ആരാണ് ഗോവിന്ദച്ചാമി?


കേരള പൊലീസിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച കെ.എ. മുഹമ്മദ് അഷ്റഫ് തന്റെ പൊലീസ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു അന്വേഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സൗമ്യ വധക്കേസിെന്റ പിന്നിലെ അറിയാ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. ആത്മഭാഷണത്തിന്റെ അവസാന ഭാഗം. സൗമ്യ കേസ് സെൻസേഷനലായതോടെ കേസിന് ഒരുപാട് മേലുദ്യോഗസ്ഥർ വന്നതാണ് കേസിന്‍റെ ഒരു പ്രത്യേകത. ഡി.ജി.പി റാങ്കിലുള്ളവരും ഐ.ജി റാങ്കിലുള്ളവരും വരെ മേലുദ്യോഗസ്ഥരായി. ഇവരോരുത്തരും അവരവരുടെ നിർദേശങ്ങൾ ഞങ്ങൾക്ക് തരാറുണ്ട്. മാർച്ച് ആറാം തീയതി സൗമ്യ മരിക്കുന്നതുവരെ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ ചേലക്കര സി.ഐ എ.ഐ. ശശിധരൻ സാറായിരുന്നു....
Your Subscription Supports Independent Journalism
View Plansകേരള പൊലീസിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച കെ.എ. മുഹമ്മദ് അഷ്റഫ് തന്റെ പൊലീസ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു അന്വേഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സൗമ്യ വധക്കേസിെന്റ പിന്നിലെ അറിയാ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. കഴിഞ്ഞ ലക്കം തുടർച്ച. ആത്മഭാഷണത്തിന്റെ അവസാന ഭാഗം.
സൗമ്യ കേസ് സെൻസേഷനലായതോടെ കേസിന് ഒരുപാട് മേലുദ്യോഗസ്ഥർ വന്നതാണ് കേസിന്‍റെ ഒരു പ്രത്യേകത. ഡി.ജി.പി റാങ്കിലുള്ളവരും ഐ.ജി റാങ്കിലുള്ളവരും വരെ മേലുദ്യോഗസ്ഥരായി. ഇവരോരുത്തരും അവരവരുടെ നിർദേശങ്ങൾ ഞങ്ങൾക്ക് തരാറുണ്ട്. മാർച്ച് ആറാം തീയതി സൗമ്യ മരിക്കുന്നതുവരെ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥൻ ചേലക്കര സി.ഐ എ.ഐ. ശശിധരൻ സാറായിരുന്നു. ഏഴാം തീയതി മുതൽ കുന്നംകുളം ഡിവൈ.എസ്.പിയുടെ ചാർജുള്ള നാർകോട്ടിക് സെൽ ഡിവൈ.എസ്.പി രാധാകൃഷ്ണൻ നായർക്കായി ചുമതല. അന്ന് എ.ഡി.ജി.പി ആയിരുന്ന സന്ധ്യ മാഡം കുറച്ച് നിർദേശങ്ങൾ തന്നിരുന്നു.
സൗമ്യ എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ട ആളായതിനാൽ എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരംകൂടി കേസെടുക്കണമെന്ന് സന്ധ്യ മാഡം നിർദേശം നൽകി. അതുപ്രകാരം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഓഫിസർ കേസ് അന്വേഷിക്കണം എന്ന നിബന്ധന വന്നതോടെയാണ് ഡിവൈ.എസ്.പി രാധാകൃഷ്ണൻ നായർക്ക് കേസിന്‍റെ ചുമതല നൽകിയത്.
പക്ഷേ എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് ഈ കേസിൽ നിലനിൽക്കാത്ത അവസ്ഥ വന്നു. ഗോവിന്ദച്ചാമിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഗോവിന്ദച്ചാമി ആദിദ്രാവിഡ വിഭാഗത്തിൽപെട്ടയാളാണെന്ന് മനസ്സിലായത്. അതോടെ, എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടു. കടലൂർ ജില്ലയിലെ വിരുദാചലം താലൂക്കിലെ ഐവതക്കുടി എന്ന സ്ഥലത്താണ് ഗോവിന്ദച്ചാമിയുടെ വീട്. ഐവതക്കുടി എന്നാൽ ലക്ഷംവീട് എന്നാണ് അർഥം. ഞങ്ങൾ അന്വേഷിച്ചു ചെല്ലുമ്പോൾ ആ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അന്ന് മീറ്റർഗേജ് ട്രെയിനുകൾമാത്രം ഓടിയിരുന്ന വളരെ ചെറിയ റെയിൽവേ സ്റ്റേഷനടുത്തായിരുന്നു ഇയാളുടെ വീട്. ഗോവിന്ദച്ചാമിയുടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സ്ത്രീക്കാണ് ആ റെയിൽവേ സ്റ്റേഷന്‍റെ ചാർജ്. അച്ഛൻ നേരത്തേ മരിച്ചിരുന്നു. ആകെയുള്ള സഹോദരൻ കേസിൽ പ്രതിയായി ജയിലിലുമായിരുന്നു.
ഗോവിന്ദച്ചാമിയുടെ അമ്മയെ മാത്രമാണ് നാട്ടുകാർ ഓർക്കുന്നത്. അവർ മരിച്ച് കാലങ്ങളായെന്നാണ് അറിഞ്ഞത്. 18-19 വയസ്സുവരെ ഗോവിന്ദച്ചാമിക്ക് രണ്ട് കൈയും ഉണ്ടായിരുന്നു. മോട്ടോർ സൈക്കിളിന്‍റെ ചക്രത്തിൽ കുരുങ്ങിയാണ് കൈ നഷ്ടപ്പെട്ടത്. ഗ്രാമത്തിൽനിന്ന് ഹൈവേയിലേക്ക് ചേരുന്ന റോഡിലേക്ക് കടക്കുമ്പോൾ മോട്ടോർ സൈക്കിളിന്‍റെ സ്പീഡ് കുറക്കാനായി ചക്രത്തിന്‍റെ ഇടയിൽ ഗോവിന്ദച്ചാമി കൈ വെക്കുകയും അങ്ങനെ അറ്റുപോകുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.
എന്തായാലും ഐവതക്കുടിയിൽ ഗോവിന്ദച്ചാമിയെ എല്ലാവർക്കും വലിയ പേടിയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ലൈംഗികവൈകൃതങ്ങൾക്ക് അടിമയായ ഒരു വല്ലാത്ത മനുഷ്യനായിരുന്നു ഗോവിന്ദച്ചാമി. അത്രയും ക്രൂരമായിട്ടാണ് അവൻ സ്ത്രീകളോട് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. രക്തത്തിൽ കുളിച്ചുകിടന്ന അവശയായ സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന അവന്‍റെ മാനസികാവസ്ഥയെന്തെന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്നതേയുള്ളൂ. സൗമ്യയുടെ തല ട്രെയിനിന്‍റെ ഡോറിൽ ഇടിച്ചപ്പോൾ തന്നെ പിറ്റ്യൂറ്ററി ഗ്രന്ഥി തകർന്നിരുന്നു. ഇതോടെ, ബോധമുണ്ടെങ്കിലും തന്നെയോ തന്‍റെ ചലനങ്ങളെയോ ഒന്നും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സൗമ്യ.
എന്നിട്ടും ബലാത്സംഗം ചെയ്യുന്നതിനെ ആ കുട്ടി എതിർത്തിരുന്നു. ഡി.എൻ.എ ടെസ്റ്റ് നടത്തിയ ഡോ. ശ്രീകുമാർ സാർ പറഞ്ഞത് തന്‍റെ ജീവിതത്തിൽ ഇത്രയും അളവ് സെമൻ ഒരു സംഭവത്തിൽ പരിശോധനക്കായി ലഭിച്ചിട്ടില്ല എന്നാണ്. കുട്ടിയുടെ വജൈനയിൽനിന്നും ആദ്യം ശേഖരിച്ചത് കൂടാതെ കംബൈൻഡ് മെഡിക്കൽ പരിശോധനയിലും പോസ്റ്റ്മോർട്ടം സമയത്തും സെമൻ ലഭിച്ചിരുന്നു.
