Begin typing your search above and press return to search.
proflie-avatar
Login

മറക്കരുത് നാം ഈ കാവൽഭടനെ

വീണ്ടുമൊരു സന്തോഷ് ട്രോഫി കാലം. 1973ൽ കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾ വലയം കാത്ത ജി. രവീന്ദ്രൻ നായർ എന്ന ഗോളി രവിയെപ്പറ്റിയാണ് ഈ കളിയെഴുത്ത്. മലയാളി കായികേപ്രമികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കായിക വ്യക്തിത്വമാണ് രവി എന്നും എഴുതുന്നു.

മറക്കരുത് നാം ഈ കാവൽഭടനെ
cancel
camera_alt

ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ 

ബൂട്ടില്ല, സോക്സില്ല, ഗ്ലൗസോ ഷിൻപാഡോ ഇല്ല. ആകെയുള്ളത് മുഴുൈക്കയനൊരു ടീ ഷർട്ടാണ്. കാലപ്പഴക്കംകൊണ്ട് നിറം മങ്ങിത്തുടങ്ങിയ ഉരുപ്പടി. കോഴിക്കോട്ടുനിന്ന് വയനാട്ടിലെ ഞങ്ങളുടെ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിലേക്ക് വർഷത്തിലൊരിക്കൽ വിരുന്നുവരാറുള്ള ഡോക്ടറമ്മാമയുടെ സ്നേഹസമ്മാനം.

സ്വപ്നലോകത്തെ ഗോൾകീപ്പറായി മാറാൻ ആ ടീഷർട്ട് ധാരാളമായിരുന്നു അന്നത്തെ ആറാം ക്ലാസുകാരന്; ചെവിക്ക് മുകളിലൂടെ തോളിലേക്ക് ഊർന്നിറങ്ങിയ തലമുടിയും.

ഗോൾകീപ്പിങ് ആണ് അന്നും അവന്റെ ലഹരി; ഗോളികൾ ആരാധനാമൂർത്തികളും. വീട്ടുപരിസരത്തെ കൊച്ചു പുൽമൈതാനത്ത് ദിവസവും വൈകുന്നേരം കൂട്ടുകാരോടൊപ്പം പന്ത് തട്ടുമ്പോൾ കണ്ടും കേട്ടും വായിച്ചും മനസ്സിൽ ഇടം നേടിയ വിഖ്യാത കീപ്പർമാരെല്ലാം നിരനിരയായി ആവേശിക്കും അവന്റെ ശരീരത്തിൽ. തിങ്കളാഴ്ച പീറ്റർ തങ്കരാജ് ആണെങ്കിൽ ചൊവ്വാഴ്ച വിക്ടർ മഞ്ഞില; ബുധനാഴ്ച സേതുമാധവൻ, വ്യാഴാഴ്ച മുസ്തഫ...അങ്ങനെ ഓരോ ദിവസവും ഓരോ 'ഗോളിബാധ'.

ഞായറാഴ്ചകളിൽ അവൻ രവിയാകും; ജി. രവീന്ദ്രൻ നായർ എന്ന ഗോളി രവി. കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിന്റെ മുഖ്യ ശിൽപികളിലൊരാൾ. കേരളത്തിന്റെ ഫുട്ബാൾ ചക്രവാളത്തിൽ ശൂന്യതയിൽനിന്ന് ഉദിച്ചുയർന്ന സൂര്യൻ.

രവിയുടെ കളി കണ്ടിട്ടില്ല അതുവരെ. അച്ഛന്റെ മൂത്ത ഏടത്തി ചിന്നമ്മു വല്യമ്മയുടെ ജി.ഇ.സി ട്രാൻസിസ്റ്ററിൽനിന്ന് നിനച്ചിരിക്കാതെ ഒരു നാൾ മനസ്സിലേക്ക് പറന്നിറങ്ങിവരുകയായിരുന്നു അദ്ദേഹം. 1973 ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് െറയിൽവേസിനെ കീഴടക്കി കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ രാത്രി, ആകാശവാണി കമന്റേറ്റർമാരായ നാഗവള്ളി ആർ.എസ്. കുറുപ്പും പത്മനാഭൻ നായരും അരവിന്ദനും ചേർന്നാണ് കൊല്ലം തേവള്ളിക്കാരനായ ആ കാവലാളെ ഇടനെഞ്ചിലേക്ക് തൊടുത്തുവിട്ടത്.

