ആശ്രിതത്വത്തിൽനിന്ന് ആത്മാഭിമാന രാഷ്ട്രീയത്തിലേക്ക്

‘‘തെരഞ്ഞെടുപ്പിനു ശേഷവും അധികാരമില്ലാത്തവർ അവകാശമില്ലാത്തവരായി തുടരുകതന്നെ ചെയ്യും. ആശ്രിതത്വത്തിന്റെ രാഷ്ട്രീയം കൈയൊഴിഞ്ഞ് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിലേക്ക് മർദിതജാതികൾ പ്രവേശിക്കാത്തിടത്തോളം, അധികാരത്തിൽനിന്നും അവകാശത്തിൽനിന്നും അവർ പുറത്താക്കപ്പെടുന്ന നില തുടരുകതന്നെ ചെയ്യും.’’ -ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ലേഖകൻ എഴുതുന്നു. തെരഞ്ഞെടുപ്പിലെ ദലിത് സംഘടനാ ചരിത്രംകൂടി അദ്ദേഹം വിശകലനം ചെയ്യുന്നു. പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേരളത്തിലെ മർദിത ജാതികളുടെ രാഷ്ട്രീയ സാധ്യതകളെ സംബന്ധിച്ച വിപുലമായ ചർച്ചകളാണ് മുമ്പെന്നത്തേക്കാളും...
Your Subscription Supports Independent Journalism
View Plans‘‘തെരഞ്ഞെടുപ്പിനു ശേഷവും അധികാരമില്ലാത്തവർ അവകാശമില്ലാത്തവരായി തുടരുകതന്നെ ചെയ്യും. ആശ്രിതത്വത്തിന്റെ രാഷ്ട്രീയം കൈയൊഴിഞ്ഞ് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിലേക്ക് മർദിതജാതികൾ പ്രവേശിക്കാത്തിടത്തോളം, അധികാരത്തിൽനിന്നും അവകാശത്തിൽനിന്നും അവർ പുറത്താക്കപ്പെടുന്ന നില തുടരുകതന്നെ ചെയ്യും.’’ -ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ലേഖകൻ എഴുതുന്നു. തെരഞ്ഞെടുപ്പിലെ ദലിത് സംഘടനാ ചരിത്രംകൂടി അദ്ദേഹം വിശകലനം ചെയ്യുന്നു.
പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേരളത്തിലെ മർദിത ജാതികളുടെ രാഷ്ട്രീയ സാധ്യതകളെ സംബന്ധിച്ച വിപുലമായ ചർച്ചകളാണ് മുമ്പെന്നത്തേക്കാളും ഉപരിയായി കേരളത്തിൽ ഉയർന്നുകേൾക്കുന്നത്. സി.കെ. ജാനു നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ (ജെ.ആർ.പി) യു.ഡി.എഫ് പ്രവേശനവും സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർഥി സാധ്യതയെ സംബന്ധിച്ച പ്രചാരണവും ഈ ചർച്ചകളെ സജീവമാക്കി നിലനിർത്താൻ സഹായകരമായിട്ടുണ്ട്. എന്നാൽ, ഒരു രാഷ്ട്രീയ സമൂഹമായി പരിവർത്തനപ്പെടുന്നതിൽ പട്ടിക വിഭാഗങ്ങൾ ഇപ്പോഴും പുലർത്തുന്ന നിസ്സംഗത മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് സംവരണ മണ്ഡലങ്ങളിൽ പ്രയോഗിക്കാൻ തങ്ങൾക്ക് അവശ്യം വേണ്ടുന്ന കരുക്കൾ എന്നതിനപ്പുറം ഈ വിഭാഗങ്ങളെ പരിഗണനാർഹമായി അവർ കണക്കാക്കുന്നതേയില്ല എന്നതാണ് ഇപ്പോഴുമുള്ള യാഥാർഥ്യം.
