Begin typing your search above and press return to search.
proflie-avatar
Login

ര​ണ്ടു പ​തി​റ്റാ​ണ്ടി​​ന്റെ കു​ടി​ല​ത​ക​ൾ, ക​ള്ള​ങ്ങ​ൾ

ര​ണ്ടു പ​തി​റ്റാ​ണ്ടി​​ന്റെ കു​ടി​ല​ത​ക​ൾ, ക​ള്ള​ങ്ങ​ൾ
cancel
ഇ​റാ​ഖി​ൽ അ​മേ​രി​ക്ക അ​ധി​നി​വേ​ശം ന​ട​ത്തി​യി​ട്ട്​ മാ​ർ​ച്ച്​ 19ന്​ 20 ​വ​ർ​ഷം തി​ക​ഞ്ഞു. അ​ധി​നി​വേ​ശം ‘മാ​ധ്യ​മ’​ത്തി​നാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത, ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ അ​ടു​ത്തു​നി​ന്ന​റി​ഞ്ഞ ലേ​ഖ​ക​ൻ അ​തേ​പ്പ​റ്റി എ​ഴു​തു​ന്നു.

ഇ​റാ​ഖി​ൽ യാ​ങ്കി​ക​ൾ ക​ട​ന്നു​ക​യ​റി​യി​ട്ട്​ ര​ണ്ട്​ പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ക​യാ​ണ്. ഒ​രാ​യി​രം നു​ണ​ക​ൾ, കു​ടി​ല​നീ​ക്ക​ങ്ങ​ൾ, ഒ​ടു​വി​ൽ അ​ധി​നി​വേ​ശം. ഒ​ന്നും ഓ​ർ​മ​ക​ളി​ൽ​നി​ന്ന്​ മാ​ഞ്ഞി​ട്ടി​ല്ല. യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ബ​ഹ്​​റൈ​നി​ൽനി​ന്ന്​ കു​വൈ​ത്തി​ൽ എ​ത്തി​യി​രു​ന്നു. ആ​രു​ടെ​െ​യ​ങ്കി​ലും ന​യ​ത​ന്ത്ര​നീ​ക്കം വി​ജ​യം ക​ണ്ടേ​ക്കു​മെ​ന്നും അ​തി​ലൂ​ടെ യു​ദ്ധം ഒ​ഴി​വാ​കു​മെ​ന്നും നേ​ർ​ത്ത പ്ര​തീ​ക്ഷ മാ​ത്രം.

എ​ന്നാ​ൽ, കു​വൈ​ത്തി​ലെ യു.​എ​സ്​ സൈ​നി​ക ചു​വ​ടു​ക​ൾ എ​ല്ലാം ഉ​റ​പ്പി​ച്ചു​ത​ന്നെ​യാ​യി​രു​ന്നു. ഗ​ൾ​ഫി​ലെ വ്യോ​മ, നാ​വി​ക താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ അ​സം​ഖ്യം സൈ​നി​ക​രും സ​ന്നാ​ഹ​ങ്ങ​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു. ഇ​റാ​ഖ്​ പ്ര​സി​ഡ​ന്റ്​ സ​ദ്ദാം ഹു​സൈ​ൻ എ​ന്ന​തി​ൽ മാ​ത്രം ല​ക്ഷ്യം ഒ​തു​ങ്ങി​ല്ല എ​ന്നു​കൂ​ടി വ്യ​ക്ത​മാ​യി​രു​ന്നു. ഇ​റാ​ഖി​നെ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രി​ക. അ​താ​ണ്​ സൈ​നി​ക മു​റി​ക​ളി​ൽ പാ​ക​പ്പെ​ട്ട പ​ദ്ധ​തി​യെ​ന്ന്​ തെ​ളി​ഞ്ഞു. കു​വൈ​ത്തി​ലെ​ത്തി​യ പ​ടി​ഞ്ഞാ​റ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​ക്കാ​ര്യ​ത്തി​ൽ ​െത​ല്ലും സം​ശ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

2003 മാർച്ച് 21ന് ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണം

മാ​ർ​ച്ച്​ 19​ന്റെ ​പി​റ​വി​യി​ൽ ഇ​റാ​ഖി​നു നേ​ർ​ക്ക്​​ ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ചീ​റി. അ​തി​ർ​ത്തി​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഒ​ന്നു ര​ണ്ടു നാ​ൾ​ക്ക​കം​ത​ന്നെ അ​തി​ർ​ത്തി ഇ​ല്ലാ​താ​യി. ഒ​രു രാ​ജ്യ​ത്തി​​ന്റെ സു​ര​ക്ഷ​ക്കൊ​പ്പം സ്വ​ത്വ​വും വെ​ല്ലു​വി​ളി നേ​രി​ട്ട തീ​ക്ഷ്​​ണ ദി​ന​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട്​ നേ​രി​ൽ ക​ണ്ട​ത​ത്ര​യും.

