Begin typing your search above and press return to search.
proflie-avatar
Login

മാറ്റത്തിന് ഗാരന്റി, തകര്‍ത്തുകളഞ്ഞ കേരളത്തെ തിരിച്ചുപിടിക്കും

മാറ്റത്തിന് ഗാരന്റി, തകര്‍ത്തുകളഞ്ഞ   കേരളത്തെ തിരിച്ചുപിടിക്കും
cancel

‘‘സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മതനിരപേക്ഷതക്ക് അല്‍പംപോലും പോറലേല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും.’’ –തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയെയും ​കോൺഗ്രസിനെയും നയിക്കുന്ന പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും ഭരണകൂട ഭീകരതയും അധികാരത്തിന്റെ ധാര്‍ഷ്ട്യവും ഇതൊക്കെ മറക്കാന്‍ പി.ആര്‍ കമ്പനികള്‍ പടച്ചുവിടുന്ന നുണകളുമൊക്കെ ചേര്‍ന്ന ഇരുണ്ടകാലമാണ് പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ഭരണം. ഏതെങ്കിലും...

Your Subscription Supports Independent Journalism

View Plans
‘‘സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മതനിരപേക്ഷതക്ക് അല്‍പംപോലും പോറലേല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും.’’ –തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയെയും ​കോൺഗ്രസിനെയും നയിക്കുന്ന പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കുന്നു. 

അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും ഭരണകൂട ഭീകരതയും അധികാരത്തിന്റെ ധാര്‍ഷ്ട്യവും ഇതൊക്കെ മറക്കാന്‍ പി.ആര്‍ കമ്പനികള്‍ പടച്ചുവിടുന്ന നുണകളുമൊക്കെ ചേര്‍ന്ന ഇരുണ്ടകാലമാണ് പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ഭരണം. ഏതെങ്കിലും തരത്തില്‍ ഭരണത്തിന്റെ ഇരകളായി മാറ്റപ്പെടാത്ത ആരെങ്കിലുമുണ്ടോ? പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മുതല്‍ സൈബര്‍ പോരാളികള്‍ വരെ നുണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് കരുതുന്ന തീവ്ര വലതുപക്ഷ ആശയങ്ങള്‍ പേറുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ലോകത്തെതന്നെ ഉദാഹരണമായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. അത്തരമൊരു ജനാധിപത്യവിരുദ്ധ അഴിമതി ഭരണകൂടത്തെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയുകയെന്ന ചരിത്രപരമായ ദൗത്യമാണ് തെരഞ്ഞെടുപ്പില്‍ കേരള ജനതക്കുള്ളത്.

ശബരിമലയിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലക ശില്‍പങ്ങളും മോഷ്ടിച്ച കേസില്‍ സി.പി.എം നേതാക്കളാണ് ജയിലില്‍ കിടന്നത്. എന്നിട്ടും ആ പ്രതികളെ മുഖ്യമന്ത്രിയും സര്‍ക്കാറും സി.പി.എം നേതൃത്വവും സംരക്ഷിച്ചു. ഉന്നതരായ കൂടുതല്‍ സി.പി.എം നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമോയെന്ന ഭയമാണ് ഇതിനു കാരണം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിയോഗിച്ച എസ്.ഐ. ടിയുടെ പ്രവര്‍ത്തനത്തെയും മുഖ്യമന്ത്രിയുടെ ഓഫിസ് മരവിപ്പിച്ചു. പ്രാഥമിക കുറ്റപത്രംപോലും നല്‍കാതെ പ്രതികള്‍ക്കെല്ലാം സ്വാഭാവിക ജാമ്യം ലഭിച്ചു.

പ്രതികള്‍ പുറത്തിറങ്ങി തെളിവുകളെല്ലാം നശിപ്പിച്ച് മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിച്ച് സ്വര്‍ണക്കൊള്ളയിലെ അന്വേഷണം എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാറും സി.പി.എമ്മും നടത്തിയത്. അയ്യപ്പനെ പോലും കൊള്ളയടിക്കുന്ന മാഫിയ സംഘമായി സര്‍ക്കാര്‍ മാറിയത് അമ്പരപ്പോടെയാണ് കേരളം നോക്കിക്കാണുന്നത്. കൊള്ളസംഘത്തിന് തിരിച്ചടി നല്‍കാനുള്ള അവസരത്തിന് കേരള ജനത കാത്തിരിക്കുകയാണ്. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഇടതുപക്ഷമെന്ന് പറയുമ്പോഴും തീവ്രവലതുപക്ഷ മുഖവും ഫാഷിസ്റ്റ് മനോഭാവവുമുള്ള പിണറായി വിജയനെയും കൂട്ടരെയും കേരള ജനത തൂത്തെറിയുമെന്നതില്‍ ഒരു സംശയവുമില്ല.