പോസ്റ്റിന് കുറുകെ പറന്ന് പന്ത് ൈകയിലൊതുക്കുന്ന രവി, വായുവിൽ ചാടിയുയർന്ന് പന്ത് കുത്തിയകറ്റുന്ന രവി, നിലം പറ്റി കുതിച്ചെത്തുന്ന ഷോട്ടുകൾക്കു മേൽ കമിഴ്ന്നുവീഴുന്ന രവി...അങ്ങനെ, ഒരു ടെലിവിഷൻ കാമറക്കും പകർത്താനാവാത്ത ദൃശ്യചാരുതയോടെ കേരള ഗോൾകീപ്പറുടെ അഭ്യാസങ്ങൾ വാക്കുകൾകൊണ്ട് വരച്ചിടുകയായിരുന്നു നാഗവള്ളിയും അരവിന്ദനും. ഇന്നുമുണ്ട് ആ ചിത്രങ്ങൾ അതേപടി മനസ്സിന്റെ തിരശ്ശീലയിൽ.

അന്നത്തെ യുവ കാവൽഭടന് ഇന്ന് പ്രായം 73. ആദ്യം നേരിൽ കാണുമ്പോൾ കെ.എസ്.ഇ.ബിയുടെ പാലക്കാട് സബ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനാണ് രവി. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറായി 2004ൽ വിരമിച്ച ശേഷം പുത്തൂരിലെ വീട്ടിൽ ഏകനായി കഴിയുന്നു ഇന്നദ്ദേഹം. മൂന്ന് വർഷം മുൻപായിരുന്നു ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ ശൈലജയുടെ വിയോഗം. വിധിയുടെ തീർത്തും അപ്രതീക്ഷിതമായ ഒരു ഫൗൾ കിക്ക്. മകൻ നിഖിൽ ടെക്സസിലാണിപ്പോൾ. മകൾ അമ്മു തിരുവനന്തപുരത്തും.

കളിക്കളത്തിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിൽനിന്ന് ഒരിക്കൽ ജീവിതം ഏകാന്തതയിലേക്ക് പറിച്ചുനടപ്പെടുമെന്ന് സങ്കൽപ്പിച്ചിട്ടില്ല രവി. ''ഒറ്റക്കിരിക്കുമ്പോൾ കളിച്ചു നടന്ന പഴയ കാലം ഓർമവരും. എറണാകുളത്തെ ആ രാത്രിയും നിറഞ്ഞ ഗാലറികളുടെ ആരവങ്ങളുമെല്ലാം മനസ്സിൽ വന്നു നിറയും. എങ്ങനെ ഓർക്കാതിരിക്കും? ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട രാത്രിയായിരുന്നല്ലോ അത്...'' രവിയുടെ ആത്മഗതം.


1973ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം

മൂന്നാമനായി വന്നു; ഒന്നാമനായി മടങ്ങി

മഹാരാജാസ്‌ മൈതാനത്തെ ഫ്ലഡ് ലിറ്റ് ടവറുകൾക്ക് കീഴെ പന്തുരുണ്ടു തുടങ്ങുമ്പോൾ, ആ വർഷത്തെ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോൾവലയം കാക്കും താനെന്ന് പ്രതീക്ഷിച്ചിട്ടില്ല രവി. ഉന്നത ഫോമിലുള്ള, പരിചയസമ്പന്നരായ രണ്ടു ഗോളികൾ-സേതുമാധവനും വിക്ടർ മഞ്ഞിലയും- ടീമിലുള്ളപ്പോൾ മൂന്നാം നമ്പറുകാരനായ തനിക്കെന്ത് പ്രസക്തി? ഇന്ത്യൻ കുപ്പായത്തിന്റെ തിളക്കവുമായാണ് വിക്ടറിന്റെ വരവ്. സേതുവാകട്ടെ തലേ വർഷം ഗോവ നാഷണൽസിൽ സ്റ്റേറ്റിന് വേണ്ടി കാഴ്ചവെച്ച മിന്നൽ പ്രകടനത്തിന്റെ മികവോടെയും. ഇരുവരും പ്രീമിയർ ടയേഴ്‌സിന്റെ ഗ്ലാമർ താരങ്ങൾ.