സൈ​നി​ക ധാ​ർ​ഷ്​​ട്യം, രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ

സെ​പ്​​റ്റം​ബ​ർ 11​ന്റെ ​ഭീ​ക​രാ​ക്ര​മ​ണം എ​ല്ലാ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മു​ള്ള അ​ടി​സ്​​ഥാ​ന ന്യാ​യ​മാ​യി മാ​റി. അ​ഫ്​​ഗാ​നെ ആ​ദ്യം കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി. സെ​പ്​​റ്റം​ബ​ർ 11 പ​ല ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ന​ട​ത്തം കൂ​ടി​യാ​യി​രു​ന്നു അ​മേ​രി​ക്ക​ക്ക്. ആ​യു​ധ, എ​ണ്ണ വി​പ​ണി​ക​ൾ സ​ജീ​വ​മാ​ക്കി നി​ർ​ത്താ​നു​ള്ള അ​വ​സ​രം. ലോ​ക​ത്തു​ട​നീ​ള​മു​ള്ള 140ഓ​ളം സൈ​നി​ക​താ​വ​ള​ങ്ങ​ളു​ടെ ബ​ല​ത്തി​ൽ ന​ട​ന്ന ചു​ര​മാ​ന്ത​ലാ​യി​രു​ന്നു ലോ​കം ക​ണ്ട​ത്. ഇ​റാ​ഖ്​ എ​ല്ലാം​കൊ​ണ്ടും യാ​ങ്കി​ക​ൾ​ക്ക്​ പാ​ക​മാ​യി നി​ന്ന സ​മ​യം. വ്യാ​ഴ​വ​ട്ടം നീ​ണ്ട ഉ​പ​രോ​ധം. അ​തി​ലൂ​ടെ ത​ള​ർ​ന്ന ഇ​റാ​ഖ്​ സ​മ്പ​ദ്​ഘ​ട​ന​യും ജീ​വി​ത​ങ്ങ​ളും. അ​ന്ത​ർ​ദേ​ശീ​യത​ല​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ സ​മ്മ​ർ​ദ​ത​ന്ത്ര​വും ഉ​പ​ജാ​പ​ക സം​ഘ​ങ്ങ​ളു​ടെ കു​ടി​ല​നീ​ക്ക​ങ്ങ​ളും യാ​ങ്കി​ക​ൾ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി. ഏ​റ്റ​വും വ​ലി​യ സൈ​നി​ക ക്യാ​മ്പാ​യി ഇ​റാ​ഖി​നെ മാ​റ്റി​യെ​ടു​ക്കു​ക. ഇ​താ​യി​രു​ന്നു അ​ധി​നി​വേ​ശ​ത്തി​ലൂ​ടെ അ​മേ​രി​ക്ക മു​ന്നി​ൽ​ക​ണ്ട ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. സ്​​ഥി​രം വൈ​രി​യാ​യ ഇ​റാ​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ഖി​ന്റെ സ്വാ​ധീ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​ത്​ അ​നു​ബ​ന്ധ ല​ക്ഷ്യ​വും. സ​ദ്ദാം ഭ​ര​ണ​ത്തെ ക​ട​പു​ഴ​ക്കി എ​ന്ന​തി​ല​പ്പു​റം ഇ​റാ​ഖി​ൽ ഒ​ന്നും ന​ട​ന്നി​ല്ല.

യു.​എ​ൻ ര​ക്ഷാ​സ​മി​തി​ക്കു മു​മ്പാ​കെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കോ​ളി​ൻ പ​വ​ൽ പ​റ​ഞ്ഞു: ‘‘സ​ദ്ദാ​മി​ന്റെ പ​ക്ക​ൽ ഒ​ന്നും ര​ണ്ടു​മ​ല്ല, ഒ​രാ​യി​രം കൂ​ട്ട​ന​ശീ​ക​ര​ണാ​യു​ധ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ പ​ക്ക​ൽ അ​തി​നു വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ക​ൾ ത​ന്നെ​യു​ണ്ട്.’’ ലോ​കം കൈ​യ​ടി​ച്ചു.

സദ്ദാം ഹുസൈൻ

2002 സെ​പ്റ്റം​ബ​ർ 19ന് ​സ​ദ്ദാം ഹു​സൈ​ൻ ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നാ​ജി സബ് രി മു​ഖേ​ന യു.​എ​ന്നി​ന് ക​ത്ത് കൈ​മാ​റി. ഒ​രു ന​ശീ​ക​ര​ണാ​യു​ധ​വും ഇ​ല്ലെ​ന്നാ​യി​രു​ന്നു സ​ദ്ദാ​മി​​ന്റെ സ​ത്യ​വാ​ങ്​​മൂ​ലം. യു.​എ​ൻ ര​ക്ഷാ​സ​മി​തി പ​ക്ഷേ, അ​തു പ​രി​ഗ​ണി​ച്ച​തേ​യി​ല്ല. അ​ത്ര​യും ശ​ക്ത​മാ​യി​രു​ന്നു എ​തി​ർ വാ​ദ​മു​ഖ​ങ്ങ​ൾ.

ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ പൊ​തു​വേ​ദി​യാ​യ ഒ.​ഐ.​സി ഉ​ച്ച​കോ​ടി​ക്ക്​ ഖ​ത്ത​ർ വേ​ദി​യാ​യി. യു​ദ്ധം ത​ട​യാ​നു​ള്ള അ​വ​സാ​ന സ​ന്ദ​ർ​ഭം ആ​യി​രു​ന്നു അ​ത്. ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഉ​ച്ച​കോ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ ഖ​ത്ത​റി​ൽ ചെ​ന്നു. അ​വി​ടെ ഇ​റാ​ഖി​നു​വേ​ണ്ടി ശ​ബ്​​ദി​ക്കാ​ൻ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ദ്ദാം അ​ധി​കാ​രം ഒ​ഴി​യ​ണം. അ​ല്ലാ​തെ​യു​ള്ള പ്ര​ശ്​​ന​പ​രി​ഹാ​രം സാ​ധ്യ​മ​ല്ലെ​ന്ന യു.​എ​സ്​ നി​ല​പാ​ട്​ ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു​ മി​ക്ക അം​ഗ​രാ​ജ്യ​ങ്ങ​ളും.

