സത്യാനന്തര കാലത്തെ അംബേദ്കർ

അംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റി നിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽകൂടി മാത്രം അംബേദ്കറെ അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ ചോർത്തിക്കളയുന്ന രീതി നിലവിലുണ്ടോ? അംബേദ്കർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ? ബിംബവത്കരണത്തിന് അപ്പുറം എന്തായിരുന്നു അംബേദ്കറിന്റെ നിലപാട്? സത്യാനന്തരകാലം (Post truth ) എന്നത് വസ്തുതകളേക്കാൾ വികാരങ്ങളും രാഷ്ട്രീയതാൽപര്യങ്ങളും പ്രചാരണങ്ങളും പൊതുധാരണയെ സ്വാധീനിക്കുന്ന സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ പല വിഭാഗങ്ങൾക്കും വ്യത്യസ്ത രീതിയിൽ ‘ഉപയോഗിക്കാവുന്ന’ രാഷ്ട്രീയബിംബമായി മാറുന്നതിന്റെ...
Your Subscription Supports Independent Journalism
View Plansഅംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റി നിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽകൂടി മാത്രം അംബേദ്കറെ അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ ചോർത്തിക്കളയുന്ന രീതി നിലവിലുണ്ടോ? അംബേദ്കർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ? ബിംബവത്കരണത്തിന് അപ്പുറം എന്തായിരുന്നു അംബേദ്കറിന്റെ നിലപാട്?
സത്യാനന്തരകാലം (Post truth ) എന്നത് വസ്തുതകളേക്കാൾ വികാരങ്ങളും രാഷ്ട്രീയതാൽപര്യങ്ങളും പ്രചാരണങ്ങളും പൊതുധാരണയെ സ്വാധീനിക്കുന്ന സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ പല വിഭാഗങ്ങൾക്കും വ്യത്യസ്ത രീതിയിൽ ‘ഉപയോഗിക്കാവുന്ന’ രാഷ്ട്രീയബിംബമായി മാറുന്നതിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലം അന്വേഷിക്കുന്നത് പ്രധാനമാണ്.
സാമൂഹിക അസമത്വത്തെയും ജാതിവ്യവസ്ഥയെയും ചോദ്യംചെയ്യുന്നവർക്ക് അംബേദ്കർ സമത്വത്തിന്റെയും സാമൂഹികനീതിയുടെയും പ്രതീകമാണ്. ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവർക്ക് അംബേദ്കർ ജനാധിപത്യത്തിന്റെയും അവകാശങ്ങളുടെയും പ്രതീകമാണ്. അംബേദ്കറുടെ ആശയങ്ങൾ ഭാഗികമായി മാത്രം സ്വീകരിക്കുന്നവർ അദ്ദേഹത്തിന്റെ പ്രതിച്ഛായ സ്വന്തം രാഷ്ട്രീയത്തിന് അനുകൂലമായി ഉപയോഗിക്കുന്നു. അംബേദ്കറിന്റെ ജാതിവിരുദ്ധവും സാമൂഹിക വിമർശനപരവുമായ ആശയങ്ങളെ അവഗണിച്ച് അദ്ദേഹത്തെ കേവല ‘പ്രതീക’മാക്കി മാറ്റുന്ന പ്രവണത ഇതിന്റെ ഭാഗമാണ്. അതായത് അംബേദ്കറെ ബിംബമാക്കുന്നതും അംബേദ്കറെ വായിക്കുന്നതും ഒരുപോലെയല്ല എന്നർഥം.
അതേ സമയംതന്നെ ജാതി, അധികാരം, അസമത്വം എന്നിവയെക്കുറിച്ചുള്ള അംബേദ്കറിന്റെ വിമർശനം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും, അംബേദ്കർ മുന്നോട്ടുെവച്ച ആശയങ്ങളോടുള്ള എതിർപ്പും നിമിത്തം ഇന്ത്യയിൽ പലയിടങ്ങളിലും അംബേദ്കർ പ്രതിമകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സമകാലിക ഇന്ത്യയിൽ അംബേദ്കറിന്റെ ചിത്രങ്ങളും ബിംബങ്ങളും പോരാട്ടവേദികളിൽ ഉയർത്തപ്പെടുന്നത് വിമോചനാത്മകമായ ഒരാശയം എന്നനിലയിൽ കൂടിയാണ്. ഇവിടെ നീതിയുടെ പ്രവാചകനായി പ്രത്യാശയോടെ സ്ത്രീകളും തൊഴിലാളികളും മർദിത ജനവിഭാഗങ്ങളും അടിച്ചമർത്തപ്പെട്ടവരും പുറന്തള്ളപ്പെട്ടവരും ന്യൂനപക്ഷങ്ങളും കോടിക്കണക്കിന് പാർശ്വവത്കൃതരും അംബേദ്കറിലേക്ക് ഉറ്റുനോക്കുന്നു.