പക്ഷേ വിധി വിസിൽ മുഴക്കിയത് മൂന്നാമന് വേണ്ടിയാണ്. ആ വിസിൽ ഇന്ന് ചരിത്രത്തിന്റെ ഭാഗം.

ഡൽഹിക്കെതിരായ ആദ്യ ലീഗ് മത്സരത്തിൽ വിക്ടർ മഞ്ഞിലയായിരുന്നു കേരളത്തിന്റെ സ്റ്റാർട്ടിങ് ഗോൾകീപ്പർ. കോച്ച് സൈമൺ സുന്ദർരാജിന്റെ വിശ്വസ്ത ശിഷ്യൻ. നേരത്തേ ആലുവ സെമിനാരി ഗ്രൗണ്ടിൽ ബംഗാളിനെതിരെ നടന്ന പരിശീലന മത്സരത്തിൽ പിണഞ്ഞ പരിക്കിൽനിന്ന് വിമുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ വിക്ടർ. ഡൽഹിക്കെതിരായ പോരാട്ടം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും വിധി വീണ്ടും വിക്ടറെ ചതിച്ചു. എതിർ സ്‌ട്രൈക്കറുടെ ഒരു ഷോട്ട് രക്ഷപ്പെടുത്താൻ ഡൈവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായ ഒരു വീഴ്ച. ചുമലിലെ പരിക്കുമായി ഗ്രൗണ്ട് വിട്ട വിക്ടറിന് പകരം സേതുമാധവൻ വരുന്നു ഗോൾവലയം കാക്കാൻ.

അടുത്ത മത്സരത്തിൽ മണിപ്പൂരിനെ 3-1 ന് തോൽപ്പിക്കുമ്പോഴും സേതുവായിരുന്നു ബാറിന് കീഴെ. പക്ഷേ കരുത്തരായ കർണാടകക്കെതിരായ നിർണായക മത്സരത്തിൽ സേതുവിനും അടിതെറ്റി. രണ്ടാം പകുതി തുടങ്ങി പത്തു പതിനഞ്ചു മിനിറ്റിനകം ഡൈവിങ്ങിനിടെ അബദ്ധത്തിൽ സ്വന്തം ടീമിലെ ഡിഫൻഡറുടെ കാൽ തട്ടി നിലത്തു വീണു പുളഞ്ഞ സേതു സ്‌ട്രെച്ചറിൽ പുറത്തേക്ക്; പകരം പടപടാ മിടിക്കുന്ന ഹൃദയത്തോടെ രവി അകത്തേക്കും.

തലേ വർഷത്തെ ഗോവ നാഷനൽസിനുള്ള കേരള ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല രവിക്ക്. അവിടെ സേതുവായിരുന്നു താരം. ഇത്തവണ അതേ സേതുവിന് പകരക്കാരനായി ഇറങ്ങാൻ പോകുകയാണ് താൻ; അതും സ്വന്തം നാട്ടുകാരുടെ മുന്നിൽ. പതിനായിരങ്ങൾ ഹർഷാരവം മുഴക്കി കാത്തിരുന്ന ചൂളമര ഗാലറികളിലേക്ക് കണ്ണുകൾ അറിയാതെ നീണ്ടുചെന്നപ്പോൾ ആഹ്ലാദത്തോടൊപ്പം അങ്കലാപ്പും തോന്നിയെന്ന് രവി. ഇതാണ് നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടം എന്ന് കാതിലാരോ മന്ത്രിച്ചപോലെ.