സ​ദ്ദാം വി​രോ​ധം മാ​റി, പ​ക​രം യു.​എ​സ്​ വി​രോ​ധം

2003 മാ​ർ​ച്ച് 19ന് ​ര​ണ്ടാം ഗ​ൾ​ഫ് യു​ദ്ധം തു​ട​ങ്ങി. പേ​രി​ൽ ത​ന്നെ എ​ല്ലാം അ​ട​ങ്ങി​യി​രു​ന്നു: ‘ഒാ​പ​റേ​ഷ​ൻ ഇ​റാ​ഖി ഫ്രീ​ഡം’. ഇ​റാ​ഖി​ൽ ഉ​ട​നീ​ളം യു.​എ​സ്​ ക​വ​ചി​ത​വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര. സ​ഫ്​​വാ​ൻ എ​ന്ന ഇ​റാ​ഖ്​ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ചെ​ന്നെ​ത്തി​യ​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും മു​ട​ങ്ങി​യ ഗ്രാ​മ​വാ​സി​ക​ളു​ടെ ദൈ​ന്യ​ത നി​റ​ഞ്ഞ ഭാ​വ​ങ്ങ​ൾ. അ​തി​നി​ട​യി​ലും യു.​എ​സ്​ പ​ട്ടാ​ള​ക്കാ​ർ​ക്കു നേ​രെ ഇ​റാ​ഖി ജ​ന​ത​യു​ടെ മു​ഖ​ങ്ങ​ളി​ൽ നി​റ​യു​ന്ന രൂ​ക്ഷ​നോ​ട്ടം ഉ​ള്ളി​ൽ ത​റ​ച്ചു. സ​ദ്ദാം വി​രോ​ധി​ക​ളാ​യ വി​ഭാ​ഗ​ങ്ങ​ൾ​പോ​ലും അ​മേ​രി​ക്ക​ൻ സൈ​ന്യ​​ത്തോ​ട്​ ക​ല​ഹി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ദ​ക്ഷി​ണ ഇ​റാ​ഖി​ൽ പ​ലേ​ട​ങ്ങ​ളി​ലും ക​ണ്ടു.

സ​ദ്ദാം ഭ​ര​ണ​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജ​ന​ത ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ്വാ​ത​ന്ത്ര്യ​ത്തെ വീ​ടു​ക​ളി​ലും തെ​രു​വു​ക​ളി​ലും കൊ​ണ്ടാ​ടും എ​ന്ന പ്ര​തീ​ക്ഷ തെ​റ്റി. ദ​ക്ഷി​ണ ഇ​റാ​ഖി​ലെ ബ​സ​റ​യി​ലും നാ​സ​രി​യ്യയിലും യു.​എ​സ്​ സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​ളു​ക​​ളെ വ​ല്ലാ​തെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​റാ​ഖ്​ സൈ​നി​ക​രോ​ട്​ മാ​ത്ര​മ​ല്ല, പാ​വ​ങ്ങ​ളോ​ടും ക്രൂ​ര​ത ന​ട​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​ദേ​ശം മു​ഴു​ക്കെ യു.​എ​സ്​ സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ട്ടും ദ​ക്ഷി​ണ ഇ​റാ​ഖി​ൽ എ​ന്തു​കൊ​ണ്ട്​ വെ​ടി​യൊ​ച്ച​ക​ൾ എ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നു. ​ഭാ​വി​പ്ര​തി​രോ​ധ​ത്തി​​ന്റെ കൃ​ത്യ​മാ​യ സൂ​ച​നകൂ​ടി​യാ​യി​രു​ന്നു ആ ​വെ​ടി​യൊ​ച്ച​ക​ൾ. ബ​ഗ്​​ദാ​ദി​​ന്റെ വീ​ഴ്​​ച എ​ളു​പ്പം യാ​ഥാ​ർ​ഥ്യ​മാ​യി. സ്വ​ന്തം ആ​ൾ​ക്കാ​രെ മു​ന്നി​ൽ നി​ർ​ത്തി പാ​വ​സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ നീ​ക്ക​ങ്ങ​ൾ ന​ട​ന്ന​ത്​ ദ​ക്ഷി​ണ ഇ​റാ​ഖ്​ കേ​ന്ദ്രീ​ക​രി​ച്ച്.

ഇറാഖിലൂടെ നീങ്ങുന്ന അമേരിക്കൻ സൈനികവ്യൂഹം

വി​പ്ര​വാ​സ ഘ​ട്ട​ത്തി​ൽ യു.​എ​സി​നു​വേ​ണ്ടി ​വി​ടു​പ​ണി ചെ​യ്​​ത അ​ഹ്​​മ​ദ്​ ശ​ല​ബി​യെ​യും മ​ക​ളെ​യും അ​ടു​ത്ത അ​നു​യാ​യി​ക​ളെ​യും ക​ണ്ട​ത്​ നാ​സ​രി​യ്യ​യി​ലെ ക്യാ​മ്പി​ൽ​വെ​ച്ചാ​ണ്​. യു.​എ​സ്​ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ അ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. പ്രാ​ദേ​ശി​ക ഗോ​ത്ര​പ്ര​മു​ഖ​രു​ടെ പി​ന്തു​ണ തേ​ടാ​ൻ ശ​ല​ബി​യെ മു​ന്നി​ൽനി​ർ​ത്തി യാ​ങ്കി ക​ളം​നി​റ​ഞ്ഞു ക​ളി​ച്ചു. ഡോ​ള​ർ കെ​ട്ടു​ക​ളും മേ​ത്ത​രം സ​മ്മാ​ന​ങ്ങ​ളും ഗോ​ത്ര​പ്ര​മു​ഖ​ർ​ക്ക്​ കൈ​മാ​റി. ഭാ​വി ഇ​റാ​ഖി​ന്റെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ്ര​തീ​തി​യാ​യി​രു​ന്നു അ​ന്ന്​ ക​ണ്ട​പ്പോ​ൾ അ​ഹ്​​മ​ദ്​ ശ​ല​ബി​യു​ടെ മു​ഖ​ത്ത്.