ഗോവിന്ദച്ചാമിയുടെ ഐവതക്കുടിയിലുള്ള വീട്ടിൽ എനിക്ക് രണ്ടുതവണ പോകേണ്ടിവന്നിട്ടുണ്ട്. അഡ്രസ് വെരിഫൈ ചെയ്യുക എന്നത് ഒരു ആവശ്യമായിരുന്നു. ഈ കേസിൽ എസ്.സി.എസ്.ടി വകുപ്പ് ചുമത്തുമ്പോൾ വില്ലേജ് ഓഫിസറുടെയും തഹസിൽദാരുടെയും സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരാറുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ വാങ്ങാനായി ഇവരെയെല്ലാം സന്ദർശിച്ചിരുന്നു. കേരളത്തിൽവെച്ച് ഗോവിന്ദച്ചാമിയെ പിടികൂടുമ്പോൾതന്നെ 15ഓളം കേസുകൾ ഗോവിന്ദച്ചാമിക്ക് തമിഴ്നാട്ടിൽ മാത്രമുണ്ട്. അതിലൊരു കേസിൽ 10 വർഷം ശിക്ഷ ലഭിച്ചിരുന്നു. ആന്ധ്രയിലും കേസുണ്ടായിരുന്നു. സ്ത്രീകളാണ് എപ്പോഴും ഗോവിന്ദച്ചാമിയുടെ ഇരകൾ. മോഷണവും ബലാത്സംഗവും ആണ് പ്രധാന ലക്ഷ്യങ്ങൾ. ഒരു സ്ത്രീയെയും അവൻ വെറുതെ വിട്ടിരുന്നില്ല.
സൗമ്യ കേസ് വിചാരണ നടക്കുമ്പോൾ വിചാരണക്കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ സാറിന്‍റെ കൂടെ അടുത്തിരുന്നുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ സഹായിച്ചിരുന്നത്. ജഡ്ജിയുടെ നിർദേശപ്രകാരമായിരുന്നു അത്. ഇതിനെ പ്രതിഭാഗം എതിർത്തു. സി.ബി.ഐ കോടതിയിൽ എല്ലാം അങ്ങനെ ചെയ്യാറുണ്ട് എന്നാണ് ഇതിനെ എതിർത്ത അഭിഭാഷകരോട് ജഡ്ജി പറഞ്ഞത്. മൊഴിനൽകാനായി ഒരു ഡോക്ടർ സാക്ഷിക്കൂട്ടിൽ കയറിയപ്പോൾ ഗോവിന്ദച്ചാമി പ്രതിക്കൂട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് ഗോവിന്ദച്ചാമി പ്രത്യേക രീതിയിലാണ് വനിതാഡോക്ടറെ നോക്കിക്കൊണ്ടിരുന്നത്. ഗോവിന്ദച്ചാമിയുടെ നോട്ടം കണ്ട് ഡോക്ടർ ആകെ വിരണ്ടുപോയി. ഡോക്ടറെന്നോ സാധാരണ സ്ത്രീയെന്നോ ഒന്നും അവനില്ല. സ്ത്രീകളെയെല്ലാം അവൻ മറ്റൊരുവിധത്തിൽ മാത്രമാണ് കാണുന്നത്. ആ ഡോക്ടർ പിന്നീട് ഭയത്തോടെ എന്നോട് ചോദിച്ചിരുന്നു, അയാൾ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന്. ‘ഒരു പെണ്ണിനെയും ബിരിയാണിയും ഒക്കെ ഇടക്കിടെ തന്നുകൊണ്ടിരുന്നാൽ ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ലല്ലോ’ എന്ന് അവൻതന്നെ ഒരിക്കലെന്നോട് ചോദിച്ചിട്ടുണ്ട്.
ബിരിയാണിക്കുവേണ്ടി കണ്ണൂർ ജയിലിൽ തല്ലുണ്ടാക്കി ജയിൽമുതലുകൾ നശിപ്പിച്ചതിന് ഗോവിന്ദച്ചാമിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ആ രാത്രി സൗമ്യ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പിന്നീട് ഒരുപാട് തവണ ഞാൻ ആലോചിച്ചിട്ടുണ്ട്. ആ ട്രെയിനിൽ ഒറ്റക്ക് യാത്രചെയ്യേണ്ടി വന്ന സൗമ്യയുടെ മാനസികാവസ്ഥയെക്കുറിച്ചും പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി ഭീകരമായി തോന്നിയ അവസ്ഥകളുണ്ട്. വിജനമായ സ്ഥലത്ത് ട്രാക്കിനോട് ചേർന്ന് രാത്രി കഴിച്ചുകൂട്ടുക വളരെ ഭീകരമാണ്. അതുപോലെ രാത്രി കടലിരമ്പത്തോട് അടുത്തുനിൽക്കുമ്പോഴും വളരെയധികം ഭീകരത തോന്നിയിട്ടുണ്ട്.
എറണാകുളം ജങ്ഷനിൽനിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ കയറിയ സൗമ്യയോടൊപ്പം മുള്ളൂർക്കര വരെ സഞ്ചരിച്ച മുള്ളൂർക്കരയുള്ള മുസ്‍ലിം കുടുംബത്തെ കണ്ടെത്താൻ ഒരുപാട് അന്വേഷിക്കേണ്ടിവന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഹബീബാണ് കുറേ അന്വേഷണങ്ങൾക്കൊടുവിൽ അവരെ കണ്ടെത്തിയത്.
സൗമ്യ കയറുന്നതിന് മുമ്പ് തന്നെ ഗോവിന്ദച്ചാമിയെ ഈ കുടുംബം കണ്ടിരുന്നു. ഗാർഡ് റൂമിനോട് ചേർന്നുള്ള ലേഡീസ് കൂപ്പെയുടെ കമ്പി പിടിച്ചുകൊണ്ട് ഏറെനേരം അവൻ അകത്തേക്ക് നോക്കിനിൽക്കുകയായിരുന്നു എന്ന് ആ യുവതി മൊഴിനൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമിതന്നെ തുറിച്ചുനോക്കിനിൽക്കുന്നത് കണ്ട് പേടി തോന്നി ആ സ്ത്രീ ഉമ്മയോട് ‘ഉമ്മാ ആ ചങ്ങായി നോക്കുന്നത് കണ്ടോ’ എന്ന് പറയുന്നുണ്ട്. അതായത് സ്ത്രീകളെ നോട്ടമിടുകയും തരംകിട്ടിയാൽ ഉപദ്രവിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ഗോവിന്ദച്ചാമി.
ഇവരുടെ മകളെ വിവാഹം കഴിച്ചുകൊടുത്ത സ്ഥലത്ത് പോയി തിരിച്ചുവരികയായിരുന്നു ഈ കുടുംബം. പിന്നീട് പത്രത്തിൽ വാർത്ത വന്നപ്പോൾ മാത്രമാണ് തങ്ങളോടൊപ്പം യാത്രചെയ്ത പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ഇവരറിയുന്നത്. പിന്നീട് ഒരു പ്രധാന സാക്ഷിയായി മാറിയ ഇവർ കോടതിയിൽ പോകാൻ പേടിതോന്നി ഭർത്താവിനെ ഗൾഫിൽനിന്നും വിളിച്ചുവരുത്തി നാട്ടിൽ നിറുത്തിയതിനുശേഷം ഭർത്താവിനോടൊപ്പമാണ് മൊഴി നൽകാനും സാക്ഷിപറയാനും എത്തിയത്. പ്രതിക്ക് ശിക്ഷ നൽകണമെന്ന് അവർക്ക് അത്രയും നിർബന്ധമുണ്ടായിരുന്നു.
