Begin typing your search above and press return to search.
proflie-avatar
Login

കോടതി പരാതി കേൾക്കില്ലെങ്കിൽ ജനം ബദൽ തേടും

കോടതി പരാതി കേൾക്കില്ലെങ്കിൽ ജനം ബദൽ തേടും
cancel

പാറ്റ സമരത്തിൽ അടിമുടി ‘പരിഹാസം’ ശക്തമായ വികാരവും നിലപാടുമായി മാറുന്നുണ്ട്. ഭരണാധികാരികളെ മയമില്ലാതെ അവർ വിമർശിച്ചു. പരിഹാസവും ന്യൂജെൻ സമരവും കൂട്ടിവായിക്കുന്ന ലേഖകൻ ചില ​ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തുന്നു -കഴിഞ്ഞ ലക്കം തുടർച്ച. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണകൂടം നിരവധി നിരോധനാജ്ഞകളും കരുതൽ തടവുകളും ഇന്‍റർനെറ്റ് നിരോധനവും, വിവിധ സർവൈലൻസ് സങ്കേതങ്ങളും പ്രയോഗിച്ചു. ഇതു സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളുടെ നിജസ്ഥിതി സ്ഥാപിക്കുന്നതിലല്ല, ഭരണകൂടത്തിന്റെ ചെയ്തികളെ വിലയിരുത്താനുള്ള കൃത്യമായ നിയമ ചട്ടക്കൂടുണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ് അതിന്‍റെ ഭരണഘടനാപരമായ പ്രാധാന്യം. ആ...

Your Subscription Supports Independent Journalism

View Plans
പാറ്റ സമരത്തിൽ അടിമുടി ‘പരിഹാസം’ ശക്തമായ വികാരവും നിലപാടുമായി മാറുന്നുണ്ട്. ഭരണാധികാരികളെ മയമില്ലാതെ അവർ വിമർശിച്ചു. പരിഹാസവും ന്യൂജെൻ സമരവും കൂട്ടിവായിക്കുന്ന ലേഖകൻ ചില ​ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തുന്നു -കഴിഞ്ഞ ലക്കം തുടർച്ച.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണകൂടം നിരവധി നിരോധനാജ്ഞകളും കരുതൽ തടവുകളും ഇന്‍റർനെറ്റ് നിരോധനവും, വിവിധ സർവൈലൻസ് സങ്കേതങ്ങളും പ്രയോഗിച്ചു. ഇതു സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങളുടെ നിജസ്ഥിതി സ്ഥാപിക്കുന്നതിലല്ല, ഭരണകൂടത്തിന്റെ ചെയ്തികളെ വിലയിരുത്താനുള്ള കൃത്യമായ നിയമ ചട്ടക്കൂടുണ്ട് എന്ന് തിരിച്ചറിയുന്നിടത്താണ് അതിന്‍റെ ഭരണഘടനാപരമായ പ്രാധാന്യം. ആ ചട്ടക്കൂട് അനുപാതികതാ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുക്രമവും പൗരാവകാശവും തമ്മിലുള്ള സന്തുലനത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ പരിശ്രമത്തിന്റെ പ്രതിഫലനമാണത്.

ഭരണഘടനയുടെ അനുഛേദം-21 ഈ വിശകലനത്തെ കൂടുതൽ ആഴമുള്ളതാക്കുന്നുണ്ട്. എ.കെ. ഗോപാലൻ കേസിൽ വളരെ സങ്കുചിതമായി വ്യാഖ്യാനിക്കപ്പെട്ട അനുഛേദം-21, മ​േനക ഗാന്ധി കേസോടെ വിപുലമായ അർഥതലങ്ങൾ കൈവരിച്ചു. നിയമപരമായി രൂപംകൊണ്ട നടപടിക്രമങ്ങളിലൂടെ ജീവിക്കാനുള്ള അവകാശത്തെ നിയന്ത്രിക്കാം എന്ന തത്ത്വം, ന്യായവും നീതിയുക്തവുമായ നടപടിക്രമങ്ങൾ എന്നായതോടു കൂടി, നിയന്ത്രണങ്ങളുടെ യുക്തിസഹതയും ന്യായവും മനുഷ്യാന്തസ്സും ബോധ്യപ്പെടുത്തേണ്ട സാഹചര്യം വന്നു. ഭരണകൂട അതിക്രമം, കേവലം ലോ ആൻഡ് ഓർഡർ പ്രശ്നമല്ലെന്നും മൗലികാവകാശങ്ങൾ വിനിയോഗിക്കുന്ന മനുഷ്യർക്കുമേൽ ഭരണകൂടത്തിന് പ്രയോഗിക്കാവുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച ഭരണഘടനാ പ്രശ്നമാണെന്നും അംഗീകരിക്കപ്പെട്ടു.

പാറ്റകളും അനുഛേദം 32ഉം തമ്മിലുള്ള ബന്ധം അതിലേറെ പ്രധാനപ്പെട്ടതാണ്. ഭരണഘടനയുടെ ആത്മാവ് എന്ന് അംബേദ്കർ വിശേഷിപ്പിച്ച അനുച്ഛേദം -32, അവകാശലംഘനങ്ങൾ ഉണ്ടായാൽ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാനുള്ള അവസരം ഇന്ത്യൻ പൗരനു നൽകുന്നതാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തനങ്ങൾ പരാജയപ്പെട്ടു എന്നു തോന്നിയാൽ ജനങ്ങൾക്ക് ഭരണഘടനാപരമായ പരിഹാരം തേടാം എന്നാണ് അതിനർഥം. ഈ വകുപ്പ് ജനാധിപത്യത്തിന്‍റെ ആധികാരികതയെ കോടതിയുടെ ആധികാരികതയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. തങ്ങളുടെ ആവലാതികൾക്ക് യഥാസമയം ചെവികൊടുക്കാൻ കോടതി തയാറാവുന്നില്ല എന്ന് തോന്നിയാൽ സ്വാഭാവികമായും മനുഷ്യർ മറ്റു മാർഗങ്ങൾ തേടും.

പ്രക്ഷോഭ സ്ഥലത്തെ പൊലീസിങ് സംബന്ധിച്ച അടിയന്തര പരാതികൾ പരിഗണിക്കാൻ സുപ്രീംകോടതിയിൽ തയാറായില്ല എന്ന വിമർശനത്തെ ജുഡീഷ്യൽ വ്യവസ്ഥിതിയുടെ പിൻനടത്തമായിട്ടാണ് വിലയിരുത്തുന്നത്. വിമർശനങ്ങളിൽ കാമ്പുണ്ടോ എന്നതിലുപരി, ആ ധാരണക്ക് തന്നെ ഭരണഘടനാപരമായ പ്രാധാന്യമുണ്ട്. കാരണം ഭരണഘടന സ്ഥാപനങ്ങളുടെ അധികാരം അതിന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് മാത്രമല്ല, പൊതുസമൂഹത്തിന് ആ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്.

പ്രതിഷേധക്കാർ ഭരണഘടനയുടെ ആമുഖം പാരായണം ചെയ്യുമ്പോൾ, ഭരണഘടനയുടെ കോപ്പികൾ ഉയർത്തിപ്പിടിക്കുമ്പോൾ, മൗലികാവകാശങ്ങൾ സംബന്ധിച്ച അനുഛേദങ്ങൾ ഉദ്ധരിക്കുമ്പോൾ, അവർ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾകൂടിയാണ് നടത്തുന്നത്. ആ വ്യാഖ്യാനങ്ങൾക്ക് നിയമപരമായ ശക്തി ഇല്ലെങ്കിൽപോലും, ഭരണഘടനാപരമായി പ്രസക്തമാണ്. കാരണം, ക്രമേണ രൂപംകൊള്ളുന്ന ഭരണഘടനാ വ്യാഖ്യാനങ്ങളെ നിർണയിക്കുന്ന ജനാധിപത്യ സംവാദങ്ങളുടെ ഭാഗമാണത്. പൊലീസ് അതിക്രമം സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ കണ്ട് പാഴാക്കാൻ സമയമില്ലെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ച് വാചാലനാവുന്നത് നമ്മൾ കേട്ടു. ഭരണഘടന ജനകീയ സംവാദമാകുമ്പോൾ ഇത് സംഭവ്യമാണ്.

