കാലം കാത്തുെവച്ച കാവ്യനീതി

ആറ് പതിറ്റാണ്ടുകൾക്കിപ്പുറം ‘വഴിയമ്പല’ത്തിന് അച്ചടിമഷി പുരളുകയാണ്. അത് അച്ഛൻ ടി. ദാമോദരൻ ‘ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു സ്മാരകമായി’ ഞാൻ കണക്കാക്കുന്നുവെന്ന് മകളും ചലച്ചിത്ര പ്രവർത്തകയുമായ ദീദി എഴുതുന്നുതിക്കോടിയന്റെ ‘അരങ്ങു കാണാത്ത നടൻ’ എന്ന നാടക സ്മരണകളുടെ രണ്ടാം പതിപ്പ് ഏറ്റുവാങ്ങാനുള്ള നിയോഗം എനിക്കുണ്ടായിരുന്നു. മറ്റേത് പുസ്തകപ്രകാശത്തിനു ക്ഷണംകിട്ടിയപ്പോഴും ഇല്ലാത്തത്രയും സന്തോഷം തോന്നി. കോഴിക്കോട് ടൗൺഹാളിൽ നടന്ന...
Your Subscription Supports Independent Journalism
View Plansആറ് പതിറ്റാണ്ടുകൾക്കിപ്പുറം ‘വഴിയമ്പല’ത്തിന് അച്ചടിമഷി പുരളുകയാണ്. അത് അച്ഛൻ ടി. ദാമോദരൻ ‘ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു സ്മാരകമായി’ ഞാൻ കണക്കാക്കുന്നുവെന്ന് മകളും ചലച്ചിത്ര പ്രവർത്തകയുമായ ദീദി എഴുതുന്നു
തിക്കോടിയന്റെ ‘അരങ്ങു കാണാത്ത നടൻ’ എന്ന നാടക സ്മരണകളുടെ രണ്ടാം പതിപ്പ് ഏറ്റുവാങ്ങാനുള്ള നിയോഗം എനിക്കുണ്ടായിരുന്നു. മറ്റേത് പുസ്തകപ്രകാശത്തിനു ക്ഷണംകിട്ടിയപ്പോഴും ഇല്ലാത്തത്രയും സന്തോഷം തോന്നി. കോഴിക്കോട് ടൗൺഹാളിൽ നടന്ന ആ പ്രകാശനച്ചടങ്ങിനു ശേഷം തിക്കോടിയന്റെ മകൾ പുഷ്പേച്ചി പുസ്തകത്തിന്റെ ആദ്യപേജിൽ ഇങ്ങനെ എഴുതി ഒപ്പിട്ടു തന്നു:
‘‘പ്രിയപ്പെട്ട അച്ഛനുവേണ്ടി, അച്ഛന്റെ ദാമോദരൻ മാഷിന്റെ മകൾക്ക്, പുഷ്പ’’ എന്ന്. കാലത്തുടർച്ചപോലെ വന്നുചേർന്ന ആ സ്നേഹനിമിഷത്തിൽ കണ്ണുനിറഞ്ഞു പോയി: തിക്കോടിയൻ സ്വയം വിട്ടുകളഞ്ഞിട്ടോ, അച്ചടിക്കും മുമ്പ് പത്രാധിപരുടെ ഇടപെടൽമൂലമോ പോയ ‘ദാമോദരൻ’ എന്ന പേര് തിക്കോടിയന്റെ മകൾ അതിൽ എഴുതിച്ചേർത്തു എന്നതായിരുന്നു കാലം കരുതിെവച്ച കാവ്യനീതി.
