Begin typing your search above and press return to search.
proflie-avatar
Login

വാഴയിലയും മീനും ആശാനും

വാഴയിലയും മീനും ആശാനും
cancel
ദു​ര​വ​സ്ഥ​യെ, 1921ലെ ​ഹി​ന്ദു​വം​ശ​ഹ​ത്യ​യു​ടെ മാ​നി​ഫെ​സ്റ്റോ​യാ​യി തി​രു​ത്തി വാ​യി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ർ ധൈ​ഷ​ണി​ക പ​രി​ശ്ര​മം, വി​ദ്വേ​ഷ വാ​യ​ന​യു​ടെ മാ​തൃ​ക​യാ​യി ഒ​രു​പ​ക്ഷനി​ല​നി​ന്നേ​ക്കും!

‘കുമാരനാശാന്റെ തറവാട്ടിൽ മീൻചന്ത: അനുവാദം നൽകിയത് ഇടത് പഞ്ചായത്ത് ഭരണസമിതി’. സംഭ്രമജനകമാണ് ‘ജന്മഭൂമി’ വാർത്ത!

മലയാളത്തിന്റെ അഭിമാനമായ കുമാരനാശാന്റെ ജ്വലിക്കുന്ന സ്മരണകളെ മുൻനിർത്തി അടുത്തിടെയായി മൂന്നാമത്തെ തവണയാണ് സംഘ്പരിവാർ പ്രതിഭകൾ, വിദ്വേഷ പ്രചാരണങ്ങളുടെ വെടിപൊട്ടിക്കുന്നത്. ഒന്നാമത്തേത് ആശാന്റെ പ്രശസ്തമായ ‘ദുരവസ്ഥ’ എന്ന കാവ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു. അത് ദയനീയമാംവിധം ചീറ്റിപ്പോവുകയാണുണ്ടായത്. ദുരവസ്ഥ തുടങ്ങുന്ന,

‘മുമ്പോട്ടു കാലം കടന്നു പോയിടാതെ

മുമ്പേ സ്മൃതികളാൽ കോട്ടകെട്ടി

വമ്പാർന്നനാചാര, മണ്ഡലച്ഛത്രരായ്

നമ്പൂരാർ വളരുന്ന നാട്ടിൽ.’

എന്ന ഭാഗം കാണാതെ, ‘ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ’ എന്നിടത്തുനിന്നാണവർ ദുരവസ്ഥ വായന തുടങ്ങിയത്. 1921ലെ ചോരവാർന്ന ഏറനാടവർ അത്ര ശരിയല്ലാത്ത വിധത്തിലാണെങ്കിലും ഒന്നുകണ്ടു! എന്നാൽ ആ ഏറനാടിനെയടക്കം ഇന്ത്യയെയാകെ കാൽച്ചുവട്ടിലിട്ട് കശക്കിയ ദുരവസ്ഥ ആരംഭിക്കുന്ന മനുകോട്ടയും ജാതിജയിലും ആശാൻ സ്പെഷൽ തയാറാക്കിയ ‘ജാതിപ്പൊടി’യും അവർ കണ്ടില്ല. ‘വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന് വിശേഷിപ്പിക്കപ്പെട്ട കുമാരനാശാനെ സവർക്കറിന്റെ ഉത്തമശിഷ്യ പദവിയിലേക്ക് എത്ര ആവേശത്തോടെയാണ് ആശാന്റെ ദുരവസ്ഥ എന്നൊരൊറ്റ കൃതി മാത്രം വെച്ചവർ ഉയർത്തിയത്!

