Begin typing your search above and press return to search.
proflie-avatar
Login

സ്വയംഭരണം നഷ്‌ടമായ പ്രാദേശികതല ഭരണകൂടങ്ങൾ

സ്വയംഭരണം നഷ്‌ടമായ   പ്രാദേശികതല   ഭരണകൂടങ്ങൾ
cancel

ഭരണഘടന ഭേദഗതി വഴി ഇന്ത്യയിൽ ഒരു വികേന്ദ്രീകൃത പ്രാദേശികതല ഭരണകൂടത്തെ നിലവിൽ കൊണ്ടുവരാൻ സാധിച്ചു. എന്നാൽ, അവയെ തദ്ദേശ ‘സ്വയംഭരണ’ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെട്ടോ? എങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ നഷ്ടമായത്? എന്താണ് ഇനി മുന്നിലുള്ള വഴി? ആഴ്ചപ്പതിപ്പിന്റെ മുൻ ലക്കത്തിൽ (1449) അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ മറ്റൊരു തുടർച്ചയാണ് ഈ പഠന ലേഖനം. അധികാര വികേന്ദ്രീകരണത്തിന്റെ മർമപ്രധാനമായ ലക്ഷ്യം സദ്ഭരണവും (Good Governance) കൂടുതൽ മികവാർന്ന പൊതു ഭരണവുമാണ് (Public Administration). രണ്ടു രീതിയിലാണ് ഇത് നിർവഹിക്കപ്പെടുന്നത്. ഒന്ന്,...

Your Subscription Supports Independent Journalism

View Plans
ഭരണഘടന ഭേദഗതി വഴി ഇന്ത്യയിൽ ഒരു വികേന്ദ്രീകൃത പ്രാദേശികതല ഭരണകൂടത്തെ നിലവിൽ കൊണ്ടുവരാൻ സാധിച്ചു. എന്നാൽ, അവയെ തദ്ദേശ ‘സ്വയംഭരണ’ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെട്ടോ? എങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ നഷ്ടമായത്? എന്താണ് ഇനി മുന്നിലുള്ള വഴി? ആഴ്ചപ്പതിപ്പിന്റെ മുൻ ലക്കത്തിൽ (1449) അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ മറ്റൊരു തുടർച്ചയാണ് ഈ പഠന ലേഖനം.

അധികാര വികേന്ദ്രീകരണത്തിന്റെ മർമപ്രധാനമായ ലക്ഷ്യം സദ്ഭരണവും (Good Governance) കൂടുതൽ മികവാർന്ന പൊതു ഭരണവുമാണ് (Public Administration). രണ്ടു രീതിയിലാണ് ഇത് നിർവഹിക്കപ്പെടുന്നത്. ഒന്ന്, ഭരണകൂട രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് പകരമായി പ്രത്യേക നിർവഹണ സംവിധാനങ്ങളെ രൂപപ്പെടുത്തിക്കൊണ്ട് ലക്ഷ്യവേധിയായ ആളുകളിലേക്ക് നേരിട്ട് സഹായങ്ങളും സേവനങ്ങളും എത്തിക്കുക എന്നത്. ഇത് പൂർണമായും അരാഷ്ട്രീയമായ, കോർപറേറ്റ് നയങ്ങൾക്ക് അനുസൃതമായ ലോകബാങ്ക് പോലുള്ള അന്തർദേശീയ സ്ഥാപനങ്ങൾ നിർദേശിക്കുന്ന വികേന്ദ്രീകരണ മാതൃകയാണ്. ഇത് ‘തദ്ദേശ സ്വയംഭരണ’ (Local Self Government) സ്ഥാപനങ്ങളെ നിർമിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല. അതേസമയം, അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടാമത്തെ മാതൃക കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ട, അടിത്തട്ടിലേക്ക് പ്രാതിനിധ്യം എത്തുന്ന, ഭരണ നിർവഹണത്തിൽ അടിസ്ഥാന ജനങ്ങൾക്കുകൂടി പങ്കാളിത്തം നൽകുന്നതാണ്. ആ മാതൃകയെയാണ് ഫെഡറൽ സംവിധാനത്തിൽ മൂന്നാംതല ഭരണകൂടമായി പരിഗണിക്കാൻ സാധിക്കുന്നത്.

പഞ്ചായത്തുകൾക്കായുള്ള യൂനിയൻ ഭരണകൂട വകുപ്പ് അധികാര വിഭജനത്തെ സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് കാലാകാലങ്ങളിൽ പുറത്തുവിടാറുണ്ട്. സംസ്ഥാന ഭരണകൂടങ്ങൾ എത്ര ഫലപ്രദമായാണ് അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നത് എന്നാണ് പഠനം പരിശോധിക്കുന്നത്. പതിനൊന്നാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 29 വിഷയങ്ങളിൽ ചുമതലകൾ, സ്ഥാപനങ്ങൾ, അധികാരങ്ങൾ, ഉദ്യോഗസ്ഥ സംവിധാനങ്ങൾ, സാമ്പത്തികം എന്നിവ എത്രമാത്രം കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് ഈ പഠനം പരിശോധിക്കുന്നത്. 2024ലെ പഠനം അനുസരിച്ച് സമയാസമയങ്ങളിൽ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുക, സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗക്കാർക്കും സീറ്റുകൾ ഉറപ്പുവരുത്തുക, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുക തുടങ്ങിയ നിയമപരമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ 83.56 പോയന്റ് നേടി കേരളമാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര (74.44), കർണാടക (74.43), ഹരിയാന (73.3) എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. എന്നാൽ, ചുമതലകൾ പഞ്ചായത്തുകൾക്ക് കൈമാറുന്നതിലും യൂനിയൻ-സംസ്ഥാന ഭരണകൂടങ്ങൾ രൂപംനൽകുന്ന സാമൂഹിക നീതി, സാമ്പത്തിക വികസനത്തിനായുള്ള പദ്ധതികൾ നടപ്പാക്കുന്ന കാര്യങ്ങളിലും തമിഴ്നാട് ആണ് ഒന്നാം സ്ഥാനത്ത്; കർണാടക, ഒഡിഷ, രാജസ്ഥാൻ എന്നിവ പിന്നാലെയും.