കർണാടകക്കെതിരെ അത്ര മികച്ച ഫോമിലായിരുന്നില്ല രവി. എങ്കിലും മത്സരം ആതിഥേയർ 4-3ന് ജയിച്ചു. ആന്ധ്രക്കെതിരായ ക്വാർട്ടറിൽ പക്ഷേ കഥ മാറി. രവിയുടെ തകർപ്പൻ പ്രകടനത്തോടെ കേരളത്തിന് അഞ്ചുഗോൾ വിജയം. എം.ആർ. ജോസഫും (2) നജീമുദ്ദീനും വില്യംസും ക്യാപ്റ്റൻ മണിയുമായിരുന്നു സ്കോറർമാർ. ബഷീറും സജ്ജാദും ക്യാപ്റ്റൻ അമർചന്ദും ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം അണിനിരന്ന ആന്ധ്രക്കെതിരെ കളിക്കാനിറങ്ങുമ്പോൾ കേരളത്തിന്റെ റിസർവ് ബെഞ്ചിൽ പുതിയൊരു ഗോളി എത്തിയിരുന്നു -പരിചയ സമ്പന്നനായ ബാബു നായർ. അടുത്ത ദിവസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി താരം ഇട്ടി മാത്യുകൂടി ചേർന്നതോടെ അഞ്ചു ഗോൾകീപ്പർമാരടങ്ങിയ ടീം എന്ന അസുലഭ റെക്കോഡും കേരളത്തിന് സ്വന്തമായി; വൈകിവന്ന രണ്ടു കീപ്പർമാർക്കും കളിക്കേണ്ടിവന്നില്ലെങ്കിലും.

ആന്ധ്രക്കെതിരായ മത്സരത്തിൽ രവിയുടെ ഒരു സേവ്

''ആന്ധ്രക്കെതിരെ എന്നെ കളിക്കാനിറക്കുന്നതിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു അസോസിയേഷനിൽ എന്ന് പിന്നീടറിഞ്ഞു'', രവി ചിരിക്കുന്നു. ''സ്വാഭാവികമാണത്. തൊട്ടു മുൻപത്തെ മത്സരത്തിൽ അത്ര നല്ല ഫോമിലായിരുന്നില്ലല്ലോ ഞാൻ. എന്നിട്ടും എന്നെ ഇറക്കിയെങ്കിൽ സൈമൺ സാറിന് എന്റെ കഴിവുകളിൽ അത്ര വിശ്വാസമുണ്ടായിരുന്നിരിക്കണം. ആ വിശ്വാസത്തിനൊത്ത് ഉയരാൻ കഴിഞ്ഞു എന്നത് എന്റെ സുകൃതം.''

സെമിഫൈനലിന് മുൻപ് ആരോഗ്യം വീണ്ടെടുത്ത് സേതുമാധവൻ ടീമിൽ തിരിച്ചെത്തിയതോടെ, ടൂർണമെന്റിൽ തുടർന്ന് കളിക്കാമെന്ന പ്രതീക്ഷ കൈവിട്ടിരുന്നു രവി. മഹാരാഷ്ട്രയെപോലൊരു കരുത്തുറ്റ ടീമിനെതിരെ അത്ര പരിചയസമ്പന്നനല്ലാത്ത ഒരാളെ ഗോളിയായി പരീക്ഷിക്കുന്നതിൽ റിസ്കുണ്ടല്ലോ.

പക്ഷേ, ആ റിസ്കെടുക്കാൻ തയാറായിരുന്നു സൈമൺ സുന്ദർരാജ്. ''ടീം അനൗൺസ് ചെയ്തപ്പോൾ അതാ വീണ്ടും എന്റെ പേര്. വിശ്വസിക്കാനായില്ല എനിക്ക്.''

