പാതിരാവിലെ അറസ്റ്റും കാത്ത്
‘‘ജീവനും കൊണ്ടോടുകയാണ് ഞാൻ. യന്ത്രത്തോക്കേന്തിയ അരഡസൻ ചൈനീസ് മിലിട്ടറി പൊലീസുകാർ തൊട്ടുപിന്നാലെയുണ്ട്. ഒരു ചുവടുമാത്രം പിന്നിലാണവർ. പക്ഷേ, ഇത് ഞാൻ ജനിച്ചുവളർന്ന ഇടമാണ്. കൈവെള്ളപോലെ ഇൗ ഇടവഴികൾ എനിക്കറിയാം. ഞാൻ വിദഗ്ധമായി അവരെ വെട്ടിച്ച് പാഞ്ഞു. വളവുകളിൽ ഒരു പറവയെപ്പോലെ തെന്നിപ്പറന്നു. വീടുകൾക്കിടയിലെ ഉയരം കുറഞ്ഞ കളിമൺ മതിലുകൾക്ക് മുകളിലൂടെ മുയലിനെപ്പോലെ ചാടിയുയർന്നു. പക്ഷേ, പൊലീസ് ഒരു ചുവടു പിന്നിൽ തന്നെയുണ്ട്. പെട്ടെന്ന് എവിടെനിന്നോ ഭയാനകമായ ഒരു സൈറൺ മുഴങ്ങി. ഒരു പൊലീസ് വാഹനം എനിക്കുനേരെ പാഞ്ഞടുത്തു. എന്റെ പാദങ്ങൾക്ക് കനം കൂടി. എങ്ങനെയായാലും ഞാൻ പിടിക്കപ്പെടും....
Your Subscription Supports Independent Journalism
View Plans‘‘ജീവനും കൊണ്ടോടുകയാണ് ഞാൻ. യന്ത്രത്തോക്കേന്തിയ അരഡസൻ ചൈനീസ് മിലിട്ടറി പൊലീസുകാർ തൊട്ടുപിന്നാലെയുണ്ട്. ഒരു ചുവടുമാത്രം പിന്നിലാണവർ. പക്ഷേ, ഇത് ഞാൻ ജനിച്ചുവളർന്ന ഇടമാണ്. കൈവെള്ളപോലെ ഇൗ ഇടവഴികൾ എനിക്കറിയാം. ഞാൻ വിദഗ്ധമായി അവരെ വെട്ടിച്ച് പാഞ്ഞു. വളവുകളിൽ ഒരു പറവയെപ്പോലെ തെന്നിപ്പറന്നു. വീടുകൾക്കിടയിലെ ഉയരം കുറഞ്ഞ കളിമൺ മതിലുകൾക്ക് മുകളിലൂടെ മുയലിനെപ്പോലെ ചാടിയുയർന്നു. പക്ഷേ, പൊലീസ് ഒരു ചുവടു പിന്നിൽ തന്നെയുണ്ട്. പെട്ടെന്ന് എവിടെനിന്നോ ഭയാനകമായ ഒരു സൈറൺ മുഴങ്ങി. ഒരു പൊലീസ് വാഹനം എനിക്കുനേരെ പാഞ്ഞടുത്തു. എന്റെ പാദങ്ങൾക്ക് കനം കൂടി. എങ്ങനെയായാലും ഞാൻ പിടിക്കപ്പെടും. പൊടുന്നനെ പൊലീസുകാരൻ എന്നെ അടിച്ചുനിലത്തിട്ടു. അയാളെന്നെ നിലത്തേക്ക് പിടിച്ചമർത്തി. സകലശക്തിയുമെടുത്ത് ഞാൻ കുതറി. പക്ഷേ, കൈകളും കാലും ബന്ധിക്കപ്പെട്ടിരുന്നു. പൊലീസ് കാറിൽനിന്നുള്ള സൈറൻ അലമുറയിട്ടുകൊണ്ടേയിരുന്നു. ഞാൻ ഞെട്ടിയുണർന്നു. വിയർപ്പിൽ കുളിച്ചിരുന്നു, ശരീരം മുഴുവൻ. മറ്റൊരു പേക്കിനാവ് കൂടി.
സൈറൻ മുഴക്കി ഒരു ആംബുലൻസ് പായുന്നത് കേൾക്കാമിപ്പോൾ, വാഷിങ്ടൺ ഡി.സിയിലെ ഞങ്ങളുടെ അപ്പാർട്മെന്റിനു മുന്നിലെ നിരത്തിലൂെട.’’
-താഹിർ ഹാമുത് ഇസ്ഗിൽ
ഭ്രഷ്ടൻ
‘ഏതാനും വർഷം മുമ്പ് നിങ്ങൾ വാഷിങ്ടൺ ഡി.സിയിൽ ഒരു ഉബർ വിളിച്ചിരുന്നെങ്കിൽ അതിലെ ഡ്രൈവർ ഒരുപക്ഷേ, ഏറ്റവും മഹാനായ ഉയ്ഗൂർ കവിയാകാൻ നല്ല സാധ്യതയുണ്ടായിരുന്നു’’ എന്ന് ജോഷ്വ എൽ. ഫ്രീമാൻ പറയും. അതുപക്ഷേ, അതിശയോക്തിയല്ല. ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലിനെ ലോകത്തിനു പരിചയപ്പെടുത്തിയത് ഫ്രീമാനാണ്. താഹിറിന്റെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക മാത്രമല്ല, ഉയ്ഗൂർ വംശഹത്യയുടെ നേർക്കാഴ്ച വിവരിക്കുന്ന Waiting to Be Arrested at Night: A Uyghur Poet’s Memoir of China’s Genocide എന്ന അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിനു പിന്നിലെ ചാലകശക്തിയും ഫ്രീമാൻതന്നെ. താഹിറിന്റെയും ഉയ്ഗൂർ സമൂഹത്തിന്റെയും സംഭവബഹുലവും സ്തോഭജനകവുമായ ജീവിതം പറയുന്ന പുസ്തകം ഏതാനും ആഴ്ചകൾക്കു മുമ്പാണ് പുറത്തിറങ്ങിയത്.
