ദിവസത്തേക്ക് അദ്ദേഹത്തെ ജയിലിലിടാൻ സാധിച്ചു. ഖജനാവിന് നഷ്ടപ്പെട്ട കോടികൾ ആരും തിരിച്ചടച്ചില്ല.

ഒന്നാം പിണറായി സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ എൻജിനീയർമാരുടെയും കരാറുകാരുടെയും അഴിമതിക്ക് എതിരെ ശക്തമായി പ്രതികരിച്ചിരുന്ന അപൂർവം മന്ത്രിമാരിൽ ഒരാളായിരുന്നു. ആ ഒറ്റയാൾ പോരാട്ടമൊന്നും പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്ക് ശമനം ഉണ്ടാക്കിയില്ല. പലരെയും സസ്പെൻഡ് ചെയ്ത് നോക്കി. സസ്പെൻഷൻ കാലാവധിയിൽ ശമ്പളം വാങ്ങി അവർ വിലസി. വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ച് പൂർവാധികം ശക്തിയോടെ അഴിമതി നടത്തിക്കൊണ്ടിരുന്നു. രണ്ടാം പിണറായി സർക്കാറിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദ് റിയാസ് നല്ല രീതിയിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്.
കുറെ ഒച്ചപ്പാടുണ്ടാക്കാൻ കഴിയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി വകുപ്പിനെ അഴിമതിയിൽനിന്ന് മോചിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിയാസ് ചുമതല ഏറ്റെടുത്തതിനുശേഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന ചില പാലങ്ങളും സ്കൂൾ കെട്ടിടങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങളും തകർന്നുവീണത്. സംസ്ഥാനത്തെ മിക്ക നിർമാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന വൻകിട കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയാണ് ഇവയിൽ ചിലതിന്റെ കരാർ ഏറ്റെടുത്തിരുന്നത്. എസ്റ്റിമേറ്റ് പ്രിപ്പറേഷനിലും അവ അംഗീകരിക്കുന്നതിലും അതിന്റെ നടത്തിപ്പിലും കാലഹരണപ്പെട്ട പൊതുമരാമത്ത് ചട്ടങ്ങൾ പരിഷ്കരിക്കാതെ ഈ രംഗത്തുള്ള വീഴ്ചകൾ പൂർണമായും പരിഹരിക്കാൻ സാധിക്കില്ല.
പൊതുമരാമത്ത് വർക്കുകൾ ഓഡിറ്റ് ചെയ്യുന്ന വിഭാഗത്തിന് സാങ്കേതികമായ പരിജ്ഞാനം ഇല്ലാത്തത് ഇതിലെ കള്ളത്തരങ്ങൾ കണ്ടെത്താൻ കഴിയാതെ പോകാൻ ഇടയാക്കുന്നു. സംസ്ഥാന ഓഡിറ്റ് വിഭാഗവും പെർഫോമൻസ് ഓഡിറ്റ് വിഭാഗവും എ.ജി ഓഫിസുമാണ് തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റുകൾ നടത്തിയിരുന്നത്. ഈ ഓഡിറ്റിന് വരുന്നത് ക്ലറിക്കൽ ജീവനക്കാരാണ്. അവർക്ക് എൻജിനീയറിങ് മെത്തേഡ് ഒന്നും അറിയില്ല. ചില മണിക്കൂറുകൾ കിട്ടിയ പരിശീലനങ്ങൾ മാത്രമാണ് ഓഡിറ്റർമാർക്കുണ്ടാവുക. പഞ്ചായത്തുകളിലും ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതിയുടെ 70 ശതമാനം വർക്കുകൾ നിർമാണ മേഖലയിലുള്ളതായിരിക്കും.
