ബഗ്ദാദിൽ തകർന്ന പ്രതിമ

മലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു. ചരിത്രം അടയാളപ്പെടുത്തിയ 2003 ഏപ്രിൽ 9ന്റെ പ്രാധാന്യം അത് ഒരു പ്രതിമ തകർക്കപ്പെട്ടതിന്റെ ദിനം എന്ന നിലക്കാണ്. ഒരുപക്ഷേ, അത്തരത്തിലൊരു രേഖപ്പെടുത്തൽ ചരിത്രത്തിൽ അപൂർവമായിരിക്കും. കരുത്തനായിരുന്ന ഒരു പ്രജാപതിയുടെ ഭരണാന്ത്യം കുറിച്ചതിന്റെയും തുടർന്ന് ജീവിതാന്ത്യം നിശ്ചയിച്ചതിന്റെയും അടയാളമായിരുന്നു അത്. അന്ന് ബഗ്ദാദിൽ ഒരേസമയം രണ്ടു കാഴ്ചകളുണ്ടായി. ഒന്ന് ലോകത്തോടൊപ്പം യൂസഫ്...
Your Subscription Supports Independent Journalism
View Plansമലയാളത്തിന്റെ ശ്രദ്ധേയ കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി. ശ്രീകുമാർ തന്റെ കഥകളിലേക്ക് പിൻനടക്കുകയാണ്. കഥ വന്ന വഴികൾ, കഥാപാത്രങ്ങൾ ഉരുവമെടുത്ത സാഹചര്യങ്ങൾ, പിന്നീടുള്ള കഥാമനുഷ്യരുടെ ജീവിതം എന്നിവ എഴുതുന്നു.
ചരിത്രം അടയാളപ്പെടുത്തിയ 2003 ഏപ്രിൽ 9ന്റെ പ്രാധാന്യം അത് ഒരു പ്രതിമ തകർക്കപ്പെട്ടതിന്റെ ദിനം എന്ന നിലക്കാണ്. ഒരുപക്ഷേ, അത്തരത്തിലൊരു രേഖപ്പെടുത്തൽ ചരിത്രത്തിൽ അപൂർവമായിരിക്കും. കരുത്തനായിരുന്ന ഒരു പ്രജാപതിയുടെ ഭരണാന്ത്യം കുറിച്ചതിന്റെയും തുടർന്ന് ജീവിതാന്ത്യം നിശ്ചയിച്ചതിന്റെയും അടയാളമായിരുന്നു അത്. അന്ന് ബഗ്ദാദിൽ ഒരേസമയം രണ്ടു കാഴ്ചകളുണ്ടായി. ഒന്ന് ലോകത്തോടൊപ്പം യൂസഫ് അലി കണ്ടതും മറ്റേത് ഏറെ പ്രചരിക്കാതെ പോയതുമായിരുന്നു.
ബഗ്ദാദിലെ ഫിർദോസ് സ്ക്വയറിൽ സദ്ദാം ഹുസൈന്റെ ശിലാപ്രതിമക്കു ചുറ്റും ആൾക്കൂട്ടം വലയം തീർത്തിരുന്നു അന്ന്. ആകാശത്ത് മാധ്യമപ്പടയുടെ ബഹുവർണ ഹെലികോപ്ടറുകൾ നിരന്നിരുന്നു. കഴുത്തിൽ വീണ കയർക്കുരുക്കിൽ പ്രതിമ വലിഞ്ഞു മുറുകിയപ്പോൾ ചെരിപ്പേറുണ്ടായി. സൈനികരുടെ കരഘോഷവും. അപ്പോൾ ആദ്യ വെടിപൊട്ടി. ആഘാതമേശാതെ പ്രതിരോധിച്ചു നിന്ന പ്രതിമക്കുനേരെ വാശിയിൽ തുടർച്ചയായ വെടിവെപ്പുണ്ടായി. ഭേദ്യത്തിൽ ചരിഞ്ഞു പോയെങ്കിലും വീഴാതെ പിടിച്ചുനിന്നു സദ്ദാം. ആ കൂസലില്ലായ്മ പട്ടാളക്കാരിൽ അമ്പരപ്പുണ്ടാക്കി. അവിടെ നടന്നത് അസാധാരണമായ ഒരു യുദ്ധമായിരുന്നു. ഒരു പ്രതിമയും യു.എസ് പട്ടാളവും തമ്മിലുള്ള മഹായുദ്ധം. കേവലമൊരു ശിലാരൂപത്തെ ഉന്മൂലനം ചെയ്യാൻ പടക്കോപ്പു ശേഷിയുമായെത്തിയ സൈന്യത്തിന്റെ പ്രകടനം.