പൈപ്പിന്‍റെ ചുവട്ടിൽവെച്ച് ഇവർ പറഞ്ഞ വിവരം നാട്ടിലൊക്കെ പാട്ടായപ്പോഴാണ് ഹബീബ് ഇതറിയുകയും ഇവരെ കണ്ടെത്തുകയും ചെയ്തത്. മുള്ളൂർക്കര സ്റ്റേഷനിൽ എത്തുന്നതുവരെ സൗമ്യ ഈ കുടുംബത്തോട് സംസാരിച്ചിരുന്നു. എറണാകുളത്ത് വെച്ച് ഇവർ ഗോവിന്ദച്ചാമിയെ കണ്ടിരുന്നു.
ചാലക്കുടിയിലെത്തിയപ്പോൾ െട്രയിനിൽ വെച്ച് ഒരു യാത്രക്കാരനും ഗോവിന്ദച്ചാമിയെ കണ്ടിരുന്നു. ദൃക്സാക്ഷിയില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് അടിസ്ഥാനം. അങ്ങനെയാണ് കേസ് പുരോഗമിക്കുന്നത്. ഇരയും പ്രതിയും ഒരുമിച്ചുനിൽക്കുന്നത് കണ്ടിട്ടില്ല എന്നതായിരുന്നു പോരായ്മയായി പലരും ചൂണ്ടിക്കാണിച്ചത്. അത്തരത്തിൽ സാക്ഷികളെ ഉണ്ടാക്കിയെടുക്കാൻ പൊലീസിന് എളുപ്പവുമായിരുന്നു. എന്നാൽ, തെളിവുകൾ അത്രയും കൃത്യമായതിനാൽതന്നെ ഇല്ലാത്ത ഒരു തെളിവും ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.

സൗമ്യയുടെ കൊലപാതകം നടന്ന കേരള കലാമണ്ഡലത്തിനടുത്ത വള്ളത്തോൾ നഗർ റെയിൽപാത
കേസിലെ തർക്കങ്ങൾ
സൗമ്യ കേസുമായി ബന്ധപ്പെട്ട് മൂന്ന് തർക്കങ്ങളാണ് നിലനിന്നിരുന്നത്. ഒന്നാമത്തെ കാര്യം ട്രെയിനിൽ യാചകനായി നടന്നിരുന്ന ഗോവിന്ദച്ചാമിക്ക് എങ്ങനെയാണ് ആളൂരിനെപ്പോലെ ഒരു അഭിഭാഷകനെ ലഭിച്ചത് എന്നായിരുന്നു. ഇത്രയധികം അഭിഭാഷകർ കേസ് വാദിക്കാൻ വന്നതും സുപ്രീംകോടതിവരെ പോയി കേസ് വാദിക്കാൻ ഇയാൾക്ക് കഴിഞ്ഞതെങ്ങനെ എന്നുമായിരുന്നു സംശയം. അഡ്വ. ബിജു ആന്‍റണി ആളൂർ എന്ന ബി.എ ആളൂർ വടക്കാഞ്ചേരി ബാറിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെയാണ് പുണെയിലേക്ക് പോകുന്നത്.
ഇവിടെ വലിയ മെച്ചമൊന്നും ഇല്ലെന്ന അവസ്ഥ വന്നതിനാലാണ് അദ്ദേഹത്തിന്‍റെ സഹോദരന്മാരോ മറ്റോ ഉണ്ടായിരുന്ന പുണെയിലേക്ക് പുതിയ മേച്ചിൽപ്പുറം തേടി പോയത്. അവിടെ ഒരു അഭിഭാഷകന്‍റെ അസിസ്റ്റന്‍റ് ആയി പ്രാക്ടീസും തുടങ്ങിയിരുന്നു. അതിനിടെയാണ് കേരളത്തിൽ സെൻസേഷനലായ ഈ കേസുണ്ടായത്. അദ്ദേഹം നേരത്തേ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന വടക്കാഞ്ചേരി ബാറിലാണ് കേസ് വന്നതെന്ന സൗകര്യം മുതലെടുത്ത് അദ്ദേഹം നേരെ ജയിലിലെത്തി പ്രതിയെ കണ്ട് വക്കാലത്ത് ഒപ്പിടീച്ചു വാങ്ങിച്ചു. ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയായിട്ടാണ് അതിനെ ഞാൻ വിലയിരുത്തുന്നത്.
സർക്കാർ അഭിഭാഷകനായിരിക്കും കേസ് വാദിക്കുക എന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് അഡ്വ. ആളൂർ പ്രത്യക്ഷപ്പെട്ടത്. പൊലീസുകാർക്ക് അതൊരു അത്ഭുതമായിരുന്നു. കേസിന്‍റെ ഡോക്യുമെന്‍റേഷനും മറ്റ് കാര്യങ്ങളും ഞങ്ങൾ കൃത്യമായി ചെയ്തിരുന്നു. അതിനിടെയാണ് പ്രതിക്കുവേണ്ടി കേസ് ഏറ്റെടുത്ത തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് അഡ്വ. ആളൂർ വാർത്താസമ്മേളനം നടത്തുന്നത്. ഈ കേസ് ഏറ്റെടുക്കുന്നതോടെയാണ് അദ്ദേഹം പ്രശസ്തനായത്.
കേരളത്തിൽ അതുവരെ ഓഫിസൊന്നും ഇല്ലാതിരുന്ന അദ്ദേഹം ഹൈകോടതിക്കടുത്ത് ഓഫിസ് എടുത്തു, അസിസ്റ്റന്‍റുമാരായി, വലിയ പ്രശസ്തനായി. കോടതിയിൽ വലിയ ഭാവഹാവാദികളോടെ തകർത്താടുന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രത്യേകത. നെടുനെടുങ്കൻ ചോദ്യങ്ങളൊക്കെ ചോദിച്ച് സിനിമയിലേതുപോലെ വലിയ സീൻ സൃഷ്ടിക്കാൻ മിടുക്കനാണ്. സിമ്പിളായി ചോദിക്കേണ്ട ചോദ്യങ്ങൾപോലും എഴുതിവരുമ്പോൾ രണ്ടുപേജുണ്ടാകും. അതിന്‍റെ ഉത്തരം വെറുതെ ഇല്ല എന്നോ നിൽ എന്നോ ആയിരിക്കും.
ഗോവിന്ദച്ചാമി
ഗോവിന്ദച്ചാമി വലിയ മാഫിയയുടെ ഭാഗമാണ് എന്നും മാഫിയയാണ് ആഡ്വ. ആളൂരിന് പണം നൽകുന്നത് എന്നെല്ലാമുള്ള അഭ്യൂഹങ്ങളും ഞങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ, അതൊന്നും സത്യമല്ലെന്ന് കണ്ടെത്തി. പല സ്ത്രീകളെയും ഉപയോഗിക്കുന്ന സ്വഭാവക്കാരനായിരുന്നു ഗോവിന്ദച്ചാമി. ആന്ധ്രയിലെ ഖമ്മത്തും ഇവനെതിരെ കേസുണ്ടായിരുന്നു. വേണ്ട രീതിയിൽ അന്വേഷിക്കാത്തതിനാലോ തെളിവില്ലാത്തതിനാലോ എല്ലാം ആണ് അവൻ പലപ്പോഴും രക്ഷപ്പെട്ടുകൊണ്ടിരുന്നത്. നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനാണ് ഇയാൾ. ഇതിനുമുമ്പ് പലരെയും അപായപ്പെടുത്തിയിട്ടുണ്ടാകാം. പല മരണങ്ങളും ആത്മഹത്യയോ അപകടമരണമോ ആയി തള്ളിക്കളഞ്ഞിട്ടുമുണ്ടാകാം.
