തമിഴകത്തിന് പുതിയ ജനനായകൻ

തമിഴ്നാട്ടിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അപ്രധാനമാക്കി നടൻ വിജയിയുടെ ടി.വി.കെ വലിയ വിജയം നേടി അധികാരത്തിൽ എത്തിയിരിക്കുകയാണ്. സ്റ്റാലിൻ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ എല്ലാം വിലയിരുത്തിയത്. എന്തുകൊണ്ട് ഇങ്ങനെയൊരു ഫലം? കഴിഞ്ഞ 50 വർഷമായി ദ്രാവിഡ കക്ഷികൾ രാഷ്ട്രീയം പയറ്റുന്ന തമിഴ്നാട്ടിൽ അതിനെയൊക്കെ തകർക്കുന്ന മട്ടിൽ കയറിവന്ന നടൻ വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കയറിവന്ന വിജയ് സി. ജോസഫ് ദ്രാവിഡത്തനിമയുടെ ശക്തമായ അടിത്തറ തകർത്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ...
Your Subscription Supports Independent Journalism
View Plansതമിഴ്നാട്ടിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അപ്രധാനമാക്കി നടൻ വിജയിയുടെ ടി.വി.കെ വലിയ വിജയം നേടി അധികാരത്തിൽ എത്തിയിരിക്കുകയാണ്. സ്റ്റാലിൻ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ എല്ലാം വിലയിരുത്തിയത്. എന്തുകൊണ്ട് ഇങ്ങനെയൊരു ഫലം?
കഴിഞ്ഞ 50 വർഷമായി ദ്രാവിഡ കക്ഷികൾ രാഷ്ട്രീയം പയറ്റുന്ന തമിഴ്നാട്ടിൽ അതിനെയൊക്കെ തകർക്കുന്ന മട്ടിൽ കയറിവന്ന നടൻ വിജയിയുടെ ടി.വി.കെ (തമിഴക വെട്രി കഴകം) അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കയറിവന്ന വിജയ് സി. ജോസഫ് ദ്രാവിഡത്തനിമയുടെ ശക്തമായ അടിത്തറ തകർത്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിനെപ്പോലും പരാജയപ്പെടുത്താൻ പോരുന്ന തരത്തിലുള്ള തന്ത്രങ്ങളാണ് വിജയ് പരീക്ഷിച്ചിരിക്കുന്നത്. 34.90 ശതമാനം വോട്ടുകൾ നേടി ദ്രാവിഡ കക്ഷികളെ നിലംപരിശാക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ഡി.എം.കെക്ക് 31.39 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
234 സീറ്റുകളിൽ ഏതാണ്ട് 107 സീറ്റുകൾ കരസ്ഥമാക്കിക്കൊണ്ട് ടി.വി.കെ തേരോട്ടം നടത്തിയപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയത് പാരമ്പര്യത്തിന്റെ പട്ടു കുപ്പായവുമണിഞ്ഞ് രാഷ്ട്രീയം കൈയാളിയിരുന്ന വേതാളങ്ങളെ ആയിരുന്നു. ഡി.എം.കെയുടെ ഉരുക്കുകോട്ടകളെപ്പോലും വിറപ്പിക്കുന്ന തരത്തിലാണ് വിജയ് മുന്നേറിയത്.പത്തോളം എക്സിറ്റ് പോളുകളിൽ എട്ട് എണ്ണത്തിലും ഡി.എം.കെ വിജയിക്കും എന്നാണ് പ്രവചിച്ചിരുന്നത്.
