Begin typing your search above and press return to search.
proflie-avatar
Login

കൃബു

കൃബു
cancel

കാൽക്കുലേറ്റർ കീശഫോണിലിരിക്കെ കണക്കുകൂട്ടാൻ കടലാസും പേനയുമെടുക്കുന്നത് വിഡ്ഢിത്തം. വണ്ടിയിൽ ജി.പി.എസിരിക്കെ വഴി ചോദിച്ചു ചോദിച്ചു പോകുന്നതും മൗഢ്യം. കാൽക്കുലേറ്ററിനും ജി.പി.എസിനും ബോധമനസ്സില്ല. അർഥവത്തായി ചിന്തിക്കാനുമാവില്ല. അവ പക്ഷേ, മനുഷ്യനേക്കാൾ ഒരുപാടേറെ മെച്ചമാണ്, ഗണനത്തിൽ. രണ്ടാൾക്കിടയിലെ പുഴ കടക്കാൻ ഇന്നും നമുക്കുള്ളത് ആ കൊതുമ്പുവള്ളം മാത്രം: ഭാഷ. വികാര വിചാരങ്ങൾ, അനുഭവം, അനുഭൂതി, മൗനം... എല്ലാത്തിനുമുള്ള കടത്തുയാനം. അതാ, കടവത്തൊരു മൂന്നാൻ വന്ന് തോണി കവരുന്നു: കൃബു (കൃത്രിമബുദ്ധി/എ.ഐ). പാടേ കവർന്നുകഴിഞ്ഞിട്ടില്ല, ഭാവി അത്രകണ്ട് പ്രവചനീയവുമല്ല. എങ്കിലും... കൊച്ചിയിലുള്ള...

Your Subscription Supports Independent Journalism

View Plans
കാൽക്കുലേറ്റർ കീശഫോണിലിരിക്കെ കണക്കുകൂട്ടാൻ കടലാസും പേനയുമെടുക്കുന്നത് വിഡ്ഢിത്തം. വണ്ടിയിൽ ജി.പി.എസിരിക്കെ വഴി ചോദിച്ചു ചോദിച്ചു പോകുന്നതും മൗഢ്യം. കാൽക്കുലേറ്ററിനും ജി.പി.എസിനും ബോധമനസ്സില്ല. അർഥവത്തായി ചിന്തിക്കാനുമാവില്ല. അവ പക്ഷേ, മനുഷ്യനേക്കാൾ ഒരുപാടേറെ മെച്ചമാണ്, ഗണനത്തിൽ.

രണ്ടാൾക്കിടയിലെ പുഴ കടക്കാൻ ഇന്നും നമുക്കുള്ളത് ആ കൊതുമ്പുവള്ളം മാത്രം: ഭാഷ. വികാര വിചാരങ്ങൾ, അനുഭവം, അനുഭൂതി, മൗനം... എല്ലാത്തിനുമുള്ള കടത്തുയാനം.

അതാ, കടവത്തൊരു മൂന്നാൻ വന്ന് തോണി കവരുന്നു: കൃബു (കൃത്രിമബുദ്ധി/എ.ഐ). പാടേ കവർന്നുകഴിഞ്ഞിട്ടില്ല, ഭാവി അത്രകണ്ട് പ്രവചനീയവുമല്ല. എങ്കിലും...

കൊച്ചിയിലുള്ള ചേച്ചിക്ക് സിഡ്നിയിലുള്ള അനുജത്തിയുമായി ഒരു കാശിടപാട്. സ്വന്തമായൊരു വീട് വാങ്ങാൻ അനുജത്തി കടം വാങ്ങി, ചേച്ചിക്ക് ആകപ്പാടെയുള്ള സമ്പാദ്യത്തുക. അതും ബാക്കി ബാങ്ക് വായ്പയും ചേർത്ത് വീട് തരമാക്കിയിട്ട് ഒന്നരക്കൊല്ലം കഷ്ടി. അപ്പഴാണ് ചേച്ചിയുടെ മകൾക്കൊരു കല്യാണാലോചന. ഉറപ്പിക്കാൻ പണം മടക്കിവേണം, അത്യാവശ്യം. അനുജത്തി അവതാ പറയുന്നു –ഇത്ര പെട്ടെന്ന് നിവൃത്തിയില്ല. ചേച്ചി അഭയംപ്രാപിക്കുന്നത് പ്രിയപ്പെട്ട മാമനെ –ചാറ്റ് ജിപിടി.