ചൈനയിലെ വടക്ക് പടിഞ്ഞാറൻ സിൻജ്യങ് പ്രവിശ്യയിൽ വസിക്കുന്ന മുസ്‍ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകളുടെ പ്രതിനിധിയാണ് കവിയും ചലച്ചിത്ര, പരസ്യചിത്ര സംവിധായകനും ചരിത്രകാരനുമായ താഹിർ. അനേക വർഷങ്ങളായി വംശീയ വിവേചനവും ഭരണകൂട ഭീകരതയും അടിച്ചമർത്തലും നേരിടുകയാണ് ഉയ്ഗൂറുകൾ. 2016ഒാടെ പീഡനങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തി. കോൺസൻട്രേഷൻ ക്യാമ്പുകളും കൂട്ടക്കൊലകളും ബലാത്സംഗവും നിർബന്ധിത വന്ധ്യംകരണവും ഗർഭഛിദ്രവും പള്ളികളും മതചിഹ്നങ്ങളും തുടച്ചുനീക്കലും കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തലും തുടങ്ങി പലതലങ്ങളിൽ അതിങ്ങനെ പുരോഗമിക്കുന്നു. ഉയ്ഗൂർ സംസ്കാരം, മതവിശ്വാസം, പാരമ്പര്യം, ഭാഷ, ജീവിതശൈലി, വസ്ത്രം എന്നിവയെല്ലാം ഉന്മൂലനം ചെയ്യുകയാണ് ചൈനീസ് സർക്കാറിന്റെ ലക്ഷ്യം. ഖുർആന് പുറമേ, നിരവധി മത, ചരിത്ര പുസ്തകങ്ങൾ നിരോധിച്ചു. അവ വീട്ടിൽ സൂക്ഷിക്കാൻപോലും പാടില്ല. പേരുകൾക്കുനേരെ പോലും സ്റ്റേറ്റിന്റെ നിഴൽയുദ്ധം നടക്കുന്നു. ‘വല്ലാതെ മുസ്‍ലിം സത്വം നിഴലിക്കുന്നു’വെന്ന് ബെയ്ജിങ് വിലയിരുത്തിയ ആയിശ, ഫാത്തിമ, സൈഫുദ്ദീൻ തുടങ്ങിയവ മാത്രമല്ല, രാഷ്ട്രീയപരം എന്നു വ്യാഖ്യാനിച്ച് അറഫാത്ത്, സദ്ദാം ഹുസൈൻ തുടങ്ങിയ പേരുകൾപോലും നിരോധിച്ചു. പുറംലോകത്തിൽനിന്നും പരസ്പരവും ഉയ്ഗൂറുകളെ പൂർണമായും മുറിച്ചുമാറ്റാനായി ഉരുക്കുമുഷ്ടി ഉപയോഗിക്കുന്നു.
ഉയ്ഗൂർ മേഖലകൾ പൂർണമായും സർക്കാറിന്റെ നിരീക്ഷണത്തിനു കീഴിലാണ്. പൊലീസും സൈന്യവും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകങ്ങളും പ്രാദേശിക അയൽക്കൂട്ട സമിതികളുമെല്ലാം ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ്. ഉയ്ഗൂറുകളെ നേരിടാനും അവരുടെ മനോവീര്യം കെടുത്താനും ഉയ്ഗൂറുകളെതന്നെ വിദഗ്ധമായി ചൈനീസ് സർക്കാർ ഉപയോഗിക്കുന്നു. ഏതുനിമിഷവും അറസ്റ്റിലാകാമെന്നും പഠനകേന്ദ്രം (study centre) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളപ്പെടാമെന്നും ഭയന്നാണ് ഒാരോ ഉയ്ഗൂർ വംശജനും കഴിയുന്നത്. 2016ൽ തുടങ്ങിയ ഒടുവിലത്തെ കൊടുംപീഡനകാലത്ത് കോൺസൻട്രേഷൻ ക്യാമ്പിൽനിന്നും പീഡനങ്ങളിൽനിന്നും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട് അമേരിക്കയിൽ രാഷ്ട്രീയ അഭയം പ്രാപിക്കുകയായിരുന്നു താഹിർ ഹാമുത് ഇസ്ഗിൽ. ഉയ്ഗൂറുകളുടെ പീഡാനുഭവങ്ങൾ നേരിട്ടറിഞ്ഞവരിൽ അത് സ്വതന്ത്രമായി പുറത്തുപറയാൻ അവസരം ലഭിച്ച അപൂർവം വ്യക്തികളിലൊരാളാണ് താഹിർ. അത്തരക്കാരിലെ ഏറ്റവും പ്രശസ്തനും.
അദ്ദേഹത്തിന്റെ ഒാർമക്കുറിപ്പുകളിൽ അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പീഡനങ്ങളുടെയും നേരിട്ടുള്ള വിവരണങ്ങളില്ല. പക്ഷേ, ആ വരികൾക്കപ്പുറം ഇവയെല്ലാം അരങ്ങേറുന്നുവെന്ന് വായനക്കാരൻ വിറങ്ങലിപ്പോടെ തിരിച്ചറിയും. ഭയവും ആശങ്കയും നിരാശയും എങ്ങനെ മനുഷ്യനെ മാനസികമായി കൊല്ലാക്കൊല ചെയ്യുമെന്ന് അനുഭവിക്കും. ഒരു സൈക്കോളജിക്കൽ ത്രില്ലർപോലെ വായിക്കുേമ്പാഴും മനുഷ്യവ്യഥ ഒരു ആർത്തനാദംപോലെ ആ പേജുകളിൽ അലയടിക്കും. അറിയാം, താഹിർ ഹാമുത് ഇസ്ഗിലിന്റെ ജീവിതം, ഉയ്ഗൂറുകളുടെ പതിത ജീവനം.