ആക്സിസ് മൈ ഇന്ത്യ മാത്രമാണ് വിജയിയുടെ ടി.വി.കെക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് പ്രവചിച്ചത്. 98 മുതൽ 120 വരെ സീറ്റുകൾ കിട്ടുമെന്നാണ് എക്സിറ്റ് പോളുകൾ കണ്ടത്. 10 എക്സിറ്റ് പോളുകളിൽ നാലോളം സംഘങ്ങൾ വിജയിക്ക് 10 സീറ്റുപോലും ലഭിക്കില്ല എന്നാണ് പ്രവചിച്ചത്. ജെ.വി.സി (3-7), മാട്രിസ് (10-12), പീപ്ൾസ് പൾസ് (0-3) പി മാർക്ക് (1-4), കാമാക്യ അനലറ്റിക്സ് (0), പീപ്ൾസ് ഇൻസൈറ്റ് (10-14), പ്രജാ പോൾ (0), സി.എൻ.എൻ ന്യൂസ് 18 (4), പോൾ ഓഫ് പോൾസ് (4), എൻ.ഡി.ടി.വി (4) എന്നിവരായിരുന്നു പ്രവചനം നടത്തിയ മറ്റ് എക്സിറ്റ് പോൾ ഏജന്റുമാർ. അവരെ കണക്കുകൂട്ടലുകൾ മാത്രമല്ല, മറ്റ് മാധ്യമങ്ങളുടെയും റിപ്പോർട്ടുകളെ അട്ടിമറിച്ചുകൊണ്ടാണ് വിജയ് തന്റെ നില ഉറപ്പിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സഖ്യകക്ഷികൾ മത്സരിച്ചപ്പോൾ ടി.വി.കെ ഒറ്റക്കാണ് മത്സരത്തിനിറങ്ങിയത്. 234 സീറ്റുകളിൽ മന്ത്രിസഭ രൂപവത്കരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. കുറച്ചു സീറ്റുകൾകൂടി ഉണ്ടായാൽ വിജയിക്ക് മന്ത്രിസഭ രൂപവത്കരിക്കാൻ കഴിയും. എന്തായാലും ഡി.എം.കെ മുന്നണിയിലെ കോൺഗ്രസ് ഉൾെപ്പടെയുള്ള അസംതൃപ്തരായ ഘടകകക്ഷികളിൽ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിയുമായി സംസാരിക്കുകയും പാർട്ടിയുടെ വമ്പിച്ച വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം രാഹുൽ ‘എക്സി’ൽ എഴുതി: “ഞാൻ വിജയിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ അസാധാരണമായ വിജയത്തിന് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. ഉയർന്നുവരുന്ന യുവത്വത്തിന്റെ ശബ്ദം അവഗണിക്കാൻ ആർക്കുമാകില്ലെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്.”
ടി.വി.കെ നേടിയ അസാധാരണമായ വിജയത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് തമിഴകത്തെ രാഷ്ട്രീയ ചാണക്യന്മാർ. ദ്രാവിഡ പാർട്ടികളുടെ കോട്ടയിൽ വിജയിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്താഗതി െവച്ചുപുലർത്തിയിരുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യഥാർഥത്തിൽ ഭരണവിരുദ്ധ വികാരമല്ല വിജയ് അനുകൂല തരംഗമാണ് തമിഴകത്ത് പ്രകടമായത്. വിജയിയുടെ പേര് പോലും പറയാതെയായിരുന്നു സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. അസ്ഥാനത്തായ ആത്മവിശ്വാസം സ്വന്തം പതനത്തിന് എത്രമാത്രം തിരികൊളുത്തുമെന്നതിന് ഉദാഹരണമാണ് സ്റ്റാലിന്റെ പരാജയം.
സ്റ്റാലിനെ കുളത്തൂരിൽ പരാജയപ്പെടുത്തിയ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണ് വി.എസ്. ബാബു. ഡി.എം.കെ സ്ഥാനാർഥിയായി 2006 മണ്ഡലത്തിൽനിന്ന് മത്സരിച്ചു വിജയിച്ച ബാബു 2026 ഫെബ്രുവരിയിലാണ് വിജയിയുടെ ടി.വി.കെയിൽ ചേരുന്നത്. 2011 മുതൽ മൂന്നുതവണ കുളത്തൂർ മണ്ഡലത്തിൽ നിന്നാണ് സ്റ്റാലിൻ വിജയിച്ചുവന്നിട്ടുള്ളത്. അതിനാൽ, ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസം വേണ്ടത്ര ഉണ്ടായിരുന്നു. ഡി.എം.കെ കോട്ടകളായ നഗരത്തിലെ 16 മണ്ഡലങ്ങളിൽ പതിനാലിലും തോറ്റു എന്നതാണ് സ്റ്റാലിന്റെ ദുര്യോഗം.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ടി.വി.കെ പ്രവർത്തക,വി.എസ്. ബാബു
വിജയിയുടെ 94 പേജുള്ള പ്രകടനപത്രികയിൽ നിരവധി വാഗ്ദാനങ്ങളാണ് എഴുതിപ്പിടിപ്പിച്ചിരുന്നത്. സ്ത്രീകൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, യുവാക്കളുടെ തൊഴിൽ വികസനം, പൊലീസ് പരിഷ്കരണം, സാമ്പത്തിക മുന്നേറ്റം തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണത്തിൽ എത്തിയാൽ അതൊക്കെ നിറവേറ്റാൻ കഴിയുമോ എന്നാണ് ജനം ചോദിക്കുന്നത്.
സ്ത്രീകളെയാണ് വിജയ് ഉന്നംവെച്ചത്. 60 വയസ്സിന് താഴെയുള്ള കുടുംബിനികൾക്ക് പ്രതിമാസം 2000 രൂപ നൽകും. അവർക്ക് ബസുകളിൽ സൗജന്യയാത്ര. സ്ത്രീകൾ വിവാഹിതരാകുമ്പോൾ ഒരു പവൻ സ്വർണവും പട്ടുസാരിയും സൗജന്യമായി നൽകും. ഗർഭിണികൾക്ക് 25,000 രൂപ സഹായധനം. നവജാതശിശുക്കൾക്ക് സ്വർണമോതിരം. വനിതകളുടെ സംരക്ഷണത്തിനു അഞ്ഞൂറ് പൊലീസ് സേന. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ രക്ഷാകർത്താക്കൾക്ക് 1500 രൂപ സഹായധനം. ഒരു കുടുംബത്തിന് ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും.