ഭരണത്തിന്റെ ഇരകളായത് സാധാരണക്കാര്‍

അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെടുന്നത് സാധാരണക്കാരാണ്. പെട്രോളിനും ഡീസലിനും നികുതിക്ക് പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇനത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു. വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ നേരത്തേ 1000 ലിറ്ററിന് 4.41 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മേയ് മുതല്‍ നാലുതവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പിച്ചു.

പതിനൊന്നു മാസമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കടുത്ത ധനപ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടം ആറു ലക്ഷം കോടിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക രണ്ടു ലക്ഷം കോടി വരും. ഇതുകൂടി കണക്കാക്കിയാല്‍ ആകെ കടം എട്ടു ലക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ധനക്കുവേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അംഗൻവാടി ജീവനക്കാരെയും അപമാനിച്ചതും ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിമാരാണ്. അവര്‍ അനുഭവിച്ച അവഗണനക്കും അപമാനത്തിനും അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കും.

സര്‍വം തകര്‍ച്ചയുടെ പതിറ്റാണ്ട്

കാലങ്ങള്‍കൊണ്ട് കേരളം വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ പത്തു വര്‍ഷംകൊണ്ട് ഇല്ലാതാക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് അന്തരീക്ഷം തകര്‍ത്ത് തരിപ്പണമാക്കി. നമ്മുടെ കുട്ടികള്‍ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലക്ക് ചേക്കേറുകയാണ്. ബ്രെയിന്‍ ഡ്രെയിനാണ് കേരളത്തില്‍ സംഭവിക്കുന്നത്. കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിച്ചും തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുന്ന പ്രോഗ്രാമുകള്‍ തുടങ്ങിയും നമ്മുടെ കുട്ടികളെ നാട്ടില്‍ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. അതിന് ആവശ്യമായ നടപടികള്‍ യു.ഡി.എഫ് സ്വീകരിക്കും. ആരോഗ്യ മേഖല വെന്റിലേറ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പരിമിതികളെ കുറിച്ച് തുറന്നുപറഞ്ഞ ഡോക്ടറെ അഭിനന്ദിച്ച് കുറവുകള്‍ പരിഹരിക്കുന്നതിന് പകരം ആക്ഷേപിക്കാനാണ് ഈ മന്ത്രിയും സര്‍ക്കാറും ശ്രമിച്ചത്.

ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്നതും കേരളത്തിലാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി തുറന്നു​െവച്ച് എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥമാക്കിയത്. കോവിഡിന്റെ മറവില്‍ പി.ആര്‍ കമ്പനികളെ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയതും കേരളം മറന്നിട്ടില്ല. ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാത മാറിയിരിക്കുന്നു. ദേശീയപാതയിലെ അഴിമതി നിർമിതികള്‍ തകര്‍ന്നുവീഴുന്നത് പതിവ് സംഭവമായി. റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാറാനാകില്ല. തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ച് മുൻ മന്ത്രിക്കെതിരെ വിജിലന്‍സ് കേസുണ്ടാക്കി ജയിലില്‍ അടക്കാന്‍ ശ്രമിച്ചവരാണ് സംസ്ഥാനം ഭരിക്കുന്നത്. 150ഓളം സ്ഥലത്ത് ദേശീയപാത നിർമാണത്തില്‍ പാളിച്ചകളുണ്ടായിട്ടും പിണറായി സര്‍ക്കാറിന് ഒരു പരാതിയും ഇല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണ്.

