Begin typing your search above and press return to search.
proflie-avatar
Login

ആർക്കാണ് വന്ദേമാതരം ആലപിക്കണമെന്ന ശാഠ്യം?

ആർക്കാണ് വന്ദേമാതരം   ആലപിക്കണമെന്ന ശാഠ്യം?
cancel

തമിഴ്നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉടലെടുത്ത വന്ദേമാതരം വിവാദം, നമ്മുടെ രാഷ്ട്രനിർമിതിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമാനമായി കേരളത്തിലും വന്ദേമാതരാലാപനം ചർച്ചയായി. ഭരണകൂടത്തിന് തങ്ങൾ പറയുന്നതുപോലെ രാഷ്ട്രത്തെ ബഹുമാനിക്കണമെന്ന് പറയാനുള്ള അധികാരമുണ്ടോ? ഇത്തവണ, തമിഴ്‍നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ, കാലങ്ങളായി തമിഴ്‍നാട്ടിൽ തുടർന്നുപോരുന്ന നടപടിക്രമങ്ങളു​െട ലംഘനം നാം കണ്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏകദേശം നിരന്തരമായ കണിശതയോടെ പാലിച്ചുപോന്ന ഒരാചാരം, സംസ്ഥാനത്തിന്റെ ഔദ്യോഗിക...

Your Subscription Supports Independent Journalism

View Plans
തമിഴ്നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഉടലെടുത്ത വന്ദേമാതരം വിവാദം, നമ്മുടെ രാഷ്ട്രനിർമിതിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമാനമായി കേരളത്തിലും വന്ദേമാതരാലാപനം ചർച്ചയായി. ഭരണകൂടത്തിന് തങ്ങൾ പറയുന്നതുപോലെ രാഷ്ട്രത്തെ ബഹുമാനിക്കണമെന്ന് പറയാനുള്ള അധികാരമുണ്ടോ?

ഇത്തവണ, തമിഴ്‍നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ, കാലങ്ങളായി തമിഴ്‍നാട്ടിൽ തുടർന്നുപോരുന്ന നടപടിക്രമങ്ങളു​െട ലംഘനം നാം കണ്ടു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏകദേശം നിരന്തരമായ കണിശതയോടെ പാലിച്ചുപോന്ന ഒരാചാരം, സംസ്ഥാനത്തിന്റെ ഔദ്യോഗിക ചടങ്ങുകളൊക്കെ ‘തമിഴ്-തായ്-വാഴ്ത്തുപാട്ടി’ൽനിന്നും തുടങ്ങുന്ന രീതിയാണ് മാറിയത്. ഗവർണർ ജി.വി. ആർലേകറുടെ നിർദേശപ്രകാരം, സംസ്ഥാന ഗാനത്തിനു മുമ്പ്, വന്ദേമാതരവും ദേശീയഗാനവും ആലപിക്കുകയാണുണ്ടായത്. തമിഴ് മക്കൾക്ക് ഇത് വെറുമൊരു പ്രോട്ടോകോൾ മാറ്റമല്ല, തമിഴ് സംസ്കാരത്തിനുമേൽ, ഏകശിലാത്മകമായ ദേശീയതയെ പ്രതിഷ്ഠിക്കലാണ്. അത് തമിഴരുടെ അഭിമാനബോധത്തെകൂടിയാണ് ഉലച്ചത്.

കലയും സാഹിത്യവും രാഷ്ട്രീയവും ഭരണഘടനാമൂല്യങ്ങളും ഒത്തുചേരുന്ന ചരിത്രപശ്ചാത്തലമുണ്ടതിന്. ഇന്ത്യൻ രാഷ്ട്രരൂപവത്കരണവേളയിൽ നമ്മുടെ രാഷ്ട്രശിൽപികൾ അഭിമുഖീകരിച്ച സങ്കീർണമായ ചോദ്യങ്ങളിലൊന്നിന്റെ ഉത്തരം തേടുകകൂടിയാണ് നമ്മൾ. സംസ്കാരിക വൈവിധ്യങ്ങളിൽനിന്ന് ഉരുവാർന്നൊരു രാഷ്ട്രത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതെങ്ങനെയാണ്? ആളുകളെ നിയമപരമായി നിർബന്ധിക്കാതെതന്നെ ദേശസ്നേഹം പ്രകടിപ്പിക്കാൻ കഴിയുമോ? രാഷ്ട്രചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതും അർഥതലങ്ങളിൽ വിരുദ്ധാഭിപ്രായം ഉണർത്തിയിട്ടുള്ളതുമായ ‘വന്ദേമാതര’ത്തിന്റെ ഭരണഘടനാപരമായ പദവി എന്താണ്?

നോവലിൽനിന്ന് ദേശീയതയിലേക്ക്

ഒന്നര നൂറ്റാണ്ട് പഴക്കമുള്ളൊരു ഗാനം, അതും സ്വാതന്ത്ര്യപ്രസ്ഥാനത്തോട് ഇഴചേർന്നുനിന്ന ഈണം, ഇന്നും നമ്മുടെ രാജ്യത്ത് വിവാദവിഷയമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെങ്കിൽ അതിന്റെ ഉറവിടം മുതൽ അറിയേണ്ടതുണ്ട്. ‘വന്ദേമാതര’ത്തിന്റെ ജനനം ഒരു രാഷ്ട്രീയ മുദ്രാവാക്യമായല്ല, 1882ൽ പ്രസിദ്ധീകൃതമായ, ബംഗാളിലെ എക്കാലത്തെയും ഏറ്റവും വലിയ സാഹിത്യകാരന്മാരിൽ ഒരാളായ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ‘ആനന്ദമഠം’ എന്ന നോവലിലാണ്. 1770ലെ മഹാക്ഷാമകാലത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന സന്യാസി ലഹളയുടെ ആഖ്യാനത്തിലൂടെയാണ് നോവൽ വികസിക്കുന്നത്.

