‘സത്യനാദ കാഹള’ത്തിന്റെ 150 വർഷങ്ങൾ

കൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ച ‘സത്യനാദ കാഹളം’ ഇന്നുണ്ടായിരുന്നെങ്കിൽ 150 വർഷം പിന്നിടുമായിരുന്നു. അച്ചടിയുടെയും പത്രപ്രവർത്തനത്തിന്റെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ‘സത്യനാദ കാഹള’ത്തിന്റെ ചരിത്രത്തിലൂടെയും കണ്ടെടുത്ത താളുകളിലൂടെയും സഞ്ചരിക്കുകയാണ് പ്രസാധകൻകൂടിയായ ലേഖകൻ. മലയാളം അച്ചടി ആരംഭിച്ചതാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിന് നല്കിയ സംഭാവനകളില്‍ ഏറ്റവും വലുത്. സാമൂഹിക നവോത്ഥാനവും എല്ലാ ജാതിവിഭാഗങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വാതില്‍ തുറന്നതും ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കവും ഒട്ടും അപ്രധാനമല്ലാത്ത മിഷനറിമാരുടെ സംഭാവനകള്‍ ആണെങ്കിലും...
Your Subscription Supports Independent Journalism
View Plansകൊച്ചിയിൽനിന്ന് പ്രസിദ്ധീകരിച്ച ‘സത്യനാദ കാഹളം’ ഇന്നുണ്ടായിരുന്നെങ്കിൽ 150 വർഷം പിന്നിടുമായിരുന്നു. അച്ചടിയുടെയും പത്രപ്രവർത്തനത്തിന്റെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ‘സത്യനാദ കാഹള’ത്തിന്റെ ചരിത്രത്തിലൂടെയും കണ്ടെടുത്ത താളുകളിലൂടെയും സഞ്ചരിക്കുകയാണ് പ്രസാധകൻകൂടിയായ ലേഖകൻ.
മലയാളം അച്ചടി ആരംഭിച്ചതാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ കേരളത്തിന് നല്കിയ സംഭാവനകളില്‍ ഏറ്റവും വലുത്. സാമൂഹിക നവോത്ഥാനവും എല്ലാ ജാതിവിഭാഗങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വാതില്‍ തുറന്നതും ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കവും ഒട്ടും അപ്രധാനമല്ലാത്ത മിഷനറിമാരുടെ സംഭാവനകള്‍ ആണെങ്കിലും ഇവയെയെല്ലാം ത്വരിതപ്പെടുത്താന്‍ സാഹചര്യമൊരുക്കിയത് അച്ചടിയുടെ ആവിര്ഭാവംതന്നെയാണ്. 1455ല്‍ ജർമന്‍കാരനായ ജോഹന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പുമുതല്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു. വിദേശ ബന്ധമുള്ള ക്രൈസ്തവസഭകളും കേരളത്തില്‍ വേരുപിടിച്ചു വളര്‍ന്നിരുന്നു. എന്നാല്‍, 19ാം നൂറ്റാണ്ടുവരെ മലയാളം ലിപികള്‍ കേരളത്തില്‍ അച്ചടിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ആരും യത്നിച്ചില്ല എന്നുള്ളത് അത്ഭുതമാണെന്നേ പറയാനുള്ളൂ.
19ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും അച്ചടിശാലകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍, മലയാളം അച്ചടി ആരംഭിക്കാനുള്ള നിയോഗം ലഭിച്ചതാകട്ടെ അന്യനാട്ടുകാരനായ ഒരു മിഷനറിക്കാണ് –റവ. ബെഞ്ചമിന്‍ ബെയ്ലിക്ക്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലില്‍ 1820ല്‍ ലണ്ടന്‍ മിഷന്‍കാര്‍ സ്ഥാപിച്ച പ്രസിന്റെ കാര്യവും കേരളത്തിനു പുറത്ത് അച്ചടിച്ച മലയാളം ഗ്രന്ഥങ്ങളുടെ കാര്യവും വിസ്മരിക്കുന്നില്ല. നാഗര്‍കോവിലില്‍ സ്ഥാപിച്ച പ്രസില്‍ മലയാളം അച്ചടിച്ചിരുന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ നാഗര്‍കോവില്‍ തമിഴ്നാടിന്റെ ഭാഗമായിത്തീരുകയും ചെയ്തു. അതിനാല്‍ കേരളത്തില്‍ ആദ്യമായി ഒരു പ്രസ് സ്ഥാപിച്ചു എന്നതിന്റെ ബഹുമതി ബെയ്ലിക്ക് ലഭിക്കുന്നു.