അംബേദ്കർ ഇന്ന് നീതിക്കായുള്ള സമരങ്ങളിൽ പ്രത്യാശയുടെ വിമോചന പ്രകാശസ്ഥാനമാണ്. നീതിക്കായി പോരാട്ടസ്ഥാനങ്ങളിൽ ഉയർത്തപ്പെടുന്ന അംബേദ്കറെ ഒരു വിമർശനാത്മക ചിന്തകനായി വായിക്കുക എന്നത് പ്രധാനമാണ്. അംബേദ്കർ സ്വജീവിതംകൊണ്ടുതന്നെ മുന്നോട്ടുെവച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് അടിസ്ഥാനാശയങ്ങളെ സാമൂഹികജീവിതത്തിൽ പ്രയോഗിക്കുന്നതിലൂടെ അംബേദ്കർ ദർശനത്തെ സജീവമായി നിലനിർത്താൻ കഴിയും. ഇതിലൂടെ ജാതി, സാമൂഹിക വിവേചനം, അധികാര കേന്ദ്രീകരണം, അസമത്വം എന്നിവയെ ചോദ്യംചെയ്യാൻ കഴിയും. അംബേദ്കറിലൂടെയുള്ള പ്രതിരോധം എന്നാൽ അംബേദ്കർ ഉയർത്തിയ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തോടും നമ്മോടു തന്നെയും ചോദിക്കുക എന്നതുതന്നെയാണ്. അംബേദ്കറെ ആശയമായും വിമർശനമായും സാമൂഹിക പ്രവർത്തനമായും മാറ്റുന്നതിലൂടെ അംബേദ്കർ ദർശനം ജീവസ്സുറ്റതായിത്തീരുന്നു.
എന്നാൽ, അംബേദ്കർ എന്ന വിമർശനാത്മക ചിന്തകനെ, പ്രത്യേകിച്ച് അംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റിനിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽ കൂടി മാത്രം അംബേദ്കറെ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ ചോർത്തിക്കളയുകയും ചെയ്യുന്ന രീതിയിലുള്ള ബിംബവത്കരണം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണാം.
‘തിരഞ്ഞെടുത്ത’ അംബേദ്കർ
രാഷ്ട്രീയകക്ഷികളും സംഘടനകളും തങ്ങളുടെ ആശയങ്ങൾക്ക് അനുകൂലമായ അംബേദ്കറെ മാത്രം അവതരിപ്പിക്കുന്നു. ചിലർ അംബേദ്കറെ ഭരണഘടനാശിൽപി എന്നനിലയിൽ മാത്രം അവതരിപ്പിക്കുന്നു. ചിലർ ‘ഹിന്ദുമത വിമർശകൻ’ എന്നനിലയിൽ ഊന്നുന്നു. മറ്റു ചിലർ ദലിത് വിമോചനത്തിന്റെ പ്രതീകം എന്നനിലയിൽ മാത്രം കാണുന്നു. അങ്ങനെ അംബേദ്കർ ഒരു രാഷ്ട്രീയ ബ്രാൻഡ് ആകുന്നു. യഥാർഥ അംബേദ്കർ കടുത്ത വാദപ്രതിവാദങ്ങളുടെകൂടി വ്യക്തിയായിരുന്നു. മേൽ പറഞ്ഞവയെല്ലാം അംബേദ്കറിൽ നിലീനവുമായിരുന്നു.
ഗാന്ധിയുമായുള്ള തർക്കം, കോൺഗ്രസിനോടുള്ള വിമർശനം, ബ്രാഹ്മണ്യ സാമൂഹിക ക്രമത്തോടുള്ള വിമർശനം, ന്യൂനപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള നിലപാടുകൾ, കമ്യൂണിസത്തോടുള്ള വിമർശനം തുടങ്ങിയവ അംബേദ്കറിന്റെ ചിന്തയിൽ നിഹിതമായിരുന്നു. എന്നാൽ, അംബേദ്കറെ ബിംബവത്കരിക്കുമ്പോൾ ഇത്തരം സങ്കീർണതകൾ ഒഴിവാക്കപ്പെടുന്നു. അംബേദ്കറെ ‘വായിക്കേണ്ട ചിന്തകൻ’ എന്നതിൽനിന്ന് ‘ഉപയോഗിക്കേണ്ട ബിംബം’ എന്ന നിലയിലേക്ക് തൽപരകക്ഷികൾ മാറ്റുന്നു. ചോദ്യം ഇതാണ്– നാം ഇന്ന് അംബേദ്കറെ വായിക്കുകയാണോ, അതോ നമ്മുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് അംബേദ്കറെ ‘നിർമിക്കുകയാണോ’?
ഹിന്ദുത്വരുടെ ബിംബവത്കരണം
ഹിന്ദുത്വർ അംബേദ്കറെ കേവലം ഒരു ‘ദേശീയവാദിയാക്കി’ ചിത്രീകരിക്കുന്നു. അതിനായി അംബേദ്കറുടെ ദേശീയത, രാഷ്ട്രം, ദേശീയ ഐക്യം എന്നിവയെ കുറിച്ചുള്ള പ്രസ്താവനകൾ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയും ദുർവ്യാഖ്യാനിച്ചും ഉപയോഗിക്കുന്നു. ദേശീയവാദിയായ അംബേദ്കറെ നിർമിച്ചെടുക്കുന്ന ഹിന്ദുത്വർ ജാതിവ്യവസ്ഥയെയും ബ്രാഹ്മണ്യസാമൂഹിക ക്രമത്തെയും മുൻനിർത്തി അംബേദ്കർ നടത്തിയ അടിസ്ഥാനപരമായ വിമർശനങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നു.