ദുരവസ്ഥ രചനയിൽ പലവിധ കാരണങ്ങളാൽ ആശാന് വന്നുപെട്ട പരിമിതികൾ നിലനിൽക്കെത്തന്നെ,

‘ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ

ചിന്തിതം സാധിച്ചു രത്നഗർഭേ’ എന്നാശിച്ച ആ മഹാകവിയെ സംഘ്പരിവാർ സ്വന്തം പുനരുത്ഥാനസംസ്കാരത്തിലേക്ക് സങ്കോചിപ്പിച്ചു. ആശാൻ ശ്രീനാരായണ പ്രസ്ഥാനത്തിലെ, മതപരിവർത്തന വിരുദ്ധപക്ഷത്തിന്റെ നേതാവാണെന്ന മിഥ്യയിലാണവർ അഭിരമിച്ചത്. കൂട്ട മതംമാറ്റത്തെയാണ്, അല്ലാതെ മതം മാറാനും മാറാതിരിക്കാനും മതത്തിൽ നിന്നുതന്നെ മാറാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെയല്ല ആശാൻ വിമർശിച്ചത്. അതും തോളിൽ അമ്പലമുണ്ടാക്കാൻ കല്ല് ചുമന്നതിലുള്ള വേദന മാറുംമുമ്പ്, വിഹാരങ്ങൾ നിർമിക്കാനാവശ്യമായ കല്ല് ചുമക്കുന്നതിലെ അനൗചിത്യം വിശദമാക്കുന്നിടത്താണ്, ആ കൂട്ട മതപരിവർത്തനത്തെപോലും അദ്ദേഹം എതിർത്തത്. അല്ലാതെ ആരും ഒരുകാലത്തും എത്ര കുത്തും ചവിട്ടും കിട്ടിയാലും മതം മാറാനേ പാടില്ല എന്നല്ല അദ്ദേഹം ഉദ്ഘോഷിച്ചത്. ഒരുപക്ഷേ ചില മുസ്‍ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ സംഘ്പരിവാർ ധൈഷണികർക്ക് ഏറെ പ്രിയങ്കരമായ ആ ദുരവസ്ഥയിൽപോലും മതപരിവർത്തന സംബന്ധമായി സംഘപരിവാർവിരുദ്ധ നിലപാടാണ്, കുറച്ചുകൂടി തീവ്രമായി ആശാൻ ആവിഷ്‍കരിച്ചത്.

‘ഇത്ര സുലഭവുമാശ്ചര്യവുമായി

സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ

ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു

ബദ്ധരായ് മേവുമോ ജാതിജേലിൽ’?

ബുദ്ധിയുള്ളവർ എന്തായാലും ‘ജാതിജയിൽ’ പൊളിക്കും. ആദ്യം ജാതിക്കോട്ട, പിന്നെ ജാതിജയിൽ, അവിടെയും നിൽക്കുന്നില്ല, പിന്നെ ജാതിപ്പൊടിയും- ഇതാണ് ദുരവസ്ഥയുടെ സഞ്ചാരപഥം.

മുളകുപൊടിയുടെ എരിവും പശക്കുപയോഗിക്കുന്ന മൈദപ്പൊടിയുടെ ഒട്ടലും അങ്ങനെ പലവിധത്തിലുള്ള പൊടികളുടെ പോരിശകളും നമുക്ക് പരിചിതമാണ്. എന്നാൽ ‘എല്ലാം പൊടിച്ചുകൊടുക്കപ്പെടും’ എന്നെഴുതിയ ഒരൊറ്റ മില്ലിലും ‘ജാതി’ പൊടിച്ചുണ്ടാക്കുന്ന ‘ജാതിപ്പൊടി’ കണ്ടിട്ടില്ല. ജാതിക്കോട്ട പൊളിക്കാൻ നടന്ന പ്രക്ഷോഭങ്ങൾക്കിടയിൽ വെച്ചാണ് ‘മനുക്കോട്ട’ ഇളകിയതും ജാതിജയിൽ പാതി തുറന്നതും ചെറിയ തോതിൽ ജാതി പൊടിഞ്ഞതും. അപ്പൊടി ആശാന് കിട്ടിയത്, സവർക്കറിൽനിന്നല്ല, അസംഖ്യം സമരങ്ങളിൽ നിന്നും അസ്വസ്ഥ യാത്രകളിൽനിന്നും, ശ്രീനാരായണഗുരുവിൽ നിന്നുമാണ്.

ഒരു കിടിലൻ ചോദ്യത്തോടെയാണ് ദുരവസ്ഥയിലെ ‘ജാതിപ്പൊടി’യുടെ അരങ്ങേറ്റം.