അതേ നേരത്ത് ബഗ്ദാദ് നഗരത്തിന്റെ മറ്റൊരു കോണിൽ ഒരു കേണലിന്റെ നേതൃത്വത്തിൽ റോന്തുചുറ്റിക്കൊണ്ടിരുന്ന യു.എസ് സേനയെ, മനുഷ്യബോംബുകളായ തീവ്രവാദികൾ ആക്രമിച്ചു. ചിതറിപ്പോയ ബറ്റാലിയനിൽനിന്നും ഒറ്റപ്പെട്ടു പോയ കേണലിനെ ഒളിവിടത്തിൽനിന്നും പിടികൂടി അക്രമകാരികൾ ക്രൂരമായി പീഡിപ്പിച്ചു. ഓടുന്ന കാറിന്റെ പിന്നിൽ കെട്ടിവലിച്ചു. പിന്നെ വെട്ടിനുറുക്കി ബഗ്ദാദ് തെരുവിലെറിഞ്ഞു. ആകാശത്തുനിന്ന് മാധ്യമപ്രവർത്തകർ ആ കാഴ്ച കാമറയിലാക്കി.
രണ്ടാമത്തെ സംഭവം എന്റെ അറിവിന്റെ പരിധിക്കുള്ളിൽ വരുന്ന ഒന്നായിരുന്നില്ല. ബഗ്ദാദ് യുദ്ധരംഗത്തെ നേരറിവുകളും സാങ്കേതിക, രഹസ്യ വിനിമയങ്ങളും, പ്രഹരതന്ത്രങ്ങളും ഒരു സാധാരണ ഭാരതീയന് പ്രാപ്യമാകുന്നതല്ലല്ലോ. വാസ്തവത്തിൽ സംഭവിച്ചത്, ബഗ്ദാദിന്റെ കഥയുമായി ഒരു ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി എനിക്കു മുന്നിൽ പ്രത്യക്ഷനായി എന്നതാണ്! അത് അക്ഷയ് ആയിരുന്നു.
വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു കോഴിക്കോടുകാരനായ അക്ഷയ്. അരോഗദൃഢഗാത്രനും സുമുഖനും സിനിമ, സാഹിത്യം, കല തുടങ്ങിയവയോട് അഭിനിവേശമുള്ളയാളുമായിരുന്നു, ആരെയും ആകർഷിക്കുന്ന വാചാലത കൈമുതലായുണ്ടായിരുന്ന ഇയാൾ. കേരളീയ സംസ്കാരത്തിലും തനിമയിലും അയാൾ വിശ്വസിച്ചിരുന്നു. എഴുത്തുകാരോട് അയാൾക്ക് ഏറെ ബഹുമാനമുണ്ടായിരുന്നു. തികച്ചും അവിചാരിതമായി തൃപ്പൂണിത്തുറയിലെ ഒരു ഡോക്ടറുടെ മുറിയിൽ വെച്ചാണ് ഞാൻ അക്ഷയിെയ പരിചയപ്പെടുന്നത്. അന്നയാൾക്ക് 25ൽ താഴെ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
നല്ലൊരു കഥ പറച്ചിലുകാരനായിരുന്നു അക്ഷയ്. കണ്ടും കേട്ടുമറിഞ്ഞ ലോകസംഭവങ്ങൾ വെച്ച് കഥകൾ ചമച്ച് സങ്കൽപ സിനിമകൾ സൃഷ്ടിക്കാൻ അയാൾക്ക് ചാതുരിയുണ്ടായിരുന്നു. തന്റെ രാജ്യാന്തര യാത്രകളെ ആകർഷകമായും സരസമായും അയാൾ വർണിക്കുമ്പോൾ കേൾവിക്കാർക്ക് സിനിമ കാണുന്ന പ്രതീതിയുണ്ടാവും. കഥകളോടുള്ള താൽപര്യംകൊണ്ടാകണം അയാളെന്നോട് സൗഹൃദം കൂടാൻ എത്തിയത്. മറ്റൊരു കാരണവും കണ്ടെത്താൻ എനിക്കായില്ല. തുടർന്നുള്ള ദിനങ്ങളിൽ ഞങ്ങൾ കൂടുതൽ അടുത്തു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അയാൾ അമേരിക്കയിലേക്കു മടങ്ങിയത് പറഞ്ഞുമതിയാകാതെയായിരുന്നു. പിന്നീട് മിക്കവാറും ദിവസങ്ങളിൽ വിളിക്കും. എന്നും സംസാരിക്കാൻ പുതിയ വിഷയങ്ങൾ ഉണ്ടായിരുന്നു അയാൾക്ക്.