വിചാരണ
2009 മാർച്ചിലെ ഒരു ദിനം. ഉച്ചഭക്ഷണത്തിനുശേഷം വീട്ടിലെ ലൈബ്രറിയിൽ വായനയിലാണ് ഞാൻ. ഭാര്യ, മർഹബ അടുക്കളയിൽ പാത്രങ്ങൾ അടുക്കിവെക്കുന്നു. പൊടുന്നനെ, കതകിൽ ആരോ മുട്ടുന്ന ശബ്ദം. വാതിൽ തുറന്നപ്പോൾ രണ്ടു പുരുഷൻമാരും ഒരു വനിതയും. മൂവരും ഉയ്ഗൂറുകളാണ്. ‘‘നിങ്ങളാണോ താഹിർ ഹാമുത്?’’ മുന്നിൽ നിന്ന പുരുഷൻ ചോദിച്ചു.
‘‘അതെ, ഞാനാണ്.’’
‘‘നിങ്ങളുടെ ഹൗസിങ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ട്. ഞങ്ങൾക്കൊപ്പം പൊലീസ് സ്റ്റേഷൻ വരെ വരാമോ?’’ -അയാളുടെ ശബ്ദം ശാന്തമായിരുന്നു. അപ്രതീക്ഷിത അതിഥികൾ മഫ്തിയിലെ പൊലീസുകാരാണെന്ന് വ്യക്തമായി. ഒരുവീട്ടിലെയും അതിലെ അംഗങ്ങളെയും ബന്ധപ്പെട്ട സകല വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ചൈനയിൽ ഹൗസിങ് രജിസ്ട്രേഷൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയും. ഒരു വീട് പരിേശാധിക്കാനും ഒരാളെ അറസ്റ്റ് ചെയ്യാനുമുള്ള പൊലീസിന്റെ പതിവ് ഉപാധിയാണ് ഹൗസിങ് രജിസ്ട്രേഷൻ പരിശോധന.
‘‘ഉറപ്പായും വരാം’’ -പരിഭ്രമം പുറത്തുകാട്ടാതെ എന്റെ മറുപടി.
‘നിങ്ങളുടെ െഎഡി കാർഡുകൂടി എടുത്തോളൂ’’ -ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
‘‘എന്റെ പക്കലുണ്ട്’’ -പോക്കറ്റിലെ പഴ്സിൽ ഞാൻ തട്ടി.
മർഹബയുടെ മുഖം ആശങ്കയാൽ വിളറുന്നത് ഞാൻ കണ്ടു.
‘‘പേടിക്കേണ്ട. ഒന്നുമില്ല. രജിസ്ട്രേഷന്റെ കാര്യം മാത്രമല്ലേ’’ -ജാക്കറ്റും ഷൂസുമെടുത്തിട്ട് അവർക്കൊപ്പം പോകാനിറങ്ങവേ ഞാനവളോട് മെല്ലെ പറഞ്ഞു. പടികളിറങ്ങി നടക്കുേമ്പാൾ ഒരുകാര്യം ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ എനിക്കു മുന്നിലും പിന്നിലുമായാണ് നടക്കുന്നത്. തെളിഞ്ഞ അന്തരീക്ഷമെങ്കിലും നല്ല തണുപ്പുണ്ടായിരുന്നു അന്ന്.
സിവിലിയൻ കാറിലാണ് അവർ വന്നത്. ഇൗ നടപടിയെല്ലാം ഒൗദ്യോഗിക രേഖകൾക്കു പുറമേ നടക്കുന്നതാണെന്ന് അതോടെ വ്യക്തമായി. സംസാരിച്ച വ്യക്തിക്കൊപ്പം ഞാൻ കാറിന്റെ പിൻസീറ്റിലിരുന്നു. വനിത മുന്നിലെ പാസഞ്ചർ സീറ്റിലും. എന്തിനാകാം ഇവരെന്നെ കൊണ്ടുപോകുന്നതെന്ന ആശങ്ക മനസ്സിൽ നിറഞ്ഞു. അതിനായി മാത്രം ഞാനൊന്നും ചെയ്തിട്ടില്ലല്ലോ. അപ്പാർട്മെന്റ് കോംപ്ലക്സ് കഴിഞ്ഞ് മെയിൻ റോഡിൽ കയറിയാൽ ജങ്ഷനിൽനിന്ന് ഇടത്തോട്ടാണ് പൊലീസ് സ്റ്റേഷനിലേക്കുള്ള വഴി. പക്ഷേ, കാർ വലത്തോട്ട് തിരിഞ്ഞു. ഒപ്പമിരുന്നയാൾ പോക്കറ്റിൽനിന്ന് െഎഡി കാർഡ് എടുത്തുകാട്ടി. ‘‘ഞാൻ എക്ബർ, ഇത് മിജിത്. ഞങ്ങൾ ഉറുംചി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിൽനിന്നാണ്. ഞങ്ങൾക്ക് ചിലത് നിങ്ങളോട് സംസാരിക്കാനുണ്ട്.’’ വനിതയെ അയാൾ പരിചയപ്പെടുത്തിയില്ല.
പരിഭ്രമം പുറത്തുകാട്ടാതിരിക്കാൻ ഞാൻ ശ്രമിച്ചു. ഇത്തരം സാഹചര്യങ്ങളിൽ കടുപ്പത്തിൽ പ്രതികരിക്കുന്നത് ബുദ്ധിപരമല്ല എന്നെനിക്കറിയാം. എന്തിനാണ് ഇവർ കൊണ്ടുപോകുന്നതെന്ന് അറിയില്ല എന്ന ഭാവം നിലനിർത്തുകയാണ് നല്ലത്. ഇരയുടെ പരിഭ്രാന്തിയും ആശങ്കയും ഭീതിയുമൊക്കെ ഇവർ ആസ്വദിക്കും.
