അൽഗോരിതങ്ങളുടെ തടവറയിലെ ജനാധിപത്യം

ഡിജിറ്റൽ ലെവിയാഥൻ ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും, വാസ്തവത്തിൽ അത് വോട്ടർമാരെയും നേതാക്കന്മാരെയും ഒരുപോലെ അൽഗോരിതങ്ങളുടെ തടവുകാരാക്കുകയാണ് ചെയ്യുന്നത് എന്ന് വാദിക്കുകയാണ് ലേഖകൻ. സമകാലിക കേരള രാഷ്ട്രീയത്തെ ‘ഡിജിറ്റൽ ലെവിയാഥന്റെ’ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് തത്ത്വചിന്തകനായ തോമസ് ഹോബ്‌സ് തന്റെ പ്രശസ്തമായ ‘െലവിയാഥൻ’ എന്ന ഗ്രന്ഥത്തിൽ മനുഷ്യന്റെ ആഭ്യന്തര കലഹങ്ങളെയും അരാജകത്വത്തെയും നിയന്ത്രിക്കാൻ പരമാധികാരമുള്ള, ഭീമാകാരനായ ഒരു ഭരണാധികാരി വേണമെന്ന് വാദിക്കുകയുണ്ടായി. എന്നാൽ, 21ാം നൂറ്റാണ്ടിന്റെ മൂന്നാം...
Your Subscription Supports Independent Journalism
View Plansഡിജിറ്റൽ ലെവിയാഥൻ ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും, വാസ്തവത്തിൽ അത് വോട്ടർമാരെയും നേതാക്കന്മാരെയും ഒരുപോലെ അൽഗോരിതങ്ങളുടെ തടവുകാരാക്കുകയാണ് ചെയ്യുന്നത് എന്ന് വാദിക്കുകയാണ് ലേഖകൻ. സമകാലിക കേരള രാഷ്ട്രീയത്തെ ‘ഡിജിറ്റൽ ലെവിയാഥന്റെ’ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് തത്ത്വചിന്തകനായ തോമസ് ഹോബ്‌സ് തന്റെ പ്രശസ്തമായ ‘െലവിയാഥൻ’ എന്ന ഗ്രന്ഥത്തിൽ മനുഷ്യന്റെ ആഭ്യന്തര കലഹങ്ങളെയും അരാജകത്വത്തെയും നിയന്ത്രിക്കാൻ പരമാധികാരമുള്ള, ഭീമാകാരനായ ഒരു ഭരണാധികാരി വേണമെന്ന് വാദിക്കുകയുണ്ടായി. എന്നാൽ, 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ, പ്രത്യേകിച്ച് 2024-2026 കാലഘട്ടത്തിൽ, ആ പരമാധികാരം ജനാധിപത്യ സർക്കാറുകളിൽനിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ അപ്രത്യക്ഷമായിരിക്കുന്നു. പകരം, സ്മാർട്ഫോൺ സ്ക്രീനുകൾക്ക് പിന്നിലെ കോഡിങ്ങുകളിലും അൽഗോരിതങ്ങളിലും അധിഷ്ഠിതമായ ഒരു ‘ഡിജിറ്റൽ ലെവിയാഥൻ’ ഉയർന്നുവന്നിരിക്കുന്നു.
എഡ്വേർഡ് സ്നോഡൻ, ഷൊസ്ഹാന സുബോഫ് തുടങ്ങിയവർ ഈ ആശയം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ ഇത്തരം ഡിജിറ്റൽ ആധിപത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. കേരളം പോലെ ഉയർന്ന സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ഒരു സമൂഹത്തിൽ ഇന്ന് അധികാരം നിർണയിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിലൂടെയോ പ്രത്യയശാസ്ത്ര സംവാദങ്ങളിലൂടെയോ മാത്രം അല്ല.
പകരം, മെറ്റാ (Meta), എക്സ് (X), ഗൂഗിൾ തുടങ്ങിയ ആഗോള കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്ത അൽഗോരിതങ്ങളാണ് മലയാളിയുടെ രാഷ്ട്രീയബോധത്തെ പാകപ്പെടുത്തുന്നത്. വി.ഡി. സതീശന്റെ സൈബർ പ്രതിച്ഛായയും, കെ. മുരളീധരന്റെ പൊതിച്ചോറ് നിലപാട് മാറ്റങ്ങളും, പി.വി. അൻവറിന്റെ ഫേസ്ബുക്ക് വിപ്ലവങ്ങളും ടി.ജി. മോഹൻദാസിന്റെ പ്രകോപന പ്രസ്താവനയും എല്ലാം ഈ ഡിജിറ്റൽ ലെവിയാഥന്റെ നിയന്ത്രണത്തിലാണ് നിർമിക്കപ്പെടുന്നത്.
ഹൈപ്പർ റിയാലിറ്റിയും വി.ഡി. സതീശന്റെ സെലിബ്രിറ്റി നേതൃത്വവും
തമിഴ്നാട്ടിൽ വിജയ് വെള്ളിത്തിരയിൽനിന്ന് അധികാരക്കസേരയിലേക്ക് എത്തുമ്പോൾ അവിടെ മുമ്പുണ്ടായിരുന്ന താരപദവിക്ക് ഔദ്യോഗിക പരിവേഷം ലഭിച്ച പ്രതീതിയാണ് ഉണ്ടാകുന്നത്. എന്നാൽ, ചലച്ചിത്രതാരമല്ലായിരുന്നെങ്കിലും വി.ഡി. സതീശന്റെ ചലിക്കുന്ന ഫ്രെയിമുകൾ ജനമനസ്സുകളിൽ പതിയുന്ന തരത്തിലുള്ള സ്വാധീനമാണ് നവമാധ്യമങ്ങളിൽനിന്നുണ്ടായത്.