അടുത്ത വരവിൽ അക്ഷയ് നേരെ എന്റെ വീട്ടിലേക്കാണു വന്നത്. ഏതാനും ദിവസങ്ങൾ എന്റെ അതിഥിയായിരുന്നു അയാൾ. ഒരു നാൾ അയാൾ ലാപ്ടോപ്പിൽ കുറിച്ചുവെച്ചിരുന്ന തന്റെ സ്വപ്ന സിനിമാ കഥകൾ എന്നെ കാണിച്ചു. അതിലൊന്ന് ചെറുകഥയായി എഴുതാൻ നിർദേശിച്ചു. തനിക്ക് കഥയെഴുത്തു വശമില്ലാത്തതും മലയാളമെഴുത്തു ശീലമില്ലാത്തതും പറഞ്ഞുകൊണ്ടായിരുന്നു ആ കഥ ഞാൻ എഴുതിക്കാണാനുള്ള ആഗ്രഹം അയാൾ പറഞ്ഞത്. അങ്ങനെ ആ കഥ അയാൾ പറഞ്ഞു തുടങ്ങി.
ഒരു സിനിമാക്കഥ പറയുന്ന ശീലിലായിരുന്നു അക്ഷയ് ബഗ്ദാദിന്റെ കഥ ഒരൊറ്റ ഇരിപ്പിൽ പറഞ്ഞു തീർത്തത്. ശബ്ദകഥ അക്ഷയ് തന്നെയാണ് റെേക്കാഡുചെയ്തു തന്നത്. കഥാപാത്രങ്ങൾക്ക് അയാൾ ഇട്ടിരുന്ന പേരുകൾ തന്നെയായിരുന്നു കഥയിലും ഞാൻ ഉപയോഗിച്ചത്. എന്നാൽ, കഥയിൽ ഞാൻ അനിവാര്യമായ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അതിനു കാരണമുണ്ടായിരുന്നു.
ഞങ്ങൾ പരിചയപ്പെടുമ്പോൾ അക്ഷയ് ഒരു പ്രമുഖ അമേരിക്കൻ സർവകലാശാലയിൽ ഗവേഷണം ചെയ്യുകയായിരുന്നു. കൂടാതെ, സർക്കാർ പിന്തുണയോടെ നടത്തുന്ന പല പദ്ധതികളിലും ഡേറ്റ വിശകലനത്തിലും സുരക്ഷാപരിപാടികളിലും ഔദ്യോഗികമായി പ്രവർത്തിക്കുന്നുമുണ്ടായിരുന്നു. ഹോം ലാൻഡ് സെക്യൂരിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദമുണ്ടായിരുന്നു അക്ഷയിക്ക്. അതോടൊപ്പം, ആഗോള ഇന്റലിജൻസ് മേഖലയിൽ സജീവ പങ്കാളിത്തവും. അതേസമയം തന്റെ ജോലിയുടെ വ്യാപ്തിയും വിശദാംശങ്ങളും അയാൾ ഒരു സമയത്തും വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം അയാളെ ചുറ്റിപ്പറ്റി ഒരു ദുരൂഹത നിലനിന്നിരുന്നു.