സൗമ്യയെ ആക്രമിക്കുമ്പോൾ ധരിച്ചിരുന്ന അതേ ഷർട്ടും മുണ്ടുംതന്നെയാണ് പിടിക്കപ്പെടുമ്പോഴും അവൻ ധരിച്ചിരുന്നത്. അവൻ ഈ കുട്ടിയെ മറ്റൊരു ട്രാക്കിലേക്ക് എടുത്തുകൊണ്ടുപോയത് ആരും കണ്ടിട്ടില്ല. അതെല്ലാം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. അവന്‍റെ ഷർട്ടിന്‍റെ ഇടതുഭാഗത്ത് കണ്ട സൗമ്യയുടെ രക്തത്തുള്ളികൾ, എടുത്തുകൊണ്ടുപോകുമ്പോൾ രക്തത്തുള്ളികൾ വീണത് എത്ര ഉയരത്തിൽനിന്നാണ്, അത് ഗോവിന്ദച്ചാമിയുടെ ഉയരവുമായി മാച്ച് ചെയ്യുന്നുണ്ടോ എന്നെല്ലാം പരിശോധിച്ചാണ് ഇവയെല്ലാം കണ്ടെത്തിയത്. കലാമണ്ഡലത്തിന്‍റെ വശത്ത് ഒറ്റപ്പെട്ട ട്രാക്കിലേക്ക് അവൻ പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. മൃഗീയമായ രീതിയിലാണ് സൗമ്യയെ അവൻ ബലാത്സംഗം ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
പോസ്റ്റ്മോർട്ടം തർക്കം
ഞാൻ നേരത്തേ പറഞ്ഞതാണല്ലോ പൊലീസിന്‍റെ റിക്വസ്റ്റ് പ്രകാരമാണ് വിദഗ്ധരടങ്ങിയ സംഘം സൗമ്യയെ പോസ്റ്റ് മോർട്ടം നടത്തിയതെന്ന്. ഡോ. ഷെർളി വാസു നേതൃത്വം നൽകിയ ഒരു ടീമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഞാനടക്കം പോസ്റ്റ്മോർട്ടം നടത്തിയ റൂമിലുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഷെർളി വാസുവിന്‍റെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലം സന്ദർശിച്ചതും ഷെർളി വാസുവായിരുന്നു. ഗോവിന്ദച്ചാമി ട്രെയിനിൽവെച്ച് ഏൽപിച്ചതും തള്ളിയിട്ടപ്പോൾ ഉണ്ടായതും ബലാത്സംഗം ചെയ്തപ്പോൾ ഉണ്ടായ പരിക്കുകളൊന്നും നേരിട്ട് മരണത്തിന് കാരണമായിട്ടില്ലെന്നും ആസ്പിരേഷനാണ് മരണകാരണമെന്നുമാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
ലേഡീസ് കമ്പാർട്മെന്‍റിൽനിന്ന് തള്ളിയിട്ട സൗമ്യയെ മറ്റൊരു ട്രാക്കിലെ കൂർത്ത കരിങ്കല്ലുകളുള്ള പ്രതലത്തിൽ കിടത്തിയാണ് ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തത്. ഇതിനിടെ വായയിലൂടെ വന്നിരുന്ന രക്തവും മറ്റും ശ്വാസനാളത്തിലേക്ക് ഇറങ്ങിയതുമൂലമുണ്ടായ ആസ്പിരേഷനാണ് മരണകാരണം എന്നാണ് കണ്ടെത്തൽ. വീഴ്ചയുടെ ആഘാതത്തിൽ പൊട്ടിയ പല്ലും മറ്റ് ഭാഗങ്ങളും പോസ്റ്റ്മോർട്ടത്തിനിടെ ആമാശയത്തിൽ നിന്ന് ലഭിച്ചിരുന്നു.
പരിക്കുപറ്റി സൗമ്യ ചെരിഞ്ഞാണ് കിടന്നിരുന്നതെങ്കിൽ വായുടെ സൈഡിലൂടെ പുറത്തേക്ക് ഒലിച്ചുപോകുമായിരുന്ന രക്തവും മറ്റും മലർത്തിക്കിടത്തുകയും മുകളിൽനിന്ന് ശക്തിയായി ബലംപ്രയോഗിക്കുകയും ചെയ്തതിനാൽ ശ്വാസനാളം ഉൾപ്പടെയുള്ള ആന്തരിക അവയവങ്ങളിൽ എത്തിയിരുന്നു. സൗമ്യയുടെ പിൻഭാഗത്ത് കരിങ്കൽച്ചില്ലുകൾ കുത്തിത്തറച്ച് ഗുരുതരമായ വലിയ മുറിവുകൾതന്നെ ഉണ്ടായിരുന്നു. കാലുകൊണ്ട് മാത്രമേ സൗമ്യക്ക് ഗോവിന്ദച്ചാമിയെ തടയാനാകുമായിരുന്നുള്ളൂ. അതായത് കാൽ മാത്രമേ ഇളക്കാനെങ്കിലും സാധിച്ചിരുന്നുള്ളൂ എന്നാണ് അനുമാനിക്കുന്നത്. സംഭവസ്ഥലത്ത് സൗമ്യയുടെ കാലുണ്ടായിരുന്ന ഭാഗത്ത് ഒരു കുഴിതന്നെ രൂപപ്പെട്ടിരുന്നു. കാലുകൊണ്ട് തന്നെ എതിർക്കാൻ ശ്രമിച്ചതായി ഗോവിന്ദച്ചാമിയുടെ മൊഴിയിലും പറയുന്നുണ്ട്.
സൗമ്യയുടെ മുടി പിടിച്ച് ശക്തമായ വസ്തുവിൽ ഇടിച്ചപ്പോഴുണ്ടായ മുറിവാണ് ആദ്യത്തേത്. ട്രെയിനിന്‍റെ ഡോറിലാണ് രണ്ടോ മൂന്നോ തവണ ഗോവിന്ദച്ചാമി ശക്തിയായി ഇടിച്ചത്. അതോടെ പിറ്റ്യൂറ്ററി ഗ്ലാൻഡിന്‍റെ സ്റ്റംപ് ഇളകിയിരുന്നു. തലയോട്ടിക്ക് പൊട്ടൽ ഉണ്ടായിരുന്നു. പിറ്റ്യൂറ്ററി ഗ്ലാൻഡിന്‍റെ സ്റ്റംപ് ഇളകിയാൽ ബോധം നഷ്ടപ്പെടില്ലെങ്കിലും ഒന്നിനോടും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായിത്തീരും. സൗമ്യ ട്രെയിനിൽനിന്ന് വീഴുമ്പോൾ ബോധമുണ്ട്. എന്നാൽ, തന്‍റെ ശരീരം നിയന്ത്രിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. അതിനാലാണ് മുഖമടിച്ച് വീണത്. ഇതാണ് രണ്ടാമത്തെ പരിക്ക്. സൗമ്യക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നെങ്കിൽ വലിയ വേഗതയൊന്നും ഇല്ലാതിരുന്ന ട്രെയിനിൽനിന്ന് വീഴുമ്പോൾ അത്രയും പരിക്കേൽക്കില്ല. മാത്രമല്ല, കൈക്കോ കാലിനോ മറ്റോ ആയിരിക്കും പരിക്കേൽക്കുക. അതേ വേഗതയിൽ ഓടുന്ന ട്രെയിനിൽനിന്നുതന്നെയാണ് ഗോവിന്ദച്ചാമി പരിക്കേൽക്കാതെ ചാടിപ്പോയത് എന്നുകൂടി ഓർക്കണം. ട്രെയിനിന്‍റെ വേഗത സംബന്ധിച്ച് ലോക്കോ പൈലറ്റിന്‍റെ മൊഴിയും ഞങ്ങൾ രേഖപ്പെടുത്തിയിരുന്നു.
സാധാരണ ചെയ്യാറുള്ളതുപോലെ കേസിൽ ഷെർളി വാസുവിന്‍റെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ആൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യത്തിലോ കൂടുതൽ കാര്യങ്ങൾ പറയാൻ ഉള്ള സാഹചര്യത്തിലോ മാത്രമാണ് സാധാരണ മറ്റ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താറുള്ളത്. ഈ കേസിൽ അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. ഷെർളി മാഡം എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിരുന്നു. കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രോസിക്യൂഷന്‍റെ എവിഡൻസ് ക്ലോസ് ചെയ്ത സമയത്ത് അഡ്വ. ആളൂർ ഡിഫൻസിന്‍റെ എവിഡൻസിനായി വലിയ ഒരു ലിസ്റ്റ് തന്നെ കോടതിയിൽ നൽകി.
