Begin typing your search above and press return to search.
proflie-avatar
Login

കരുതലിന്റെ പത്തു വർഷം, ഭരണത്തുടർച്ച ജനകീയ ദൗത്യം

കരുതലിന്റെ പത്തു വർഷം,   ഭരണത്തുടർച്ച ജനകീയ ദൗത്യം
cancel

ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള മുന്നണിയുടെ ആത്മവിശ്വാസം കേവലം രാഷ്ട്രീയ കണക്കുകളിൽമാത്രം അധിഷ്ഠിതമായ ഒന്നല്ല. അത് കഴിഞ്ഞ പത്ത് വർഷത്തെ ഭരണനിർവഹണത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ച രീതിയിലൂടെയും വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിലൂടെയും ആർജിച്ചെടുത്ത ഒന്നാണ് –ധനമന്ത്രിയും സി.പി.എം നേതാവുമായ കെ.എൻ. ബാലഗോപാൽ ഭരണനേട്ടങ്ങൾ നിരത്തുന്നു. എന്തുകൊണ്ട് അധികാര തുടർച്ച വേണമെന്നും വാദിക്കുന്നു.ഭരണത്തുടർച്ച എന്നത് വെറുമൊരു രാഷ്ട്രീയലക്ഷ്യത്തിനപ്പുറം ഇടതുമുന്നണിയെ സംബന്ധിച്ച് കേരളത്തിന്റെ വികസന മാതൃകയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്താനുള്ള ചരിത്രപരമായ ദൗത്യംകൂടിയാണ്. ...

Your Subscription Supports Independent Journalism

View Plans
ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള മുന്നണിയുടെ ആത്മവിശ്വാസം കേവലം രാഷ്ട്രീയ കണക്കുകളിൽമാത്രം അധിഷ്ഠിതമായ ഒന്നല്ല. അത് കഴിഞ്ഞ പത്ത് വർഷത്തെ ഭരണനിർവഹണത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ച രീതിയിലൂടെയും വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിലൂടെയും ആർജിച്ചെടുത്ത ഒന്നാണ് –ധനമന്ത്രിയും സി.പി.എം നേതാവുമായ കെ.എൻ. ബാലഗോപാൽ ഭരണനേട്ടങ്ങൾ നിരത്തുന്നു. എന്തുകൊണ്ട് അധികാര തുടർച്ച വേണമെന്നും വാദിക്കുന്നു.

ഭരണത്തുടർച്ച എന്നത് വെറുമൊരു രാഷ്ട്രീയലക്ഷ്യത്തിനപ്പുറം ഇടതുമുന്നണിയെ സംബന്ധിച്ച് കേരളത്തിന്റെ വികസന മാതൃകയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്താനുള്ള ചരിത്രപരമായ ദൗത്യംകൂടിയാണ്.  കേരളത്തിന്‍റെ ഭരണചരിത്രത്തിൽ വികസനത്തിന്‍റെയും കരുതലിന്‍റെയും സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ എഴുതിച്ചേർത്താണ് ഇടതു സർക്കാർ ഭരണത്തുടർച്ചക്കായി സുപ്രധാന തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ, പ്രതിസന്ധികളിലെ അതിജീവനം, നവകേരള നിർമിതിക്കായുള്ള ദീർഘകാല ചുവടുവെപ്പുകൾ എന്നിവയാണ് ഇക്കാര്യത്തിൽ മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങൾ. നവകേരളമെന്നത് എന്നോ നടക്കുന്ന അതിശയോക്തിപരമായ സങ്കൽപമല്ലെന്നും നിത്യജീവിതത്തിൽ അനുഭവവേദ്യമാകുന്ന യാഥാർഥ്യമാണെന്നും ജനവും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ക്ഷേമ പെൻഷനുകൾ, ലൈഫ് മിഷൻ, ഹൈടെക് സ്കൂളുകൾ തുടങ്ങിയവയിലൂടെ സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഒരു സർക്കാർ എന്നനിലയിൽ ഭരണത്തുടർച്ച ജനങ്ങളുടെ താൽപര്യംകൂടിയാണ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ വികസന-ക്ഷേമ രംഗങ്ങളിൽ വിസ്മയകരമായ മാറ്റങ്ങൾ സാക്ഷാത്കരിച്ച എൽ.ഡി.എഫ് സർക്കാറുകളുടെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് മുന്നണി ജനങ്ങളിലേക്കിറങ്ങുന്നത്.

