Begin typing your search above and press return to search.
proflie-avatar
Login

പട്ടികവിഭാഗങ്ങളുടെ സാമ്പത്തിക ആരോഗ്യം

പട്ടികവിഭാഗങ്ങളുടെ   സാമ്പത്തിക ആരോഗ്യം
cancel

കേരള മുഖ്യമന്ത്രി നിയമസഭയിൽ ​െവച്ച ധവളപത്രം ഗൗരവമായ ചർച്ച അർഹിക്കുന്നുണ്ട്. അതിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ചെലവഴിച്ച തുകയും നീക്കിെവച്ച തുകയും വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദുർബലവിഭാഗങ്ങളെ എല്ലാ മേഖലയിലും സർക്കാർ അവഗണിക്കുന്നതെന്ന ചോദ്യത്തിന് ധവളപത്രം ഉത്തരം നൽകുന്നുണ്ടോ? കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ (fiscal health) സംബന്ധിച്ച്‌ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം ഞെട്ടലോടെയാണ് കേരളം സ്വീകരിച്ചത്. കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടം 5.07 ലക്ഷം കോടി രൂപ എന്നാണ് ധവളപത്രത്തിലെ വെളിപ്പെടുത്തൽ. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മാത്രമല്ല...

Your Subscription Supports Independent Journalism

View Plans
കേരള മുഖ്യമന്ത്രി നിയമസഭയിൽ ​െവച്ച ധവളപത്രം ഗൗരവമായ ചർച്ച അർഹിക്കുന്നുണ്ട്. അതിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ചെലവഴിച്ച തുകയും നീക്കിെവച്ച തുകയും വ്യക്തമാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദുർബലവിഭാഗങ്ങളെ എല്ലാ മേഖലയിലും സർക്കാർ അവഗണിക്കുന്നതെന്ന ചോദ്യത്തിന് ധവളപത്രം ഉത്തരം നൽകുന്നുണ്ടോ?

കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ (fiscal health) സംബന്ധിച്ച്‌ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രം ഞെട്ടലോടെയാണ് കേരളം സ്വീകരിച്ചത്. കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടം 5.07 ലക്ഷം കോടി രൂപ എന്നാണ് ധവളപത്രത്തിലെ വെളിപ്പെടുത്തൽ. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മാത്രമല്ല വ്യക്തമാക്കുന്നത്, നാളിതുവരെ നമ്മുടെ ഭരണാധികാരികൾ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തങ്ങളുടെ ധൂർത്തും ആഡംബരവും സ്വജനപക്ഷപാതവും കൊണ്ട് എങ്ങനെ തകർത്തു തരിപ്പണമാക്കി എന്നതിന്റെ കൂടി നേർചിത്രമാണ് വരച്ചുകാട്ടിയത്. അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാർക്കുമേൽ ഒരു ഇടിത്തീയായി വന്നു പതിച്ചിരിക്കുന്നു എന്നതാണ് ഈ ധൂർത്തിന്റെയും ആഡംബരത്തിന്റെയും ഖജനാവ് കൊള്ളയുടെയും അനന്തരഫലം.

ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രേഖകളെ സംബന്ധിച്ചോ അതിലെ കണക്കുകളെ സംബന്ധിച്ചോ അത് തയാറാക്കിയ വിദഗ്ധരുടെ മികവിനെ സംബന്ധിച്ചോ പ്രതിപക്ഷത്തിന് തർക്കമില്ല. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംസ്ഥാനത്തിന് 6 ലക്ഷം കോടി രൂപയുടെ കടമുണ്ട് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ധവളപത്രത്തിന്റെ കണക്കുകൾ പ്രകാരം അത് കേവലം 5. 07 ലക്ഷം കോടി രൂപ മാത്രമാണെന്നും, അതിനാൽ മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു എന്ന വിമർശനമാണ് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ചത്.

എത്രയോ നാണംകെട്ട ഒരു വിമർശനമാണ് മുൻ ധനകാര്യ മന്ത്രിയുടേതെന്ന് വ്യക്തം. ചട്ടങ്ങൾ പാലിക്കാതെയാണ് ധവളപത്രം തയാറാക്കിയതെന്ന ആക്ഷേപമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനുള്ളത്. എന്നാൽ, ഏതു നിയമമാണ്, ഏത് ചട്ടമാണ് ലംഘിച്ചതെന്ന് പറയാൻ ഈ നിമിഷം വരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ധവളപത്രം തയാറാക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചു എന്ന ആക്ഷേപമാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിനുള്ളത്. പരിഹാസ്യമായ ഇത്തരം വിമർശനങ്ങൾക്കപ്പുറം വസ്തുനിഷ്ഠമായ ഒരു വിമർശനവും ധവളപത്രത്തെ സംബന്ധിച്ച് പ്രതിപക്ഷംപോലും ഉന്നയിച്ചുകണ്ടില്ല.