കേന്ദ്രകഥാപാത്രമായ മഹേന്ദ്ര എന്ന ബ്രാഹ്മണ ഭൂപ്രഭു തന്റെ കുടുംബവും വ്യക്തിബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച്, വൈദേശിക അധിപത്യത്തിൽനിന്നുമുള്ള വിമോചനത്തിനായി പോരാടുന്നൊരു രഹസ്യ സന്യാസ സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുകയാണ്. ‘ആനന്ദമഠ’ത്തിന്റെ വിപ്ലവദർശനത്തിന്റെ ആത്മീയ സാരസ്യമായിട്ടാണ് നോവലിൽ ‘വന്ദേമാതരം’ കടന്നുവരുന്നത്. രാജ്യത്തെ ഒരു ഭൂപ്രദേശമായിട്ടല്ല, ഭാരത മാതാവായിട്ടാണ്, അമ്മ ദൈവമായിട്ടാണ് അവർ ആരാധിക്കുന്നത്. മാതൃഭൂമിയുടെ മഹത്തായ ചിത്രം, ഇപ്പോഴത്തെ ദുരവസ്ഥ, വിദേശഭരണത്തിൽനിന്നുമുള്ള വിമോചനം; ഇങ്ങനെ മൂന്നു ഘട്ടങ്ങളിലായി രാഷ്ട്രത്തെ നിർവചിക്കുകയാണ്. ‘വന്ദേമാതരം’ അഥവാ മാതാവിനെ വന്ദിക്കുന്ന കവിത, ഒരേസമയം ഒരു പ്രാർഥനയും ഒരു യുദ്ധകാഹളവും ഒരു രാഷ്ട്രീയ പദ്ധതിയുമാണ്.

നമ്മുടെ രാഷ്ട്രഗീതമായി 1950ൽ അംഗീകരിക്കപ്പെട്ട രണ്ടു ഖണ്ഡികകൾ മാതൃരാജ്യത്തെക്കുറിച്ചുള്ള ലാവണ്യസുന്ദരമായ വർണനയാണ്. നദികളുടെ ലാസ്യഗമനത്തിൽ, ഫലലതാദികളുടെ ഐശ്വര്യ സമ്പൂർണതയിൽ, ചന്ദ്രികതൂവുന്ന രാത്രികളിൽ, വസന്തം വിടർത്തുന്ന വനാന്തരങ്ങളിൽ, മധുരഭാഷിണികളായ മനുഷ്യരിൽ രാഷ്ട്രത്തെ ഓർമിക്കുകയാണ് കവി. “സുജലാം സഫലാം, മലയജശീതളാം സസ്യശ്യാമളാം, മാതരം... “സുന്ദരവും ഭൂമിശാസ്ത്രപരവും മതാത്മക സങ്കേതങ്ങൾക്ക് അതീതവുമായ വരികളാണ്. കവിത മാതൃരാജ്യത്തോടുള്ള അടങ്ങാത്ത പ്രണയമാവുന്നതിന്റെ മനോഹാരിതയുണ്ടിവിടെ. 1896ൽ, കോൺഗ്രസിന്റെ സമ്മേളനത്തിൽ സ്വയം സംഗീതം നൽകി ഈ കവിത പാടിയ രബീന്ദ്രനാഥ ടാഗോർ പറഞ്ഞതുപോലെ .മതാതിർത്തികളെ ഉല്ലംഘിക്കുന്ന മാസ്മരികതയുണ്ട് ആ വരികൾക്ക്.

എന്നാൽ, തുടർന്നുള്ള ഖണ്ഡികകൾ മറ്റൊരു മേഖലയിലേക്കാണ് പ്രവേശിക്കുന്നത്. സർവായുധധാരിയായ ദുർഗാദേവിയെയും, ലക്ഷ്മിദേവിയെയും സരസ്വതീ ദേവിയെയും സ്മരിക്കുന്ന വരികളാണവ. ആദ്യ രണ്ടു ഖണ്ഡികകളികൾ പ്രകൃതിയുടെ അസാധ്യമായ സൗന്ദര്യത്തിലൂടെ കവി കണ്ടെത്തുന്ന മാതൃസങ്കൽപം ശക്തീദേവിയായി രൂപാന്തരപ്പെടുന്നു. മതേതരമായി തുടങ്ങിയ ആഖ്യാനം ഹൈന്ദവ ആരാധനാമൂർത്തികളിലേക്ക് സന്നിവേശിക്കുന്നു. അതുകൊണ്ടാണ് ഏതൊക്കെ ഖണ്ഡികയാണ് പാടേണ്ടതെന്ന പ്രശ്നം വെറും കാവ്യാസ്വാദനത്തിന്റെ തലത്തിനപ്പുറം ഒരു ഭരണഘടനാ പ്രശ്‌നംകൂടിയായി മാറുന്നത്.

നോവലും ആ അർഥത്തിൽ നിഷ്കളങ്കമായൊരു ചരിത്രാഖ്യായികയല്ല. ബങ്കിം ചന്ദ്രയുടെ ലോകത്ത് ‘ആനന്ദമഠ’ത്തിന്റെ എതിരാളികൾ മുസ്‌ലിം നവാബും കിങ്കരന്മാരുമാണ്. എന്നാൽ, 1760-1800 കാലത്തെ പോരാട്ടം ഹിന്ദു-മുസ്‌ലിം പോരാളികൾ ഒന്നുചേർന്ന് കമ്പനിക്കെതിരെ നടത്തിയ സമരമാണ്. അതുകൊണ്ടുതന്നെ ‘സന്യാസി-ഫക്കീർ ലഹള’ എന്നാണ് അത് അറിയപ്പെട്ടതും. എന്നാൽ, ബങ്കിം ചന്ദ്ര ആ ചരിത്രത്തെ ലളിതവത്കരിച്ചു, ഒരു ഐതിഹ്യമാക്കി, ഒരു സവിശേഷ ദേശീയതാ ദർശനമാക്കി മാറ്റി. അദ്ദേഹമത് അസാധ്യമായ മികവോടെ നോവലിൽ ആവിഷ്കരിച്ചു, എന്നാലതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിന്റെ കാലത്തെയും അതിജീവിക്കുന്നതായിരുന്നു.

 

ബങ്കീം ചന്ദ്ര ചാറ്റർജി

കോൺഗ്രസിന്റെ ഒത്തുതീർപ്പും ഭരണഘടന നിർമാണസഭയും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളോടെ വന്ദേമാതരം നോവലിനപ്പുറമുള്ള ഒരു രാഷ്ട്രീയ ജീവിതം ആർജിച്ചിരുന്നു. 1950ലെ ബംഗാൾ വിഭജനത്തിനുശേഷം നടന്ന സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത് അത് പ്രതിരോധത്തിന്റെ ഗീതമായിത്തീർന്നു. കഥകളിലും നോട്ടീസുകളിലും കൊളോണിയൽ ഭരണകൂടത്തിന് എതിരെ പ്രധാനപ്പെട്ട വൈകാരിക മുദ്രാവാക്യമായി മാറുകയും ചെയ്തു. ബ്രിട്ടീഷ് ഗവൺമെന്റ് വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് നിരോധിച്ചപ്പോൾ അത് കൂടുതൽ പ്രചാരം നേടി. ബാലഗംഗാധര തിലകും ലാലാ ലജ്പത് റായിയും അതേറ്റെടുത്തു. അരബിന്ദോ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വന്ദേമാതരം കോൺഗ്രസ് സെഷനുകളിൽ സമ്പൂർണമായും ആലപിക്കണമെന്ന നിലപാട് സുഭാഷ് ചന്ദ്രബോസും സ്വീകരിച്ചു.

എന്നാൽ, 1930കളിൽ ഉയർന്നുവന്ന മുസ്‌ലിം ലീഗിന്റെ വിമർശനത്തെ തള്ളിക്കളയാൻ പറ്റുന്നതായിരുന്നില്ല. 1937ൽ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിൽനിന്നും എസ്.എം. ലാൽജാൻ, ഈ ഗാനം മുസ്‍ലിംകൾക്കെതിരെയുള്ള യുദ്ധാഹ്വാനമാണെന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായി, വിഗ്രഹാരാധനയെയും ബഹുദൈവ വിശ്വാസത്തെയും സ്വീകരിക്കുന്നതാണ് ഈ വരികൾ എന്ന നിലപാട് മുഹമ്മദലി ജിന്നയും സ്വീകരിച്ചു.

1937 ഒക്ടോബറിൽ, ജവഹർലാൽ നെഹ്‌റു സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്തിൽ, വന്ദേമാതരത്തോടുള്ള പ്രതിഷേധം ഉയർത്തുന്നത് വർഗീയവാദികളാണെങ്കിലും, അവർ ഉയർത്തുന്ന പ്രശ്നത്തിൽ കഴമ്പു​െണ്ടന്ന് എഴുതി. അതേ വർഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഫൈസാപൂർ സെഷൻ, കവിതയുടെ ആദ്യത്തെ രണ്ടു ഖണ്ഡികകൾ മാത്രമേ ആലപിക്കേണ്ടതുള്ളൂ എന്ന പ്രമേയം അംഗീകരിച്ചു. “ആദ്യ രണ്ടു ഖണ്ഡികകളോട് ആർക്കും വിയോജിക്കാൻ സാധിക്കുകയില്ല. എന്നാൽ, തുടർന്നുവരുന്ന ഭാഗങ്ങളിൽ മതാത്മകദർശനങ്ങൾ പ്രകടമാണെന്നും” കോൺഗ്രസ് വിലയിരുത്തി. അങ്ങനെ മുസ്‍ലിംകൾക്കും സ്വീകാര്യമായൊരു ഒത്തുതീർപ്പിലേക്ക് എത്തുകയാണുണ്ടായത്.

രബീന്ദ്രനാഥ ടാഗോർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് സ്ഫടികസമാനമായ വ്യക്തതയുള്ളതായിരുന്നു. ഗാനത്തിന്റെ ആദ്യഭാഗം തന്നെ വലിയതോതിൽ സ്വാധീനിച്ചുവെന്നും, മുസ്‌ലിം ജനവിഭാഗങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്തതെന്നു വ്യാഖ്യാനിക്കാവുന്ന ശിഷ്ടഭാഗം അടർത്തിമാറ്റുന്നതിൽ താനൊരു പ്രശ്നവും കാണുന്നില്ലെന്നും അദ്ദേഹം നെഹ്രുവിനെഴുതി. കാവ്യാസ്വാദനത്തിന്റെ തലത്തിലും ധാർമികമായും ശരിയായ തീരുമാനമായിരുന്നു അത്. കവിതയുടെ ആദ്യ രണ്ടു ഖണ്ഡികകളും കവിത്വംകൊണ്ട് വേറിട്ടുനിൽക്കുന്നവയാണ്. തുടർന്നുവരുന്ന ഭാഗങ്ങളിൽ ഒരു മതേതര രാഷ്ട്രത്തിന്റെ ദേശീയഗാനത്തിൽ ഒരിക്കലും കടന്നുവരാൻ പാടില്ലാത്ത മതപരമായ പ്രതീകങ്ങൾ കടന്നുവരുകയും ചെയ്യുന്നു. 1950 ജനുവരി 24ന്, ദേശീയഗാനമായ ‘ജനഗണമന’ക്കൊപ്പം ദേശീയഗീതമായി ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ സ്വീകരിച്ചപ്പോൾ അതൊരു വിവാദവിഷയമായതേയില്ല.

 

നിയമമില്ലാത്ത ഗീതം

‘വന്ദേമാതര’ത്തിന്റെ അസാധാരണമായ നിയമപദവി പരിശോധിക്കപ്പെടേണ്ടതാണ്. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട് ടു നാഷനൽ ഓണർ ആക്ട്, വകുപ്പ് 3 പ്രകാരം ദേശീയഗാനമായ ‘ജനഗണമന’യോട് അനാദരവ് പ്രകടിപ്പിക്കുന്നത്, 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഭരണഘടനയുടെ അനുച്ഛേദം 51 (എ) പ്രകാരം, ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും സ്ഥാപനങ്ങളോടും ദേശീയ പതാകയോടും ദേശീയഗാനത്തോടും ആദരവ് പ്രകടിപ്പിക്കേണ്ടത് ഇന്ത്യൻ പൗരരുടെ കടമയാണ്. ദേശീയഗീതം അനുച്ഛേദം 51(എ)യുടെ പരിധിയിൽ വരുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