ഫ്രഞ്ച് ചിന്തകനായ ജീൻ ബോദ്രിലാർദ് (Jean Baudrillard) മുന്നോട്ടുവെച്ച ‘ഹൈപ്പർ റിയാലിറ്റിയും’ ‘സിമുലേഷൻ’ സിദ്ധാന്തവും വ്യക്തമാക്കുന്നത് ആധുനിക സമൂഹത്തിൽ യഥാർഥ വസ്തുതകളെക്കാൾ മാധ്യമങ്ങൾ കൃത്രിമമായി നിർമിച്ചെടുക്കുന്ന ദൃശ്യങ്ങൾക്കാണ് ജനങ്ങൾ പ്രാധാന്യം നൽകുന്നത് എന്നാണ്. യഥാർഥ വ്യക്തിയല്ല, മറിച്ച് ആ വ്യക്തിയെക്കുറിച്ച് വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ഡിജിറ്റൽ ഇമേജ് ആണ് താരമായി മാറുന്നത് എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാൽ ഇത് ഇരുതലമൂർച്ചയുള്ള വാളിനു സമമാണ്; കുപ്രസിദ്ധിയുമുണ്ടാകാം.
2024 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ രാഷ്ട്രീയ ഗ്രാഫ് പരിശോധിച്ചാൽ ഈ ഹൈപ്പർ റിയാലിറ്റിയുടെ സ്വാധീനം വ്യക്തമാകും. സഭക്കകത്തെ സതീശന്റെ മൂർച്ചയുള്ള വാക്കുകളും പ്രത്യാക്രമണങ്ങളും വെറും വാർത്തകളായല്ല ജനങ്ങളിലേക്ക് എത്തിയത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പി.ആർ ഏജൻസികൾ അവയെ കൃത്യമായ പശ്ചാത്തല സംഗീതവും സ്ലോമോഷൻ ഇഫക്ടുകളും ചേർത്ത് ‘റീലുകൾ’ ആയും ‘ഷോട്സ്’ ആയും ഇൻസ്റ്റഗ്രാമിൽ നിറച്ചു.
ഗ്രൗണ്ട് ലെവലിലെ രാഷ്ട്രീയ പ്രവർത്തനത്തേക്കാൾ വേഗത്തിൽ ഈ വെർച്വൽ ദൃശ്യങ്ങൾ സതീശനെ ഒരു ‘മാസ് ലീഡർ’ പദവിയിലേക്ക് ഉയർത്തി. യഥാർഥത്തിലുള്ള രാഷ്ട്രീയ ചർച്ചകളേക്കാൾ ജനങ്ങൾ സ്വീകരിച്ചത് സ്ക്രീനിൽ നിർമിക്കപ്പെട്ട ഈ ‘ഹൈപ്പർ റിയൽ’ സതീശനെയാണ്. ഈ ഡിജിറ്റൽ ഇമേജാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് വരെ ഉയർത്താൻ തക്കവിധം ശക്തമായ ഒരു പൊതുബോധം നിർമിച്ചെടുത്തത്.
ജനങ്ങൾ വോട്ട് ചെയ്യുന്നത് നേതാവിനല്ല, മറിച്ച് സ്ക്രീനിൽ കാണുന്ന ആ നേതാവിന്റെ ഡിജിറ്റൽ രൂപത്തിനാണ്. വി.ഡി. സതീശന്റെ കാര്യത്തിൽ വോട്ടെടുപ്പോടെ അവസാനിക്കുന്ന ഒന്നായിരുന്നില്ല സമൂഹമാധ്യമത്തിന്റെ ഇടപെടൽ. മുഖ്യമന്ത്രി കസേരയിൽ അവരോധിക്കപ്പെടുന്നതുവരെയുള്ള വിശ്രമരഹിത സൈബർ പോരാട്ടമാണ് അദ്ദേഹത്തിനുവേണ്ടി ഉണ്ടായത്. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്ത ജനകീയ ഇടപെടലാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ വെളിച്ചപ്പെട്ടത്.
ഡിജിറ്റൽ കാലം പിറക്കുന്നതിനു മുമ്പ് ജനങ്ങളുടെ മനോഭാവം വെളിച്ചപ്പെടാനുള്ള അവസരങ്ങൾ തീരെ പരിമിതമായിരുന്നു എന്നതും ഓർക്കാവുന്നതാണ്. പത്രാധിപർക്കുള്ള കത്തുകൾപോലും വെളിച്ചത്തുവരുന്നത് അരിച്ചെടുക്കലിനു ശേഷമായിരിക്കും. എന്നാൽ ഇന്ന് സംവാദക്ഷമതയുള്ള ഇടമായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നതിനാൽ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ അവയുടെ പ്രതിഫലനമുണ്ടാകുമെന്നതിൽ സംശയമില്ല. രാഹുൽ ഗാന്ധിയുടെ എഫ്.ബി പോസ്റ്റിനു താഴെ വന്ന വി.ഡി.എസ് അനുകൂല കമന്റുകൾ നിർണയാതീതമായിരുന്നു.
കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ ഓരോരുത്തരും സ്വയം ഉണ്ടാക്കിയ പോസ്റ്ററുകളും കമന്റുകളും എല്ലാം ചേർന്നുണ്ടാക്കിയ തരംഗത്തെ പ്രതിരോധിക്കാൻ ഹൈക്കമാൻഡിനായില്ല എന്നതും സമൂഹമാധ്യമങ്ങളിൽനിന്നുതന്നെ ഉരുത്തിരിയുന്ന സാമാന്യ അറിവാണ്. വഴിനീളെ കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും വെക്കുന്നതിലും ഹൈപ്പ് കിട്ടുന്നത് അവയുടെ നിരാകരണം മാത്രമല്ല, ആ വിവരം സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നതാണെന്നും ഉള്ള തിരിച്ചറിവിന്റെ നിദർശനംകൂടിയാണ് പുതുപ്പള്ളി നിയമസഭാമണ്ഡലം. ‘മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ’ എന്ന കുറിവാക്യം ഇത്തവണ വേണ്ട ഫലം കാണാതെ പോയത് ആ വിവരം ജനങ്ങളിലെത്തിക്കാൻ ശ്രമിച്ച മാർഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതുമാവാം.