അംബേദ്കറെ ഭരണഘടനാ ശിൽപി എന്ന ഏകബിംബത്തിൽ മാത്രം സ്ഥാനപ്പെടുത്തുന്നതിലൂടെ അംബേദ്കർ മുന്നോട്ടുെവച്ച ജാതിനിർമാർജനം, സാമൂഹിക ജനാധിപത്യം, ബ്രാഹ്മണിസത്തോടുള്ള വിമർശനം എന്നീ രാഷ്ട്രീയ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ അവഗണിക്കുന്നു. ഹിന്ദു സമൂഹത്തിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു അന്തർഘടക പരിഷ്കർത്താവായി അംബേദ്കറെ അവതരിപ്പിക്കുന്നതിലൂടെ ഹിന്ദുത്വർ ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ പോലുള്ള കൃതികളിലെ ഘടനാപരമായ വിമർശനത്തെ ഉൾക്കൊള്ളാൻ തയാറാവാതെ അവഗണിക്കുന്നു.
ബുദ്ധമതത്തിലേക്കുള്ള അംബേദ്കറിന്റെ പരിവർത്തനത്തിന്റെ രാഷ്ട്രീയ അർഥത്തെ മായ്ച്ചുകളയുന്നതിനും ‘ഹിന്ദു സാമൂഹിക പരിഷ്കർത്താവ്’ എന്ന ബിംബത്തെ ഹിന്ദുത്വർ ഉപയോഗിക്കുന്നു. 1956 ലെ അംബേദ്കറുടെ ബുദ്ധമത സ്വീകരണം അദ്ദേഹത്തിന്റെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ നിർണായക ഘട്ടമായിരുന്നു. എന്നാൽ, ബുദ്ധൻ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണ് എന്നതരത്തിലുള്ള ബ്രാഹ്മണ്യ അവകാശവാദം അംബേദ്കർ നടത്തിയ ബ്രാഹ്മണ്യ ഹിന്ദു സാമൂഹികക്രമത്തിൽനിന്നുള്ള വ്യക്തമായ വിച്ഛേദത്തെ മായ്ച്ചുകളയുന്നു.
അംബേദ്കറെ നിരാകരിക്കുന്ന രാഷ്ട്രീയത്തിൽനിന്ന് അംബേദ്കറെ സ്വാംശീകരിക്കുന്ന (Appropriation) രാഷ്ട്രീയത്തിലേക്കുള്ള ഹിന്ദുത്വത്തിന്റെ സഞ്ചാരം ശ്രദ്ധിക്കേണ്ടതാണ്. അംബേദ്കറെ ‘ദലിത് വിമോചകൻ’ എന്നതിൽനിന്ന് ‘ദേശീയവാദിയിലേക്ക്’ ഹിന്ദുത്വം സ്ഥാനാന്തരപ്പെടുത്തുന്നത് ഇതിൽ പ്രത്യേകമായി പരിഗണിക്കേണ്ട ഒന്നാണ്. അംബേദ്കറെ കേവലം ഒരു ദേശീയവാദിയാക്കുമ്പോൾ അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥാ വിരുദ്ധ നിലപാടുകൾ പാർശ്വവത്കരിക്കപ്പെടുന്നു. അംബേദ്കർ ജാതിനിർമൂലനത്തിൽ ഊന്നുമ്പോൾ ഹിന്ദുത്വസംഘടനകൾ ‘സാമാജിക സമരസത’ യിൽ ഊന്നുന്നു.
അംബേദ്കർ ജാതി എന്ന ഘടനയെതന്നെ ചോദ്യംചെയ്യുമ്പോൾ സമരസതാരാഷ്ട്രീയം ജാതിവിഭജനങ്ങളെ മറച്ചു പിടിക്കുന്നു. ഇങ്ങനെ നിലവിലുള്ള വ്യവസ്ഥയിലെ അധികാരബന്ധങ്ങളും അസമത്വങ്ങളും മാറ്റിത്തീർക്കുന്ന അംബേദ്കറുടെ റാഡിക്കലായ സമീപനങ്ങൾക്ക് പകരം അംബേദ്കറെ ഒരു ഏകീകരണാധിഷ്ഠിത സമീപനത്തിലേക്ക് ഹിന്ദുത്വർ ചുരുക്കുന്നു. കേവലമായ സാമൂഹിക ഏകീകരണം ജാതിനിർമൂലനത്തിന് പകരമാകില്ല എന്ന അംബേദ്കറുടെ ഘടനാപരമായ വിമർശനത്തിന് എതിരായാണ് ഹിന്ദുത്വർ അംബേദ്കറെ ‘സമന്വയാത്മക ചട്ടക്കൂടി’ലേക്ക് (Integrationist Framework) പരിവർത്തിപ്പിക്കുന്നത്.

ജാതിഹിന്ദുത്വത്തെ വിമർശിച്ച അംബേദ്കർ എവിടെ?
അംബേദ്കറുടെ ‘Riddles in Hinduism’ എന്ന കൃതിയിൽ വേദങ്ങൾ, വർണാശ്രമം, ബ്രാഹ്മണ്യ സാമൂഹിക ക്രമം എന്നിവ പരിശോധിക്കപ്പെടുന്നുണ്ട്. അതുപോലെ ‘Annihilation of Caste’ എന്ന കൃതി ജാതിവ്യവസ്ഥയെ പരിഷ്കരിക്കാനുള്ള ശ്രമമല്ല, അതിന്റെ ആശയപരമായ അടിത്തറയെ ചോദ്യം ചെയ്യുന്ന രചനയാണ്. അതുകൊണ്ടുതന്നെ ‘ഹിന്ദു സമൂഹത്തിന്റെ പരിഷ്കർത്താവ്’ എന്ന ഹിന്ദുത്വരുടെ ബിംബനിർമിതി നിലനിൽക്കില്ല.ബ്രാഹ്മണ്യ ഹിന്ദു സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യംചെയ്യുന്ന അംബേദ്കറെ മറച്ചുപിടിച്ചാണ് ഹിന്ദുത്വർ അംബേദ്‌കറെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നത്.