രണ്ടാം ലോകയുദ്ധം മുതൽ 1970കൾ വരെയുള്ള കാലം ജനാധിപത്യ കേന്ദ്രീകരണത്തിന്റേതായിരുന്നു. എഴുപതുകളുടെ പകുതി മുതൽ ഈ അധികാര കേന്ദ്രീകരണത്തിലുള്ള വിശ്വാസം ലോക രാഷ്ട്രങ്ങൾക്കിടയിൽ കുറഞ്ഞുതുടങ്ങി. ലോകരാഷ്ട്രങ്ങൾ അധികാര കേന്ദ്രീകൃത ഭരണ സംവിധാനങ്ങൾക്ക് ബദലുകൾ അന്വേഷിക്കാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി ധാരാളം ലോകരാഷ്ട്രങ്ങൾ ജനാധിപത്യ വികേന്ദ്രീകരണ പരീക്ഷണങ്ങൾ നടത്താൻ സന്നദ്ധരായി. 1977 ആകുമ്പോഴേക്കും ഇന്ത്യയിൽ പശ്ചിമ ബംഗാളിലും കർണാടകയിലും അധികാര വികേന്ദ്രീകരണ പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു.

പ്രാദേശിക ഭരണകൂടങ്ങളെക്കുറിച്ച് എഴുതുന്ന സന്ദർഭത്തിൽ കെ.സി. ശിവരാമകൃഷ്ണൻ ഇന്ത്യയിൽ പ്രാദേശിക സ്വയംഭരണ ഭരണകൂടങ്ങളുടെ ചരിത്രത്തെ മുഗൾ കാലഘട്ടം മുതൽ രേഖപ്പെടുത്തുന്നുണ്ട്. തുടർന്ന് കൊളോണിയൽ കാലഘട്ടത്തിൽ 1882 മേയ് 20ലെ ലോർഡ് റിപ്പണിന്റെ പ്രമേയം (Resolution) പ്രധാനമായും രാഷ്ട്രീയ ജനകീയ വിദ്യാഭ്യാസത്തിനുള്ള ഉപകരണമായാണ് പ്രാദേശിക ഭരണകൂടങ്ങളെ വിഭാവനം ചെയ്യുന്നത്. വളരെ പരിമിതമായ തോതിലെങ്കിലും കൊളോണിയൽ നഗരങ്ങളിലെ ഭരണങ്ങളിൽ ഇന്ത്യക്കാർക്ക് പ്രാതിനിധ്യം വരുന്നത് ലോർഡ് റിപ്പണിന്റെ പ്രമേയത്തിനു ശേഷമാണ്. 1870ൽ ലോർഡ് മേയോ ഇന്ത്യൻ വൈസ്രോയിയായിരുന്ന സമയത്ത് സാമ്പത്തിക വികേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ, 1909ലെ വികേന്ദ്രീകരണത്തെക്കുറിച്ചുള്ള റോയൽ കമീഷന്റെ ശിപാർശകൾ എന്നിവ അധികാര വികേന്ദ്രീകരണത്തിനുള്ള ആദ്യകാല ശ്രമങ്ങളായി രേഖപ്പെടുത്തപ്പെടുന്നു.

1919ലെ മൊ​ണ്ടേഗു-ചെംസ്ഫോർഡ് (Montagu-Chelmsford) ഭരണ പരിഷ്കാരങ്ങളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നത് പ്രവിശ്യ ഭരണകൂടങ്ങളുടെ കീഴിലെ ഒരു വിഷയമായി മാറുന്നത്. ഇത് 1935 ഇന്ത്യൻ ഭരണകൂട നിയമത്തിൽ (Government of India Act ,1935) ആവർത്തിക്കുന്നുണ്ട്. 1935 ഇന്ത്യൻ ഭരണകൂട നിയമത്തിൽ പ്രവിശ്യ ഭരണകൂടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നൽകുന്നുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സുനിൽ ഖിൽനാനി (Sunil Khilnani) വിശേഷിപ്പിക്കുന്നത് ‘‘സ്വാതന്ത്ര്യത്തിന്റെ അരങ്ങായാണ്’’ (Theatres of Independence). അധികാരങ്ങളും സാമ്പത്തിക സ്വാശ്രയത്വവും പ്രവർത്തനാധികാരങ്ങളുമെല്ലാം വളരെ പരിമിതവും പ്രവിശ്യ സംസ്ഥാന നിയമനിർമാണ സഭകളും ഭരണകൂടങ്ങളും വഴി നിയന്ത്രിതവുമാണെങ്കിലും ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് പ്രാതിനിധ്യവും പാർലമെന്ററി ജനാധിപത്യത്തിൽ പരിമിതമായ അനുഭവവും പരിശീലനവും നേടുന്നതിനുള്ള ഒരു അവസരമാണ് ഈ കൊളോണിയൽ നിയമനിർമാണത്തിലൂടെ ലഭിച്ചത്.