മന്ത്രി കെ.പി. രാജേന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഞാൻ, ഡോ. ഉന്മേഷ് അടക്കം വലിയ ലിസ്റ്റ് കണ്ടതോടെ ഓരോരുത്തരുടെയും പ്രാധാന്യമെന്തെന്ന് കോടതി ചോദിച്ചു. വെറുതെ കുറേ സാക്ഷികളെ എന്തിനാണ് വിസ്തരിക്കുന്നത് എന്നായിരുന്നു കോടതിയുടെ സംശയം. ഇതിന് ഡിഫൻസ് മറുപടി നൽകി. അതോടെ, കുറേ സാക്ഷികളുടെ പേരുകൾ വെട്ടി ഡോ. ഉന്മേഷിന്‍റേതടക്കം കുറേ പേരെ വിസ്തരിക്കാൻ കോടതി പ്രതിഭാഗത്തിന് അനുമതി നൽകി. കോടതി നൽകിയ മറ്റെല്ലാ പേരുകളും അവഗണിച്ച് പ്രതിഭാഗം ഡോ. ഉന്മേഷിനെ മാത്രമാണ് വിസ്തരിക്കാൻ വിളിച്ചത്. ഡോ. ഉന്മേഷിനോട് ഞങ്ങൾ പറഞ്ഞു, ‘‘പ്രതിഭാഗത്തിന്‍റെ അല്ലെങ്കിൽ പ്രതിയുടെതന്നെ സാക്ഷിയായാണ് താങ്കൾ ഇപ്പോൾ എത്തിയിരിക്കുന്നത്. അത് ശരിയല്ല, താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ഓർമ വേണം.’’ പക്ഷേ, കാര്യമുണ്ടായില്ല. അദ്ദേഹം പറഞ്ഞത്, ‘‘അതൊന്നും എനിക്കറിയില്ല, കോടതി വിളിപ്പിച്ചിട്ടാണ് താൻ വന്നത്, എനിക്ക് പറയാനുള്ളത് ഞാൻ പറയും’’ എന്നാണ്.
ഷെർളി വാസുവും ഡോ. ഉന്മേഷും തമ്മിലുള്ള ചില ഈഗോ പ്രശ്നങ്ങളോ പ്രഫഷനൽ ജലസിയോ ആണ് അദ്ദേഹത്തെ ആ സാക്ഷിക്കൂട്ടിൽ എത്തിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സൗമ്യയുടെ പോസ്റ്റ്മോർട്ടത്തോടെ ഷെർളി വാസു വളരെ പ്രശസ്തയായിരുന്നു. ‘എന്‍റെ പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന ഒരു പുസ്തകവും ഷെർളി വാസു എഴുതിയിരുന്നു. അവർ ചാനലുകളിലും മറ്റും തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. അതായിരിക്കാം ഡോ. ഉന്മേഷിനെ പ്രകോപിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു. എന്‍റെ അനുഭവത്തിൽ എല്ലാ നിലക്കും നല്ല ഡോക്ടർ തന്നെയായിരുന്നു ഡോ. ഉന്മേഷ്. എന്നിട്ടും അദ്ദേഹം തെറ്റായ മൊഴി നൽകി.
‘‘ഷേർളി വാസുവല്ല, ഞാനാണ് ഈ കേസിന്‍റെ പോസ്റ്റ്മോർട്ടം ചെയ്തത്. ഒരു ഗ്ലൗസ് പോലും ഷെർളി വാസു ധരിച്ചിട്ടില്ല.’’ എന്ന് അദ്ദേഹം മൊഴിനൽകി. അതോടെ, കേസ് അപ്പാടെ കീഴ്മേൽ മറിഞ്ഞു. ദൃക്സാക്ഷികൾ ഇല്ലാത്ത, ഇരക്ക് മൊഴിനൽകാൻപോലും കഴിയാത്ത കേസ് മുഴുവൻ നിലനിന്നിരുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ ബലത്തിലാണ്. ആ തെളിവ് മുഴുവൻ നഷ്ടപ്പെടുന്ന രീതിയിലായിരുന്നു ഉന്മേഷിന്‍റെ മൊഴി. ഉന്മേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിന് മുന്നോട്ടുപോകാൻ ആകുമായിരുന്നില്ല.
അതോടെ, കേസിന്‍റെ വിചാരണ മുഴുവൻ കോടതി നിർത്തിവെച്ചു. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നോട്ട്, (സാധാരണയായി പോസ്റ്റ്മോർട്ടം നടന്ന ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റാണ് പൊലീസിന് കൈമാറുക. പോസ്റ്റ്മോർട്ടം നോട്ട് ആശുപത്രിയിൽതന്നെ സൂക്ഷിക്കുകയാണ് പതിവ്.) പോസ്റ്റ്മോർട്ടം അസൈൻമെന്‍റ് രജിസ്റ്റർ എന്നിവ ഹാജരാക്കാൻ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. പ്രോസിക്യൂഷൻ എവിഡൻസിനും ഡിഫൻസ് എവിഡൻസിനും പുറമെ കോർട്ട് എവിഡൻസായി രേഖപ്പെടുത്തി ഈ രേഖകളെല്ലാം കോടതി പരിശോധിച്ചു. ഡോ. ഉന്മേഷിനെ കോടതിയുടെ ഭാഗത്തുനിന്നുള്ള സാക്ഷിയുമാക്കി.
അതോടെ ആളൂരിന്‍റെയും ഡോ. ഉന്മേഷിന്റെയും വാദങ്ങളെല്ലാം പൊളിഞ്ഞു. പോസ്റ്റ്മോർട്ടം നോട്ട് തയാറാക്കിയിരുന്നത് ഷെർളി വാസുവിന്‍റെ കൈപ്പടയിലാണ്. മാത്രമല്ല, പോസ്റ്റ്മോർട്ടം അസൈൻ ചെയ്തിട്ടുള്ളതും അതിനുള്ള പണം ഒപ്പിട്ടുവാങ്ങിയതും എല്ലാം ഷെർളിവാസുവാണ്. ഇതോടെ ഉന്മേഷ് പറഞ്ഞതെല്ലാം കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. വിധിന്യായത്തിൽ കോടതി ഡോ. ഉന്മേഷ് കള്ളസാക്ഷി പറഞ്ഞുവെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. കള്ളസാക്ഷി പറഞ്ഞതിന് ഡോ. ഉന്മേഷിനെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകുകയും ചെയ്തു. കള്ളസാക്ഷി പറഞ്ഞതിന്‍റെ പേരിൽ അന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. പല കേസുകളിലും എനിക്ക് നിർണായകമായ വിവരങ്ങൾ നൽകിയിട്ടുള്ള ഡോക്ടറാണ് ഡോ. ഉന്മേഷ്. വരുംവരായ്കകളെക്കുറിച്ച് ഓർക്കാതെ മറ്റെന്തോ പ്രശ്നത്തിന്‍റെ പേരിൽ ഈ കേസിൽ അദ്ദേഹം കള്ളസാക്ഷി പറഞ്ഞതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായിരുന്നു രണ്ടാമത്തെ തർക്കം.
വധശിക്ഷ ജീവപര്യന്തമായി മാറിയത്
വിചാരണക്കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷക്ക് വിധിക്കുകയും ഹൈകോടതി അത് ശരിവെക്കുകയും ചെയ്തപ്പോൾ സുപ്രീംകോടതി പ്രതിക്കുള്ള ശിക്ഷ മരണംവരെ ജീവപര്യന്തമായി കുറച്ചത് വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചിരുന്നു. തൃശൂർ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് ഗോവിന്ദച്ചാമിയെ വധശിക്ഷക്ക് വിധിച്ചത്. ഹൈേകാടതിയിൽ ജഡ്ജിമാരായ ബി. കെമാൽപാഷ, പി.ആർ. രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒരു മാസത്തോളം തുടർച്ചയായി വാദം കേട്ടശേഷം വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു.