ഈ പ്രക്രിയയെ ഭരണഘടനാവാദത്തിന്റെ ഒരു രംഗാവിഷ്കാരമായി കാണാം. ഭരണഘടനാപരമായ അധികാരത്തെ സ്ഥാപനങ്ങളിൽനിന്ന് തെരുവുകളിലേക്ക് മാറ്റുന്ന ‘തെരുവു ഭരണഘടനാവാദം’ അല്ലയിത്. കുറച്ചുകൂടി വ്യക്തവും സ്പഷ്ടവുമായ ഭരണഘടന ആധികാരികതയുടെ ജനാധിപത്യവത്കരണമാണ് ഇവിടെ നടക്കുന്നത്. വ്യവസ്ഥിതിയെ നിഷേധിക്കാതെ തന്നെ, സ്ഥാപനങ്ങളുടെ ആധികാരികതയെ സ്വാധീനിക്കും വിധത്തിൽ ജനങ്ങൾ പൊതു ഇടങ്ങളിൽ ഭരണഘടനാമൂല്യങ്ങളെ ആവിഷ്കരിക്കുന്ന പ്രതിഭാസമാണിത്. പ്രാതിനിധ്യ ജനാധിപത്യം അതുപോലെതന്നെ നിലനിൽക്കുന്നു, ജുഡീഷ്യറി അപ്രസക്തമാകുന്നില്ല, പാർലമെന്റിനുതന്നെയാണ് പരമാധികാരം; എന്നാൽ ഭരണഘടനാ വ്യാഖ്യാനം ജനാധിപത്യവത്കരിക്കപ്പെടുന്നു. കോടതികൾ വ്യാഖ്യാനിക്കുന്നു, ഗവൺമെന്‍റ് നടപ്പാക്കുന്നു, പൗരർ പ്രതികരിക്കുന്നു, സ്ഥാപനങ്ങൾ ഉത്തരം നൽകുന്നു, അങ്ങനെ ഒരു അർഥതലം ഉരുത്തിരിഞ്ഞുവരുന്നു.

ഇത്തരത്തിൽ പരിശോധിക്കുമ്പോൾ, തികച്ചും അപ്രതീക്ഷിതമായ ഒന്നിനെയാണ് കോക്രോച്ച് ജനത പാർട്ടി വെളിപ്പെടുത്തുന്നത്. ആത്യന്തികമായി ഈ പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നത്, അതിവേഗം പ്രചാരം നേടിയ ആക്ഷേപഹാസ്യവും യുവജനത നേതൃത്വം കൊടുക്കുന്ന സമൂഹമാധ്യമ സാന്നിധ്യവുമല്ല, ഭരണഘടനാവാദത്തെ ഒരു കാർണിവലാക്കി ഇതുമാറ്റി എന്നുള്ളതാണ്. അത് ഭരണഘടനയുടെ തകർച്ചയേയല്ല, അതിന്‍റെ ഊർജസ്വലതയെയാണ് സൂചിപ്പിക്കുന്നത്. കാരണം വ്യവസ്ഥിതിയുടെ പ്രവർത്തനത്തെ അളക്കാനുള്ള ഏറ്റവും ഉയർന്ന മാനകമായി അവർ കണക്കാക്കുന്നത് മറ്റൊരു തത്ത്വശാസ്ത്രത്തെയല്ല, നമ്മുടെ ഭരണഘടനയെതന്നെയാണ്.

അതുകൊണ്ട് സാധാരണ ജനങ്ങൾ ഭരണഘടനയെ വ്യാഖ്യാനിക്കുമ്പോഴല്ല, വ്യവസ്ഥിതി അതിനോട് ഒരുതരത്തിലും പ്രതികരിക്കാതിരിക്കുമ്പോഴാണ് അപകടകരമാവുക. ജനാധിപത്യം നിലനിൽക്കുന്നത് ഏകപക്ഷീയമായ വ്യാഖ്യാനങ്ങളിലല്ല ഭരണഘടനാപരമായ ജനാധിപത്യസംവാദങ്ങളിലാണ്. ആ ആശയവിനിമയം ദുർബലപ്പെട്ടാൽ ജനാധിപത്യത്തിന്‍റെ ആധികാരികത ഔപചാരികമായ സ്ഥാപനങ്ങൾക്ക് പുറത്ത് പരീക്ഷിക്കപ്പെടും. അത് ജനങ്ങൾ ഭരണഘടനയെയോ ഈ വ്യവസ്ഥിതിയെയോ നിഷേധിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യവസ്ഥിതിയെ ഓർമിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്.

 

ജെയിംസ് മാഡിസൺ,യൂ​ഗെ​ൻ ഹേബർമാസ് 

ഭരണഘടനാധിഷ്ഠിത ദേശസ്നേഹം

ഇന്ത്യൻ പൊളിറ്റിക്കൽ ഹിസ്റ്ററിക്ക് സുപരിചിതമായ മാർഗരേഖകളുടെ ആവർത്തനം മാത്രമാണ് കോക്രോച്ച് ജനത പാർട്ടിയെങ്കിൽ അതിന്‍റെ ഭരണഘടനാപരമായ പ്രാധാന്യം പരിമിതമായിരിക്കും. സാമ്പത്തിക കാരണങ്ങൾകൊണ്ട്, ഗവൺമെന്‍റ് ജനപ്രിയമല്ലാതാകുന്നതുകൊണ്ട്, അല്ലെങ്കിൽ ഭരണപരമായ പരാജയംകൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ ഒക്കെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഉയർന്നുവരാറുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ പ്രത്യേകിച്ചും, വളരെ പരിവർത്തനാത്മകമെന്ന് തോന്നിപ്പിച്ച പല കൂട്ടായ്മകളും സാധാരണ രാഷ്ട്രീയ പാർട്ടികളായി അധഃപതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രധാന കാര്യം, ഈ പ്രസ്ഥാനത്തിന് എന്ത് വ്യത്യസ്തതയാണുള്ളത് എന്നതാണ്.

ഉപരിപ്ലവമായ താരതമ്യങ്ങൾക്ക് ഒരു പ്രസക്തിയുമില്ല എന്നിരിക്കിലും വളരെ എളുപ്പമാണ് എന്നുള്ളതുകൊണ്ട് താരതമ്യങ്ങൾക്ക് പഞ്ഞമില്ല. 1970കളിലെ ജെ.പി പ്രസ്ഥാനത്തോടും അണ്ണാ ഹസാരെയുടെ സമരത്തോടുമൊക്കെ താരതമ്യംചെയ്തു കാണുന്നുണ്ട്. എന്നാൽ, സാമ്യങ്ങൾ ചൂണ്ടിക്കാണിച്ചതുകൊണ്ടുമാത്രം ചരിത്രപരമായ ഉൾക്കാഴ്ചകൾ ഉണ്ടായിക്കൊള്ളണമെന്നില്ല. സമാനതകൾ തേടി പോകുന്നതിനുപകരം, സമാനമായ സംഭവങ്ങൾ സമാനമായ ഭരണഘടനാ സാധ്യതകളെയാണോ മുന്നോട്ടുവെച്ചത് എന്നാണ് പരിശോധിക്കുന്നത്.

കോക്രോച്ച് ജനത പാർട്ടി ചില കാര്യങ്ങളിൽ മുൻകാല മുന്നേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്. ജയപ്രകാശ് നാരായണനെപ്പോലെ ഈ പ്രസ്ഥാനവും ഭരണസംവിധാനങ്ങളോടുള്ള കടുത്ത അതൃപ്തിയെ കൂട്ടിയിണക്കുന്നുണ്ട്. കർഷക സമരത്തിലെന്നപോലെ പൊതുയിടം ഒരു അരങ്ങാക്കി മാറ്റുന്നുണ്ട്. ശാഹീൻ ബാഗിലെ പോലെ ഭരണഘടനയെ രാഷ്ട്രീയ പ്രതീകമാക്കി ഉയർത്തിപ്പിടിക്കുന്നുണ്ട്. ‘ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ’ ചെയ്തതുപോലെ സാമ്പ്രദായിക രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറത്തേക്ക് മനുഷ്യരെ ഒരുമിച്ച് ആകർഷിക്കുന്നുണ്ട്. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ചാൽ താരതമ്യങ്ങൾ ഓരോന്നും പാളിപ്പോ കുന്നത് കാണാം.

ജെ.പി പ്രസ്ഥാനം

സി.ജെ.പിയെ കുറിച്ച് എഴുതുമ്പോൾ നമുക്ക് ആദ്യം തോന്നുന്നത് ജെ.പി പ്രസ്ഥാനവുമായി താരതമ്യം ചെയ്യാനാണ്. രണ്ടു പ്രസ്ഥാനങ്ങളും യുവജനങ്ങളുടെ അസന്തുഷ്ടിയിൽനിന്ന് ഉടലെടുത്തതാണ്, രണ്ടും നിലനിൽക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ അധികാര ധാർമികതയെ ചോദ്യംചെയ്തു, സാമൂഹികമായ നിരാശയെ ഭരണഘടനാപരമായ സംവാദമാക്കി മാറ്റാനുള്ള ശ്രമം രണ്ടിടത്തും ഉണ്ടായിരുന്നു. എന്നാൽ, സാമ്യം അവിടെ അവസാനിക്കുന്നു.

