‘ആനുഭവികലോകത്തിന്റെ പിൻബലത്താൽ ദലിതർക്കു മാത്രം കഴിയുന്ന ചില ഭാവനാരീതികളുണ്ട്’

കലാധ്യാപകനും കലാനിരൂപകനും എഴുത്തുകാരനുമായ ഡോ. ഷാജു നെല്ലായിയും ചിത്രകാരനും എഴുത്തുകാരനുമായ തോലിൽ സുരേഷും കല, ജാതി, സമകാലിക അവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ ഭാഷയുടെ ആവിർഭാവം ഒരു സവിശേഷ പരിതോവസ്ഥയിൽ ആശയവിനിമയത്തിന്റെ സ്വാഭാവികമായൊരു പരിണാമപ്രക്രിയയാണ്. ഏതിടത്തെയും ഭാഷയും രൂപവും പ്രത്യേക സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിന്റെ സൃഷ്ടിയായിരിക്കും. ജനതയുടെ സ്വയം പ്രകടനാത്മകഭാവവും ആശയവും സഹജമായും ആ സാമൂഹിക-സാംസ്കാരിക സന്ദർഭത്തിന്റെ കണ്ടെത്തലായിരിക്കും. സന്ദർഭം എന്നത് വെറുമൊരു പശ്ചാത്തലമല്ല; അത് ഭാഷയുടെ രൂപത്തെയും പ്രവർത്തനരീതിയെയും...
Your Subscription Supports Independent Journalism
View Plansകലാധ്യാപകനും കലാനിരൂപകനും എഴുത്തുകാരനുമായ ഡോ. ഷാജു നെല്ലായിയും ചിത്രകാരനും എഴുത്തുകാരനുമായ തോലിൽ സുരേഷും കല, ജാതി, സമകാലിക അവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ
ഭാഷയുടെ ആവിർഭാവം ഒരു സവിശേഷ പരിതോവസ്ഥയിൽ ആശയവിനിമയത്തിന്റെ സ്വാഭാവികമായൊരു പരിണാമപ്രക്രിയയാണ്. ഏതിടത്തെയും ഭാഷയും രൂപവും പ്രത്യേക സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിന്റെ സൃഷ്ടിയായിരിക്കും. ജനതയുടെ സ്വയം പ്രകടനാത്മകഭാവവും ആശയവും സഹജമായും ആ സാമൂഹിക-സാംസ്കാരിക സന്ദർഭത്തിന്റെ കണ്ടെത്തലായിരിക്കും.
സന്ദർഭം എന്നത് വെറുമൊരു പശ്ചാത്തലമല്ല; അത് ഭാഷയുടെ രൂപത്തെയും പ്രവർത്തനരീതിയെയും മറ്റും നിർണയിക്കുന്ന അതിശക്തമായൊരു ഉപാധിയാണ്. അതിന്റെ ആവശ്യകത എന്നതിൽ പ്രതിരോധപരമായൊരു ഘടകംകൂടിയുണ്ട് എന്ന തിരിച്ചറിവിലാണ് അപരവത്കരിക്കപ്പെട്ടവരുടെ ഊന്നൽ നിൽക്കുന്നത്. അധികാര-ആധിപത്യശക്തികളുടെ ഭാഷയിലാണ് അങ്ങനെയുള്ളവർ സ്വയം പ്രകടിപ്പിക്കാൻ തുനിയുന്നതെങ്കിൽ അതിലൊരു അപകടനിലയുണ്ട്. ആ പ്രകരണത്തിൽ പുതിയ പദാവലിയും രൂപങ്ങളും കണ്ടെത്തുക എന്നത് ദലിത് സ്വത്വാന്വേഷണത്തിൽ നിർണായകമാണ്. അത്തരമൊരു ആലോചനയിൽനിന്നാണ് ഈ സംഭാഷണം ആരംഭിക്കുന്നത്.
• ഷാജു നെല്ലായി: സുരേഷ്, നിധിൻ രാജിന്റെ മരണത്തിന്റെ സവിശേഷ പശ്ചാത്തലത്തിൽ മനസ്സിൽ എന്തൊക്കെയോ വീണ്ടും ഉയർന്നുവരുകയാണ്. ഒരു വശത്തുകൂടി ദലിതർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കഠിനമായി പരിശ്രമിക്കുമ്പോൾ അതാ മറുവശത്ത് ജാതീയ ഉച്ചനീചത്വത്തിലൂടെയും പലവിധ അവഹേളനങ്ങളിലൂടെയും മറ്റും നമ്മുടെയൊക്കെ അഹംബോധത്തെയും ഇതിനകം ആർജിച്ചെടുത്ത അവബോധത്തെയും വെല്ലുവിളിക്കുകയാണ്. അങ്ങനെയാകുമ്പോൾ നമ്മുടെ പണികൾ പിന്നെയും ഇരട്ടിയാവുകയാണ്. സാംസ്കാരിക രംഗത്തും സാഹിത്യത്തിലും സിനിമയിലും നാടകത്തിലും കലയിലും മറ്റും പ്രതിരോധപരമായ അവതരണങ്ങളുടെ വലിയ കൊടുങ്കാറ്റുകൾ അഴിച്ചുവിട്ടേതീരൂ. അല്ലേ.