യു​ദ്ധം ബാ​ക്കി​വെ​ച്ച​ത്​ വേ​ദ​ന​ക​ൾ

പ​രി​ക്കേ​റ്റ​വ​രാ​ൽ നി​റ​ഞ്ഞ ആ​ശു​പ​ത്രി​ക​ളും ക​ബ​ന്ധ​ങ്ങ​ളാ​ൽ തി​ങ്ങി​നി​റ​ഞ്ഞ മോ​ർ​ച്ച​റി​ക​ളും യു​ദ്ധ​ത്തി​​ന്റെ ഭീ​ക​ര​ത വെ​ളി​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ക​ൾ​ക്ക​ു മു​ന്നി​ൽ അ​മേ​രി​ക്ക​യെ​യും ബു​ഷി​നെ​യും പേ​രെ​ടു​ത്തു പ​റ​ഞ്ഞ്​ ശ​പി​ക്കു​ന്ന വൃ​ദ്ധ​സ്​​ത്രീ​ക​ളു​ടെ വി​ലാ​പ​ങ്ങ​ൾ. ന​ജ​ഫും ക​ർ​ബ​ല​യും താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യി​രു​ന്നു. ബ​ഗ്​​ദാ​ദി​ൽ പ​ക്ഷേ, യാ​ങ്കി​ക്രൂ​ര​ത എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചു.

അ​ജ്​​ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ശ്​​മ​ശാ​ന​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന ടാ​ക്​​സി വാ​ഹ​ന​ങ്ങ​ൾ ആ​യി​രു​ന്നു ആ ​ദി​വ​സ​ങ്ങ​ളി​ലെ സ​ങ്ക​ട​ക​ര​മാ​യ ബ​ഗ്​​ദാ​ദ്​ കാ​ഴ്​​ച. സ്​​ത്രീ​ക​ളു​ടെ, കു​ട്ടി​ക​ളു​ടെ, പ്രാ​യ​മു​ള്ള​വ​രു​ടെ ജ​ഡ​ങ്ങ​ൾ ഒ​രു ക​ഫ​ൻ​തു​ണി​യു​ടെ ത​ണ​ൽ​പോ​ലും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും അ​ല​ക്ഷ്യ​മാ​യി കി​ട​ന്നു. വ്യാ​ഴ​വ​ട്ടം നീ​ണ്ട ഉ​പ​രോ​ധ​ത്തി​ലൂ​ടെ വേ​ദ​ന​സം​ഹാ​രി മ​രു​ന്നു​ക​ൾ​വ​രെ വി​ല​ക്കി തീ​ർ​ത്തും ദ​രി​ദ്ര​മാ​ക്ക​പ്പെ​ട്ട ഒ​രു ജ​ന​ത​യെ യാ​ങ്കി ‘മോ​ചി​പ്പി​ക്കു​ന്ന’ നേ​ർ​ദൃ​ശ്യ​ങ്ങ​ളാ​യി ഇ​ന്നും ഉ​ള്ളി​ൽ വി​ങ്ങ​ലോ​ടെ നി​ൽ​പു​ണ്ട്​ ആ ​ചി​ത്ര​ങ്ങ​ൾ.

താ​രി​ഖ്​ അ​യ്യൂബും റോ​ബ​ർ​ട്ട്​ ഫി​സ്​​കും

പൗ​രാ​ണി​ക ന​ഗ​ര​ത്തി​​​ന്റെ സം​സ്​​കൃ​തി​ക്കു മു​ക​ളി​ലൂ​ടെ ഇ​ര​മ്പി​യാ​ർ​ക്കു​ക​യാ​യി​രു​ന്നു യു.​എ​സ്​ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ. ഏ​തോ പ്രാ​കൃ​ത പ​ക തീ​ർ​ത്ത​തി​​ന്റെ സാ​യുജ്യം സൈ​നി​ക​രു​ടെ മു​ഖ​ങ്ങ​ളി​ൽ തെ​ളി​ഞ്ഞു.