ജയപ്രകാശ് നാരായണൻ നയിച്ച പ്രസ്ഥാനത്തിന് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു; ‘സമ്പൂർണ വിപ്ലവം’. ഇന്ത്യൻ രാഷ്ട്രഘടനയെതന്നെ ചോദ്യംചെയ്യുന്ന ഒരു ആശയധാരയായിരുന്നു അത്. എന്നാൽ, കോക്രോച്ച് ജനത പാർട്ടിക്ക് അത്തരം ഒരു പദ്ധതിയൊന്നുമില്ല. വിദ്യാഭ്യാസ രംഗത്തെ ഉത്തരവാദിത്തം, ഭരണപരിഷ്കാരങ്ങൾ, വിയോജിക്കാനുള്ള അവകാശം, ജുഡീഷ്യറിയുടെ കാര്യക്ഷമമായ ഇടപെടൽ... തുടങ്ങിയ പരിമിതമായ ആവശ്യങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. അവ പ്രധാനമാണെങ്കിലും വിപ്ലവാത്മകമായ നിർദേശങ്ങളൊന്നുമല്ല. ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റുന്നതിലല്ല, അവയെ ഭരണഘടനാപരമായി പ്രവർത്തിക്കുന്നതിന് പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് ജന്തർമന്തറിൽ 'കോക്രോച്ച് ജനത പാർട്ടി' പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ

തികച്ചും വ്യത്യസ്തമായ ഒരു സമരമുഖമായിരുന്നു ഇന്ത്യ എഗൻസ്റ്റ് കറപ്‌ഷന്റേത്. അഴിമതി ഒരു പൊതു പ്രശ്നമായി ഉയർത്തി, ലോക്പാൽ നിയമം കൊണ്ടുവരണം എന്ന ആവശ്യം മുന്നോട്ടുെവക്കുകയും കാലക്രമേണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ രൂപത്തിൽ സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. എന്നാൽ, വ്യത്യസ്തമാണ് കോക്രോച്ച് ജനത പാർട്ടി.

നിയമ നിർമാണംകൊണ്ടുമാത്രം, അല്ലെങ്കിൽ വ്യവസ്ഥിതിയുടെ പുനഃസംഘടനകൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകുമെന്ന കാഴ്ചപ്പാട് സി.ജെ.പിക്കില്ല. ഏതെങ്കിലും ഒരു സ്ഥാപനം നശിച്ചുപോയി എന്നതല്ല, വിദ്യാഭ്യാസ സംവിധാനം മുതൽ ഭരണവ്യവസ്ഥിതിയും പൊലീസും മാധ്യമങ്ങളും ജുഡീഷ്യറിയും എല്ലാം തകർച്ചയുടെ പാതയിലാണ് എന്നാണ് കോക്രോച്ചുകളുടെ പരാതി. ജനാധിപത്യത്തിലെ ചെക്ക്‌സ് ആൻഡ് ബാലൻസ് എന്ന് പറയാവുന്ന സംവിധാനങ്ങളെല്ലാം ഒരുമിച്ചു തകരുകയില്ല. വളരെ സാവധാനമാണത് സംഭവിക്കുന്നത്. പരസ്പരം തിരുത്തൽ ശക്തിയാകേണ്ട സ്ഥാപനങ്ങളോരോന്നും ആ കടമ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തുമ്പോഴാണ് അത് സംഭവിക്കുന്നത്.

പരസ്പരം പ്രതിപ്രവർത്തിക്കുന്ന അഭിലാഷങ്ങൾക്കു മേലാണ് ഭരണഘടന ജനാധിപത്യം നിലനിൽക്കുന്നത് എന്നാണ് ജെയിംസ് മാഡിസൺ സൈദ്ധാന്തീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടന, അധികാരം വിവിധ സ്വതന്ത്ര സ്ഥാപനങ്ങൾക്കിടയിൽ പകുത്തു നൽകുകയാണ് ചെയ്തിട്ടുള്ളത്. പൗരർ ഒരേസമയം വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യംചെയ്യാൻ ആരംഭിക്കുമ്പോൾ, ചോദ്യമുന സ്ഥാപനങ്ങളുടെ തകർച്ചയിൽനിന്നും ജനാധിപത്യ സംവിധാനത്തിൽ ആകെയുള്ള വിശ്വാസ്യതയെക്കുറിച്ചാവുന്നു. ഇന്ത്യ എഗൻസ്റ്റ് കറപ്‌ഷന് ജനങ്ങളുടെ അതൃപ്തിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാക്കി മാറ്റാൻ കഴിഞ്ഞു. കോക്രോച്ചുകൾ തൽക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളൊന്നുമില്ല.

ശാഹീൻ ബാഗും ഭരണഘടനയുടെ രാഷ്ട്രീയ ഭാഷയും

ശാഹീൻ ബാഗുമായുള്ള താരതമ്യം കൂടുതൽ ആഴത്തിലുള്ള ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഇരു സമരങ്ങളും ഭരണഘടനയെ രാഷ്ട്രീയ സംവാദങ്ങൾക്കുള്ള പ്രതീകമാക്കി മാറ്റി. ഭരണഘടനയുടെ ആമുഖം ഒരു ആവിഷ്കാര കലയായി, പൊതുയിടങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ട പുസ്തകമായി ഭരണഘടന മാറി. കോടതി മുറികളിൽനിന്ന് തെരുവുകളിലേക്ക് ഭരണഘടന എത്തുന്നത് അതിനിർണായകമായ മാറ്റമാണ്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്ത് ഏറിയ കാലവും, ഭരണഘടനാ സംവാദങ്ങൾ കോടതിമുറികളിൽ ന്യായാധിപരുടെയും അഭിഭാഷകരുടെയും അക്കാദമിക പണ്ഡിതരുടെയും മേഖലയായിരുന്നു. ഇലക്ഷൻ സമയത്തോ അല്ലെങ്കിൽ ഏതെങ്കിലും സുപ്രധാനമായ ഒരു കോടതിവിധി വരുന്ന സമയത്തോ, അതൊരു പൊതുസംവാദത്തിന് പാത്രീഭവിക്കാറുണ്ട്. അതൊരിക്കലും ജനാധിപത്യ പങ്കാളിത്തത്തിന്റെ ദിനേനയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിത്തീരാറില്ല.

എന്നാൽ, സമീപകാലത്ത് പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഭരണഘടന പൊതു രാഷ്ട്രീയ സംസ്കാരത്തിന്‍റെ ഭാഗമായി മാറുന്നുണ്ട്. സമരമുഖങ്ങളിൽ ഭരണഘടന തത്ത്വങ്ങൾ പ്രസംഗിക്കുക, ഭരണഘടനയുടെ പോക്കറ്റ് എഡിഷനുകൾ കൈയിൽ കരുതുക, രാഷ്ട്രീയ സംവാദങ്ങളിൽ ഭരണഘടനാ ധാർമികത ഒരു വിഷയമാവുക, അങ്ങനെ ജനാധിപത്യത്തിലെ പൗരത്വത്തിന്റെ അർഥമായി പരിണമിക്കുകയാണ് ഭരണഘടന. ആ മുന്നേറ്റത്തിന്റെ സ്വാഭാവിക വികാസംകൂടിയാണ് കോക്രോച്ച് ജനത പാർട്ടി.

യൂ​ഗെ​ൻ ​ഹേബ​ർ​മാ​സിന്റെ ഭരണഘടനാപരമായ ദേശീയത എന്ന ആശയത്തോട് ഇതിനെ ചേർത്തുവായിക്കാം. രണ്ടാം ലോകയുദ്ധാന്തര ജർമനിയിൽ, വംശീയതയിൽ അധിഷ്ഠിതമായ ദേശീയതയുടെയും ഫാഷിസത്തിന്റെയും ദുരിതങ്ങൾ അനുഭവിച്ച സമൂഹത്തിൽ, ദേശീയതയെ എങ്ങനെ നിർവചിക്കണമെന്ന ചോദ്യത്തിൽനിന്നാണ് ഹേബർമാസിന്റെ സിദ്ധാന്തം രൂപംകൊള്ളുന്നത്. മതം, ചരിത്രപരമായ പുരാണേതിഹാസങ്ങൾ, വംശം തുടങ്ങിയ കാര്യങ്ങൾ ദേശീയതയുടെ അടിസ്ഥാനമാകുമ്പോൾ സംഭവിക്കുന്ന അപകടം നേരിൽ കണ്ട മനുഷ്യർ, ആധുനിക ജനാധിപത്യ സംവിധാനത്തിൽ ഏകീകരണ ശക്തിയായി മാറാൻ കഴിയുന്നത് മറ്റെന്തിനാണ് എന്ന ചോദ്യം ഉന്നയിച്ചു.