• തോലിൽ സുരേഷ്: ഷാജു പറഞ്ഞ ആശങ്കയും ആഹ്വാനവും നമ്മുടെ കാലഘട്ടത്തിന്റെ നാഡിയെ തൊടുന്നതാണ്. നിധിൻ രാജിന്റെ മരണം ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല, സമൂഹത്തിന്റെ അടിത്തട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയ ക്രൂരതയുടെ വെളിപ്പെടുത്തലാണ്. ദലിതർ വിദ്യാഭ്യാസത്തിലും തൊഴിൽരംഗത്തും സാംസ്കാരിക മേഖലകളിലും മുന്നേറാൻ ശ്രമിക്കുന്ന ഈ സമയത്ത്, അവരെ തിരികെ തള്ളാൻ ശ്രമിക്കുന്ന ശക്തികൾ കൂടുതൽ കൃത്യമായും കഠിനമായും പ്രവർത്തിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ “നമ്മുടെ പണികൾ ഇരട്ടിയാകുന്നു” എന്നത് ഒരു ഉപമയല്ല, യാഥാർഥ്യമാണ്. ഒരുവശത്ത് സ്വയം ശക്തിപ്പെടലും സൃഷ്ടിപരമായ മുന്നേറ്റവും തുടരേണ്ടതുണ്ട്; മറുവശത്ത്, നിലനിൽക്കുന്ന വിവേചനങ്ങളെയും അവഹേളനങ്ങളെയും തുറന്നുകാട്ടി ചോദ്യം ചെയ്യേണ്ടതുമുണ്ട്.
സാംസ്കാരികരംഗം ഇവിടെ ഒരു നിർണായക ആയുധമാകുന്നു. സാഹിത്യം, സിനിമ, നാടകം, ദൃശ്യകല -ഇവയൊക്കെ വെറും അവതരണങ്ങൾ മാത്രമല്ല, പ്രതിരോധത്തിന്റെ ഭാഷകളാണ്. അനുഭവങ്ങൾ പറയപ്പെടുമ്പോൾ, മറച്ചുവെക്കപ്പെട്ട ചരിത്രങ്ങൾ വെളിച്ചത്ത് വരുമ്പോൾ, അധികാരഘടനകൾക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ‘അവതരണ പ്രതിരോധം’ ഒരു അനിവാര്യ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനമായി മാറുന്നു. പക്ഷേ, ഈ കൊടുങ്കാറ്റ് വെറും വികാരപ്രകടനമാകരുത്.
അത് വ്യക്തമായ രാഷ്ട്രീയബോധത്തോടും ചരിത്രബോധത്തോടും ചേർന്ന സൃഷ്ടിപരമായ ഇടപെടലുകളായിരിക്കണം. ദലിതരുടെ ശബ്ദം മറ്റൊരാൾ വിവർത്തനം ചെയ്യേണ്ട അവസ്ഥയിൽനിന്ന് മാറി, അവർതന്നെയാണ് അവരുടെ കഥകളുടെ സ്രഷ്ടാക്കളാകേണ്ടത്. അതിനാൽ, ഷാജു പറഞ്ഞതുപോലെ, കലാരംഗത്ത് ശക്തമായ ഇടപെടലുകൾ അനിവാര്യമാണ്. എന്നാൽ, അതിനൊപ്പം, ആ ഇടപെടലുകൾ ദീർഘകാല മാറ്റത്തിനായുള്ള ചിന്തയും ദിശയും ഉൾക്കൊള്ളുന്നതായിരിക്കണം. അപ്പോഴാണ് ഈ പ്രതിരോധം ഒരു താൽക്കാലിക പ്രതികരണമല്ലാതെ, സമൂഹത്തെ മാറ്റിമറിക്കുന്ന സൃഷ്ടിപരമായ ശക്തിയായി മാറുക.
• ഷാജു: ദലിതരുടെ ശബ്ദം മറ്റൊരാൾ വിവർത്തനം ചെയ്യുക, ഒരു മീഡിയേറ്ററിന്റെ സ്ഥാനം എന്നിവയെപ്പറ്റിെയല്ലാമുള്ള സുരേഷിന്റെ ആശങ്ക അർഥവത്താണ്. ഒരു ജനതയുടെ ഓർമകളും അനുഭവവും അവർതന്നെ ആഖ്യാനംചെയ്യുമ്പോൾ ഉണ്ടാകുന്ന ആധികാരികത മറ്റെന്തിനുണ്ട്. പലപ്പോഴും, അവർക്കായി മറ്റു പലർ സംസാരിക്കുന്നതിന്റെ പോരായ്മകൾ ചരിത്രത്തിൽ വെളിപ്പെട്ടതാണ്. അവിടെയാണ് സ്വന്തം ശബ്ദത്തെപ്പറ്റിയൊക്കെ ചിന്തിക്കേണ്ടിവരുന്നത്.
ദലിത് കല എന്നു പറയുമ്പോൾ പൊതുവെ നമ്മൾ ചർച്ചചെയ്യുന്നത് അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കത്തെക്കുറിച്ചായിരിക്കും. ദലിത്കലയുടെ സവിശേഷ ഭാഷയപ്പെറ്റി അങ്ങനെ ആരും കാര്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. കേവലമായി കറുത്ത നിറമോ ദലിത് ആനുഭവികമൂല്യമുള്ള പാരമ്പര്യകലകളുടെ രൂപപരമോ വർണപരമോ ആയ പ്രതിനിധാനം എന്നതിനപ്പുറത്തേക്ക് അത് പോകാത്തപോലെ. അത്തരം പ്രയോഗങ്ങൾ തീർച്ചയായും തെറ്റായ വഴിതിരിക്കലായാണ് തോന്നിയിട്ടുള്ളത്.
• സുരേഷ്: എല്ലാ കലകളും ആത്മാവിഷ്കാരം പ്രകടിപ്പിക്കാനുള്ളതാെണങ്കിലും ദലിത്കലയെ സംബന്ധിച്ചിടത്തോളം ശബ്ദമറ്റവരുടെ ശബ്ദമായി മാറുന്നതാണ് അതിന്റെ രാഷ്ട്രീയം. അതായത്, ജാതിയുടെയും നിറത്തിന്റെയും പ്രതിരോധത്തിന്റെയുമൊക്കെ ആയുധമായി ദൃശ്യാവിഷ്കാരങ്ങളിലൂടെ വിമോചനത്തിന്റെ ഒരു നൈതികത മുന്നോട്ടുവെക്കുന്ന ഒരു പ്രത്യയശാസ്ത്രമായാണ് അതിന്റെ ഭാഷ രൂപപ്പെടുന്നത്. അതിലൂടെയാണ് ജാതിസ്വത്വത്തെ അടയാളപ്പെടുത്തുകയും അടിച്ചമർത്തലുകളെ ചോദ്യംചെയ്യുകയും പോരാട്ടത്തിന്റെ കഥകളിലൂടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ശക്തമായ ഒരു കല-സാഹിത്യ-സാംസ്കാരിക ഭാഷയുണ്ടാകുന്നത്.