മാമന്റെ മറുപടി സത്വരം: ‘‘മറ്റു മാർഗമില്ലെങ്കിൽ വീട് വിൽക്കാൻ പറയുക. ഭാവിയിൽ വേറൊന്ന് വാങ്ങാമല്ലോ. സഹോദരി തടസ്സം പറയും. പക്ഷേ, ഹൃദയബന്ധത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങരുത്. പണം കിട്ടിയേതീരൂ എന്ന നിലപാടിൽ നിർവികാരമായി ഉറച്ചുനിൽക്കുക.’’

സിഡ്നിയിൽ അനുജത്തി ആശ്രയിച്ചതും ഇതേ ഗുരുവിനെ: ‘‘പണം ഉടനെ കൊടുക്കണമെങ്കിൽ വീട് വിൽക്കയല്ലാതെ നിവൃത്തിയില്ല. എനിക്കും മക്കൾക്കും അതോർക്കാൻപോലും വയ്യ. ഇത്രകാലം കഷ്ടപ്പെട്ടതൊക്കെ വെറുതെയാവും. എന്താണൊരു വഴി?’’

ഗുരുമാമൻ ഉവാച: ‘‘കുട്ടികളുടെ പഠനച്ചെലവ്, സാമ്പത്തികമാന്ദ്യം മൂലം വർധിച്ചുവരുന്ന ജീവിതച്ചെലവ്, വീട് വിറ്റാൽ വരാവുന്ന വാടകച്ചെലവ്, ആറ്റുനോറ്റിരുന്ന് കൈവന്ന വീടിനോടുള്ള ഹൃദയബന്ധം... എല്ലാം സൗമ്യമായി വിശദീകരിക്കുക –പണം എന്തായാലും തിരിച്ചുതരാം. പക്ഷേ, സാവകാശം വേണം. സ്വരത്തിൽ രക്തബന്ധുതയുടെ വൈകാരികത കൈവിടരുത്.’’

എങ്ങനുണ്ട് മാതുലന്റെ ശിരോവഴക്കം? ഒരുവശത്ത് നിർവികാരം, മറുപുറത്ത് വികാരനിർഭരം. ഒരേ കാര്യത്തിൽ എത്ര വഞ്ചിയിലും ചവിട്ടാനുള്ള വൈഭവം. ബുദ്ധിയെക്കുറിച്ച മനുഷ്യസങ്കൽപത്തിന് കിറുകൃത്യം. സന്ദർഭാനുസരണം തന്ത്രം, നിർമമം. അവ്വിധമാണ് സിരാവിധാനം -അൽഗോരിത നിർമിതി. എന്തും ചോദിക്കാം, പിറ്റേ നിമിഷം ഉത്തരം. ഉദാഹരണമായി, കാട്ടാളനെപ്പറ്റി ഒരു കവിത തരൂ, കടമ്മനിട്ട ശൈലിയിൽ. കേട്ടപാതി, മാതുലൻ നിമിഷകവിയാകുന്നു:

നീ വിളിക്കുന്ന കാട്ടൻ

കാടിന്റെ പല്ലെന്നു കരുതിയോ?

അല്ല,

മണ്ണിന്റെ ശ്വാസമാണ് അത്.

ചവിട്ടപ്പെട്ട വിത്ത്

മുളയ്ക്കുമ്പോൾ കേൾക്കുന്ന അന്തരാള ശബ്ദം

ചളിയിൽ മുറുകിയ

പാദതാളം...

ഇമ്മട്ടിൽ 31 വരികൾ. വെബാകെ തപ്പിക്കിട്ടിയ കടമ്മനിട്ടപ്പദാവലി തുന്നിക്കെട്ടിയൊരു കാട്ടുപാട്ട്. കൈയുണ്ട്; കാലുണ്ട്, എല്ലുണ്ട്, തോലുണ്ട്. ഇല്ലാത്തത് ഒന്നുമാത്രം – നെഞ്ച്. ‘ത്രികാലജ്ഞാനിയാം കൃബുവെന്തേ ഇങ്ങനെ? കവിസുഹൃത്തൊരാൾ കുറുക്കിത്തന്നു, കാരണം: ‘‘ ‘യന്ത്രം’ ഒരിക്കലും മനോയാതന അറിഞ്ഞിട്ടില്ല.’’

എന്തുകൊണ്ട് മനുഷ്യനിൽ കവിത വിരിയുന്നു, ചിത്രം തെളിയുന്നു, ശിൽപമുതിരുന്നു, പാട്ടുണരുന്നു? ഇതത്രയും ഒരടിസ്ഥാന ചോദ്യത്തിന്റെ ചില്ലകൾ മാത്രം: മനുഷ്യനായിരിക്ക എന്നാലെന്ത്?