ഭരണഘടനാപരമായ ഒരു ശൂന്യതയിലാണ് ‘വന്ദേമാതര’ത്തിന്റെ സ്ഥാനമെന്നു കാണാം. 1950ലെ ഭരണഘടനാ നിർമാണസഭയുടെ പ്രമേയപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ദേശീയഗാനത്തിനുള്ളതുപോലെ ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സുരക്ഷയും ദേശീയഗീതത്തിനില്ല. ദേശീയഗാനത്തിന്റെ നൈയാമിക അസ്തിത്വം കോടതി മുഖാന്തരം സാക്ഷാത്കരിക്കാവുന്ന അവകാശവും, ലംഘിച്ചാൽ വാറന്റില്ലാതെയും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെയും പ്രതിയെ അറസ്റ്റ് ചെയ്യാനും അന്വേഷണം ആരംഭിക്കാനും അധികാരമുള്ള ഗുരുതരമായ കുറ്റകൃത്യം എന്ന നിലക്കാണ്. അതേസമയം ‘വന്ദേമാതര’ത്തിന്റെ അസ്തിത്വം കീഴ്വഴക്കത്തിന്റെയും പാരമ്പര്യത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനത്തിലാണ്.

ഈ പശ്ചാത്തലത്തിലാണ് വന്ദേമാതരം സംബന്ധിച്ച, 2026 ജനുവരി 28ലെ യൂനിയൻ ഗവണ്മെന്റിന്റെ സർക്കുലറും മാർഗനിർദേശങ്ങളും പ്രധാനമാകുന്നത്. 1950ൽ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചതിൽനിന്നും വ്യത്യസ്തമായി, ‘വന്ദേമാതര’ത്തിലെ 6 ഖണ്ഡികകളും ഗവൺമെന്റ് ചടങ്ങുകളിലും പതാക ഉയർത്തുന്ന വേളയിലും രാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടികളിലും സ്‌കൂളുകളിലും ആലപിക്കണമെന്നായിരുന്നു നിർദേശം.

രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ബങ്കിം ചന്ദ്രയുടെ കവിതയുടെ ആറ് ഖണ്ഡികകൾ അടങ്ങുന്ന പൂർണരൂപം ആലപിക്കണമെന്നാണ് നിർദേശം; ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ആദ്യത്തെ രണ്ട് ഖണ്ഡിക മാത്രമല്ല. അതൊരു ചെറിയ മാറ്റമല്ല, മൂന്നാം ഖണ്ഡിക മുതൽ കൃത്യമായ ഹിന്ദുമത പ്രതീകങ്ങളും ദൈവങ്ങളും അതിൽ കടന്നുവരുന്നുണ്ട്. നമ്മുടെ ഭരണഘടന നിർമാണസഭ ആകെ ഒരേ സ്വരത്തിൽ ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ട് ഖണ്ഡികമാത്രം ദേശീയഗീതമായി കണക്കാക്കിയാൽ മതി എന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. രണ്ടാമത്, ഈ നിർദേശത്തിൽ ഗവൺമെന്റ് ചടങ്ങുകളിൽ ഗാനം കേൾപ്പിക്കുന്നത് സംബന്ധിച്ച് ‘shall’ എന്നും, ആളുകൾ പാടുന്നത് സംബന്ധിച്ച ഭാഗത്ത് ‘may’ എന്നുമാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് ഈ ഗാനം പാടുന്നത് നിർബന്ധിതമാണെന്ന് പറയാൻ കഴിയില്ല.

സുപ്രീംകോടതിയും നിയമ വൈജ്ഞാനികതയുടെ വ്യാകരണവും

2026 മാർച്ച് 24, 25 തീയതികളിൽ അഡ്വക്കറ്റ് സഞ്ജയ് ഹെഗ്ഡെയും മുഹമ്മദ് സയ്യിദും ഈ നിർദേശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജികൾ അകാലപക്വമാണെന്ന് കണ്ട് തള്ളിയെങ്കിലും, ദീർഘകാല പ്രാധാന്യമുള്ള നിരീക്ഷണങ്ങൾ നടത്തി. സർക്കുലറിലെ ഭാഷാപ്രയോഗത്തെ വ്യതിരിക്തമായി മനസ്സിലാക്കണമെന്ന് കോടതി നിലപാടെടുത്തു.

ഗവൺമെന്റ് ചടങ്ങുകളെയും ഓഫിസുകളെയും സംബന്ധിച്ചുള്ള നിർദേശങ്ങളിൽ ‘shall’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് എന്നും, സാധാരണ പൗര ദേശീയഗീതം ഏറ്റുപാടുന്നത് സംബന്ധിച്ച നിർദേശത്തിൽ ‘may’ എന്ന വാക്കാണ് ഉള്ളതെന്നും, അതുകൊണ്ടുതന്നെ ഈ മാർഗനിർദേശങ്ങൾ നിർബന്ധിതമല്ല എന്നും കോടതി വിലയിരുത്തി. മാത്രവുമല്ല, ദേശീയഗീതം പാടാതിരിക്കുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികൾ പ്രഖ്യാപിച്ചിട്ടുമില്ല. ദേശീയഗീതം പാടാതിരുന്നാൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നോ, അല്ലെങ്കിൽ ആലാപനം നിർബന്ധിതമാക്കുമെന്നോ വരുന്ന സാഹചര്യത്തിൽ കേസ് പരിഗണിക്കാം എന്നാണ് കോടതി സ്വീകരിച്ച നിലപാട്.

ഇന്ത്യൻ നിയമ വൈജ്ഞാനികതയിലെ ഒരു സാമാന്യതത്ത്വം വിശദീകരിക്കുക മാത്രമാണ് ഇവിടെ കോടതി ചെയ്തത്. നിർദേശം നിർബന്ധിതമാണെന്ന് വരണമെങ്കിൽ, അതു പാലിക്കാതിരുന്നാൽ ശിക്ഷാനടപടിക്ക് കാരണമായി തീരണം. അത്തരം ഒരു ശിക്ഷാവിധി ഇല്ലെങ്കിൽ നിർദേശത്തിലൂടെ ഗവൺമെന്റിന് അവരുടെ അഭിലാഷം പ്രകടിപ്പിക്കാം എന്നല്ലാതെ അത് പാലിക്കണമെന്ന നിർബന്ധിതമായ ഉത്തരവാദിത്തം പൗരന്റെ മേൽ ചാർത്താനാവില്ല. ഇതേ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ കർണാടക ഹൈകോടതിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്.

സമാനമായ വിഷയത്തിലെ ഏറ്റവും സുപ്രധാനമായ കീഴ് വഴക്കം, 1986ലെ ബിജോയ് ഇമ്മാനുവൽ-സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി വിധിയാണ്. യഹോവ സാക്ഷികളിൽപെട്ട മൂന്നു വിദ്യാർഥികൾ കോട്ടയത്തെ ഒരു സ്കൂളിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു അത്. യഹോവ സാക്ഷികളുടെ വിശ്വാസപ്രകാരം ദൈവത്തെയല്ലാതെ മറ്റാരെയും സ്തുതിക്കുകയില്ല. ആയതുകൊണ്ട് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഈ കുട്ടികൾ മറ്റ് എല്ലാവരെയുംപോലെ എഴുന്നേറ്റ് നിൽക്കുകയും എന്നാൽ, അത് പാടാൻ വിസമ്മതിക്കുകയും ചെയ്തു. ഈ കാരണംകൊണ്ട് കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കുകയുണ്ടായി.

അതിനുശേഷമാണ് കേസ് സുപ്രീംകോടതിയിൽ എത്തുന്നത്. ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി രചിച്ച വിധി ന്യായം വളരെ വ്യക്തമായിരുന്നു. കുട്ടികളെ പുറത്താക്കിയ നടപടി, ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 19 (1)(എ)യുടെയും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും മതപരമായ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന അനുച്ഛേദം 25ന്റെയും ലംഘനമാണ് വിദ്യാർഥികളെ പുറത്താക്കിയ നടപടി. കുട്ടികൾ ദേശീയഗാനം ആലപിക്കുന്ന നേരം നിശ്ശബ്ദമായി എഴുന്നേറ്റു നിൽക്കുന്നു എന്നതുതന്നെ അവർ ദേശീയഗാനത്തെ ഒരുതരത്തിലും അപമാനിക്കുന്നില്ല എന്നതിന് തെളിവായി കോടതി സ്വീകരിച്ചു.

രാജ്യത്തിന്റെ നിയമവൈജ്ഞാനിക ചരിത്രത്തിലെ സുപ്രധാനമായ നിലപാട് പ്രഖ്യാപനമായിരുന്നു അത്. ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാകുന്ന തരത്തിൽ, നിർബന്ധമായും നിങ്ങൾ കൂട്ടമായി ദേശസ്നേഹം പ്രകടിപ്പിക്കണം എന്നുപറയാൻ ഗവൺമെന്റിന് ഒരു അധികാരവുമില്ല എന്ന് വ്യക്തമാക്കുകയായിരുന്നു ആ വിധി ചെയ്തത്. സംസാരിക്കാതിരിക്കാനും പാടാതിരിക്കാനും പ്രതികാത്മകമായ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാതിരിക്കാനും ഉള്ള അവകാശം മൗലിക അവകാശങ്ങളുടെ ഭാഗമാണെന്ന് അർഥശങ്കക്കിടയില്ലാത്തവിധം പര​േമാന്നത നീതിപീഠം വിശദമാക്കി. എല്ലാവരും ഒരേപോലെ ദേശസ്നേഹം പ്രകടനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം ഐക്യത്തെ പരിപോഷിപ്പിക്കുകയല്ല ചെയ്യുന്നത്. വൈവിധ്യങ്ങളെ അവഗണിച്ചുകൊണ്ട് നിർബന്ധിതമായ പ്രകടനങ്ങൾ ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ ഐക്യബോധം ശിഥിലീകരിക്കാനേ സഹായിക്കൂ.

ഈയൊരു തിരിച്ചറിവിൽനിന്നാണ് തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനിന്ന് പാടണമെന്നുമുള്ള 2017ലെ സ്വന്തം ഉത്തരവ് സുപ്രീംകോടതിതന്നെ പിന്നീട് തിരുത്തിയത്. അങ്ങനെ സമ്മർദങ്ങളിലൂടെ നടപ്പാക്കുന്ന ഏകശിലാത്മകമായ പ്രതീകാത്മക പ്രകടനങ്ങളിലല്ല ദേശസ്നേഹത്തിന്റെ സത്ത എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

തമിഴ്നാട്; സാംസ്കാരിക സ്വത്വത്തിന്റെ ഭാഷ

തമിഴ്നാട് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഒറ്റനോട്ടത്തിൽ ഒരു പ്രോട്ടോകോൾ പ്രശ്നമായിരിക്കുമ്പോഴും അതി​െന്റ അടിത്തട്ടിൽ സാംസ്കാരിക വ്യക്തിത്വം സംബന്ധിച്ച മേഖലയിൽ യൂനിയൻ ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധമാണ് പരിശോധിക്കപ്പെടുന്നത്. ഭരണഘടന അതിന്റെ ഏഴാം ഷെഡ്യൂളിലൂടെയും ഫെഡറൽ ഘടനയിലൂടെയും സാംസ്കാരിക സ്വത്വത്തെ വികേന്ദ്രീകൃതമായ ഭൂമികയാണ് പരിഗണിക്കുന്നത്.

തമിഴ് തായി വാഴ്ത്ത് വെറും ഒരു പ്രാദേശിക സംസ്ഥാന ഗാനമല്ല. ഇന്ത്യൻ യൂനിയനെക്കാളും നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു സാംസ്കാരിക ചരിത്രത്തിന്റെ നൈരന്തര്യത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ക്ലാസിക്കൽ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണ്. സംഘകാല കൃതികൾ മുതൽ തിരുക്കുറലും തേവരും ഉൾപ്പെടെ അതിബൃഹത്തായ ഒരു സാഹിത്യ സാംസ്കാരിക പാരമ്പര്യം അതിലുണ്ട്. തമിഴിന്റെ ഗാനം ദേശീയതയുമായുള്ള മത്സരമല്ല, ഇന്ത്യൻ ദേശീയത പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന സങ്കര സംസ്കൃതിയുടെ അവിഭാജ്യഘടകമാണ്.