സംസ്ഥാനത്തിന്റെ പൊതു ധനവിനിയോഗം (public finance) രണ്ടുനിലക്കാണ് നിർവഹിക്കപ്പെടുന്നത്. 1. പദ്ധതി ചെലവുകൾ (plan expenditure), 2. പദ്ധതിയിതര ചെലവുകൾ (non-plan expenditure). ഇതിൽ പദ്ധതി ചെലവുകളാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സേവന മേഖലകളിലും ചെലവഴിക്കുക. പദ്ധതിയിതര ചെലവുകൾ ശമ്പളം, പെൻഷൻ, സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പലിശ എന്നിവക്കായാണ് വിനിയോഗിക്കുന്നത്. പദ്ധതിയിതര ചെലവുകൾക്കായി സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ചെലവഴിക്കപ്പെടുന്നു എന്ന ധവളപത്രത്തിന്റെ വെളിപ്പെടുത്തൽ ഓരോ മലയാളിയും ഗൗരവപൂർവം വിലയിരുത്തേണ്ടതാണ്. പൗരന്റെ നികുതിപ്പണം അക്ഷരാർഥത്തിൽ വിഴുങ്ങുന്ന ഉദ്യോഗസ്ഥ മേഖലയുടെ (government servants) സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കാൻ ജനങ്ങൾതന്നെ മുൻകൈയെടുത്തേ മതിയാവൂ. തങ്ങൾ സർക്കാർ ജീവനക്കാരല്ല ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന ജനസേവകരാണ് എന്ന് ഈ കൂട്ടരെ ജനം ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പദ്ധതിയിതര ചെലവുകൾക്കായി ഇത്രയധികം തുക ചെലവഴിക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം പദ്ധതിയിതര ചെലവുകൾ റവന്യൂ വരുമാനത്തിന്റെ 50 ശതമാനത്തിനും താഴെയാണ്. റവന്യൂ വരുമാനത്തിന്റെ കേവലം 23 ശതമാനം മാത്രമാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സേവന മേഖലകളിലും ചെലവഴിക്കുന്നത്. ഇത് ഒട്ടും അശ്വാസകരമല്ല. ജനങ്ങൾ അവരുടെ നികുതിപ്പണം സർക്കാറിനെ ഏൽപിക്കുന്നത് സമൂഹത്തിന്റെ പൊതുനന്മയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്.

അല്ലാതെ, ചില വെള്ളാനകളെ തീറ്റിപ്പോറ്റാൻ വേണ്ടിയല്ല. ഈ വെള്ളാനകളെ സംബന്ധിച്ച് ധവളപത്രം പറയുന്നത്, these beneficiaries are organised and politically visible എന്നാണ്. അതായത്, അസംഘടിതരും രാഷ്ട്രീയമായി അദൃശ്യരുമായ ജനങ്ങൾ അപ്രസക്തമാക്കപ്പെടുന്ന വികസന മാതൃകയാണ് കേരളത്തിൽ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള മോഡൽ വികസനം എന്നതാണ് ധവളപത്രത്തിന്റെ കണ്ടെത്തൽ.

റവന്യൂ വരുമാനത്തിന്റെ കേവലം 23 ശതമാനം ചെലവഴിക്കപ്പെടുന്ന പദ്ധതി ചെലവുകളിൽ (plan expenditure) രണ്ട് മേഖലകളിൽ മാത്രമാണ് വർധനയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. 1. പൊതുസേവനങ്ങൾ. 2. സാമ്പത്തിക സേവനങ്ങൾ. പൊതുസേവനങ്ങളിൽ പൊതുഭരണം, ക്രമസമാധാനം, സുരക്ഷ എന്നിവ ഉൾപ്പെടുന്നു. 2017-18 കാലയളവിൽ പദ്ധതി ചെലവുകളില്‍ 2.53 ശതമാനം മാത്രമായിരുന്നു പൊതുസേവന മേഖലയിൽ ചെലവഴിച്ചതെങ്കിൽ ഇന്നത് 16.13 ശതമാനമായി വർധിച്ചിരിക്കുന്നു.