ഇന്ത്യൻ ഭരണഘടന നിർമാണ സഭയിൽ ഗാന്ധിയൻ ആദർശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അരുൺചന്ദ്ര ഗുഹ, കെ.ടി. ഷാ, ആർ.കെ. സിദ്ധ്വാ തുടങ്ങി നിരവധി അംഗങ്ങൾ പ്രാദേശിക ഭരണകൂടങ്ങളുടെ അടിസ്ഥാന ഘടകങ്ങളായി വി​േല്ലജ് പഞ്ചായത്തുകളെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഡോ. അംബേദ്‌കറിന് ഇതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഇന്ത്യൻ വില്ലേജുകളെ കണ്ടിരുന്നത് ഇവിടത്തെ എല്ലാ സാമൂഹിക തിന്മകളുടെയും പ്രഭവകേന്ദ്രമായാണ്. അദ്ദേഹം ഇന്ത്യൻ വില്ലേജുകളെ വിശേഷിപ്പിച്ചത് “a sink of Localism, a den of ignorance, narrow mindedness and communalism” എന്നാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് രാജ് നടപ്പാക്കുന്നതിനുവേണ്ടി കെ.ടി. ഷാ കൊണ്ടുവന്ന ഭേഗദതി നിർദേശം അംഗീകരിക്കപ്പെട്ടില്ല.

 

ഒരു സമവായം എന്ന നിലയിൽ കെ. സന്താനവും അനന്തശയനം അയ്യങ്കാറും ചേർന്ന് രൂപപ്പെടുത്തിയതാണ് ഇന്ന് ഭരണഘടനയിൽ അനുച്ഛേദം 40 ആയി കാണുന്നത്. അനുച്ഛേദം 40 നിർദേശകതത്ത്വങ്ങളിൽ ഒന്നായി പറയുന്നത് വി​േല്ലജ് പഞ്ചായത്തുകളെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിക്കണം എന്നാണ്. നിർദേശകതത്ത്വങ്ങളുടെ പ്രത്യേകത അവ കേവലം നിർദേശങ്ങൾ മാത്രമാണ്, അവ നടപ്പാക്കിയില്ല എന്നതിന്റെ പേരിൽ രാഷ്ട്രത്തെ നിയമപരമായോ ഭരണഘടനാപരമായോ ചോദ്യംചെയ്യാൻ കഴിയില്ല എന്നതാണ്. ഭരണഘടനയുടെ ഷെഡ്യൂൾ ഏഴ് ലിസ്റ്റ് രണ്ടിൽ സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരങ്ങൾ പറയുന്നുണ്ട്. അതിൽ എൻട്രി അഞ്ചിൽ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ, ഭരണകൂടങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള നിയമനിർമാണ അധികാരം സംസ്ഥാന നിയമസഭക്ക് നൽകുന്നുണ്ട്.

1977ലെ ജനത ഭരണകൂടം പഞ്ചായത്ത് രാജിലും അധികാര വികേന്ദ്രീകരണത്തിലും താൽപര്യം കാണിച്ചിരുന്നു. 1978-83ലെ പഞ്ചവത്സര പദ്ധതിയിൽ ബ്ലോക്ക്-ജില്ല തല ആസൂത്രണത്തിനും കൂടുതൽ പൊതുജന പങ്കാളിത്തത്തിനും പ്ര​േത്യകമായിത്തന്നെ പദ്ധതികൾ വിഭാവനം ചെയ്തിരുന്നു. അതിനുവേണ്ടി ആസൂത്രണ കമീഷൻ ഒരു വർക്കിങ് ഗ്രൂപ്പിനെ നിയമിച്ചു. കൂടാതെ പഞ്ചായത്ത് സംവിധാനങ്ങളെ പരിശോധിക്കുന്നതിനായി അശോക് മേത്ത കമ്മിറ്റിയെയും നിയമിച്ചു. അശോക് മേത്ത കമ്മിറ്റി പഞ്ചായത്തുകളെ പ്രാദേശികതല ആസൂത്രണത്തിന്റെ അടിസ്ഥാന ഘടകങ്ങളായാണ് കണ്ടത്.

73, 74 ഭരണഘടനാ ഭേദഗതികൾക്കുമുമ്പ് രണ്ടുതലത്തിലുള്ള പഞ്ചായത്ത് ഭരണസംവിധാനമാണ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത്. ഒന്ന് ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന അരാഷ്ട്രീയമായ യൂനിയൻതലത്തിൽ ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികൾ നിർവഹിക്കുന്നതിനുള്ള ഒരു സംവിധാനം. അവയുടെ ഉദ്ദേശ്യം യൂനിയൻ പദ്ധതികൾ നിർവഹിക്കുക എന്നത് മാത്രമായിരുന്നു. മറ്റൊന്ന് അശോക് മേത്ത കമ്മിറ്റി റിപ്പോർട്ടിനുശേഷം ആന്ധ്ര, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ ഒക്കെ പരീക്ഷിക്കപ്പെട്ട പ്രാദേശികതല ഭരണസംവിധാനങ്ങൾ. 73, 74 ഭരണഘടന ഭേദഗതികളുടെ ബില്ലിന്റെ ആമുഖത്തിൽ ഭരണഘടനയുടെ അനുച്ഛേദം 40 ഉദ്ധരിക്കുന്നുണ്ട്. അനുച്ഛേദം 40 പറയുന്നത് വില്ലേജ് പഞ്ചായത്തുകളെ സ്വയംഭരണത്തിന്റെ ഘടകങ്ങളായി പ്രവർത്തിക്കുന്നതലത്തിൽ രൂപപ്പെടുത്തുന്നതിന് രാഷ്ട്രം എല്ലാ പരിശ്രമങ്ങളും ചെയ്യും എന്നതാണ്.