സദ്ദാം ഹുസൈന്റെ പ്രതിമ തകർത്ത ദിവസത്തെ ബഗ്ദാദ് നേരിൽ കണ്ടതുപോലെ വിവരിച്ചിരുന്നു അക്ഷയ്. ഞാനത് കഥയിലേക്ക് അതേപടി പകരുകയായിരുന്നു –ബഗ്ദാദ് തെരുവ് ജനനിബിഡമായിരുന്നു. എല്ലായിടത്തും പട്ടാളക്കാർ, പട്ടാള ടാങ്കുകൾ, പടക്കോപ്പുകൾ നിറച്ച വാഹനങ്ങൾ, ചീറിപ്പായുന്ന ട്രക്കുകൾ. കടകളൊക്കെ അടഞ്ഞുകിടന്നു. ആകാശത്ത് കോപ്ടറുകൾ വട്ടമിട്ടു പറന്നു. വെടിവെപ്പിന്റെയും പൊട്ടിത്തെറിയുടെയും ശബ്ദങ്ങൾ. ആേക്രാശങ്ങൾ. ചോരപ്പാടുകൾ. ദീനരോദനങ്ങൾ. എവിടെയും ഭയത്തിന്റെ അന്തരീക്ഷം. കട്ടിലിനടിയിൽ ഒളിച്ചിരുന്ന കുട്ടിയായിരുന്ന യൂസഫ് അലിയുടെ ഉമ്മയെയും ബാപ്പയെയും അമേരിക്കൻ പട്ടാളക്കാർ കൺമുന്നിൽ വെച്ച് വധിച്ച് അവനെ അനാഥനാക്കി.
ബഗ്ദാദ് കത്തി. ചുടുചോരയിൽ വെന്തു...
ആ അന്തരീക്ഷം പരിചിതമല്ലാത്ത ഒരാൾക്ക് ഇത്ര യഥാതഥമായി അത് വിവരിക്കാൻ കഴിയുമായിരുന്നില്ല. അലി എത്തിപ്പെടുന്ന, കുട്ടികൾക്കായി തീവ്രവാദികൾ രഹസ്യമായി നടത്തിക്കൊണ്ടിരുന്ന മലമുകളിലെ പരിശീലന ക്യാമ്പിന്റെ പരിസര വിശദീകരണത്തിലും സവിശേഷമായ ‘അക്ഷയ്’ ടച്ച് പ്രകടമായിരുന്നു. പരിശീലനത്തിനു ശേഷം ഒളിപ്പോരിന് പ്രാപ്തരാക്കി കുട്ടികളെ ലക്ഷ്യനിർവഹണത്തിന് നിയോഗിക്കുന്ന നടപടിക്രമങ്ങളുടെ ഇഴതിരിച്ച പഴുതില്ലാത്ത വിശദാംശങ്ങളും ഇവിടെ കേരളത്തിലിരുന്ന് ഭാവനയിൽ കണ്ടെടുക്കാൻ കഴിയുന്നതല്ലായിരുന്നു.
ഭാഷ, ൈഡ്രവിങ്, പാചകം, അശ്വാഭ്യാസം എന്നിവയിലായിരുന്നു ക്യാമ്പിലെ പരിശീലനം. പരസ്പരം ഐഡന്റിറ്റി വെളിപ്പെടുത്താതെ അഞ്ചു വർഷം പൂർത്തിയാക്കിയ കുട്ടികൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടും നേരത്ത് ഓരോ സഞ്ചി കിട്ടി. അലിക്കു കിട്ടിയ സഞ്ചിയിൽ നിർദേശങ്ങളടങ്ങിയ കറുത്ത പുസ്തകവും പാസ്പോർട്ടും തോക്കും ന്യൂയോർക് സിറ്റിയിലേക്കുള്ള വിമാനടിക്കറ്റുമായിരുന്നു ഉണ്ടായിരുന്നത്. യാത്രയിൽ എപ്പോഴെങ്കിലും ഏതെങ്കിലുമൊരു സന്ദേശവഴിയിലൂടെ ചില അടയാളചിഹ്നങ്ങൾ നിയോഗിക്കു മുന്നിൽ പ്രത്യക്ഷപ്പെടും. അത് ട്രിഗറിങ് പോയന്റ്.