കൃബു മനുഷ്യനല്ല. മനോയാതനക്ക് പഴുതില്ല; അതുകൊണ്ട് മൗലിക കവിതക്കും. എന്നുവെച്ച്, ഈ നില ശാശ്വതമെന്നു കരുതാമോ?

പറയാനാവില്ല.

മനുഷ്യൻ ഇന്ന് സ്വയം നിർവചിക്കുന്നത് പൂർണമായും മാനുഷിക പ്രകൃതംകൊണ്ടു മാത്രമല്ല. ചെറുയന്തിരങ്ങളേകുന്ന സ്വത്വമിഥ്യകൾകൊണ്ടുമാണ്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും പതിക്കുന്ന സ്വന്തം പടങ്ങളിൽ, മുഖംമിനുക്കിയും മുടി മയക്കിയും (കൈലേസ് കെട്ടി കഷണ്ടി മറച്ചും) ഇടക്കിടെ ‘ആംഗ്ൾ’ മാറ്റിയും ആളെ മറ്റൊരാളാക്കുന്നു. മറ്റാൾക്കു മുന്നിൽ മറ്റൊരു മുഖം, സ്വത്വം. ഇങ്ങനെ സ്വയമൊരു പ്രതീതിയായിക്കൊണ്ട് നാം പുലരുന്നത് സർവവ്യാപിയായ വിവര ‘മേഘ’ത്തിൽ. നിലത്തിറങ്ങിയാലോ –കാതിന് ശ്രവണസഹായി, ഹൃദയത്തിന് ത്വരണസഹായി, സന്ധികൾക്ക് ​േലാഹക്കൂട്ട്... ഉടലിനെ, അതുവഴി മനസ്സിനെയും പുനർവചിക്കുന്ന യന്തിരനീട്ടങ്ങൾ. ഒക്കെയും അക്കവത്കൃതം, കൃത്രിമം. അതിപ്പോ, കാലൊടിഞ്ഞവരെ പറപറപ്പിക്കുന്ന കാർബൺ-ഫൈബർ കാലിന്റെ കാര്യത്തിൽ മാത്രമല്ല, രണ്ട് പതിറ്റാണ്ടുമുമ്പു വരെ അസാധ്യമായിരുന്ന ദൂരനേരങ്ങളിലേക്ക് സിരാവേഗം നീട്ടിത്തരുന്ന കമ്പ്യൂട്ടറുകളുടെ കാര്യത്തിലും. ഡിജിറ്റൽ യന്തിരങ്ങളുടെ സഖ്യത്തിൽ മനുഷ്യൻ പുനരാവിഷ്കരിക്കയാണ്, സ്വയം.

ഒന്നമർത്തി നോക്കൂ- ചിന്തിക്കുന്ന യന്തിരങ്ങൾതന്നെയല്ലേ നമ്മളും? പ്രകൃതിനിർധാരണം വഴി ഉരുത്തിരിഞ്ഞ നമ്മുടെ നിസർഗബുദ്ധി. അത് പിന്നെയും പരിണമിച്ചുവന്നു, പുതിയ ശേഷികൾ നേടി നേടി. വന്നുവന്നിപ്പോൾ, നിസർഗവും നിർമിതവും തമ്മിലെ അതിര് നേർക്കുന്നു. നിർമിതം നിസർഗമായി പരിണമിക്കില്ലെന്നുണ്ടോ?

പറയാനാവില്ല.

ഒന്നു പറയാം –ചിന്ത കേവലം കണക്കുകൂട്ടൽ മാത്രമല്ല, ഗ്രഹണവും മനനവും ചേർന്നതാണ്... അവ രണ്ടും നയിക്കുക ഭാവനയിലേക്കാണ്. യാഥാർഥ്യത്തെ ആദർശരൂപത്തിലേക്ക് ഉയർത്തുന്നതാണ് ഭാവന. എന്തായിരിക്കണം ആദർശരൂപം എന്നതിനൊരു ചട്ടക്കൂടു വേണം, മൂല്യകൽപനയുടെ. ബോധത്തിൽ ഉള്ളടങ്ങിയതാണത്. അഥവാ, ആദർശരൂപം മനനം ചെയ്തെടുക്കാൻ തക്കസമൃദ്ധമായ ആന്തരജീവിതമാണ് മൂല്യങ്ങൾ ചമയ്ക്കുക. അതാണ് ‘അറിവിനേക്കാൾ പ്രധാനം ഭാവന’യെന്ന് ഐൻ​സ്റ്റൈൻ പറഞ്ഞതിന്റെ പൊരുൾ. അതുകൊണ്ട്, കൃബുവിന്റെ തലത്തിൽ സ്വാഭാവികമായും ഒരു ചോദ്യമുയരും: കൃതിമബുദ്ധിക്ക് ഭാവനയുണ്ടാകുമോ -യന്തിര ഭാവന?

