വേർപാട്

രാഷ്ട്രീയമല്ല സാധ്യതകളുടെ കല, ജീവിതമാണ്. അത് നിറയെ വഴികളാണ്, പോംവഴികളും. രണ്ടുംകെട്ടത് ഒന്നിനു മാത്രം: വിയോഗദുഃഖം.
ഉയിരിന്റെ പൂർണമായ ഉയിർപ്പ് സങ്കൽപിക്കുന്ന വിശ്വാസങ്ങളുണ്ട് –ക്രൈസ്തവീയതയിലെ ‘നിത്യജീവൻ’ പോലെ. ശാശ്വതമായ ജീവന്മുക്തിയുടെ വിശ്വാസങ്ങളുണ്ട് –വൈദികമതത്തിലെ ‘ബ്രഹ്മസങ്കൽപം’പോലെ. അതീതലോക പ്രത്യാശയുടെ അത്തറിട്ട വാഗ്ദാനങ്ങൾ ചാമരം വീശുമ്പഴും ഇഹലോകതാപം ഉള്ളെരിക്കുന്നു. നഷ്ടപ്പെട്ടോരെ ഇനി കിട്ടില്ലൊരിക്കലും. അത് ഈ പ്രപഞ്ചത്തിന്റെ ഭൗതിക നേര്. മറ്റൊരു പ്രപഞ്ചത്തിന്റെ കൽപിത നേരുകൊണ്ട് ഈ നേര് ഇല്ലാതാവുന്നില്ല. ഇവിടത്തെ അഴലിന്റെ നെരിപ്പോടിന് സമാന്തരങ്ങളുമില്ല.
നമുക്കറിയാം നമ്മൾ മരിക്കുമെന്ന്. എന്നാലും, മരണത്തെ വൈദ്യപരാജയമായി കാണുകയാണ് ഇന്ന് മനുഷ്യർ, ജീവിതത്തിന്റെ സ്വാഭാവിക പരിണതിയായല്ല. കാരണമുണ്ട്. ഇക്കാലത്ത് മരണം കൂടുതലും സംഭവിക്കുക ആശുപത്രികളിലാണ്, വീട്ടിലല്ല. മരണകാരണം കൈകാര്യംചെയ്യുന്നത് വൈദ്യരാണ്, തികച്ചും അന്യരായ ‘പ്രഫഷനലു’കൾ.
മരണഫലം കൈകാര്യംചെയ്യുന്നതു പക്ഷേ ഉറ്റവരാണ്, തീർത്തും ഖിന്നരായ ‘അമച്വറു’കൾ. ഇതെങ്ങനെ വേണമെന്നതിന് ശിക്ഷണമില്ല, ഒരു പാഠശാലയിലും. ‘‘വെട്ടിക്കൂട്ടി പ്ലാവിൻചോട്ടിലിട്, വളമാകും.’’ നാരായണഗുരു അത് പറഞ്ഞത്, അമ്മ മരിച്ച്, നീറിയുരുകിച്ചെന്ന ഒരു മകനോടാണ്. അയാളുടെ ഹൃദയവേദനക്ക് പോംവഴിയില്ല. അതിന്മേൽ ഒരു വേദാന്തിക്കും ചേറാനില്ല വളമൊന്നും –ജൈവമോ രാസമോ. ആരും മരിക്കാത്ത പുരയിൽനിന്ന് ഇത്തിരി കടുകുമണി തരമാക്കാനാവില്ല ആർക്കും. അതറിയുന്ന തഥാഗതനും കഥിക്കാനില്ലൊരു ജാതകകഥ, ആരാന്റെയും നെഞ്ചെരിവാറ്റാൻ.
സഹനം. അതിനാണ് സകല പ്രബുദ്ധരും ഫലത്തിൽ പ്രേരിപ്പിക്കുന്നത്. മറ്റൊന്നല്ല നമ്മുടെതന്നെ ജീവിതവും നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്. സഹിയാനുള്ള കരുത്തുനേടുക –അതാണ് വിവക്ഷിത മനോഭൂമിക. അതുകൊണ്ടുതന്നെ കരച്ചിലും പിഴിച്ചിലും ദൗർബല്യങ്ങളായി വിധിച്ചുള്ള ഉപദേശങ്ങളും സുലഭം –അതൊക്കെ ദുഃഖത്തിന് കീഴടങ്ങലെന്ന്, മരണത്തെ കൈകാര്യംചെയ്യുന്ന മണ്ടൻ ശൈലിയെന്ന്. അല്ലെങ്കിൽ പറയും, കരഞ്ഞങ്ങ് തീർക്കെന്ന്. അലമുറയും കണ്ണീരും ഒഴുക്കിക്കളയുമോ ജന്മതാപങ്ങൾ.