എയർപോർട്ട് ടാക്സി സ്റ്റാൻഡിൽ യൂസഫ് അലി എന്ന് പേരു കുറിച്ച കാറുണ്ടായിരുന്നു. ൈഡ്രവർ പേരു
ചൊല്ലി വിളിച്ചു. ‘ക്വീസ് ന്യൂയോർക്കി’ലെ അറബിസംഗീതം ഒഴുകുന്ന ഒരു കടക്കു മുന്നിൽ ടാക്സി നിന്നു. ൈഡ്രവർ അലിക്ക് ഒരു തീപ്പെട്ടി നൽകിക്കൊണ്ട് കടക്കാരനെ ചൂണ്ടി ആംഗ്യം കാട്ടി. അലി നൽകിയ തീപ്പെട്ടിക്കൂട് തുറന്ന് കടക്കാരൻ ഒരു കോഡ് നമ്പർ കണ്ടെടുത്ത ശേഷം കൊള്ളിയുരച്ച് കോഡും തീപ്പെട്ടിയും കത്തിച്ചുകളഞ്ഞു. എന്നിട്ട് കടക്കകത്തെ അറയിൽ സൂക്ഷിച്ചിരുന്ന ലോക്കറുകളിൽനിന്നും കോഡ് നമ്പർ പ്രകാരമുള്ള പെട്ടി തുറന്ന് അതിലുണ്ടായിരുന്ന ഒരടുക്കു ഡോളറും ഒരു താക്കോലും കുറിപ്പും അലിക്കു നൽകി. കുറിപ്പിൽ T_BIN B_S MA എന്നായിരുന്നു എഴുതിയിരുന്നത്. ടാക്സി ൈഡ്രവർ അലിയെ ചന്ദ്രക്കല അടയാളചിഹ്നമുള്ള മറ്റൊരു കാറിലേക്ക് നയിച്ചു. ആ കാർ ൈഡ്രവറുടെ നിർദേശപ്രകാരം അവൻ പഴയൊരു കെട്ടിടത്തിലെ മൂന്നാം നിലയിലെ അവസാന മുറിയിലെത്തി. അവിടെ ശ്രദ്ധേയമായി കണ്ട അമേരിക്കൻ ഭൂപടത്തിൽ കടും നിറത്തിൽ മസാചൂസറ്റ്സ് സംസ്ഥാനവും അതിനുള്ളിൽ ചുവപ്പു നിറത്തിൽ ബോസ്റ്റൺ സിറ്റിയും കറുത്ത അക്ഷരത്തിൽ ടോബിൻ പാലവും രേഖപ്പെടുത്തിയിരുന്നു...
നേർവഴിയിലൂടെയല്ലാതെ, പല നിയോഗപഥങ്ങളെ ബന്ധിപ്പിച്ചും യാത്രയിലെ സൂചകങ്ങളെ ഘടിപ്പിച്ചും സന്ദേശങ്ങളെ വ്യാഖ്യാനിച്ചും സംയോജിപ്പിച്ചുമാണ് ഒടുവിൽ നിയോഗി ലക്ഷ്യത്തിൽ എത്തിച്ചേരുക. ഗറില ആക്രമണരീതികൾ പലതുണ്ട്. നക്ഷത്രമത്സ്യ മാതൃകയിൽ വികേന്ദ്രീകൃതമായും ചിലന്തി മാർഗത്തിൽ കേന്ദ്രീകൃതമായും വ്യൂഹം ചമക്കാം. ഇതെല്ലാം കഥാകൃത്തിന് അറിയാത്തതാണ്. എന്തിന് ഇത്രയേറെ കണ്ണികൾ ബന്ധിപ്പിക്കണം എന്ന ചോദ്യത്തിന് അക്ഷയ് പറഞ്ഞു: ‘‘ഒരു കണ്ണി പിടിക്കപ്പെട്ടാലും കേന്ദ്രസ്ഥാനമോ ലക്ഷ്യമോ കണ്ടെത്താനാവില്ല. പോയ കണ്ണിക്കു പകരം കൂട്ടിച്ചേർക്കാനുമാവും.’’ ഓരോ കണ്ണിക്കും ചെയ്യാനുള്ള കർമം ഹ്രസ്വമായിരിക്കും. അക്കാര്യം കണ്ണികൾ പരസ്പരമറിയില്ലതാനും. അവയാണ് സ്ലീപ്പർ സെല്ലുകൾ. വിമത പോരാട്ടത്തിന്റെ ഘടനാരഹസ്യങ്ങൾ. ഒന്നെനിക്കു വ്യക്തമായി. സമതുലിതമായി കഥ ചിത്രീകരിക്കാൻ അക്ഷയ് ശ്രമിക്കുമ്പോഴും അതിനുള്ളിൽ പരോക്ഷമായി ഒരു പക്ഷപാതിത്വം ധ്വനിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കഥയുടെ നിർണായക ഘട്ടങ്ങളിൽ ഞാൻ നിഷ്പക്ഷ നിലപാട് സൂക്ഷിക്കാൻ പരമാവധി ശ്രദ്ധിച്ചു. അതിന്റെ ഭാഗമായി അക്ഷയ് പറഞ്ഞ കഥയുടെ അന്ത്യഭാഗം മാറ്റിയെഴുതി.
