Begin typing your search above and press return to search.
proflie-avatar
Login

സത്യവിശ്വാസികളുടെ ത്രികാലങ്ങൾ

സത്യവിശ്വാസികളുടെ ത്രികാലങ്ങൾ
cancel

ചിത്രീകരണം: ചിത്ര എലിസബത്ത്​ഉണ്ണിത്താൻ ചതിക്കുകയായിരുന്നു. വെറും ചതിയല്ല കൊടുംചതി തന്നെ ഇത്. കട്ടക്കലിപ്പിൽ ആയെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് ഇഗ്നേഷ്യസ് പനക്കൻ അറിഞ്ഞു. അത് അയാളുടെ നിസ്സഹായതയെയും കലിയെയും പിന്നെയും പെരുപ്പിച്ചു. മനുഷ്യർ ഒരിനം പരിമിത ജന്തുക്കളാണെന്നും ഒരുപരിധിക്കപ്പുറം ഒന്നുമാവില്ലെന്നും ഇഗ്നേഷ്യസ് അറിഞ്ഞുവെച്ചിരുന്നെങ്കിലും അതൊന്നും ആശ്വാസമായില്ല. ദുഷ്ടനാണ് ആ ഉണ്ണിത്താൻ. അവൻ ഇതിന് അനുഭവിക്കും എന്നൊക്കെ പ്രാകാനേ തൽക്കാലം അയാൾക്കായുള്ളൂ. വലിയ മതവിശ്വാസി അല്ലാതിരുന്നിട്ടും അതിലയാൾ ലൗ ജിഹാദ് മണത്തു. കെണിവെച്ച് പിടിച്ചതാണ്. ഊരിപ്പോരാനാവാത്ത...

Your Subscription Supports Independent Journalism

View Plans

ചിത്രീകരണം: ചിത്ര എലിസബത്ത്​


ഉണ്ണിത്താൻ ചതിക്കുകയായിരുന്നു. വെറും ചതിയല്ല കൊടുംചതി തന്നെ ഇത്. കട്ടക്കലിപ്പിൽ ആയെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് ഇഗ്നേഷ്യസ് പനക്കൻ അറിഞ്ഞു. അത് അയാളുടെ നിസ്സഹായതയെയും കലിയെയും പിന്നെയും പെരുപ്പിച്ചു. മനുഷ്യർ ഒരിനം പരിമിത ജന്തുക്കളാണെന്നും ഒരുപരിധിക്കപ്പുറം ഒന്നുമാവില്ലെന്നും ഇഗ്നേഷ്യസ് അറിഞ്ഞുവെച്ചിരുന്നെങ്കിലും അതൊന്നും ആശ്വാസമായില്ല. ദുഷ്ടനാണ് ആ ഉണ്ണിത്താൻ. അവൻ ഇതിന് അനുഭവിക്കും എന്നൊക്കെ പ്രാകാനേ തൽക്കാലം അയാൾക്കായുള്ളൂ. വലിയ മതവിശ്വാസി അല്ലാതിരുന്നിട്ടും അതിലയാൾ ലൗ ജിഹാദ് മണത്തു. കെണിവെച്ച് പിടിച്ചതാണ്. ഊരിപ്പോരാനാവാത്ത ദുർമാന്ത്രികക്കെണി. മംഗലാപുരത്തുനിന്നും പരദേശിത്തന്ത്രിയെ കൊണ്ടുവന്നാണ് മൂന്നു ദിവസങ്ങൾ നീണ്ടുനിന്ന ഹോമം നടത്തിയത്. കായംകുളത്തെ വീട്ടകത്ത് പുത്തൻ ഇഷ്ടികകൾ അടുക്കി നെയ്യൊഴുക്കി തീ ആളിച്ചുനിർത്തിയുള്ള ഹോമം. മതിൽക്കെട്ടിനുള്ളിലേക്ക് ആരെയും കടത്തിയില്ല. വീടും പുരയിടവുമാകെ വെന്ത് നിന്നു. എല്ലായിടങ്ങളിലും ചൂട്. സംഗതികൾ അറിയാവുന്ന അയൽപക്കത്തെ ഒരുവനാണ് വാർത്ത എത്തിച്ചത്. ഞങ്ങളുടെ ദൈവങ്ങളും മോശക്കാരല്ലെന്നും ജോസഫച്ചൻ കെട്ടേണ്ടിടത്തെല്ലാം കെട്ടിയിട്ടുണ്ടെന്നും കലൂരെ അന്തോനീസിന്റെ നോവേനയെ കടന്നുകയറാൻ പരദേശിയുടെ ഹോമകുണ്ഠത്തിനാവില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. പക്ഷേ ഒന്നും ഏറ്റില്ല. ഹോമപ്പുകയിൽ മകൾ കുടുങ്ങിപ്പോയി. ഹോസ്റ്റലിൽനിന്നും അവൾ കൂളായി ഇറങ്ങിപ്പോയി. അവന്റെ വീട്ടിൽ എത്തിയശേഷം ഫോൺ ചെയ്തു.