ഹൈകോടതിയിൽ കേസ് ട്രയലിന് വന്നപ്പോൾ ജസ്റ്റിസ് കെമാൽപാഷയായിരുന്നു ജഡ്ജി. സ്പെഷൽ പ്രോസിക്യൂട്ടർ സുരേശൻ സാറിനെ അസിസ്റ്റ് ചെയ്തത് ഞാനായിരുന്നു. കേസിന്‍റെ ഓരോ സമയത്തും ഞാൻ ഉണ്ടായിരുന്നതിനാൽ എനിക്ക് നാൾവഴികളെല്ലാം മനപ്പാഠമായിരുന്നു. ട്രയൽ തുടങ്ങിയപ്പോൾതന്നെ വാദത്തിനിടെ പ്രോസിക്യൂട്ടർ പലതവണ എന്നോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് കണ്ട് കെമാൽപാഷ ഞാൻ ആരാണെന്ന് അന്വേഷിച്ചു. അഭിഭാഷകരോടൊപ്പം കസേര തന്ന് സുരേശൻ സാറിനെ അസിസ്റ്റ് ചെയ്യാൻ നിർദേശവും നൽകി. മൂന്ന് മാസത്തോളം കേസിൽ വാദമുണ്ടായി.
ഓരോ കാര്യവും പറയുമ്പോൾ ലാപ്ടോപ്പിൽ ഫോട്ടോ കാണിച്ചുകൊടുക്കുകയോ ചിത്രങ്ങൾ ഫ്ലക്സിലടിച്ച് ജഡ്ജിമാർക്ക് കാണാവുന്ന തരത്തിൽ പൊക്കിക്കാണിക്കുകയോ ചെയ്യുമായിരുന്നു ഞാൻ. ബലാത്സംഗത്തിനിടെ നടന്ന മൃഗീയമായ പലകാര്യങ്ങളും പറഞ്ഞ് ഫലിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ ചിത്രങ്ങൾ നന്നായി സംസാരിച്ചിരുന്നു. ജഡ്ജി ചിത്രങ്ങൾ കണ്ട് കണ്ണുപൊത്തിപ്പിടിക്കുക വരെ ചെയ്യാറുണ്ട്. എന്‍റെ കൈയിൽനിന്നും പൈസ മുടക്കിയാണ് ഫ്ലക്സടിച്ചത്. സമൂഹത്തോടുള്ള പ്രതിബദ്ധതയായാണ് ഞാൻ അതിനെ കണ്ടത്. പ്രതിഭാഗം കത്തിക്കയറുമ്പോൾ ജഡ്ജിമാരെ കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. വിചാരണക്കോടതിയുടെ എല്ലാ കണ്ടെത്തലുകളും ഹൈകോടതിയും ശരിവെക്കുകയായിരുന്നു ചെയ്തത്. സുപ്രീംകോടതിയിലാണ് ഇതെല്ലാം പാളിപ്പോയത്.
സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചാണ്. പ്രഫുല്ല സി. പന്തും ഉദയ് ഉമേഷ് ലളിതും ആയിരുന്നു മറ്റ് ജഡ്ജിമാർ. സുപ്രീംകോടതി വിചാരണക്കോടതിയും ഹൈകോടതിയും പ്രതിയായ ഗോവിന്ദച്ചാമിക്ക് നൽകിയ പരമാവധി ശിക്ഷയായ വധശിക്ഷ റദ്ദാക്കി. സുപ്രീംകോടതി അതിന് കാരണമായി പറഞ്ഞത് പ്രതിക്ക് സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്നാണ്. ഒരു കൊലപാതകം നടക്കണമെങ്കിൽ കുറ്റകൃത്യത്തിന് പ്രതികൾക്ക് ഇന്‍റൻഷൻ അല്ലെങ്കിൽ നോളജ് ഉണ്ടാകണം എന്നതാണ് തത്ത്വം.
അതായത്, പ്രതിയെ കരുതിക്കൂട്ടി വധിക്കാൻ ഉദ്ദേശ്യമുണ്ടായിരിക്കുക, അല്ലെങ്കിൽ തന്‍റെ പ്രവൃത്തിമൂലം ഒരാൾ കൊല്ലപ്പെടുമെന്ന അറിവുണ്ടായിരിക്കുക. ഇതുരണ്ടും ഗോവിന്ദച്ചാമിക്ക് ഉണ്ടായിരുന്നില്ല എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ മലർത്തിക്കിടത്തി ബലാത്സംഗം ചെയ്താൽ ആസ്പിരേഷൻ ഉണ്ടാകുമെന്നും അതുമൂലം സൗമ്യ മരിക്കുമെന്നും ഉള്ള മെഡിക്കൽ നോളേജ് ഇല്ലായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം. ഗോവിന്ദച്ചാമിയുടെ ഇന്‍റൻഷൻ ബലാത്സംഗവും മോഷണവുമാണ്. അതിനുള്ള ശിക്ഷ നൽകിയിട്ടുണ്ട്. മാക്സിമം ശിക്ഷ കൊടുത്തതിനുശേഷവും ഒരാളെ തൂക്കിക്കൊല്ലണം എന്ന് എന്തുകൊണ്ടാണ് സ്റ്റേറ്റ് വാശിപിടിക്കുന്നത് എന്നായിരുന്നു കോടതി ചോദിച്ചത്.
പ്രതിയുടെ പ്രവൃത്തിമൂലം ഒരാൾ മരിക്കുമ്പോൾ പ്രതിക്ക് ചുമത്തുന്ന വകുപ്പാണ് 304. 304A IPC എന്ന വകുപ്പ് പ്രതിയുടെ അശ്രദ്ധമൂലം ഒരാൾ മരിക്കാനിടയായാൽ ചുമത്തുന്ന വകുപ്പാണ്. മരണവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് 300 IPC യിൽ പറയുന്നത്. എന്നാൽ, ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്ന 300 IPC യിൽ പെട്ട എല്ലാ വകുപ്പുകളും സുപ്രീംകോടതി എടുത്തുകളയുകയായിരുന്നു. സൗമ്യയെ കൊല്ലണമെന്ന് ഗോവിന്ദച്ചാമിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആയുധം ഉപയോഗിക്കാമായിരുന്നു, ശ്വാസം മുട്ടിക്കാമായിരുന്നു. എന്നാൽ, ഇതൊന്നും പ്രതി ചെയ്തിട്ടില്ല. പൊലീസിന്‍റെ അസാന്നിധ്യത്തിൽ ഡോക്ടർമാറുടെ പക്കൽ പ്രതി നടത്തിയ കുറ്റസമ്മതവും സുപ്രീംകോടതി പരിഗണിച്ചില്ല. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയായതിനാൽ ഇതിനെ എക്സ്ട്രാ ജുഡീഷ്യൽ കൺഫഷനായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തൽ. വിചാരണക്കോടതി ഇത് തെളിവായി സ്വീകരിച്ചിരുന്നു.
വധശിക്ഷ റദ്ദാക്കാനായി മൂന്നാമതായി സുപ്രീംകോടതി പറഞ്ഞ കാരണം, “ആ കുട്ടിയൊക്കെ ചാടി രക്ഷപ്പെട്ടുപോയി” എന്നും മറ്റുമാണ് ഒരാൾ പറഞ്ഞത് എന്ന് േപ്രാസിക്യൂഷൻ സാക്ഷികൾ പറഞ്ഞിരിക്കുന്നതെന്നും തള്ളിയിട്ടു എന്ന് പറഞ്ഞിട്ടില്ല എന്നുമാണ് കണ്ടെത്തിയത്. ട്രെയിന്‍റെ ചെയിൻ വലിച്ച് നിർത്താനുള്ള രണ്ട് സാക്ഷികളുടെ ശ്രമത്തെ തടഞ്ഞ ആ സാക്ഷിയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, റെയിൽവേ സ്റ്റേഷൻമാസ്റ്ററിന്‍റെയും ഗാർഡിന്‍റെയും രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് തമിഴനും തമിഴത്തിയും ചാടിപ്പോയി എന്നാണ്, തള്ളിയിട്ടു എന്നല്ല.