വിവിധ മേഖലകളിലെ സാമ്പത്തിക പുരോഗതി ലക്ഷ്യംവെക്കുന്ന സാമ്പത്തിക സേവന മേഖലക്കായി 2017-18 കാലയളവിൽ പദ്ധതി ചെലവുകളില്‍നിന്നും 38.29 ശതമാനമാണ് ചെലവഴിച്ചതെങ്കിൽ ഇന്നത് 47.52 ശതമാനമായി വർധിച്ചിരിക്കുന്നു. എന്നാൽ, സാമൂഹിക സേവന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിൽ 2017-18 കാലയളവിൽ 53.78 ശതമാനമാണ് ചെലവഴിച്ചതെങ്കിൽ ഇന്നത് 30.6 8 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കൊട്ടിഗ്ഘോഷിച്ച കേരള വികസന മാതൃകയുടെ നേർചിത്രമാണ് ധവളപത്രം അനാവരണം ചെയ്യുന്നത്.

 

പട്ടികജാതിക്ഷേമ മന്ത്രി കെ.എ. തുളസി മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം

രാജ്യത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച വ്യക്തമായ വികസന നയം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. പഞ്ചവത്സര പദ്ധതികൾക്ക് കീഴിൽ വേറിട്ടതും, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ നേരിട്ട് ലക്ഷ്യംവെക്കുന്നതുമായ ഉപപദ്ധതികളാണ് (sub plan) സർക്കാർ ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. 1974ൽ തുടക്കം കുറിച്ച പട്ടികവർഗ ഉപപദ്ധതി (TSP), 1979ൽ തുടക്കം കുറിച്ച പട്ടികജാതി ഉപപദ്ധതി (SCP. ഇന്നത് SCSP) ഈ വിഭാഗം ജനങ്ങളുടെ വികസനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതികളാണ്.

SCSP/TSPയിൽ ഈ വിഭാഗം ജനങ്ങളുടെ ജനസംഖ്യക്കാനുപാതികമായി തുക വകയിരുത്തണം എന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. ആ നിലയിൽ പരിശോധിക്കുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്കായി പദ്ധതി ചെലവിനത്തിൽനിന്നും 9.81 ശതമാനവും പട്ടികവർഗ വിഭാഗങ്ങൾക്കായി 2.83 ശതമാനവും വകയിരുത്തേണ്ടതാണെന്ന് ധവളപത്രം വ്യക്തമാക്കുന്നു. എന്നാൽ, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് കഴിഞ്ഞ സർക്കാർ ഈ വിഭാഗങ്ങളെ പൂർണമായും അവഗണിച്ചു എന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. ഈ ഉപപദ്ധതികളിൽ ഈ വിഭാഗം ജനങ്ങളുടെ ജനസംഖ്യക്കാനുപാതികമായ തുക വകയിരുത്തപ്പെടുന്നില്ല എന്ന് മാത്രമല്ല, വകയിരുത്തുന്ന തുകയുടെ പകുതിപോലും ചെലവഴിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് ധവളപത്രം പങ്കുവെക്കുന്നത്.

പട്ടികജാതി ഉപപദ്ധതിയിൽ 2017-18 കാലയളവിലാണ് പട്ടികജാതി വികസന വകുപ്പ് വഴി നടന്നിട്ടുള്ള ഏറ്റവും ഉയർന്ന ചെലവഴിക്കൽ 89.3 ശതമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കുറഞ്ഞ ചെലവഴിക്കൽ 2019-20 കാലഘട്ടത്തിലായിരുന്നു (45.72 ശതമാനം). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയായി 2020-21 കാലഘട്ടത്തിൽ 90.05 ശതമാനത്തിന്റെ ഉയർന്ന ചെലവഴിക്കലും, 2019-20 കാലഘട്ടത്തിലെ 49.60 ശതമാനത്തിന്റെ കുറഞ്ഞ ചെലവഴിക്കലുമാണ് നടന്നിട്ടുള്ളതെന്ന് ധവളപത്രം വ്യക്തമാക്കുന്നു.

 

കഴിഞ്ഞ സർക്കാറിലെ പട്ടികജാതിക്ഷേമ മന്ത്രി ഒ.ആർ. കേളു

പട്ടികവിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പിനത്തിൽ 377 കോടി രൂപ കുടിശ്ശികയുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. SC/ST/OBC/Minorities എന്നിവർക്കായുള്ള സാമൂഹിക സുരക്ഷാപദ്ധതികൾക്കായി പദ്ധതി ചെലവിന്റെ കേവലം 03.85 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന ധവളപത്രത്തിലെ കണ്ടെത്തൽ ഇടതുപക്ഷത്തിന്റെ വികസന വായ്ത്താരിയുടെ സവർണപക്ഷപാതിത്വം വ്യക്തമാക്കുന്നു.