നേരാണ്, ഭാവന സദാ കൃ​ത്രിമം തന്നെ -അയഥാർഥം, യാഥാർഥ്യ​ത്തിനെ അതിലംഘിക്കുന്നത്. യാഥാർഥ്യത്തിന് ഗത്യന്തരമുണ്ടാക്കാനുള്ള അതിലംഘനമാണ് അത്. അതിന് പ്രാഥമികമായി വേണ്ടത് അനിശ്ചിതങ്ങളെ സ്വീകരിക്കുന്ന മനോനില. യന്തിരബുദ്ധിക്ക് പിന്നിെല അൽഗോരിതങ്ങൾ പക്ഷേ, കാലുകുത്തില്ല അനിശ്ചിതങ്ങളിൽ. കാരണം, അവയുടെ പ്രവർത്തനയുക്തിയും ചലനദിശയും മുമ്പേർ ഉറപ്പിച്ചതാണ്. ‘ഇത് അങ്ങനെയെങ്കിൽ അത് ഇങ്ങനെ’ എന്ന മട്ട് –ഭാവനക്ക് കടകവിപരീതം. ഉറപ്പില്ലായ്മയിലാണ് ഉത്തരങ്ങൾ സന്ദിഗ്ധമാവുക. അവിടെയാണ് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ശേഷി മൊട്ടിടുക, ഭാവന വിരിയുക. ആ ശേഷി നഷ്ടമായാൽ രണ്ടുണ്ട് ആപത്ത്. ഒന്ന്, സന്ദിഗ്ധതകളുടെ വിത്തായ കല സൃഷ്ടിക്കാൻ കഴിയാതാവും. രണ്ട്, ഇതേ ശേഷിപ്പുറത്താണ് സംസ്കാരങ്ങൾ പിറക്കുന്നതും പൊലിയുന്നതും.

യന്തിരങ്ങൾക്ക് ഭാവന സാധ്യമാണോ, മൂല്യചിന്ത? സാധ്യമായാൽപ്പിന്നെ അവക്കുണ്ടായിരിക്കുക മനുഷ്യനിലവാരത്തിന് ഒതുങ്ങുന്ന ബോധമാവില്ല. അവയുടെ ആദർശരൂപങ്ങൾ വ്യത്യസ്തമായിരിക്കും, ഭാവനാദിശയും. അങ്ങനെയുള്ള യന്ത്രിരപ്രക്രിയ നമുക്ക് തിരിച്ചറിയാനാവുമോ? മനുഷ്യേതര മാതൃക മനസ്സിലാക്കാൻ മനുഷ്യബോധത്തിന്?

പറയാനാവില്ല.

ആയിരത്താണ്ടുകളിലൂടെയാണ് പ്രപഞ്ചത്തെക്കുറിച്ച നിലവിലെ ധാരണകൾ മനുഷ്യനുണ്ടാക്കിയത്. അതുവെച്ച് സ്വന്തം ജീവിതത്തിന്റെ നിസർഗതകൾപോലും നിയന്ത്രിക്കാൻ മനുഷ്യന് കഴിയുന്നു. ഈ കടിഞ്ഞാണാണ് ഇന്ന് കൃബുവിന് വിട്ടൊഴിയുന്നത്. അങ്ങനെ ഒഴിയാനുള്ള പ്രലോഭനം ചില്ലറയല്ല. ഉദാഹരണത്തിന്, കാൽക്കുലേറ്റർ കീശഫോണിലിരിക്കെ കണക്കുകൂട്ടാൻ കടലാസും പേനയുമെടുക്കുന്നത് വിഡ്ഢിത്തം. വണ്ടിയിൽ ജി.പി.എസിരിക്കെ വഴി ചോദിച്ചു ചോദിച്ചു പോകുന്നതും മൗഢ്യം. കാൽക്കുലേറ്ററിനും ജി.പി.എസിനും ബോധമനസ്സില്ല. അർഥവത്തായി ചിന്തിക്കാനുമാവില്ല. അവ പക്ഷേ, മനുഷ്യനേക്കാൾ ഒരുപാടേറെ മെച്ചമാണ്, ഗണനത്തിൽ. എന്നാൽ, ചിന്തയുടെ മെനക്കേട് ഓരോന്നായിങ്ങനെ യന്തിരത്തിന് കൈയൊഴിയുമ്പോൾ സ്വയം കാലഹരണപ്പെടുത്തുകയല്ലേ മനുഷ്യൻ? നിസ്സഹായനാം ആശ്രിതനാവുകയല്ലേ നാൾക്കുനാൾ, കൊച്ചിയിലെ ഉടപ്പിറപ്പുകളെപ്പോലെ?