ബഗ്ദാദ് കഥ 2009 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ദിവസം ഒരു പ്രമുഖ എഴുത്തുകാരൻ എന്നെ വിളിച്ച് ചോദിച്ചു: ‘‘ഇത്രയേറെ സൂക്ഷ്മ വിവരങ്ങൾ എവിടെനിന്നു കിട്ടി?’’ അതിനുള്ള മറുപടി ലളിതവും ഹ്രസ്വവുമല്ലല്ലോ. ഞാൻ നിശ്ശബ്ദത പാലിച്ചപ്പോൾ അദ്ദേഹം തുടർന്നു ചോദിച്ചു:
‘‘ഗൂഗിൾ സെർച് ചെയ്തു കിട്ടിയതാവും ല്ലേ?’’
കഥ, ‘കറൻസി’ സമാഹാരത്തിൽ ഉൾപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ അവതാരികയിൽ ഡോ. പി. കൃഷ്ണനുണ്ണി എഴുതി– ‘‘ഇതിൽ ഒട്ടനേകം സിനിമാറ്റോഗ്രാഫിക് ഷോട്ടുകളുണ്ട്. ഒളിസങ്കേതങ്ങളുടെയും രഹസ്യക്യാമ്പുകളിൽ കഴിയുന്നവരുടെയും തലക്കു മുകളിലൂടെ ചീറിപ്പായുന്ന പോർവിമാനങ്ങളുടെയും... കാഴ്ചയുടെയും നോട്ടത്തിന്റെയും വൈവിധ്യമാർന്ന ശൃംഖലകളാണവ.’’ അക്ഷയിയുടെ സിനിമാ സങ്കൽപങ്ങളിൽ ഉരുത്തിരിഞ്ഞ തിരക്കഥയുടെ പ്രതിഫലനങ്ങൾ ഞാനെഴുതിയ കഥയിലും കാണുക സ്വാഭാവികം.
അലി എത്തിച്ചേർന്ന പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ നിവർത്തിവെച്ച പുസ്തകത്താളിൽ ചുവന്ന ബസിന്റെ ബ്ലൂപ്രിന്റ് ഉണ്ടായിരുന്നു. കൂടാതെ അവിടെ കറുത്ത പെട്ടിയും സ്കൂൾ വിദ്യാർഥിയുടെ യൂനിഫോം ഡ്രസും തയാറാക്കിവെച്ചിരുന്നു.
യൂനിഫോം ധരിച്ച്, പെട്ടിയുമായി കാർ ൈഡ്രവർ ചൂണ്ടിക്കാണിച്ച ബസിൽ കുട്ടികളോടൊപ്പം ഇരുന്ന അലിക്ക് ജോണിയെ കൂട്ടുകിട്ടി. സദ്ദാമിന്റെ പ്രതിമ തകർത്ത ദിവസം ബഗ്ദാദ് സിറ്റിയിൽ തീവ്രവാദികൾ കാറിൽ കെട്ടിവലിച്ച് കൊന്ന അമേരിക്കൻ സേനയിലെ കേണൽ, ജോണിയുടെ ഡാഡിയായിരുന്നു. മികച്ച രാഷ്ട്രസേവനത്തിനുള്ള ‘പർപ്പിൾ ഹാർട്ട് മെഡൽ’ നേടിയ ഡാഡിയുടെ പിൻഗാമി എന്ന നിലയിൽ പട്ടാളത്തിൽ നിയമനം ലഭിച്ച ജോണി ഇേന്റൺഷിപ്പിനു ചേരാൻ പോവുകയായിരുന്നു. മാനസികനില തെറ്റിയ മമ്മിയും മയക്കുമരുന്നിന്റെ അടിമയായ സഹോദരിയുമടങ്ങിയ തകർന്നുപോയ കുടുംബമായിരുന്നു ജോണിയുടേത്. സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക സംരക്ഷണത്തിലായിരുന്നു അവൻ... അനുതാപം ഇരുപക്ഷത്തും ആവശ്യമാണെന്ന് പറഞ്ഞുവെച്ചിരുന്നു അക്ഷയ്.
‘‘നീയെന്തിനാണ് പട്ടാളക്കാരനാവുന്നത്? പകയുണ്ടോ നിനക്ക്?’’ അലി ജോണിയോടു ചോദിച്ചു.