പട്ടികവിഭാഗം ജനസംഖ്യ
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യ 2011ലെ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ 10.55 ശതമാനമാണ്. പട്ടികജാതിക്കാർ 9.1 ശതമാനവും (30,39,573), പട്ടികവർഗക്കാർ 1.45 ശതമാനവും (4,48,839). 15 വർഷത്തിനിപ്പുറം കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ ജനസംഖ്യ 12 ശതമാനത്തിന് മുകളിലാണെന്ന് കണക്കാക്കാവുന്നതാണ്. പട്ടികജാതി ക്രിസ്ത്യാനികളുടെ ജനസംഖ്യ 6 ശതമാനമാണ്. (അവലംബം: ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട്). അതായത്, കേരളത്തിന്റെ ജനസംഖ്യയിൽ 18 ശതമാനത്തിനു മുകളിലുള്ള ഒരു വിഭാഗത്തെയാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഒരു പരിഗണനയും നൽകാതെ മുന്നോട്ടുപോകുന്നത് എന്നർഥം. നിലവിലെ എൽ.ഡി.എഫ് മന്ത്രിസഭയിൽ 12.5 ശതമാനം മാത്രമുള്ള നായർ വിഭാഗത്തിന് 10 മന്ത്രിമാർ ഉള്ളപ്പോൾ 9.1 ശതമാനമുള്ള പട്ടികജാതി വിഭാഗത്തിൽനിന്നും ഒരാളെപ്പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് ഈ വിഭാഗങ്ങളോട് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
പട്ടികജാതിയിൽ 53 ജാതികളും പട്ടികവർഗത്തിൽ 37 ജാതികളുമാണ് നിലവിലുള്ളത്. ജാതിക്കും മതത്തിനും അതീതമായി ഒരു സമൂഹം എന്ന നിലയിൽ ഐക്യപ്പെടാൻ ഈ വിഭാഗങ്ങൾക്ക് കഴിയാതെ പോകുന്നത് രാഷ്ട്രീയ പാർട്ടികൾ ഇവരെ അവഗണിക്കാൻ ഒരു കാരണമാകുന്നുണ്ട്. ജാതിക്കും മതത്തിനും അതീതമായി ഈ വിഭാഗങ്ങളെ ഐക്യപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണ് അംബേദ്കർ, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവർ ഏർപ്പെട്ടിരുന്നതെങ്കിലും, ആ മഹാന്മാരുടെ ആശയങ്ങളെ തള്ളിക്കളഞ്ഞ്, അവരുടെ ഛായാചിത്രങ്ങളെമാത്രം സ്വീകരിച്ച്, അവർ തള്ളിക്കളഞ്ഞ ജാതി സംഘടനകളിൽ അഭിരമിക്കാനാണ് അവരുടെ അനുയായികളായി ഇന്ന് രംഗത്തുള്ളവർക്ക് താൽപര്യം.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ളത് ദേവികുളം (39.5 ശതമാനം) നിയോജക മണ്ഡലത്തിൽ മാത്രമാണ് (അവലംബം: 2011ലെ സെൻസസ്). സംവരണ മണ്ഡലങ്ങളിൽപോലും പട്ടിക വിഭാഗങ്ങൾ ഒരു നിർണായകമായ ജനസംഖ്യ അല്ല എന്നതാണ് വസ്തുത. സംവരണ മണ്ഡലങ്ങളിലെ പട്ടിക വിഭാഗ ജനസംഖ്യ ചുവടെ ചേർക്കുന്നു. ശരാശരി 15 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ പട്ടികവിഭാഗങ്ങളുടെ ജനസംഖ്യയുള്ള മറ്റു 16 നിയോജക മണ്ഡലങ്ങൾകൂടി കേരളത്തിലുണ്ട്.