‘‘നിങ്ങളെന്താണ് ചെയ്യുന്നത്’’ -എക്ബർ ചോദിച്ചു. ചോദ്യം ചെയ്യലല്ല, അയാളെന്നെ അളക്കുകയാണ്.
‘‘ഞാനൊരു ഫിലിം ഡയറക്ടറാണ്.’’
‘‘നിങ്ങൾ തിരക്കഥകൾ എഴുതുമോ?’’
അത് കേട്ടപ്പോൾ എനിക്ക് ഉറപ്പായി, എന്റെ എഴുത്തുമായി ബന്ധപ്പെട്ടാണ് ഇൗ നടപടി.
‘‘ഇല്ല. മറ്റുള്ളവരുടെ തിരക്കഥകൾ സംവിധാനം ചെയ്യുകയാണ്.’’
‘‘ആരുടെ തിരക്കഥയാണ് സംവിധാനം ചെയ്തത്?’’
മൂന്ന് എഴുത്തുകാരുടെ പേരുകൾ ഞാൻ പറഞ്ഞു. അതിലൊന്ന് എന്റെ സുഹൃത്ത് പെർഹാത് തുർസുനിന്റേതായിരുന്നു.
‘‘പെർഹാത് തുർസുൻ, അയാളല്ലേ, പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചത്?’’
ഞെട്ടിപ്പോയി. ഒരു പൊലീസുകാരനിൽനിന്ന് ഇത്തരമൊരു പ്രസ്താവന വന്നത് എന്നെ സ്തബ്ധനാക്കി. പക്ഷേ, അതിവേഗം സമചിത്തത വീണ്ടെടുത്തു. എന്റെ മതാഭിമുഖ്യം പരീക്ഷിക്കുകയാണ് അയാളെന്ന് ഞാൻ തിരിച്ചറിഞ്ഞു.
‘‘പെർഹാത് തുർസിനിന്റെ ആ നോവൽ താങ്കൾ വായിച്ചിട്ടുണ്ടോ?’’ -എന്റെ അസ്വസ്ഥതയെ ശബ്ദം ഒറ്റുകൊടുത്തു.
പക്ഷേ, പിന്തിരിയാൻ അയാൾ സന്നദ്ധനല്ല. ‘‘ഇല്ല, ആ നോവലിനെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചിരുന്നു.’’
‘‘നിങ്ങൾ ആ നോവലൊന്ന് വായിക്കണമെന്ന് ഞാൻ ശിപാർശ ചെയ്യുന്നു. നിങ്ങളെപ്പോലുള്ള സർക്കാർ ഉദ്യോഗസ്ഥർ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണമല്ലോ’’ -ഞാൻ തിരിച്ചടിച്ചു.
‘‘നിങ്ങളും എഴുത്തുകാരനാണോ?’’ -എക്ബർ ആരാഞ്ഞു.
‘‘ഞാൻ കവിതകൾ എഴുതും.’’
‘‘എന്തുതരം കവിത?’’
‘‘ഞാനെഴുതുന്ന കവിതകൾ നിങ്ങൾക്ക് മനസ്സിലാകാൻ സാധ്യതയില്ല.’’
‘‘ഓഹ്. ആ അവ്യക്തമായ, അമൂർത്ത സാധനങ്ങൾ. അല്ലേ?’’ -കളിയാക്കുന്നതുപോലെ അയാളൊരു പരിഹാസച്ചിരി പാസാക്കി. കാറിനുള്ളിൽ നിശ്ശബ്ദത പടർന്നു. നഗരവീഥികളിലൂടെ കാർ നീങ്ങിക്കൊണ്ടിരുന്നു. എന്തിനാണ് ഇവർ എന്നെ കൂട്ടിയതെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. പത്തുപന്ത്രണ്ടു വർഷം മുമ്പുള്ള ആ ജയിൽവാസത്തിന്റെ പേരിലായിരിക്കുമോ? അങ്ങനെയെങ്കിലും കുടുങ്ങിയതുതന്നെ. മനസ്സിൽ ആശങ്ക പടർന്നു. ’96ൽ പഠനാവശ്യത്തിനായി തുർക്കിയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. ചൈനയുടെ കിർഗിസ്താൻ അതിർത്തിയിൽ വെച്ച് പൊ
ലീസ് അറസ്റ്റ് ചെയ്തു. ‘‘രഹസ്യസ്വഭാവമുള്ള രേഖകൾ അനധികൃതമായി കടത്താൻ ശ്രമിച്ചു’’വെന്ന് ആരോ
പിച്ചായിരുന്നു അറസ്റ്റ്. ഏത് വിതണ്ഡന്യായത്താലും ഉയ്ഗൂറുകളെ അറസ്റ്റ് ചെയ്യാൻ അന്നും പൊലീസ് തക്കം പാർത്തിരിക്കുകയായിരുന്നു. എന്റെ ഉൗഴം ഇങ്ങനെയാണ് അന്ന് വന്നത്. ഉറുംചി ജയിലിൽ ഒന്നരവർഷത്തെ തടവിനുശേഷം മൂന്നുവർഷത്തെ ‘നിർബന്ധിത തൊഴിലിലൂടെയുള്ള നവീകരണ’ത്തിനും ശിക്ഷിച്ചു. ഒന്നരവർഷം ജയിലിൽ കഴിഞ്ഞതിനാൽ ബാക്കി ഒന്നരവർഷം കാശ്ഗറിലെ ‘റീ എജുക്കേഷൻ ത്രൂ ലേബർ ക്യാമ്പി’ലേക്ക് എന്നെ അയച്ചു. മോചിതനായി ഒടുവിൽ ഉറുംചിയിലേക്ക് (സിൻജ്യങ്ങിലെ ഉയ്ഗൂർ സ്വയംഭരണ പ്രവിശ്യയുടെ തലസ്ഥാനം) തിരിച്ചുവരുേമ്പാൾ അധ്യാപക ജോലി നഷ്ടപ്പെട്ടിരുന്നു. ജോലിയില്ല, പണമില്ല, വീടില്ല. ആകെയുള്ളത് ഹൗസിങ് രജിസ്ട്രേഷൻ മാത്രം. പിന്നീടാണ് സിനിമ, ടി.വി മേഖലയിലേക്ക് ഇറങ്ങുന്നത്.