അച്ഛന്റെയും തിക്കോടിയന്റെയും സുഹൃത്തുക്കൾ തിങ്ങിനിറഞ്ഞ ആ ഓർമച്ചടങ്ങിൽ ഞാനാ വേദിയിൽ തുറന്നുപറയുകയും ചെയ്തു. ആ പുസ്തകത്തിൽ ടി. ദാമോദരൻ എന്ന പേരോ അവർ ഒന്നിച്ചു പങ്കിട്ട ജീവിതത്തിന്റെ ഒരു നിമിഷംപോലും ഓർക്കപ്പെട്ടിട്ടില്ല. ആ നാടകകാലത്ത് ഒരു നടനായും രചയിതാവായും സംവിധായകനായും സംഘാടകനായും അച്ഛൻ കോഴിക്കോട്ട് ജീവിച്ചിരുന്നു എന്നതിന്റെ ഒരു നേരിയ തെളിവുപോലും അവശേഷിപ്പിക്കാതെയാണ് ‘അരങ്ങു കാണാത്ത നടൻ’ പുറത്തിറങ്ങിയത്. അതെന്തുകൊണ്ടാകും എന്നത് എന്നെ അമ്പരപ്പിച്ചിരുന്നു, അലട്ടിയിരുന്നു.
പോയ നൂറ്റാണ്ടിന്റെ അമ്പതുകളിൽ തുടങ്ങിയ കോഴിക്കോടിന്റെ ആകാശവാണിക്കാലത്ത് അച്ഛന്റെ വഴികാട്ടികളിലൊരാളായിരുന്നു തിക്കോടിയൻ. അദ്ദേഹം അവിടെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്ന കാലത്ത്, കോളജ് വിദ്യാർഥിയായിരുന്ന കാലംതൊട്ട് അച്ഛന്റെ റേഡിയോ നാടകങ്ങൾ ആകാശവാണിയിൽ സ്ഥിരമായിരുന്നു. തുടർന്ന്, അക്കാലത്തിന്റെ ലഹരിയായിരുന്ന ഫുട്ബാൾ റണ്ണിങ് കമന്റേറ്ററായി അച്ഛൻ ആകാശവാണിയിൽ നിറഞ്ഞുനിന്നിരുന്നു. സിനിമ പിന്തുടരാത്ത പലർക്കും ടി. ദാമോദരൻ എന്നാൽ ഇപ്പോഴും പ്രിയപ്പെട്ട നാടകക്കാരനും ആകാശവാണിയിലെ റണ്ണിങ് കമന്റേറ്ററുമാണ്. ചെറിയ കാലമല്ല, കാൽനൂറ്റാണ്ട്. ഒടുവിൽ സിനിമയിൽ തിരക്കു കൂടിയപ്പോൾ സ്വയം പിരിഞ്ഞുപോകും വരെയും.
തിക്കോടിയനുമായുള്ള ബന്ധം ആകാശവാണിയിൽമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും പല യാത്രകളിലും തിക്കോടിയനും പുഷ്പേച്ചിയും ഒന്നിച്ചുണ്ടായിരുന്നു. ബേപ്പൂരിലെ എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്ന കുടുംബ സുഹൃത്തുക്കളിൽ തിക്കോടിയനും പുഷ്പേച്ചിയും, എം.ടിയും കുടുംബവും, പുനലൂർ രാജേട്ടനും കുടുംബവും ഒക്കെ നിറഞ്ഞുനിന്ന ഒരു കാലമുണ്ട്. അന്ന് നീന ബാലേട്ടൻ എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വീട്ടിലെ ആൽബത്തിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് പലതും.