റോബർട്ട് ഫിസ്ക്

അ​ൽ​ജ​സീ​റ​യു​ടെ താ​രി​ഖ്​ അ​യ്യൂബി​ന്റെ ജീ​വ​നെ​ടു​ത്ത ക്രൂ​ര​ത​യും ​മ​റ​ക്കാ​നാ​വി​ല്ല. ഇ​റാ​ഖി​ലേ​ക്ക്​ തി​രി​ക്കും മു​െ​മ്പ ഉ​റ​പ്പി​ച്ച​താ​ണ്, അ​വ​നെ ക​ണ്ട്​ അ​ഭി​മു​ഖം ത​യാ​റാ​ക്ക​ണ​മെ​ന്ന്. ഫാ​റൂ​ഖ്​ കോ​ള​ജി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഫ​ല​സ്​​തീ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ. പി​ന്നീ​ട്​ ഫ​ല​സ്​​തീ​നി​ൽ ഇ​സ്രാ​യേ​ലി​​ന്റെ കൊ​ടുംക്രൂ​ര​ത​ക​​ളെ കു​റി​ച്ച്​ നി​ര​ന്ത​രം അ​ൽ​ജ​സീ​റ​യി​ലൂ​ടെ ലോ​ക​ത്തോ​ട്​ വി​ളി​ച്ചു​പ​റ​ഞ്ഞ ധീ​ര​ൻ. കൊ​ളോ​ണി​യ​ലി​സ​ത്തി​​ന്റെ നി​ക്ഷി​പ്​​ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ ഒ​രു ജ​ന​ത ക​രു​വാ​കു​ന്ന​തി​നെ കു​റി​ച്ചു ത​ന്നെ​യാ​യി​രു​ന്നു മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ആ ​പാ​തി​രാ​വി​ലും താ​രി​ഖി​ന്​ വി​ളി​ച്ചുപ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഒ​രു ചാ​ക്കി​ൽ പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​​​ന്റെ ചി​ത​റി​യ മൃ​ത​ദേ​ഹ തു​ണ്ടു​ക​ൾ വാ​രി​യെ​ടു​ക്ക​വെ താ​ൻ ത​ള​ർ​ന്നു​പോ​യെ​ന്ന്​ അ​ൽ​ജ​സീ​റ ലേ​ഖ​ക​ൻ തൈ​സീ​ർ​ അ​ല്ലൂനി പ​റ​ഞ്ഞു. അ​പ്പോ​ൾ ആ ​ക​ണ്ണു​ക​ളി​ൽ തി​ര​യ​ടി​ച്ച രോ​ഷ​വും സ​ങ്ക​ട​വ്യാ​പ്​​തി​യും വ​ലു​താ​യി​രു​ന്നു. താ​രി​ഖ്​ അ​യ്യൂബി​​ന്റെ ഓ​ർ​മ​ക​ളി​ൽ വി​ങ്ങി ഫ​ല​സ്​​തീ​ൻ ഹോ​ട്ട​ലി​നു പു​റ​ത്തേ​ക്ക്​ ന​ട​ക്ക​വെ​യാ​ണ്​ റോ​ബ​ർ​ട്ട്​ ഫി​സ്​​കി​നെ ക​ണ്ട​ത്. തി​ര​ക്കി​​ന്റെ ലോ​ക​ത്താ​യി​രു​ന്നു ഫി​സ്​​ക്​ അ​പ്പോ​ഴും. ആ​ദ​ര​വോ​ടെ മു​ഴു​വ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഫി​സ്​​കി​നെ വ​ല​യം ചെ​യ്​​തു​നി​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​നു​ഷ്യ​പ​ക്ഷ​ത്തു നി​ന്ന്​ അ​റ​ബ്​ ലോ​ക​ത്തെ വ​ര​ച്ചി​ട്ട ഫി​സ്​​കും വി​ട​വാ​ങ്ങി. അ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ ഫി​സ്​​ക്​ പ​റ​ഞ്ഞ ഒ​ന്നു​ണ്ട്​: ‘‘ഈ ​യു​ദ്ധ​ത്തി​​​ന്റെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​വ്​ ഇ​റാ​നാ​യി​രി​ക്കും. അ​മേ​രി​ക്ക തു​റ​ന്നു സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ത​ന്നെ​യും.’’ എ​ത്ര കൃ​ത്യ​മാ​യി​രു​ന്നു ആ ​നി​രീ​ക്ഷ​ണം.

അ​ധി​നി​വേ​ശ​ത്തി​​ന്റെ ആ​സൂ​ത്ര​ണം

തൊ​ണ്ണൂ​റു​ക​ളി​ൽ ബി​ൽ ക്ലി​ന്റ​ൺ ഭ​ര​ണ​കൂ​ടം നീ​ണ്ട 12 വ​ർ​ഷം നീ​ണ്ട ഉ​പ​രോ​ധം ഇ​റാ​ഖി​നുമേ​ൽ അ​ടി​ച്ചേ​ൽ​പി​ച്ച​തും സ​ദ്ദാ​മി​നെ മാ​റ്റി സാ​മ​ന്ത ഭ​ര​ണ​കൂ​ട​ത്തെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​യി​രു​ന്നു. ഉ​പ​രോ​ധ​ത്തി​ലൂ​ടെ ചു​രു​ങ്ങി​യ​ത്​ അ​ര​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ​ങ്കി​ലും ഇ​റാ​ഖി​ൽ മ​രി​ച്ചു. ഭ​ര​ണ​മാ​റ്റ​ത്തി​ന്​ അ​തും ആ​ക്കം​കൂ​ട്ടും എ​ന്നാ​യി​രു​ന്നു 1996ൽ ​യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ മെ​ഡ്​​ലൈ​ൻ ആ​ൾ​ബ്രൈ​റ്റ്​ പ​റ​ഞ്ഞ​ത്. സ​ദ്ദാ​മി​നെ പു​തി​യ ഹി​റ്റ്​​ല​ർ ആ​യും വി​ശേ​ഷി​പ്പി​ച്ചു. ഇ​റാ​നെ​തി​രെ 1980ൽ ​യു​ദ്ധ​ം പ്ര​ഖ്യാ​പി​ച്ച സ​ദ്ദാ​മി​ന്​ സൈ​നി​ക, രാ​ഷ്​​ട്രീ​യ പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക. 1998 യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ ഇ​റാ​ഖ്​ ലി​ബ​റേ​ഷ​ൻ ആ​ക്​​ട് പാ​സാ​ക്കി. ‘‘സ​ദ്ദാം ഹു​സൈ​ൻ ഭ​ര​ണ​ത്തെ പു​റ​ന്ത​ള്ളി ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ം സ്​​ഥാ​പി​ക്കാ​നു​ള്ള എ​ല്ലാ നീ​ക്ക​ങ്ങ​ളെ​യും അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​ക്കും’’ എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. അ​തോ​ടെ​യാ​ണ്​ അ​ധി​നി​വേ​ശ​ത്തി​​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ശ​ക്തി​യാ​ർ​ജി​ച്ച​തും.