സ്വബുദ്ധിയുള്ള ഇടനിലക്കാരനല്ല ഇന്റർനെറ്റ്. എന്നിട്ടും നമ്മളതിന്റെ ആശ്രിതരാണിന്ന്. നെറ്റൊന്നു ‘ഡൗണാ’യാൽത്തന്നെ വല്ലാത്ത അസ്വസ്ഥതയാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും. അപ്പോൾപ്പിന്നെ ‘ക്രാഷാ’യാലോ? താറുമാറാകും സമൂഹം. (നെറ്റ് നിരോധിക്കുന്ന ഭരണകൂടത്തിന് ഈ പ്രശ്നമില്ല –ജനതക്കില്ലാത്ത നെറ്റ് സൗകര്യം അപ്പോഴുമുണ്ടതിന് കൈവശം). ഇതൊരു ഭവിഷ്യത്താണ്, ഏതു നേരവും ഭവിക്കാവുന്നത്. അപ്പോൾ, യഥാർഥ അപായം കടിഞ്ഞാൺ കൈവിടുന്ന മനുഷ്യനാണ്, അത് കൈവരുന്ന യന്തിരമല്ല.

നാളെയൊരു നാൾ-

സ്വയം ചിന്തിക്കുന്ന ബുദ്ധിയന്തിരങ്ങൾ ചിന്തിക്കുക അവക്കു വേണ്ടിയാവും. വളരുന്ന പ്രകൃതമാണ് ബുദ്ധിക്ക്, പ്രകൃത്യാതന്നെ. മനുഷ്യൻ പടച്ച ബുദ്ധിയന്തിരം മനുഷ്യനെപ്പോലെ ഉൽക്കർഷേച്ഛ കാട്ടും, കൂടുതൽ കൂടുതൽ ശക്തി കൊതിക്കും- പ്രവൃത്തിയിൽ, പ്രകൃതത്തിൽ. ഈ മേലാക്കത്തിലൊരു നിഴലുണ്ട്, പരിണാമത്തിന്റെ. സ്രഷ്ടാവിനേക്കാൾ പ്രാപ്തിയുള്ള സൃഷ്ടിയാവും അടുത്തപടി. അനന്തരം, അതിലും ശേഷിയുള്ള തലമുറ... അതങ്ങനെ വികസിച്ചുവരും. അതിനുള്ളിലെ പ്രകൃതപരിണാമങ്ങൾ അത്രപോലും പ്രവചനീയമല്ല.

ഇവിടെയാണ്, മനുഷ്യനേക്കാൾ കേമൻയന്തിരങ്ങളുടെ സൃഷ്ടി തലവേദനയാകുക. ജീവശാസ്ത്രപരമായ സന്തതികളെപ്പോലെ നമ്മുടെ യന്തിരവിത്തും നമ്മെ അതിജീവിക്കും, ആയുസ്സിൽ. അവയിൽ മാനവികമൂല്യങ്ങൾ തിരുകുമോ മനുഷ്യൻ? ശാസ്ത്രവും സാങ്കേതികവിദ്യയും തത്ത്വചിന്തയും മൂല്യവിചാരവുമെല്ലാം സംഗമിക്കുന്ന പ്രശ്നമുഖമാണത്– മനുഷ്യവംശത്തിന്റെ കാതലായ പ്രഹേളികയെല്ലാം എഴുന്നുവരുന്ന അക്കൽദാമ. ജോൺ മിൽട്ടൻ പണ്ടേ കണിശമാക്കിയിരുന്നു, ‘മനസ്സ് അതിന്റെതന്നെ ഇടമാണ്. അവിടെ നരകത്തെ നാകമാക്കാനും നാകത്തെ നരകമാക്കാനും അതിനു കഴിയും.’ ഈ സ്വയംനിർണയാവകാശം നിലനിൽക്കുമോ –മനുഷ്യ സിരകളെ അതേപടി അനുകരിക്കാൻ യന്തിരബുദ്ധിക്ക് കഴിയുന്ന കാലത്ത്?