മലയാള ലിപി ആദ്യമായി അച്ചടിച്ചത് 1768ല്‍ ആംസ്റ്റര്‍ഡാമില്‍ മുദ്രണം ചെയ്തത് ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ്. സസ്യങ്ങളുടെ പേരുകളും ശാസ്ത്രീയനാമവും പല ഭാഷകളില്‍ അച്ചടിച്ചിരുന്നതോടൊപ്പം മലയാളവും ഉണ്ടായിരുന്നു. 1772നോട് അടുത്ത് മലയാളഭാഷയില്‍ പുത്തന്രീതിയിലുള്ള അച്ചടി സാധ്യമാക്കാന്‍ വേണ്ട ജംഗമാച്ചുകള്‍ കത്തോലിക്കാസഭയുടെ വേദപ്രചാരണസംഘ (Sacred Congregration of the Propaganda)ത്തിന്റെ കീഴിലുള്ള ബഹുഭാഷാ മുദ്രണാലയത്തിലെ അച്ചടിക്കാര് നിർമിച്ചു.
വരാപ്പുഴ കർമലീത്താ സന്യാസാശ്രമത്തില്‍ താമസിച്ച് മിഷന് വേല ചെയ്തിരുന്ന ക്ലമന്റ് പിയാനിയൂസ് (1731-1782) എന്ന ഇറ്റാലിയന്‍ പാതിരിയുടെ മലയാള ഭാഷാപരിജ്ഞാനവും ഗ്രന്ഥരചനയുമാണ് മലയാളം അച്ചുകളുടെ നിർമാണത്തിനു കളമൊരുക്കിയതെന്നു പറയാം. കാരണം, കേരളത്തിലെ താമസത്തിനിടയില്‍ മലയാളവും സംസ്കൃതവും വശത്താക്കിയ പാതിരിയുടെ ലത്തീന്‍ ഭാഷയിലുള്ള ലിപിപഠനവും മലയാളഭാഷയില്‍ എഴുതിയ ഒരു ക്രിസ്തുമതഗ്രന്ഥവും അച്ചടിക്കാനാണ് മലയാളം അച്ചുകള്‍ കൊത്തിയത്. അങ്ങനെ 1772ല്‍ ‘നസ്രാണികള്‍ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപ വെദാര്ത്ഥം’ എന്ന മലയാള പുസ്തകവും ‘Alphabetum Grandonico Malabaricum Sive Samscrudonicum’ എന്ന ലത്തീന്‍ കൃതിയും കൈരളിയെ അച്ചടിയുടെ യുഗത്തിലേക്കു നയിച്ചു.
വരാപ്പുഴ കർമലീത്ത വൈദിക നേതൃത്വത്തില്‍ 1876 ഒക്ടോബര്‍ 12ന് പ്രസിദ്ധീകരണം ആരംഭിച്ച ‘സത്യനാദ കാഹളം’ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. പ്രസിദ്ധീകരണം നിലച്ചുപോയിരുന്നില്ലെങ്കില് ഇപ്പോള്‍ അതിന്റെ 150ാം വാര്‍ഷികം ആഘോഷിക്കാമായിരുന്നു. എന്നാൽ, ‘സത്യനാദ കാഹള’ത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചുമ്മാര്‍ ചൂണ്ടല്‍, ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍, വിദ്വാന് ടി.എം. ചുമ്മാര്‍, ആനി തയ്യില്‍, സുകുമാരന്‍ പൊറ്റക്കാട്, വി.വി.കെ. വാലത്ത്, നടുവില്‍ മഠം ശങ്കരനാരായണയ്യര്‍ എന്നിവരുടെ മുൻകൈയിൽ പ്രസിദ്ധീകരിച്ച ‘മലയാള പത്രചരിത്രം’ മുദ്രണ പ്രസാധന കലകളുടെ സവിശേഷ പഠനത്തിന് വഴിയൊരുക്കിയെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.