കേരളത്തിലെ ഒട്ടെല്ലാ നിയോജക മണ്ഡലങ്ങളിലും പട്ടികേതര വിഭാഗങ്ങളുടെ ജനസംഖ്യ 80 ശതമാനത്തിനു മുകളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ, ഇതര സാമൂഹിക വിഭാഗങ്ങളുമായി ഐക്യപ്പെടാതെ മർദിതജാതികളുടെ രാഷ്ട്രീയ പ്രാതിനിധ്യം പ്രായോഗികമാകുന്നതല്ല എന്നാണ് വ്യക്തമാകുന്നത്. ഇത്തരം ഒരു ഐക്യപ്പെടലിന് ജാതി സംഘാടനങ്ങൾ തടസ്സമാവുകയും, മർദിതജാതികൾ തങ്ങളുടെ രാഷ്ട്രീയ ആശ്രിതത്വത്തിൽ തുടരാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. 1952ലെയും 1954ലെയും തെരഞ്ഞെടുപ്പുകളിൽ അംബേദ്കർ നേരിട്ട പരാജയങ്ങൾക്കു ശേഷം അഖിലേന്ത്യ പട്ടികജാതി ഫെഡറേഷൻ എന്ന തന്റെ സംഘാടനംതന്നെ പിരിച്ചുവിട്ട് റിപ്പബ്ലിക്കൻ പാർട്ടി രൂപവത്കരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് പട്ടികജാതി എന്ന രാഷ്ട്രീയ ഐഡന്റിറ്റി സ്വതന്ത്ര ഇന്ത്യയിൽ പ്രായോഗികമല്ല എന്ന തിരിച്ചറിവിൽനിന്നാണ്.
രാഷ്ട്രീയത്തിലും എസ്.സി/എസ്.ടി ഒഴികെ
നവകേരളത്തിലെ വൈവാഹിക പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എസ്.സി/എസ്.ടി ഒഴികെ എന്ന പരസ്യവാചകം രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുത നമ്മൾ കാണാതെ പോകരുത്. 1980ലെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം എസ്.സി/എസ്.ടി ഒഴികെ എന്ന പരസ്യവാചകം രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നതിന്റെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നു. 1980ൽ കേരളത്തിൽ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒരേ സമയമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥിയായി അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചത് സാക്ഷാൽ സുശീല ഗോപാലനാണ്.
എതിർ സ്ഥാനാർഥിയായ ഓമനപ്പിള്ളയെക്കാൾ (1,45,990) 1,14,764 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുശീല ഗോപാലൻ (2,69,754) ജയിച്ചുകയറിയത്. അത്തവണ, ആലപ്പുഴ പാർലമെന്റിന്റെ കീഴിൽ വരുന്ന കുട്ടനാട് നിയോജക മണ്ഡലത്തിൽ സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ചത് കെ.പി. ജോസഫ് എന്ന പട്ടികജാതി ക്രിസ്ത്യാനിയാണ്. പക്ഷേ, കുട്ടനാട്ടിൽ കെ.പി. ജോസഫ് (33,256) 4090 വോട്ടുകൾക്ക് ഉമ്മൻ മാത്യുവിനോട് (37,346) തോറ്റു. കുട്ടനാട് നിയോജക മണ്ഡലം സുശീല ഗോപാലന്റെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിന് 22,000ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷം നൽകിയപ്പോഴാണ് കെ.പി. ജോസഫിന്റെ അരിവാൾ ചുറ്റിക നക്ഷത്രം 4090 വോട്ടുകൾക്ക് പരാജയപ്പെടുന്നത്. അതായത്, കുട്ടനാട് നിയോജക മണ്ഡലത്തിലെ 26,000ത്തിൽ പരം വോട്ടർമാർ കെ.പി. ജോസഫിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിന് ഇല്ലാത്ത എന്തോ ഒന്ന് സുശീല ഗോപാലന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ കണ്ടു. അത് ജാതിയല്ലാതെ മറ്റെന്താണ്?