ജനാധിപത്യ തദ്ദേശ/പ്രാദേശിക ഭരണകൂടങ്ങൾക്ക് ഇന്ത്യയിൽ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നന്നായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾ പ്രാദേശിക ജനാധിപത്യ ഭരണകൂടങ്ങൾ നന്നായി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ നിലവാരങ്ങൾക്ക് ഒപ്പം വരും. അതേസമയംതന്നെ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളെ മികവോടെ പ്രവർത്തിക്കാൻ അനുവദിക്കാത്തവയാണ്. ഇന്ത്യയിലെ പ്രാദേശിക ജനാധിപത്യ ഭരണകൂടങ്ങളെ സംബന്ധിച്ച് ഈ ഒരു വൈരുധ്യം നിലവിലുണ്ട്.

നേരത്തേ പറഞ്ഞതുപോലെ അംബേദ്‌കർ വി​േല്ലജ് പഞ്ചായത്തുകൾക്ക് അധികാരം നൽകുന്നതിന് എതിരായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ സാമൂഹിക അനീതിയുടെ പ്രഭവകേന്ദ്രം പ്രാദേശിക വില്ലേജുകളായിരുന്നു. അതുകൊണ്ടുതന്നെ മുകളിൽനിന്നുള്ള കേന്ദ്രീകൃത ഇടപെടലാണ് അംബേദ്‌കർ വിഭാവനം ചെയ്തത്. സർദാർ വല്ലഭ്ഭായ് പട്ടേലും ശക്തമായ കേന്ദ്ര ഏജൻസികളെയും സംവിധാനങ്ങളെയും കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്. ജവഹർലാൽ നെഹ്‌റു പൊതുവെ കേന്ദ്രീകൃത ആസൂത്രണത്തിന്റെയും വലിയ വികസന പദ്ധതികളുടെയും പ്രയോക്താവായാണ് ചിത്രീകരിക്കപ്പെടാറ് എങ്കിലും രജനി കോത്താരി വ്യത്യസ്തമായ ഒരു ചിത്രംകൂടി അവതരിപ്പിക്കുന്നുണ്ട്. 1949ൽ സംസ്ഥാന മുഖ്യമന്ത്രിമാരോട് ഉത്തർപ്രദേശിലെ ഇട്ടാവ പദ്ധതി ശ്രദ്ധിക്കാൻ നെഹ്‌റു ആവശ്യപ്പെടുന്നുണ്ട് എന്നാണ് രജനി കോത്താരി എഴുതുന്നത്.

പഞ്ചായത്തുകൾ വഴി പ്രാദേശിക സ്വയംഭരണം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പദ്ധതികൂടിയായിരുന്നു ഇട്ടാവ പദ്ധതി. കാർഷിക വികസനത്തിന് കമ്യൂണിറ്റി പദ്ധതികൾക്ക് നെഹ്‌റു വലിയ പ്രാധാന്യം നൽകിയിരുന്നതായി രജനി കോത്താരി നിരീക്ഷിക്കുന്നു. രജനി കോത്താരിയുടെ അഭിപ്രായത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല ഭരണ നേതൃത്വംതന്നെ കേന്ദ്രീകൃത ഭരണത്തിന്റെ പരിമിതികളും അടിത്തട്ടിൽനിന്നുള്ള വികസനത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങളിൽനിന്ന് ഭിന്നമായി ഇന്ത്യയിൽ 1947 മുതൽ 60കളുടെ മധ്യം വരെ വികേന്ദ്രീകൃത ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷം നിലനിന്നിരുന്നു എന്ന് കാണാം. പിന്നീട് ഇതിന് ക്ഷീണം സംഭവിക്കുകയും 70കളുടെ അവസാനത്തിൽ വീണ്ടും അനുഭാവം വർധിക്കുകയുമാണ് ചെയ്യുന്നത്. ഇന്ദിര ഗാന്ധി ശക്തയായി വരുന്ന സന്ദർഭത്തിൽ ഇന്ദിര ഭരണത്തിന് ഒരു ബദൽ എന്ന നിലയിൽകൂടിയാണ് കോൺഗ്രസ് ഇതര കക്ഷികൾ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ വികേന്ദ്രീകൃത ജനാധിപത്യ പരീക്ഷണങ്ങൾ നടന്നത്. 1977 കാലങ്ങളിലെ പശ്ചിമ ബംഗാൾ ഭരണകൂടം, 1983 കാലങ്ങളിലെ കർണാടകയിലെ രാമകൃഷ്‌ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനത സർക്കാർ എന്നിവ ഉദാഹരണങ്ങളാണ്.

ദേശീയതലത്തിൽ വികേന്ദ്രീകൃത ജനാധിപത്യ പ്രക്രിയക്ക് വീണ്ടും ഊർജം വെക്കുന്നത് രാജീവ് ഗാന്ധിയുടെ സമയത്താണ്. 1989ൽ അദ്ദേഹം ധാരാളം സമ്മേളനങ്ങൾ വിളിച്ചുകൂട്ടുകയും പഞ്ചായത്ത് രാജിന് ജനപിന്തുണ സമാഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം കൊണ്ടുവന്ന രണ്ടു ബില്ലുകളും രാജ്യസഭയിൽ പരാജയപ്പെടുകയാണ് ചെയ്തത്. യഥാർഥത്തിൽ ഇന്ന് കാണുന്ന പഞ്ചായത്ത് രാജ് ഇന്ത്യയിൽ പ്രാവർത്തികമാക്കിയത് പി.വി. നരസിംഹ റാവുവാണ്. അദ്ദേഹത്തിന്റെ താൽപര്യം പ്രധാനമന്ത്രിയായപ്പോൾ മാത്രം ഉദിച്ചതായിരുന്നില്ല. 1987ൽ കർണാടകയിൽ ഒരു പഞ്ചായത്ത് രാജ് പദ്ധതി ഉദ്‌ഘാടനം ചെയ്യാൻ ഒരു യൂനിയൻ മന്ത്രിയെ വേണ്ടിവന്നപ്പോൾ രാമകൃഷ്‌ണ ഹെഗ്‌ഡെ ക്ഷണിച്ചത് അന്ന് മനുഷ്യവിഭവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിനെയാണ്. ‘‘ഞാൻ കോൺഗ്രസ് കക്ഷിക്കാരനും ഹെഗ്‌ഡെ ജനതാദളുമാണെങ്കിലും ഞങ്ങൾ രണ്ടുപേരും പഞ്ചായത്ത് രാജ് കക്ഷിക്കാരാണ്’’ എന്നാണ് നരസിംഹ റാവു അന്ന് പ്രസംഗിച്ചത്. നരസിംഹ റാവു രാജീവ് ഗാന്ധിക്ക് ആദരവായിട്ടുകൂടിയാണ് 73, 74 ഭരണഘടന ഭേദഗതികൾ അവതരിപ്പിച്ചത്.