അഭിപ്രായഭേദങ്ങൾക്കപ്പുറം, തമിഴ്നാടിന്റെ രാഷ്ട്രീയകക്ഷികൾ എല്ലാം, ഹിന്ദി കേന്ദ്രീകൃതമായ ദേശീയപദ്ധതി തമിഴ് സംസ്കൃതിക്കും ഭാഷയ്ക്കും മേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളെ ഒക്കെ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്. ഈ എതിർപ്പ് വിഭാഗീയതയല്ല ഫെഡറൽ തത്ത്വങ്ങളിൽ ഊന്നിയുള്ളതാണ്. ഇന്ത്യൻ യൂനിയനിലെ സംസ്ഥാനങ്ങൾ യൂനിയൻ ഗവൺമെന്റിന് കീഴ്പ്പെട്ട് കഴിയേണ്ട ഘടകങ്ങൾ മാത്രമല്ല, ഭരണഘടന പദ്ധതിയിൽ ഓരോ സംസ്ഥാനത്തിനും സ്വന്തമായ അസ്തിത്വവും സംസ്കൃതിയും അന്തസ്സുമുണ്ട്. യൂനിയൻ ഗവൺമെന്റിന്റെ താൽപര്യ പ്രകാരം, ഒരു സംസ്ഥാനത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പ്രോട്ടോകോൾ ഗവർണർ മാറ്റുന്നത് ഫെഡറൽ തത്ത്വങ്ങളെ സംബന്ധിച്ച ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ലിസ്റ്റ് ഒന്ന് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ സാംസ്കാരിക പരിപാടികളോ ഗവൺമെന്റ് പ്രോട്ടോകോളോ സംബന്ധിച്ച ഒരു അധികാരവും യൂനിയൻ ഗവൺമെന്റിന് ഭരണഘടന നൽകുന്നില്ല. അത് സംസ്ഥാനത്തിന്റെ അവകാശമാണ്. ‘വന്ദേമാതരം’ സംബന്ധിച്ച യൂനിയൻ ഗവൺമെന്റിന്റെ പുതിയ മാർഗനിർദേശങ്ങൾ ആ നിലക്ക് യൂനിയൻ ഗവൺമെന്റിന്റെ പരിധിയിൽ വരുന്ന ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ബാധകമാവുക. ആ നിർദേശങ്ങൾ ഗവർണറുടെ താൽപര്യപ്രകാരം സംസ്ഥാനത്തിനുകൂടി ബാധകമാക്കുക എന്നത് ഭരണഘടനാപരമായി ചോദ്യംചെയ്യപ്പെടാവുന്ന കാര്യമാണ്. കാരണം ഭരണഘടനാ പദ്ധതിയിൽ, യൂനിയൻ ഗവൺമെന്റിന്റെ താൽപര്യങ്ങൾ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന ട്രാൻസ്മിഷൻ ബെൽറ്റ് ആയിട്ടല്ല, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട സംസ്ഥാനത്തിന്റെ എക്സിക്യൂട്ടിവ് തലവൻ ആയിട്ടാണ് ഗവർണർ പദവി നിർവചിക്കപ്പെട്ടിട്ടുള്ളത്.

തമിഴ്നാട്ടിൽ, കമ്യൂണിസ്റ്റ് പാർട്ടികളും വി.സി.കെയും ഉന്നയിച്ചിട്ടുള്ള എതിർപ്പ് മതേതരത്വ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഗവർണറുടെ മറുപടി എന്നതാണ്. ദുർഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദൈവങ്ങളെ പ്രകീർത്തിക്കുന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടികളിൽ ആലപിക്കുന്നതിൽ തീർച്ചയായും പ്രശ്നമുണ്ട്. ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിന്റെ ദേശീയഗീതം അതിലെ എല്ലാ വിശ്വാസികളെയും അവിശ്വാസികളെയും സാംസ്കാരിക വൈവിധ്യങ്ങളെയും ഉൾക്കൊള്ളുവാൻ കഴിയുന്നതായിരിക്കണം. അല്ലാതെ, അത് ഭൂരിപക്ഷ മതാത്മക സാഹിത്യം ആവരുത്.

പ്രതീകാത്മക ദേശീയതയും ഭരണഘടനാ ധാർമികതയും

രാജ്യത്തോടുള്ള ബഹുമാനം, ഭരണഘടനാപരമായ ദേശസ്നേഹം, പ്രതീകാത്മകമായ ദേശീയത, ബലാൽക്കാര ദേശീയത എന്നിങ്ങനെ ദേശീയത സംബന്ധിച്ച വർത്തമാനങ്ങളെ പലതരത്തിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. അത് കേവലം ദേശീയതയുടെ വർണരാജി മാത്രമല്ല, ഓരോന്നും രാജ്യത്തെ പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ തരത്തിലാണ് നിർവചിക്കുന്നത്.

രാഷ്ട്രത്തോട് ബഹുമാനം ഉണ്ടായിരിക്കുക എന്നത് തർക്കങ്ങൾക്കിടയില്ലാത്ത ഒരു സാർവത്രിക മൂല്യമാണ്. രാജ്യത്തെ നിയമങ്ങൾ പാലിക്കുകയും, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുകയും, ഭരണകൂടത്തിന്റെ നീതിയുക്തമായ അധികാരത്തെ അംഗീകരിക്കുകയും ചെയ്യലാണത്. രണ്ടാം ലോകയുദ്ധാനന്തരം ജർമനിയിൽ, യൂഗെൻ ഹാബർമാസ് പോലുള്ള ചിന്തകർ വികസിപ്പിച്ചെടുത്ത, വംശീയ-വർഗീയ-സാംസ്കാരിക ഭേദങ്ങൾക്ക് അതീതമായ, ഭരണഘടനാമൂല്യങ്ങളിലും ജനാധിപത്യ തത്ത്വങ്ങളിലും അധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ് ഭരണഘടനാപരമായ ദേശീയത. വ്യക്തികളെ സമൂഹത്തിന്റെ അടിസ്ഥാന ഏകകമായി കണക്കാക്കുകയും ന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടന അതി ഗഹനമായി ഭരണഘടന ദേശീയതയെ പുൽകുന്നുണ്ട്.