ദ്വയാംഗ മണ്ഡലത്തിലെ ജാതി
1961 വരെ സംവരണം മണ്ഡലങ്ങൾ ദ്വയാംഗ മണ്ഡലങ്ങളിലാണ് ഉൾപ്പെട്ടിരുന്നത്. അത്തരമൊരു ദ്വയാംഗ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ദ്വയാംഗ മണ്ഡലംതന്നെ നിർത്തലാക്കാൻ കാരണമായി. ഒരു ദ്വയാംഗ മണ്ഡലത്തിൽനിന്നും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ഒരു പട്ടികവിഭാഗ സ്ഥാനാർഥിയെ തെരഞ്ഞെടുക്കപ്പെട്ടതായി ആദ്യം പ്രഖ്യാപിക്കും. തുടർന്ന്, ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർഥിയെ ജനറൽ വിഭാഗത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കും. ആന്ധ്രപ്രദേശിലെ പാർവതിപുരം എന്ന മണ്ഡലത്തിൽ 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് നേടിയ ബി. സത്യനാരായണയെ (1,26,792) പട്ടികവിഭാഗ പ്രതിനിധിയായി പ്രഖ്യാപിച്ചു.
തുടർന്നുള്ള സ്ഥാനാർഥികളുടെ വോട്ട് വിഹിതം, ഡിപ്പളാ സുരി ദോറ (1,24,604), വി.വി. ഗിരി (1,24,039), വാസി റെഡ്‌ഡി കൃഷ്ണമൂർത്തി വായിഡി (1,18,968) എന്ന നിലയിലായിരുന്നു. സ്വാഭാവികമായും പട്ടികവിഭാഗക്കാരനായ ഡിപ്ള സൂരി ജനറൽ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. നെഹ്റു മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന, 1969ൽ ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി അങ്ങനെ പരാജയപ്പെട്ടു. ഡിപ്ള സുരി ദോറ എന്ന പട്ടികവിഭാഗക്കാരനെ ദ്വയാംഗ മണ്ഡലത്തിൽനിന്നും ജനറൽ വിഭാഗത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്തു കൊണ്ട് വി.വി. ഗിരി സമർപ്പിച്ച ഹരജിയിൽ അന്തിമമായി വിധി പറഞ്ഞ സുപ്രീം കോടതി, ജനറൽ വിഭാഗത്തെ പ്രതിനിധാനം ചെയ്യാൻ പട്ടിക വിഭാഗങ്ങൾക്ക് അവകാശമുണ്ട് എന്ന് പ്രഖ്യാപിച്ചു. തുടർന്ന്, 1961ൽ ദ്വയാംഗ മണ്ഡലം റദ്ദ് ചെയ്ത് പാർലമെന്റ് നിയമം പാസാക്കി (Two Member Constituency (Abolition) Act, 1961). രണ്ടു പട്ടികവിഭാഗക്കാർക്ക് ദ്വയാംഗ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് നിയമംമൂലം റദ്ദാക്കിയത്.
കേരളത്തിലെ ഒരു ദ്വയാംഗ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിലും രസകരമായ ഒരു സംഭവം അരങ്ങേറിയിട്ടുണ്ട്. സാക്ഷാൽ ഇ.എം.എസ് തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം എന്ന ദ്വയാംഗ മണ്ഡലത്തിലാണ് പ്രസ്തുത സംഭവം അരങ്ങേറിയത്. നീലേശ്വരം എന്ന ദ്വയാംഗ മണ്ഡലത്തിൽ മത്സരിച്ച ഇ.എം.എസിന് 38,090 വോട്ടുകൾമാത്രം ലഭിച്ചപ്പോൾ, അതേ മണ്ഡലത്തിൽ പട്ടിക വിഭാഗ സ്ഥാനാർഥിയായി മത്സരിച്ച കല്ലളൻ വൈദ്യർ 44,754 വോട്ടുകൾ നേടി സാക്ഷാൽ ഇ.എം.എസിനേക്കാൾ ജനപിന്തുണ തനിക്കാണെന്ന് തെളിയിച്ചു.