അച്ചുകൂടങ്ങളെക്കുറിച്ച് മഹാകവി ഉള്ളൂര്‍ കേരള സാഹിത്യ ചരിത്രത്തില്‍ ഇങ്ങനെ വിവരിക്കുന്നു: മുദ്രാലയങ്ങള്‍– പോര്‍ത്തുഗീസുകാരെ സാഹിത്യസംബന്ധമായി നാം കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടത് അവര്‍ കൊച്ചിയിലും വൈപ്പിക്കോട്ടയിലും സ്ഥാപിച്ച മുദ്രണാലയങ്ങള്ക്കു വേണ്ടിയാകുന്നു. സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ക്രി. പി. 1542ല്‍ ദക്ഷിണാപഥത്തില്‍ വന്നു തമിഴ് ഭാഷ പഠിച്ച് അതില്‍ പ്രസംഗിക്കുവാനുള്ള പാടവം സമ്പാദിച്ചു. അദ്ദേഹം രചിച്ച വേദോപദേശം എന്ന പുസ്തകം പോര്‍ത്തുഗീസുകാര്‍ ഗോവയില്‍ ഇദംപ്രഥമമായി സ്ഥാപിച്ച മുദ്രാലയത്തില്‍ 1557ല്‍ പ്രസിദ്ധീകരിച്ചതായിക്കാണുന്നു.

അതു ഭാരതീയഭാഷകളിലൊന്നിലും നിർമിച്ചതായിരുന്നില്ല എന്നു ന്യായമായി അനുമാനിക്കാം. കേരളത്തില്‍ ഒന്നാമതായി മുദ്രിതമായ പുസ്തകം (Doctrina Christiana) ‘ക്രിസ്തീയ വേദോപദേശം’ ആണ്. ‘സ്പെയിന്‍കാരനും ജെസ്യൂട്ട് സഭയിലെ ഒരംഗവുമായ ജോണ്‍ ഗോണ്‍സാല്‍വസ് എന്ന വിദഗ്ധനാണ് അതിനുവേണ്ട അച്ചുകളെല്ലാം സജ്ജീകരിച്ചത്. അത് അച്ചടിച്ചതു കൊച്ചിക്കോട്ടയില്‍ സ്ഥാപിച്ച മുദ്രാലയത്തിലുമാണ്. ഗോണ്‍സാല്‍വസ് ഉണ്ടാക്കി എന്നു പറയുന്ന ലിപികള്‍ തമിഴിലായിരുന്നു. മലയാളം തമിഴെന്നാണ് അതിനു പേര് നൽകിക്കാണുന്നത്. തമിഴ് ലിപികള്‍ക്ക് അന്നും കേരളത്തില്‍ നല്ല പ്രചാരമുണ്ടായിരുന്നു. ക്രിസ്തീയ വേദോപദേശത്തെ തുടര്‍ന്നു ‘ക്രിസ്തീയമത തത്ത്വ’മെന്നും ‘ക്രിസ്തീയവണക്കം’ എന്നും പേരുള്ള രണ്ടു പുസ്തകങ്ങള്‍ ആ മുദ്രാലയത്തില്‍നിന്നു 1579ല്‍ പ്രസിദ്ധീകൃതങ്ങളായി.
അവയുടെ കർത്താവ് എൻറിക്കസ് (Enriquez) എന്ന ഒരു നാട്ടുകാരനും പ്രസാധകന് മാര്‍ക്കോസ് ജോര്‍ജ് എന്ന പാതിരിയുമായിരുന്നു. രണ്ടാമത്തെ മുദ്രാലയം ഫാദര്‍ ആല്‍ബട്ട് ലേഷ്യസ് 1602ല്‍ ചേന്നമംഗലത്തിനു സമീപമുള്ള വൈപ്പിക്കോട്ടയില്‍ സ്ഥാപിച്ചു. ആ മുദ്രാലയം എട്ടാം ക്ലെമെന്റ് മാർപാപ്പ സമ്മാനിച്ചതാണ്.