2001ൽ മർഹബയുമായുള്ള വിവാഹം. വിവാഹശേഷം പുതിയ താമസസ്ഥലത്തേക്ക് ഹൗസിങ് രജിസ്ട്രേഷൻ ഒന്നിച്ച് മാറ്റാനുള്ള അപേക്ഷ നൽകാനായി പൊലീസ് സ്റ്റേഷനിലെത്തി. അവിടെയുള്ള ഹാൻ വംശജയായ (ചൈനയിലെ പ്രബല ഭൂരിപക്ഷവംശമാണ് ഹാൻ. ഉയ്ഗൂറുകളോ
ട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു) ഉദ്യോഗസ്ഥ രേഖകൾ പരിശോധിച്ചു. ‘‘നിങ്ങളുടെ ഇപ്പോഴത്തെ െഎഡി നമ്പറും രജിസ്ട്രേഷൻ ആർക്കൈവിലുള്ള നമ്പറും വ്യത്യസ്തമാണല്ലോ?’’
ഞാൻ ഞെട്ടി. - ‘‘അതെങ്ങനെ ശരിയാകും?’’
‘‘നിങ്ങളുടെ യഥാർഥ െഎഡി നമ്പർ ബെയ്ജിങ്ങിലേതാണ്, 11ൽ തുടങ്ങുന്നത്. പക്ഷേ, ഇപ്പോഴത്തേത് ഉറുംചിയിലേതും, 65ൽ തുടങ്ങുന്നത്. ഇത് പിഴവാണ്. ഒരാൾക്ക് ഒരു െഎഡി നമ്പറേ ഉണ്ടാകാവൂ. നിങ്ങളുടെ ബെയ്ജിങ് െഎഡിയാണ് പരിഗണിക്കപ്പെടുക.’’ ബെയ്ജിങ്ങിൽ കോളജ് പഠനം കഴിയുേമ്പാൾ അവിടെ വെച്ച് രജിസ്ട്രേഷൻ എടുത്തിരുന്നു. ഉറുംചിയിൽ തിരിച്ചെത്തിയപ്പോൾ രജിസ്ട്രേഷൻ ഇവിടേക്ക് മാറ്റാൻ അപേക്ഷയും നൽകി. പക്ഷേ, പഴയ നമ്പർ ഇവിടേക്കു മാറ്റുന്നതിന് പകരം പുതിയ ഒരു െഎഡി നമ്പർ ഇഷ്യൂ ചെയ്യുകയാണ് ചെയ്തത്. ഇക്കാര്യം അന്ന് ശ്രദ്ധിച്ചിരുന്നില്ല. ആറുവർഷമായി ഇൗ െഎഡിയാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് പ്രശ്നം. ഒടുവിൽ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പ്രശ്നം പരിഹരിച്ചു. പഴയ ബെയ്ജിങ് െഎഡി നമ്പറാണ് പുനഃസ്ഥാപിച്ചു കിട്ടിയത്. അതിനൊപ്പം ഒരു മഹാനുഗ്രഹവും കൂടെവന്നു. പഴയ െഎഡി നമ്പർ പുനഃസ്ഥാപിച്ചതോടെ കഴിഞ്ഞ ആറുവർഷത്തെ എന്റെ ജീവിതം സർക്കാർ രേഖകളിൽനിന്ന് മാഞ്ഞുപോയി. അതിൽ അറസ്റ്റും മൂന്നുവർഷത്തെ ജയിൽവാസവുമെല്ലാം ഉൾപ്പെട്ടു.
ഇനി ആ പഴയ രേഖകൾ എന്തെങ്കിലും കണ്ടെത്തിയിട്ടാണോ പൊലീസ് എന്നെ കൊണ്ടുപോകുന്നതെന്ന ആശങ്ക കനക്കാൻ തുടങ്ങി. അങ്ങനെയെങ്കിൽ എന്റെ കാര്യം തീർന്നു. ദീർഘമായ യാത്രക്കൊടുവിൽ കാർ ടെൻഗ്രിതാഗ് ജില്ലാ പൊലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് എന്റെ െഎഡി കാർഡ് വാങ്ങി അവർ കമ്പ്യൂട്ടറിൽ പരിേശാധിക്കാൻ തുടങ്ങി. പിന്നീടവർ മറ്റൊരു മുറിയിലിരുത്തി എവിടേക്കോ പോയി. മനസ്സിൽ ആശങ്കയുടെ കാർമേഘം പടർന്നു. ഒരുമണിക്കൂറിനുശേഷം എക്ബറും മിജിത്തും തിരിച്ചെത്തി. ദീർഘമായ േചാദ്യം ചെയ്യൽ. വ്യക്തിപരവും കുടുംബപരവും തൊഴിൽപരവുമായ വിശദാംശങ്ങൾ അവർക്ക് അറിയണം. സ്വകാര്യ വിവരങ്ങൾ പറയുേമ്പാൾ അറസ്റ്റും ജയിൽവാസവും ഞാൻ ഒഴിവാക്കി. മിജിത്ത് എല്ലാം എഴുതിയെടുക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ എടുത്തു ചോദ്യം ചെയ്യൽ കഴിയാൻ. ‘‘ഞങ്ങളിനിയും ബന്ധപ്പെടാം. ഞാൻ വിളിച്ചില്ലെങ്കിൽ മിജിത് വിളിച്ചോളും. നമുക്ക് ഭക്ഷണമൊക്കെ കഴിച്ച് ഇടക്ക് സംസാരിച്ചിരിക്കാം’’ -എക്ബർ ഒരു കൊളുത്തിട്ടുവെച്ചു. അതൊരു കുരുക്കാണെന്ന് ഒരു ഉയ്ഗൂറുകാരന് വേഗം മനസ്സിലാകും. പക്ഷേ, മറുത്തുപറയാനാകില്ല. ‘‘ഉറപ്പായും. നിങ്ങൾക്ക് സമയമുണ്ടാകുേമ്പാൾ വിളിച്ചോളൂ.’’