അന്നേരം ചില ചുമലു കിട്ടും, ചായാൻ– ഉറ്റോരും ഉടപ്പോരും. അവർക്കാവുമോ നെഞ്ചഴല് പങ്കിടാൻ? കാൽക്കഴഞ്ചെങ്കിലും ഇളച്ചുതരാൻ? ‘‘എല്ലാം ശരിയാവും’’ –പുറംതലോടി അവർ പറയും. മുറിവാറ്റിത്തരും കാലമെന്നും. ഒരു മാസം... ഒരു കൊല്ലം... ഒന്നര... അപ്പോൾ പറയും, ‘‘നീ ഇപ്പോൾ ഭേദപ്പെട്ടിരിക്കുന്നു.’’ ഒട്ടും ആധികാരികമല്ല ആ വാക്കുകൾ, ഉറപ്പുള്ള ഒരിടത്തുനിന്നും ഉതിരുന്നതല്ല. വഴുക്കൻ പ്രത്യാശയുടെ ഒഴുക്കുനീര്, അത്രമാത്രം. അനുബന്ധമായി വരാം ചില വിദഗ്ധോപദേശങ്ങൾ –ഒരു യാത്ര, എങ്ങോട്ടെങ്കിലും. ഒരു മാറ്റം, നിത്യപ്പതിവുകൾക്ക്. പുതിയ പതിവിനുള്ള പട്ടിക വേറെയും –വിനോദം, ഭക്തി, സംഗീതം, യോഗ, ധ്യാനം...
ഒരു കാതിലൂടേറി മറുകാതിലൂടൊഴിയുന്ന ഈ സാന്ത്വനങ്ങൾ മിക്കപ്പോഴും അസംബന്ധം, പലപ്പോഴും അലോസരം, ചിലപ്പോഴെങ്കിലും അതിക്രമം. ഇ.എം. ഫോസ്റ്റർ സ്പഷ്ടമാക്കിയമാതിരി, ‘‘ഒരു മരണം സ്വയം വിശദീകരിച്ചേക്കാം. എന്നുവെച്ച് അതൊരിക്കലും മറ്റൊരു മരണത്തിന്മേൽ വെളിച്ചമൊന്നും വീഴ്ത്തുന്നില്ല.’’ (ഹോവാഡ്സ് എൻഡ്).
വിയോഗമേതും നടത്തുന്നുണ്ട് ഒരു വിഭജനം– ദുഃഖിതരും കാണികളും. സഹിക്കുന്നയാളിന്റെ ജീവിതസ്വസ്ഥി പുനഃസ്ഥാപിക്കാൻ ഒരുമ്പെടുമ്പോൾ ഉറ്റവർ പരീക്ഷിക്കപ്പെടുന്നു. ചിലർ പരീക്ഷയിൽ തോറ്റുപോവുന്നു, ചിലർ കഷ്ടി കടന്നുകൂടുന്നു. ഇക്കാര്യത്തിൽ ആണുങ്ങൾ പൊതുവേ വിലക്ഷണർ– മിക്കപ്പോഴും മൗനികൾ, ഉപയോഗശൂന്യം. പെണ്ണുങ്ങളാണ് തമ്മിൽ ഭേദം. ലേശം അതിഭാവുകത്വമൊക്കെ കണ്ടെന്നുവരികിലും.
ദുഃഖാചരണത്തിൽ പലരും മത്സരിക്കുന്നതു കാണാം. ചൊരിയുന്ന കണ്ണീരിന്റെ അളവിലും പരേതാത്മാവിനോടുള്ള അടുപ്പത്തിന്റെ പ്രദർശനത്തിലും. ആണായാലും പെണ്ണായാലും അഴലിന്റെ വായാട്ടം കടന്നേറ്റമാവാം, നഷ്ടം ശരിക്കും അനുഭവിക്കുന്നോർക്ക്. മിണ്ടാട്ടം കൂടിയാലും കുറഞ്ഞാലും ഫലം തുല്യം.