മനുഷ്യർ ഐക്യപ്പെടേണ്ടത് ഭാഷയുടെയോ വംശത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ആയിരിക്കേണ്ടതില്ല, പരസ്പരം പങ്കുവെക്കുന്ന ഒരു ഭരണഘടനാ പദ്ധതിക്ക് ആ ചുമതല നിർവഹിക്കാൻ കഴിയും. ജനാധിപത്യം, മനുഷ്യാന്തസ്സ്, സമത്വം, മൗലികാവകാശങ്ങൾ, രാഷ്ട്രീയ വിയോജിപ്പുകളെ സമാധാനപരമായി അഭിമുഖീകരിക്കാൻ കഴിയുന്ന നീതിപൂർവകമായ നടപടിക്രമങ്ങൾ, തുടങ്ങിയ മൂല്യബോധങ്ങളുടെ സ്വീകാര്യതയിൽ ഐക്യം കണ്ടെത്താനാകും എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അങ്ങനെ ദേശസ്നേഹം രക്തത്തിന്റെയോ മണ്ണിന്റെയോ ചരിത്രത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല, ഭരണഘടനാ മൂല്യങ്ങളുടെ പിന്തുടർച്ചയാണ് എന്ന് വരുന്നു.

ഹേബർമാസിന്റെ യൂറോപ്യൻ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായ പാതയാണ് ഇന്ത്യൻ ഭരണഘടനയുടേത്. അതിതീവ്ര ദേശീയതയുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ, വംശീയ രാഷ്ട്രീയത്തിന് ഒരു മറുമരുന്നായിട്ടാണ് ജർമനിയിൽ ഭരണഘടനാപരമായ ദേശസ്നേഹം കടന്നുവരുന്നത്. ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത് ഏകശിലാത്മകമായ ഒരു രാഷ്ട്രസങ്കൽപത്തിന്റെ തകർച്ചയുടെ നിമിഷത്തിൽ ആയിരുന്നില്ല, മറിച്ച് അസാധാരണമാംവിധം വൈവിധ്യമാർന്ന ഒരു രാജ്യത്തിന്‍റെ രൂപവത്കരണഘട്ടത്തിലാണ്.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക സംസ്കാരങ്ങളുടെയും വിവിധ ദേശീയതകളുടെയും വിഭജനത്തിന്റെ മഹാവേദനയുടെയും സങ്കീർണസാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് നമ്മുടെ ഭരണഘടനാ ശിൽപികൾ അതിനു രൂപംനൽകിയത്. ഉൽപത്തിയിൽ തന്നെ, വൈവിധ്യ പൂർണമായ സമൂഹങ്ങളെ ഒരൊറ്റ ജനാധിപത്യ രാഷ്ട്ര സങ്കൽപത്തിന്റെ നൂലിഴയിൽ കോർത്തെടുക്കുക എന്ന ഉദ്ദേശ്യം അതിനുണ്ടായിരുന്നു. അതിന്‍റെ ഊന്നൽ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതിൽ ആയിരുന്നില്ല, പകരം വ്യത്യസ്തധാരകൾക്ക് ഭരണഘടനാപരമായ പരിധികൾക്കുള്ളിൽ ഒരുമിച്ച് കഴിയാൻ സാധ്യമാക്കുന്ന പൊതു രാഷ്ട്രീയ ഭാഷ ലഭ്യമാക്കുക എന്നതിലായിരുന്നു.

അങ്ങനെ നോക്കുമ്പോൾ, പ്രക്ഷോഭകാരികൾ തെരഞ്ഞെടുത്ത പ്രതീകങ്ങൾ, ഭരണഘടനാ വാദത്തിന്റെ ചിഹ്നങ്ങൾ, സമകാലിക രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സ്വാധീനമുള്ളതാണ്. സമരത്തിന്‍റെ രാഷ്ട്രീയ സാധുതയുടെ അടിത്തറയായും, സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അളക്കാനുള്ള അളവുകോലായും ഭരണഘടന മാറി. പ്രക്ഷോഭകർ ഭരണകൂടത്തെ എതിർത്തത്, രാഷ്ട്ര നിർമിതിയുടെ അടിസ്ഥാന രേഖയെ നിഷേധിച്ചുകൊണ്ടല്ല, അതിനെ ഉയർത്തിക്കാണിച്ചുകൊണ്ടാണ്. വിമർശനം അതിരൂക്ഷമായിരുന്നപ്പോഴും അതിന്‍റെ ഭാഷ ഭരണഘടനയുടേതായിരുന്നു.

ഭരണഘടന വാദത്തിൽ അധിഷ്ഠിതമായ പ്രക്ഷോഭങ്ങളെ, വിപ്ലവ പ്രസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത് ഇതാണ്. വിപ്ലവരാഷ്ട്രീയം, വ്യവസ്ഥാപിതമായ രാഷ്ട്രീയ സംവിധാനങ്ങൾക്ക് പുറത്താണ് സമര സാധുത കണ്ടെത്തുന്നതെങ്കിൽ, ഭരണഘടനാവാദം നങ്കൂരമിടുന്നത് രാഷ്ട്രനിർമിതിയുടെ അടിസ്ഥാനരേഖയിൽതന്നെയാണ്. മറ്റൊരു ഭരണഘടനയോ രാഷ്ട്രവ്യവസ്ഥയോ പരമാധികാര സ്രോതസ്സോ അത് ആവശ്യപ്പെടുന്നില്ല. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയിലെ സ്ഥാപനങ്ങൾ ഭരണഘടനാപരമായ ബാധ്യതകളോട് സത്യസന്ധത പുലർത്തണം എന്നതുമാത്രമാണ് ആവശ്യം. ജാതി-മത-ഭാഷാ വൈവിധ്യങ്ങളുടെയോ, വംശീയ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലല്ല ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ജെ.പി യുവതയെ പ്രതിഷേധവേദിയിലേക്ക് ആനയിച്ചത്.

ഭരണഘടനാ രൂപവും രാഷ്ട്രീയ നിഗമനങ്ങളും തമ്മിലുള്ള വ്യത്യാസവും പ്രധാനമാണ്. പ്രതിഷേധിക്കുന്നവരുടെ ആരോപണങ്ങൾ വസ്തുതാപരമാണോ, ഗവൺമെന്റിന്റെ പ്രതികരണം അനുപാതികമാണോ, നീതിന്യായ സംവിധാനം ഉചിതമായ രീതിയിൽ പ്രതികരിച്ചോ തുടങ്ങിയ കാര്യങ്ങളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചേക്കാം. അത്തരം വിയോജിപ്പുകൾ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സമരക്കാരും സമരത്തെ എതിർത്തവരും സംസാരിച്ചത് ഭരണഘടനയുടെ ഭാഷയിൽതന്നെയാണ്. തീർത്തും വ്യത്യസ്ത നിഗമനങ്ങളിലാണ് എത്തിച്ചേർന്നതെങ്കിലും, ഇരു വിഭാഗവും ഭരണഘടനാ തത്ത്വങ്ങളോട് കൂറ് അവകാശപ്പെട്ടു. ആ അർഥത്തിൽ പ്രകടമായ യോജിപ്പുകളെ പ്രകാശിതമാക്കുന്ന പൊതുചട്ടക്കൂടായി ഭരണഘടന നിലകൊണ്ടു. ഇന്ത്യയിലെ രാഷ്ട്രീയ ആധികാരികതയുടെ പൊതു വ്യാകരണമെന്ന നിലക്ക് ഭരണഘടനയുടെ സ്ഥാനം അവിതർക്കിതമായി നിലകൊണ്ടു.