ബുദ്ധമത സ്വീകരണം മറയ്ക്കപ്പെടുമ്പോൾ
1956ലെ ബുദ്ധമത സ്വീകരണം അംബേദ്കറുടെ ജീവിതത്തിലെ ഒരു മതപരമായ സംഭവം മാത്രമല്ല, ജാതിയധിഷ്ഠിത സാമൂഹിക ക്രമത്തോടും അതിന്റെ ലോകവീക്ഷണത്തോടുമുള്ള അംബേദ്കറുടെ അന്തിമ രാഷ്ട്രീയ ധാർമിക പ്രതികരണമായിരുന്നു. അതിനാൽ അംബേദ്കറെ ഹിന്ദു സമൂഹത്തെ പരിഷ്കരിക്കാൻ ശ്രമിച്ച ദേശീയ നേതാവ് എന്ന ഹിന്ദുത്വരുടെ ഏകപക്ഷീയ ബിംബനിർമിതി ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിന്റെ സാമൂഹിക അർഥത്തെ ദുർബലമാക്കുകയും ജാതിഹിന്ദുത്വത്തോടുള്ള അംബേദ്കറുടെ അടിസ്ഥാനപരമായ വിമർശനങ്ങളെ മറയ്ക്കുകയും മായ്ക്കുകയും ചെയ്യുന്നു.
ആർ.എസ്.എസിന്റെ അംബേദ്കർ പുനരാവിഷ്കാരം
1981ലെ മീനാക്ഷിപുരം കൂട്ട മതപരിവർത്തനത്തിനുശേഷമാണ് ആർ.എസ്.എസ് ദലിത് സമൂഹങ്ങളെയും അംബേദ്കറെയും കൂടുതൽ ശക്തമായി രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ തുടങ്ങിയത്. 1981 ഫെബ്രുവരി 19ന് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മീനാക്ഷിപുരത്ത് പള്ളർ സമുദായത്തിൽപെട്ട ഏകദേശം 180 കുടുംബങ്ങൾ, സർക്കാർ കണക്കനുസരിച്ച് ഏകദേശം 1100 ഓളം പേർ ഇസ്‍ലാം മതം സ്വീകരിച്ചു. പള്ളർ നേരിട്ട ജാതിവിവേചനം, അയിത്തം, സാമൂഹിക അപമാനം, പൊതുകിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കുമുള്ള നിയന്ത്രണങ്ങൾ, സവർണ ജാതിവിഭാഗങ്ങളുടെ വിവേചനപരമായ പെരുമാറ്റം എന്നിവയാണ് പള്ളർ സമുദായത്തെ തുല്യതക്കും ആത്മാഭിമാനത്തിനുമായി മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.
മീനാക്ഷിപുരത്തെ ഈ സംഭവം മതമാറ്റം എന്നതിലുപരി ദലിത് ജനതയുടെ സാമൂഹികമാന്യതക്കും, മതസ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായുള്ള പോരാട്ടചരിത്രത്തിലെ നിർണായകസംഭവമായിരുന്നു. ഈ പോരാട്ടം അയിത്താചരണം, സാമൂഹിക അപമാനം, പൊതുസൗകര്യങ്ങളിലേക്കുള്ള അസമമായ പ്രവേശനം, മേൽജാതി ആധിപത്യം എന്നിവക്കെതിരെയായിരുന്നു. മീനാക്ഷി പുരത്തെ പള്ളർ സമുദായത്തിന്റെ പരിവർത്തന പോരാട്ടം ഹിന്ദുത്വസംഘടനകളെ അങ്ങേയറ്റം അലോസരപ്പെടുത്തി.
1982 മുതൽ ഹിന്ദു സമാഗമങ്ങളും അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടികളും ആർ.എസ്.എസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങി. ഇവിടെ അംബേദ്കർ ദലിത് അവകാശങ്ങളുടെ പ്രതീകം എന്നതിൽനിന്നും ‘ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെ’ പ്രതീകം എന്ന നിലയിലേക്ക് ചരിത്രവിരുദ്ധമായി അംബേദ്കറെ സ്ഥാനപ്പെടുത്തി. ഇതുവഴി അംബേദ്കറെ തന്നെ ചരിത്രവിരുദ്ധമായി ഉപയോഗിച്ച് ദലിത് സമൂഹത്തെ ‘ഹിന്ദു ഐക്യ’ ത്തിനകത്ത് ഉൾപ്പെടുത്താൻ ഹിന്ദുത്വ സംഘടനകൾ യത്നിച്ചുപോന്നു.
സോഷ്യൽ മീഡിയ കാലത്താവട്ടെ അംബേദ്കർ യഥാർഥത്തിൽ എന്താണ് എഴുതിയത് എന്നതിന് പകരം അംബേദ്കറുടെ പേരിൽ എന്ത് പറയാൻ കഴിയും എന്ന നിലയിലേക്ക് ഹിന്ദുത്വം വിമർശനത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റിയിരിക്കുന്നു. അംബേദ്കർ ഒരു മുസ്‍ലിം വിരുദ്ധനും ഇസ്‍ലാം വിരുദ്ധനുമാണെന്നുള്ള ഹിന്ദുത്വരുടെ പ്രചാരണം ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ ചരിത്രവിരുദ്ധ പ്രചാരണത്തിൽ ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട അംബേദ്കറുടെ ചരിത്രപരമായ ഇടപെടലുകളെ ഹിന്ദുത്വം മറച്ചുപിടിക്കുന്നു. ഇതോടെ സദർഭത്തിൽനിന്ന് വേർതിരിച്ച ഉദ്ധരണികൾ, തെറ്റായ പ്രസ്താവനകൾ, അർധസത്യങ്ങൾ എന്നിവ ഹിന്ദുത്വർ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്നു.