‘‘ജോലി കിട്ടിയിട്ട് ആദ്യം എനിക്ക് ബഗ്ദാദിൽ പോണം. ഡാഡിയുടെ ചോര വീണ തെരുവിൽ.’’
പകയുണ്ടോ എന്ന ചോദ്യത്തിന് അക്ഷയിയുടേതിൽനിന്നു വ്യത്യസ്തമായി എന്റെ കഥയിൽ ജോണി ഉത്തരം പറയുന്നില്ല. പകരം അവൻ ബൈബിൾ കൈയിലെടുക്കുകയായിരുന്നു.
‘‘ഞാൻ ബേസിലിറങ്ങും.’’ ജോണി പറഞ്ഞു. ‘‘അവിടെ ബസ് കുറച്ചു സമയം നിർത്തിയിടും. നമുക്കൊരു ചായ കുടിക്കാം.’’
അടുത്ത സ്റ്റോപ്പാണ് ടോബിൻ പാലം. അതിലെത്തും മുമ്പ് അലിക്ക് തന്റെ കൃത്യനിർവഹണത്തെക്കുറിച്ച് വ്യക്തത കിട്ടേണ്ടതുണ്ട്. നിർദേശമില്ലാതെ അലി ബസിനു വെളിയിൽ ഇറങ്ങിയത് അരികെയുള്ള ഫോൺബൂത്ത് കണ്ടിട്ടാണ്. ഫോൺ ചെയ്യുന്ന രീതികൾ മനസ്സിലാക്കിയെടുക്കുന്നതിനിടയിൽ തനിക്കു പോകേണ്ട ബസ് പുറപ്പെടുന്നത് അലി ഞെട്ടലോടെ കണ്ടു. അവന്റെ പെട്ടി ബസിലായിരുന്നു. ഒച്ചയെടുത്ത് ബസിനു പിറകെ ഓടിപ്പോയിട്ടും ഫലമുണ്ടായില്ല. താൻ അതുവരെ പാലിച്ചു വന്ന മുകളിൽ നിന്നുള്ള നിർദേശങ്ങൾ കോർത്തുകോർത്തുള്ള യാത്ര ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനു തൊട്ടുമുമ്പേ പാളിപ്പോയത് ഓർത്തുനിൽക്കെ ടോബിൻ പാലത്തിലെത്തിയ ബസ് ഭീകര ശബ്ദത്തോടെ പൊട്ടിച്ചിതറുന്നത് അലി കണ്ടു.
ജോണി അലിയെ പിരിഞ്ഞ് ബേസിലേക്ക് കയറിപ്പോകുന്നതായിരുന്നു അക്ഷയ് പറഞ്ഞ കഥയുടെ പര്യവസാനം. എന്നാൽ ഞാനത് മാറ്റിയെഴുതി. പൊതുവായ രാഷ്ട്ര നിലപാടിലൂന്നിയും മാനവികതയുടെ ആർദ്ര സ്വഭാവത്തോടെയും മാത്രമേ എനിക്കത് പൂർത്തിയാക്കാനാവുമായിരുന്നുള്ളൂ.
‘‘സർവാംഗം തളർന്ന് റോഡിലിരുന്നു പോയ അലിയെ സാന്ത്വനത്തിന്റെ സ്പർശവുമായി ജോണി പിടിച്ചുയർത്തി. നിസ്സഹായതയുടെ കണ്ണീരൊലിപ്പിച്ച് അലി ജോണിയെ നോക്കിനിന്നു. പിന്നെ അവർ പരസ്പരം കൈകോർത്ത് നടന്നു. ബേസിന്റെ ഗേറ്റിലെത്തിയിട്ടും നിൽക്കാതെ അവർ മുന്നോട്ടു നടന്നു...’’
കുറെക്കാലം കൂടി ഞാൻ അക്ഷയിയുമായുള്ള സൗഹൃദം തുടർന്നു. പിന്നീട് എപ്പോഴോ അയാൾ അപ്രത്യക്ഷനായി. ഒന്നും പറയാതെ, കാരണമില്ലാതെ അയാൾ മറഞ്ഞുപോയി, തുടർബന്ധപ്പെടലുകൾക്ക് അവസരം നൽകാതെ. എങ്കിലും പ്രതീക്ഷയുണ്ട് എന്നെങ്കിലുമൊരിക്കൽ അയാൾ നാടകീയമായി വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്, എനിക്കെഴുതാൻ കുറെ കഥാവിശേഷങ്ങളുമായി.