ഹൃദയാഘാതത്താൽ ഭാര്യ മരിച്ച ഒരാൾ പറയുന്നതു കേട്ടു, ‘‘നേരം തെറ്റിയ നേരത്താ അവള് പോയത്. ഒരു പത്തുപതിനഞ്ച് കൊല്ലംകൂടി പോകാമായിരുന്നു’’, പരേതയ്ക്ക് 54. പറഞ്ഞയാൾക്ക് 58. എഴുപതുകളിലാണ് മരിപ്പെങ്കിൽ സാരമില്ലെന്ന് വിവക്ഷ. ആ പ്രായമെത്തിയാൽ വിയോഗം ഉൾക്കൊള്ളാനുള്ള ഭൗതികവും മാനസികവുമായ ഇരുത്തം കൈവെന്നേനെയെന്ന്. (മറിച്ച്, പത്തു പതിനഞ്ച് കൊല്ലം മുമ്പായിരുന്നേലും കുഴപ്പമില്ല, ജീവിതം പുനരാരംഭിക്കാൻ വേണ്ട പ്രായം മിച്ചമുണ്ടായേനേ അയാൾ പറയാതെ പറഞ്ഞു).
പ്രായമേതും നേരംതെറ്റിയ നേരമാണ്, മരണത്തിന്. പക്ഷേകളും എങ്കിലുകളും പകരങ്ങളുമില്ലതിന്. ചെറിയ മക്കളുള്ള ചെറുപ്പക്കാർക്ക് പങ്കാളി നഷ്ടപ്പെടുന്നതും 40 കൊല്ലത്തെ പങ്കാളിയെ നഷ്ടപ്പെടുന്നതും തമ്മിൽ എങ്ങനെ ചെയ്യാനാവും താരതമ്യം? വിയോഗദുഃഖത്തിന് ഏറ്റക്കുറച്ചിലുണ്ടോ, ശ്രേണീയത? ഒന്നുറപ്പ് –വേർപാട് ഏൽപിക്കുന്ന വേദന അണിശമാണ്, നൂറ്റൊന്ന് ശതമാനം.
ദീർഘ ദാമ്പത്യമുള്ളവർക്ക് തുടക്കത്തിലെ അരിഷ്ടതകൾക്കു ശേഷം പൊതുവെയുണ്ടാവും ചില പൊരുത്തങ്ങൾ. തങ്ങൾക്കിടയിൽ ഒരു താളം കണ്ടെത്താറുണ്ടവർ. ഉരയലും മുരയലുമൊക്കെയുള്ള തടസ്സങ്ങളിൽനിന്ന് രണ്ട് കണ്ണികൾ മെല്ലെ പരിണമിച്ചെത്തുന്ന ഏകദേശപ്പൊരുത്തം. അതിലൊന്ന് പൊടുന്നനെ അറ്റുപോയാൽ? ആദ്യ മരവിപ്പിനുശേഷം പതിയെ അറിഞ്ഞുതുടങ്ങും, താളമഴിഞ്ഞെന്ന്. നിറവും തിറവും ഉലഞ്ഞെന്ന്. പതിവു പണികൾ പഴയപടി തുടരാൻ ശ്രമിക്കും. മടക്കം പക്ഷേ പഴയ സജീവതയിലേക്കാവില്ല. മൂകമായൊരു യാന്ത്രികതയിലേക്കാവും. അന്തരീക്ഷത്തിൽ ഒരു നിഴൽ പരക്കും, പിരിഞ്ഞയാളിന്റെ ഒഴിവ്.