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വി.ഡി. സതീശൻ

 

മറനീക്കുന്നു, ബി.ജെ.പിയുമായി അവിശുദ്ധ ബാന്ധവം

മൈക്കിന് മുന്നില്‍ വര്‍ഗീയതക്ക് എതിരായ പോരാട്ടവും സ്റ്റേജിന് പിന്നില്‍ വര്‍ഗീയവാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഖജനാവില്‍നിന്നും കോടികള്‍ മുടക്കി നടത്തിയ പി.ആര്‍ വര്‍ക്കിലും രക്ഷയില്ലെന്നു കണ്ടാണ് സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ ബാന്ധവമുണ്ടാക്കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ നിന്നും കരുവന്നൂരിലെ ബാങ്കിലെ കൊള്ളക്കാരായ നേതാക്കളെ രക്ഷിക്കാനും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കുകയെന്ന ഡീല്‍ ആണ് പിണറായി വിജയന്‍ നടപ്പാക്കിയത്. അതേ അവിശുദ്ധ ബാന്ധവം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സി.പി.എം. അവിടെ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ വിഭജിക്കാനുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ബി.ജെ.പിയെ ജയിപ്പിക്കാനാണ് സി.പി.എം പാലക്കാട് സ്ഥാനാർഥിയെ നിര്‍ത്തിയിരിക്കുന്നത്. ബി.ജെ.പി-സി.പി.എം സഖ്യമുള്ള പത്തില്‍ അധികം സീറ്റുകളുണ്ട്. എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്ത് മാത്രമുള്ള ട്വന്റി ട്വന്റിക്ക് എവിടെയൊക്കെയാണ് സ്ഥാനാർഥിത്വം നല്‍കിയിരിക്കുന്നതെന്ന് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി മണ്ഡലങ്ങള്‍ എന്തുകൊണ്ടാണ് ബി.ജെ.പി അവരുടെ മുന്നണിയിലെ തീര്‍ത്തും അപ്രധാനമായ ഘടകക്ഷികള്‍ക്ക് നല്‍കിയതെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടിയുണ്ടായിട്ടില്ല.

ശബരിമലയിലെ സ്വര്‍ണക്കൊള്ള ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍പോലും ചര്‍ച്ചയാകില്ലെന്ന് എന്‍.ഡി.എ സ്ഥാനാർഥി പ്രഖ്യാപിച്ചത് രഹസ്യ ഡീലിന്റെ ഭാഗമാണ്. പല മണ്ഡലങ്ങളിലും പരസ്പര സഹായ സംഘങ്ങളായി സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ സി.പി.എമ്മിനെ സഹായിക്കുമെന്ന് ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ ജയിക്കാന്‍ ബി.ജെ.പിയെ തിരിച്ച് സഹായിക്കാമെന്ന് സി.പി.എമ്മും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും സി.പി.എമ്മും എല്‍.ഡി.എഫും ഈ തെരഞ്ഞെടുപ്പ് ജയിക്കില്ല.

മതേതര കേരളം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ 90 ഡിഗ്രി വളഞ്ഞുനില്‍ക്കുന്ന ആളാണ് പിണറായി വിജയന്‍. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ് പി.എം ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്. ദേശീയപാത തകര്‍ന്നതിനു പിന്നാലെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചേര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സമ്മാനപ്പൊതി നല്‍കുന്ന ചിത്രം ഇന്നും കേരള ജനതയുടെ മനസ്സിലുണ്ട്. ഇതൊക്കെ സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്നും രക്ഷപ്പെടാന്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റാണ് സി.പി.എം ബി.ജെ.പിക്ക് നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സി.പി.എം നേതാക്കള്‍ക്കും എതിരായ എത്രയെത്ര അഴിമതി കേസുകളാണ് ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്.

ക്ഷേമ പെന്‍ഷനില്‍ വഞ്ചന

ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് കബളിപ്പിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. ഭരണത്തിലെത്തി നാലര വര്‍ഷമായിട്ടും നയാപൈസ കൂട്ടാത്തവര്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ചയാണ് 400 രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍, അതിനുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള ജനത എല്‍.ഡി.എഫിന് നല്‍കി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കിയവര്‍ പത്തുവര്‍ഷംകൊണ്ട് കൂട്ടിയത് 50 രൂപ മാത്രം. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കിയിട്ട് 18 മാസമായി. ക്ഷേമനിധികള്‍ പലതും തകര്‍ന്നു.

പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1200 കോടിയാണ് കുടിശ്ശിക. ഉന്നതവിദ്യാഭ്യാസ രംഗത്തെയും ഇവര്‍ തകര്‍ത്തു. എസ്.സി എസ്.ടി വിഭാഗങ്ങളെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടിയോളം രൂപയാണ് കുടിശ്ശിക. നെല്ലും നാളികേരവും ഉള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളെയും കര്‍ഷകരെയും ഈ സര്‍ക്കാര്‍ അവഗണിച്ചു. 30 ലക്ഷം ജനങ്ങളാണ് മലയോര മേഖലയിലുള്ളത്. എന്നിട്ടും വന്യജീവി ആക്രമണം നേരിടാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ല. ആ മനുഷ്യരെ ഈ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളെയും ഇവര്‍ വറുതിയിലാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയിട്ടും വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ സഹായമോ വീട്ടുവാടകയോ കൃത്യമായി നല്‍കാതെ കബളിപ്പിക്കുന്ന സര്‍ക്കാറാണിത്.

 

യു.ഡി.എഫ് പുതുയുഗ യാത്രക്കിടെ നേതാക്കളായ വി.ടി. ബൽറാം, എൻ. ഷംസുദ്ദീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, എം.എം. ഹസൻ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവർക്കൊപ്പം വി.ഡി. സതീശൻ

ഭരണമാറ്റമാണ് ഗാരന്റി

ഭരണത്തിന്റെ തണലില്‍ നിയമവ്യവസ്ഥകളൊന്നും ബാധകമല്ലെന്ന നിലയിലാണ് പത്ത് വര്‍ഷവും പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും അവസാനമായി ധനരാജ് രക്തസാക്ഷി ഫണ്ടും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ടും സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുണ്ടായി. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനാണ് ഇതു സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ശബരിമല ധർമശാസ്താവിന്റെ സ്വര്‍ണം കവര്‍ന്നതിന് ജയിലിലായ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്ത സി.പി.എമ്മാണ് പാര്‍ട്ടിയില്‍ നടന്ന കൊള്ള പുറത്ത് പറഞ്ഞ നേതാവിനെതിരെ 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് നടപടി എടുത്തത്. തളിപ്പറമ്പില്‍ മറ്റൊരു മുതിര്‍ന്ന സി.പി.എം നേതാവ് പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ എണ്ണിപ്പറഞ്ഞാണ് സി.പി.എം വിട്ടത്. അക്ഷരാർഥത്തില്‍ സി.പി.എം ശിഥിലീകരണത്തിന്റെ പാതയിലാണ്. യു.ഡി.എഫാകട്ടെ ഒറ്റ പാര്‍ട്ടി പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ വീണ്ടെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ച് മത നിരപേക്ഷതക്ക് അല്‍പംപോലും പോറലേല്‍ക്കാതെ ആ ദൗത്യം യു.ഡി.എഫ് നിറവേറ്റും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാണ് യു.ഡി.എഫ് തെരഞ്ഞെുപ്പിന് ഇറങ്ങിയത്. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ ഗാരന്റികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ന്യൂനപക്ഷ വര്‍ഗീയത ഉപേക്ഷിച്ച സി.പി.എം ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും വര്‍ഗീയ രാഷ്ട്രീയം കേരളജനത തിരിച്ചറിയുക തന്നെ ചെയ്യും. പിണറായി വിജയനും വി.ഡി സതീശനുമൊക്കെ കുറെനാള്‍ കഴിയുമ്പോള്‍ ഇല്ലാതാകും. പക്ഷേ, കേരളം അപ്പോഴും ഉണ്ടാകുമെന്നത് മറക്കരുത്. കേരളത്തിന്റെ മതേതര അടിത്തറക്ക് തീ കൊളുത്തുന്നത് വരാനിരിക്കുന്ന തലമുറയോടുള്ള കടുത്ത അനീതിയാണ്. ആര് വര്‍ഗീയത പറയാന്‍ ശ്രമിച്ചാലും അതിനെ ചെറുത്ത് തോൽപിക്കും. പിണറായി വിജയന്റെ പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് മതേതര കേരളമാണെന്ന് കേരളത്തിലെ ജനങ്ങള്‍ രാജ്യത്തോട് വിളിച്ചുപറയുന്നതാകും ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒരു ഡീലും അനുവദിക്കില്ല. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും.

തയാറാക്കിയത്: എം. ഷിബു

News Summary - Elections and Opposition