പ്രതീകാത്മക ദേശീയത, ചിഹ്നങ്ങളിലൂടെയും പതാകകളിലൂടെയും പാട്ടുകളിലൂടെയും ആചാരക്രമങ്ങളിലൂടെയുമാണ് തിരിച്ചറിയപ്പെടുന്നത്. അത് സ്വാഭാവികവും പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് മൂല്യവത്തുമാണ്. പൊതുവായ ചിഹ്നങ്ങൾ ദേശീയബോധത്തിനും ഐക്യത്തിനും ഗുണംചെയ്യും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ, ഇത്തരം പ്രകടനപരത മനുഷ്യരുടെ ദേശീയത പരീക്ഷിക്കപ്പെടുന്ന ഉരകല്ലായി മാറുമ്പോഴാണ് പ്രശ്നമുദിക്കുന്നത്. ഒരു പ്രത്യേക ചിഹ്നത്തെ സ്തുതിക്കാതിരിക്കുന്നതോ ഗാനം പാടാതിരിക്കുന്നതോ ഒരു ആംഗ്യം കാണിക്കാതിരിക്കുന്നതോ രാജ്യത്തോടുള്ള അവിശ്വാസമായി, അല്ലെങ്കിൽ ‘മതിയായ തോതിൽ’ ഇന്ത്യക്കാരനല്ല എന്ന തോന്നൽ ഉണ്ടാകുന്നത് ആകുമ്പോൾ പ്രതീകാത്മക ദേശീയത ബലാൽക്കാര ദേശീയതക്ക് വഴിമാറുന്നു.

ഗവണ്മെന്റ് നിശ്ചയിക്കുന്ന വിധത്തിൽ പൗരന്മാർ ദേശീയത പ്രകടിപ്പിക്കണം എന്ന നിലപാടാണ് ബലാൽക്കാര ദേശീയത. അങ്ങനെ ചെയ്തില്ലെങ്കിൽ സാമൂഹികമായ ഒറ്റപ്പെടുത്തലോ ശിക്ഷാ നടപടികളോ ഒക്കെ ഉണ്ടാവും. പ്രജകളെ പൗരരാക്കി മാറ്റിയ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മനഃസാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണിത്. തങ്ങൾക്ക് അന്യമായ സാംസ്കാരിക ചിഹ്നങ്ങൾ ദേശീയതയുടെ പേരിൽ ആദരിക്കാൻ നിർബന്ധിക്കുകയും, അത് സാമൂഹിക ഉൾച്ചേർക്കലിനുള്ള മുന്നുപാധിയാക്കുകയും ചെയ്യുന്നത് ഭരണഘടനാപദ്ധതിയോടുള്ള വെല്ലുവിളിയാണ്.

പുതിയ നിർദേശങ്ങൾ നിർബന്ധിതമാണോ?

ഈ വർഷം ഗവൺമെന്റ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ സുപ്രീംകോടതി പ്രസ്താവിച്ചതുപോലെ നിർദേശകസ്വഭാവമുള്ളതാണ്. സാങ്കേതികമായും നിയമപരമായും അതാണ് ശരിയായ വീക്ഷണം. എന്നിരുന്നാലും പ്രായോഗികതലത്തിൽ അത് അങ്ങനെയാണെന്ന് കരുതുക വയ്യ.

ഒരു ഗവൺമെന്‍റ് ഉത്തരവ് പൊതുപരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശരൂപത്തിൽ പ്രസ്താവിച്ചാൽ, അതിന്റെ സാങ്കേതിക അർഥത്തിലുള്ള ‘നിർദേശകത്വം’ യഥാർഥ ജീവിതത്തിലെ ഫലം അധികാര സമവാക്യങ്ങളിലെ അസമത്വങ്ങൾക്കകത്തു​െവച്ചുവേണം മനസ്സിലാക്കാൻ. അതിന്റെ നിർബന്ധിത സ്വഭാവം കേവലം നൈയാമിക വ്യാഖ്യാനങ്ങൾക്കകത്തു വരുന്നതല്ല എന്നു വേണം മനസ്സിലാക്കാൻ. മാത്രവുമല്ല 6 ഖണ്ഡികകളും അടങ്ങുന്ന പൂർണരൂപം ആലപിക്കണമെന്ന നിർദേശം ഒരു രാഷ്ട്രീയപ്രഖ്യാപനംകൂടിയാണ്.

പ്രിവൻഷൻ ഓഫ് ഇൻസൽറ്റ് ടു നാഷനൽ ഓണർ ആക്ട് ഭേദഗതി ചെയ്ത് ദേശീയഗാനത്തിന് കിട്ടുന്ന സംരക്ഷണം ദേശീയഗീതത്തിനുകൂടി നൽകണമെന്ന അഭിപ്രായവും പ്രത്യേകം പരിഗണിക്കേണ്ടതാണ്. അത് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച ഭരണഘടനാ തത്ത്വത്തിന് വിരുദ്ധമാകുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. ദേശീയഗാനത്തിനുള്ളതുപോലെ സംരക്ഷണം കൊടുക്കുന്നതും, എന്നാൽ ആലാപനത്തിനു നിർബന്ധിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് ബോധപൂർവം അപമാനിക്കുന്നതിനെയാണ് തടയുന്നതെങ്കിൽ മറ്റേത് സ്റ്റേറ്റ് പറയുംവിധമുള്ള ദേശസ്നേഹ പ്രകടനത്തിന് പൗരരെ നിർബന്ധിക്കുന്നതാണ്. ആദ്യം പറഞ്ഞത് ഭരണഘടനാപരമായി അനുവദനീയമായിരിക്കാം, എന്നാൽ നിർബന്ധിക്കുന്ന പരിപാടി അങ്ങനെയല്ല.