ഗൂഗ്ൾയുഗത്തിൽ മൊട്ടിട്ട മറ്റൊരു കൂട്ടരുണ്ട്. എന്തിലുമേതിലും ‘മനശ്ശാസ്ത്രം’ വിതറിക്കളയും- ദുഃഖം ന്യൂറോളജിക്കലാ, ക്രമേണ ന്യൂറോണുകൾ വഴിപുതുക്കുമെന്ന്. വാസ്തവം അങ്ങനെയെങ്കിൽപ്പിന്നെ ഇതേ സിരാപ്രക്രിയക്ക് വേഗം കൂട്ടാമല്ലോ, അതേക്കുറിച്ച ധാരണ കൊണ്ടുതന്നെ. ഇത്തരം ചങ്ങാതികളുടെ ഇംഗിതമെന്തായാലും അതുണ്ടാക്കുന്ന ഫലത്തിനുണ്ടൊരു രക്ഷാധികാരീ ഭാവം. മനസ്സിന്റെ നീറ്റലാറ്റാൻ ചുമ്മാ കാത്തിരുന്നാൽ മതിയോ –സിരാകോശങ്ങൾ ഗിയറൊന്നു മാറ്റാൻ വേണ്ടി? എങ്കിൽ, എത്രയോ പ്രവർത്തനക്ഷമതയുള്ള യന്ത്രമായേനെ മനുഷ്യൻ! വേദമോതിയാൽ വേദന പോകുമോ?
പ്രായോഗിക സമസ്യകൾ വേറെയും വരും: വേർപെട്ടയാൾ കാത്തുപോറ്റിയ വസ്തുവക. ഉദാഹരണത്തിന് പൂച്ചെടികളോ പച്ചക്കറിത്തോപ്പോ. അതുമല്ലെങ്കിൽ പ്രിയപ്പെട്ട ഗാനശേഖരമോ പുസ്തകക്കൂട്ടോ. പഴകിപ്പോയ കുപ്പായങ്ങളിൽ അണിതിട്ട നൂൽച്ചിത്രങ്ങൾ, ഒന്നിനും വേണ്ടിയല്ലാതെ വെറുതേ ഒപ്പിയ പടങ്ങൾ... ഒന്നിച്ചിരിക്കെ അതിലൊന്നും സജീവം പങ്കെടുത്തിരുന്നില്ല, ഇന്നു ശേഷിക്കുന്ന പങ്കാളിയെങ്കിൽ?
പരിശീലനമില്ലാത്ത കളരിയാണ് അതിജീവനം. വേർപാടിനു മുന്നിൽ എങ്ങനെ പുലരണമെന്ന് ആർക്കാണ് പറഞ്ഞുതരാനാവുക? മുമ്പ് അതനുഭവിച്ചിട്ടുള്ളവർപോലും ഇവിടെ അയോഗ്യർ. കാരണം, ഹൃദയത്തിന്റെ മുറിവുകൾക്ക് പൊതുസ്വഭാവമില്ല. വേറും വ്യതിരിക്തം, വേപഥുവും: ‘‘മണിക്കൂറുകൾ മിണ്ടാതെ പങ്കിട്ട അടുപ്പത്തിന്റെ ഗാഢതകൾ. ഒപ്പമുണ്ടായിരിക്കെ മിണ്ടേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയല്ലേ അടുപ്പമേതും? ഒറ്റയ്ക്കാവുമ്പോഴാണ് നമ്മളെന്തെന്ന് വെളിവായിത്തുടങ്ങുക. ആ വെളിവ് പേടിയാവാം പലർക്കും. മനസ്സിന്റെ വൈമുഖ്യം മറികടന്ന് ആരാനുമൊന്ന് തുണയ്ക്കുമോ ഈ ത്രാസത്തിൽ ഒന്നു പിടിച്ചുനിൽക്കാൻ?’’ (എ വിഡോസ് ഡയറി/ ജോയ്സ് ഓട്സ്).
ഏറെനാൾ നീളും ഈ നോവും നിദ്രാഭംഗങ്ങളും, അങ്ങനെ കരുതിപ്പോവുന്നോരുണ്ട്. അത് മറ്റൊരു നോവ്. ഒരേ വേദനയ്ക്ക് ശാഖി പലതോ? എല്ലാമൊന്നുെവച്ചവസാനിപ്പിക്കാൻ കൊതിക്കുന്നോരുണ്ട്, ശേഷിക്കുന്ന ചുമതലകൾ ഓർത്തിട്ടാവണം കയറെടുക്കാത്തത്. അല്ലെങ്കിൽത്തന്നെ, ആത്മഹത്യയെപ്പറ്റി ഗൗരവമായി ആലോചിക്കുന്നത് അതിനുള്ള വഴിമുടക്കലാണ്.