എന്നാൽ, ചാടിയ ഒരാൾക്ക് ഉണ്ടാകാവുന്ന പരിക്കുകളല്ല സൗമ്യക്ക് ഉണ്ടായിരുന്നത് എന്നും തള്ളിയിട്ടതുമൂലമാണ് വേഗത കുറവായിരുന്നിട്ടുപോലും സൗമ്യക്ക് തലയിൽ ഉൾെപ്പടെ ഗുരുതര പരിക്കേറ്റതെന്നുമുള്ള ഡോക്ടറുടെ റിപ്പോർട്ട് കോടതി മുഖവിലക്കെടുത്തില്ല എന്നതാണ് വിഷമകരം. ആയുധമില്ലാതെ ഗുരുതരമായി പരിക്കേൽപിച്ച് മൃതപ്രായയാക്കുന്നതിനുള്ള വകുപ്പാണ് 325 IPC. ആ വകുപ്പ് സുപ്രീംകോടതി സ്വമേധയാ ചേർക്കുകയും അതിന് ഏഴു വർഷത്തെ ശിക്ഷ ഗോവിന്ദച്ചാമിക്ക് കൂടുതൽ കൊടുക്കുകയും ചെയ്തു. 302 IPC എടുത്തുകളയുകയും 325 IPC കൂട്ടിച്ചേർക്കുകയുമായിരുന്നു സുപ്രീംകോടതി ചെയ്തത്. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒരു പ്രതിയെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമായിരുന്നില്ല.
ഗോവിന്ദച്ചാമി ട്രെയിനിന്‍റെ ഡോറിൽ സൗമ്യയുടെ തലയിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപിച്ചുവെന്നുള്ളത് മരണകാരണമായെന്നും ഡോക്ടറുടെ റിപ്പോർട്ടിലാണ് പറയുന്നത്. അത് കോടതിക്ക് സ്വീകാര്യമായിരുന്നു. അതേ ഡോക്ടർതന്നെ ആ പരിക്കിൽ പിറ്റ്യൂറ്ററി ഗ്ലാൻഡിനേറ്റ സാരമായ തകരാറ് മൂലം സൗമ്യക്ക് സ്വയം നിയന്ത്രിക്കാനാകുമായിരുന്നില്ലെന്നും (അതിനാൽ ചാടാൻ കഴിയുമായിരുന്നില്ലെന്നും) അങ്ങനെയാണ് തള്ളിയിട്ട സൗമ്യ ട്രാക്കിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റതെന്നും പറയുന്നത് കോടതിക്ക് സ്വീകാര്യമായില്ല. പിറ്റ്യൂറ്ററി ഗ്ലാൻഡിനേറ്റ ഒന്നാം നമ്പർ മുറിവ് ഉണ്ടാക്കിയതും മോഷ്ടിച്ചതും അതിക്രമിച്ചുകടന്നതും ഗോവിന്ദച്ചാമിയാണെന്ന് അംഗീകരിക്കുന്ന കോടതി ട്രെയിനിൽനിന്ന് താഴെ വീണതുകൊണ്ടുണ്ടായ രണ്ടാമത്തെ മുറിവ് പ്രതി ഉണ്ടാക്കിയതാണെന്ന് അംഗീകരിക്കുന്നില്ല. സംഭവസമയത്ത് പ്രതിയോ ഇരയോ അല്ലാതെ മൂന്നാമതൊരാൾ എവിടെയും ഇല്ലതാനും.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് കേരളത്തിൽ വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. സംസ്ഥാന സർക്കാറിനും അത് വലിയ നാണക്കേടുണ്ടാക്കി. ഞാനും സ്പെഷൽ പ്രോസിക്യൂട്ടറും സന്ധ്യ മാഡവും ഉടൻതന്നെ ഡൽഹിയിലേക്ക് പോയി. അന്നത്തെ അറ്റോണി ജനറലായ മുകൾ റോത്തഗിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. മൂന്ന് ദിവസം പലപ്പോഴായി ക്ഷമയോടെ അദ്ദേഹം ഞങ്ങൾ പറയുന്നത് കേട്ടിരുന്നു. (സുപ്രീംകോടതിയിലെ അറ്റോണി ജനറലിന്‍റെ മുന്നിൽ മൂന്നുദിവസം ഹാജരാകുകയും കേസിനെക്കുറിച്ച് വിശദീകരിക്കുകയും ഒക്കെ ചെയ്യാൻ കിട്ടിയ സന്ദർഭം ജീവിതത്തിലെ വലിയ അനുഭവമായാണ് ഞാൻ കാണുന്നത്.) സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകി.
ഒരു പെൺകുട്ടി ബിൽഡിങ്ങിൽനിന്ന് ചാടിമരിച്ച സംഭവത്തിൽ ഇതേ ബെഞ്ച് നേരത്തേ വധശിക്ഷ നൽകിയിട്ടുണ്ട്. പ്രതി പിന്നാലെ വരുന്നതുകണ്ട് പെൺകുട്ടി എടുത്തുചാടുകയായിരുന്നു. പ്രതി തള്ളിയിട്ടതല്ല. എന്നാൽ ആ കേസിൽ 302 IPC വകുപ്പ് ചുമത്തി കൊലപാതകം എന്ന വകുപ്പ് ചുമത്തിയാണ് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് ശിക്ഷ നൽകിയിട്ടുള്ളത്. അക്കാര്യം അറ്റോണി ജനറൽ ചൂണ്ടിക്കാണിച്ചിരുന്നു. അക്കാര്യം പറഞ്ഞപ്പോൾ കോടതി പറഞ്ഞത്, ആ കേസിൽ പ്രതിയും ഇരയും നേരത്തേ പരിചയക്കാരായിരുന്നു എന്നാണ്. ഈ കേസിൽ അതില്ലായിരുന്നു.
സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ എടുത്തുകളഞ്ഞതോടെ സെൻസേഷനലായ കേസ് ഒന്നുകൂടി സെൻസേഷനലായി. ജസ്റ്റിസ് കട്ജു സൗമ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതുകൂടി ആയതോടെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധകൂടി ഈ കേസിലേക്ക് തിരിഞ്ഞു. നിയമവൃത്തങ്ങളിലും ഇത് വലിയ ചലനമാണ് സൃഷ്ടിച്ചത്. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ വിധിയെ മുൻ ജസ്റ്റിസ് വിമർശിച്ചത് ഇന്ത്യയിലെ നിയമചരിത്രത്തിൽതന്നെ ആദ്യത്തെ സംഭവമായിരുന്നു. എന്തായാലും റിവ്യൂ പെറ്റീഷൻ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളി. പിന്നീട് ക്യുറേറ്റിവ് പെറ്റീഷൻ നൽകി. അതും കോടതി തള്ളി. പിന്നീട് ഈ കേസിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മാത്രമല്ല, വിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ജസ്റ്റിസ് കട്ജുവിനെ കോടതിയിൽ വിളിച്ചുവരുത്തി കോടതി അലക്ഷ്യത്തിന് കേസെടുത്തു. കേസിൽ മാപ്പ് പറഞ്ഞതിന് ശേഷമാണ് ജസ്റ്റിസ് കട്ജു ശിക്ഷയിൽനിന്ന് ഒഴിവായത്.