അംബേദ്കറെ എല്ലാവരും "സ്വന്തമാക്കുന്ന കാലം’
ദലിത് പ്രസ്ഥാനങ്ങൾ അംബേദ്കറെ തങ്ങളുടെ വിമോചനത്തിന്റെ പ്രതീകമായി ഉൾവഹിക്കുന്നു. കോൺഗ്രസ് അംബേദ്കറെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതീകമായി കാണുന്നു. ഇടതുപക്ഷം അംബേദ്കറെ ജാതിവിരുദ്ധ സാമൂഹിക വിപ്ലവത്തിന്റെ പ്രതീകമായി ഗണിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയം അംബേദ്കറെ ദേശീയ ഐക്യത്തിന്റെയും സാമൂഹിക സമരസതയുടെയും പ്രതീകമാക്കുന്നു. അങ്ങനെ അംബേദ്കർ ഒരൊറ്റ രാഷ്ട്രീയ പാരമ്പര്യത്തിന്റേതല്ലാത്ത എല്ലാവരും അവകാശപ്പെടുന്ന രാഷ്ട്രീയ പ്രതീകമായി മാറുന്നു.
എന്നാൽ പ്രധാന ചോദ്യമിതാണ് അംബേദ്കറുടെ പ്രതിമ സ്വീകരിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സാമൂഹിക വിപ്ലവ പദ്ധതി സ്വീകരിക്കപ്പെടുന്നുണ്ടോ? അംബേദ്കറുടെ ചിത്രവും പ്രതിമയും സ്ഥാപിക്കുകയും ‘ജയ് ഭീം’ പറയുകയും ചെയ്യുന്നത് ഒരു തലമാണ്. എന്നാൽ, ജാതിയുടെ പുനരുൽപാദനം അവസാനിപ്പിക്കൽ, സാമൂഹിക അധികാരബന്ധങ്ങൾ മാറ്റുക, ബ്രാഹ്മണിക സാമൂഹിക ക്രമത്തെ വിമർശിക്കുക, സമത്വവും സാഹോദര്യവും സ്ഥാപിക്കുക, ഭരണഘടനാ ധാർമികത സംരക്ഷിക്കുക എന്നിവ അംബേദ്കർദർശനത്തിന്റെ കേന്ദ്രമാണെന്ന് വിസ്മരിക്കാതിരിക്കാം.
അതായത് അംബേദ്കറെ ബിംബവത്കരിക്കുന്നതും അംബേദ്കറുടെ ആശയങ്ങൾ സ്വീകരിക്കുന്നതും ഒരേ കാര്യമല്ല എന്ന് സാരം. അതുകൊണ്ട് യഥാർഥ ചോദ്യം ‘‘ഹിന്ദുത്വം അംബേദ്കറെ സ്വീകരിച്ചോ’’ എന്നതല്ല, ഹിന്ദുത്വം എങ്ങനെയുള്ള അംബേദ്കറെയാണ് നിർമിച്ചെടുത്തത്, ഏത് അംബേദ്കറെയാണ് ഒഴിവാക്കിയത് എന്നാണ്.
എന്താണ് അംബേദ്കറിസം?
അംബേദ്കറിസം എന്നത് ഡോ. ബി.ആർ. അംബേദ്കറുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ധാർമിക ചിന്തകളിൽനിന്ന് രൂപപ്പെടുന്ന സമത്വാധിഷ്ഠിതമായ സാമൂഹിക പരിവർത്തനദർശനമാണ്. അംബേദ്കറുടെ വിവിധ കൃതികളും പ്രസംഗങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും ജീവിതവും ചേർത്താണ് ഈ ആശയത്തെ വിശകലനം ചെയ്യേണ്ടത്.
അംബേദ്കറിസത്തിന്റെ തൂണുകൾ
ജാതിനിർമാർജനം: അംബേദ്കറിസത്തിന്റെ കേന്ദ്രബിന്ദു ജാതിവ്യവസ്ഥയുടെ സാമൂഹിക അടിത്തറ തന്നെ ഇല്ലാതാക്കുക എന്നതാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
നിയമപരമായ രാഷ്ട്രീയ ജനാധിപത്യം മാത്രം പോരാ. ഈ മൂല്യങ്ങൾ സാമൂഹിക ജീവിതത്തിലും നിലനിൽക്കണമെന്നതാണ് അംബേദ്കറുടെ നിലപാട്.
ഭരണഘടനാ വാദം
ഭരണഘടന അംബേദ്കറിസത്തിൽ ഒരു നിയമരേഖ മാത്രമല്ല; വ്യക്തിയുടെ അവകാശങ്ങൾ, സാമൂഹിക നീതി, ന്യൂനപക്ഷ സംരക്ഷണം, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്ന ജനാധിപത്യത്തിന്റെ സ്ഥാപനപരമായ അടിത്തറ കൂടിയാണ്.