അംബേദ്‌കറുടെ മാതൃക
ഒരു സമുദായം എന്ന നിലയിലുള്ള മർദിതജാതികളുടെ രാഷ്ട്രീയപ്രയോഗം അംബേദ്കറിൽനിന്നാണ് പിറവിയെടുക്കുന്നത്. 1919 മുതൽ 1956 വരെയുള്ള 37 വർഷം നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കാണ് അദ്ദേഹം രൂപംനൽകിയിട്ടുള്ളത്. ഇൻഡിപെൻഡന്റ് ലേബർ പാർട്ടി (1936), അഖിലേന്ത്യ പട്ടികജാതി ഫെഡറേഷൻ (1942), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (1956) എന്നിവയാണത്. അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷൻ പിരിച്ചുവിട്ടുകൊണ്ടാണ് അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടിക്ക് ജന്മംനൽകിയത്.
പക്ഷേ, അംബേദ്കർ അനുയായികൾ പട്ടികജാതി എന്ന രാഷ്ട്രീയ സ്വത്വത്തിൽനിന്നും ഇന്നും മുക്തരായിട്ടില്ല. അംബേദ്കറുടെ രാഷ്ട്രീയ പ്രയോഗത്തിന്റെ സവിശേഷമായ ഒരു പ്രത്യേകത അത് ആശ്രിതത്വത്തിന്റെ രാഷ്ട്രീയമായിരുന്നില്ല, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയമായിരുന്നു എന്നതാണ്. പക്ഷേ ഇന്ന്, സംവരണ മണ്ഡലങ്ങളിലെ ഭാഗ്യ പരീക്ഷണത്തിനായി മുന്നണികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും കാരുണ്യകടാക്ഷത്തിനായി കാത്തുകെട്ടി കിടക്കുന്ന, രാഷ്ട്രീയ പാർട്ടികളുടെ തിണ്ണനിരങ്ങുന്ന ആശ്രിതത്വത്തിന്റെ രാഷ്ട്രീയമാണ് ഈ ജനവിഭാഗങ്ങളിൽ വലിയനിലയിൽ സ്വാധീനം നേടിയിട്ടുള്ളത്. സണ്ണി എം. കപിക്കാടും സി.കെ. ജാനുവും അതിനൊരു അപവാദമാകുന്നില്ല എന്നതാണ് ഏറെ ഖേദകരം.
സി.കെ. ജാനുവിന്റെ രാഷ്ട്രീയ പാർട്ടി മത്സരസന്നദ്ധത അറിയിച്ചത് മാനന്തവാടി, ബാലുശ്ശേരി എന്നീ സംവരണ മണ്ഡലങ്ങളിലായിരുന്നു. സണ്ണി എം. കപിക്കാടും തന്റെ മത്സര സന്നദ്ധത അറിയിച്ചത് വൈക്കം എന്ന സംവരണ മണ്ഡലത്തിലായിരുന്നു. എവിടെയായിരുന്നാലും സംവരണ മണ്ഡലത്തിനപ്പുറത്തേക്ക് ഈ വിഭാഗങ്ങളുടെ രാഷ്ട്രീയചിന്തകൾ കടക്കുന്നില്ല എന്നത് പരിതാപകരമായ സ്ഥിതിവിശേഷമാണ്. കെ.പി.സി.സി പ്രസിഡന്റ് പദവി സ്വപ്നം കാണുന്നവരായിട്ടല്ല ദലിത് കോൺഗ്രസിന്റെ പ്രസിഡന്റ് പദവി സ്വപ്നംകാണുന്ന പട്ടികവിഭാഗക്കാരനെയാണ് നമുക്ക് എവിടെയും കാണാനാവുക. മർദിത ജാതികളിലെ പ്രമുഖരായ ഈ രണ്ടു നേതാക്കളും പ്രകടിപ്പിച്ച ചിന്താപരമായ പാപ്പരത്തം മർദിതജാതികളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ആശ്രിതത്വത്തിന്റെ ഏറ്റവും നല്ല തെളിവാണ്.