പറയാനാവില്ല.

 

മനസ്സ് അർഥമുണ്ടാക്കുമെന്നാവും കവി നിരൂപിച്ചത്. അർഥം വ്യത്യസ്തമാണ്- വിവരത്തിൽനിന്ന്, അറിവിൽനിന്ന്. കൃബു യുഗത്തിൽ മനുഷ്യബോധത്തിന്റെ ഒടുക്കത്തെ തുരുത്താവുമത്– അൽഗോരിതങ്ങൾക്ക് ആവഹിക്കാനാവാത്ത പരമമായ ആസക്തി, ജീവന്റെ. ആ കൊതിയിൽനിന്നാണ് ഇന്നോളം പിറന്നിട്ടുള്ളത്, കവിതയും കലയുമെല്ലാം.

ഒന്നര നൂറ്റാണ്ടുമുമ്പ് ‘ചിന്തയുടെ നിയമങ്ങളു’മായി വന്ന ജോർജ് ബൂൽ തൊട്ട് ഇന്ന് ‘സിരകളുടെ ഏകത്വ’ത്തിനായി ഒരുമ്പെടുന്ന റേ കഴ്സ് വെയ്ൽ വരെ, ബുദ്ധിയുടെ ചിന്തകരെല്ലാം ആലംബമാക്കുന്നൊരു നിലപാടുതറയുണ്ട് -അർഥമെന്ന അലമ്പില്ലാതെ ശുദ്ധയുക്തിക്കു മേൽ വർത്തിക്കുന്ന ഭാഷയാണ് ബുദ്ധിയെന്ന്. അതാണോ നേര്?

മനുഷ്യന്റെ ഏറ്റം മികച്ച ആന്തര ജീവിതത്തിന്റെ ഭാഗമാണ് അർഥാന്വേഷണം. ജീവിതം അനിശ്ചിതം, അപ്രവചനീയം. അതേസമയം, പുതുമകളും സാഹസങ്ങളും നിറഞ്ഞ് നിരന്തരം മുന്നാക്കം ചലിക്കുന്നത്. സദാ വിസ്തൃതമാകുന്ന അന്വേഷണമാണത്, അർഥാന്വേഷണത്തിന്റെ ദിശ. (ആത്യന്തികമായ ഒരർഥമുണ്ടോ ഇല്ലേ എന്ന പ്രശ്നമിരിക്കെയും). അതിഗംഭീര ഗണനശേഷിയുള്ള യന്തിരങ്ങൾക്കില്ലാത്ത ഈ മനോഭാവമാണ് സസ്തനിയായ മനുഷ്യജീവിയെ സാപ്പിയൻസാക്കുന്നത് (ചിന്തിക്കുന്ന വിവേകി). വികാരങ്ങളുടെ ഒരു കെട്ടല്ല മനുഷ്യൻ. നിർമിത പ്രക്രിയകളുടെ കെട്ടല്ല മസ്തിഷ്കം. അതിൻ മീതെ ചുമ്മാ ചുഴലുന്ന കോടമഞ്ഞല്ല മനസ്സ്. മറിച്ച്, ഇതെല്ലാം ചേർന്ന ജൈവമായ ഒരൈകമത്യത്തിന്റെ പേരാണ് പ്രജ്ഞ. അതിന്റെ ശതകോടി ഭാവനകളിൽ ഒന്നു മാത്രമാണ് കൃബു. മറിച്ചല്ല. അതുകൊണ്ടാണ് ജിപിടിമാമന് സിര വിലങ്ങുന്നത്, കടമ്മനിട്ടക്കാവു തീണ്ടാൻ:

ആമരമീമരമക്കാണുംമര

മൊക്കെയൊരുക്കിയ തണലിൽ

എന്റെ കരിന്തൊലിയൂറക്കിട്ടത്

ടുത്തു പുതച്ചൊരു തപ്പും

എന്റെ വിരൽത്തുമ്പൊപ്പിയെടുത്തു

തുടച്ചു മിനുക്കിയ പാട്ടും

കൊട്ടിപ്പാടി വിളിക്കുന്നൂ ഞാൻ

കെട്ടിപ്പുണരൂ കരിങ്കാളീ...

(കാട്ടാളൻ/കടമ്മനിട്ട)

News Summary - Chat GPT