സാമൂഹിക ജനാധിപത്യം
വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല ജനാധിപത്യം. മനുഷ്യർ തമ്മിൽ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്ന സാമൂഹിക ഘടന അതിന് ആവശ്യമാണ്. അതുകൊണ്ടാണ് അംബേദ്കർ രാഷ്ട്രീയ ജനാധിപത്യത്തിന്റെ നിലനിൽപിന് സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്ന് വാദിച്ചത്.
സാമൂഹികമായി പുറന്തള്ളപ്പെട്ടവരുടെ പ്രാതിനിധ്യം
അംബേദ്കറിസം കേവലം ‘‘എല്ലാവരും തുല്യരാണ്’’ എന്ന സിദ്ധാന്തത്തിലല്ല ഊന്നുന്നത്. ചരിത്രപരമായി അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട വിഭാഗങ്ങൾക്ക് യഥാർഥ പ്രാതിനിധ്യവും അവസരവും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംവരണം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവ അംബേദ്കറുടെ രാഷ്ട്രീയ പദ്ധതിയിൽ പ്രധാനപ്പെട്ടതാകുന്നത്.
സാമ്പത്തിക ജനാധിപത്യം
അംബേദ്കർ ജാതിയെ മാത്രം വിമർശിച്ച ചിന്തകനല്ല. സാമ്പത്തിക അസമത്വവും അദ്ദേഹം ഗൗരവതരമായി പരിഗണിച്ചു. അംബേദ്കറുടെ ‘States and Minorities’ തുടങ്ങിയ രചനകളിൽ സാമ്പത്തിക ജനാധിപത്യം, തൊഴിലാളി അവകാശങ്ങൾ, അടിസ്ഥാന സാമ്പത്തിക വിഭവങ്ങളെ കുറിച്ചുള്ള വിതരണ നീതി തുടങ്ങിയ ആശയങ്ങൾ കാണാം.
സ്ത്രീവിമോചനം
സ്ത്രീകളുടെ സ്വത്തവകാശം, വിവാഹം, വിവാഹ മോചനം, കുടുംബത്തിലെ സമത്വം തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കർ ശക്തമായ പരിഷ്കരണ നിലപാട് സ്വീകരിച്ചു. ഹിന്ദുകോഡ് ബില്ലിനു വേണ്ടിയുള്ള അംബേദ്കറുടെ പോരാട്ടം ഇതിനുദാഹരണമാണ്.
യുക്തിചിന്തയും സാമൂഹിക വിമർശനവും
അംബേദ്കറിസം പാരമ്പര്യത്തെ അതിന്റെ പഴക്കത്തിന്റെ പേരിൽ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഒരു സാമൂഹിക ആചാരം നീതി, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് അംബേദ്കർ പരിശോധിച്ചു. യുക്തിചിന്തയെ സാമൂഹിക വിമർശനത്തിന്റെ അടിപ്പടവായി അംബേദ്കർ ദർശിച്ചിരുന്നു.
മതത്തിന്റെ പുനർവിചിന്തനം
1956ലെ ബുദ്ധമത സ്വീകരണം അംബേദ്കറിസത്തിന്റെ പ്രധാനഘട്ടമാണ്. അംബേദ്കറെ സംബന്ധിച്ച് മതം വ്യക്തിപരമായ വിശ്വാസം മാത്രമായിരുന്നില്ല. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും ധാർമികതയെയും രൂപപ്പെടുത്തുന്ന ശക്തിയായി മതത്തെ വിലയിരുത്തിയ അംബേദ്കർ ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഒരു പുതിയ ധാർമിക ബുദ്ധനെ കണ്ടെടുത്തു.
ചുരുക്കത്തിൽ ജാതി, വർഗം, ലിംഗം, മതം തുടങ്ങിയ അടിസ്ഥാനങ്ങളിൽ മനുഷ്യരെ ശ്രേണീകരിക്കുകയും പദവി വ്യത്യാസത്തിലാക്കുകയും ചെയ്യുന്ന സാമൂഹിക ഘടനകൾക്കെതിരെ പോരാടി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തിൽ സാമൂഹിക ജനാധിപത്യം സ്ഥാപിക്കാനുള്ള അംബേദ്കറുടെ ചിന്താപദ്ധതിയാണ് അംബേദ്കറിസം.

അംബേദ്കറിസത്തിന്റെ വിമർശന കേന്ദ്രം
ജാതി, ബ്രാഹ്മണിസം, അസമത്വം, സാമ്പത്തിക ചൂഷണം, ഭൂരിപക്ഷാധിപത്യം എന്നിവയും അതിന്റെ അധികാരഘടനകളും ആശയവ്യവസ്ഥയുമാണ് അംബേദ്കറുടെ മുഖ്യ വിമർശനകേന്ദ്രങ്ങൾ.
ജാതിവ്യവസ്ഥ: ‘Annihilation of Caste’ ജാതിയെ ഒരു സാമൂഹിക വിഭജനം മാത്രമായല്ല കാണുന്നത്. മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ പദവിക്രമത്തിലാക്കുന്ന സംവിധാനമായാണ് ജാതിയെ അംബേദ്കർ കാണുന്നത്. ജാതിയെ പരിഷ്കരിക്കുക എന്നതല്ല, ജാതിയെതന്നെ ഇല്ലാതാക്കുക എന്നതാണ് അംബേദ്കറിന്റെ ലക്ഷ്യം. അതിനാൽ ജാതിയെ നിലനിർത്തിക്കൊണ്ട് അംബേദ്കറിസം സാധ്യമല്ല.