62 ലക്ഷം പേർക്ക് 2000 രൂപ വീതം ക്ഷേമപെൻഷൻ മുടങ്ങാതെ നൽകിയും അഞ്ച് ലക്ഷത്തിലധികം പേർക്ക് അടച്ചുറപ്പുള്ള വീടുകൾ ലൈഫ് പദ്ധതിയിലൂടെ ലഭ്യമാക്കിയും 42 ലക്ഷം കുടുംബങ്ങളിലെ ഒന്നരക്കോടിയോളം പേർക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ മുടങ്ങാതെ ഉറപ്പുവരുത്തിയും 30 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് പ്രതിമാസം ആയിരം രൂപയുടെ സ്ത്രീസുരക്ഷാ ധനസഹായം ഏർപ്പെടുത്തിയും തൊഴിലന്വേഷകരായ യുവജനങ്ങൾക്ക് മാസംതോറും ആയിരം രൂപ സ്കോളർഷിപ് നൽകിയും നാല് ലക്ഷത്തിലധികം പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തും സംസ്ഥാനത്ത് 10 വർഷമായി പവർകട്ട് ഇല്ലാതാക്കിയും 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ചും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകിയും എൽ.ഡി.എഫ് സർക്കാർ ജനങ്ങളോടൊപ്പം മുന്നോട്ടു നടക്കുകയാണ്.

കേരളത്തിന്റെ വികസന ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളാണ് ഒന്നും രണ്ടും പിണറായി സർക്കാറുകൾ രചിച്ചത്. തെക്ക്-വടക്ക് ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ഇടമൺ-കൊച്ചി പവർ ഹൈവേ, വിഴിഞ്ഞം തുറമുഖം, തീരദേശപാത, മലയോര പാത, സംസ്ഥാന ജലപാത, ആനക്കാംപൊയിൽ-മേപ്പാടി-കള്ളാടി തുരങ്കപാത, കൊച്ചി വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക്, ഐ.ടി ഇടനാഴികൾ, വ്യവസായ പാർക്കുകൾ, പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നിങ്ങനെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി പദ്ധതികൾ സർക്കാർ യാഥാർഥ്യമാക്കി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വിധത്തിൽ അവകാശങ്ങൾ നേടിക്കൊടുക്കുന്നതും സംരക്ഷിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇടതുപക്ഷവും ഇടതുപക്ഷം നയിച്ച സർക്കാറുകളും ഇന്നാട്ടിൽ നടത്തിയിട്ടുള്ളത്. മൂന്നാം ഇടതു സർക്കാർ എത്രത്തോളം അനിവാര്യമെന്നത് മനസ്സിലാക്കണമെങ്കിൽ 2011-16ലെ യു.ഡി.എഫ് സർക്കാർ കാലത്തെ സാഹചര്യം മനസ്സിലാക്കിയാൽ മതിയാകും.

മോശം അനുഭവങ്ങളുടെ പഴയകാലം

2011-16ലെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കേരളം ധനകാര്യങ്ങളില്‍ വല്ലാത്ത കെടുതിയിലായിരുന്നു. വികലമായ ധനകാര്യ മാനേജ്മെന്റും കെടുകാര്യസ്ഥതയും സംസ്ഥാനത്തെ വല്ലാതെ വറുതിയിലാക്കി. പൊതുമേഖല സ്ഥാപനങ്ങള്‍ ഏതാണ്ടെല്ലാം വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കാർഷിക മേഖല വലിയ തകർച്ച നേരിട്ടു. നാണ്യവിളകളുടെ വില ഇടിഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിന്റെ നയവ്യതിയാനംമൂലം അനിയന്ത്രിതമായ സ്വകാര്യ കടന്നുകയറ്റം പൊതുവിദ്യാഭ്യാസത്തെയും മറ്റ് മേഖലകളെയും തുരങ്കംെവച്ചു. അഴിമതിയും കെടുകാര്യസ്ഥതയും ഭരണത്തിന്റെ മുഖമുദ്രയായി.

സർവ മേഖലയിലും തകർച്ചയുടെ കാലഘട്ടത്തില്‍ 2016ൽ ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോള്‍ മുന്നില്‍ വലിയ ബാധ്യതകളാണ് ഉണ്ടായിരുന്നത്. 15,000 കോടി രൂപയുടെ ബാധ്യതകൾ അടിയന്തരമായി തീർക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആ സര്‍ക്കാര്‍ ഏറ്റെടുത്തത്. 2016 മാർച്ച് 31ലെ കണക്കുകൾ പ്രകാരം ട്രഷറിയിലെ നീക്കിയിരിപ്പ് തുക 1644 കോടി രൂപയായിരുന്നു. എന്നാൽ, അടിയന്തരമായി കൊടുത്തുതീർക്കേണ്ട തുകകൾ 6302 കോടിയും. കൂടാതെ, ബജറ്റിൽ വകയിരുത്താത്തതും ഹ്രസ്വകാല ബാധ്യതകളുമായി 4326 കോടി രൂപ വിവിധ ഇനങ്ങളിലായി കൊടുത്തുതീർക്കേണ്ട തുകകളായി പുതിയ സർക്കാറിന് ഏറ്റെടുക്കേണ്ടിയും വന്നു.