യാത്ര പറഞ്ഞ് തിരിയുന്നതിനിടെ, എക്ബർ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു. ‘‘ഒറ്റ കാര്യം. ഒാൺലൈനിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ എന്താണ് ഉപയോ
ഗിക്കുന്നത്?’’
‘ഇ-മെയിൽ അല്ലെങ്കിൽ ക്യു.ക്യു മെസഞ്ചർ.’’
‘‘അങ്ങനെയെങ്കിൽ നിങ്ങളുടെ ഇ-മെയിൽ, ക്യു.ക്യു മെസഞ്ചർ െഎഡിയും പാസ്വേഡും ഇവിടെ കൊ
ടുത്തിട്ട് പോയ്ക്കോളൂ.’’ -എക്ബറിന്റെ ശബ്ദത്തിലെ കാർക്കശ്യം ചെവിയിൽ തുളച്ചുകയറി. ‘‘ഇപ്പോൾ വൈകീട്ട് ആറുമണി. അടുത്ത 24 മണിക്കൂറിൽ ഇൗ രണ്ട് അക്കൗണ്ടുകളും ഉപയോഗിക്കരുത്.’’ തിരിച്ചു വീടെത്തു
േമ്പാൾ ഇരുട്ടിയിരുന്നു. അടുത്തദിവസം എക്ബർ പറഞ്ഞ 24 മണിക്കൂറും പിന്നെയും ചില മണിക്കൂറുകളും കഴിഞ്ഞ് ഇ-മെയിൽ, ക്യു.ക്യു മെസഞ്ചർ അക്കൗണ്ടുകൾ ഞാൻ ഒഴിവാക്കി. പുതിയ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തു.
ഡാൻസിങ് മുല്ലാസ്
2015ലെ ശരത്കാലം. കാശ്ഗർ സ്റ്റോറീസ് എന്ന ടി.വി സീരീസിനുവേണ്ടി പ്രവർത്തിക്കുകയാണ്. കാശ്ഗർ സിറ്റിയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള മൂഷ് എന്ന ഗ്രാമത്തിലാണ് ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്നത്. ഒരുദിവസം രാവിലെ ഷൂട്ടിങ് ലൊക്കേഷനുകൾ കാണാൻ ചെറിയൊ
രു സംഘം മൂഷിലേക്ക് പുറപ്പെട്ടു. അവിടേക്കുള്ള വഴിയിലാണ് ഞാൻ തടവുശിക്ഷ അനുഭവിച്ച കാശ്ഗർ ലേബർ ക്യാമ്പുള്ളത്. മോചിതനായശേഷം ഇതാദ്യമായി അവിടം വഴി പോകുകയാണ്. ഉല്ലാസഭരിതനായ സഹയാത്രികർ ആഘോഷത്തിലാണ്. പക്ഷേ, എന്റെ മനസ്സ് തിക്തമായ ഒാർമകളാൽ ഘനീഭവിച്ചുനിന്നു. മലയടിവാരത്തിലുള്ള ഒരു ചെമ്മരിയാട് ഫാമും ഒരു ഗ്രാമീണവീടുമാണ് ലൊക്കേഷനായി വേണ്ടത്. ഗ്രാമീണ ഭവനത്തിനായി ഒരു പ്രാദേശിക ഇമാമിന്റെ വീട്ടിലേക്കാണ് വഴികാണിക്കാൻ വന്ന ഉയ്ഗൂർ ഗ്രാമമുഖ്യൻ കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾതന്നെ മനസ്സിലായി, നമ്മുടെ പദ്ധതിയുമായി വീടിന് സാമ്യമില്ല. അങ്ങനെ മടങ്ങാനൊരുങ്ങുേമ്പാൾ ഇമാം സമ്മതിച്ചില്ല. ഗ്രാമമുഖ്യന്റെ വരവിൽ സന്തോഷിച്ച ഇമാം ചായ കുടിച്ചുപോകാമെന്ന് നിർബന്ധിച്ചു. ഇതിനിടക്ക് അദ്ദേഹം മോേട്ടാർ സൈക്കിളെടുത്ത് അതിവേഗം ബസാറിലേക്ക് പോയി സമോസയും വാങ്ങിവന്നു. ഒൗഷധച്ചായയും സമോസയും കഴിച്ചുകൊണ്ടിരിക്കുേമ്പാൾ പെട്ടെന്ന് ചൈനീസ് ഗാനമായ ‘ലിറ്റിൽ ആപ്പിൾ’ എവിടെനിന്നോ മുഴങ്ങാൻ തുടങ്ങി. ഇമാം പോക്കറ്റിൽനിന്ന് മൊെബെൽ ഫോൺ വലിച്ചെടുത്തു. അദ്ദേഹത്തിന്റെ റിങ്ടോണായിരുന്നു അത്. ഫോണുമായി അദ്ദേഹം പുറത്തേക്കുപോയി.