‘വിണ്ണിലുള്ളോരുടെ വാർമിഴി മൂടുമോ

മണ്ണിലെ ജാതിപ്പൊടിയെറിഞ്ഞാൽ’ എന്നതൊരു വെറും ചോദ്യമല്ല, നെഞ്ചുരുകിയ വേവലാതിയാണ്. കണ്ണീരും തീയും പരസ്പരം കണ്ടുമുട്ടുന്ന ദുരവസ്ഥാ കാവ്യത്തിലെ ഒരളുക്കിലും കൊള്ളാത്ത ഒരസ്വസ്ഥ സന്ദർഭം. ഇതൊന്നും കാണാതെയാണെങ്കിൽപോലും, ദുരവസ്ഥയെ, 1921ലെ ഹിന്ദുവംശഹത്യയുടെ മാനിഫെസ്റ്റോയായി തിരുത്തി വായിക്കാനുള്ള സംഘ്പരിവാർ ധൈഷണിക പരിശ്രമം, വിദ്വേഷ വായനയുടെ മാതൃകയായി ഒരുപക്ഷേ നിലനിന്നേക്കും! ചണ്ഡാലികയെന്ന ‘നീചനാരിയെ’ ‘പുണ്യശാലിനി’യാക്കിയ കുമാരനാശാന്റെ ‘ജാതിക്കൊല്ലി’ സമരശക്തിക്കുമുമ്പിൽ ആ വിദ്വേഷ വായനകൾക്ക് പക്ഷേ ഒരുകാലത്തും ശിരസ്സുയർത്താനാവില്ല.

ആശാന്റെ അകാലമൃത്യുവിനെ, ജിഹാദിവധമാക്കി മാറ്റാനാണവർ രണ്ടാമത് കൊണ്ടുപിടിച്ച് ശ്രമിച്ചത്. ‘ദുരവസ്ഥ’ എഴുതിയതിന് ജിഹാദികൾ പല്ലനയാറ്റിൽവെച്ച് നടപ്പിലാക്കിയ ശിക്ഷയായാണവർ, ആ സങ്കടമരണത്തെ അടയാളപ്പെടുത്താൻ നോക്കിയത്. വെള്ളത്തിൽ വരച്ച വരപോലെ അത് എത്രയുംവേഗം മാഞ്ഞുപോവുകയും ചെയ്തു!

സർവമാധ്യമങ്ങളുടെയും മാധ്യമമായ ‘സാമാന്യബോധം’ പ്രബുദ്ധ കേരളത്തിൽപോലും സംഘ്പരിവാറിൻെറ സുഖവാസ കേന്ദ്രമാണ്. സ്വന്തം പ്രസിദ്ധീകരണങ്ങളില്ലാതെതന്നെ, അവരുടെ ആശയങ്ങൾക്ക് അസാധാരണപ്രചാരം ലഭിക്കുംവിധം, ‘സാമാന്യബോധം’ ജാതിമേൽക്കോയ്മയോട് അത്രമേൽ ചേർന്നാണ് നിൽക്കുന്നത്.

എന്റെ അടുത്ത സുഹൃത്ത് ശുദ്ധ സസ്യഭുക്കാണ്. ആദ്യമാദ്യം ബഹുഭുക്കായ ഞാനും ഏകഭുക്കായ അദ്ദേഹവും, സൗഹൃദത്തോടെ, സസ്യഏക-ഭുക്ക് മാത്രമായി. കുറച്ച് കഴിഞ്ഞപ്പോൾ, അദ്ദേഹത്തിനുള്ളിൽ ‘ഭക്ഷണപുരോഗമനം’, അഥവാ ‘ഭക്ഷണബഹുസ്വരത’ കടന്നുകൂടിയതുകൊണ്ടാവാം നമുക്കിനി രണ്ടും കിട്ടുന്ന ഹോട്ടലിൽ പോവാം എന്നായി. നീ ‘ശവം’ തിന്നോ, അവൻ കുത്തി. താൻ ‘പുല്ല്’ തിന്നോ, ഞാനും ചിരിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്നു. പ്ലേറ്റ് കൊണ്ടുവെച്ചപ്പോൾ മുതൽ സുഹൃത്ത് അസ്വസ്ഥനായി. ‘ഇലയില്ലേ’ എന്നായി! എനിക്കൊന്നും തിരിഞ്ഞില്ല. ഞങ്ങൾക്കിടയിൽ ആവിധം അകൽച്ചയുടെ വന്മതിലുകളൊന്നുമില്ലാത്തതുകൊണ്ട് അവൻ പറഞ്ഞു: ‘കണ്ട അവനും അവളുമൊക്കെ കഴിച്ച അതേ എച്ചിൽ പാത്രത്തിലാണ് നമ്മളും കഴിക്കേണ്ടി വരുന്നത്.’ നമ്മളീ ഹോട്ടലിലേക്ക് വന്നത് എത്രയോ ആളുകൾ കയറിയിറങ്ങിയ എച്ചിൽ ബസ്സിലല്ലേ, ഞാൻ ചോദിച്ചു. അവനൊന്നും പറഞ്ഞില്ല!