ഇതിനേക്കാൾ ഒക്കെ വിചിത്രമായി തോന്നിയത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഇടത് സർക്കാർ ആരംഭിച്ച കിഫ്‌ബി എന്ന ‘സാമ്രാജ്യത്തിന്റെ’ പ്രവർത്തനങ്ങളെ സംബന്ധിച്ച ധവളപത്രത്തിലെ കണ്ടെത്തലുകളാണ്. കിഫ്‌ബി വഴിയായി നടത്തിയ വികസന പ്രവർത്തനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾക്കായി ചെലവഴിച്ചത് കേവലം 0.07 ശതമാനം മാത്രമാണ്. പട്ടികവർഗ വിഭാഗങ്ങൾക്ക് ആകട്ടെ അത് 0.04 ശതമാനവും 0.02 ശതമാനവും മാത്രമാണ്. ബജറ്റിതര കടമെടുപ്പിന്റെയും ചെലവഴിക്കലിന്റെയും ഇരകൾ സംസ്ഥാനത്തെ പട്ടികവിഭാഗങ്ങളാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ടാണ് ദുർബല വിഭാഗങ്ങളെ എല്ലാ മേഖലയിലും സർക്കാർ അവഗണിക്കുന്നതെന്ന ചോദ്യത്തിന് ധവളപത്രം ഒരുത്തരം നൽകുന്നുണ്ട്. ധവളപത്രം പറയുന്നു, periods of fiscal crisis compel governments to curtail expenditures that are relatively flexible and attract less political resistance. അതായത് വളയുന്ന നട്ടെല്ലുള്ള ജനവിഭാഗങ്ങളുടെയും ദുർബലമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ കഴിയുന്ന സാമൂഹിക വിഭാഗങ്ങളെയുമാണ് സർക്കാർ എല്ലാ നിലയിലും അവഗണിക്കുന്നതെന്നാണ് ധവളപത്രത്തിന്റെ വിലയിരുത്തൽ. കേരളത്തിലെ മുഴുവൻ പട്ടികവിഭാഗ സംഘടനകളും നേതാക്കളും ജനങ്ങളും ഈ വാക്കുകളെ സ്വയംവിമർശനപരമായി പരിശോധിക്കേണ്ടതാണ്.

ധവളപത്രത്തിലെ ഈ വാക്കുകളെയോർത്ത് ഒരോ പട്ടികവിഭാഗക്കാരനും ലജ്ജതോന്നേണ്ടതാണ് (അങ്ങനെ ഒന്നുണ്ടെങ്കിൽ). ഈ വിഭാഗങ്ങൾ പുലർത്തുന്ന അന്ധമായ രാഷ്ട്രീയ വിധേയത്വവും നേതാക്കളുടെ വ്യക്തിപരമായ സ്വാർഥ താൽപര്യങ്ങളും ചിലരുടെ സാമ്പത്തിക താൽപര്യങ്ങളും കാരണം സമുദായ താൽപര്യം പൂർണമായും അവഗണിക്കപ്പെടുന്നു. റബർപോലെ വളയുന്ന നട്ടെല്ലുള്ള ഓരോ പട്ടികവിഭാഗക്കാരനും ധവളപത്രത്തിലെ ഈ വിലയിരുത്തലിനു ഉത്തരവാദികളാണ്.

സവർണരെ കുറ്റപ്പെടുത്തി കാലം കഴിക്കാതെ വെല്ലുവിളികളെ നേരിടാൻ സ്വയം സജ്ജരാകുന്ന, സ്വയം മാറ്റത്തിന് വിധേയരാവുന്ന ഒരു പുത്തൻ സമീപനം ഈ വിഭാഗം ജനങ്ങളിൽനിന്നും ഉയർന്നുവരേണ്ടതുണ്ട്. ആനുകൂല്യങ്ങൾക്ക് വേണ്ടിയല്ല, ഭരണഘടനാപരവും നിയമപരവുമായ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി, ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ കഴിയുന്ന, വികസന പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന ഒരു പുതുസമീപനം ഈ വിഭാഗം ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ധവളപത്രം വിരൽചൂണ്ടുന്നത്.

News Summary - Budgetary Deception and SC/ST Marginalization in Kerala