ഈ മുന്നേറ്റമാണ് ദലിത്കല. അതായത്, വിവേചനത്തിന്റെ ജീവിതാനുഭവങ്ങളെ രാഷ്ട്രീയബോധ്യത്തോടെ കലയിൽ അവതരിപ്പിക്കുന്ന രീതി. സമകാലിക കലാചർച്ചകളിൽ ദലിത് സ്ത്രീകൾ നേരിടുന്ന സവിശേഷമായ വെല്ലുവിളികളെ ഈ ഭാഷയിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ജാതീയമായ പുരുഷാധിപത്യത്തെയും സമൂഹത്തിനകത്തെ ലിംഗവിവേചനത്തെയും അത് ഒരേപോലെ ചോദ്യംചെയ്യുന്നു. ഓഷീൻ ശിവയെപ്പോലുള്ളവർ പാരമ്പര്യപ്രതീകങ്ങളെ സയൻസ് ഫിക്ഷനുമായി സമന്വയിപ്പിച്ച് ‘ദലിത് ഫ്യൂച്ചറിസം’ എന്ന ഏറ്റവും പുതുതായി രൂപംകൊണ്ട ഭാവനാത്മക പ്രതിരോധം പരീക്ഷിക്കുന്നത് സമകാലിക കലയിൽതന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി ഇന്ന് കാണാൻ കഴിയും. എന്നാൽ, കേരളത്തെ സംബന്ധിച്ച് മുഖത്ത് കറുപ്പ് ചായം തേച്ച് പ്രകടിപ്പിക്കുന്ന രീതിയിലാണ് ആ ഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്. അത് തികച്ചും ദലിത്കലയോടുള്ള പ്രതിരോധമായിട്ടല്ല ഞാൻ കാണുന്നത്.

• ഷാജു: സത്യത്തിൽ, ഭാഷയുടെ പ്രാദേശിക തീവ്രവാദത്തിന്റെ ക്ലിപ്തസങ്കൽപത്തിലല്ല എന്റെ ഊന്നൽ. അതേസമയം, അതാർജിക്കേണ്ട പരിതോവസ്ഥയുടെ ഒരുതരം സ്വാഭാവികതയുണ്ടല്ലോ; വന്നുചേരേണ്ട ഒരു രാഷ്ട്രീയമാനംകൂടിയാണത്. എന്തായാലും, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉറപ്പ് ദലിത്കലയും ഭാഷയും ഇതിനകം നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഭാഷയിലും മറ്റും ചിലയിടത്ത് ഇപ്പോഴും തുടരുന്ന കോളനീയതയെയും സവർണതയെയും ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നാണ് പറഞ്ഞുവരുന്നത്. അവക്കൊന്നും ആവശ്യപ്പെടുന്ന പ്രത്യേകയിടത്തെ സംസ്കാരത്തെയും പരിതോവസ്ഥയെയും ശരിയായി പ്രതിനിധാനംചെയ്യാനാവില്ലതന്നെ. ഏറ്റവും തീവ്രമായൊരു ഭാഷക്കായി ഇനിയും അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്.
• സുരേഷ്: തീർച്ചയായും. മലയാളം ദലിത് ഭാഷയെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. പക്ഷേ, രാഷ്ട്രീയമായ വ്യക്തത കൈവരിക്കുമ്പോഴും, പ്രയോഗിക്കുന്ന ഭാഷ ഇപ്പോഴും നിലനിൽക്കുന്ന സാഹിത്യനിയമങ്ങൾക്കും (Literary canons) സവർണഭാഷാബോധത്തിനും കീഴ്പ്പെട്ടിരിക്കുന്നു എന്നത് ഗൗരവതരമായൊരു ചർച്ചാവിഷയമാണ്. താങ്കൾ സൂചിപ്പിച്ച നിലവിലുള്ള ഈ ‘തീവ്രമായ ഭാഷാന്വേഷണം’ ചില മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിൽ ഒന്നാമത്, ഭാഷാപരമായ അപകോളനീകരണംതന്നെയാണ് (Decolonizing Language). നിലവിലുള്ള മാനക മലയാളം (Standard Malayalam) പലപ്പോഴും രൂപപ്പെട്ടത് വരേണ്യമായ സംസ്കാരത്തിൽനിന്നാണ്. അതിൽനിന്നും മാറി സ്വന്തം തനിമയുള്ള മൊഴിവഴക്കങ്ങളെ (Dialects) സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത് ദലിത് ഇടങ്ങളിൽനിന്നാണ്, മറാത്തി ദലിത് സാഹിത്യത്തിലുള്ളതുപോലെ.
രണ്ടാമത്, ഭാഷയിലെ സൗന്ദര്യശാസ്ത്രപരമായ മാറ്റമാണ് (Shift in Aesthetics). മലയാള സാഹിത്യത്തിൽ സവർണബോധം നിർമിച്ചുവെച്ച ‘ശുദ്ധി’, ‘മിതത്വം’ തുടങ്ങിയ അളവുകോലുകളെ തകർത്ത്, പാർശ്വവത്കരിക്കപ്പെട്ട ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ അതേ തീവ്രതയോടെ ആവിഷ്കരിക്കണം. എന്നാൽ മാത്രമേ താങ്കൾ പറഞ്ഞ ഭാഷാന്വേഷണത്തിൽ എത്തൂ.