ഭരണഘടനാപരമായ ദേശസ്നേഹം എന്നത്, അതുകൊണ്ടുതന്നെ രാഷ്ട്രീയാഭിപ്രായ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനമല്ല. രാഷ്ട്രീയ തർക്കവിതർക്കങ്ങൾ ഉന്നയിക്കപ്പെടേണ്ട ഭരണഘടനാപരമായ ഭാഷയെ കുറിച്ചുള്ള അഭിപ്രായ ഐക്യമാണത്. എല്ലാ പൗരനും ഒരേ രാഷ്ട്രീയവീക്ഷണം അംഗീകരിക്കണം എന്നല്ല, രാഷ്ട്രീയ സാധുതയുടെ പൊതുസ്രോതസ്സായി ഭരണഘടനയെ അംഗീകരിക്കണം എന്ന് മാത്രമാണത്. അങ്ങനെ നോക്കുമ്പോൾ, പ്രക്ഷോഭമുഖങ്ങളിൽ ഭരണഘടന പ്രധാന പ്രതീകമായി മാറുന്നത്, ഭരണഘടനയുടെ പ്രാധാന്യം കുറയുന്നതിനെയല്ല, ജനാധിപത്യ പ്രക്രിയയുടെ കേന്ദ്ര സ്ഥാനത്ത് പൊതുമണ്ഡലത്തിൽ ഭരണഘടന ഉയർന്നുവരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുന്നവരുടെ ചെയ്തികളെ അളക്കാനുള്ള ധാർമികരേഖയായി അതിനെ മനസ്സിലാക്കുന്നതുകൊണ്ടാണ്, പൗരർ ഭരണഘടനയെ ഒരു രാഷ്ട്രീയ പ്രതീകമായി നെഞ്ചോടു ചേർക്കുന്നത്.

ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയം

ഡിജിറ്റൽ വേഗതയെക്കാളും യുവതയുടെ പങ്കാളിത്തത്തെക്കാളും പ്രക്ഷോഭത്തിൽ ആക്ഷേപഹാസ്യത്തിന്റെ വ്യവസ്ഥാനുസാരമായ ഉപയോഗമുണ്ട്. ആധുനിക ഭരണഘടനാ വിശകലനങ്ങൾ, വിദ്വേഷ പ്രസംഗം, നിന്ദ്യാഭാഷണം, കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം, രാഷ്ട്രീയ വിമർശനം തുടങ്ങിയ മേഖലകളൊക്കെ വിശദ പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ, ഹാസ്യത്തിന് അത്രയേറെ പ്രാധാന്യം നൽകി കണ്ടിട്ടില്ല. എന്നിരുന്നാലും പരിഹാസം, ചരിത്രപരമായ നിരവധി കർത്തവ്യങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഏകാധിപത്യ സംവിധാനങ്ങൾ വിമർശനങ്ങളോട് പരിഹാസത്തിനോടുള്ളതിനേക്കാൾ കൂടുതൽ സഹിഷ്ണുത പുലർത്താറുണ്ട്. കാരണം, വിമർശനങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അധികാര കേന്ദ്രങ്ങളെ അംഗീകരിക്കുന്നുണ്ട്; എന്നാൽ പരിഹാസം അധികാരത്തെ അസ്ഥിരപ്പെടുത്തുന്നു.

കോക്രോച്ച് ജനത പാർട്ടി സ്വാഭാവികമായും ഇത് തിരിച്ചറിഞ്ഞു. പാറ്റയെ രാഷ്ട്രീയ പ്രതീകമായി സ്വീകരിക്കുക വഴി, അധിക്ഷേപത്തെ ഭരണഘടനാപരമായ പ്രതീകമാക്കി മാറ്റുകയാണ് ചെയ്തത്. നരവംശ വിശാരദരും ചരിത്രകാരന്മാരും വിശദീകരിച്ചിട്ടുള്ളതുപോലെ, പ്രതീകങ്ങളെ കീഴ്മേൽ മറിക്കുന്നത്, അവയുടെ പൊതു ദൃശ്യാവിഷ്കാരങ്ങളിലൂടെ താൽക്കാലികമായെങ്കിലും അധികാരക്രമത്തെ തല തിരിച്ചുനിർത്തും. നർമം രാഷ്ട്രീയപങ്കാളിത്തം എളുപ്പമാകും. സാമ്പ്രദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മടിക്കുന്ന മനുഷ്യർ ആക്ഷേപഹാസ്യത്തിന്റെ ഭാഗമാകാൻ തയാറാകും.

മീമുകൾക്ക് പ്രകടനപത്രികകളെക്കാൾ വേഗത്തിൽ പ്രചാരം നേടാനാകും. നിന്ദാസ്തുതികൾക്ക് ഔപചാരികമായ രാഷ്ട്രീയവർത്തമാനങ്ങളെക്കാൾ ഫലപ്രദമായി സ്ഥാപനങ്ങളിലുള്ള അവിശ്വാസത്തെ പ്രകടിപ്പിക്കാനും കഴിയും. ഡിജിറ്റൽ രാഷ്ട്രീയ സംസ്കാരം, കൂട്ടായ്മകളുടെ വേഗതയെ മാത്രമല്ല, ഭാഷയെ കൂടി തിരുത്തിയെഴുതുന്നുണ്ട്. ഭാവി ചരിത്രകാരന്മാർ, ഒരു കാലഘട്ടം രാഷ്ട്രീയ കൈപ്പുസ്തകങ്ങളെ നോക്കി കണ്ടിരുന്നതുപോലെതന്നെ ഗൗരവമായി മീമുകളെ കുറിച്ചും പഠിക്കും എന്നുറപ്പാണ്.

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന സി.ജെ.പി പ്രവർത്തകൻ (ഫോട്ടോ -പി.ടി.ഐ)

ഡിജിറ്റൽ പൊതു ഇടം

ഡിജിറ്റൽ പൊതുയിടത്തിലും സമാന്തരമായ ഒരു പരിണാമം പ്രകടമാണ്. അതിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ കൂടാതെ, കോക്രോച്ച് ജനത പാർട്ടിയെ കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. സംഘാടനവും ഭാഷയും പ്രതീകനിർമിതിയും അണികളെ ചേർക്കലും രേഖകൾ തയാറാക്കലും ഉൽപതിഷ്ണുതയും മനസ്സാന്നിധ്യവും എല്ലാം സൈബർ/സാമൂഹിക മാധ്യമ ശൃംഖലകളിൽ അധിഷ്ഠിതമായിരുന്നു. എ.ഐ സാങ്കേതികവിദ്യയും സിറ്റിസൺ ജേണലിസവും എല്ലാം അതിനു ശക്തിപകർന്നു. ഡിജിറ്റൽ മാധ്യമങ്ങൾ പ്രസ്ഥാനത്തിന്‍റെ വാർത്താവിനിമയ ഉപകരണം എന്നതിനപ്പുറം സമരത്തിന്‍റെ വ്യവഹാര ഘടനയുടെ ഭാഗമായി.

ഡിജിറ്റൽ ആശയവിനിമയത്തിന് ഈ ഒരൊറ്റ പ്രക്ഷോഭത്തിനും അപ്പുറമുള്ള ഭരണഘടനാപരമായ വിവക്ഷിതാർഥമുണ്ട്. 20ാം നൂറ്റാണ്ടിൽ പത്രങ്ങളിലൂടെയും നിയമനിർമാണസഭകളിലൂടെയും സർവകലാശാലകളിലൂടെയും രാഷ്ട്രീയ കക്ഷികളിലൂടെയുമാണ് അഭിപ്രായങ്ങൾ രൂപപ്പെട്ടുവന്നിരുന്നത്.

ഈ നൂറ്റാണ്ടിൽ അത് വികേന്ദ്രീകൃതമായ ഡിജിറ്റൽ ശൃംഖലകളിലൂടെയാണ് രൂപംകൊള്ളുന്നത്. അസത്യപ്രചാരണവും ഉപജാപങ്ങളും അൽഗോരിതപരമായ ധ്രുവീകരണങ്ങളും പ്രകടനപരമായ അമിത പ്രതികരണങ്ങളും അടങ്ങുന്ന അപകടങ്ങൾ അതിലുണ്ട്. എന്നിരുന്നാൽപോലും, ഭരണഘടനാപരമായ നിരവധി സാധ്യതകൾ അത് തുറന്നുവെക്കുന്നുണ്ട്. ഭരണകൂടത്തിന്റെ ചെയ്തികൾ പൗരർ സ്വതന്ത്രമായി രേഖപ്പെടുത്തുന്നു, വ്യവസ്ഥാപിത സ്ഥാപനങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തൽസമയം ചോദ്യംചെയ്യപ്പെടുന്നു, ഭരണകൂടത്തിന്റെ ആർക്കൈവുകൾക്ക് വെളിയിൽ നിയമപരമായ തെളിവുകൾ ശേഖരിക്കപ്പെടുന്നു.