1663ല്‍ ഡച്ചുകാര്‍ കൊച്ചികോട്ട പിടിച്ചടക്കിയപ്പോള്‍ മിഷനറിമാര്‍ സാമൂതിരി രാജാവിന്റെ കൈവശത്തിലിരുന്ന അമ്പഴക്കാട് അഭയം തേടി. അമ്പഴക്കാട്ടെ മുദ്രാലയത്തെക്കുറിച്ചും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച അര്‍ണോസ് പാതിരിയെക്കുറിച്ചും ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. കൊച്ചിയിലെത്തിയ കർമലീത്താ മിഷനറിമാർ വരാപ്പുഴ ദ്വീപ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. വരാപ്പുഴയിലും കൂനമ്മാവിലും അവര്‍ മുദ്രണാലയങ്ങള്‍ സ്ഥാപിച്ചു. വരാപ്പുഴയില്‍ നിന്നാണ് ബിഷപ് ആഞ്ചലോസ് ഫ്രാന്‍സിസ് 1710ല്‍ മലയാള വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഈ കർമലീത്ത മിഷനറിമാരുടെ പിന്‍ബലത്തിലാണ് 1876 ഒക്ടോബര്‍ 12ന് ‘സത്യനാദകാഹളം’ പ്രസിദ്ധീകരണമാരംഭിച്ചത്. കേരളത്തിലെ വൃത്താന്തപത്രങ്ങളുടെ കൂട്ടത്തില്‍ ഏറെ പഴക്കമുള്ള ഒന്നത്രേ ‘സത്യനാദ കാഹളം’.
കൂനമ്മാവ് മെത്രാപ്പോലീത്തക്കടുത്ത അച്ചുക്കൂടത്തില്‍ ദ്വൈവാരികയെന്ന നിലയിലാണ് ‘സത്യനാദ കാഹളം’ പ്രസിദ്ധീകരണം ആരംഭിച്ചത്. അതിനുമുമ്പുണ്ടായിരുന്ന പത്രങ്ങള്‍ നാമമാത്ര പ്രസിദ്ധീകരണങ്ങളായിക്കേ, ഒരു വൃത്താന്തപത്രത്തിന്റെ വിഷയഗരിമയും വാര്‍ത്താ-ശീര്‍ഷക വൈവിധ്യവും സമഗ്രസ്വഭാവവും ദീക്ഷിച്ച പത്രമായിരുന്നു ‘സത്യനാദകാഹളം’. അതുകൊണ്ട് ‘സത്യനാദകാഹള’ത്തെ ‘ഭാഷയിലെ ലക്ഷണയുക്തമായ പ്രഥമ വൃത്താന്ത പത്രം’ എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്നതാണ്.
ഫാ. ലൂയീസ് വൈപ്പിശ്ശേരിയായിരുന്നു പത്രാധിപര്‍. വൈപ്പിന്കരയിലെ ഓച്ചന്തുരുത്ത് വൈപ്പിശ്ശേരി കുടുംബത്തിലാണ് ലൂയിസിന്റെ ജനനം. 1842 സെപ്റ്റംബര്‍ 25 ആണ് ജനനത്തീയതി. 1863ല്‍ കൂനമ്മാവ് ആശ്രമത്തില്‍ ചേര്‍ന്നു. പുത്തന്‍പള്ളിയിലായിരുന്നു വൈദികപഠനങ്ങള്‍. 1874 ഏപ്രില്‍ 19ന് അദ്ദേഹം വൈദികനായി. കേരളത്തിലെ പ്രഥമ കത്തോലിക്കാ മാസികയുടെയും തുടക്കക്കാരന് ഫാ. ലൂയിസ് വൈപ്പിശ്ശേരി തന്നെ. ഭാരതത്തിലെ പ്രഥമ തദ്ദേശീയ സന്ന്യാസിനീ സമൂഹം (സി.ടി.സി.) സ്ഥാപക മദര്‍ ഏലീശ്വ, ഫാ. ലൂയിസ് വൈപ്പിശ്ശേരിയുടെ സഹോദരിയാണ്. ഗ്രന്ഥകാരന്കൂടിയായിരുന്നു ലൂയിസ് വൈപ്പിശ്ശേരിയച്ചന്. ഇതില്‍ ഏറെ ശ്രദ്ധേയം ‘വേദപ്രസംഗസരണി’യാണ്. വൈദികര്‍ക്ക് പ്രസംഗത്തിനുപകരിക്കുന്ന ദൈവശാസ്ത്രവിഷയങ്ങളാണ് പ്രതിപാദ്യം.