ഇന്ത്യൻ ഭരണഘടനയിൽ തദ്ദേശ ഭരണം സംസ്ഥാന വിഷയമാണ്. സംസ്ഥാന പട്ടികയിലാണ് തദ്ദേശ ഭരണം ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനതല നിയമനിർമാണം തദ്ദേശ ഭരണതലത്തിലെ അധികാര വികേന്ദ്രീകരണത്തിന് അനിവാര്യമാണ്. പല സംസ്ഥാനങ്ങളും പല നിലയിലും തലത്തിലും നിയമ നിർമാണങ്ങൾ നടത്തിയതുകൊണ്ട് ഇന്ത്യയിലെ തദ്ദേശ ഭരണതലത്തിലുള്ള അധികാര വികേന്ദ്രീകരണം ഒരുപോലെയല്ല. അവ സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു.

73, 74 ഭരണഘടന ഭേദഗതികൾ വഴി ഭരണഘടനയിൽ ഭാഗം 9, 9A എന്നിവ കൂട്ടിച്ചേർത്തു. ഇതിൽ 9 പഞ്ചായത്തുകളെക്കുറിച്ചും 9A മുനിസിപ്പാലിറ്റികളെക്കുറിച്ചും പറയുന്നു. ഇതിന്റെ പ്രത്യേകത ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിഭാവനം ചെയ്യുന്നു എന്നുമാത്രമാണ്, അവക്ക് അധികാരവും ചുമതലകളും കൈമാറുന്നതിനുള്ള അധികാരം നൽകിയത് സംസ്ഥാനങ്ങൾക്കാണ്. (അനുച്ഛേദം 243G, 243W). അതുപോലെത്തന്നെ പ്രാദേശിക ഭരണകൂടങ്ങൾക്ക് സാമ്പത്തിക വിഭവങ്ങൾ കൈമാറേണ്ടത് സംസ്ഥാന സർക്കാറുകളാണ്. (അനുച്ഛേദം 243 I, 243 Y). ഭരണഘടനയുടെ ഷെഡ്യൂൾ ഏഴ് എൻട്രി അഞ്ച് അനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ എന്നത് സംസ്ഥാന നിയമസഭയുടെ നിയമനിർമാണത്തിന് വിധേയമാണ്. സംസ്ഥാന സർക്കാറുകളുടെ അധികാരത്തെക്കുറിച്ച് ധാരാളം വ്യവഹാരങ്ങൾ നടന്നിട്ടുണ്ട്. അതിൽ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധി 73, 74 ഭരണഘടന ഭേദഗതികൾക്കുശേഷവും പ്രാദേശിക ഭരണകൂടങ്ങളെ സംബന്ധിച്ച് നിയമനിർമാണം നടത്താനുള്ള ഭാഗം ഏഴ് എൻട്രി അഞ്ചിലെ സംസ്ഥാനങ്ങളുടെ അധികാരം നിലനിൽക്കുന്നു എന്നാണ്. ഇതു വളരെ നിർണായകമായ ഒരു വിധിന്യായമായിരുന്നു. (Bhanumathi v State of Uttar Pradesh (2010)12 SCC 1)

ഭരണഘടനയുടെ ഭാഗം 9, 9 A എന്നിവ തദ്ദേശ സ്ഥാപനങ്ങളിൽ വരുത്തിയ വലിയ മാറ്റം എന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രതിനിധികൾക്കും അങ്ങനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രായപൂർത്തി വോട്ടവകാശത്തിനും ഭരണഘടനാപരമായ സാധുതയും അംഗീകാരവും നൽകി എന്നതാണ്. വളരെ വലിയൊരു ജനവിഭാഗത്തിന് പ്രാദേശികതലത്തിൽ പ്രാതിനിധ്യം നൽകി എന്നതാണ് പ്രധാനം. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷനുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. അനുച്ഛേദം 243 D, 243 T എന്നിവ അനുസരിച്ച് മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതിൽതന്നെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കേരള, കർണാടക, ഒഡിഷ, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാനങ്ങൾ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തു.