സ​മ്പ​ന്ന​മാ​യ പൈ​തൃ​കം പേ​റു​ന്ന ബ​ഗ്​​ദാ​ദി​നെ അ​ധി​നി​വേ​ശം മു​ച്ചൂ​ടും ന​ശി​പ്പി​ച്ചു. മാ​ര​ക​ശേ​ഷി​യു​ള്ള ബോം​ബു​ക​ളാ​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സ്​​ഥി​പ​ഞ്​​ജ​രം​പോ​ലെ ഉ​രു​ക്കു​ക​വ​ച​ങ്ങ​ൾ എ​ല്ലു​ന്തി നി​ന്നു. ബ​ഗ്​​ദാ​ദി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളൊ​ക്കെ​യും വ്യോ​മാ​ക്ര​മ​ണ​ത്തി​ലൂ​ടെ ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളി​ൽ യു.​എ​സ്​ സൈ​നി​ക​രു​ടെ പ​ട​യോ​ട്ടം. ഏ​റ്റ​വും മി​ക​ച്ച മൂ​ല്യം ഉ​ണ്ടാ​യി​രു​ന്ന ഇ​റാ​ഖി ദീനാ​റു​ക​ൾ ആ​ർ​ക്കും വേ​ണ്ടാ​ത്ത ഒ​ന്നാ​യി.

അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ ഇറാഖി ബാലികക്ക് വൈദ്യസഹായം നൽകുന്നു

ഭ​ര​ണ​സം​വി​ധാ​നം ത​ക​രു​േ​മ്പാ​ൾ അ​രാ​ജ​ക​ത്വം സ്വാ​ഭാ​വി​കം. അ​ധി​നി​വേ​ശ നാ​ളു​ക​ളി​ൽ ബ​ഗ്​​ദാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തു നേ​ർ​ക്കു​നേ​ർ ക​ണ്ടു. ത​സ്​​ക​ര സം​ഘ​ങ്ങ​ളും ക്രി​മി​ന​ൽ ഗാ​ങ്ങു​ക​ളും ആ​രെ​യും കൂ​സാ​തെ എ​ല്ലാം ക​വ​ർ​ന്ന്​ തി​മ​ർ​ത്താ​ടി. അ​വ​ർ​ക്ക്​ ഒ​ത്താ​ശ​ചെ​യ്​​ത്​ അ​ധി​നി​വേ​ശ സൈ​ന്യ​വും. ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ അ​ര​ക്ഷി​താ​വ​സ്ഥ. അ​തോ​ടെ എ​ല്ലാ എ​തി​ർ​പ്പും കെ​ട്ട​ട​ങ്ങും എ​ന്നാ​യി​രു​ന്നു പെ​ന്റ​ഗ​ൺ നേ​തൃ​ത്വം വി​വ​രി​ച്ച​ത്. ഇ​റാ​ഖി​നെ മു​ച്ചൂ​ടും ന​ശി​പ്പി​ക്കു​ന്ന​തി​ൽ യാ​ങ്കി വി​ജ​യി​ച്ചു. പ​ക്ഷേ, നി​ന​ച്ച​ത​ല്ല തി​രി​ച്ചു​കി​ട്ടി​യ​ത്. സൈ​നി​ക​നാ​ശ​വും തി​രി​ച്ച​ടി​യും കൂ​ടി​യ​പ്പോ​ൾ പി​ൻ​വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക. അ​യ്യാ​യി​ര​ത്തി​ലേ​റെ യു.​എ​സ്​ സൈ​നി​ക​ർ ഇ​റാ​ഖി​​ന്റെ മ​ണ്ണി​ൽ കൊ​ല്ല​പ്പെ​ട്ട​താ​ണ്​ പു​ന​രാ​ലോ​ച​ന​ക്ക്​ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ട​ത്തെ പ്രേ​രി​പ്പി​ച്ച​ത്. വി​യ​റ്റ്​​നാം പാ​ഠം വ​ലി​യ​തോ​തി​ൽ അ​ല്ലെ​ങ്കി​ലും ഇ​റാ​ഖി​ലും ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ​

സ​ദ്ദാം സു​ഹൃ​ത്തും ശ​ത്രു​വും

അ​മേ​രി​ക്ക​ക്ക്​ എ​ല്ലാം ഒ​രു​ക്കി​ന​ൽ​കി​യ അ​ഹ്​​മ​ദ്​ ശ​ല​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ കു​റ​ച്ചു കാ​ലം​പോ​ലും ഇ​റാ​ഖി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 1937 ഏ​പ്രി​ൽ 28ന് ​തി​ക് രീതി​ലെ ദ​രി​ദ്ര​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച, അ​ധി​കാ​ര, സൈ​നി​ക ധാ​ർ​ഷ്ട്യ​ത്തി​ന്റെ ആ​ൾ​രൂ​പ​മാ​യ സ​ദ്ദാ​മി​​ന്റെ പി​ഴ​വു​ക​ളി​ൽ​നി​ന്നാ​ണ്​ യാ​ങ്കി ഇ​റാ​ഖ്​ അ​ധി​നി​വേ​ശം എ​ളു​പ്പ​മാ​ക്കി​യ​ത്. 1980 സെ​പ്റ്റം​ബ​ർ 22ന് ​ഇ​റാ​നു നേ​രെ ഇ​റാ​ഖ് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു. 1988 വ​രെ നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​ന്റെ നാ​ന്ദി​യാ​യി​രു​ന്നു അ​ത്. അ​ന്നൊ​ക്കെ യാ​ങ്കി​യു​ടെ മാ​ന​സ​പു​ത്ര​നാ​ണ് സ​ദ്ദാം.