ഇറ്റാലിയന്‍, ലത്തീന്‍ ഭാഷകളില്‍ നിപുണനായ ഫാ. ലൂയിസ് കേരളത്തില്‍ നടന്ന ആദ്യകാല ബൈബിൾ വിവര്‍ത്തനത്തിലും സഹകാരിയായി. ബൈബിളിന്റെ ‘മഞ്ഞുമ്മല്‍ വിവര്‍ത്തനം’ എന്ന പേരിലാണിത് ചരിത്രത്തില്‍ വിശ്രുതമായത്. സുവിശേഷങ്ങള്‍ നാലും നടപടിപ്പുസ്തകവും ശുദ്ധമായ മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തതില്‍ കർമലീത്താ സഭാംഗമായ ഫാ. മൈക്കിള്‍ പുത്തന്‍പറമ്പിലും സഹകാരിയായി. മൂന്നു വര്‍ഷത്തിനുശേഷം ‘സത്യനാദ കാഹളം’ കൂനമ്മാവില്‍ നിന്ന് വരാപ്പുഴയിലേക്ക് മാറ്റി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പിന്നീടത് എറണാകുളം ഐ.എസ് പ്രസില്‍ നിന്നാണ് പുറത്തുവന്നുകൊണ്ടിരുന്നത്.
1899ല്‍ എഡിറ്ററായി പി.സി. വര്‍ക്കി ചുമതലയേറ്റെടുത്തു. ‘കാഹളം’ ഒഴിവാക്കി ‘സത്യനാദം’ എന്ന ചുരുക്കപ്പേര് സ്വീകരിച്ചത് അക്കാലത്താണ്. ‘സത്യനാദ’ത്തിന്റെ രണ്ടാമത്തെ പത്രാധിപരായിരുന്നു പി.സി. വര്‍ക്കി. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലാണ്. കുറഞ്ഞൊരു കാലം അവിടെ അധ്യാപകനുമായിട്ടുണ്ട്. മുനമ്പം പള്ളിപ്പുറത്ത് 1876ല്‍ ജനിച്ച പി.സി. വര്‍ക്കി 1899 മുതല്‍ 1951ല്‍ മരിക്കും വരെ ‘സത്യനാദ’ത്തിന്റെ പത്രാധിപരായി. നീണ്ട 52 വര്‍ഷങ്ങള്‍! ഇത്രയും കാലം ഒരു പത്രാധിപരായി സജീവം വ്യാപരിച്ചു എന്നതും ഒരു ചരിത്രമാണ്. 1931 മുതല്‍ 1934 വരെയും 1935 മുതല്‍ 1938 വരെയും കൊച്ചിന് ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമായിരുന്നു പി.സി. വര്‍ക്കി.
‘സത്യനാദ കാഹള’ത്തിന്റെ ഓരോ ലക്കത്തിലും റോയല്‍ വലുപ്പത്തില്‍ 16 പേജുകളുണ്ടായിരുന്നു. നടുക്ക് വരയിട്ടു മാറ്റര്‍ രണ്ടു പത്തികളായിട്ടാണ് ചേര്‍ത്തിരുന്നത്. തലക്കെട്ടുകള്‍ക്കു പല പോയിന്റുകളിലുള്ള മനോഹരങ്ങളായ അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നു. ലോഹത്തില്‍ കൊത്തിയ ബ്ലോക്കാണ് മുഖചിത്രം. ഓരോ പേജും ആകര്ഷകമാക്കാനാവശ്യമായ അടയാളങ്ങളും ഭംഗിയുള്ള അടിവരകളും ഉപയോഗിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒന്നാം പേജില്‍ ‘സത്യനാദ കാഹളം’ എന്ന പത്രനാമം അർധ ചന്ദ്രാകൃതിയിലാണ് കാണുക. അതിനു താഴെ ‘The Trumpet of the Voice of Truth’ എന്നു ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു. അതിനു താഴെയാണ് മുഖചിത്രം. അതിന്റെ ഇരുവശങ്ങളിലുമായി ‘സത്യം നിങ്ങളെ രക്ഷിക്കും’ എന്നും ‘സകലത്തേക്കാള് സത്യം ജയിക്കുന്നു’ എന്നും ലത്തീന്‍, സുറിയാനി, മലയാളം എന്നീ മൂന്നു ഭാഷകളില്‍ ആലേഖനം ചെയ്തിരുന്നു. തുടർന്ന് പുസ്തകം, ലക്കം, പ്രസിദ്ധീകരണ ദിനം, വര്‍ഷം തുടങ്ങിയ വിവരങ്ങളും വിഷയ സൂചികയും പത്രവരി സംഖ്യയുമാണ് നൽകിയിട്ടുള്ളത്.