സർക്കാറിന്റെ പരിമിതികൾ
കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ രേഖകളെല്ലാം മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേണ്ടിവന്നു. ഭാരിച്ച ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു ഇത്. രേഖകൾ വിവർത്തനം ചെയ്യാനായി ഓർഡറും വന്നു. കേസും കഴിഞ്ഞ് അന്വേഷണസംഘവും പിരിച്ചുവിട്ട് എല്ലാം അവസാനിച്ച അവസ്ഥയിലായിരുന്നു അന്ന്. എല്ലാവരും പോയി, ട്രാൻസ്ലേറ്റ് ചെയ്യാൻ വേണ്ട കാര്യങ്ങൾ ചെയ്യാനായി ഏൽപിച്ചതും എന്നെത്തന്നെ. നിയമപരമായ കാര്യമായതിനാൽ വിവർത്തനത്തിന് അഭിഭാഷകരെത്തന്നെ ഏൽപിക്കണമെന്ന് തീരുമാനമായി. ഹൈകോടതിയിൽ വിവർത്തനം ചെയ്തുകൊടുക്കുന്ന അഭിഭാഷകരുടെ തന്നെ ധാരാളം ഓഫിസുകളുണ്ട്. ഒരു പേജിന് 120, 180 രൂപയായിരുന്നു ഫീസ്. വലിയ സാമ്പത്തിക ചെലവ് ഭയന്ന് തൃശൂരുള്ള പ്രാക്ടീസ് ചെയ്യാത്ത കുറച്ച് പ്രായമായ ഒരു അഭിഭാഷകനെ വിവർത്തനം ചെയ്യാനായി ഏൽപിച്ചു.

കെ.എ. മുഹമ്മദ് അഷ്റഫ്, ഗോവിന്ദച്ചാമി
ഞാനും ഹബീബും കൂടിയാണ് ആ ജോലി ഏറ്റെടുത്തത്. ഞാൻ മലയാളത്തിൽ വായിക്കും. അഭിഭാഷകൻ അത് ഇംഗ്ലീലേക്ക് വിവർത്തനം ചെയ്ത് പറയും. ഹബീബ് അത് ടൈപ് ചെയ്യും. അങ്ങനെ മൂന്നു മാസത്തോളമെടുത്താണ് ഞങ്ങൾ ആ ജോലി പൂർത്തിയാക്കിയത്. അങ്ങനെ വിവർത്തനം ചെയ്ത രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടു. സുപ്രീംകോടതിയിൽ കേസ് അസിസ്റ്റ് ചെയ്യാനായി സ്പെഷൽ പ്രോസിക്യൂട്ടർ സുരേശൻ സാർ, എസ്.പി രാധാകൃഷ്ണൻ സാർ, സുപ്രീംകോടതിയിൽ കേസ് നടത്താൻ സ്റ്റാൻഡിങ് കൗൺസിൽ ജോബ് സ്കറിയ എന്നിവരോടൊപ്പം ഞാനും നിയമിതനായി. ആ സമയം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെകുറിച്ചും ഞങ്ങൾ ജോബി സ്കറിയയുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഇതിനിടെയാണ് സംസ്ഥാനത്ത് പുതിയ സർക്കാർ വന്നത്. ഇതോടൊപ്പം പഴയ സ്റ്റാൻഡിങ് കൗൺസിൽ മാറി പുതിയ സ്റ്റാൻഡിങ് കൗൺസിലും വന്നു. സീനിയർ സ്റ്റാൻഡിങ് കൗൺസിലായ റിട്ടയേഡ് ജസ്റ്റിസ് തോമസ് പി. ജോസഫിനായിരുന്നു ചുമതല. സുപ്രീംകോടതിയിൽ കേസ് പോസ്റ്റ് ചെയ്തതൊന്നും ഞങ്ങളറിഞ്ഞില്ല. വിധി വന്നപ്പോഴാണ് ഞങ്ങളറിയുന്നതു തന്നെ വധശിക്ഷ റദ്ദാക്കിയെന്നും പുതിയ സ്റ്റാൻഡിങ് കൗൺസിൽ വന്നുവെന്നും ഞങ്ങളറിഞ്ഞത്. സെൽഫ് ഗോൾ അടിച്ചുഎന്നാണ് സുപ്രീംകോടതിപോലും അതേക്കുറിച്ച് പറഞ്ഞത്.
സുപ്രീംകോടതിയിലേക്കുള്ള രേഖകൾ വിവർത്തനംചെയ്ത കാര്യം പറഞ്ഞല്ലോ. പ്രിന്‍റ് എടുത്ത് ബൈൻഡ് ചെയ്ത് ഞങ്ങൾ സുപ്രീംകോടതിയിൽ കൊടുത്തു. അതായിരുന്നു ഞങ്ങളെ ഏൽപിച്ച ജോലി. പക്ഷേ, അഭിഭാഷകന് സർക്കാർ ഇതിന്‍റെ പണം നൽകിയില്ല. അവസാനം പണം ലഭിക്കാനായി അഭിഭാഷകൻ എന്‍റെ പേരിൽ വക്കീൽ നോട്ടീസ് അയക്കേണ്ട ഘട്ടം വരെയെത്തി. പാവം വക്കീലായിരുന്നു അയാൾ. അവസാനം എസ്.പിയും ഡിവൈ.എസ്.പിയും ചേർന്ന് എങ്ങനെയൊക്കെയോ പിന്നീട് പരിഹരിക്കുകയായിരുന്നു.
ഓരോ സ്ഥലങ്ങളിലേക്കും പെട്ടെന്ന് ‘അഷ്റഫേ പോകൂ’ എന്ന് മേലുദ്യോഗസ്ഥർ പറയുമ്പോൾ ഫ്ലൈറ്റിൽ കയറിപ്പോകേണ്ട ആവശ്യമുണ്ടെങ്കിൽ അങ്ങനെ പോകുകയാണ് പതിവ്. അവസാനം ട്രാവൽ ഏജൻസിക്കാർ എന്നെ വിളിച്ച് പൈസ ചോദിക്കും. എന്തുചെയ്യാനാണ്. ഞാനല്ല ടിക്കറ്റെടുത്ത് എന്ന് പറഞ്ഞാലും, നിങ്ങളാണ് യാത്ര ചെയ്തത് എന്ന് പറഞ്ഞാണ് അവർ വക്കീൽ നോട്ടീസയക്കുക. സെക്രട്ടേറിയറ്റിൽനിന്നും കൊടുക്കേണ്ട പണമാണ്. സർക്കാർ കാര്യം പലപ്പോഴും പതുക്കെയാണല്ലോ നടക്കുക.
സൗമ്യ കേസിൽ സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ ഇടക്കിടെ ഡൽഹിക്ക് ഫ്ലൈറ്റിൽ പോകേണ്ടിവന്നിട്ടുണ്ട്. സന്ധ്യ മാഡവും ഉണ്ടാകും. പക്ഷേ എന്‍റെ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഫ്ലൈറ്റിൽ യാത്രചെയ്യാൻ അനുവാദമില്ല. പല കേസുകൾക്കുവേണ്ടി പുണെയിലും ഝാർഖണ്ഡിലും ബിഹാറിലും ഒക്കെ പെട്ടെന്ന് ആവശ്യം വരുമ്പോൾ ഫ്ലൈറ്റിൽ പോകേണ്ടിവന്നിട്ടുണ്ട്. മാക്സിമം ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റിലാണ് എന്‍റെ റാങ്കിലുള്ളവർക്ക് പോകാൻ കഴിയൂ. അവസാന നിമിഷത്തിൽ യാത്ര ചെയ്യേണ്ടിവരുന്നതുമൂലം ഫ്ലൈറ്റിൽ യാത്രചെയ്യേണ്ടതായി വരും. ഈ ഘട്ടത്തിൽ യാത്രചെയ്തിരുന്നത് മേലുദ്യോഗസ്ഥർ എനിക്ക് എടുത്ത് തരുന്ന ഫ്ലൈറ്റ് ടിക്കറ്റിലാണ്. അവസാനം റിക്കവറിക്ക് നോട്ടീസ് വരും. നമ്മുടെ സിസ്റ്റം അങ്ങനെയാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ C-46 നമ്പറായി കഴിഞ്ഞ് വരുന്ന പ്രതി ഗോവിന്ദച്ചാമി 2025 ജൂലൈ 25ന് ജയിൽചാടിയെങ്കിലും പിടിക്കപ്പെട്ടു. ഇപ്പോൾ തൃശൂരിലെ അതിസുരക്ഷ ജയിലിലാണ് ഇയാൾ കഴിയുന്നത്. എന്തായാലും സൗമ്യ-ഗോവിന്ദച്ചാമി കേസിന്‍റെ എല്ലാ നടപടിക്രമങ്ങളും ഇപ്പോൾ അവസാനിച്ചു.