അംബേദ്കർക്കുശേഷം മർദിത ജാതികളുടെ രാഷ്ട്രീയ പ്രയോഗത്തെ ഏറ്റവും ഫലപ്രദമായും ശരിയായും മുന്നോട്ടുനയിച്ചത് മഹാനായ കാൻഷിറാമാണ്. അദ്ദേഹമാകട്ടെ രാഷ്ട്രീയ സഖ്യത്തേക്കാൾ സാമൂഹിക സഖ്യത്തിനാണ് (SC + ST + OBC + Minorities = Bahujan Samaj) പ്രാധാന്യം നൽകിയത്. ‘‘ബഹുജന ഹിതായ, ബഹുജന സുഖായ’’ എന്ന മുദ്രാവാക്യം അദ്ദേഹം തന്റെ പാർട്ടിയുടെ ആപ്തവാക്യമായി ഉയർത്തിക്കാണിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ കാലഘട്ടത്തിനുശേഷം ‘‘സർവജൻ ഹിതായ, സർവജൻ സുഖായ’’ എന്ന മുദ്രവാക്യത്തിലേക്ക് പരകായ പ്രവേശനം നടത്തുകവഴി ബഹുജൻ സമാജ് പാർട്ടിയുടെ ആശയധാരക്ക് വിള്ളൽ സംഭവിക്കുകയും കാലക്രമേണ അത് ദുർബലപ്പെടുകയും ചെയ്തതായിട്ടാണ് കാണുന്നത്. 1983 ഏപ്രിൽ 20ന് കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ ലേബർ പാർട്ടിയിലൂടെയാണ് (ILP) കേരളത്തിൽ മർദിതജാതികളുടെ രാഷ്ട്രീയ പ്രയോഗം ഔപചാരികമായി ആരംഭിക്കുന്നത്. 43 വർഷത്തിനിപ്പുറം 20ലധികം രാഷ്ട്രീയ പാർട്ടികളായി ഈ ജനതയുടെ രാഷ്ട്രീയ പ്രയോഗം കേരളത്തിൽ ‘‘വളർന്നു പന്തലിച്ചു’’ നിൽക്കുന്നു.
1983ല്‍ രൂപംകൊണ്ട ഇന്ത്യൻ ലേബർ പാർട്ടി (ILP) 1984ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കുറ്റിയാനി കോൺഗ്രസ്, എസ്.ആർ.പി തുടങ്ങിയ പാർട്ടികളുമായി ചേർന്ന് മുന്നണിയായിട്ടാണ് മത്സരിച്ചത്. ഐ.എൽ.പിയുടെ സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽ അത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത് പോൾ ചിറക്കരോടാണ്. മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിന് 9186 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. എന്നാൽ, അതേ മുന്നണിയുടെ സ്ഥാനാർഥിയായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച ജോസഫ് മൈക്കിൾ എന്ന മണർകാട് പാപ്പൻ 44,472 വോട്ടുകൾ നേടുകയുണ്ടായി.
ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായിരുന്നാലും പട്ടികവിഭാഗ സ്ഥാനാർഥികൾക്കായി മുന്നണിയിലെ ഇതര പാർട്ടികളുടെ വോട്ടർമാർ തങ്ങളുടെ വോട്ടുകൾ കൈമാറുന്നില്ല (vote transfer) എന്നതാണ് ഇവിടെ തെളിയുന്ന യാഥാർഥ്യം. മർദിത ജാതികളുടെ രാഷ്ട്രീയ പ്രയോഗത്തിനുനേരെ ഉയരുന്ന ഇത്തരം വെല്ലുവിളികൾ നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ഇതിനെ തുടർന്ന്, 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഐ.എൽ.പി തനിച്ചു മത്സരിക്കുന്നതാണ് നമ്മൾ കാണുന്നത്. 1996ൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ബി.എസ്.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച കല്ലറ സുകുമാരൻ നേടിയ 4355 വോട്ടുകളാണ് കഴിഞ്ഞ 43 വർഷത്തെ മർദിത ജാതികളുടെ രാഷ്ട്രീയ പ്രയോഗത്തിൽ ഒരു നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വോട്ട് വിഹിതം.