അച്ഛന്റെ ശേഖരത്തിലുണ്ടായിരുന്ന 1968 ഏപ്രിൽ മാസത്തെ ‘ആകാശവാണി’ മാഗസിന്റെ ഒരു കോപ്പി ഇപ്പോഴും എന്റെ ഓർമവസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ആകാശവാണി കോഴിക്കോട് റേഡിയോ നിലയം 1968 ഏപ്രിൽ 21 മുതൽ 27 വരെ നടത്തിയ നാടകോത്സവത്തിന്റെ ഒരു വാർത്ത അതിലുണ്ട്. അച്ഛനോടൊപ്പം ചരിത്രകാരൻ എം.ജി.എസ്. നാരായണൻ, തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, കവി എൻ.വി. കൃഷ്ണവാരിയർ എന്നിവരുടെ ചിത്രങ്ങളും കൊടുത്താണ് നാടകോത്സവത്തിന്റെ വാർത്താപ്രഖ്യാപനം വന്നത്. എന്നിട്ടും ‘അരങ്ങു കാണാത്ത നടനി’ൽ അത് പരാമർശിച്ചു കണ്ടില്ല. മലയാള നാടകചരിത്രത്തിലെ അത്യപൂർവ പരീക്ഷണം എന്ന് വിശേഷിപ്പിക്കപ്പെട്ട, അച്ഛനും തിക്കോടിയനും എം.ടിയും കെ.ടി. മുഹമ്മദും ചേർന്ന് എഴുതിയ ‘വഴിയമ്പലം’ എന്ന നാടകത്തെക്കുറിച്ചുള്ള ഒരു വാക്കുപോലും ആ പുസ്തകത്തിലില്ല.
തിക്കോടിയന്റെ ഏക മകളാണ് പുഷ്പേച്ചി. ഭാര്യ വളരെ നേരത്തേ മരിച്ചുപോയശേഷം വേറെ വിവാഹത്തിലേക്കൊന്നും പോകാതെ മകൾക്കു വേണ്ടി ജീവിച്ച സ്നേഹസമ്പന്നായ അച്ഛനായിരുന്നു അദ്ദേഹം. എന്നാൽ, പുഷ്പേച്ചി ഒരു അന്യജാതിക്കാരനുമായി പ്രണയത്തിലാവുകയും മിശ്രവിവാഹം കഴിക്കുകയും ചെയ്തത് ആ അച്ഛനെ ഉലച്ചിരുന്നു എന്നറിയാം. എന്നാൽ, തിക്കോടിയന് ജാതി ഉണ്ട് എന്നാരും പറയില്ല. ജീവിതത്തിലൊരിക്കലും അദ്ദേഹം ജാതിബോധം കാട്ടിയതായും ആരും പറഞ്ഞു കേട്ടിട്ടില്ല. സ്വന്തം പേരിൽനിന്നും ജാതിവാൽ മായ്ച്ചു കളയാൻ തന്നെയാകണം പി. കുഞ്ഞനന്തൻ നായർ ജാതിക്ക് അതീതമായി തിക്കോടിയൻ എന്ന തൂലികാനാമത്തിൽ ഒരായുസ്സ് ജീവിച്ചത്. എങ്കിലും മകളുടെ പ്രണയം ഒരന്യജാതിക്കാരനോടായപ്പോൾ അതംഗീകരിക്കാൻ തിക്കോടിയൻ വിഷമിച്ചു. അച്ഛൻ പക്ഷേ ആ പ്രണയത്തിനൊപ്പം നിന്നു. അതുകൊണ്ട് തന്നെ പുഷ്പേച്ചിയും ചേന്ദ്രട്ടനും അവരുടെ രജിസ്റ്റർ വിവാഹത്തിന് അച്ഛനെ കൂടെ നിർത്തി.
മകളെയും മരുമകനെയും പിന്നീട് സ്വന്തം ജീവിതത്തിലേക്ക് സ്വീകരിച്ചെങ്കിലും ആ വിവാഹത്തിന് കൂട്ടുനിന്ന കുറ്റത്തിന് തിക്കോടിയൻ അച്ഛന് മാപ്പുകൊടുത്തില്ല. തിക്കോടിയൻ പിന്നെയും വീട്ടിൽ വരുകയും ഭക്ഷണം കഴിക്കുകയും സൗഹൃദക്കൂട്ടായ്മകളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാൽ, അമ്മയോടും ഞങ്ങൾ കുട്ടികളോടും മാത്രമേ പിന്നീട് സംസാരിക്കുമായിരുന്നുള്ളൂ. അച്ഛൻ നേരിട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്കുപോലും മറുപടി പറയുക അമ്മയെയോ ഞങ്ങളെയോ മുൻ നിർത്തിയായിരിക്കും. വാക്യങ്ങൾക്ക് ഒടുവിൽ നാടകീയമായി ‘‘എന്ന് അയാളോട് പറഞ്ഞേക്ക്’’ എന്ന് കൂട്ടിച്ചേർക്കും. അച്ഛനാ പിണക്കം ആസ്വദിച്ചിരുന്നു എന്നുവേണം വിചാരിക്കാൻ. ജീവിതത്തിലൊരിക്കലും അച്ഛൻ തിക്കോടിയനെ കുറ്റംപറഞ്ഞു കേട്ടിട്ടില്ല.