പൊതുയിടത്തിന് സാങ്കേതികമായ വൈവിധ്യം വന്നുചേർന്നിരിക്കുന്നു. കോടതികൾതന്നെ ഭരണഘടനാ പ്രശ്നങ്ങളെ സംബന്ധിച്ച ആധികാരിക രേഖകൾക്ക് ഭരണകൂട സ്ഥാപനങ്ങൾക്ക് പകരം സ്മാർട്ട്ഫോണുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ഒരേസമയം ഒരു തെരുവ് പ്രതിഷേധവും, ഡിജിറ്റൽ ആർക്കൈവും ആവുക വഴി, കോക്രോച്ച് ജനത പാർട്ടി ഈ മാറ്റത്തെ മുമ്പില്ലാത്ത വ്യക്തതയോടെ സ്പഷ്ടമാക്കുന്നുണ്ട്.

ഭരണകൂടത്തിന്റെ വിഷമവൃത്തം

എല്ലാ ഭരണഘടനാ സംവിധാനങ്ങളും നേരിടേണ്ടിവരുന്ന വിരോധാഭാസമുണ്ട്: സർക്കാറുകൾ ഒരേസമയം പൊതുക്രമം സംരക്ഷിക്കുന്നതിനും രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിർത്തുന്നതിനും ബാധ്യസ്ഥരായിരിക്കുന്നു എന്നുള്ളതാണത്. അതിലേതെങ്കിലും ഒന്ന് ഇച്ഛാനുസരണം തെരഞ്ഞെടുക്കാൻ കഴിയില്ല. സാമൂഹികക്രമത്തിന്റെ പരിപാലനം വേണ്ടെന്നുവെക്കാനോ ഭരണഘടനാപരമായ അവകാശങ്ങളെ ഭരണനിർവഹണപരമായ തടസ്സങ്ങളായി കണക്കാക്കാനോ കഴിയില്ല.

പൊലീസിനെക്കുറിച്ചും സർവൈലൻസിനെക്കുറിച്ചും ഇന്‍റർനെറ്റ് നിരോധനത്തെക്കുറിച്ചും ഒക്കെയുള്ള പരസ്പര വിരുദ്ധമായ ആഖ്യാനങ്ങൾ ഈ വിഷമവൃത്തത്തെ സൂചിപ്പിക്കുന്നു. ഈ വൈരുധ്യം ഭരണഘടനാപരമായ വിശകലനത്തെ ദുർബലപ്പെടുത്തുകയല്ല, അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. പൊതുസമൂഹത്തിന് ബോധ്യമാകും വിധം വസ്തുതകളെ വിലയിരുത്താൻ തക്ക വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ ഒരു ജനാധിപത്യ സംവിധാനത്തിന് അനിവാര്യമാകുന്നത് എന്തുകൊണ്ടെന്ന് ഈ വൈരുധ്യം വിശദമാക്കുന്നുണ്ട്.

പ്രക്ഷോഭങ്ങളുണ്ടാകുമ്പോൾ, ഗവൺമെന്റിന്റെ സംയമനത്തെ മാത്രമല്ല, സ്ഥാപനങ്ങളുടെ വിശ്വാസതയെകൂടി ആശ്രയിച്ചാണ് ഭരണഘടനാപരമായ സാധുത നിലനിൽക്കുന്നത്. പരസ്പരം കൂട്ടിമൂട്ടാനാകാത്തത്ര അകലങ്ങളിലേക്ക് ആഖ്യാന വൈരുധ്യങ്ങൾ നീങ്ങുന്നത്, കൂടുതൽ സത്യസന്ധമെന്നു പറഞ്ഞാലും, ഭരണഘടനാ സംവിധാനത്തിലുള്ള വിശ്വാസം ഒലിച്ചുപോകുന്നതിന് വഴിവെക്കും. ഔപചാരികമായ നിയമപരതകളിൽ ജനാധിപത്യത്തിന് ഒതുങ്ങിനിൽക്കാനാവില്ല. ജനാധിപത്യത്തിന്‍റെ നിലനിൽപിന്, ഭരണഘടനാപരമായ അഭിപ്രായവ്യത്യാസങ്ങൾക്ക് സമാധാനപരമായ വ്യവസ്ഥാപിത പരിഹാരങ്ങൾ ഉണ്ടാകുമെന്ന പൊതുവിശ്വാസം അനിവാര്യമാണ്.

അതുകൊണ്ടുതന്നെ കോക്രോച്ച് ജനത പാർട്ടി ഇന്ത്യയുടെ ഇന്ത്യൻ ഭരണഘടനയുടെ കഥയിൽ ഒരു തുടക്കമോ അവസാനമോ ആവുന്നില്ല. ‘21ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഭരണഘടനാ പ്രശ്നങ്ങളുടെ ഉത്തരം നിർണയിക്കപ്പെടുന്നത്, ഭരിക്കുന്നതാര് എന്നതിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണഘടനയോടുള്ള കൂറിന്റെ അടയാളമെന്തെന്ന് തീരുമാനിക്കാനുള്ള അധികാരം കൈയാളുന്നവരാര് എന്നതിന്റെ അടിസ്ഥാനത്തിലാണ്’ എന്ന സൂചനയാണ് ഈ പ്രക്ഷോഭം നാളെയുടെ ചരിത്രകാരന്മാർക്ക് പകർന്നുനൽകുന്നത്. അത് വിരൽചൂണ്ടുന്നത് പ്രക്ഷോഭങ്ങളുടെ ചരിത്രത്തിനപ്പുറം റിപ്പബ്ലിക്കിന്റെ ഭാവിയിലേക്കാണ്.

 

റിപ്പബ്ലിക്കിന്റെ ഭരണഘടനാപരമായ ഭാവി

ചരിത്രകാരന്മാർ അഭിമുഖീകരിക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം ഒരു സംഭവം പ്രാധാന്യമുള്ളതാണോ എന്നുള്ളതല്ല, സമകാലികർക്ക് അതിന്‍റെ പ്രാധാന്യം എന്തെന്ന് മനസ്സിലായോ എന്നതാണ്. വിപ്ലവകരം എന്നു തോന്നിയെങ്കിലും വളരെ പെട്ടെന്ന് മാഞ്ഞുപോയ ഒരുപാട് പ്രസ്ഥാനങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട്. അതുപോലെതന്നെ നൈമിഷികമെന്ന് കരുതിയ പല സംഭവങ്ങളും വലിയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു എന്ന് പിന്നീടുള്ള തലമുറ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രവചനങ്ങളോ സംശയങ്ങളോ അല്ല തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണ് നമുക്കാവശ്യം.

കോക്രോച്ച് ജനത പാർട്ടിയുടെ കഥയും അതീവ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതാണ്. നമ്മുടെ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രക്ഷോഭമായി അതിനെ വിലയിരുത്താനുള്ള സമയമൊന്നും ആയിട്ടില്ല. പലപ്പോഴും വൈകാരികമായ വേലിയേറ്റങ്ങളുടെ ആകത്തുകയായി സമരമുന്നേറ്റങ്ങൾ മാറാറുണ്ട്. സംഘാടനത്തിലെ ദൗർബല്യങ്ങളും ആന്തരിക വൈരുധ്യങ്ങളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള മാറ്റവും രാഷ്ട്രീയ കാലാവസ്ഥയിലെ വ്യതിയാനവും, തടയാൻ കഴിയാത്ത മുന്നേറ്റം എന്ന് തോന്നിയ പല പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ പ്രാധാന്യത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

അതുപോലെത ഭാന്നെവിയെന്തെന്ന് വ്യക്തമല്ലാത്തതുകൊണ്ടു മാത്രം ഇതിനെ തള്ളിക്കളയാനുമാവില്ല. ഭരണഘടനാപരമായ പ്രാധാന്യവും രാഷ്ട്രീയ ആയുർദൈർഘ്യവും ഒന്നല്ല. ചില ചരിത്രപരമായ നിമിഷങ്ങൾ, അവ ജനിപ്പിച്ച പ്രസ്ഥാനങ്ങൾ ഇല്ലാതായാലും, പൊതു രാഷ്ട്രീയ ബോധങ്ങൾ എന്നന്നേക്കുമായി മാറ്റിമറിക്കാറുണ്ട്. അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റം കാലക്രമേണ ഇല്ലാതായെങ്കിലും, പൗരാവകാശങ്ങളെ കുറിച്ചുള്ള ഭരണഘടനാപരമായ ധാരണകളെ സമ്പൂർണമായി അട്ടിമറിച്ചു. വിവരാവകാശ പ്രസ്ഥാനം, അതിന്‍റെ വക്താക്കളായിരുന്ന സംഘടനകൾ വിചാരിച്ചിരുന്നതിനപ്പുറത്തേക്ക് ഭരണസംവിധാനത്തിലെ സുതാര്യതയെ കൊണ്ടുചെന്നെത്തിച്ചു. സുസ്ഥിരമായ സംഘടനാ രൂപം ഇല്ലാതിരുന്നിട്ടും നിർഭയ പ്രക്ഷോഭം ഇന്ത്യൻ ക്രിമിനൽ നിയമത്തെ വലിയതോതിൽ പരിവർത്തനപ്പെടുത്തി. അങ്ങനെ നോക്കുമ്പോൾ ചരിത്രത്തിൽ, പല സംഭവങ്ങളും നൈമിഷികം എന്നു തോന്നി​േയക്കാമെങ്കിലും, അവയുയർത്തുന്ന ഭരണഘടനാ പ്രശ്നങ്ങൾ കാലത്തെ അതിജീവിക്കുന്നവയാണ് എന്ന് മനസ്സിലാക്കാം.