പിന്നെയാണ് ചെല്ലുന്നിടത്തൊക്കെ വ്യാപകമായ ആ ‘പരസ്യം’ ഞാൻ ശ്രദ്ധിച്ചത്. ‘വാഴയിലയിൽ ഊണ്’. വാഴയില വാദിയും പ്ലേറ്റ് പ്രതിയുമാവുന്നതിൻെറ ‘ജാതിഗുട്ടൻസ്’ അപ്പോളാണ് തെളിഞ്ഞത്. കോർപറേറ്റുകൾക്കുമുമ്പ് തന്നെ, ‘ഉപയോഗിക്കുക, വലിച്ചെറിയുക’ എന്ന തത്ത്വം ഇന്ത്യൻ ജാതിവ്യവസ്ഥ നടപ്പിലാക്കി ക്കഴിഞ്ഞിരുന്നു. ഞാനോർത്തു, നമ്മുടെ ചങ്ങമ്പുഴ ‘വാഴക്കുല’യെക്കുറിച്ചല്ലാതെ, വാഴയിലയെക്കുറിച്ച് കവിത എഴുതിയിട്ടില്ലല്ലോ എന്ന്! പ്ലേറ്റായാലും വാഴയിലയായാലും മനുഷ്യന്റെ അധ്വാനത്തിന്റെ ഭാഗമാണ്. പ്ലേറ്റിലുള്ളത്ര മാലിന്യംസൃഷ്ടിക്കുന്ന, ആ അവൻമാരും അവളുമാരും, അത്ര പ്രത്യക്ഷമായിട്ടല്ലെങ്കിലും വാഴയിലയിലുമുണ്ട്. പറഞ്ഞുവരുന്നത് നിഷ്കളങ്കമെന്ന് തോന്നുന്ന ചിട്ടകളിൽ, അത്ര നിഷ്കളങ്കമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ടാവാം എന്നാണ്. വാഴയിലായാലും പ്ലേറ്റിലായാലും വൃത്തിയിൽ ഭക്ഷണംകഴിക്കുക എന്നതിനപ്പുറം, ജനായത്തത്തെ കുഴക്കുന്ന അത്ര നിരുപദ്രവകരമല്ലാത്ത എത്രയെത്ര ചിട്ടകൾ! കാര്യം ‘മാറ്റുവിൻ ചട്ടങ്ങളെ...’ എന്ന് ആശാൻ പറഞ്ഞതുതന്നെ!.

കീഴാളരെയും തൊഴിലാളികളെയും ദരിദ്രരെയും സ്ത്രീ ട്രാൻസ് മനുഷ്യരെയും അപകീർത്തിപ്പെടുത്താനുള്ള ഒരവസരവും മേൽക്കോയ്മക്ക് കീഴ്പ്പെട്ട മാധ്യമങ്ങൾ പാഴാക്കുകയില്ല. എന്നിട്ടും സംഘ്പരിവാറിൻെറ ദുരവസ്ഥ സംബന്ധിച്ച മേൽപറഞ്ഞ രണ്ടു വാദങ്ങളും ചെറിയ ഇലയനക്കങ്ങൾ ഉണ്ടാക്കിയതൊഴിച്ചാൽ, കാര്യമായി മലയാളി മനസ്സിൽ ഒരുവിധ കോളിളക്കവുമുണ്ടാക്കിയില്ല.

അതാ അങ്ങനെയിരിക്കുമ്പോഴാണ് ആശാനെ കേന്ദ്രമാക്കിയ ‘മൂന്നാമത്തെ അമിട്ട്’ പൊട്ടുന്നത്!

മത്സ്യവും മാംസവും കഴിക്കുന്നവർപോലും മത്സ്യമാംസവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാവാനുള്ള പ്രവണത കേരളത്തിലും ഉണ്ടായിത്തീരുന്ന പശ്ചാത്തലത്തിലാണ്, കുമാരനാശാനെ ചേർത്തുപിടിച്ചുള്ള ‘മീൻചന്ത’ വാർത്ത ശ്രദ്ധേയമാവുന്നത്. വല്ല ഷോപ്പിങ് മാളോ തിയറ്ററോ സ്വാശ്രയ കോളജോ എന്തിന് ഒരു പച്ചക്കറി വിൽപനശാലയെങ്കിലുമായിരുന്നു വിവാദമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ സ്ഥലത്ത് ഉണ്ടാവുന്നതെങ്കിൽ ഇത്ര പുകിൽ ഉണ്ടാവുമായിരുന്നില്ല.

സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടിരിക്കുന്നത്, ‘സാഹിത്യകാരന്മാർ ഇതിനെതിരെ മുന്നിട്ടിറങ്ങണം’ എന്നാണ്. ന്യായമാണ്, പക്ഷേ അതേ പ്രസ്താവനയിൽ, ‘ഇതിന് വസ്തുവിന്റെ ആധികാരിക രേഖകൾ വീണ്ടെടുക്കണമെന്ന്’കൂടി അദ്ദേഹം പറഞ്ഞത് അർഥഗർഭമാണ്. ഒരു ഭാഗത്ത് മാമ്പള്ളി പള്ളിക്കമ്മിറ്റിയും വി. ലൈജുവും മീൻചന്തയുമല്ലായിരുന്നുവെങ്കിൽ, ആധികാരിക രേഖകൾ കിട്ടാതെ ഇത്തരമൊരു പ്രശ്നം ഉന്നയിക്കാൻപോലും ഇപ്പോൾ കോലാഹലം ഉണ്ടാക്കുന്നവർ മുതിരുമായിരുന്നുവോ എന്നത് സംശയാസ്പദമാണ്.

ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയും സാംസ്കാരിക വിമർശകനും സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായ വി.കെ. മധുവിനോട് ഈ വാർത്തയെക്കുറിച്ച് പ്രാഥമികമായി ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ഒരടിസ്ഥാനവുമില്ലാത്ത വാർത്തയാണെന്നാണ്.

തുടരന്വേഷണത്തിൽ വാർത്തയിൽ ഒരുതരി സത്യമുണ്ടെങ്കിൽ ആ സത്യം അംഗീകരിക്കപ്പെടണം. പക്ഷേ, സംഭ്രമജനകമായ ആ വാർത്തയിൽപോലും ‘നാട്ടുകാർ പറയുന്നു’ എന്നൊരൊഴുക്കൻ കാഴ്ചപ്പാടാണുള്ളത്. ‘കാലങ്ങളായി നോക്കാനാളില്ലാതെ കാടുപിടിച്ചു കിടന്ന വസ്തുവാണ് പള്ളിക്കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് കൈയടക്കിയത്. ഉടമസ്ഥത തെളിയിക്കുന്ന യാതൊരു രേഖകളും ഇല്ലാതെയാണ് പള്ളിക്കമ്മിറ്റിക്ക് ചന്ത നിർമാണത്തിന് പഞ്ചായത്ത് അനുമതി നൽകിയതെന്ന് നാട്ടുകാർ പറയുന്നു....’ വമ്പിച്ച പ്രാധാന്യത്തോടെ നാട്ടുകാർപറയുന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ഈ വാർത്ത അച്ചടിച്ച് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. സച്ചിദാനന്ദ സ്വാമി ആഹ്വാനം ചെയ്തിട്ടുപോലും സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന ഒരു പ്രക്ഷോഭത്തിന് ‘തപസ്യ’ എന്ന സാംസ്കാരിക സംഘടനയുടെ ഭാഗമായ ധൈഷണികർപോലും കാര്യമായൊന്നും പ്രതികരിച്ചു കണ്ടില്ല. (ഉണ്ടാവുമായിരിക്കാം).

ആദ്യത്തെ രണ്ട്, ആശാൻ കേന്ദ്രിത സംഘ്പരിവാർ അഭിപ്രായ പ്രകടനങ്ങൾ മാധ്യമങ്ങളിൽ ചെറിയ ഇലയനക്കമെങ്കിലും ഉണ്ടാക്കിയെങ്കിൽ; ഇതൊരു ഇലയില്ലായിളക്കം പോലും ഉണ്ടാക്കിയില്ല! മാമ്പള്ളിപ്പള്ളി, കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി. ലൈജു, ഉണ്ടാവാൻ പോവുന്ന മീൻ ചാപ്പ, ഈയൊരു ത്രിത്വത്തിൽ എന്തോ ‘ഒന്ന്’ മറഞ്ഞിരിക്കുന്നുണ്ട്! ‘സ്നേഹം തൻ ജീവിതം ശ്രീമൻ, സ്നേഹവ്യാഹതിതന്നെ മരണം’ എന്നെഴുതിയ ഒരു മഹാകവിയുടെ നിത്യേനയെന്നോണം സജീവമാവുന്ന സ്മരണക്കു മുന്നിൽ, ചീഞ്ഞ മത്തിയെന്ന പോലെ, കെട്ട തക്കാളിയും ആരും എറിയരുത്.

Show More expand_more
News Summary - Banana leaves, fish and Kumaranasan