ഇപ്പോഴത്തെ മുഖ്യമന്ത്രി പൂക്കീ ആവുന്നതും തൂഫാൻ ആഭ്യന്തരമന്ത്രിയുടെ ഇമേജ് ക്രിയേഷന്റെ ഭാഗമാകുന്നതും സമൂഹമാധ്യമങ്ങളുടെ പരിധിയില്ലാത്ത പ്രസാധന സാധ്യതയാലുമാണ്. സമരവഴികളിലൂടെയോ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെയോ നടന്നല്ല പുസ്തകവായനയിലൂടെ നേതാവായ ആളാണ് വി.ഡി.എസ് എന്ന സമൂഹമാധ്യമ വിലയിരുത്തൽ പ്രചരിക്കപ്പെട്ടത് ഡൽഹിയിലെ സി.ജെ.പി പ്രക്ഷോഭത്തിന്റെ ഭാഗമായാണ്.
തനിക്കു ചുറ്റുമുള്ള എല്ലാ നേതാക്കളും ‘‘താനാഹാഷി നഹി ചലേഗി’’ എന്ന് കൈകളുയർത്തി മുദ്രാവാക്യം വിളിക്കുമ്പോൾ നിഷ്ക്രിയ സാന്നിധ്യമായി അവർക്കിടയിൽ ‘പെട്ടുപോയ’ അദ്ദേഹത്തിന്റെ ദൃശ്യം ട്രോളർമാർക്ക് ചാകരയായി. എന്നാൽ അതൊരു ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാത്തത് അദ്ദേഹത്തിന്റെ നിയമസഭാപ്രസംഗങ്ങളിലെ പ്രതിരോധരീതിയിലുള്ള ശരീരഭാഷ സമരശൈലിക്ക് ഇണങ്ങുന്നതായിരുന്നു എന്നതു മാത്രമല്ല അവയുടെ ക്ലിപ്പിങ്ങുകൾ ഇലക്ഷൻ കാലത്ത് ഏറെ പ്രചരിച്ചിരുന്നു എന്നതുമാണ്. ഏതായാലും പോരാട്ടത്തിനിടയിലെ ‘പൂക്കീ സാന്നിധ്യം’ ട്രോളുകളുടെ പെരുമഴയുണ്ടാക്കി.

അൽഗോരിതമിക് ഡിറ്റർമിനിസവും കെ. മുരളീധരന്റെ ‘പൊതിച്ചോറ് രാഷ്ട്രീയ’ പരാമർശവും
സാങ്കേതികവിദ്യയാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തെയും ചിന്തകളെയും നിർണയിക്കുന്നത് എന്നതാണ് ‘ടെക്നോളജിക്കൽ ഡിറ്റർമിനിസം’. ആ പഴയ സങ്കൽപത്തിന്റെ പുതിയ വകഭേദമാണ് ‘അൽഗോരിതമിക് ഡിറ്റർമിനിസം’. ഇവിടെ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ആളുകളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും ആ വികാരങ്ങളുടെ സമ്മർദത്താൽ രാഷ്ട്രീയക്കാർ തങ്ങളുടെ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. പഴയ വിഡിയോ ആരെങ്കിലും കുത്തിപ്പൊക്കിയാലും ‘‘ഇതു പഴയതല്ലേ?” എന്ന കമന്റോടെ എല്ലാം മറക്കാനും പൊറുക്കാനും തയാറാണ് ഇന്നത്തെ സൈബർ പൗരഗണം.
ഇപ്പോൾ കെ. മുരളീധരൻ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്ന് ‘പൊതിച്ചോറ്’ വിവാദവുമായി ബന്ധപ്പെട്ടതായിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം ലൈവായി വെളിപ്പെടുത്തിയ പ്രതികരണങ്ങൾ പോസ്റ്ററുകളായും ട്രോളുകളായും മാറുന്നത് അണുസ്ഫോടനത്തെ അനുസ്മരിപ്പിക്കുന്ന രീതിയാലാണ്. കുമ്മനടി, കാരണഭൂതൻ, നുണേശൻ തുടങ്ങിയ പദാവലികളുടെ ഇടയിലേക്ക് ഇപ്പോൾ അന്നംമുടക്കിയും ചേർക്കപ്പെട്ടിരിക്കുന്നു. ഫലത്തിൽ ഡി.വൈ.എഫ്. ഐയുടെ സേവനങ്ങൾ കൂടുതൽ മിഴിവോടെ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യപ്പെടാനാണ് ഇത് വഴിയൊരുക്കിയത്.
‘‘ഇടംകൈ കൊടുക്കുന്നത് വലംകൈ അറിയരുത്’’ എന്ന ബൈബിൾ പ്രബോധനം അദ്ദേഹം ഉദ്ധരിക്കുന്നുണ്ടെങ്കിലും കാമറപ്പടയെ കൂടെനിർത്തിയുള്ള ചാരിറ്റിയാണ് നവമാധ്യമ കാലത്ത് സജീവമായിട്ടുള്ളത്. നേതൃത്വത്തിൽ ക്രൈസ്തവ ആത്മീയത നല്ലകാര്യമാണെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ചാണക്യതന്ത്രങ്ങളാണ് ഏറെ പരിഗണിക്കപ്പെടുന്നത്.
മെഡിക്കൽ കോളജിലെ രോഗികൾക്കും ബൈസ്റ്റാൻഡർമാർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയെ ജീവകാരുണ്യമാതൃകയായി ഒരുവശത്ത് അവതരിപ്പിക്കുമ്പോൾ അതേ പ്രക്രിയയെത്തന്നെ മറ്റൊരു വശത്ത് രാഷ്ട്രീയ പി.ആർ ആയുധമായി വിമർശിക്കുന്നു. മുമ്പു പറഞ്ഞ സുവിശേഷ ആശയം ആധാരമാക്കിയാണ് മുരളീധരൻ കൊടിയും ബാനറും െവച്ച സേവനത്തെ തള്ളിക്കളയുന്നത്. എന്നാൽ, സൈബറിടം അതേ നാണയത്തിൽത്തന്നെ അതിനെ പ്രതിരോധിക്കാനായി കരുണാകരന്റെ പേരും ചിത്രവും ചേർന്ന ചാരിറ്റിപ്രവർത്തനദൃശ്യങ്ങൾ ഉപയോഗിക്കുകയുണ്ടായി.