20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ ലോൺ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ബിരുദധാരികളായവർക്ക് പ്രതിമാസം 4000 രൂപ സാമ്പത്തിക സഹായം നൽകും. മദ്യവും മയക്കുമരുന്നും നിയന്ത്രിക്കാനുള്ള പദ്ധതികൾ തയാറാക്കും. 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകർക്ക് ഏക്കറിന് 4500 രൂപ കാർഷിക ലോൺ കൊടുക്കും. തൊഴിൽ ഇല്ലാത്ത ഡിപ്ലോമ ഹോൾഡേഴ്സിന് പ്രതിമാസം 2000 രൂപ കൊടുക്കും. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, വൈദ്യുതിക്കുള്ള നികുതി ഒഴിവാക്കും. തുടങ്ങിയ നിരവധി വിഷയങ്ങളാണ് മാനിഫെസ്റ്റോയിൽ വിജയ് ഉയർത്തിക്കാണിക്കുന്നത്.

ടി.വി.കെ നേതാവും നടനുമായ വിജയ് തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിൽ
വിജയിയുടെ മനസ്സു കണ്ടെത്താൻ ദ്രാവിഡസഖ്യങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. യുവാക്കളെയാണ് വിജയ് ലക്ഷ്യമിട്ടത്. പാട്ടും നൃത്തവുമൊക്കെയായി തെരഞ്ഞെടുപ്പ് യോഗങ്ങൾ സമ്പന്നമാക്കി. സ്ത്രീകളും കുട്ടികളും സ്വന്തം താരത്തെ ഗ്രാമങ്ങളിൽ പോലും എതിരേറ്റു. എതിർ കക്ഷികൾ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടുതന്നെ അവർ വിജയിക്ക് വോട്ടുചെയ്തു. ന്യൂജനറേഷൻ വോട്ടും പുതിയ സമ്മതിദായകരുടെ പിൻബലവുമാണ് വിജയിയെ തുണച്ചത്. തുടക്കത്തിൽ കണ്ട ആവേശമൊന്നും വിജയിയുടെ പാർട്ടിയിൽ കണ്ടിരുന്നില്ലെങ്കിലും തുടർന്നുള്ള നീക്കങ്ങൾ ചടുലമായിരുന്നു. കരൂർ ദുരന്തത്തിൽ 41 സാധാരണക്കാർ ജനത്തിരക്കിൽപ്പെട്ട് കൊല്ലപ്പെട്ടതിന് കാരണമായ സംഭവം വിജയിയെ വിട്ടുമാറാതെ വേട്ടയാടിയിരുന്നു. മരിച്ചവർക്ക് സഹായധനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് മുന്നേറിയത്.
അപകടത്തിൽ ഡി.എം.കെ സർക്കാർ കാണിച്ച അനാസ്ഥയും വിജയ് എടുത്തുകാട്ടിയിരുന്നു. ബി.ജെ.പിയുടെ തലത്തൊട്ടപ്പന്മാർ സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങളെ വിട്ടു വേട്ടയാടാൻ ശ്രമിച്ചിട്ടും, വിജയ് തന്റെ നിലപാടുകൾ മാറ്റാൻ തയാറായിരുന്നില്ല. വിജയ് തന്റെ രാഷ്ട്രീയപ്രവേശനത്തിന് ഉതകുമെന്നു വിശ്വസിച്ചു പൂർത്തിയാക്കിയ, ‘ജനനായകൻ’ എന്ന ചിത്രം സെൻസർ പ്രശ്നത്തിന്റെ പേരിൽ പെട്ടിയിൽ കിടക്കുകയാണ്.