1982ൽ ​ദു​ജൈ കൂ​ട്ട​ക്കൊ​ല​യു​ടെ ക​റു​ത്ത അ​ധ്യാ​യ​ത്തി​നുപോ​ലും സം​ര​ക്ഷ​ണ​ത്തി​​ന്റെ ക​വ​ചം തീ​ർ​ത്ത​ത്​ യാ​ങ്കി​യാ​ണ്. അ​ന്ന​ത്തെ യു.​എ​സ് പ്ര​സി​ഡ​ന്റ് റെയ്ഗ​ന്റെ ദൂ​ത​നാ​യി ബ​ഗ്ദാ​ദി​ൽ ഒാ​ടി​യെ​ത്തി​യ​ത് ഡോ​ണ​ൾ​ഡ് റം​സ് ഫെ​ൽഡ്. സ​ദ്ദാ​മി​നെ ഹ​സ്ത​ദാ​നം ചെ​യ്ത​ശേ​ഷം റം​സ് ഫെ​ൽഡ് പ​റ​ഞ്ഞ​താ​യി വ​ന്ന റി​പ്പോ​ർ​ട്ട് ഇ​ങ്ങ​നെ: ‘‘Don't worry about all the talk coming from the United States about your human rights violations. We're going to support you, and we are going to offer you backup in your conflict with Iran.’’

വേ​ണ​മെ​ങ്കി​ൽ കു​വൈ​ത്തി​ലേ​ക്ക്​ അ​ധി​നി​വേ​ശം ന​ട​ത്തി​യ ഒ​ന്നാം ഗ​ൾ​ഫ്​ യു​ദ്ധ​ഘ​ട്ട​ത്തി​ൽ​ത​ന്നെ സ​ദ്ദാ​മി​നെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സീ​നി​യ​ർ ബു​ഷി​ന്​ ക​ഴി​യു​മാ​യി​രു​ന്നു. ഏ​തോ ഡീ​ലി​​ന്റെ പു​റ​ത്താ​യി​രു​ന്നു അ​ന്ന​ത്തെ യു.​എ​സ്​ മൗ​നം എ​ന്നു ക​രു​തു​ന്ന​വ​ർ ഏ​റെ.

ര​ണ്ടു പ​തി​റ്റാ​ണ്ടി​​ന്റെ ബാ​ക്കി​പ​ത്രം

ബ്രൗ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വാ​ട്​​സ​ൺ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ഇ​റാ​ഖ്​ അ​ധി​നി​വേ​ശം കൊ​ന്നൊ​ടു​ക്കി​യ മ​നു​ഷ്യ​രു​ടെ എ​ണ്ണം അ​ഞ്ച​ര​ല​ക്ഷ​ത്തി​നും അ​ഞ്ച്​ ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​ര​ത്തി​നും ഇ​ട​ക്കാ​ണ്. ക​ള്ള​ങ്ങ​ളു​ടെ പു​റ​ത്ത്​ ഒ​രു രാ​ജ്യ​ത്തെ മു​ഴു​വ​ൻ ശി​ഥി​ല​മാ​ക്കി​യ അ​ധി​നി​വേ​ശം.

ആ​ഭ്യ​ന്ത​ര സ​മ​സ്യ​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഇ​ന്നും ഇ​റാ​ഖി​ൽ തു​ട​ർ​ക്ക​ഥ. സം​ഭ​വി​ച്ച​ത്​ ‘അ​ബ​ദ്ധം’ മാ​ത്ര​മെ​ന്ന്​ ആ​ണ​യി​ടു​ക​യാ​ണ്​​ ടോ​ണി ബ്ലെ​യ​റും മ​റ്റും. ആ​സൂ​ത്രി​ത കു​റ്റ​കൃ​ത്യ​മാ​ണ്​ ന​ട​ന്ന​ത്. മ​നു​ഷ്യ​വം​ശ​ത്തോ​ടു ത​ന്നെ​യു​ള്ള കൊ​ടി​യ അ​പ​രാ​ധം.

യു.എസ് സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ബഗ്ദാദിൽ ഒരുക്കിയ മാസ് റെ-എൻലിസ്റ്റ്മെന്റ് (mass re-enlistment) പരിപാടിയിൽ പ​ങ്കെടുക്കുന്ന യു.എസ് സൈനികർ

സ​ദ്ദാം ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ മെ​ന​ഞ്ഞെ​ടു​ത്ത ല​ക്ഷ​ണ​മൊ​ത്ത ഒ​രു ക​ഥ മാ​ത്ര​മാ​യി​രു​ന്നു ഇ​റാ​ഖി​ലെ​ കൂ​ട്ട​ന​ശീ​ക​ര​ണാ​യു​ധം എ​ന്ന പ്ര​ചാ​ര​ണം. ഇ​റാ​ഖ്​ അ​ധി​നി​വേ​ശം ന​ട​ന്ന്​ ര​ണ്ടു പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളി​ൽ ആ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. യു​െ​ക്ര​യ്നി​ൽ ഒ​രാ​ണ്ട്​ പി​ന്നി​ടു​ന്നേ​യു​ള്ളൂ, റ​ഷ്യ​ൻ ആ​ക്ര​മ​ണം. പ്ര​സി​ഡ​ന്റ്​ പു​ടി​നെ കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ മ​റ്റൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല.