പരസ്യക്കൂലി നിരക്ക്, വായനക്കാര്‍ക്കുള്ള നിർദേശങ്ങള്‍ എന്നിവയാണ് രണ്ടാം പേജില്‍. മൂന്നാം പേജില്‍ പഞ്ചാംഗവും ലേഖന പംക്തി നാലാം പേജിലുമാണ്. വിദേശ വർത്തമാനങ്ങള്‍, കൗതുക വാര്‍ത്തകള്‍, ഇന്ത്യയിലെ പൊതുവൃത്താന്തങ്ങള്, പ്രാദേശിക വാര്‍ത്തകള്‍, ലേഖനങ്ങള്‍, ഗവ. വിജ്ഞാപനങ്ങള്‍, മരണം, കവിത അഥവാ കടങ്കഥ എന്നിങ്ങനെയാണ് പ്രഥമ ലക്കത്തിന്റെ സംവിധാനം. പത്രാധിപരുടെ പത്രപ്രവര്‍ത്തന പാടവവും വിവിധ ഭാഷാപാണ്ഡിത്യവും സ്പഷ്ടമാക്കുന്നതാണ് ഈ സംവിധാനമെന്നു നിസ്സംശയം പറയാം. നാലാം പേജില്‍ ഫാ. കാന്തിസ് പേരുവെച്ചു പ്രസിദ്ധീകരിച്ച മുഖലേഖനത്തില്‍ പത്രത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. ‘രക്ഷണീയ വര്‍ഷം 1876, തുലാമാസം 12-ാം നു-ക്ക്, കൊല്ലം 1052-ാം മാണ്ട്, കന്നിമാസം 25-നു- പുസ്തകം 1 ലക്കം 1’ എന്നായിരുന്നു ആദ്യ പതിപ്പിലെ ഒന്നാം പേജിൽ ആലേഖനം ചെയ്തിരുന്നത്.
1930 മേയ് 10ലെ ‘സത്യനാദ’ത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തകൂടി ഉദ്ധരിക്കട്ടെ. അതാകട്ടെ ‘സത്യനാദം’ ഉയർത്തിപ്പിടിച്ച താൽപര്യങ്ങൾക്ക് ഉദാഹരണവുമാണ്. ‘മിസ്റ്റര്‍ ഗാന്ധി ബന്ധനസ്ഥനായി; അര്‍ദ്ധരാത്രിയിലെ അറസ്റ്റ്. (1930 മെയ് 10-ാം നു- ക്ക്, 1105 മേടം 28-ാംനു ശനിയാഴ്ച പുറം:8)’

കാരാത എന്ന സ്ഥലത്ത് ഒരു കൂടാരത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി മി. ഗാന്ധി ഉറങ്ങിക്കിടക്കുകയായിരുന്നു. ഡി. മജിസ്ട്രേറ്റ്, ഡി. പുല്ലീസ് സൂപ്രണ്ട്, ഡെപ്യ പുല്ലീസ് സൂപ്രണ്ട്, ആയുധപാണികളായ 20 പുല്ലീസുകാര് എന്നിവരെല്ലാം ജലല്പുരത്തുനിന്നും പുറപ്പെട്ട് അർധരാത്രി കഴിഞ്ഞ് 45 മിനിറ്റായപ്പോള്‍ കൂടാരത്തിലെത്തി. ഉറങ്ങിക്കിടന്നിരുന്ന മി. ഗാന്ധിയുടെ മേല്‍ ഇവര്‍ ടോർച്ച് ലൈറ്റിന്റെ പ്രഭ തട്ടിച്ചപ്പോള്‍ അദ്ദേഹം ഉണര്‍ന്നു. പുല്ലീസുകാര് കട്ടില് വളഞ്ഞു നിലയായി. തന്നെക്കൊണ്ട് എന്താണ് അവര്‍ ആവശ്യപ്പെടുന്നതെന്നും മി. ഗാന്ധി ചോദിച്ചു. ‘‘നിങ്ങളെ അറസ്റ്റുചെയ്യുവാന്‍ ഞങ്ങള്‍ക്ക് ഉത്തരവുണ്ട്’’ എന്ന് ഡി. മജിസ്ട്രേട്ടിന്റെ മറുപടി പറഞ്ഞു.