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ എപ്പോഴും കൂടുതൽ ‘Outrage’ (രോഷം) ഉണ്ടാക്കുന്ന പോസ്റ്റുകളെയാണ് പ്രമോട്ട് ചെയ്യുന്നത്. തനിക്കെതിരെ രൂപപ്പെട്ട ഈ അൽഗോരിതമിക് രോഷ കൊടുങ്കാറ്റിന് മുന്നിൽ മുരളീധരൻ എന്ന മുതിർന്ന നേതാവിന് തന്റെ മുൻ നിലപാടുകളിൽ മാറ്റംവരുത്തേണ്ടി വന്നു. തന്റെ പരമ്പരാഗത വോട്ടർമാർ സൈബർ ലോകത്തെ ഈ നരേറ്റിവിന് ഇരയാകുമോ എന്ന ഭയമായിരിക്കാം അദ്ദേഹത്തെ നിലപാട് മൃദുവാക്കാൻ പ്രേരിപ്പിച്ചത്. നേതാക്കൾ സ്വന്തം പാർട്ടി വേദികളേക്കാൾ ഭയപ്പെടുന്നത് അൽഗോരിതങ്ങളുടെ ഈ ഡിറ്റർമിനിസത്തെയാണ്.

ഡിജിറ്റൽ പാനോപ്റ്റിക്കണും പി.പി. ദിവ്യ-നവീൻ ബാബു ദുരന്തവും
മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത ‘പാനോപ്റ്റിക്കൺ’ എന്നത് കേന്ദ്രത്തിലിരിക്കുന്ന ഒരൊറ്റ നിരീക്ഷകന് തടവറയിലെ മുഴുവൻ തടവുകാരെയും അവർ പോലുമറിയാതെ നിരീക്ഷിക്കാൻ കഴിയുന്ന ഒരു ജയിൽ സംവിധാനമാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓരോ പൗരന്റെയും കൈയിലുള്ള സ്മാർട്ഫോൺ കാമറകൾ ഈ പാനോപ്റ്റിക്കണിലെ നിരീക്ഷണക്കണ്ണുകളായി മാറിയിരിക്കുന്നു. രാഷ്ട്രീയക്കാർ ഈ ‘ഡിജിറ്റൽ പാനോപ്റ്റിക്കണി’ന്റെ നിരന്തര നിരീക്ഷണത്തിലാണ്.
സമീപകാല കേരളത്തെ ഏറ്റവും കൂടുതൽ ഉലച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ‘ആത്മഹത്യ’യും (ഉറപ്പില്ല) അതുമായി ബന്ധപ്പെട്ട പി.പി. ദിവ്യയുടെ വിവാദവും ഇതിന് കൃത്യമായ ഉദാഹരണമാണ്. ഇപ്പോൾ ആ സംഭവം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി. ദിവ്യ കടന്നുവരുന്നതും ആരോപണം ഉന്നയിക്കുന്നതുമായ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ വഴി ഫേസ്ബുക്കിലും വാട്സ്ആപ്പിലും തത്സമയം പ്രചരിച്ചു. നവീൻ ബാബുവിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഈ ഡിജിറ്റൽ ദൃശ്യങ്ങൾ ഒരു ‘ഡിജിറ്റൽ കോടതിമുറി’യായി മാറി. ഇത് പൊതുസമൂഹം വിചാരണക്കെടുത്തു.
പി.പി. ദിവ്യക്ക് അനുകൂലമായ ഏതാനും പോസ്റ്റുകൾ വന്നെങ്കിലും അവയുടെ കമന്റുകളിൽ മുമ്പു സൂചിപ്പിച്ച ജനരോഷത്തിന്റെ പ്രതിഫലനം ശക്തമായിരുന്നു. പാർട്ടിക്കുള്ളിൽ എത്ര വലിയ സ്വാധീനമുള്ള നേതാവായിരുന്നിട്ടും പി.പി. ദിവ്യയെ സംരക്ഷിക്കാൻ നേതൃത്വം ശ്രമിച്ചില്ല. കാരണം, ഡിജിറ്റൽ പാനോപ്റ്റിക്കൺ സൃഷ്ടിച്ച ജനരോഷം അത്രമേൽ ശക്തമായിരുന്നു. ഒടുവിൽ പദവികൾ രാജിവെക്കാനും നിയമത്തിന് മുന്നിൽ കീഴടങ്ങാനും അവർ നിർബന്ധിതയായി. പരമ്പരാഗത രാഷ്ട്രീയ സ്വാധീനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഡിജിറ്റൽ നിരീക്ഷണത്തിന്റെ ശക്തിയാണിത്. കേസിന്റെ സാധ്യതകൾ ഇവിടെ ചർച്ചാവിഷയമല്ല (ഇത് കുറ്റാന്വേഷണ ലേഖനമല്ല). സമൂഹമാധ്യമത്തിന്റെ ഇടപെടൽശേഷിയാണ് പരിഗണിച്ചിരിക്കുന്നത്.
അൽഗോരിതമിക് പോപുലിസം: പി.വി. അൻവർ എന്ന ‘ലൈവ് സ്ട്രീം’ വിപ്ലവകാരി
അൽഗോരിതമിക് പോപുലിസം എന്നത് വലിയൊരു പാർട്ടി സംവിധാനത്തിന്റെയോ മാധ്യമ പിന്തുണയുടെയോ സഹായമില്ലാതെ, സോഷ്യൽ മീഡിയയിലൂടെ മാത്രം ജനകീയ വികാരം ഉണർത്തിവിട്ട് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന രീതിയാണ്. 2024-2025 കാലഘട്ടത്തിൽ കേരളം കണ്ട ഏറ്റവും വലിയ അൽഗോരിതമിക് പോപുലിസ്റ്റ് പി.വി. അൻവർ ആയിരുന്നു. എടുത്തുപറയേണ്ട ഒന്നാണ് ലൈവ് സ്ട്രീമിങ്ങിലൂടെയുള്ള രാഷ്ട്രീയ വിചാരണ: ഭരണപക്ഷത്തെ എം.എൽ.എ ആയിരുന്നിട്ടും പൊലീസിലെ ഉന്നതർക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും അൻവർ വാർത്താസമ്മേളനങ്ങൾ നടത്തിയത് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയിട്ടായിരുന്നു.