ദുഃഖിതരുടെ സഹനം ആദ്യമൊക്കെ മറവിപ്പേടിയിൽനിന്നാണ് –നഷ്ടമായവരെ മറന്നേക്കുമോന്ന്. വിയോഗമുണ്ടാക്കുന്ന നടുക്കം പൊടുന്നനെ മായ്ക്കും, ഓർമകൾ. അവയൊന്നും വീണ്ടുകിട്ടില്ലെന്ന പേടി നിഴലിടും. അങ്ങനെ, രണ്ടുവട്ടം നഷ്ടമാവുന്നു, വിട്ടുപിരിഞ്ഞയാളെ.
ഈ വേദന ഒരവസ്ഥയോ പ്രക്രിയയോ? അതങ്ങനെ തന്നെയായിരിക്കുമോ സദാ? സ്ഥിതി മെച്ചപ്പെടുമോ, എങ്കിൽ എന്തിലേക്ക്? എന്തിനായി? വിയോഗങ്ങളുടെ സന്നിധിയിൽ ഇങ്ങനൊക്കെ വിചാരിച്ചിട്ടെന്ത്? പോയതൊന്നും മടങ്ങിവരില്ലല്ലോ. ഒരുവേള, ഈ വേദന ഒരവസ്ഥയും പ്രക്രിയയും ചേർന്നതാണോ?
അങ്ങനെയെങ്കിൽ–
അതനുഭവിക്കുന്നയാൾക്ക് എങ്ങനെ തിരിയുമത്? വസ്തുനിഷ്ഠമായ അടയാളങ്ങൾ ചിലതുണ്ടെന്ന് വേണമെങ്കിൽ പറയാം –കണ്ണു വറ്റിത്തുടങ്ങുന്നേരം, ഓർമകൾ മടങ്ങിവരുന്നേരം... അങ്ങനെ. പക്ഷേ, പൊതുനിയമമില്ല ഈ ഘട്ടങ്ങൾക്ക്, കണിശതയുള്ള സമയരേഖയും. അതുകൊണ്ട്, ചഞ്ചലമായ സിരാകോശങ്ങളെ നമ്പിക്കൂടാ. അവസ്ഥയോ, പ്രക്രിയയോ– എന്താകിലും അത് തിരിച്ചറിയാത്തപക്ഷം എന്തുണ്ടാവും മനസ്സിന്?
ഉറ്റവരോതും ഉപായങ്ങൾ പലത്. അവയ്ക്കെല്ലാമുണ്ടാവും ലീനമായ ഒരുൾധ്വനി: ‘സാരമില്ല.’ അതാണ് ആർത്തർക്കുള്ള അടിസ്ഥാന സാരോപദേശം, ഉറക്കെയും പതുക്കിയും. ദുഃഖത്തിന് സാരമില്ലെന്നോ?
അങ്ങനാരും നിനയ്ക്കുന്നുണ്ടാവില്ല. വിശേഷിച്ചൊന്നും പറയാനില്ലാത്തകൊണ്ട് അങ്ങനങ്ങ് പറഞ്ഞൊഴിയുന്നു. അർഥശൂന്യമായ ആ പ്രയോഗം ആവർത്തനംകൊണ്ട് പതിഞ്ഞുപോയി, അത്രമാത്രം. സാരമില്ലെന്ന് വിയോഗമുഖത്ത് ആർക്കും പറയാനാവില്ല, ധ്വനി അവ്വിധമായിപ്പോകുന്നെങ്കിലും. തീർച്ചയായുമുണ്ട് സാരം. അത് ശാശ്വതമാണുതാനും. ബാഹ്യമായ കാരണങ്ങളും പ്രേരകങ്ങളും വന്ന് പുതിയ ചാലുകളിലേക്ക് ആളെ ചലിപ്പിക്കുമ്പോൾ ആഘാതത്തിന്റെ മിടിപ്പ് അയഞ്ഞുപോയേക്കാം. അപ്പോഴും അവിടെത്തന്നെയുണ്ട്, സാരം.