 

രാജീവ് ഗാന്ധി

‘ഓക്സ്ഫഡ് കംപാനിയൻ ടു പൊളിറ്റിക്സ് ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ പ്രാദേശിക ഭരണത്തെക്കുറിച്ചുള്ള അധ്യായം എഴുതിയ ജെയിംസ് മാനർ (James Manor) ജനാധിപത്യ വികേന്ദ്രീകരണം വിജയിക്കണമെങ്കിൽ ആവശ്യമായ അനിവാര്യ ഘടകങ്ങളെക്കുറിച്ചും (Essential Factors), സഹായകരമായ ഘടകങ്ങളെക്കുറിച്ചും (Helpful Factors) പറയുന്നുണ്ട്. ഉയർന്ന സാക്ഷരത, ഉയർന്ന മനുഷ്യവിഭവ ശേഷി, ജനാധിപത്യ രാഷ്ട്രീയത്തിലുള്ള മുൻപരിചയം, സ്വതന്ത്രമായ മാധ്യമങ്ങൾ, ശക്തമായ ഒരു സിവിൽ സമൂഹ സാന്നിധ്യം, അതുപോലെത്തന്നെ മധ്യവർഗത്തിന്റെ സാന്നിധ്യം, ഭരണ സംവിധാനത്തിന്റെ മുൻ‌കൂർ വികേന്ദ്രീകരണം, ഭൂ പരിഷ്കരണം എന്നിവയെല്ലാം ജെയിംസ് മാനർ ജനാധിപത്യ വികേന്ദ്രീകരണത്തിന് സഹായകരമായ സംഗതികളോ ഘടകങ്ങളോ ആയാണ് വിലയിരുത്തുന്നത്. അനിവാര്യ ഘടകങ്ങളായല്ല. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മൊസാംബീകിന്റെ ഉദാഹരണമാണ്. അവിടെ ഈ സഹായഘടകങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെങ്കിലും ജനാധിപത്യ വികേന്ദ്രീകരണം വിജയിച്ചത് അനിവാര്യ ഘടകങ്ങളുടെ സാന്നിധ്യംകൊണ്ടാണ് എന്നാണ്. ജനാധിപത്യ വികേന്ദ്രീകരണം വിജയിക്കാൻ അനിവാര്യമായി മൂന്ന് ഘടകങ്ങളാണ് ജെയിംസ് മാനർ പറയുന്നത്: ഒന്ന്, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലുകൾക്ക് മതിയായ അധികാരം നൽകുക.

രണ്ട്, ആവശ്യമായ വിഭവങ്ങൾ (പ്രത്യേകിച്ച് സാമ്പത്തിക വിഭവങ്ങൾ) അനുവദിക്കുക. മൂന്ന്, ആവശ്യമായ ഉത്തരവാദിത്ത സംവിധാനങ്ങൾ ഉറപ്പുവരുത്തുക, ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട്, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സാധാരണ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തുക. ഈ മൂന്ന് കാര്യങ്ങളാണ് ജനാധിപത്യ വികേന്ദ്രീകരണം വിജയിക്കുന്നതിനായുള്ള അനിവാര്യ ഘടകങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്ന് ഘടകങ്ങളും ഉണ്ടെങ്കിൽ ജനാധിപത്യ വികേന്ദ്രീകരണം വിജയകരമായി പ്രവർത്തിക്കും, ഏതെങ്കിലും ചിലത് ഇല്ലെങ്കിൽ, അല്ലെങ്കിൽ ഒന്നെങ്കിലും ഇല്ലെങ്കിൽ പരാജയപ്പെടും, എല്ലാം ഉണ്ടായിരിക്കുകയും ഏതെങ്കിലും ഒരു ഘടകമെങ്കിലും ദുർബലമാണെങ്കിൽ വികേന്ദ്രീകരണ ജനാധിപത്യം ഭംഗിയായി പ്രവർത്തിക്കില്ല എന്നാണ് പല രാജ്യങ്ങളിൽനിന്നുള്ള അനുഭവങ്ങൾ കാണിക്കുന്നത്. ഇന്ത്യൻ അനുഭവത്തിലേക്ക് വരുമ്പോൾ പല സംസ്ഥാനങ്ങളും ഈ മൂന്ന് ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് മതിയായ നിലയിൽ നൽകാത്തതുകൊണ്ടുതന്നെ ജനാധിപത്യ വികേന്ദ്രീകരണം ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്ന് കാണാം.

സംസ്ഥാനങ്ങൾ അധികാരങ്ങളും വിഭവങ്ങളും മതിയായ നിലയിൽ തദ്ദേശ ഭരണകൂടങ്ങൾക്ക് നൽകാൻ തയാറാകാതിരിക്കുകയോ അഥവാ കൈമാറ്റം ചെയ്ത അധികാരങ്ങളും വിഭവങ്ങളും കാലക്രമത്തിൽ തിരിച്ചെടുക്കുന്നതോ കാണാം. ആരതി ധർ 2003 വർഷത്തിൽ നടത്തിയ ഒരു പഠനം ജെയിംസ് മാനർ ഉദ്ധരിക്കുന്നുണ്ട്. ആ പഠന പ്രകാരം ഭരണഘടനയുടെ 11ാം പട്ടികയിൽ പറയുന്ന വിഷയങ്ങളിൽ എല്ലാ വിഷയങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ ഏക സംസ്ഥാനം കർണാടകയാണ്.