ഒരു നിയമസഭ മണ്ഡലത്തിലെ ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന വോട്ട് വിഹിതംപോലും നേടാൻ കഴിയാത്തവിധം ദുർബലമാണ് ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രയോഗം എന്ന വസ്തുത നമ്മൾ കാണാതെ പോകരുത്. ഇത് മുഖ്യധാര മുന്നണികൾക്ക് ബോധ്യമുള്ളതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളെ രാഷ്ട്രീയമായി അവഗണിക്കുന്നത് അവർ തുടരുകതന്നെ ചെയ്യും. ഒരു ദലിതൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെങ്കിൽ അവൻ മൂട്ടയായി ജനിക്കേണ്ടിവരും എന്ന പ്രഫസർ കുഞ്ഞാമന്റെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു.
തുടർന്നു നടന്ന ഒരു തെരഞ്ഞെടുപ്പിലും മർദിതജാതികളുടെ രാഷ്ട്രീയ പ്രയോഗത്തിന് കേരളത്തിൽ ശ്രദ്ധേയമായ ഒരു മുന്നേറ്റവും നടത്താൻ കഴിഞ്ഞിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഇറയത്ത് കുടിൽകെട്ടി താമസിക്കാനും അവരുടെ കാരുണ്യ കടാക്ഷത്തിന് ഭാഗ്യംകിട്ടിയാൽ സംവരണ മണ്ഡലങ്ങളിലൂടെ നിയമസഭയിൽ എത്താനും മാത്രം കഴിയുന്ന ആശ്രിതത്വത്തിന്റെ രാഷ്ട്രീയമാണ് പിന്നീട് ഇങ്ങോട്ട് നാം കണ്ടുവരുന്നത്. കേരളത്തിലെ മർദിതജാതികളെ ഒരു രാഷ്ട്രീയ സമൂഹമായി പരിവർത്തനപ്പെടുത്താൻ ആവശ്യമായ ഒരുവിധ മുന്നൊരുക്കവും ഒരു ഭാഗത്തും നടന്നുവരുന്നതായി കാണുന്നുമില്ല. യു.ഡി.എഫ് തങ്ങളെ പരിഗണിച്ചില്ല, തങ്ങളെ അവഗണിച്ചു എന്ന് വിലപിക്കുന്ന സണ്ണി കപിക്കാടിന്റെയും സി.കെ. ജാനുവിന്റെയും വാക്കുകൾ ആശ്രിതത്വത്തിന്റെ രോദനമാണ്, ആത്മാഭിമാനത്തിന്റെ ഗർജനമല്ല.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
തെരഞ്ഞെടുപ്പ് കാലത്തുമാത്രം സമ്മേളനങ്ങളിലൂടെ സജീവമാകുന്ന ചില സംഘടനകൾ ഈ വിഭാഗങ്ങൾക്കിടയിൽ വളരെ സജീവമാണ്. ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന മണ്ഡലങ്ങളിൽ ജില്ല സമ്മേളനങ്ങൾ നടത്തുകയും ഇവരുടെ പ്രധാനപ്പെട്ട വിനോദമാണ്. സദസ്സിൽ ആയിരങ്ങളെ സാക്ഷിയാക്കിയും വേദിയിൽ മുഖ്യധാര രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിരുത്തിയും നേതാക്കൾ ശക്തി തെളിയിക്കും. അങ്ങനെ സംഭരിക്കുന്ന ശക്തിയാണ് അടുത്ത അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അവരുടെ ഇന്ധനം. ഇത്തരം കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം മർദിതജാതികളുടെ രാഷ്ട്രീയ പ്രയോഗത്തെ ഒട്ടൊന്നുമല്ല ദുർബലപ്പെടുത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ചില സമുദായ നേതാക്കളുടെ തിണ്ണനിരങ്ങുമ്പോൾ, പട്ടികവിഭാഗ നേതാക്കൾ ഇതേ രാഷ്ട്രീയ നേതാക്കളുടെ തിണ്ണനിരങ്ങുന്നു, കൈയിൽ ഒരു നിവേദനമോ അവകാശ പത്രികയോ, മാനിഫെസ്റ്റോയോ ഉണ്ടാവുമെന്നുമാത്രം. ചില സമുദായ നേതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ സദാസന്നദ്ധരായി രാഷ്ട്രീയ നേതാക്കൾ ക്യൂ നിൽക്കുമ്പോഴാണ് പട്ടികവിഭാഗ നേതാക്കളുടെ ഈ ദുര്യോഗം.