2009ൽ ഉറുംചിയിലുണ്ടായ വലിയ അക്രമങ്ങൾക്കുശേഷം സിൻജ്യങ്ങിലെ പാർട്ടി സെക്രട്ടറി വാങ് ലെക്വാനിനെ മാറ്റിയിരുന്നു. 15 വർഷത്തിലേറെ അദ്ദേഹം ഇരുന്ന പദവിയിലേക്ക് ഴാങ് ചുങ്സിയാൻ നിയമിക്കപ്പെട്ടു. ഇതിനുശേഷമാണ് ‘ലിറ്റിൽ ആപ്പിൾ’ വ്യാപകമായി കേൾപ്പിക്കാൻ തുടങ്ങിയത്. പ്രദേശത്തെ പൊതുയിടങ്ങളിലും സ്കൂളുകളിലും റസ്റ്റാറന്റുകളിലും കടകളിലും ഇടതടവില്ലാതെ ഇൗ പാട്ട് കേട്ടുകൊണ്ടിരുന്നു. ഉയ്ഗൂർ മേഖലയിൽ പ്ലേഗ്പോലെ ‘ലിറ്റിൽ ആപ്പിൾ’ പടർന്നൊഴുകി. സാംസ്കാരിക അധിനിവേശത്തിന്റെ ഒരു ഉപകരണമായി പാട്ട് മാറി. ‘ഴാങ്ങിന്റെ പ്രിയഗാനം’ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.
അടുത്തിടെ ഇസ്‍ലാം മതപണ്ഡിതരെ സർക്കാർ ഇൗ ഗാനത്തിനൊപ്പം നൃത്തംവെപ്പിച്ചു. മതപണ്ഡിതർക്കായി പ്രത്യേക നിർബന്ധിത ഡിസ്കോ മത്സരം നടത്തുകയും അത് ടി.വിയിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. സർവാദരണീയരായ തലമുതിർന്ന പുരോഹിതരെക്കൊണ്ട് വേദികളിൽ നൃത്തംചവിട്ടിക്കുന്നതു കണ്ട് ഞങ്ങളിൽ രോഷവും പരിതാപവും നിറഞ്ഞു. പുരോഹിതർക്കെതിരായ ഇൗ അസംബന്ധ നാടകങ്ങൾ ഞങ്ങളുടെ വിശ്വാസങ്ങളോടുള്ള സ്പഷ്ടമായ നിന്ദതന്നെയായിരുന്നു. പക്ഷേ, നിശ്ശബ്ദമായി കണ്ടുനിൽക്കാനല്ലാതെ, ഞങ്ങൾക്കൊന്നും ചെയ്യാനില്ലായിരുന്നു.
കുറച്ചു സമയത്തിനുശേഷം േഫാൺ സംഭാഷണം അവസാനിപ്പിച്ച് ഇമാം കസേരയിൽ ഞങ്ങൾക്കൊ
പ്പം വന്നിരുന്നു. ‘‘അങ്ങയും ലിറ്റിൽ ആപ്പിളിന് നൃത്തംവെക്കുന്നു
ണ്ടോ?’’ -ഞാൻ ചോദിച്ചു. അപ്രതീക്ഷിത ചോദ്യത്തിൽ ഇമാം ഒന്ന് പകച്ചു. ‘‘അതെ.’’ ഒരുനിമിഷത്തെ മൗനത്തിനുേശഷം പറഞ്ഞു. ‘‘അതുകൊ
ണ്ട് വലിയ കുഴപ്പമൊന്നും വരാനില്ല. നല്ല വ്യായാമവുമാണ്.’’ ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് അദ്ദേഹത്തിന്റെ സ്വരത്തിൽനിന്ന് ഉൗഹിച്ചു. ആ വിഷയം കൂടുതൽ ചർച്ചചെയ്യാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. ഒരുതരത്തിൽ അദ്ദേഹം നിസ്സഹായനാണ്. ഗ്രാമമുഖ്യൻ അടുത്തിരിക്കുേമ്പാൾ വേറെന്താണ് അദ്ദേഹത്തിന് പറയാനാകുക? അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് പെെട്ടന്നെനിക്ക് തോന്നി.
ചുവപ്പ് ആം ബാൻഡ്
സുഹൃത്തും കവിയുമായ അൽമാസിന്റെ കടയിലേക്ക് വാതിൽ തുറന്ന് കയറുേമ്പാൾ ഉള്ളിൽ കസ്റ്റമർമാർ ആരുമുണ്ടായിരുന്നില്ല. ഒരു പുസ്തകത്തിൽ മുഴുകി അൽമാസ് കസേരയിലുണ്ട്. അദ്ദേഹത്തിന്റെ ഇടത്തേ കൈയിൽ ഒരുചുവന്ന ബാൻഡ് കെട്ടിയിരിക്കുന്നു. ‘സെക്യൂരിറ്റി’ എന്ന് മഞ്ഞ ചൈനീസ് അക്ഷരങ്ങളിൽ അതിൽ എഴുതിയിട്ടുണ്ട്. സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് ചെയർമാൻ മാവോയുടെ രചനകൾ വായിക്കുന്ന റെഡ് ഗാർഡ് അംഗങ്ങളുടെ ചിത്രം എനിക്ക് ഒാർമവന്നു.
‘‘ഇൗ ആം ബാൻഡിന് അഭിനന്ദനങ്ങൾ’’-ഞാനൊന്ന് കുത്തി.
‘‘നന്ദി. എനിക്കിത് നന്നായി ചേരുന്നുണ്ട്, അല്ലേ’’- അൽമാസ് കുസൃതി വിട്ടില്ല.
‘‘ഇത് പുതിയ സംഭവമാണല്ലോ. പാർട്ടിയാണോ ഇത് തരുന്നത്?’’