വർഷങ്ങൾക്കുശേഷമാണ്, 1983ൽ തിക്കോടിയന്റെ ‘മൃത്യുഞ്ജയം’ എന്ന നാടകം അച്ഛൻ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ എന്ന പേരിൽ ഗൃഹലക്ഷ്മി ഫിലിംസിന് വേണ്ടി സിനിമയാക്കി മാറ്റുന്നത്. ഞങ്ങളുടെ വീട്ടിൽ െവച്ച് നടന്ന അതിന്റെ ചർച്ചക്കിടയിലും ‘‘അയാളോട് പറഞ്ഞേക്ക്’’ എന്ന് അതിന്റെ നിർമാതാവ് പി.വി.ജിയെ മുൻനിർത്തിയും പറഞ്ഞു കേൾക്കുന്നത് എല്ലാവർക്കും ഒരു രസമായിരുന്നു. ഈ പിണക്കമല്ല അച്ഛന്റെ പേര് ഓർമ പുസ്തകത്തിൽ ഇല്ലാതാവാൻ കാരണമെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
അറുപതുകളുടെ അന്ത്യത്തിൽ അച്ഛന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന നാടകം നടൻ ബാലൻ കെ. നായരുടെ സുഭാഷ് തിയറ്റേഴ്സ് ഏറ്റെടുത്തപ്പോഴാണ് അതിന്റെ ക്ലൈമാക്സ് മാറ്റിച്ചത്. തിക്കോടിയനും എം.ടിയും എം.വി. ദേവനും ജി. അരവിന്ദനും ചേർന്നാണ് ആ ക്ലൈമാക്സ് തിരുത്തിച്ചത്. എന്നാൽ, അത് പിന്നീട് എം.ടിയുടെ ‘നിർമാല്യ’ത്തിന്റെ ക്ലൈമാക്സായി കണ്ടപ്പോൾ, അവരാരും അതേക്കുറിച്ച് തുറന്നുപറയാൻ തയാറായിരുന്നില്ല. അന്ന് തുടങ്ങിെവച്ച സവിശേഷമായ ഒരു മൗനം പിൽക്കാലത്ത് കോഴിക്കോടിന്റെ സാംസ്കാരിക ലോകത്തിൽ ഒരു നിശ്ശബ്ദതയായി ഘനീഭവിച്ചിരുന്നു. അതിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇനി നാടകം മതി എന്ന തീരുമാനത്തിലേക്ക് അച്ഛൻ എത്തുന്നത്. അതിലൊരു പിൻവാങ്ങലുണ്ടായിരുന്നു. തൊട്ടടുത്ത വർഷം 1975ലാണ് സംവിധായകൻ ഹരിഹരൻ സിനിമ എഴുതിക്കാൻ അച്ഛനെ നിർബന്ധിച്ച് മദിരാശിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നെ കോഴിക്കോടൻ നാടകവേദിയിലേക്ക് അച്ഛന്റെ ഒരു മടക്കമുണ്ടായിട്ടില്ല. ഒരു തിരശ്ശീല വീഴുമ്പോൾ മറ്റൊന്ന് പതുക്കെ ഉയരുകയായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ കാവിൽ വെളിച്ചപ്പാട് അച്ഛന്റെ ഏട്ടനായിരുന്നു. വെളിച്ചപ്പാടും വിഗ്രഹങ്ങളും തമ്മിലുള്ള ബന്ധം കുട്ടിക്കാലത്തേ മനസ്സിലാക്കിയതുകൊണ്ടാണ് അച്ഛനൊരു യുക്തിവാദിയായി മുതിർന്നത്. അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതാൻ ശ്മശാനവാസം അടക്കമുള്ള യുക്തിവാദി സംഘത്തിന്റെ പല പരിപാടികളിലും അച്ഛൻ ഭാഗമായിരുന്നു. വിഗ്രഹങ്ങൾക്ക് കൈക്കൂലി കൊടുത്ത് വരം വാങ്ങാൻ പോകുന്നവരെ പരിഹസിക്കുമായിരുന്നു അച്ഛൻ. ‘‘ഏതെങ്കിലുമൊരു വിഗ്രഹത്തിന് മുന്നിൽ എപ്പോഴെങ്കിലും അച്ഛൻ വണങ്ങി നിൽക്കുന്നതായി കണ്ടാൽ അപ്പോൾ മനസ്സിലാക്കിക്കൊള്ളണം അച്ഛന് സമനില തെറ്റി, ചികിത്സിക്കാൻ നേരമായി’’ എന്ന് എപ്പോഴും ഓർമിപ്പിക്കുമായിരുന്നു ഞങ്ങളെ.
വിഗ്രഹങ്ങൾ ഉടക്കുക എന്നത് അച്ഛന് ഒരു ചര്യയാണെന്നുതന്നെ പറയാം. ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന പേര് അത്രക്ക് ആ ചര്യയുമായി ചേർന്നു പോകുന്നതാണ്. അത് അത്ര നന്നായി അറിയുന്ന ഒരാളാണ് തിക്കോടിയൻ. ഉടഞ്ഞ വിഗ്രഹങ്ങളുടെ ക്ലൈമാക്സ് ‘നിർമാല്യ’ത്തിൽ കണ്ടാൽ അതിലെ നെറികേട് അന്നു ചൂണ്ടിക്കാണിക്കേണ്ടിയിരുന്ന ഒരാൾ എം.ടിയുടെ പത്രാധിപ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓർമക്കുറിപ്പ് എഴുതുമ്പോൾ ടി. ദാമോദരനെ മറന്നല്ലേ പറ്റൂ. ‘അരങ്ങു കാണാത്ത നടൻ’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിക്കപ്പെടുന്നത് മാതൃഭൂമി പത്രാധിപ സ്ഥാനത്തേക്കുള്ള എം.ടിയുടെ രണ്ടാം വരവിലാണ്. 1989 നവംബറിൽ തുടങ്ങി 1991 ഏപ്രിൽ വരെ.
‘വഴിയമ്പലം’ മാധ്യമം അച്ചടിക്കാൻ തീരുമാനിച്ചതിൽ വലിയ സന്തോഷമുണ്ട്. മറഞ്ഞുകിടന്ന ഒരു ചരിത്രത്തിന്റെ വീണ്ടെടുപ്പുണ്ടതിൽ. അതിന്റെ കൈയെഴുത്തു പ്രതി ആറ് പതിറ്റാണ്ട് കാത്തു സൂക്ഷിച്ച അച്ഛന്റെ ശിഷ്യൻ പത്മശങ്കരനോട് കാലം കടപ്പെട്ടിരിക്കുന്നു. ആറു പതിറ്റാണ്ടുകൾക്കിപ്പുറം ‘വഴിയമ്പല’ത്തിന് അച്ചടിമഷി പുരളുമ്പോൾ, അത് അച്ഛൻ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു സ്മാരകമായി ഞാൻ കണക്കാക്കുന്നു. ‘മാധ്യമ’ത്തിന് നന്ദി.