സാധാരണയായി ഒരു രാഷ്ട്രീയ പാർട്ടിയിൽ ആഭ്യന്തര ചർച്ചകളിലൂടെ പരിഹരിക്കേണ്ട വിഷയങ്ങൾ അൻവർ ഡിജിറ്റൽ പൊതുചത്വരത്തിലേക്ക് വലിച്ചെറിഞ്ഞു. ഫേസ്ബുക്ക് അൽഗോരിതങ്ങൾ ഈ വിപ്ലവാത്മക പോസ്റ്റുകൾക്ക് വൻ റീച്ച് നൽകിയതോടെ, പാർട്ടിയുടെ ഔദ്യോഗിക വിലക്കുകളെ മറികടന്ന് ധാരാളം അണികൾ അൻവറിന് പിന്നിൽ അണിനിരന്നു. ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഒരു വ്യക്തിയെ എത്ര പെട്ടെന്നാണ് പാർട്ടികളേക്കാൾ വലിയ പോപുലിസ്റ്റ് നേതാവാക്കി മാറ്റാൻ കഴിയുന്നത് എന്നതിന്റെ തെളിവായിരുന്നു ഇത്. എന്നാൽ, അതേ സോഷ്യൽ മീഡിയതന്നെ അദ്ദേഹത്തിന്റെ വൈരുധ്യങ്ങളെ കോർത്തിണക്കി ട്രോളുകളാക്കി വിനോദമൂല്യമുള്ള ‘കോമഡിതാര’മാക്കി മാറ്റുകയും ചെയ്തു.

കൺഫർമേഷൻ ബയാസും ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് വിവാദവും
മനുഷ്യർ തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് അനുകൂലമായ വിവരങ്ങൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെ തള്ളിക്കളയുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ‘കൺഫർമേഷൻ ബയാസ്’. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ആളുകൾക്ക് അവർക്കിഷ്ടമുള്ള ഉള്ളടക്കങ്ങൾ മാത്രം കാണിച്ചുകൊണ്ട് ഈ കൺഫർമേഷൻ ബയാസിനെ പരമാവധി ചൂഷണം ചെയ്യുന്നു. ഇതിന്റെ ഏറ്റവും അപകടകരമായ മുഖമാണ് 2024ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ കണ്ടത്. തെരഞ്ഞെടുപ്പിനു തൊട്ട് മുമ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട ആ വ്യാജ സ്ക്രീൻഷോട്ട്, വടകരയിലെ വോട്ടർമാർക്കിടയിൽ കൃത്യമായ രാഷ്ട്രീയ-വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
അത് വ്യാജമാണെന്ന് സൈബർ ക്രൈം പൊലീസ് കണ്ടെത്തുന്നതിന് മുമ്പുതന്നെ, അണികളുടെ കൺഫർമേഷൻ ബയാസ് കാരണം അത് ഏറെ പ്രചരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ അണികളെ അന്ധമായ വിദ്വേഷത്തിലേക്ക് നയിക്കാൻ സമൂഹമാധ്യമങ്ങൾ എങ്ങനെയാണ് തുരങ്കം വെക്കുന്നത് എന്ന് വടകര തെളിയിച്ചു. നിർമിതബുദ്ധിയുടെ ഭാഗമായ ആവിഷ്കാരങ്ങൾ വിവേചിച്ചറിയുന്ന ഡിജിറ്റൽ സാക്ഷരത നമ്മുടെ സമൂഹത്തിന് ഇപ്പോഴും പൂർണമായി കൈവന്നിട്ടില്ല എന്നാണ് എ.ഐ വിഡിയോകൾക്കു താഴെ വരുന്ന ചില നിഷ്കളങ്ക കമന്റുകൾ സൂചിപ്പിക്കുന്നത്.
ഏതെങ്കിലുമൊരു ബജറ്റിനുശേഷമാണ് കൺഫർമേഷൻ ബയാസ് നമ്മുടെ രാഷ്ട്രീയത്തിൽ പൊടുന്നനെ വെളിപ്പെടുന്നത്. കേന്ദ്ര ബജറ്റിനുശേഷം കേരളത്തിലെ ഡിജിറ്റൽ ഇടങ്ങൾ വ്യക്തമായ രണ്ട് ഇക്കോ ചേംബറുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയത് ഉദാഹരണമാണ്. കേന്ദ്ര അവഗണന ഒരു വശത്ത് പർവതീകരിക്കപ്പെടുമ്പോൾ മറുവശത്ത് അനുവദിച്ച തുകകളുടെ കണക്കുകൾ മാത്രം പെരുപ്പിച്ച് കാണിക്കും.
ഇവിെടയും അൽഗോരിതം നിർണായകമാകുന്നു. ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും അൽഗോരിതങ്ങൾ ഒരു തവണയെങ്കിലും ലൈക്ക് ചെയ്ത രാഷ്ട്രീയ അനുകൂല പോസ്റ്റുകൾ മാത്രം ആ വ്യക്തിയുടെ ഫീഡിലേക്ക് എത്തിച്ച് ഹൃദയസംവാദം നടത്തിക്കൊണ്ടിരിക്കും. ഇത് മനുഷ്യരിലെ കൺഫർമേഷൻ ബയാസിനെ അന്ധമായ രാഷ്ട്രീയ ആരാധനയോ അല്ലെങ്കിൽ രാഷ്ട്രീയ വിദ്വേഷമോ ആക്കി മാറ്റാൻ ഡിജിറ്റൽ ലെവിയാഥനെ കൂടുതൽ സഹായിക്കുന്നു.

സിമുലാക്രം സിദ്ധാന്തവും തൃശൂരിലെ ബി.ജെ.പിയുടെ ഡിജിറ്റൽ ലബോറട്ടറിയും
ജീൻ ബോദ്രിലാർദിന്റെ സിമുലാക്രം സിദ്ധാന്തം പറയുന്നത് യഥാർഥത്തിൽ ഇല്ലാത്ത ഒരു വസ്തുവിന്റെ പകർപ്പ് മാധ്യമങ്ങളിലൂടെ നിർമിക്കപ്പെടുകയും കാലക്രമേണ ആ പകർപ്പ് യഥാർഥവസ്തുവിനേക്കാൾ ആധികാരികമായി മാറുകയും ചെയ്യും എന്നാണ്. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങൾ ഇന്ന് കേവലമായ പരമ്പരാഗത പ്രചാരണങ്ങൾക്കപ്പുറം, അൽഗോരിതങ്ങളും ഡിജിറ്റൽ ബിംബങ്ങളും നിർമിച്ചെടുക്കുന്ന ഒരുതരം ‘തീവ്ര-ഹൈപ്പർ റിയാലിറ്റി’യിലാണ് നിലകൊള്ളുന്നത്.
ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയവും അതിന് പിന്നിൽ പ്രവർത്തിച്ച ഡിജിറ്റൽ ഇമേജ് മേക്കിങ് തന്ത്രങ്ങളും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വരുകയും അദ്ദേഹത്തിന്റെ യഥാർഥ വ്യക്തിത്വംപോലും വേണ്ട വിധത്തിൽ വെളിപ്പെടാതിരിക്കുകയും ചെയ്തു. എന്നാൽ, 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയിച്ച രണ്ടാമൂഴത്തിനു പിന്നിൽ പ്രവർത്തിച്ചത് ബി.ജെ.പിയുടെ കൃത്യമായ ഡിജിറ്റൽ ലബോറട്ടറി തന്ത്രങ്ങളും സോഷ്യൽ മീഡിയ നിർമിതിയുമായിരുന്നു.
മുമ്പ് എതിരാളികൾ പരിഹാസത്തോടെ പ്രചരിപ്പിച്ച ‘‘ഈ തൃശൂർ എനിക്ക് വേണം, തൃശൂർ ഞാൻ എടുക്കുവാ’’ എന്ന പ്രയോഗത്തിന്റെ നിരന്തരമായ ട്രോളുകളെയും വിഡിയോകളെയും പോലും, അൽഗോരിതങ്ങളുടെയും മൈക്രോ-ടാർഗെറ്റിങ്ങിന്റെയും സഹായത്തോടെ സോഷ്യൽ മീഡിയ സംഘങ്ങൾ തങ്ങൾക്ക് അനുകൂലമായ ഒരു ‘ബ്രാൻഡ് ബിംബമാക്കി’ (Simulacrum) പുനർനിർമിച്ചെടുത്തു. പരിഹാസങ്ങളെ ജനപ്രിയ ചിഹ്നങ്ങളാക്കി മാറ്റിയ ഈ ഇമേജ് ക്രിയേഷനിലൂടെ, വോട്ടർമാരുടെ മനസ്സിൽ സുരേഷ് ഗോപിയെന്ന വ്യക്തിയുടെ പ്രതിച്ഛായ ശക്തമായി പ്രതിഷ്ഠിക്കാൻ സോഷ്യൽ മീഡിയക്ക് സാധിച്ചു.
മുൻകാല പരാജയങ്ങൾക്കും ഭൗതികമായ രാഷ്ട്രീയ വസ്തുതകൾക്കും മേലെ, അൽഗോരിതങ്ങൾ വഴി നിർമിച്ചെടുത്ത ഇത്തരം ‘ഡിജിറ്റൽ മായക്കാഴ്ചകളും’ നരേറ്റിവുകളും എങ്ങനെയാണ് ഒരു ജനതയുടെ രാഷ്ട്രീയബോധത്തെയും വോട്ടിങ് രീതികളെയും മാറ്റിമറിക്കുന്നത് എന്നതിന്റെ തെളിവായി തൃശൂരിലെ ഈ വിജയം മാറുന്നു. മുഖ്യധാരാ മാധ്യമങ്ങൾ വികസനത്തെക്കുറിച്ചും രാഷ്ട്രീയ നയങ്ങളെക്കുറിച്ചും ചർച്ചചെയ്തപ്പോൾ, ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ആയിരക്കണക്കിനു റീലുകൾ സുരേഷ് ഗോപിയെ ഒരു ജനനായകൻ എന്ന ‘സിമുലാക്രം’ ആയി മാറ്റിക്കഴിഞ്ഞിരുന്നു. വടക്കേ ഇന്ത്യയിൽ പള്ളി കത്തിക്കുന്ന വർഗീയ രാഷ്ട്രീയത്തിനു മുന്നിൽ മൗനവ്രതം പാലിക്കുന്ന പാർട്ടിയുടെ വക്താവാണെങ്കിലും കേരളത്തിലെ ക്രിസ്ത്യൻ പള്ളികളിൽ തൊഴുതു നിൽക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യഖണ്ഡങ്ങൾ അവിരാമമായി പ്രചരിച്ചുകൊണ്ടിരുന്നത് വെറുതെയായില്ല.
മെമെറ്റിക് വാർഫെയർ: ട്രോൾ പേജുകൾ പാർട്ടികളുടെ നയരൂപവത്കരണം നടത്തുമ്പോൾ
ആധുനിക മാധ്യമ വിശകലനത്തിൽ ‘മെമെറ്റിക് വാർഫെയർ’ (Memetic Warfare) എന്നാൽ ട്രോളുകളും മീമുകളും (Memes) ഉപയോഗിച്ച് എതിരാളികളുടെ രാഷ്ട്രീയ ആധികാരികത തകർക്കുന്ന യുദ്ധമുറയാണ്. 2024-2026 കാലഘട്ടത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക വക്താക്കളേക്കാൾ സ്വാധീനം ചെലുത്തുന്നത് സ്വതന്ത്ര ട്രോൾ പേജുകളാണ്. പരിഹാസങ്ങൾ ഹിംസാത്മകമാകുന്നില്ല എന്നതാണ് ട്രോളുകളുടെ പ്രത്യേകത.
സംഘി, കൊങ്ങി, കമ്മി തുടങ്ങിയ സംബോധനകൾപോലും ഒരു പരിധിവരെ ഹാസ്യാത്മക പ്രതികരണമേ ഉണ്ടാക്കാറുള്ളൂ. എന്നാൽ, ട്രോളുകൾ പ്രത്യക്ഷായുധങ്ങൾ പോലെ നാശമുണ്ടാക്കുന്നില്ലെങ്കിലും അതൊരു നിശ്ശബ്ദ കൊലയാളിയുടെ ദൗത്യവും നിർവഹിക്കും. നമ്മുടെ പല നേതാക്കന്മാർക്കും എതിരെയുണ്ടായ നിരന്തരമായ ട്രോളുകൾ അവരുടെ രാഷ്ട്രീയ പ്രസ്താവനകളുടെ ഗൗരവത്തെ ഇല്ലാതാക്കാൻ സൈബർ ഇടങ്ങൾ ഉപയോഗിച്ച ആയുധമായിരുന്നു.