• ഷാജു: ഈ പ്രകരണത്തിൽ, സംസ്ഥാപനകല ഏറ്റവും ശക്തമായൊരു മാധ്യമമായി വികസിപ്പിക്കാമെന്ന് വിചാരിക്കുന്നു ഞാൻ. അതുപോലെത്തന്നെയാണ്, ഉപേക്ഷിക്കപ്പെട്ടതോ ജൈവികമായതോ പുനർനിർമിക്കാവുന്നതോ ആയ മാധ്യമങ്ങളുടെ വിനിയോഗം. തീവ്രമായൊരു രാഷ്ട്രീയതീരുമാനം കൂടിയാണ് അത്തരം തെരഞ്ഞെടുപ്പുകൾ. അതിനൊപ്പം, കലക്ടിവ് ആയ കലാ സംരംഭങ്ങൾകൂടി ദലിത്കലയാളരിലൂടെ സംഭവിക്കണം. കാരണം, ഒറ്റയൊറ്റ സംരംഭങ്ങൾ എന്നതിനേക്കാൾ ഇനിയുള്ള കാലത്ത് കലക്ടിവുകൾക്കാണ് പലതും ചെയ്യാനാവുക എന്ന് ചരിത്രം തെളിയിച്ചുകഴിഞ്ഞു; പുരോഗമനപരമായ ആശയങ്ങളുടെ കൊടുക്കൽ വാങ്ങൽ കൂടി അവിടെ നടക്കുമെങ്കിൽ മാത്രം.
• സുരേഷ്: ‘കറുത്ത സമുദ്രം’ എന്ന പേരിൽ എസ്. ജോസഫിന്റെ ഒരു കവിതയുണ്ട്. ദലിത്കലയിലും സാഹിത്യത്തിലും വളരെ ആഴമേറിയ അർഥമുള്ള പ്രയോഗമാണ് അതിനു പിന്നിലുള്ളത്. ഈ പ്രയോഗം സമുദ്രംപോലെ വിശാലവും ആഴമേറിയതുമാണ്. ദലിത്ജീവിതം എന്നാൽ, ചരിത്രരേഖകളിൽ പലപ്പോഴും ഇത് ‘കറുത്തത്’ അല്ലെങ്കിൽ ഇരുളടഞ്ഞത് എന്നനിലയിൽ അവഗണിക്കപ്പെട്ടതായാണ് നമുക്കൊക്കെ അനുഭവമുള്ളത്. ഈ മറച്ചുപിടിക്കപ്പെട്ട ചരിത്രത്തെയും സംസ്‌കാരത്തെയുമാണ് ‘കറുത്ത സമുദ്രം’ സൂചിപ്പിക്കുന്നത്.
ചുരുക്കത്തിൽ, മുഖ്യധാരാ സാഹിത്യം ആഘോഷിച്ച ‘വെളുത്ത’ പരിസരങ്ങളിൽനിന്നും മാറി, സ്വന്തം വേരുകളെയും കറുത്ത നിറത്തെയും രാഷ്ട്രീയമായും സാംസ്‌കാരികമായും അടയാളപ്പെടുത്തുന്ന ഒരു പദാവലിയാണിത്. കേരളത്തിലെ മുഖ്യധാരാ സാഹിത്യത്തിലും കലയിലും ഒരു പുതിയ സൗന്ദര്യശാസ്ത്രം (Dalit Aesthetics) രൂപപ്പെടുത്തുന്നതിൽ ഈ സങ്കൽപം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദലിത്കലകൾ പൊതുയിടങ്ങളിൽ എത്തുമ്പോൾ അത് കേവലം ഒരു ‘‘കലാരൂപത്തിന്റെ മാറ്റം’’ അല്ല, മറിച്ച് സാംസ്കാരികമായ ഒരു ജനാധിപത്യവത്കരണമാണ് നടത്തിയിട്ടുള്ളത്. ഇത് പുതിയൊരു സംസ്‌കാരത്തിന് ജന്മം നൽകുന്ന കൊടുക്കൽ വാങ്ങലുകളിലേക്ക് എത്തിച്ചേരുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
• ഷാജു: കേരളത്തിൽ ഇപ്പോഴും ശരിയായ രീതിയിലുള്ള, ദലിത്കലയുടെ ബിംബവത്കരണം നടന്നിട്ടില്ല എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്; അങ്ങിങ്ങ് പലതരം അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിൽകൂടി, പലപ്പോഴും പരമ്പരാഗതവും സാംസ്കാരികവുമായ സ്വന്തം ആനുഭവികലോകത്തെ ബിംബവത്കരിക്കുമ്പോൾ ദലിത്കലയാളർക്ക് എവിടെയോ തെറ്റുന്നപോലെ. അവർ നിലവിലുള്ള ഒരന്യഭാഷയെ കടമെടുക്കുകയോ പുനഃരാവിഷ്കരിക്കുകയോ ചെയ്യുകയാണ്.
അതിനൊരു വിധ്വംസകമൂല്യമോ പുതിയൊരു ദൃശ്യാത്മകതയോ ഒന്നുമില്ല. സ്ത്രീപക്ഷകല എപ്രകാരമാണ് സ്വന്തം ബിംബങ്ങളെയും ഭാഷയെയും കണ്ടെത്തുന്നതെന്ന് ശ്രദ്ധിച്ചാൽമാത്രം മതി. സ്വന്തം കർതൃത്വത്തെ എത്ര അർഥവത്തായും രാഷ്ട്രീയമായും അവർ അടയാളപ്പെടുത്തുന്നു. ആ നിലക്ക് അവർ ഒരുപാടു ദൂരം സഞ്ചരിച്ചുകഴിഞ്ഞു. അടിസ്ഥാനാശയമായി ദലിത് ജ്ഞാനവ്യവസ്ഥയും അംബേദ്കർചിന്തയും ബുദ്ധമതമോ മറ്റോ പോലുള്ള ആശയങ്ങളും ഉണ്ടായിരിക്കുമ്പോഴും ദലിത്കലയാളർ ഓരോരുത്തരും താന്താങ്ങളുടെ മുഖ്യ ഉപാധിയാക്കേണ്ടത് വൈവിധ്യപൂർണമായ സ്വന്തം സാംസ്കാരികാനുഭവ ലോകം തന്നെയായിരിക്കണം. പുതിയ മാധ്യമരൂപവും അങ്ങനെ തിരയണം.