ബഹുസ്വര സമൂഹങ്ങളിലെ ദേശീയത

‘വന്ദേമാതരം’ പോലെയുള്ള വിഷമതകൾ ഇന്ത്യയിൽമാത്രം സംഭവിക്കുന്നതല്ല, ലോകത്ത് ബഹുസ്വര ജനാധിപത്യ രാജ്യങ്ങളിലെല്ലാം, ന്യൂനപക്ഷ സമൂഹങ്ങളെ, ഭൂരിപക്ഷ സാംസ്കാരിക സങ്കൽപനങ്ങൾക്ക് വിധേയമായി ജീവിക്കാൻ നിർബന്ധിക്കാതെ തന്നെ എങ്ങനെ ഒരു പൊതു ദേശീയതാബോധം ഉണർത്താൻ കഴിയും എന്ന ചോദ്യം പല ഘട്ടങ്ങളിൽ ഉയർന്നിട്ടുണ്ട്. നാസി ഭരണത്തിനു ശേഷമുള്ള ജർമനിയിലും, അപാർതൈറ്റ് അവസാനിച്ച ദക്ഷിണാഫ്രിക്കയിലും, അമേരിക്കൻ ഐക്യനാടുകളിലും ഈ ചോദ്യം ഉയർന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം തങ്ങളുടെ എന്നു തോന്നുന്ന ഭാഷയും പ്രതീകങ്ങളും ദേശീയതയെ സംബന്ധിച്ച പൊതുവൃത്താന്തങ്ങളിൽനിന്ന് ഒഴിവാക്കുക എന്നതാണ് മാർഗം. ഒരിടത്തും ഇതു സമ്പൂർണമായ തോതിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുകയും വയ്യ.

ഇവയിൽനിന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്ന കാര്യം, യഥാർഥ അർഥത്തിൽ ബഹുസ്വരമായ സമൂഹത്തിൽ, നിർബന്ധിത പ്രകടനങ്ങളിലൂടെ ദേശീയ ഐക്യം ഉണ്ടാക്കിയെടുക്കാൻ കഴിയില്ല എന്നാണ്. ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ അർഥപൂർണമായ സാക്ഷാത്കാരമാണ് ദേശീയ ഐക്യത്തിലേക്കുള്ള ശരിയായ മാർഗം.

നിയമത്തിന് മുന്നിലെ തുല്യതയും, തുല്യ സുരക്ഷയും, ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും, ദേശീയപദ്ധതിയിലേക്ക് മുഴുവൻ ജനവിഭാഗങ്ങളെയും ഒരുമിച്ച് ചേർക്കാൻ കഴിയുന്ന രാഷ്ട്രീയ വീക്ഷണവുമാണ് അതിന്റെ ആധാരശില. മത്സരിച്ചുള്ള ദേശീയത പ്രകടനങ്ങളിൽ അഭിരമിക്കുകയും, അതേസമയം ഭരണഘടനാപരമായ വാഗ്ദാനങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്യുന്ന ഗവൺമെന്റ്, അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ അപകടകരമായ അപരവത്കരണത്തിന് കാരണമാവുകയും ചെയ്യും.

നമ്മുടെ രാഷ്ട്രശിൽപികൾ ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിരുന്നു. അംബേദ്കർ, രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ടായിരുന്ന ഭരണഘടനാ നിർമാണസഭ ‘ജനഗണമന’ നമ്മുടെ ദേശീയഗാനമായി തിരഞ്ഞെടുത്തത് ആകസ്മികമല്ല. ഇന്ത്യയിലെ വിവിധങ്ങളായ ഭൂപ്രദേശങ്ങളെയും മനുഷ്യവൈവിധ്യത്തെയും ‘അധിനായക’നിലൂടെ ചേർത്തുപിടിക്കുന്ന സൃഷ്ടിയാണ് നമുക്ക് എന്തുകൊണ്ടും ചേരുക.

 

ഭരണഘടനാപരമായ ബഹുസ്വരത

തമിഴ്നാട്ടിലെ വിവാദവും ‘വന്ദേമാതരം’ സംബന്ധിച്ച വിശാലാർഥത്തിലുള്ള തർക്കങ്ങളും, നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ ഓർത്തെടുക്കാനാണ് നമ്മളോട് ആവശ്യപ്പെടുന്നത്. അവ അമൂർത്തമായ ആശയങ്ങളല്ല, ഭരണഘടനയിൽ കൃത്യമായ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്.

യൂനിയൻ ഗവൺമെന്റിന്റെ ചടങ്ങുകളിലെ പ്രോട്ടോകോൾ എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. എന്നാൽ, മനുഷ്യരെ ഏതെങ്കിലും പാട്ടു പാടണമെന്ന് നിർബന്ധിക്കാനുള്ള അവകാശം ഗവൺമെന്റിനില്ല. അത്തരം നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന തമിഴ്നാട് ഗവർണറുടെ നിലപാട് ഇന്ത്യൻ ദേശീയതയും തമിഴ് പ്രാദേശികവാദവും തമ്മിലുള്ള സംഘർഷമല്ല, യൂനിയൻ-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കവുമല്ല, ബഹുസ്വരതയെ ചേർത്തുപിടിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളും അതിനെ നിഷേധിക്കുന്ന ഏകശിലാത്മകമായ രാഷ്ട്രീയ ദർശനവും തമ്മിലുള്ള സംഘർഷമാണ്. അതു മറികടക്കുന്നതിന് ഭരണഘടന മുന്നോട്ടുവെക്കുന്ന ബഹുസ്വര ജനാധിപത്യ സങ്കൽപനം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.

ബങ്കിം ചന്ദ്ര തന്റെ കവിതയുടെ ആരംഭത്തിൽ പറയുന്ന, നദികളും ഫലലതാദികളും ഇളം കാറ്റും പൂവിടുന്ന കാടും മധുരഭാഷിണികളായ മനുഷ്യരും പ്രകാശിതമാകുന്ന ‘വന്ദേമാതരം’ ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അതിൽ പരാമർശിക്കുന്ന മലനിരകളോളം പഴക്കമുള്ള നമ്മുടെ സംസ്കൃതിയെ ഏതെങ്കിലും ഒരു സവിശേഷ വിഭാഗത്തിന്റെ മാത്രമായി ചുരുക്കി കാണാൻ കഴിയില്ല.

അതുകൊണ്ടുതന്നെ ആ ഗാനത്തെ, ചരിത്രപരമായ പശ്ചാത്തലവും പ്രാധാന്യവും മനസ്സിലാക്കാതെ സങ്കുചിത ദേശവാദത്തിനുള്ള ഉപകരണമായി തീർക്കരുത്. പ്രകടനപരമായ നടപടിക്രമങ്ങളിലല്ല, ജനാധിപത്യപരമായ ചേർത്തുപിടിക്കലിലാണ് നമ്മൾ ഒന്നാണെന്ന ബോധം യാഥാർഥ്യമാകുന്നത്.

News Summary - Debating the Legal and Cultural Status of Vande Mataram in Federal India