ഒരു നേതാവിനെ ജനങ്ങൾക്കിടയിൽ നിരന്തരം പരിഹാസ്യനാക്കുന്നതിലൂടെ അവരുടെ രാഷ്ട്രീയ നിലനിൽപ് തന്നെ അപകടത്തിലാക്കാൻ ട്രോളുകൾക്ക് കഴിയും. ഇന്ന് പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രസ്താവനകൾ ഇറക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രം നോക്കിയല്ല, മറിച്ച് ‘ട്രോളന്മാർക്ക് കൊത്താൻ കൊടുക്കരുത്’ എന്ന ജാഗ്രതയോടെയാണ്. ചെറിയൊരു വാക്പിഴപോലും ലക്ഷക്കണക്കിന് കമന്റുകൾ ഉണ്ടാക്കുന്ന ട്രോളാക്കി മാറ്റാം. ഇതൊരു വിനോദോപാധികൂടിയാണ് എന്നതാണ് മറ്റൊരു വശം. സിനിമയിൽ അഭിനയിക്കാതെതന്നെ കോമഡിതാരങ്ങളാകാൻ നേതാക്കൾക്കു കഴിയുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
ടി.ജി. മോഹൻദാസിന്റെ പ്രകോപന പ്രസ്താവനയും സൈബർ ഇടവും
ജന്തർമന്തറിലെ വിദ്യാർഥിപ്രക്ഷോഭത്തെപ്പറ്റി ടി.ജി. മോഹൻദാസിന്റെ പ്രതികരണം അച്ചടിമാധ്യമ കാലത്തായിരുന്നുവെങ്കിൽ വായനക്കാരന്റെ കത്തിലോ മറ്റോ ഒതുങ്ങുമായിരുന്നു. എന്നാൽ, ഇന്ന് സൈബറിടത്തിൽ അത് നിമിഷനേരംകൊണ്ട് വൻ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായം പ്രസ്തുതസംഭവത്തോടുള്ള കേരളീയപ്രതികരണത്തിന്റെ വേറിട്ടൊരു ദിശയാണ് സൂചിപ്പിക്കുന്നത്. കേരളസമൂഹം െവച്ചുപുലർത്തുന്ന പൊതുനിലപാടിൽനിന്ന് അത് വ്യത്യസ്തമാകുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതും സോഷ്യൽ മീഡിയ തന്നെയാണ്.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരത്തെക്കുറിച്ച് ‘‘നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ച് വെടിവെക്കണമായിരുന്നു. ആളുകൾ ചിതറിയോടും, കുറെപ്പേർ മരിക്കും, ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ എന്ന് അദ്ദേഹം നടത്തിയ പരാമർശം ശ്രദ്ധിക്കുക. സംവാദക്ഷമതയുള്ള മാധ്യമ പ്ലാറ്റ്ഫോമുകൾ ധാരാളമുള്ള ഇക്കാലത്ത് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന അൽഗോരിതങ്ങൾ ഏറ്റെടുക്കുകയും പുതിയചർച്ചാവിഷയങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
മുഖ്യധാര നിഷേധിക്കുന്ന ഇത്തരം തീവ്ര ആഖ്യാനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ശ്രദ്ധ ലഭിക്കാനും അതിലൂടെ സമകാലിക കേരള രാഷ്ട്രീയത്തിൽ പുതിയ സംഘർഷ നിർമിതിയും ധ്രുവീകരണവും രൂപപ്പെടാനും ഇത് ഇടയാക്കുന്നു. ജന്തർമന്തറിലെ സമരത്തിൽനിന്നു ‘രാജ്യസ്നേഹം’ ഉൽപാദിപ്പിക്കാൻ ശ്രമിച്ചവരുണ്ടെന്നും അവർ ആരെന്നും സമൂഹമാധ്യമങ്ങൾ വെളിപ്പെടുത്തിക്കഴിഞ്ഞു. സമരം ലക്ഷ്യം കണ്ടതോടെ അവർ ഇപ്പോൾ അതിർത്തിയിൽ ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടാവണം. നഷ്ടപ്പെട്ട ഇമേജ് ‘രാജ്യസ്നേഹ’ പ്രകടനത്തിലൂടെ വീണ്ടെടുക്കാനും സൈബറിടംതന്നെ ശരണം!
കഴിഞ്ഞ രണ്ടു വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ നേർച്ചിത്രങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു യാഥാർഥ്യമുണ്ട്: നമ്മൾ ജീവിക്കുന്നത് രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ നയിക്കുന്ന ഒരു ലോകത്തല്ല, മറിച്ച് അദൃശ്യമായ അൽഗോരിതങ്ങൾ നേതാക്കളെയും ജനങ്ങളെയും ഒരുപോലെ നയിക്കുന്ന ഒരു ‘ഡിജിറ്റൽ ലെവിയാഥന്റെ’ ഭരണത്തിൻ കീഴിലാണ്. ഹോബ്സ് വിഭാവന ചെയ്ത ലെവിയാഥൻ സെക്രേട്ടറിയറ്റിലോ നിയമസഭയിലോ അല്ല ഇക്കാലത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. സ്മാർട്ഫോൺ സ്ക്രീനിലെ അൽഗോരിതങ്ങളിൽ കുടികൊള്ളുന്ന സാങ്കേതിക ശക്തിയിലാണ്. എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എങ്ങനെയുള്ള നിലപാട് സ്വീകരിക്കണം എന്നൊക്കെ മാർഗനിർദേശം കൊടുക്കുന്ന അദൃശ്യ അധികാരകേന്ദ്രംപോലെ നെറ്റ്‍വർക്ക് സാങ്കേതികത മാറിക്കഴിഞ്ഞിരിക്കുന്നു.