നിധിൻ രാജിന് നീതി ആവശ്യപ്പെട്ട് കേരളത്തിൽ നടന്ന പ്രതിഷേധം
• സുരേഷ്: കേരളത്തിലെ ദലിത്കലയിൽ ബിംബവത്കരണം(Iconisation/Symbolic representation) നടന്നിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതും വളരെ സവിശേഷമായ രീതിയിൽത്തന്നെ. അത് പക്ഷേ, കലയിൽ ഇന്ന് കാണുന്നപോലെ ആയിരുന്നില്ല. ബിംബവത്കരണം എന്നത് ഒരു സമൂഹത്തിന്റെ അനുഭവങ്ങൾ, ചരിത്രം, രാഷ്ട്രീയം ചിത്രങ്ങളായോ ചിഹ്നങ്ങളായോ ദൈവികരൂപങ്ങളായോ ഒക്കെ പ്രതിനിധാനം ചെയ്യുന്ന പ്രക്രിയയാണ്. എഴുതപ്പെടാത്ത ചരിത്രം പരിശോധിക്കുകയാെണങ്കിൽ കേരളത്തിലെ ദലിത്കലയിൽ സാമൂഹിക നവോത്ഥാന നായകരെ ദൈവികമോ വീരമോ ആയ രൂപങ്ങളിൽ ചിത്രീകരിക്കുന്ന പ്രവണത കാണാം. ഉദാഹരണമായി വില്ലുവണ്ടിയിൽ വരുന്ന അയ്യൻകാളിയുടെ ശിൽപം, പൊയ്കയിൽ അപ്പച്ചന്റെ ചിത്രത്തിന് ചുറ്റുമുള്ള ഓറ ഇവയെല്ലാം.
“നാം താഴ്ന്നവരല്ല” എന്ന രാഷ്ട്രീയ പ്രഖ്യാപനം സമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന ദൃശ്യചിഹ്നരൂപങ്ങളാണ്. ഇത്തരം ചിത്രശിൽപങ്ങളിൽ പ്രതിരോധം, ആത്മാഭിമാനം, വിമോചനം തുടങ്ങിയ ആശയങ്ങൾ ശക്തമായി ബിംബവത്കരിക്കപ്പെടുന്നതായി നമുക്ക് കാണാൻ കഴിയും. എന്നാൽ, കലാനിരൂപകരെ സംബന്ധിച്ച് അയ്യൻകാളിയുടെ വില്ലുവണ്ടി ചിത്രത്തിൽ ജീവിതാനുഭവങ്ങളുടെ ചിഹ്നവത്കരണവും മണ്ണ്, കൃഷി, തൊഴിലുപകരണങ്ങൾ, ഗ്രാമീണപശ്ചാത്തലവുമൊക്കെ ഒരു കലാഭാഷയായി കാണാൻ കഴിയാതെ പോയതിൽ എഴുത്താളരുടെ ജാതി ഒരു പ്രധാന കാരണമായിട്ടാണ്. തോന്നിയിട്ടുള്ളത്.
• ഷാജു: സത്യത്തിൽ പൊതുഭാവനയിലുള്ള ഇത്തരം ബിംബങ്ങളെയല്ല ഞാനുദ്ദേശിച്ചത്. ബുദ്ധനെയും അംബേദ്കറെയും അയ്യൻകാളിയെയും പൊയ്കയിൽ അപ്പച്ചനെയും പോലുള്ള ബിംബങ്ങളെല്ലാം ആർക്കും എടുക്കാമല്ലോ. ഓരോ ദലിത്കലയാളരും സ്വന്തം വൈയക്തികാനുഭവത്തെ അതിനെല്ലാം അപ്പുറത്ത് ഉപാധിയാക്കുന്നത് സങ്കൽപിച്ചുനോക്കൂ. അതിന്റെ തനിമ, ഏകത്വം, അനന്യത എന്നിവയെയെല്ലാം അധികരിച്ചുണ്ടാകുന്ന ഒരുതരം ബിംബവത്കരണത്തെപ്പറ്റിയും. അത് കേവലമായ വൈകാരികതക്കപ്പുറം സാമൂഹികവ്യവസ്ഥാവത്കരണത്തിലൂടെ രാഷ്ട്രീയമാക്കണമെന്നേയുള്ളൂ. സാർവലൗകികമായ രൂപകൽപനാപ്രക്രിയക്കകത്ത് അതിന് സാംഗത്യവുമുണ്ടാകണം. ആ പ്രക്രിയാവബോധം നിരന്തരമായി നവീകരിക്കപ്പെടേണ്ടതുണ്ട്. അതിലെ മാധ്യമപരമായ പര്യവേക്ഷണം സൗന്ദര്യശാസ്ത്രപരമായ ബഹുലതയിലേക്ക് നയിക്കാതിരിക്കില്ല. ജനാധിപത്യത്തിന്റെ സാമൂഹികശാസ്ത്ര ഘടനക്കകത്ത് അതിനെ ശക്തിയുക്തം പ്രശ്നവത്കരിക്കാൻ കഴിയേണ്ടതുമുണ്ട്.