ശ്രേണീകൃത അസമത്വം: സമൂഹം കേവലം ‘ഉയർന്നവർ, താഴ്ന്നവർ’ എന്ന രണ്ട് വിഭാഗങ്ങളായല്ല വിഭജിക്കപ്പെടുന്നതെന്ന് അംബേദ്കർ വിശദീകരിച്ചു. മറിച്ച് ഓരോ ജാതിക്കും മുകളിലും താഴെയും മറ്റൊരു ജാതിയുണ്ടാകുന്ന രീതിയിലുള്ള പടിപടിയായ അസമത്വമാണ് ജാതിവ്യവസ്ഥയുടെ പ്രത്യേകത എന്ന് അംബേദ്കർ സിദ്ധാന്തിച്ചു.
ബ്രാഹ്മണിസം എന്ന ആശയഘടന: ജന്മാധിഷ്ഠിത പദവിക്രമത്തിനും പ്രത്യേക അവകാശത്തിനും മതപരമായ ന്യായീകരണം നൽകുന്ന ബ്രാഹ്മണിസം എന്ന ആശയഘടന അംബേദ്കറിസത്തിന്റെ നിശിത വിമർശന കേന്ദ്രമാണ്.
മതഗ്രന്ഥങ്ങളുടെ അചഞ്ചലമായ അധികാരം: അംബേദ്കറുടെ അഭിപ്രായത്തിൽ ജാതിവ്യവസ്ഥയെ തകർക്കണമെങ്കിൽ അതിനെ പിന്തുണക്കുന്ന അധികാര ധാരണകളെയും ചോദ്യംചെയ്യേണ്ടിവരും. ‘Annihilation of Caste’ൽ വേദശാസ്ത്രങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാതെ ജാതിനിർമൂലനം സാധ്യമാകില്ലെന്ന ശക്തമായ വാദം അംബേദ്കർ അവതരിപ്പിക്കുന്നു. ഒരു സാമൂഹിക ക്രമം പുരാതനമാണ് അതുകൊണ്ട് അതിനെ ചോദ്യം ചെയ്യാൻ പാടില്ലെന്ന യുക്തി അംബേദ്കർ അംഗീകരിക്കുന്നില്ല.
സാമൂഹിക സമരസതയല്ല ജാതിനിർമാർജനം: ജാതിയുടെ അടിത്തറതന്നെ ഇല്ലാതാക്കുന്ന സമത്വമാണ് അംബേദ്കറിസത്തിന്റെ ലക്ഷ്യം.
സാമ്പത്തിക ചൂഷണം: അംബേദ്കറിസത്തെ ജാതിവിരുദ്ധത മാത്രമായി ചുരുക്കുന്നതും തെറ്റാണ്. അംബേദ്കർ സാമ്പത്തിക ജനാധിപത്യം, തൊഴിലാളികളുടെ അവകാശങ്ങൾ, സ്വത്ത്, ഉൽപാദന വിഭവങ്ങൾ എന്നിവയെ കുറിച്ചും ചിന്തിച്ചു. അംബേദ്കറുടെ ‘States and Minorities’ ഇതിൽ പ്രധാനപ്പെട്ട രേഖയാണ്.
അംബേദ്കർ സമം മാർക്സിസം എന്നും പറയാനാവില്ല. ‘Buddha or Karl Marx’ൽ മാർക്സിന്റെ ചൂഷണവിരുദ്ധ ആശയങ്ങളെ അംബേദ്കർ പരിഗണിച്ചുവെങ്കിലും, വിപ്ലവത്തിന്റെയും സാമൂഹികമാറ്റത്തിന്റെയും മാർഗങ്ങളെ കുറിച്ച് മഹാനായ ബുദ്ധന്റെ ധാർമിക സമീപനവുമായാണ് അംബേദ്കർ താരതമ്യം ചെയ്തത്.
ഭൂരിപക്ഷാധിപത്യം: അംബേദ്കർ അവതരിപ്പിച്ച ജനാധിപത്യം കേവലം ‘ഭൂരിപക്ഷം’ തീരുമാനിക്കുന്നു എന്ന ആശയമല്ല. അംബേദ്കറുടെ ജനാധിപത്യചിന്തയുടെ കേന്ദ്രത്തിൽ വ്യക്തിയുടെ അവകാശങ്ങൾ, സമത്വം, സാമൂഹിക ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാ ധാർമികത, സാഹോദര്യം എന്നിവയുണ്ട്. അതിനാൽ ഭൂരിപക്ഷത്തിന്റെ പേരിൽ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന രാഷ്ട്രീയം അംബേദ്കറിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി യോജിക്കുന്നില്ല.
വ്യക്തിപൂജയും ബിംബവത്കരണവും: അംബേദ്കർ ഒരു ചിത്രം, പ്രതിമ, ജയന്തി, മുദ്രാവാക്യം എന്നിവകൾ മാത്രമായി അംബേദ്കറുടെ ബിംബത്തെ ‘സ്വന്തമാക്കൽ’ അംബേദ്കറിസത്തെ സ്വീകരിക്കലല്ല.