‘‘തരുന്നത് അവർ തന്നെ. പക്ഷേ, സൗജന്യമൊന്നുമല്ല.’’ അൽമാസിന്റെ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസ ചിരി വിരിഞ്ഞു. ‘‘ഇൗ ബാൻഡിന് 20 യുവാനാണ് വില. ആ ദണ്ഡിന് 30. വിസിലിന് 10. മൊത്തം 60 യുവാൻ കടലിൽ കളഞ്ഞു.’’
കടയുടെ വാതിലിനു പിറകിൽ നാലടി നീളമുള്ള ആ ദണ്ഡ് ചാരിവെച്ചിരിക്കുന്നു. മതിലിൽ ആണിയിൽ തൂക്കിയിട്ടുണ്ട്, ചുവപ്പു റിബൺ കെട്ടിയ മഞ്ഞ വിസിൽ.
‘‘എല്ലാ കടക്കാരും ഇതൊക്കെ വാങ്ങണമെന്നുണ്ടോ?’’ -ഞാൻ ആരാഞ്ഞു.
‘‘അതെ, എല്ലാ കടകളിലും ഇത് വേണമത്രേ. അയൽക്കൂട്ട സമിതി അങ്ങനെ നിർദേശിച്ചിരിക്കുകയാണ്. കട തുറന്നിരിക്കുേമ്പാഴെല്ലാം ഒരു ജീവനക്കാരൻ ഇൗ ആം ബാൻഡ് ധരിച്ചിരിക്കണം. അവർ പരിശോധനക്ക് വരുേമ്പാൾ അങ്ങനെ കണ്ടില്ലെങ്കിൽ ഉടനടി കട പൂട്ടി മുദ്രവെക്കും. മുദ്ര നീക്കി വീണ്ടും കട തുറക്കണമെങ്കിൽ അയൽക്കൂട്ട സമിതിയിൽ പോകണം. പിഴ അടക്കണം, ഇനി തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതിനൽകുകയും വേണം. നിങ്ങളുെട കമ്പനിയിൽ ഇതുവരെ ഇതൊന്നും എത്തിയില്ലേ’’ -അൽമാസ് ചോദിച്ചു.
‘‘ഇല്ല. ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ, അവിടെ എപ്പോഴും നമ്മൾ ഭീകരവിരുദ്ധ ഡ്രില്ലിന്റെ ഭാഗമാകണം.’’
സിൻജ്യങ്ങിലെ ഉയ്ഗൂർ സ്വയം ഭരണ മേഖലയിൽ 2016ൽ നടപ്പാക്കിയതാണ് സംയുക്ത ഭീകരവിരുദ്ധ അഭ്യാസപദ്ധതി. നാട്ടുകാരെയും കച്ചവടക്കാരെയും ഉദ്യോഗസ്ഥരെയുമൊക്കെ ‘ഭീകരർക്കെതിരായ െഎക്യപ്രതിരോധ നിര’യുടെ ഭാഗമാക്കുകയെന്നതാണ് മുദ്രാവാക്യം. ഉറുംചിയിലെ ഉയ്ഗൂർ മേഖലകളിൽ പൊലീസിന്റെ പെട്ടെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് അതിവേഗം നാട്ടുകാർ ഒാടിക്കൂടണം. അയൽക്കൂട്ട സമിതി നിയോഗിച്ച കേഡർ ഒരിടത്ത് വന്നുനിന്ന് വിസിലൂതിയാൽ അയാളുടെ ചുമതലയിലുള്ള മുഴുവൻ കടക്കാരും ഒാഫിസ് ജീവനക്കാരും തങ്ങളുടെ ദണ്ഡുകളുമായി നിശ്ചിത സ്ഥലത്ത് പാഞ്ഞെത്തണം. സൈനിക നിരപോലെ അണിനിരക്കണം. കേഡറിന്റെ ഉത്തരവിന് അനുസരിച്ച് ചിലപ്പോൾ റൂട്ട് മാർച്ചുണ്ടാകും. ചിലപ്പോൾ നിരത്തുകളും വീടുകളും പരിശോധിക്കും. ഇത്തരം ദൗത്യങ്ങളില്ലാത്ത സമയത്ത് അന്തരീക്ഷത്തിൽ ദണ്ഡ് ചുഴറ്റി സാങ്കൽപിക ഭീകരനെ നേരിടണം. ആദ്യമൊക്കെ കച്ചവടവും േജാലിയുമൊക്കെ പകുതിയിൽ നിർത്തി ഒാടിവന്നുള്ള ഇൗ അഭ്യാസത്തെ തമാശയായാണ് നാട്ടുകാർ കണ്ടിരുന്നത്. ക്രമേണ അയൽക്കൂട്ട സമിതി സ്വരം കടുപ്പിച്ചു. ഇപ്പോ
ൾ എല്ലാവരും സ്വന്തം സുരക്ഷക്കുള്ള സുപ്രധാന പ്രകടനമായി ഇതിനെ കാണുന്നു. ഉയ്ഗൂറുകളിലെ സാങ്കൽപിക തീവ്രവാദിയെ നേരിടാൻ ഉയ്ഗൂറുകൾതന്നെ വിന്യസിക്കപ്പെടുന്നു.
‘‘പ്രദേശത്തെ എല്ലാവരും ഇത്തരത്തിൽ വിന്യസിക്കപ്പെട്ടാൽ പിന്നെ തീവ്രവാദി എവിടെനിന്നു വരുന്നു?’’ -അൽമാസിനോട് ഞാൻ ചോദിച്ചു.
‘‘ശരിയാണ്. ഇത് മറ്റൊരു കാറ്റിൻ പ്രവാഹം. കുറച്ചുകഴിയുേമ്പാൾ ഇതും കടന്നുപോകും.’’ ഒാരോ കാലത്തും സർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നയങ്ങളെ ‘കാറ്റ്’ എന്നാണ് ഉയ്ഗൂറുകൾ വിശേഷിപ്പിക്കുന്നത്.
(തുടരും)