ഇന്ന് രാജ്യത്ത് ഏറ്റവുമധികം സമ്പന്നമായ പാർട്ടി ബി.ജെ.പിയാണെന്ന് തിരിച്ചറിഞ്ഞ് ബി.ജെ.പിയിലേക്ക് ഒഴുകുന്ന പട്ടികവിഭാഗ നേതാക്കളുടെയും, എൻ.ഡി.എ മുന്നണിയിൽ ശരണം പ്രാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും എണ്ണം അനുദിനം വർധിക്കുന്നുമുണ്ട്. ജാതിക്കും മതത്തിനും അതീതമായി അംബേദ്കറും അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും സ്വപ്നംകണ്ട മാതൃകയിൽ ഒരു സാമൂഹിക വിഭാഗമായി സ്വയം പരിണമിക്കുകയും, തങ്ങളുടെ സ്വഭാവികമിത്രങ്ങളുമായി (പട്ടികജാതി ക്രിസ്ത്യാനികൾ, അതിപിന്നാക്ക വിഭാഗങ്ങൾ, മുസ്‍ലിംകൾ) സാഹോദര്യത്തിന്റെയും, സഹകരണത്തിനും സഹവർത്തിത്വത്തിന്റെയും പാലം തീർക്കുകയും അതുവഴി തങ്ങളുടെ സാമൂഹിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യാതെ മർദിതജാതികൾ നടത്തുന്ന ഏതൊരു രാഷ്ട്രീയ പ്രയോഗവും ആശ്രിതത്വത്തിന്റെ ആഴം വർധിപ്പിക്കാനേ ഉപകരിക്കൂ.
1932 ആഗസ്റ്റ് 17ാം തീയതി പ്രഖ്യാപിക്കപ്പെട്ട കമ്യൂണൽ അവാർഡിലൂടെ നിലവിൽ വന്ന പ്രത്യേകം നിയോജക മണ്ഡലങ്ങൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതും മർദിതജാതികളുടെ രാഷ്ട്രീയ പ്രാതിനിധ്യം ആത്മാഭിമാനപൂരിതമായി ഉറപ്പിക്കാൻ പര്യാപ്തമാണ്. നിയോജക മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള നിലവിലെ തെരഞ്ഞെടുപ്പ് സംവിധാനം അടിമുടി പരിഷ്കരിച്ച്, ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പാക്കുന്ന ‘‘പ്രാതിനിധ്യ ജനാധിപത്യ’’ സംവിധാനം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ഏർപ്പെടുത്താൻ ആവശ്യപ്പെടുന്നതും, അതിനായി പരിശ്രമിക്കുന്നതും മർദിത ദേശീയതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉചിതമായ മാർഗമായിരിക്കും.
ഈ തെരഞ്ഞെടുപ്പിനുശേഷവും അധികാരമില്ലാത്തവർ അവകാശമില്ലാത്തവരായി തുടരുകതന്നെ ചെയ്യും. ആശ്രിതത്വത്തിന്റെ രാഷ്ട്രീയം കൈയൊഴിഞ്ഞ് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിലേക്ക് മർദിതജാതികൾ പ്രവേശിക്കാത്തിടത്തോളം, അധികാരത്തിൽനിന്നും അവകാശത്തിൽനിന്നും അവർ പുറത്താക്കപ്പെടുന്ന നില തുടരുകതന്നെ ചെയ്യും.