ത​ക​ർ​ന്ന​ത്​ ഇ​റാ​ഖ്, രാ​ഷ്​​ട്രീ​യ​നേ​ട്ടം ഇ​റാ​ന്​

സ​ദ്ദാം ഭ​ര​ണ​ത്തി​നു കീ​ഴി​ൽ ഇ​റാ​ഖ്​ നേ​രി​ടു​ന്ന അ​സ്ഥി​ര​ത, അ​ഴി​മ​തി, വം​ശീ​യ വി​ഭ​ജ​നം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, ഭ​ര​ണ​രാ​ഹി​ത്യം, ഭീ​ക​ര​ത എ​ന്നി​വ തു​ട​ച്ചു​നീ​ക്കാ​ൻ അ​ധി​നി​വേ​ശം ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു വാ​ദം. അ​ഹ്​​മ​ദ്​ ശ​ല​ബി​യെ പോ​ലു​ള്ള​വ​രെ മു​ൻ​നി​ർ​ത്തി യാ​ങ്കി ഇ​തി​നാ​ണ്​ മൂ​ർ​ച്ച​കൂ​ട്ടി​യ​തും.

എ​ഴു​പ​തു​ക​ൾ മു​ത​ൽ ഇ​റാ​നെ ഒ​തു​ക്കാ​ൻ ന​ട​ന്ന അ​മേ​രി​ക്ക​ൻ നീ​ക്ക​ങ്ങ​ൾ നാം ​ക​ണ്ട​താ​ണ്. എ​ട്ടു വ​ർ​ഷം നീ​ണ്ട ഇ​റാ​ൻ, ഇ​റാ​ഖ്​ യു​ദ്ധം ആ​രു​ടെ സൃ​ഷ്​​ടി ആ​യി​രു​ന്നു​വെ​ന്നും അ​റി​യാം. യാ​ങ്കി​യു​ടെ ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​​ന്റെ യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി പ​ക്ഷേ, ഇ​റാ​ൻ ​മാ​റി. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള സാ​യു​ധ ശി​യാ വി​ഭാ​ഗ​വും അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ ഉ​ന്മൂ​ല​നം​ചെ​യ്യാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​റാ​നും ശി​യാ വി​ഭാ​ഗ​ത്തി​നും ല​ഭി​ച്ച രാ​ഷ്​​ട്രീ​യ ഉ​ണ​ർ​വ്​ കൂ​ടി​യാ​യി​രു​ന്നു യാ​ങ്കി​യു​ടെ ഇ​റാ​ഖ്​ അ​ധി​നി​വേ​ശം. ഇ​റാ​ഖി​ലെ ശി​യാ സൈ​നി​ക​വി​ഭാ​ഗ​വും രാ​ഷ്​​ട്രീ​യധാ​ര​യും ഇ​ന്നും അ​മേ​രി​ക്ക​യു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ക​യാ​ണ്. സ​ദ്ദാം ഇ​ല്ലാ​താ​യ​തി​ൽ സ​ന്തോ​ഷി​ച്ച ഇ​റാ​ൻ നേ​തൃ​ത്വം അ​തി​ർ​ത്തി​യി​ൽ അ​മേ​രി​ക്ക​ൻ സാ​ന്നി​ധ്യം സൃ​ഷ്​​ടി​ക്കു​ന്ന അ​പ​ക​ടം കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞു. ഇ​റാ​ഖി​​ന്റെ മ​ണ്ണി​ൽ സാ​യു​ധ മി​ലീ​ഷ്യ​ക​ളെ വ​ള​ർ​ത്താ​ൻ തെ​ഹ്​​റാ​ൻ പ്ര​വ​ർ​ത്തി​ച്ചു. ഇ​റാ​ൻ ​സൈ​നി​ക ക​മാ​ൻ​ഡ​റെ ഇ​റാ​ഖി​ൽ അ​മേ​രി​ക്ക വ​ധി​ച്ചെ​ങ്കി​ലും സാ​യു​ധ മി​ലീ​ഷ്യ​ക​ളു​ടെ സ്വാ​ധീ​നം ത​ള​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ത്യ​ത്തി​ൽ സ​ദ്ദാ​മാ​ന​ന്ത​ര ഇ​റാ​ഖി​നെ കു​റി​ച്ച ചി​ത്രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കൊ​ളോ​ണി​യ​ൽ ശ​ക്തി​ക​ൾ തീ​ർ​ത്തും പ​രാ​ജ​യ​പ്പെ​ട്ടു. അ​താ​ണ്​​ ഇ​ന്നും തു​ട​രു​ന്ന ഇ​റാ​ഖി​​ന്റെ രാ​ഷ്​​ട്രീ​യ, ഭ​ര​ണ, സാ​മൂ​ഹി​ക പ്ര​തി​സ​ന്ധി​യു​ടെ അ​ടി​ത്ത​റ​യും.

Show More expand_more
News Summary - 20 years after US-led invasion of Iraq