യഥാർഥ ഫൈനൽ

മഹാരാഷ്ട്രക്കെതിരായ ദ്വിപാദ സെമിഫൈനൽ ആയിരുന്നു യഥാർഥ ഫൈനൽ എന്നോർക്കുന്നു രവി. കൊമ്പന്മാരുടെ പടയാണ് അന്നത്തെ മഹാരാഷ്ട്ര. ഏറെയും പ്രബലരായ ടാറ്റാസിന്റെ യുവ ശിങ്കങ്ങൾ. ഷബീർ അലി, മാർട്ടോ ഗ്രേഷ്യസ്, ജോഹർദാസ്, നടരാജ്, പ്രസന്നൻ, കൃഷ്ണ, ഗോൾകീപ്പർ ബാന്ദ്യ കാക്കഡെ തുടങ്ങിയവരുൾപ്പെട്ട എണ്ണം പറഞ്ഞ താരനിര. പരിശീലകനായി ഒളിമ്പ്യൻ തിരുവല്ല പാപ്പൻ. ''മാർട്ടോ ഗ്രേഷ്യസിന്റെ പൊള്ളുന്ന ഒരു ഷോട്ട് നെഞ്ചു കൊണ്ട് തടുത്തിട്ടാണ് ആദ്യ ലഗ്ഗിൽ ഞാൻ കളി തുടങ്ങിയത്. കൂടുതൽ വലിയ പരീക്ഷണങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വഴിക്കുവഴിയായി അവർ ആക്രമിച്ചുകൊണ്ടിരുന്നു. ഇരുപത്തഞ്ചു സേവുകളെങ്കിലും പുറത്തെടുക്കേണ്ടിവന്നിട്ടുണ്ടാകും അന്നെനിക്ക്. കൈമെയ് മറന്നുള്ള പോരാട്ടം...''- രവിയുടെ ഓർമ.

സി.സി. ജേക്കബിന്റെ ഒരു ഹെഡ്ഡറിൽനിന്ന് തികച്ചും ആകസ്മികമായി പോസ്റ്റിന് നേരെ കുതിച്ചു വന്ന പന്ത്, നിന്ന നിൽപ്പിൽ പിന്നിലേക്ക് നീന്തി കൈവിരൽത്തുമ്പ് കൊണ്ട് ബാറിന് മുകളിലൂടെ പറത്തിയതാണ് ആ മത്സരം ഓർമയിൽ അവശേഷിപ്പിക്കുന്ന ആവേശ നിമിഷങ്ങളിലൊന്ന്. ടീം അംഗങ്ങളും ഗാലറിയിൽ കാത്തിരുന്ന പതിനായിരങ്ങളും ഒരുമിച്ച് ദീർഘനിശ്വാസമെടുത്തുപോയ നിമിഷമായിരുന്നു അതെന്നോർക്കുന്നു രവി. ദൈവം കേരളത്തിന്റെ കൂടെയായിരുന്നു അപ്പോൾ.

രവിയുടെ കൂടി മികവിൽ ആദ്യ പാദം 2-1ന് ജയിച്ചു കയറുന്നു ആതിഥേയർ. രണ്ടാം പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചു തുല്യത പാലിച്ചതോടെ മഹാരാഷ്ട്ര പുറത്ത്. കേരളം നടാടെ സന്തോഷ് ട്രോഫി ഫൈനലിൽ.

''മറക്കാനാവില്ല ആ ഫൈനൽ രാത്രി. നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് സ്റ്റേഡിയം. സൂചികുത്താൻപോലും ഇടമില്ല. കോർണർ കിക്കെടുക്കാനോ പന്ത് ത്രോ ചെയ്യാനോ പോലും ആളുകൾ സമ്മതിക്കാത്ത അവസ്ഥ'', രവി ഓർക്കുന്നു. എന്ത് വില കൊടുത്തും കേരളത്തിന് ജയിച്ചേ പറ്റൂ. ജയത്തിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ല എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു ആ ജനക്കൂട്ടത്തിന്റെ മുഖഭാവങ്ങൾ. സ്വാഭാവികമായും ഉൾക്കിടിലത്തോടെയാണ് ടീം റെയിൽവേസിനെതിരെ കളിക്കാനിറങ്ങിയത്. കോച്ച് സൈമൺ സുന്ദർരാജിന്റെ പ്രോത്സാഹനവാക്കുകളായിരുന്നു ആകെയുള്ള കൈമുതൽ. മനസ്സ് കൈവിടാതെ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. കളിക്കളത്തിൽ അത് അക്ഷരം പ്രതി നടപ്പിലാക്കി ഞങ്ങൾ...''

ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കോടെ കേരളം 3-2 ന് ജയിച്ചു കയറിയ ആ ഫൈനലിൽ അപാര ഫോമിലായിരുന്നു രവി. ഒളിമ്പ്യൻ മേവാലാലിന്റെ ശിക്ഷണത്തിൽ പ്രസൂൺ ബാനർജിയെയും ദിലീപ് പാലിത്തിനെയും ചിന്നറെഡ്ഢിയെയും പോലുള്ള ഘടാഘടിയന്മാരെ അണിനിരത്തി കളിച്ച റെയിൽവേസിനു മുന്നിൽ പ്രതിരോധത്തിന്റെ ഒരു കോട്ട തന്നെ പടുത്തുയർത്തി രവി. ''റെയിൽവേസിന്റെ രണ്ടു ഗോളുകളും ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്'', ചിരിയോടെ രവി പറയുന്നു. ''ഞാനും വലതു വിങ് ബാക്ക് രത്നാകരനും തമ്മിലുള്ള ആശയക്കുഴപ്പത്തിൽനിന്ന് പിറന്നതായിരുന്നു ചിന്നറെഡ്ഢിയുടെ ആദ്യഗോൾ. രണ്ടാമത്തേത് ശരിക്കും ഫ്ലൂക്ക്. വളരെ ദുർബലമായ ഷോട്ട് ആണ് ദിലീപ് പാലിത്ത് തൊടുത്തത്. എന്റെ കൈയിൽനിന്ന് വഴുതി ഗോൾ ലൈനിന് മുകളിലൂടെ പോസ്റ്റിലേക്ക് ഉരുണ്ടുപോകുകയായിരുന്നു പന്ത്...''

റഫറി ചൗഹാന്റെ ലോങ് വിസിൽ മുഴങ്ങിയതും ഗാലറികളിൽനിന്ന് ജനം ആവേശപൂർവം മൈതാനത്തേക്കൊഴുകിയതും ഒപ്പം. ''പിന്നീട് നടന്നതൊന്നും സത്യം പറഞ്ഞാൽ ഓർമയില്ല. ടീമിലെ മറ്റുള്ളവരുടെ സ്ഥിതിയും അതാവാനേ വഴിയുള്ളൂ. ഏതോ സ്വപ്നലോകത്തായിരുന്നു എല്ലാവരും. ഇന്നും ആ നിമിഷങ്ങളോർക്കുമ്പോൾ കോരിത്തരിക്കും.'' വിജയലഹരിയിൽ മതിമറക്കുന്നവർ, ആനന്ദക്കണ്ണീരൊഴുക്കുന്നവർ, പരസ്പരം ആശ്ലേഷിക്കുന്നവർ, പ്രിയതാരങ്ങളെ ചുമലിലേറ്റുന്നവർ... അതിനു മുൻപോ ശേഷമോ കേരളം കണ്ടിട്ടുണ്ടാവില്ല അതുപോലൊരു വിജയാഘോഷം.

രവി വിക്ടർ മഞ്ഞിലക്കും സേതുമാധവനുമൊപ്പം

മമ്മൂട്ടിയുടെ വാക്കുകൾ

ആഹ്ലാദസൂചകമായി പിറ്റേന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്നു. പന്ത്രണ്ടു ദിവസം നീണ്ട സ്വീകരണ പരമ്പരയായിരുന്നു പിന്നെ. ടൂറിസം വകുപ്പ് അനുവദിച്ചു നൽകിയ പ്രത്യേക ബസിൽ കേരളം മുഴുവൻ സഞ്ചരിച്ച്‌ അഭിവാദനങ്ങൾ ഏറ്റുവാങ്ങി മണിയും കൂട്ടരും. ''ആയിരം രൂപയാണ് ടീം അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം. അന്നത് സാമാന്യം നല്ല തുകയാണ്. 3500 രൂപക്ക് പുത്തൻ സ്കൂട്ടർ കിട്ടിയിരുന്ന കാലമാണെന്നോർക്കണം''- രവി.