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങള്‍ ഇടിച്ചുനിരത്തപ്പെടുന്ന, വികസന പദ്ധതികളെല്ലാം മുടങ്ങിപ്പോകുന്ന ഒരവസ്ഥയാണ് അന്നുണ്ടായിരുന്നത്. ദേശീയപാത അതോറിറ്റിയും ഗെയിലും എല്ലാം ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍തന്നെ നിര്‍ത്തിവെച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനാണ് ഒന്നും രണ്ടും പിണറായി സർക്കാറുകൾ ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ഇടതുമുന്നണിയുടെ ശ്രമം.

 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.എൻ. ബാലഗോപാൽ

പ്രതിസന്ധികളെ കരളുറപ്പോടെ നേരിട്ടു

പത്ത് വര്‍ഷത്തിലെ നമ്മുടെ സാമ്പത്തിക മേഖലയിലെ കുതിപ്പ് മനസ്സിലാക്കാന്‍ വിവിധ വര്‍ഷങ്ങളില്‍ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ കണക്കുകള്‍ മതിയാകും. യു.ഡി.എഫ്‌ സർക്കാറിന്റെ അഞ്ചു വർഷത്തിൽ 29,689 കോടി രൂപയാണ്‌ മൂലധന ചെലവുള്ളത്‌. ഒന്നാം പിണറായി സർക്കാറിന്റെ അഞ്ചു വർഷത്തിൽ ഇത്‌ 56,432 കോടി രൂപയായി ഉയർന്നു. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഇതുവരെ 85,000 കോടി രൂപക്കു മുകളിലാണ് മൂലധന ചെലവ്. ഇതിനുപുറമെയാണ് കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നടത്തിയ 40,000 കോടിയിലേറെ രൂപയുടെ നിക്ഷേപം.

2011 മുതൽ 2016 വരെയുള്ള യു.ഡി.എഫ് ഭരണകാലത്തെ അപേക്ഷിച്ച് ഒന്നാം പിണറായി സർക്കാറും രണ്ടാം പിണറായി സർക്കാറും സംസ്ഥാന നിയന്ത്രണത്തിന് അതീതമായ പല ഘടകങ്ങളാലും പ്രതിസന്ധികളോട് പൊരുതിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. 2018-19ലെ നിപയും പ്രളയദുരന്തവും, 2020-21 ലെ കോവിഡ് മഹാമാരി, 2024ലെ വയനാട് ദുരന്തം, ഫെഡറൽ തത്ത്വങ്ങളെ മാനിക്കാതെയുള്ള കേന്ദ്ര സർക്കാർ നയങ്ങൾ, ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകതകൾ, തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ കേന്ദ്ര സർക്കാറിന്റെ ജി.എസ്‌.ടി നിരക്ക്‌ കുറക്കൽ നയങ്ങൾ, കയറ്റിറക്കുമതി മേഖലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍, പൊതു കണക്കിനത്തിലെ മിച്ചം കണക്കാക്കി 2017 ആഗസ്റ്റ് മുതൽ സംസ്ഥാനത്തിന്റെ കടമെടുപ്പിൽനിന്ന് കുറവുവരുത്തിയത്, കിഫ്ബി, പെൻഷൻ കമ്പനി മുതലായ സ്ഥാപനങ്ങൾ അവരുടെ സ്വന്തംനിലക്ക് പ്രത്യേക സ്ഥാപനങ്ങളായി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കി, 2022-23 മുതൽ മുന്‍കാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്റെ കടമെടുപ്പിൽ വെട്ടിക്കുറവ് വരുത്തിയത്‌, ഓരോ ധനകാര്യ കമീഷന്റെ കാലയളവുകളിലും സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതിവിഹിത ശതമാനത്തിൽ കുറവുവരുത്തിയത്, ദേശീയപാത വികസനത്തിനുള്ള ഭൂമിയേ​െറ്റടുക്കലിന്റെ 25 ശതമാനം ബാധ്യത സംസ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതമായത്‌, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ ചെലവ് പങ്കിടൽ ഘടന സംസ്ഥാനങ്ങൾക്ക് അധികബാധ്യത വരുന്ന രീതിയിൽ ഭേദഗതി ചെയ്തത്, പ്രകൃതിക്ഷോഭങ്ങളിൽ കേന്ദ്രം സംസ്ഥാനത്തിനു വേണ്ടരീതിയിൽ സഹായം ലഭ്യമാക്കാതിരിക്കുന്നത് തുടങ്ങിയവയെല്ലാം കഴിഞ്ഞ അഞ്ചു വർഷത്തിൽ സംസ്ഥാനം നേരിട്ട ഒന്നിനോടും താരതമ്യംചെയ്യാൻ കഴിയാത്ത പ്രതിസന്ധികളായിരുന്നു.

പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾ കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ്‌ കേന്ദ്ര വിഹിതങ്ങൾ തടയുകയെന്ന അസാധാരണമായ ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടിവന്നത്‌. അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് രണ്ടര ലക്ഷം കോടിയോളം രൂപയുടെ വരുമാന സ്രോതസ്സുകളാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍മൂലം നഷ്ടപ്പെട്ടത്. ഈ തുകകൂടി ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാന്‍ കഴിയുമായിരുന്നു. നമുക്ക് അര്‍ഹതപ്പെട്ട പണമാണ് ഒരു കാരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ മാനേജ്മെന്റും സൂക്ഷ്മമായ സാമ്പത്തിക ജാഗ്രതയുമാണ്‌ പ്രതിസന്ധികളെ തരണംചെയ്ത് മുന്നോട്ടുപോകാൻ സംസ്ഥാനത്തെ സഹായിച്ചത്‌ എന്നതിൽ ഇപ്പോൾ ആർക്കും എതിരഭിപ്രായമുള്ളതായി തോന്നുന്നില്ല.

കേരളം കടംകയറി തളര്‍ന്നിരിക്കുന്നു എന്ന ആക്ഷേപം കാര്യഗൗരവമുള്ളവരാരും ഇപ്പോള്‍ ഉന്നയിക്കുന്നില്ല. ധന ഉത്തരവാദിത്ത നിയമത്തിന്റെ പരിധിവിട്ട് കടം വാങ്ങാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിന്റെ കടപരിധി കാര്യമില്ലാ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നതാണ് യാഥാർഥ്യമെന്നതും കേരളീയര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. കേരളത്തിന്റെ സഞ്ചിത കടം ഓരോ അഞ്ചുവര്‍ഷത്തിലും ഇരട്ടിയാകുന്നതാണ് പതിവ്. മുന്‍ സര്‍ക്കാറിന്റെ തുടക്കത്തില്‍ കടം 1,57,370 കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 2,96,901 കോടി രൂപയായി. 2024-25ല്‍ കടം 4,35,314 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് പരമാവധി 4,88,910 കോടിയിലേ എത്തൂ. കടം ഇരട്ടിച്ചിരുന്നുവെങ്കില്‍ കുറഞ്ഞത് 5,93,802 കോടി രൂപയിലെങ്കിലും എത്തണമായിരുന്നു. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിക്കുള്ളിലാണെന്നത് ഏത് മാനദണ്ഡം വെച്ചുനോക്കിയാലും വ്യക്തമാണ്.

താങ്ങായി ക്ഷേമ പെൻഷൻ

2011-16ലെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 33.92 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിച്ചിരുന്നത്. അന്ന് ഉമ്മൻ ചാണ്ടി അധികാരം ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായി പ്രഖ്യാപിച്ചുവെങ്കിലും അത് കൃത്യമായി വിതരണം ചെയ്ത് തുടങ്ങിയത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. യു.ഡി.എഫ് സര്‍ക്കാര്‍ എന്‍.എസ്.എ.പി ദേശീയ നയത്തിന്റെ ഭാഗമായി 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാർധക്യകാല പെൻഷൻ 400 രൂപയില്‍നിന്ന് 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാർധക്യകാല പെന്‍ഷന്‍ 1500 രൂപയായും ഉയര്‍ത്തി. ഇത്തരത്തില്‍ 15 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ വർധന പ്രഖ്യാപനമുണ്ടായത്. 85 ശതമാനം പേര്‍ക്കും യു.ഡി.എഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റശേഷം യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തി​െവച്ച കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു. ആദ്യവര്‍ഷം തന്നെ പെന്‍ഷന്‍ പ്രതിമാസം 1000 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ വിതരണം കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റ‍ഡ് എന്ന സര്‍ക്കാര്‍ കമ്പനി രൂപവത്കരിച്ചു. ഗുണഭോക്തൃ പട്ടികയില്‍നിന്ന് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. പെന്‍ഷന്‍ ദുര്‍വിനിയോഗം ഒഴിവാക്കാനായി വാര്‍ഷിക മസ്റ്ററിങ് സമ്പ്രദായത്തിന് തുടക്കമിട്ടു.

