Begin typing your search above and press return to search.
proflie-avatar
Login

കോർപറേറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ച ജനവിധി

കോർപറേറ്റ് കണക്കുകൂട്ടലുകൾ   തെറ്റിച്ച ജനവിധി
cancel

എറണാകുളം ജില്ലയിലെ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കി​െറ്റക്സ് ഗ്രൂപ് മേധാവി സാബു എം. ജേക്കബ് നയിച്ച ട്വന്റി20 പാർട്ടിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികൾ നേരിട്ടു. അവയെ വിശകലനം ചെയ്യുകയാണ് ലേഖകൻ. ‘‘കുന്നത്തുനാട്ടിൽ ട്വന്റി 20 നേരിട്ട തിരിച്ചടിക്ക് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിനെതിരായ ഭരണവിരുദ്ധ വികാരം മാത്രമല്ല, പണവും മദ്യവുമാണ്’’ –ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞ വാക്കുകളാണിത്. തദ്ദേശഫലം പുറത്തുവന്നശേഷം നടത്തിയ വാർത്താസമ്മേളനമായിരുന്നു രംഗം. സാബു എം. ജേക്കബ് ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സംഘടനയുടെ അവകാശവാദങ്ങളുടെ...

Your Subscription Supports Independent Journalism

View Plans
എറണാകുളം ജില്ലയിലെ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കി​െറ്റക്സ് ഗ്രൂപ് മേധാവി സാബു എം. ജേക്കബ് നയിച്ച ട്വന്റി20 പാർട്ടിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചില തിരിച്ചടികൾ നേരിട്ടു. അവയെ വിശകലനം ചെയ്യുകയാണ് ലേഖകൻ.

‘‘കുന്നത്തുനാട്ടിൽ ട്വന്റി 20 നേരിട്ട തിരിച്ചടിക്ക് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിനെതിരായ ഭരണവിരുദ്ധ വികാരം മാത്രമല്ല, പണവും മദ്യവുമാണ്’’ –ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞ വാക്കുകളാണിത്.

തദ്ദേശഫലം പുറത്തുവന്നശേഷം നടത്തിയ വാർത്താസമ്മേളനമായിരുന്നു രംഗം. സാബു എം. ജേക്കബ് ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സംഘടനയുടെ അവകാശവാദങ്ങളുടെ നിറം കെടുത്തുന്നതായിരുന്നുവെന്ന് വ്യക്തമാണ്. പ്രചാരണ കോലാഹലങ്ങൾക്കപ്പുറത്ത് സംഘടനയുടെ വർണക്കടലാസിൽ പൊതിഞ്ഞ ജനക്ഷേമ വികസന മുദ്രാവാക്യങ്ങൾക്ക് സ്വീകാര്യത കുറയുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന.

പത്ത് പഞ്ചായത്തുകളുടെ ഭരണം പിടിക്കുക, കൂടുതൽ തദ്ദേശ ജനപ്രതിനിധികളെ വിജയിപ്പിക്കുക, വോട്ട് വിഹിതം വർധിപ്പിച്ച് വിലപേശൽ ശക്തിയാകുക എന്നിവയായിരുന്നു ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഘടന ലക്ഷ്യമിട്ടത്, ഈ ലക്ഷ്യത്തോടെ എറണാകുളം, ഇടുക്കി, തൃശൂർ അടക്കം വിവിധ ജില്ലകളിൽ സംഘടന മത്സരരംഗത്തിറങ്ങി. സംഘടന ആസ്ഥാനം സ്ഥിതിചെയ്യുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏഴും തൊട്ടടുത്ത പെരുമ്പാവൂരിലെ ഒന്നും പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കുമെന്ന ഉറപ്പോടെയായിരുന്നു മുന്നോട്ടുപോക്ക്. കൂടാതെ കൊച്ചി കോർപറേഷൻ, തൃക്കാക്കര നഗരസഭ എന്നിവിടങ്ങളിൽ ശ്രദ്ധേയ പ്രകടനവും ലക്ഷ്യമിട്ടു.