1950 മേയ് രണ്ടിന് ബുദ്ധജയന്തി ദിനത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്ന അംബേദ്കർ
അംബേദ്കറിസം Vs ബ്രാഹ്മണിസം
അംബേദ്കറിസത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാത്രം കാണുന്നത് അതിന്റെ ബൗദ്ധിക ആഴം കുറച്ചു കാണുന്നതിന് തുല്യമാണ്. അംബേദ്കറിസത്തിന്റെ കേന്ദ്രം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹിക ജനാധിപത്യം, ജാതിനിർമാജനം എന്നിവയാണ്. അബേദ്കറിസം vs ബ്രാഹ്മണിസം എന്നത് ബ്രാഹ്മണർ vs ദലിതർ എന്ന നിലയിൽ മാത്രം വായിക്കാൻ പാടുള്ളതല്ല. അത് സമത്വം vs പദവിക്രമം, സാമൂഹിക ജനാധിപത്യം vs ജന്മാധിഷ്ഠിത അധികാരം എന്നീ രണ്ട് വ്യത്യസ്ത സാമൂഹിക വ്യവസ്ഥകളുടെയും ആശയങ്ങളുടെയും സംഘർഷമാണ്.
ജാതിയാണ് ഇവിടെ സംഘർഷത്തിന്റെ കേന്ദ്രം. ജാതി എന്നത് തൊഴിൽ വിഭജനം മാത്രമല്ലെന്ന് അംബേദ്കർ വാദിക്കുന്നു. ജാതി തൊഴിലാളികളുടെ വിഭജനം കൂടിയാണ്. ജന്മത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ സാമൂഹിക സ്ഥാനം നിശ്ചയിക്കുകയും സാമൂഹിക ഇടപെടലുകളെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് ജാതി. കഴിവിന്റെയോ താൽപര്യത്തിന്റെയോ അടിസ്ഥാനത്തിൽ തൊഴിൽ തിരഞ്ഞെടുക്കുന്ന സമൂഹമല്ല ജാതിസമൂഹം. ജന്മം തന്നെ തൊഴിലും സാമൂഹിക പദവിയും നിർണയിക്കുന്ന സമൂഹമാണ് ജാതിസമൂഹം. അംബേദ്കറിസത്തിന്റെ ലക്ഷ്യം ജാതിയുടെ ഈ സാമൂഹിക അടിത്തറ തകർക്കുക എന്നതാണ്.
അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കിടയിൽപോലും പരസ്പരവിഭജനം നിലനിർത്തുന്നത് ജാതിയുടെ ശ്രേണീകരണ യുക്തിയാണെന്ന് അംബേദ്കർ നിരീക്ഷിച്ചു. ഇവിടെ അംബേദ്കറുടെ വിമർശനത്തിന്റെ കേന്ദ്രം ജന്മാധിഷ്ഠിത പദവിക്രമം, ജാതിക്ക് ലഭിക്കുന്ന പവിത്രത, സാമൂഹിക അസമത്വം, അസമത്വത്തിന് നൽകുന്ന മതപരമായ ന്യായീകരണം എന്നിവയാണ്. അതുകൊണ്ട് അംബേദ്കറിസം ബ്രാഹ്മണിസത്തെ സാമൂഹിക ആശയപരമായ അധികാരക്രമം എന്നനിലയിലാണ് മനസ്സിലാക്കുന്നത്.
ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ ജാതിയുടെ മതപരമായ ന്യായീകരണത്തെ ചോദ്യംചെയ്യണമെന്നാണ് അംബേദ്കറുടെ വാദം. ‘Annihilation of Caste’ൽ അംബേദ്കർ സാമൂഹിക പരിഷ്കരണത്തിന് തടസ്സമായി നിൽക്കുന്ന മതഗ്രന്ഥാധികാരത്തെ കടുത്തരീതിയിൽ ചോദ്യം ചെയ്യുന്നു. വേദശാസ്ത്രങ്ങളുടെ അധികാരം നിലനിർത്തിക്കൊണ്ട് ജാതിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അംബേദ്കർ വാദിച്ചു. അംബേദ്കറിസം പാരമ്പര്യത്തിന്റെ അധികാരം ചോദ്യംചെയ്യുമ്പോൾ ബ്രാഹ്മണിസം പാരമ്പര്യത്തിന് മതപരമായ അന്തിമ അധികാരമുണ്ടെന്ന് വാദിക്കുന്നു. ‘Riddles in Hinduism’ത്തിൽ ബ്രാഹ്മണിസത്തിന്റെ ഈ അധികാരഘടനയെ അംബേദ്കർ ചോദ്യംചെയ്യുന്നു.
ഇങ്ങനെ നോക്കിയാൽ അംബേദ്കർ ദലിത് വിമോചനത്തിന്റെ പ്രധാനപ്പെട്ട നേതാവായിരിക്കുമ്പോൾതന്നെ, അത് മാത്രമല്ലാതെ ജനാധിപത്യ സൈദ്ധാന്തികൻ, സാമ്പത്തിക ചിന്തകൻ, ഭരണഘടനാവാദി, സ്ത്രീ അവകാശ പ്രവർത്തകൻ, ന്യൂനപക്ഷാവകാശ വക്താവ് എന്നീ നിലകളിൽകൂടി നീതിയുടെ പ്രവാചകനായി നിലകൊണ്ട അദ്വിതീയനായ വിമർശാത്മക ചിന്തകനായിരുന്നു എന്ന് കാണാം. സത്യാനന്തര കാലത്ത് അംബേദ്കർ ചിന്തകളുടെ വിശാലത തിരിച്ചുപിടിക്കുകയാണ് ചരിത്രവിരുദ്ധമായ ബിംബവത്കരണത്തെ തടയാനുള്ള വഴി. ചുരുക്കത്തിൽ അംബേദ്കർ ഉന്നയിച്ച ചോദ്യങ്ങളെ ജീവനോടെ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് സാരം.