ജനാധിപത്യത്തിെന്റ തകർച്ചക്കപ്പുറം

ഈ ഉപന്യാസത്തിലുടനീളം, ജനാധിപത്യത്തിന്‍റെ തകർച്ച എന്ന പരിചിതമായ ഭാഷ ഞാൻ മനപ്പൂർവം ഉപയോഗിക്കാതിരുന്നതാണ്. ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ച അപ്രധാനമാണെന്നുള്ളതുകൊണ്ടല്ല, എന്നാൽ തകരുന്ന ജനാധിപത്യം വളരെ എളുപ്പത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയും എന്നാൽ വളരെ കുറച്ചുമാത്രം ഉൾക്കാഴ്ചകൾ പകർന്നുനൽകുകയും ചെയ്യുന്നതാണ്. എല്ലാ സംഘർഷങ്ങളും മുൻനിശ്ചയിച്ച പാതയിലൂടെയുള്ള സഞ്ചാരം മാത്രമാണെന്നുവന്നാൽ, എല്ലാ പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ തകർച്ചയെയും, എല്ലാ കോടതിവിധികളും ഭരണകൂടത്തിന് കീഴ്പ്പെടുന്നതിനെയും, ഭരണകൂടത്തിന്റെ എല്ലാ ചെയ്തികളും ഒരു വിശാല പദ്ധതിയുടെ നിലനിൽപിനെയും സൂചിപ്പിക്കുന്നു എന്നുവരും.

ചരിത്രം അത്രമേൽ സ്ഥിരതയോടെ പ്രവർത്തിക്കുമെന്ന് കരുതാനാവില്ല. സമൂഹം പരിണമിക്കുന്നത് വൈരുധ്യങ്ങളിലൂടെയാണ്. സ്ഥാപനങ്ങൾ ഒരേസമയം ദുർബലപ്പെടുകയും താദാത്മ്യപ്പെടുകയും ചെയ്യും. ഗവൺമെന്റുകൾ അധികാരത കേന്ദ്രീകരിക്കുകയും കോടതികൾ പ്രതിരോധിക്കുകയും ചെയ്യാം. ചില സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുന്ന പൗരർ മറ്റു ചിലയിടങ്ങളിൽ വിശ്വാസം കണ്ടെത്താം. രാഷ്ട്രത്തിന്‍റെ ഭരണഘടനാപരമായ സാഹചര്യം വളർച്ചയുടെയോ നാശത്തിന്റെയോ ഒരൊറ്റ ആഖ്യാനത്തിൽ ഒതുങ്ങുന്നതല്ല.

കോക്രോച്ച് ജനത പാർട്ടിയും ഈ സങ്കീർണതയെയാണ് വരച്ചിടുന്നത്. ഭരണഘടന ഇപ്പോഴും ഒരു രാഷ്ട്രീയശക്തിയാണ് എന്ന് മനുഷ്യർ വിശ്വസിക്കുന്നതുകൊണ്ടാണ് ഈ പ്രക്ഷോഭമുണ്ടായത്. ഭരണഘടനാപരമായ വാഗ്ദാനങ്ങളും നിറവേറലുകളും തമ്മിലുള്ള അന്തരത്തിൽനിന്നുമാണ് ഈ പ്രക്ഷോഭത്തിന് ഊർജമായ മോഹഭംഗം ഉടലെടുക്കുന്നത്. കാലക്രമേണ ആ അന്തരം വലുതായിക്കൊണ്ടിരിക്കുന്നു എന്നു കരുതാമെങ്കിലും, അത് ഭരണഘടനയുടെ സമ്പൂർണമായ തകർച്ചയല്ല തന്നെ.

കോക്രോച്ച് ജനത പാർട്ടി ഭരണഘടനയുടെ തകർച്ചയുടെയോ ജനാധിപത്യത്തിന്‍റെ ഉയിർത്തെഴുന്നേൽപിന്റെയോ അവിതർക്കിതമായ തെളിവൊന്നുമല്ല. പക്ഷേ, ഭരണഘടനാ സാധുത സംബന്ധിച്ച പരിതഃസ്ഥിതിയുടെ പരിവർത്തനത്തിന്റെ സൂചനയാണ്. ഭരണഘടനാ വ്യാഖ്യാനത്തെ പൗരനും ഭരണഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള സംവാദത്തിന്റെ ഉൽപന്നമാക്കി മാറ്റുകയാണ് ഈ പ്രക്ഷോഭം. ആ ആശയവിനിമയം കൂടുതൽ പ്രക്ഷുബ്ധവും വ്യാഖ്യാനം സംവാദാത്മകവും ആയിരിക്കുന്നു. പൊതു ഇടങ്ങൾ ഭരണഘടനാപരമായ അർഥതലങ്ങളെ വിലയിരുത്തുന്ന വേദികളിലൊന്നായി മാറുകയും ചെയ്തു.

ഭരണഘടനാ വ്യാഖ്യാനത്തിന്റെ കുത്തക അവസാനിച്ചിട്ടില്ല എന്നിരിക്കിലും അത് ദുർബലമായിരിക്കുന്നു. ഭരണഘടന പരമപ്രധാനവും സ്ഥാപനങ്ങൾ തള്ളിക്കളയാനാവാത്തതുമായി നിലനിൽക്കുമ്പോൾതന്നെ, അവയുടെ സാധുത വ്യവസ്ഥിതിയും പൗരനും തമ്മിലുള്ള സംവാദ മേഖലകളിലേക്ക് മാറിയിരിക്കുന്നു. ഇതൊരു വിപ്ലവമല്ല, ഭരണഘടനാവാദത്തിന്റെ പരിണാമമാണ്.

 

ഭരണഘടനാ ദേശീയതയുടെ തിരിച്ചുവരവ്

സമകാലിക മുദ്രാവാക്യങ്ങൾ എല്ലാം മാഞ്ഞുപോയാലും പാറ്റകളും മുഖംമൂടികളും ആക്ഷേപഹാസ്യവും ഇല്ലാതായാലും തെരുവീഥികളിൽ ഭരണഘടനയുടെ ആമുഖം ഉറക്കെ വായിക്കുന്ന അഭിഭാഷകരുടെയും,. ഭരണഘടന കൈയിലേന്തി മാർച്ച് ചെയ്യുന്ന സമരക്കാരുടെയും നാൽക്കവലകളിൽ അനുച്ഛേദം 19നെ കുറിച്ചും 21നെ കുറിച്ചും അഥവാ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും ചർച്ചചെയ്യുന്ന യുവാക്കളുടെയും ചിത്രം ചരിത്രത്തിൽ ഒളിമങ്ങാതെ നിലകൊള്ളും. ഭരണഘടനാപരമായ പൗരത്വത്തിന്റെ വികാസത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. ഭരണഘടനാപരമായ അധികാരത്തെ നിസ്സംഗമായി സ്വീകരിച്ചിരുന്നവർ അതിന്‍റെ വ്യാഖ്യാതാക്കളായി മാറുന്ന കാഴ്ചയാണത്.