ഇതോടൊപ്പം ഇടുക്കി ജില്ലയിലെ മണക്കാട്, പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തുകളിലും സംഘടനക്ക് വലിയ പ്രതീക്ഷകളുണ്ടായി. എന്നാൽ, ഫലം വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി. ആസ്ഥാന മണ്ഡലത്തിൽ കൈയിലുണ്ടായിരുന്ന മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളും വടവുകോട്‌ ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. കൈയിലുണ്ടായിരുന്ന ജില്ല പഞ്ചായത്ത് കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളിൽ നിലംതൊട്ടില്ല. വലിയ പ്രതീക്ഷവെച്ച പുതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിൽ കേവല ഭൂരിപക്ഷം നേടാനായില്ല. സ്വന്തം തട്ടകമായ കിഴക്കമ്പലത്ത് ഭരണം ലഭിച്ചെങ്കിലും പ്രകടനം നിറം മങ്ങി. കൊച്ചി കോർപറേഷനിൽ സംപൂജ്യരായി. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്തിൽ രണ്ടുപേർ വിജയിച്ചതൊഴിച്ചാൽ ജില്ലക്ക് പുറത്തും കാര്യമായ നേട്ടമുണ്ടായില്ല.

 

കാത്തിരിക്കുന്നത് വെല്ലുവിളി

ഒരു പതിറ്റാണ്ടു മുമ്പ് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചതോടെയാണ് ട്വന്റി20 എന്ന പേര് സജീവ ചർച്ചയായത്. വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് എം.ഡി സാബു ജേക്കബായിരുന്നു നേതൃത്വം. ഇവരുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റടക്കം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. എന്നാൽ, ഇവരുടെ പാർട്ടിയിൽപെട്ടവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നതെന്നും ഇവർക്കുതന്നെ ഗ്രേഡനുസരിച്ചാണ് മാർക്കറ്റിൽനിന്ന് ആനുകൂല്യങ്ങൾ നൽകുന്നതെന്നും അക്കാലത്ത് ആക്ഷേപമുയർന്നു.

എന്തായാലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇവർക്ക് നേട്ടങ്ങളുടേതായിരുന്നു. കിഴക്കമ്പലം നിലനിർത്തിയതോടൊപ്പം മറ്റ് മൂന്നു പഞ്ചായത്തുകളുടെ ഭരണം പിടിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷനുകളും ബ്ലോക്ക് ഡിവിഷനുകളും സ്വന്തമാക്കി. ഈ ആവേശത്തോടെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തിറങ്ങിയെങ്കിലും പാളി. ഒപ്പം ജില്ലയിലെ മറ്റ് എട്ടു നിയമസഭ മണ്ഡലങ്ങളിലും മത്സരിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ശക്തി തെളിയിക്കാനായില്ല. കുന്നത്തുനാട്ടിൽ ലീഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യു.ഡി.എഫ് തരംഗത്തിൽ ആ പ്രതീക്ഷ പാളി.

ഇതിനിടെ നിയമക്കുരുക്കുകളിൽപെട്ട് ഇവരുടെ ഭക്ഷ്യസുരക്ഷ മാർക്കറ്റ് ജില്ല ഭരണകൂടം അടപ്പിച്ചു. ഇതേ ചൊല്ലി വിവാദങ്ങൾ ഉണ്ടായെങ്കിലും മാർക്കറ്റ് ഇതുവരെ തുറന്നില്ല. ഇതോടെ ആനുകൂല്യങ്ങളും അവസരങ്ങളും പ്രതീക്ഷിച്ച് സംഘടനയിലെത്തിയവർ അകന്നു. ഇതോടൊപ്പം ഭരണം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ 5 വർഷവും ശ്രദ്ധേയമായ പരിപാടികൾ നടത്തുന്നതിൽ ഭരണസമിതികൾ പരാജയപ്പെട്ടു എന്ന ആക്ഷേപവും ഉയർന്നു.

 

രാഷ്ട്രീയ-പൊതു രംഗങ്ങളിൽ ഒരു പരിചയവുമില്ലാത്ത പുതുമുഖങ്ങളായ വനിതകളെയാണ് പഞ്ചായത്തുകളിൽ ജനപ്രതിനിധികളാക്കി ഭരണസാരഥ്യമേൽപിച്ചത്. ഇതിന്റെ അപാകത ഭരണത്തിലുടനീളമുണ്ടായി. രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന രാഷ്ട്രീയ-പൊതു വിഷയങ്ങളിലെ നിലപാടില്ലായ്മയും സംഘടനക്കുള്ളിൽ പ്രശ്നം സൃഷ്ടിച്ചു. കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ സ്വീകരിക്കുന്ന മൃദുസമീപനം പലപ്പോഴും ചർച്ചയായി. ബി.ജെ.പിയുടെ ബി ടീം ആണെന്നാരോപിച്ച് പലരും സംഘടന വിട്ടുപോയി. ഇത്തരം ആക്ഷേപങ്ങൾ നിലനിൽക്കവെയാണ് സംഘടന ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ഇതെല്ലാം വോട്ടെടുപ്പിനെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

News Summary - Corporate calculations Wrong verdict