കേരളം 26 വിഷയങ്ങൾ കൈമാറിയിരുന്നു. ചില സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയിട്ടുതന്നെയുണ്ടായിരുന്നില്ല. പല സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കാൻ തയാറായിരുന്നില്ല. ചില സംസ്ഥാനങ്ങൾ കൃത്യമായ സമയത്ത് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തിയിരുന്നില്ല, അവ മനഃപൂർവം വൈകിച്ചിരുന്നു. നൽകിയ അധികാരങ്ങളും വിഭവങ്ങളും തിരിച്ചെടുക്കുന്നതുപോലെത്തന്നെ അപകടകരമായ പ്രവണതയാണ് തെരഞ്ഞെടുക്കപ്പെട്ട വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് സമാന്തരമായി മറ്റു സംവിധാനങ്ങൾ ഒരുക്കുകയും അവ വഴി പ്രവൃത്തികൾ നിർവഹിക്കുകയും ചെയ്യുക എന്നത്. പലപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രിതമായ ഈ സമാന്തര സംവിധാനത്തിന് ആവശ്യമായ വിഭവങ്ങളും ഉണ്ടായിരിക്കുമെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സംവിധാനങ്ങളോട് അതൃപ്‌തിയുണ്ടാക്കാൻ ഇടയാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചുണ്ടായിരുന്ന ഒരു വലിയ പരിമിതി അവയുടെ കാലാവധിക്ക് ഒരു സുരക്ഷയും ഉറപ്പും ഉണ്ടായിരുന്നില്ല എന്നതാണ്. സംസ്ഥാന സർക്കാറുകൾക്ക് തോന്നുമ്പോൾ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലാക്കാനും സാങ്കേതിക കാരണങ്ങൾ പറഞ്ഞു തെരഞ്ഞെടുപ്പുകൾ നീട്ടിവെക്കാനും കഴിയുമായിരുന്നു. ഈ പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് അനുച്ഛേദം 243E, 243 U എന്നിവ ഉൾപ്പെടുത്തിയത്. കാലാവധി അവസാനിക്കുന്നതിന് മുമ്പോ ആറുമാസത്തിനുള്ളിലോ തെരഞ്ഞെടുപ്പുകൾ നടത്തിയിരിക്കണം എന്ന് ഈ അനുച്ഛേദങ്ങൾ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളാണ്. 73, 74 ഭരണഘടന ഭേദഗതികൾക്കു മുമ്പുള്ള കരട് നിയമ നിർദേശങ്ങളിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾ, വാർഡുകളുടെ അതിർത്തി പുനർനിർണയം എന്നിവക്കെല്ലാം സ്വതന്ത്രമായ സംവിധാനങ്ങളെ വിഭാവനം ചെയ്തിരുന്നു. ചില സംസ്ഥാനങ്ങൾ അതിർത്തി പുനർനിർണയം പോലുള്ള ചില വിഷയങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചിരുന്നു.

73, 74 ഭരണഘടന ഭേദഗതികളുടെ ഏറ്റവും വലിയ പരിമിതി സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളുടെ കൈമാറ്റത്തിലാണ്. സംസ്ഥാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറേണ്ട വിഷയങ്ങൾ രണ്ടു ഷെഡ്യൂൾ ആയി ഉൾപ്പെടുത്തുകയും ഇവയിൽ സംസ്ഥാന ഭരണകൂടങ്ങൾ നിയമ നിർമാണങ്ങൾ വഴി അധികാരങ്ങളും വിഷയങ്ങളും കൈമാറാം എന്നുമാണ് ഭരണഘടന വ്യവസ്ഥ. പക്ഷേ, ഇങ്ങനെ കൈമാറണം എന്നത് ഭരണഘടനാപരമായി ഒരു നിർബന്ധിത വ്യവസ്ഥയല്ല. അവ സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിൽ പെടുന്നതാണ്. കോടതികൾതന്നെ ഈ ഭരണഘടന അനുച്ഛേദങ്ങളെ അങ്ങനെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. (Ranga Reddy District Sarpanches Association v Andhra Pradesh (2004)1ALT 659)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ വിഷയങ്ങളിൽതന്നെ സംസ്ഥാന ഭരണകൂടങ്ങൾ ഉദ്യോഗസ്ഥതല സംവിധാനങ്ങൾ സമാന്തരമായി സൃഷ്ടിച്ച് അധികാരം കവരുന്നതിന് എതിരെ കോടതികളിൽ ചോദ്യംചെയ്തിട്ടുണ്ടെങ്കിലും പ്രാദേശിക ഭരണകൂടങ്ങൾക്ക് അനുകൂലമായല്ല സുപ്രീംകോടതിയിൽനിന്നുപോലും വിധി വന്നത്. (Bondu Ramaswami v Bangalore Development Authority (2010)7SCC 129) സംസ്ഥാന നിയമസഭകൾ നിയമനിർമാണങ്ങളിലൂടെ അനുവദിക്കുന്ന വിഷയങ്ങളിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതികൾ പിരിക്കാനും സമ്പത്ത് ആർജിക്കാനും സാധിക്കൂ.

ഇതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാശ്രിതത്വത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരണം എന്നായിരുന്നു സിംഘ് വി കമ്മിറ്റിയുടെ ശിപാർശയെങ്കിലും പിന്നീടു വന്ന സർക്കാരിയ കമീഷൻ അതിനോട് അനുകൂലമായിരുന്നില്ല. ഭരണഘടന ഭേദഗതി കൊണ്ടുവരേണ്ടത് യൂനിയൻ ഭരണകൂടത്തിന്റെ ചുമതലയാണെങ്കിൽ അതിനുശേഷമുള്ള നിയമനിർമാണങ്ങൾ നടത്തേണ്ടത് സംസ്ഥാന ഭരണകൂടങ്ങളാണ്. ഭരണഘടന അടിസ്ഥാന ഘടകമായി അംഗീകരിച്ചത് വ്യക്തികളെയാണ്, പഞ്ചായത്തുകളെയല്ല. ഇന്ത്യൻ ഭരണഘടന അടിസ്ഥാനപരമായിത്തന്നെ കേന്ദ്രീകൃത സ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾ യൂനിയൻ ഭരണകൂടത്തിന് വിധേയമല്ലെങ്കിൽപോലും യൂനിയൻ ഭരണകൂടത്തെ ആശ്രയിച്ചുനിൽക്കുന്നതാണ്.