• സുരേഷ്: പൊതുവായി പ്രചാരത്തിലുള്ള പ്രതീകങ്ങളെ ആശ്രയിക്കുന്നതിനേക്കാൾ, ദലിത് കലാകാരന്റെ വ്യക്തിഗതാനുഭവങ്ങളിൽനിന്നുത്ഭവിക്കുന്ന ബിംബവത്കരണത്തിനാണ് കൂടുതൽ പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടുന്ന താങ്കളുടെ നിരീക്ഷണം വളരെ പ്രസക്തവും ശ്രദ്ധേയവുമാണ്. കാരണം, അതിലൂടെ ദലിത്കലയുടെ അന്തർഗതമായ വൈവിധ്യവും അനന്യതയും വ്യക്തമായി തെളിയും. എന്നാൽ, ഒരേസമയം, അംബേദ്കർ, അയ്യൻകാളി പോലുള്ള പൊതുപ്രതീകങ്ങൾ പൂർണമായും നിരാകരിക്കേണ്ടതുണ്ടോ എന്ന ചിന്തയാണ് എനിക്കുള്ളത്. ഇവ ദലിത് രാഷ്ട്രീയ-സാംസ്കാരികബോധത്തിന്റെ രൂപവത്കരണത്തിൽ വലിയ പങ്കുവഹിച്ചവയാണ്. ആയതിനാൽ, വ്യക്തിപരമായ അനുഭവങ്ങളും സാമൂഹികപരമായ സ്മൃതികളും തമ്മിൽ ഒരു സംഭാഷണം സൃഷ്ടിക്കുന്ന രീതിയിലാണോ ബിംബവത്കരണം വികസിക്കേണ്ടത് എന്നാരു ചോദ്യം എന്നിൽ ഉയർത്തുന്നുണ്ട്.
താങ്കൾ പറഞ്ഞതുപോലെ, ബിംബവത്കരണം കേവല വികാരപ്രകടനമല്ല, സാമൂഹികവ്യവസ്ഥയെ ചോദ്യംചെയ്യുന്ന രാഷ്ട്രീയപ്രവർത്തനമായി മാറേണ്ടതുണ്ടെന്നത് യാഥാർഥ്യമാണ്. അതിന് മാധ്യമപരമായ പരീക്ഷണങ്ങളും രൂപകൽപനാപരമായ നവീകരണവും നിർണായകവുമാണ്. അതോടൊപ്പം, ഈ പ്രക്രിയ സാധാരണ പ്രേക്ഷകനുമായി എങ്ങനെ ബന്ധപ്പെടും എന്നതും പരിഗണിക്കേണ്ട വിഷയമല്ലേ? വ്യക്തിഗതാനുഭവങ്ങളുടെ ആഴവും പൊതുസാമൂഹികപ്രതീകങ്ങളുടെ ശക്തിയും തമ്മിൽ ഒരു സൃഷ്ടിപരമായ സന്തുലനം കണ്ടെത്തുന്നതിലാണ് ദലിത്കലയുടെ ഭാവിസാധ്യതകൾ കൂടുതൽ സമൃദ്ധമാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്.
• ഷാജു: മറ്റുള്ളവർ ഉപയോഗിക്കുന്നതിൽനിന്നും വ്യത്യസ്തമായ തലത്തിൽ പൊതുബിംബങ്ങളെ സ്ഥാനപ്പെടുത്താൻ ദലിത്കലയാളർക്ക് കഴിഞ്ഞെങ്കിലേ അതിന് പ്രസക്തിയുള്ളൂ. അതിന്റെ കൂടെ വൈയക്തികാനുഭവ ലോകം അർഥവത്തായി സമന്വയിപ്പിക്കണം.
എവിടെനിന്നുള്ളതിനെയും നമുക്കെടുക്കാം. പക്ഷേ, അത് നമ്മിലൂടെ എന്ത് പരിവർത്തനത്തിനു വിധേയമായി എന്നതാണ് മുഖ്യം. അതിനെയെല്ലാം ചരിത്രപരമായി കലാനിരൂപണത്തിലൂടെ സ്ഥാനപ്പെടുത്തുക എന്നതും പ്രധാനമാണ്. കലാതത്ത്വശാസ്ത്രവും സൗന്ദര്യശാസ്ത്രവും ദീക്ഷിക്കുമ്പോൾപോലും, അതിനെല്ലാം ഉപരിയായി സാമൂഹികമായ അവതരണ പദ്ധതികളിലൂടെ ബഹുജന സംവേദനം നടത്താൻ തക്കവിധം കലയെ പുരോഗമനാത്മകമാക്കാൻ ദലിത്കലയാളർക്ക് കഴിയുന്നതിലൂടെ പുതിയൊരു കലാചരിത്രംതന്നെ സൃഷ്ടിക്കപ്പെടാം. അതിന് കല അതേ സാമൂഹികാവസ്ഥയിൽനിന്നുതന്നെ രൂപപ്പെടണം എന്നുമാത്രം.
• സുരേഷ്: സാധാരണയായി നിലനിൽക്കുന്ന മുഖ്യധാരാ ലാവണ്യബോധത്തിൽനിന്ന് വ്യത്യസ്തമായി, പൊതുബിംബങ്ങളെ മറ്റൊരുതലത്തിൽ പ്രതിഷ്ഠിക്കണമെന്ന നിർദേശം സെമിയോട്ടിക്സ് (Semiotics) എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒരു ബിംബത്തിന് സമൂഹം നൽകിയിട്ടുള്ള അർഥത്തെ മാറ്റിമറിച്ചുകൊണ്ട് (Subversion) ദലിത് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന് പുതിയൊരർഥം നൽകുകയെന്ന താങ്കളുടെ നിരീക്ഷണത്തിനോട് വിയോജിപ്പുണ്ട്. കാരണം, ആത്മനിഷ്ഠമായ അനുഭവവും കലയും (Subjectivity and Art) വ്യക്തിപരമായ അനുഭവങ്ങളെ അർഥവത്തായി സമന്വയിപ്പിക്കണം എന്നുപറയുമ്പോൾ, അത് ഫിനോമിനോളജി (Phenomenology) എന്ന ചിന്താധാരയെ സ്പർശിക്കുന്നുണ്ട്.