ഡിജിറ്റൽ ലെവിയാഥൻ ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും വാസ്തവത്തിൽ അത് വോട്ടർമാരെയും നേതാക്കന്മാരെയും ഒരുപോലെ അൽഗോരിതങ്ങളുടെ തടവുകാരാക്കുകയാണ് ചെയ്യുന്നത്. വി.ഡി. സതീശന്റെ പൂക്കീ പ്രതിച്ഛായയും മുരളീധരന്റെ സൈബർ സമ്മർദഫലമായ മലക്കംമറിച്ചിലും എല്ലാം നവമാധ്യമശീലങ്ങളുടെ സൃഷ്ടികൂടിയാണ്. ഈ നേതാക്കളൊക്കെത്തന്നെ വ്യതിരിക്തമായ സവിശേഷതകളുള്ളവരാണ്. അതിന്റെ വിലയിരുത്തലല്ല ഇവിടെ പരാമർശിക്കുന്നത്. അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്ന സവിശേഷമാധ്യമസംസ്കാരത്തിന്റെ പ്രതിഫലനങ്ങളെക്കുറിച്ചാണ് ചർച്ചചെയ്തത്.
കേരളീയ പൊതുമണ്ഡലത്തിലെ ‘നിർമിത സത്യങ്ങൾ’
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങൾ ഇന്ന് കേവലമായ വ്യാജവാർത്തകൾക്കപ്പുറം, ഡീപ്‌ഫെയ്ക്കുകളും എ.ഐ വോയ്സ് ക്ലോണിങ്ങും നിർമിച്ചെടുക്കുന്ന ഒരുതരം ‘തീവ്ര-ഹൈപ്പർ റിയാലിറ്റി’യിലാണ് നിലകൊള്ളുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് ഗോദകളിലും രാഷ്ട്രീയ വിവാദങ്ങളിലും നാം കണ്ട പ്രമുഖ നേതാക്കളുടെ വ്യാജ ശബ്ദരേഖകളും അവർ പറയാത്ത കാര്യങ്ങൾ പറയുന്നതായി ചിത്രീകരിച്ച എ.ഐ വിഡിയോകളും ഇതിന്റെ പ്രത്യക്ഷ തെളിവുകളാണ്.
ഒരു ഓഡിയോയോ വിഡിയോയോ പുറത്തുവരുമ്പോൾ, അത് യഥാർഥമാണോ അതോ എ.ഐ നിർമിതമാണോ എന്ന് തെളിയിക്കപ്പെടും മുമ്പേ തന്നെ ജനങ്ങൾക്കിടയിൽ അത് രാഷ്ട്രീയമായ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരിക്കും. ഇതിലും അപകടകരമായ മറ്റൊരു വശം, ഒരു നേതാവ് യഥാർഥത്തിൽ നടത്തുന്ന വിവാദ പ്രസ്താവനകൾപോലും ‘‘അത് എ.ഐ നിർമിത ഡീപ്‌ഫെയ്ക് ആണ്’’ എന്നുപറഞ്ഞ് വളരെ എളുപ്പത്തിൽ നിഷേധിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് വഴിതുറന്നു കിട്ടുന്നു എന്നതാണ്.

ചുരുക്കത്തിൽ, ഡിജിറ്റൽ അറകളിൽ കഴിയുന്ന മലയാളിക്ക്, താൻ കാണുന്ന കട്ടിങ് പോസ്റ്ററുകളും റീലുകളും തന്റെ രാഷ്ട്രീയ ആഭിമുഖ്യത്തിന് അനുസരിച്ച് അൽഗോരിതങ്ങൾ വഴി തയാർചെയ്തെടുത്ത ‘നിർമിത സത്യങ്ങൾ’ മാത്രമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുകയും ഭൗതികമായ വസ്തുതകളേക്കാൾ ഈ ‘ഡിജിറ്റൽ മായക്കാഴ്ചകൾ’ കേരളീയന്റെ രാഷ്ട്രീയബോധത്തെയും വോട്ടിങ് രീതികളെയും തീരുമാനിക്കുന്ന തലത്തിലേക്ക് സമകാലിക കേരള രാഷ്ട്രീയം പരിണമിക്കുകയും ചെയ്യുന്നു.
സത്യാനന്തര കാലമാണല്ലോ ഇത്. ഡിജിറ്റൽ ഇടങ്ങളെ അവഗണിച്ചുകൊണ്ട് ആർക്കും മുന്നോട്ടു പോകാനാവില്ല. ഭാവിയിൽ ഫാഷിസ്റ്റ് ഭരണകൂടങ്ങൾ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയന്ന് നെറ്റ് വർക്ക് സംവിധാനങ്ങളെ മരവിപ്പിച്ചെന്നും വരാം. എങ്കിലും നമ്മുടേതുപോലുള്ള ഒരു സാക്ഷരസമൂഹത്തിൽ അത് അത്ര എളുപ്പമല്ല. ഇനിയും തെരഞ്ഞെടുപ്പുകൾ വരും അവിടെയൊക്കെ വോട്ട് രേഖപ്പെടുത്തുന്നത് നമ്മൾ മലയാളികൾതന്നെയാവും. എന്നാൽ, നമ്മുടെ വിരലുകളെ ചലിപ്പിക്കുന്നത് ആഗോള കോർപറേറ്റുകളുടെ അദൃശ്യ കോഡിങ്ങുകൾ ആയിരിക്കും. എങ്കിലും അവയെ പ്രതിരോധിക്കാനും കഴിയും.
പ്രത്യയശാസ്ത്രപരമായ സംവാദങ്ങൾ അതിനുള്ള ഒരു വഴിയാണ്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പംതന്നെ നിയന്ത്രണകേന്ദ്രമായി വർത്തിക്കേണ്ടത് സ്വന്തം തലച്ചോറായിരിക്കണം എന്ന ബോധ്യം ഡിജിറ്റൽ സാക്ഷരതയുടെ പ്രഥമ പാഠമായിരിക്കണം. അത്തരം ബോധ്യത്തോടെ ഈ ഡിജിറ്റൽ ലെവിയാഥന്റെ ചങ്ങലകളെ ഭേദിച്ചില്ലെങ്കിൽ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായ കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയം കേവലം സ്ക്രീനിലെ ലൈക്കുകളിലും ഷെയറുകളിലും അവസാനിക്കുന്ന വെർച്വൽ നാടകമായി മാറും.