പല്ലു തേക്കാന്‍ വിരോധമുണ്ടോ എന്ന് മി. ഗാന്ധി ചോദിച്ചതിന് വിരോധമില്ലെന്നായിരുന്നു ഡി. മജിസ്ട്രേട്ടിന്റെ മറുപടി. പിന്നെ മി. ഗാന്ധി ഉപ്പും ബ്രഷും ഉപയോഗിച്ച് ദന്തശോധന തുടങ്ങി. തന്നെ അറസ്റ്റു ചെയ്യുന്നതിനുള്ള കാരണം എന്താണെന്നു പറയാമോ എന്നു മി. ഗാന്ധി ഇതിനിടക്ക് ചോദിയ്ക്കയുണ്ടായി. ഡി. മജിസ്ട്രേട്ട് അപ്പോള്‍ ബോംബെ ഗവര്‍മെണ്ടിന്റെ ഉത്തരവ് വായിച്ചു കേള്‍പ്പിച്ചു. അതിപ്രകാരമാണ്. ‘മി. എം. കെ. ഗാന്ധിയുടെ സംരംഭങ്ങള്‍ ഗവര്‍മെണ്ടിന് ഉല്ക്കണ്ഠാജനകമായി തോന്നുന്നതിനാല്‍ 1821ലെ 25-ാം റെഗുലേഷന് പ്രകാരം അദ്ദേഹത്തെ ബന്ധനത്തില്‍ പാര്‍പ്പിക്കണമെന്നും ഗവര്‍മെണ്ട് നിശ്ചയിക്കുന്നിടത്തോളം കാലം കാരാഗൃഹവാസം അനുഭവിക്കണമെന്നും അദ്ദേഹത്തെ ഉടനെ യര്‍വാദ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്നും ഗവര്‍മെണ്ട് ആജ്ഞാപിക്കുന്നു.’
മി. ഗാന്ധി മജിസ്ട്രേട്ടിനു് നന്ദി പറഞ്ഞു. മണി അപ്പോഴേയും ഒന്ന് ആയതിനാല്‍ ‘വേഗം കൂടണം’ എന്ന് ഡി. മജിസ്ട്രേട്ട് പറഞ്ഞു. മി. ഗാന്ധി ഉടനെ തയ്യാറായി. താന്‍ വൈസ്രോയിക്ക് എഴുതി തയ്യാറാക്കിക്കഴിഞ്ഞിരുന്ന ഒരു കത്തും വേറെ ചില എഴുത്തുകളും അദ്ദേഹം ഒരു വാളണ്ടിയറെ ഏൽപിച്ചു. രണ്ടു തുകല്‍ സഞ്ചിയും, ഒരു തക്ലിയും കുറെ പഞ്ഞിയും താളയങ്ങളും എടുത്തുകൊണ്ടു മി. ഗാന്ധി ഉദ്യോഗസ്ഥന്മാരോടുകൂടെ പുറപ്പെട്ടു. അവര്‍ അദ്ദേഹത്തെ ഒരു മോട്ടോര്‍ ലോറിയില്‍ കയറ്റി അവിടെനിന്നും നവസാരി തീവണ്ടി സ്റ്റേഷനിലേക്ക് തിരിച്ചു. ബോംബെയിലേക്കുള്ള ഗുജറാത്തു മെയില്‍ വണ്ടിയില്‍ അന്നു ഒരു പ്രത്യേക സലൂണ്‍ ഘടിപ്പിച്ചിരുന്നതിലാണ് മി. ഗാന്ധിയെ കയറ്റിയത്. ഇദ്ദേഹത്തേയും പുല്ലീസുദ്യോഗസ്ഥന്മാരേയും കാത്ത് നവസാരി സ്റ്റേഷനില്‍ തീവണ്ടി കുറെനേരം നില്ക്കേണ്ടതായും വന്നു.