കലാകാരൻ താൻ ജീവിക്കുന്ന ലോകത്തെ എങ്ങനെ അനുഭവിക്കുന്നുവോ, അത് കലയിൽ പ്രതിഫലിക്കണം. വെറും അനുകരണത്തിനു പകരം, സ്വന്തം അസ്തിത്വത്തിൽനിന്നുള്ള (Ontological) ഒരാവിഷ്കാരമാണ് ദലിത്കല ആവശ്യപ്പെടുന്നത്. അതായത്, സാമൂഹികമായ അവതരണ പദ്ധതി (Social Praxis). കല കേവലം സൗന്ദര്യശാസ്ത്രപരമായ ഒരു വസ്തുവല്ല, മറിച്ച് അതൊരു സാമൂഹിക പ്രവർത്തനമാണ് (Art as Social Practice). കലയിലൂടെ ബഹുജനങ്ങളിലേക്ക് എത്തണമെന്നും ചരിത്രപരമായ മാറ്റം സൃഷ്ടിക്കണമെന്നും പറയുന്നത് മാർക്സിസ്റ്റ് ലാവണ്യശാസ്ത്രത്തെയും (Marxist Aesthetics) വാൾട്ടർ ബെഞ്ചമിനെയും (Walter Benjamin) പോലുള്ള ചിന്തകരുടെ നിരീക്ഷണങ്ങളാണ്. അങ്ങനെയാകുമ്പോൾ മാത്രമാണ് ദലിത്കലക്ക് ഒരു രാഷ്ട്രീയലക്ഷ്യമുണ്ടെന്നും വിമോചനത്തിനുള്ള ഉപാധിയാണെന്നും ഉറപ്പാകുന്നത്.
ചരിത്രപരതയും കലാവിമർശനവും (Historiography and Art Criticism) ദലിത്കലയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. ദലിത്കലകൾ പലപ്പോഴും ‘നാടൻകലകൾ’ എന്നോ ‘ഗോത്രകലകൾ’ എന്നോ വിളിക്കപ്പെട്ട് മുഖ്യധാരാചരിത്രത്തിൽനിന്ന് പുറന്തള്ളപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, അതിനെ ശാസ്ത്രീയമായ കലാവിമർശനത്തിലൂടെയും ചരിത്രരചനയിലൂടെയും സ്ഥാപിച്ചെടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ പറയുന്നത് ന്യൂ ഹിസ്റ്റോറിസിസം (New Historicism) എന്ന നിലപാടാണ്. അപ്പോഴേ ദലിത്കലയിൽ പുതിയൊരു ചരിത്രനിർമിതിയുണ്ടാകൂ.
‘‘കല അതേ സാമൂഹികാവസ്ഥയിൽനിന്നുതന്നെ രൂപപ്പെടണം’’ എന്ന വാചകം കൾചറൽ മെറ്റീരിയലിസത്തിന്റെ (Cultural Materialism) ഭാഗമാണ്. ഒരു ജനതയുടെ കല അവരുടെ ഭൗതികസാഹചര്യങ്ങളിൽനിന്നും അതിജീവന പോരാട്ടങ്ങളിൽനിന്നുമാണ് ഉണ്ടാകേണ്ടത്. അത് പുതിയൊരു ചരിത്രബോധം (Alternative History) നിർമിക്കാൻ സഹായിക്കുന്നു. ചുരുക്കത്തിൽ, ഷാജുവിന്റെ ഈ നിരീക്ഷണം, കലയെ കേവലം ‘ഭംഗി’ എന്നതിനപ്പുറം, അധികാരത്തോടുള്ള കലഹം (Resistance), സ്വത്വപ്രഖ്യാപനം (Assertion of Identity), സാമൂഹികമാറ്റം (Social Transformation) എന്നിവക്കുള്ള ആയുധമായാണ് ഞാൻ കാണുന്നത്. കലയും കലാലോകവും ജനാധിപത്യവത്കരിക്കപ്പെടണമെന്ന വിപ്ലവാത്മകമായ കാഴ്ചപ്പാടാണത്. അതാണ് വേണ്ടതും.
• ഷാജു: സമൂഹത്തിന്റെ പൊതുഭാവനയിലൂടെ സ്ഥാപനവത്കരിക്കപ്പെട്ട ഭാഷയും ചിഹ്നങ്ങളും ബിംബങ്ങളും ഒട്ടൊക്കെ അവിടത്തെ മധ്യ-സവർണ-അധികാരവർഗങ്ങളുമായി സൂക്ഷ്മബന്ധത്തിലാണ്. ആ നിലക്ക് അവർക്കുവേണ്ടിയാണവ അർഥോൽപാദനം നടത്തുന്നതും. അത് രാഷ്ട്രീയമായ ഉള്ളടക്കമാണ്. ആ പരിതോവസ്ഥയിലാണ് ദലിത് അനുഭവങ്ങളുടെ സവിശേഷ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ ഭാഷക്കും ചിഹ്നത്തിനും ബിംബത്തിനും പുതിയ അർഥാന്വേഷണങ്ങൾ നടത്തണമെന്ന് പറയേണ്ടിവരുന്നത്. എല്ലാ കാലത്തേക്കുമായി ഒരൊറ്റ അർഥവിവക്ഷമാത്രമല്ലല്ലോ ബിംബത്തിനുള്ളത്.
അതിനെ ക്ലിപ്തവും നിർദിഷ്ടവുമാക്കാൻ ആർക്ക് കഴിയും. കാലത്തിന്റെ സാന്ദർഭികതയിലൂടെയാവണം അനുഭവം ബിംബത്തെ പുനർനിർമിക്കേണ്ടത്. പ്രമേയം രൂപങ്ങളിലൂടെ കാലികവുമാകണം. അവബോധത്തിന്റെ നവീകരണംകൂടിയാണത്. ബിംബത്തിന്റെ രൂപാന്തരം രാഷ്ട്രീയബോധ്യത്താൽ ചരിത്രത്തിലൂടെ സംവാദപരവുമായിരിക്കണം. അക്കാദമികലോകം അതൊന്നും പെട്ടെന്ന് പ്രമോട്ട് ചെയ്യണമെന്നില്ല. കാരണം, അതിന്റെ അളവുകോൽ യൂറോ-മധ്യമ-സവർണകേന്ദ്രിതമാണ് പലപ്പോഴും.