ഭരണഘടന ശിൽപികൾക്ക് ഇൻസ്റ്റഗ്രാമും ആർട്ടിഫിഷൽ ഇന്റലിജൻസിനെയും ആൽഗോരിതം വഴി സംഘടിക്കുന്ന യുവാക്കളെയും മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരുകാര്യം അവർ മനസ്സിലാക്കിയിരുന്നു; ജനാധിപത്യം നിലനിൽക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതുകൊണ്ടല്ല, ഭരണഘടനാപരമായ മാർഗങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങളെ സമാധാനപരമായി അഭിസംബോധന ചെയ്യാൻ കഴിയുന്നതുകൊണ്ടാണ്. ആ അർഥത്തിൽ കോക്രോച്ച് ജനത പാർട്ടി ഭരണഘടനാപരംതന്നെയാണ്.

പാറ്റകളുടെ ഭാവി

ഈ പ്രസ്ഥാനത്തിന്‍റെ ഭാവി പ്രവചിക്കുക അസാധ്യമാണ്. ഒരുപക്ഷേ ഒരു സംഘടിത രാഷ്ട്രീയ പ്രസ്ഥാനമായി ഇതുമാറാം, അല്ലെങ്കിൽ പ്രാദേശിക പ്രക്ഷോഭങ്ങളായി വിഘടിച്ചുപോകാം, വളരെ ചുരുങ്ങിയ കാലംകൊണ്ട് ഒരോർമ മാത്രമായി തീർന്നേക്കാം. പക്ഷേ, ചരിത്രത്തിലെ ഇതിന്‍റെ സ്ഥാനം അതിനൊക്കെയപ്പുറമായിരിക്കാം.

ഈ പ്രസ്ഥാനം സമ്പൂർണമായി ഇല്ലാതായി എന്ന് വിചാരിക്കുക. നേതാക്കളെല്ലാം രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് കരുതുക. മുദ്രാവാക്യങ്ങൾ കേൾക്കാതായി എന്നോർക്കുക. അതുകൊണ്ട് ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാകുമോ? തീർച്ചയായുമില്ല. വ്യവസ്ഥിതിയുടെ ഉത്തരവാദിത്തം, വിശ്വാസ്യതയുള്ള വിദ്യാഭ്യാസ സംവിധാനം, തൊഴിൽ, പ്രതിഷേധിക്കാനുള്ള അവകാശം, പ്രതികരണശേഷിയുള്ള നീതിന്യായ സംവിധാനം, സർവൈലൻസ്, ഭരണഘടനാപരമായ പൗരത്വം, മനുഷ്യാന്തസ്സ്, ആവിഷ്കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, മതഭേദങ്ങൾക്ക് അതീതമായ രാഷ്ട്രീയം...

ഈ പ്രശ്നങ്ങളെല്ലാം കോക്രോച്ച് ജനത പാർട്ടിക്കും മുമ്പേയുള്ളതാണ്. അവർക്കുശേഷവും ഈ വിഷയങ്ങൾ ജനഹൃദയങ്ങളിൽ അലയടിക്കും. ഈ പ്രക്ഷോഭവും അതിന്‍റെ സത്വരഫലങ്ങളും ഭരണഘടനാപരമായ ഒരു ലക്ഷ്യസ്ഥാനമല്ല, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖ എന്നനിലയിൽ ചരിത്രത്തിലെ ഭരണഘടനാപരമായ സംഘർഷങ്ങളിലേക്ക് വീശിയ വെളിച്ചമാണ്. അതാണ് അതിന്‍റെ പ്രാധാന്യവും.

 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ 1975 ജൂണിൽ ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ ജയപ്രകാശ് നാരായൺ സംസാരിക്കുന്നു.

ഉപസംഹാരം

നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ സാധുതക്ക് പാർലമെന്‍റിൽ നിന്നും തെരുവുകളിലേക്ക് സ്ഥാനഭ്രംശം ഒന്നും സംഭവിച്ചിട്ടില്ല. പ്രാതിനിധ്യ ജനാധിപത്യം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു, തെരഞ്ഞെടുപ്പുകളാണ് ഗവൺമെന്റുകളെ നിശ്ചയിക്കുന്നത്, കോടതികൾ നീതിന്യായ പരിശോധനകൾ നടത്തുന്നുണ്ട്, രാഷ്ട്രീയ അധികാരത്തിന്റെ അടിസ്ഥാനം ഭരണഘടനതന്നെയാണ്. എന്നിരുന്നാലും ഭരണഘടനാ വ്യാഖ്യാനത്തിന്റെ കുത്തക ഔദ്യോഗിക സ്ഥാപനങ്ങൾ മാത്രമാണെന്ന് ജനങ്ങൾ കരുതുന്നില്ല. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഭരണഘടനാ മൂല്യങ്ങളോടു തുലനംചെയ്തും ഭരണഘടനയെ പൊതു ആവിഷ്കാരമാക്കിയും അവർ അതിൽ നേരിട്ട് പങ്കെടുക്കുന്നു.

അഞ്ചുവർഷം കൂടുമ്പോൾ വോട്ട് ചെയ്യുന്നതു മാത്രമല്ല, ഭരണഘടനയുമായുള്ള നിരന്തരമായ ഇടപെടൽ കൂടിയാണ് പൗരത്വമെന്ന് അവർ തിരിച്ചറിയുന്നു. ഈ മാറ്റം ഒരു പ്രതിസന്ധിയോ അല്ലെങ്കിൽ ഒരു വിജയമോ മാത്രമായി കാണാൻ കഴിയില്ല. ഭരണഘടനാപരമായ പക്വതയിലേക്കുള്ള പുതു പന്ഥാവായേക്കാം ഇത്. നിയമപരമായ അധികാരമുണ്ട് എന്നതുകൊണ്ട് മാത്രം അംഗീകരിക്കപ്പെടുമെന്ന് ഭരണകൂട സ്ഥാപനങ്ങൾക്ക് ഇനി കരുതാനാവില്ല, അതുപോലെതന്നെ പ്രതിഷേധ കൂട്ടായ്മകൾ ഭരണനിർവഹണത്തിന് പകരമാവുകയുമില്ല. യൂനിയൻ വിദ്യാഭ്യാസ മന്ത്രിയുടെ രാജിപോലെ, അടിയന്തര ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കപ്പെട്ടു എന്നിരുന്നാലും, ഈ പ്രക്ഷോഭം മുന്നോട്ടു​െവച്ച ഭരണഘടനാപരമായ ചോദ്യങ്ങൾ ഇല്ലാതാവുന്നില്ല. സർക്കാറിന്‍റെ ഉത്തരവാദിത്തം മാത്രമല്ല, പൗരന്മാരും സ്ഥാപനങ്ങളും ഭരണഘടന സാധുതയും തമ്മിലുള്ള ബന്ധം സംബന്ധിച്ച സുപ്രധാനമായ ആശങ്കകൾ അവശേഷിക്കുന്നുണ്ട്.

ജനങ്ങൾ തെരുവിൽ ഇറങ്ങിയതുകൊണ്ട് ഭരണഘടനയുടെ ശക്തി ചോരുകയില്ല. ഭരണഘടനയുടെ ശബ്ദം തെരുവിൽ മാത്രമാണ് കേൾക്കാൻ കഴിയുന്നത് എന്നൊരു തീർപ്പിലേക്ക് ജനം എത്തിച്ചേരുമ്പോഴാണ് ഭരണഘടന ദുർബലപ്പെടുന്നത്. കോക്രോച്ച് ജനത പാർട്ടി ആത്യന്തികമായി ചരിത്രത്തിലെ ഒരു പദസൂചികയായി മാത്രം ഓർമിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ സ്വന്തമായി ഒരു അധ്യായം രചിച്ചേക്കാം. ചരിത്രം തീരുമാനിക്കട്ടെ. ഭരണഘടനാപരമായ പ്രശ്നം മറ്റൊന്നാണ്. ഭരണഘടനാ സ്ഥാപിതമായ അധികാരത്തിന്‍റെ സ്വീകർത്താക്കൾ എന്നതിലുപരി, ഭരണഘടനാക്രമത്തിന്റെ വ്യാഖ്യാതാക്കളായി ജനം സ്വയം തിരിച്ചറിയുമ്പോൾ ജനാധിപത്യ ക്രമത്തിന്‍റെ ഗതി ഏതു ദിശയിലായിരിക്കും? സി.ജെ.പിക്ക് എന്തുതന്നെ സംഭവിച്ചാലും ആ ചോദ്യം അവശേഷിക്കും. പ്രക്ഷോഭത്തെക്കാളുപരി വായനക്കാരന്റെ മനസ്സിൽ അവശേഷിക്കേണ്ടത് നിശ്ചയമായും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിതന്നെയാണ്.

(അവസാനിച്ചു)

News Summary - Cockroach Protest Turns Constitution Into Street Carnival