തദ്ദേശ വകുപ്പുകളുടെ എസ്റ്റിമേറ്റുകൾ തയാറാക്കുമ്പോൾ അഴിമതിക്കുള്ള പല പഴുതുകളും ഉൾപ്പെടുത്തും. അത് കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യാത്ത പണിക്ക് പണം എഴുതിയെടുക്കുന്നതിന് അവസരമാക്കും. ഉദാഹരണത്തിന് ഒരു റോഡ് പണിക്ക് എസ്റ്റിമേറ്റ് എടുക്കുമ്പോൾ ആ റോഡിൽ ഇത്ര മീറ്റർ ഹാർഡ് സോയിലാണെന്ന് പറഞ്ഞ് അത് നീക്കംചെയ്യാൻ വലിയൊരു സംഖ്യ എസ്റ്റിമേറ്റിൽ വകകൊള്ളിക്കും. അവിടെ ഹാർഡ് സോയിലൊന്നും ഉണ്ടാവുകയില്ല. നിർമാണം കഴിഞ്ഞ് ബിൽ എഴുതുമ്പോൾ ഹാർഡ് സോയിൽ നീക്കിയ വകയിൽ വലിയൊരു തുക എഴുതി എടുക്കും. കാരണം, നിർമാണം കഴിഞ്ഞാൽ ഈ റോഡിന്റെ അടിയിൽ ഹാർഡ് സോയിലായിരുന്നോ എന്നൊന്നും പരിശോധിക്കാൻ ഒരു സംവിധാനമില്ല. ഇതുപോലെ ആ റോഡിന് ഒരാവശ്യവുമില്ലാത്ത സൈഡ് പ്രൊട്ടക്ഷൻ, ബേം ഫില്ലിങ് തുടങ്ങി കരാറുകാരന് ലാഭം ഉണ്ടാകുന്ന ഒരുപാട് അനുബന്ധ ഇനങ്ങൾ എസ്റ്റിമേറ്റിൽ എഴുതിേച്ചർക്കും. ബിൽ എഴുതുമ്പോൾ ചെയ്യാത്ത ഈ വർക്കുകൾക്ക് എല്ലാം ബില്ല് എഴുതി കരാറുകാരനും ഉദ്യോഗസ്ഥരും പരസ്പരം പങ്കുവെച്ച് എടുക്കുന്നു. ഉദ്യോഗസ്ഥരിൽ എല്ലാവരും ഇങ്ങനെയാണെന്ന് പറയുന്നില്ല. ഭൂരിഭാഗവും ഇങ്ങനെയുള്ളവരാണ്. ഇപ്പോൾ സർവിസിൽ കയറിയ യുവാക്കളിൽ പലരും അഴിമതി ഇല്ലാത്തവരാണ്. എന്നാൽ അവർ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിൽ അനാവശ്യ തടസ്സങ്ങൾ ഉന്നയിച്ച് നിർമാണപ്രവർത്തനങ്ങൾ അകാരണമായി വൈകിപ്പിക്കും. എല്ലാം നിയമത്തിന്റെ ചട്ടക്കൂട്ടിലേ ഇവർ കാര്യങ്ങൾ നീക്കുകയുള്ളൂ. എന്നാൽ, കൈക്കൂലി വാങ്ങുന്നവർ കാര്യങ്ങൾ വേഗം ചെയ്തുകൊടുക്കും.
അഴിമതിരഹിതരായ ഉദ്യോഗസ്ഥർ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തുകൊടുക്കുന്നതിനുള്ള നടപടികൾകൂടി എടുക്കുകയാണെങ്കിൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടും. ഇത് സമയത്തിന് ചെയ്തു കൊടുക്കുകയുമില്ല, കൈക്കൂലി വാങ്ങുകയുമില്ല. ഈ ഘട്ടത്തിലാണ് പൈസ വാങ്ങിയാലും വേണ്ടില്ല കാര്യങ്ങൾ ഒന്ന് വേഗത്തിൽ ചെയ്തുകിട്ടിയാൽ മതിയായിരുന്നുവെന്ന് ജനങ്ങൾക്ക് തോന്നുക. പി.ടി.എ കമ്മിറ്റിയും ഹെഡ് മാസ്റ്റർമാരും ചെയ്യുന്ന വർക്കുകൾക്ക് ബിൽ കൊടുക്കാനും അത് യഥാസമയം മാറ്റിക്കൊടുക്കാനും അനാവശ്യ കാലതാമസം വരുത്തുന്നത് ജില്ല പഞ്ചായത്തടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ സ്ഥിരം സ്വഭാവമാണ്. അവർക്ക് അതിൽനിന്ന് ഒന്നും കിട്ടാൻ വകയില്ലാത്തതുകൊണ്ട് അന്യായമായ കാലതാമസമാണ് ഉണ്ടാക്കുന്നത്. പല ഹെഡ് മാസ്റ്റർമാരും പ്രിൻസിപ്പൽമാരും റിട്ടയർ ചെയ്ത് പോയാലും അവരുടെ ബിൽ പാസാക്കി ലഭിക്കാത്തതുകൊണ്ട് പെൻഷൻ വരെ തടഞ്ഞുവെക്കുന്ന അനുഭവം വരെ ചിലർക്കുണ്ടായിട്ടുണ്ട്. അവർ സമർപ്പിക്കുന്ന ബില്ലുകളിൽ അതി സൂക്ഷ്മ പരിശോധന നടത്തി ചെയ്ത പല ഇനങ്ങളും വെട്ടി ഒഴിവാക്കിയതിനുശേഷം പാസാക്കി നൽകുമ്പോൾ ചെലവായ സംഖ്യപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ടെന്ന് പലരും പരാതിപ്പെടാറുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുകിട്ടിയ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം ഈ കാലതാമസം അനുഭവിക്കുന്നുണ്ട്.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ബിൽഡിങ് പെർമിറ്റ് നൽകുക, കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുക, നമ്പർ അനുവദിക്കുക തുടങ്ങിയവയെല്ലാം എൻജിനീയറിങ് വിങ്ങിന്റെ ചുമതലയിലാണ്. സാധാരണ ജനങ്ങളാണ് ഇതിനായി ഓഫിസുകൾ കയറിയിറങ്ങുക. പല പ്രാവശ്യം ഓഫിസുകളിൽ കയറിയിറങ്ങിയാൽ മാത്രം പോരാ രേഖ കൈയിൽ കിട്ടണമെങ്കിൽ നല്ലൊരു സംഖ്യ കൈക്കൂലി കൊടുക്കുകയും വേണം. പല സ്ഥലങ്ങളിലും കൈക്കൂലി കൊടുക്കാതെ ആ ഫയലുകളൊന്നും അനങ്ങുകയില്ല. ചില കോർപറേഷനുകളിലൊക്കെ വൻ തുകയാണ് കൈക്കൂലിയായി കൊടുക്കേണ്ടിവരുന്നത്. കൈക്കൂലി വാങ്ങാത്തവർ ഓരോ തടസ്സവാദങ്ങൾ ഉയർത്തി ഫയലുകൾ അന്യായമായി താമസിപ്പിക്കും.

ഇവരെക്കുറിച്ചാണ് പഞ്ചായത്ത് വകുപ്പിലെ ആർത്തിപ്പണ്ടാരങ്ങൾ എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്. കൈക്കൂലി വാങ്ങുന്ന ഈ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഭരണാനുകൂല സർവിസ് സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തങ്ങളുടെ സംഘടനയിൽ അംഗമാക്കുകയില്ല എന്ന് സംഘടനകൾ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ ഈ അഴിമതി. അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥരെ തങ്ങൾ സംരക്ഷിക്കുകയില്ല എന്ന ശക്തമായ തീരുമാനം ഓരോ സർവിസ് സംഘടനയും എടുത്താൽ മതി. പക്ഷേ, അതിന് സംഘടനകൾ തയാറാവുകയില്ല. കാരണം അവരുടെ സാമ്പത്തിക സ്രോതസ്സ് ഈ അഴിമതി വീരന്മാരാണ്. ഏറ്റവും വലിയ സംഭാവന വാങ്ങുന്നതും ഇവരിൽനിന്നായിരിക്കും. ഈ തരത്തിലുള്ള സർവിസ് സംഘടനകൾ ഉണ്ടാവുന്നിടത്തോളം കാലം ആർത്തി പണ്ടാരങ്ങൾ വർധിക്കുകയേ ഉള്ളൂ. ഇങ്ങനെ ഓരോ മേഖലയും പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയാണ് തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗം വഴി പാഴായിപ്പോയിട്ടുള്ളത്. വ്യക്തമായ ഒരു അന്വേഷണം നടത്താൻ സർക്കാർ സന്നദ്ധമായാൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തു വരും. പക്ഷേ, അതിൽ ഭൂരിഭാഗം തങ്ങളിൽപെട്ടവരായതുകൊണ്ട് സർക്കാറുകൾ അതിന് മുതിരുമെന്ന് തോന്നുന്നില്ല.
==================
(റിട്ട. ഗവ. അഡീഷനൽ സെക്രട്ടറിയാണ് ലേഖകൻ)