• സുരേഷ്: ‘‘സ്ഥാപനവത്കരിക്കപ്പെട്ട ഭാഷയും ചിഹ്നങ്ങളും ബിംബങ്ങളും അധികാരഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നത് കൾചറൽ സ്റ്റഡീസിലും സെമിയോട്ടിക്സിലും ഏറെ സ്ഥാപിതമായ ധാരണയാണ്. Michel Foucaultയുടെ അധികാരവും അറിവും (Power/Knowledge) എന്ന ആശയപ്രകാരം, അറിവും (Knowledge) അധികാരവും (Power) പരസ്പരം ഉൽപാദിപ്പിക്കുന്നവയാണ്; അതിനാൽ സമൂഹത്തിൽ പ്രചാരത്തിലുള്ള ചിഹ്നങ്ങളും ബിംബങ്ങളും സാധാരണയായി അധികാരവർഗത്തിന്റെ താൽപര്യങ്ങൾക്കും അതുപോലെ ലോകദർശനങ്ങൾക്കും അനുകൂലമായരീതിയിൽ അർഥങ്ങൾ നിർമിക്കുന്നു.
ഇതിന് സമാനമായാണ് Pierre Bourdieu “Symbolic Power” എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടിൽ, ഭാഷയും സാംസ്കാരിക ചിഹ്നങ്ങളും ഒരു “Symbolic Violence” നടത്തുന്നുണ്ട്. അതായത്, പ്രബലവർഗം ഉൽപാദിപ്പിക്കുന്ന അർഥങ്ങൾ സ്വാഭാവികവും സർവസാധാരണവുമായതെന്ന തോന്നൽ സൃഷ്ടിക്കുന്നു. നിങ്ങൾ പറഞ്ഞ “മധ്യമ-സവർണ-അധികാരവർഗവുമായിട്ടുള്ള സൂക്ഷ്മബന്ധം” എന്ന ആശയം ഇതുമായി പൊരുത്തപ്പെടുന്നതായാണ് എനിക്കു തോന്നുന്നത്.
ദലിത് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ “പുതിയ അർഥാന്വേഷണം” ആവശ്യമാണ് എന്ന വാദം Dalit Studiesലും Subaltern Studiesലും കേന്ദ്രപ്രശ്നമാണ്. ബി.ആർ. അംബേദ്കറിന്റെ ചിന്തയിൽ, സാമൂഹികനീതിക്കായി ഭാഷയും ചിഹ്നങ്ങളും പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ട്; അതുവഴിയാണ് “Self-Representation” സാധ്യമാകുന്നത്.
അതുപോലെ Gayatri Chakravorty Spivak ‘Can the Subaltern Speak?’ എന്ന പ്രശസ്ത ലേഖനത്തിൽ അടിച്ചമർത്തപ്പെട്ടവർക്ക് സ്വന്തം ശബ്ദം സൃഷ്ടിക്കാൻ പുതിയ പ്രതിനിധാനരീതികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. “ബിംബങ്ങൾക്ക് സ്ഥിരമായ അർഥമില്ല” എന്ന നിങ്ങളുടെ വാദം പോസ്റ്റ്-സ്ട്രക്ചറലിസ്റ്റ് സമീപനവുമായി ബന്ധപ്പെടുന്നുണ്ട്. ജാക് ദെറിദയുടെ (Jacques Derrida) “Deconstruction” ആശയപ്രകാരം, അർഥം സ്ഥിരമല്ല; അത് നിരന്തരം മാറ്റംവരുത്തപ്പെടുന്ന ഒരു പ്രക്രിയയാണ്. അതിനാൽ ബിംബങ്ങൾക്ക് “ക്ലിപ്തവും നിർദിഷ്ടവുമായ അർഥം” നിശ്ചയിക്കാൻ ശ്രമിക്കുന്നത് സിദ്ധാന്തപരമായി പ്രശ്നകരമാണ് -ഇത് നിങ്ങൾ പറഞ്ഞ ജനാധിപത്യവിരുദ്ധതയുമായി അക്കാദമികമായി പൊരുത്തപ്പെടുന്നുണ്ട്.
• ഷാജു: എന്തായാലും, ഇതൊരു വലിയ ടാസ്കാണ് -ദലിത്കലയെന്നത്. സവിശേഷ ആനുഭവികലോകത്തിന്റെ പിൻബലത്താൽ ദലിതർക്കുമാത്രം സങ്കൽപിക്കാൻ പറ്റുന്ന ചില ഭാവനാരീതികളുണ്ട്, അതിനനുയോജ്യമായ മാധ്യമങ്ങളും രൂപസംവിധാനവുംകൂടി. അത് ഏതെങ്കിലും തരത്തിലുള്ളൊരു ന്യൂനീകരണമല്ല. അത്തരം പ്രത്യേക മണ്ഡലങ്ങളിലാണ് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതെന്നാണ് വിചാരിക്കുന്നത്. ദലിതേതര കലയാളർക്ക് അത് സാധ്യമല്ലെന്ന നിഷേധാത്മമായ അഭിപ്രായവുമല്ല അത്. അധികാരം-ആധിപത്യം എന്നീ ശ്രേണീബന്ധത്തെ വിമർശനാത്മകമായി മനസ്സിലാക്കിയും വ്യവസ്ഥാപിത ഭാഷയിലെ അടിച്ചമർത്തലിനെതിരെ പാരമ്പര്യത്തിന്റെ വിമോചനാത്മക മൂല്യത്തെ കണ്ടെത്തിയും പൊരുതണം എന്നേ അർഥമാക്കുന്നുള്ളൂ. അപ്പോൾ, പുതിയൊരു സൃഷ്ട്യുന്മുഖ അവതരണ പദ്ധതി സംഭവിക്കാതിരിക്കില്ല.