ഇന്ന് 62 ലക്ഷത്തില്‍പരം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ അര്‍ഹതയുള്ളത്. പ്രതിമാസം 2000 രൂപവീതം പെന്‍ഷന്‍ നല്‍കുന്നു. ഒരുമാസംപോലും കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ഉറപ്പുവരുത്തിയിട്ടുണ്ട്. 2024 മാര്‍ച്ച് മുതല്‍ അതത് മാസംതന്നെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നുണ്ട്. 2026 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. പ്രതിമാസം ഏതാണ്ട് 1050 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് നീക്കിവെക്കുന്നത്. വര്‍ഷം 14,500 കോടി രൂപ ഇതിനായി വകയിരുത്തുന്നു.

 

തന്‍റെ മണ്ഡലത്തിലെ വയോധികയായ വോട്ടർക്കൊപ്പം

നവകേരളത്തിലേക്ക് നെഞ്ചുറപ്പോടെ

ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള മുന്നണിയുടെ ആത്മവിശ്വാസം കേവലം രാഷ്ട്രീയ കണക്കുകളിൽ മാത്രം അധിഷ്ഠിതമായ ഒന്നല്ല. അത് കഴിഞ്ഞ പത്ത് വർഷത്തെ ഭരണനിർവഹണത്തിലൂടെയും പ്രതിസന്ധികളെ അതിജീവിച്ച രീതിയിലൂടെയും വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിലൂടെയും ആർജിച്ചെടുത്ത ഒന്നാണ്. നവകേരളം എന്ന ബൃഹത്തായ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഘട്ടത്തിൽ മുന്നിലുള്ള ഏറ്റവും വലിയ ആത്മവിശ്വാസം ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. ജനകീയ വികസന മാതൃകകൾ നടപ്പാക്കുന്നതിലൂടെയും ക്ഷേമപദ്ധതികളുടെ വിപുലീകരണത്തിലൂടെയും ഒരു പുതിയ ജനകീയ ഭരണശൈലി തന്നെ രൂപപ്പെടുത്താൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. പത്താം വർഷത്തിലും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്ന പ്രധാന ഘടകം വികസന മുൻഗണനകളും അടിസ്ഥാന സൗകര്യ വികസനത്തിലെ വിപ്ലവകരമായ മാറ്റങ്ങളുമാണ്.

കെ-ഫോൺ പദ്ധതി വഴി ഇന്റർനെറ്റ് ഒരു മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റാൻ ഇടതുപക്ഷ സർക്കാറിന് സാധിച്ചു. ക്ഷേമപദ്ധതികൾ വെറും ദാനമല്ല, മറിച്ച് പൗരന്റെ അവകാശമാണെന്നാണ് സർക്കാർ നിലപാട്. അതിദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനായി നടപ്പാക്കുന്ന പദ്ധതി ലോകം ശ്രദ്ധിച്ച ഒന്നാണ്. 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവർക്കായി പ്രത്യേക കർമപദ്ധതികൾ രൂപവത്കരിച്ചത് കേരളം കൈവരിച്ച മാനവിക വികസന സൂചികകളുടെ തുടർച്ചയാണ്.

സർക്കാർ ഓരോ വർഷവും തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എത്രത്തോളം പൂർത്തിയാക്കി എന്ന് പരിശോധിക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്ന ഈ രീതി ഇന്ത്യയിൽ ആദ്യത്തേതാണ്. ഇത് സർക്കാറിന്റെ സുതാര്യതയെയും ഉത്തരവാദിത്തത്തെയുമാണ് അടിവരയിടുന്നത്. പ്രതിസന്ധികളെല്ലാം രാഷ്ട്രീയമായ വെല്ലുവിളികളായി മാറ്റുന്നതിന് പകരം, ജനങ്ങളെ ഒരുമിച്ചുനിർത്തി അതിജീവനം സാധ്യമാക്കിയെന്നതാണ് സർക്കാറിന്‍റെ പ്രത്യേകത. ഇതിനുള്ള തുടർച്ചക്കാണ് പോരാട്ടം.

തയാറാക്കിയത്: എം. ഷിബു

News Summary - Elections and the ruling party