തങ്ങളുടെ സഖ്യത്തിൽ ചേരാനുള്ള ക്ഷണം വിജയ് നിരസിച്ചു എന്നതിന്റെ പേരിൽ ബി.ജെ.പിയാണ് ഇതിന്റെ പിന്നിൽ കളിച്ചതെന്ന് വിജയ് ആരാധകർ വിശ്വസിക്കുന്നു. അഞ്ഞൂറ് കോടിയോളം ചെലവിട്ട് നിർമിച്ച ഈ ചിത്രം വ്യാജന്മാർ ചില സൈറ്റുകളിൽ പ്രദർശിപ്പിച്ച് നിർമാതാക്കളെ വെട്ടിലാക്കി. എങ്കിലും ആരെയും കൂസാതെ വിജയ് മുന്നേറി. “സിങ്കം സിഗിളാതാൻ വരും” (സിംഹം എപ്പോഴും ഒറ്റക്കേ വരാറുള്ളൂ) എന്ന വിജയിയുടെ പ്രഖ്യാപനം തമിഴ് ജനതയെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളും വിജയ് വിജയിച്ചു. ചെന്നൈയിലെ പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും. മന്ത്രിസഭ രൂപവത്കരിക്കാൻ ഡി.എം.കെ സഖ്യകക്ഷികളിൽ പലരും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയും ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പിന്റെ ചുറ്റുവട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ 20ഓളം സഖ്യകക്ഷികളെ സ്റ്റാലിൻ തന്റെ കുടക്കീഴിൽ നിർത്തിക്കൊണ്ടാണ് വിജയ് സാധ്യതക്ക് കളമൊരുക്കിയത്. എന്നാൽ, തുടക്കം മുതൽ ഭരണത്തിൽ തങ്ങൾക്കും പങ്കാളിത്തം വേണമെന്ന ആവശ്യവുമായി ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. പക്ഷേ, അധികാരം പങ്കിടുന്ന പ്രശ്നമില്ലെന്ന പിടിവാശിയിൽ ആയിരുന്നു സ്റ്റാലിൻ. മാത്രമല്ല, 30 നിയമസഭ മണ്ഡലങ്ങൾ മത്സരിക്കാൻ തങ്ങൾക്ക് വേണമെന്ന് കോൺഗ്രസുകാർ ആവശ്യപ്പെട്ടെങ്കിലും 27 സീറ്റിൽ ഒതുക്കിയാണ് ആ പ്രശ്നം അവസാനിപ്പിച്ചത്.
എന്നാൽ, കോൺഗ്രസ് തന്നെയാണ് ഡി.എം.കെയുടെ പാലം വലിച്ച് പരാജയത്തിൽ എത്തിച്ചതെന്ന് രഹസ്യ സംസാരമുണ്ട്. തങ്ങളുടെ ശക്തികൊണ്ടാണ് ഡി.എം.കെ സഖ്യം വിജയിക്കുന്നതെന്നും ഹൈകമാൻഡ് ഇടപെട്ടതിനാലാണ് ഭരണപങ്കാളിത്തം എന്ന ആവശ്യത്തിൽനിന്ന് പിന്മാറിയതെന്നും കോൺഗ്രസ് നേതാക്കൾ പിന്നീട് പറഞ്ഞിരുന്നു. എന്തായാലും വർഷങ്ങളായി അടിമകളെപ്പോലെ ഒപ്പം നടന്നിരുന്ന തങ്ങൾക്ക് അധികാരത്തിന്റെ സുഖശീതളച്ഛായയിലേക്ക് സഞ്ചരിക്കാൻ വിജയ് സഹായിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡി.എം.കെയുടെ വമ്പൻ പരാജയത്തോടെ തമിഴകത്ത് രാഷ്ട്രീയ ധ്രുവീകരണം നടക്കുമെന്ന് ഉറപ്പായിരിക്കുന്നു.
നടനും പ്രൊഡ്യൂസറും ആയിരുന്ന മകൻ ഉദയനിധിയെ ഉപ മുഖ്യമന്ത്രിയായി അവരോധിച്ച നടപടി പാർട്ടിയിലും അണികൾക്കിടയിലും മോശപ്പെട്ട പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ മുതിർന്ന പല നേതാക്കളെയും വെട്ടിനിരത്തിയാണ് മകനെ മുൻപന്തിയിൽ എത്തിച്ചത്. ഇതും പാർട്ടിയിലെ സാധാരണക്കാരായ അംഗങ്ങളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെയും പാർട്ടി നേതാക്കളെയും സംരക്ഷിക്കുന്നതിൽ മുന്നിലായിരുന്നു സ്റ്റാലിൻ. അഴിമതി കേസിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തിൽ ബാലാജിയെ ജാമ്യം കിട്ടിയപ്പോൾ വീണ്ടും മന്ത്രിയാക്കുകയും കോടതി ഇടപെട്ടതിന്റെ പേരിൽ ഒഴിവാക്കുകയും ചെയ്ത സംഭവം മോശം പ്രതികരണമാണ് സൃഷ്ടിച്ചത്.
എന്തായാലും വിജയിയുടെ രംഗപ്രവേശം തമിഴകത്ത് പുതിയൊരു സമവാക്യം സൃഷ്ടിക്കുമെന്നുറപ്പാണ്. അധികാരത്തിന്റെ ശീതളച്ഛായകളിൽ വിരാചിച്ച ദ്രാവിഡ കക്ഷികളും തമിഴം ഏതുവിധേനയും പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കുന്ന ബി.ജെ.പിയും തന്ത്രങ്ങൾ മെനയുമെന്നതിൽ സംശയമില്ല.