 

ഉപസംഹാരം

ചുരുക്കത്തിൽ, 73, 74 ഭരണഘടന ഭേദഗതികളിലൂടെ ഇന്ത്യയിൽ ഒരു വികേന്ദ്രീകൃത പ്രാദേശികതല ഭരണകൂടത്തെ നിലവിൽ കൊണ്ടുവരാൻ സാധിച്ചു. എന്നാൽ, അവയെ തദ്ദേശ ‘സ്വയംഭരണ’ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെട്ടുവെന്നും കാണാം. ഇന്ത്യയിൽ പ്രാദേശികതല ഭരണസംവിധാനങ്ങൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കി എന്ന് അവകാശപ്പെടുന്ന കേരളത്തിൽപോലും പഞ്ചായത്ത് രാജ് ആരംഭിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പല അധികാരങ്ങളും ഇന്ന് അവക്ക് ഇ​െല്ലന്നു കാണാം. പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്കുള്ള വെല്ലുവിളി അല്ലെങ്കിൽ അവയെ ദുർബലമാക്കുന്നത് അവക്ക് സമാന്തരമായി രൂപപ്പെടുത്തുന്ന സംവിധാനങ്ങളോ ഘടനകളോ ആണ്. അവ പൂർണമായും പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ഒഴിവാക്കുന്നു. ഇത്തരം സംവിധാനങ്ങളെ parastatals എന്നാണ് പറയുന്നത്.

പല തനത് ധനാഗമ മാർഗങ്ങളും സംസ്ഥാന ഭരണകൂടം തിരി​െച്ചടുത്തു എന്നതാണ് യാഥാർഥ്യം. നിരവധിയായ നിർവഹണ ഏജൻസികളുടെ കൈകാര്യകർത്താക്കൾ, നടത്തിപ്പുകാർ മാത്രമായി പ്രാദേശിക ഭരണകൂടങ്ങൾ മാറി. അവയുടെ സ്വയംഭരണ ശേഷി പൂർണമായും കൈമോശം വന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് എതിരെ പെരുമാട്ടി പഞ്ചായത്ത് നടത്തിയതുപോലുള്ള ഒരു പോരാട്ടം ഇന്നാണെങ്കിൽ നടത്താൻ കഴിയില്ല. കാരണം, ലൈസൻസ് നൽകുന്നതിനുൾ​െപ്പടെയുള്ള അധികാരങ്ങൾ പഞ്ചായത്തുകളിൽനിന്ന് എടുത്തുമാറ്റപ്പെട്ടു കഴിഞ്ഞു.

വ്യവസായ മലിനീകരണം നടത്തുന്ന കമ്പനികൾക്ക് എതിരെ, അല്ലെങ്കിൽ അനധികൃത ക്വാറികൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് പല പഞ്ചായത്തുകൾക്കും ആഗ്രഹമുണ്ടെങ്കിലും അവക്ക് അതിനുള്ള അധികാരങ്ങളില്ല എന്നതാണ് ദയനീയമായ വശം. ജനകീയാസൂത്രണം കൊണ്ടുവന്ന ഭരണകൂടത്തിന്റെ പിന്തുടർച്ചക്കാരായ ഇന്നത്തെ ഭരണപക്ഷം വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചോ അടിത്തട്ടിൽനിന്നുള്ള ആസൂത്രണത്തെക്കുറിച്ചോ അയൽക്കൂട്ടങ്ങളെക്കുറിച്ചോ സംസാരിക്കുന്നുപോലുമില്ലല്ലോ. മറിച്ച്, ലോകബാങ്ക് നിർദേശിക്കുന്ന മാതൃകയിലുള്ള നിരവധിയായ പ്രത്യേക നിർവഹണ ഏജൻസികളാണല്ലോ പദ്ധതി നിർവഹണം നടത്തുന്നത്.

യൂനിയൻ ഭരണകൂടം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പിടിച്ചെടുക്കുകയും സംസ്ഥാനങ്ങളെ മറികടന്നു ജില്ലതല ഭരണത്തലവൻ വഴി പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സംസ്ഥാനങ്ങൾ പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരങ്ങളും ധനാഗമ മാർഗങ്ങളും കവർന്നെടുക്കുന്നു. യൂനിയൻ സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്ന ഗ്രാന്റ് കൊണ്ടുമാത്രം പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെ എങ്ങനെയാണ് സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുക. ഇച്ഛാശക്തിയുള്ള ഒരു സംസ്ഥാന ഭരണകൂടത്തിനു മാത്രമേ തദ്ദേശ ഭരണ സ്ഥാപനങ്ങളെ തദ്ദേശ ‘സ്വയംഭരണ’ സ്ഥാപനങ്ങളായി പരിവർത്തിപ്പിക്കാൻ സാധിക്കൂ. അല്ലാത്തിടത്തോളം കാലം ഇവ യൂനിയൻ സംസ്ഥാന ഭരണകൂടങ്ങളെ ആശ്രയിച്ച് അവരുടെ ഉത്തരവുകൾ നടപ്പാക്കുന്ന കേവലം ഉപകരണങ്ങൾ മാത്രമായി അവശേഷിക്കും. അത് ആത്യന്തികമായി ജനാധിപത്യത്തിന് ഗുണകരമല്ല.

==========

Reference :

Oxford India Short Introductions: Panchayati Raj, Kuldeep Mathur 2013. 17th Impression 2021

The Oxford Handbook of the Indian Constitution, Edited by Sujit Choudhary, Madhav Khosla and Pratap Bhanu Mehta. Part V Federalism; Local Government by KC Sivaramakrishnan, Oxford University Press, New Delhi, 2016 Edition reprinted 2021, page 560

The Oxford Companion to Politics in India Student Edition, edited by Niraja Gopal Jayal and Pratap Bhanu Mehta, Oxford University Press, 2021 Impression, chapter 5, Local Governance, James Manor

News Summary - Constitution Amendment