ബോംബെയില്‍ നിന്ന് 23 മൈല്‍ ദൂരെ ബോര്‍വിലി എന്ന സ്ഥലത്തേക്കാണു മി. ഗാന്ധിയെ തീവണ്ടി മാർഗം കൊണ്ടുപോയത്. പ്രഭാതത്തോടു കൂടി വണ്ടി ബോര്‍വിലി സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പുല്ലീസ്മോട്ടോർകാർ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രസിഡന്‍സി സര്ജന് ലഫ്റ്റനന്റ് കേര്‍ണല്‍ എ. എന്‍. തോമസ്സ്, മി. ഗാന്ധിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി സൂററ്റിലെത്തിയിരുന്നു. ഈ പരിഗോധനയുടെ ഫലമായി മെഡിക്കല്‍ ബോര്‍ഡുകാര്‍ അഭിപ്രായപ്പെട്ടത് മി. ഗാന്ധിക്കു വിശേഷാല്‍ യാതൊരു സുഖക്കേടുമില്ലെന്നും അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് ഉണ്ടാകാവുന്നത്ര നല്ല അരോഗ്യം അദ്ദേഹത്തിനുണ്ടെന്നുമാകുന്നു. തിങ്കളാഴ്ച കാലത്ത് 10 മണിക്ക് മി. ഗാന്ധിയെ യര്‍വാദാ ജയിലില്‍ എത്തിച്ചു. യാത്രക്കായി ചെയ്യപ്പെട്ടിരുന്ന സജ്ജീകരണങ്ങളെപ്പറ്റി മി. ഗാന്ധി സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. ഒരു രാഷ്ട്രീയ തടവുകാരനെന്ന നിലയില്‍ ഗവര്‍മെണ്ടു ഇദ്ദേഹത്തിന്റെ ചിലവിലേക്ക് പ്രതിമാസം 100 ക അനുവദിച്ചിട്ടുണ്ട്.
1951ൽ പി.സി. വർക്കി നിര്യാതനായതോടെ ‘സത്യനാദ’ത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. അദ്ദേഹത്തിന്റെ മകൻ വി.എ. ജെയിംസിന് പത്രം നടത്തിക്കൊണ്ടുപോകാൻ സാധ്യമാവാത്തതുകൊണ്ട് 1968ൽ അതിന്റെ പ്രസിദ്ധീകരണം താൽക്കാലികമായി നിലച്ചു. 1970 ജനുവരി നാലിന് ‘സത്യനാദം കേരള ടൈംസ്’ പത്രത്തിന്റെ ഞായറാഴ്ച പതിപ്പായി വീണ്ടും പുറത്തുവന്നു. ഒരു പുതുജീവൻ ‘സത്യനാദ’ത്തിനു ലഭിച്ചു. എന്നാൽ ‘കേരള ടൈംസ്’ അടച്ചുപൂട്ടിയതോടെ ‘സത്യനാദ’വും വിസ്മൃതിയിലായി.
ഒരു മഹിതപൈതൃകത്തിന്റെ നിറവിലാണ് ‘സത്യനാദ കാഹളം’ 1876ൽ പ്രസിദ്ധീകരണമാരംഭിച്ചത്. തുടർന്ന് ‘സത്യനാദ’മായപ്പോഴും അതുയർത്തിപ്പിടിച്ച മൂല്യങ്ങൾ പ്രശംസനീയം തന്നെയായിരുന്നു. മലയാള ഭാഷക്കും സാഹിത്യത്തിനും സംഭാവനകൾ നൽകിയ ‘സത്യനാദം’ നിലച്ചുപോയത് ദുഃഖകരംതന്നെയാണ്.

--------------------
സഹായക ഗ്രന്ഥങ്ങള്‍
1. മലയാള പത്രചരിത്രം, എഡിറ്റര്‍: ചുമ്മാര്‍ ചൂണ്ടല്‍ 1977, സത്യനാദം ശതാബ്ദി ആഘോഷകമ്മിറ്റി
2. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, 2011, കേരള സര്‍വകലാശാല
3. ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും കെ.എം. ഗോവി, 1998 കേരളസാഹിത്യ അക്കാദമി
4. കേരള സാഹിത്യ ചരിത്രം, മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യർ, കേരള സർവകലാശാല
5. നൂറുവര്‍ഷം ഏറെ ധന്യം എഡിറ്റര്‍: ഡോ. പ്രിമൂസ് പെരിഞ്ചേരി, 2004, വരാപ്പുഴ അതിരൂപത