1973ലെ ഐതിഹാസിക വിജയത്തിന്റെ ഭാഗമായ ടീമിലെ മിക്ക അംഗങ്ങളും ഇന്ന് എഴുപതിന്റെ 'റോങ് സൈഡി'ലാണ്. ചിലരൊക്കെ ജീവിതത്തിന്റെ കളിക്കളത്തിൽനിന്നേ യാത്രയായിരിക്കുന്നു. ക്യാപ്റ്റൻ മണിയും കെ.പി. രത്നാകരനും കെ.വി. ഉസ്മാൻ കോയയും പെരുമാളും ജോൺ ജെ. ജോണും ചേക്കുവും അസിസ്റ്റന്റ് കോച്ച് ദേവസിക്കുട്ടിയും ഇന്ന് ഓർമ. മറ്റു ചിലർ ആരോഗ്യ പ്രശ്നങ്ങളുമായുള്ള മൽപ്പിടിത്തത്തിൽ. സൈമൺ സുന്ദർരാജ് എന്ന 'ഗൃഹനാഥ'ന്റെ തണലിൽ കുടുംബംപോലെ കഴിഞ്ഞ നാളുകളുടെ മരിക്കാത്ത ഓർമകൾ ഈ പ്രായത്തിലും മനസ്സിൽ സൂക്ഷിക്കുന്നു അവരെല്ലാം.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയഗാഥക്ക് തുടക്കമിട്ട എറണാകുളം നാഷനൽസ്, രവിയുടെ വിടവാങ്ങൽ മേളകൂടിയായി എന്നത് വിധിനിശ്ചയമാകാം. പിന്നീടൊരിക്കലും സീനിയർ സ്റ്റേറ്റിന് കളിച്ചില്ല അദ്ദേഹം. ചാക്കോള ട്രോഫിയിൽ വാസ്കോ ഗോവക്കെതിരെ കെ.എസ്.ഇ.ബിക്ക് കളിക്കുമ്പോൾ ചുമലിനേറ്റ പരിക്കാണ് അടുത്ത സന്തോഷ് ട്രോഫിക്കുള്ള സംസ്ഥാന ടീമിന്റെ ക്യാമ്പിൽനിന്ന് രവിയെ മാറ്റിനിർത്തിയത്. കുറച്ചു വർഷങ്ങൾകൂടി കെ.എസ്.ഇ.ബിക്ക് കളിച്ച ശേഷം 1979ൽ കളിക്കളം വിടുന്നു രവി. ''എറണാകുളം നാഷനൽസിന് പിന്നാലെ പല പ്രമുഖ ടീമുകളിൽനിന്നും ഓഫർ ലഭിച്ചിരുന്നു. ടാറ്റാസ്, ഓർക്കേ മിൽസ്, മുഹമ്മദൻസ്, ടൈറ്റാനിയം... പക്ഷേ ഇലക്ട്രിസിറ്റി ബോർഡിലെ ജോലി നൽകിയ സുരക്ഷിതത്വമായിരുന്നു എനിക്ക് പ്രധാനം. ഇന്നും ആ തീരുമാനത്തിൽ പശ്ചാത്താപമില്ല.''

കുടുംബത്തോടൊപ്പം

കുട്ടിക്കാലത്ത് മദ്രാസ് റജിമെന്റൽ സെന്റർ (എം.ആർ.സി) ഗോൾകീപ്പർ റെഡ്ഢിയുടെ കളി കണ്ട് ഹരം മൂത്താണ് രവി ക്രോസ്ബാറിനടിയിൽ സ്ഥിരതാമസമാക്കിയത്. വീട്ടിനടുത്തുള്ള ഗവ. മോഡൽ ബോയ്സ് ഹൈസ്‌കൂളിൽ ഡ്രിൽ മാഷായിരുന്ന റോബർട്ടിന്റെ പ്രോത്സാഹനംകൂടിയുണ്ട് ആ തീരുമാനത്തിന് പിന്നിൽ. പിന്നെ വിശ്വവിഖ്യാതരായ ലെവ് യാഷിന്റെയും ഗോർഡൻ ബാങ്ക്സിന്റെയും കളിയെക്കുറിച്ചുള്ള കേട്ടറിവും.

1968ൽ കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ പാസായ ശേഷം യാദൃച്ഛികമായി കെ.എസ്.ഇ.ബിയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തതായിരുന്നു വഴിത്തിരിവ്. ബോർഡ് വഴി തിരുവനന്തപുരം ജില്ല ടീമിലെത്തിയ രവി അധികം വൈകാതെ ജൂനിയർ നാഷനൽസിനുള്ള സംസ്ഥാന ടീമിലേക്കും ഗോവ സന്തോഷ് ട്രോഫിക്കുള്ള സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെടുന്നു. കൊല്ലം ജൂനിയർ നാഷനൽസിൽ ചാമ്പ്യന്മാരായ എൻ.ജെ. ജോസിന്റെ കേരള ടീമിലും അംഗമായിരുന്നു രവി.

കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ സുവർണജൂബിലി ഒരു വർഷം മാത്രം അകലെയെത്തിനിൽക്കേ, രവി ഉൾപ്പെടെയുള്ള അന്നത്തെ ചരിത്ര പുരുഷന്മാരെ ഇന്ന് ആരോർക്കുന്നു? ''ടെലിവിഷൻ നമ്മുടെ സങ്കൽപങ്ങളിൽപോലും ഇല്ലാതിരുന്ന കാലമായിരുന്നല്ലോ. സ്വാഭാവികമായും ഞങ്ങളെ കണ്ടാൽ തിരിച്ചറിയുന്നവർ കുറവായിരുന്നു അന്നും. പത്രത്തിൽ അടിച്ചുവന്നിരുന്ന മങ്ങിയ ഫോട്ടോകളിലൂടെയല്ലേ ആളുകൾ ഞങ്ങളെ അറിയൂ.'' മണി, സേവ്യർ പയസ്, നജീമുദ്ദീൻ, ടി.എ. ജാഫർ, സി.സി. ജേക്കബ്, പ്രസന്നൻ, വില്യംസ്, എം.ആർ. ജോസഫ്, ഹമീദ്, ബഷീർ...ഇന്നും കാതിൽ മുഴങ്ങുന്നു ആ പേരുകൾ.

പ്രഥമ വിജയത്തിന്റെ ഓർമ പുതുക്കലിനായി അന്നത്തെ ടീമംഗങ്ങൾക്ക് കൊച്ചിയിൽ ഒരു പ്രമുഖ പത്രം ഒരുക്കിയ സ്വീകരണച്ചടങ്ങിൽ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് രവിയുടെ ഓർമയിൽ: ''സ്വന്തം കളി കാണാൻ ഭാഗ്യമുണ്ടായില്ല എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ നിർഭാഗ്യം. അന്ന് ടി.വിയൊന്നും ഇല്ലല്ലോ. പക്ഷേ ആ ഭാഗ്യം ഞങ്ങൾക്കുണ്ടായി. ഞങ്ങൾ കാണികളുടെ ഓർമയിൽ ഇന്നും നിങ്ങളുണ്ട്, നിങ്ങളുടെ കളിയുണ്ട്'', മമ്മൂട്ടി പറഞ്ഞു.

ആ സന്തോഷ് ട്രോഫിയിലെ ഓരോ ആവേശനിമിഷവും മമ്മൂട്ടി ഓർമയിൽനിന്നു വീണ്ടെടുത്തു പങ്കുവെച്ചപ്പോൾ വിസ്മയിച്ചുപോയെന്ന് രവി. ''ടീമിലെ മുഴുവൻ കളിക്കാരുടേയും പേരുകൾ അദ്ദേഹം ഓർത്തെടുത്ത് പറഞ്ഞപ്പോൾ വലിയ ആഹ്ലാദം തോന്നി. പന്തുകളിയോടും കളിക്കാരോടുമുള്ള ഒരു തലമുറയുടെ അകമഴിഞ്ഞ സ്നേഹാദരങ്ങൾ മുഴുവനുണ്ടായിരുന്നു ആ വാക്കുകളിൽ...''

ആ സ്നേഹവും ആരാധനയും ഇന്നും അതേ അളവിൽ ഉള്ളിലുള്ളതുകൊണ്ടാണല്ലോ അര നൂറ്റാണ്ടിനു ശേഷം ഞാൻ താങ്കളെ തേടിവന്നത് എന്ന് നിശ്ശബ്ദമായി മന്ത്രിക്കുന്നു ഉള്ളിന്റെയുള്ളിലെ ആ പഴയ ആറാം ക്ലാസുകാരൻ.

Show More expand_more
News Summary - 1973 santosh trophy goal keeper g ravndran nair