അന്തോനീസ് പുണ്യവാളന്റെ മുന്നിൽ കരഞ്ഞു. നെഞ്ചിൽ ഇടിച്ച് തെരേസാ തേങ്ങി. ജോസഫ് അച്ചൻ ആശ്വസിപ്പിച്ചു. മക്കളില്ലാത്ത അങ്ങേർക്ക് ഇതിന്റെയെല്ലാം കുത്തിക്കഴപ്പ് ചൊവ്വേനേരെ ഒരു കാലവും തിരിഞ്ഞുകിട്ടില്ലല്ലോ. വെറുതേ വായിട്ടലക്കും. ഏറ്റാൽ ഏറ്റു. അത്രയേ അവരും ഉദ്ദേശിക്കുന്നുള്ളൂ. മൂന്നാമന്മാർ വഴി വിവരങ്ങളൊക്കെ അറിഞ്ഞു. എല്ലാം പൂരണങ്ങൾ. ഒരു കിലോമീറ്റർ അകലെവെച്ചേ വണ്ടിവരുന്നത് കണ്ടതാണ്. അവസാന നിമിഷം വരെ ഇടിക്കില്ലെന്നാണ് നിനച്ചത്. നെഞ്ചുംകൂട് പൊളിച്ച് വണ്ടി കടന്നുപോയി. മകൾ അതിലിരുന്ന് കൈവീശിക്കാണിച്ചു. അവൾക്കരികിൽ ഒരു യൗവനക്കാരൻ ത്രാണിയും ബലവുമായി നിന്നിരുന്നു. ദുഷ്ടൻ. ഒരു കാലവും ഗുണം പിടിക്കാതെ പോകട്ടെയെന്ന് പ്രാകാൻ ഒരുങ്ങിയതാണ്. പ്രാകിപ്പോയേനെ. അത്ര സങ്കടമുണ്ടായിരുന്നു ഉള്ളിൽ. മകൾക്ക് താങ്ങും തണലും ഇനി ഇവനാണല്ലോയെന്ന് നിനച്ചപ്പോൾ പ്രാക്കും കലിപ്പും ഉള്ളിലൊതുക്കി. മക്കൾ ഉപേക്ഷിച്ചാലും മക്കളെ ഉപേക്ഷിക്കാനാവില്ലല്ലോ. വേറെവല്ല ലോഹക്കൂട്ടുകളാൽ മനുഷ്യനെ ഉരുവപ്പെടുത്തിയാൽ മതിയായിരുന്നു. ആരെയും ശപിക്കാനും പ്രാകാനും കൊല്ലാനും കഴിവുള്ള ഒരു ജീവിയായിരുന്നെങ്കിൽ കാണിച്ചുകൊടുത്തേനെ. ആർക്കായാലും ജീവിക്കാൻ കൊള്ളരുതാത്തതാണ് ഈ നരജന്മം. എന്നാലും മരിക്കാൻ ആവില്ല. ഈ പാഴ് ഭാണ്ഡവുമായി വലിഞ്ഞ് കേറുകതന്നെ.

ഒരേ ഒരു മകൾ. സ്വാശ്രയത്തിൽ ലക്ഷങ്ങൾ എണ്ണിക്കൊടുത്താണ് പഠിപ്പിച്ചത്. ഡോക്ടർ സിസി ഇഗ്നേഷ്യസ് എം.ബി.ബി.എസ്. അതായിരുന്നു മോഹം. പഠനം കഴിഞ്ഞാലുടൻ പ്രശസ്​തമായ മാനേജ്‌മെന്റ് കോളേജിൽനിന്നും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ബിരുദം. പിന്നെ സ്വന്തം ആശുപത്രി. അതിന് വേണ്ടതൊക്കെ അപ്പനപ്പൂപ്പന്മാർ സമ്പാദിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഇഗ്നിയും തെരേസയും ഗൾഫിൽ പണിയെടുത്ത് പിന്നെയും പെരുപ്പിച്ചു. എല്ലാം ഒരേ ഒരു മകൾക്കുവേണ്ടി. സ്വന്തം ഹോസ്പിറ്റൽ ഭരിച്ച് വിലസുന്ന മകൾ. ഇഗ്നിക്കും തെരേസക്കും അത് മതിയായിരുന്നു. തറവാട്ടിൽ പിറന്ന നല്ലൊരു നസ്രാണിച്ചെക്കനെ കണ്ടെത്തി പൊളിപ്പൻ കല്യാണം. പിന്നെ പേരക്കുട്ടികൾ. അവരെയും ലാളിച്ച് ബാക്കി ആയുസ്സ് ആഘോഷിക്കണം. പക്ഷേ കൊടും സമുദ്രത്തിൽ നടുവേ പിളർന്നുവീണ് വിമാനം ഒടുങ്ങുന്നതുപോലെ എല്ലാം തകരുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. മകൾ ഇങ്ങനെ ചതിക്കുമെന്ന് കിനാവിൽപോലും കണ്ടില്ല.




 


ആദ്യമായി മകൾ അവനുമായി വീട്ടിലെത്തിയപ്പോൾ അതിൽ പൊള്ളിക്കുന്നതായി എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല. ''അച്ഛാ, കോളേജിൽ എന്റെ കട്ട ഫ്രണ്ട്, നന്ദു ഉണ്ണിത്താൻ.'' കട്ട്‌ലറ്റ്‌സും കാപ്പിയുമൊക്കെ വിളമ്പി തെരേസ സൽക്കരിച്ചെങ്കിലും നന്ദു പോയയുടനെ അവൾ കലിപ്പ് പുറത്തെടുത്തു. ''ആമ്പിള്ളേരെ വീട്ടിൽ കൊണ്ടുവരുന്ന പരിപാടി ഇതോടെ നിർത്തിയേക്കണം. നിന്റെ ചോക്ലേറ്റ് വർത്തമാനവും ചിരിയുമൊന്നും എനിക്ക് പിടിച്ചിട്ടില്ല. പ്രൊഫഷനൽ കോളേജും ആമ്പിള്ളാരെയും ഞാനും കണ്ടിട്ടുണ്ട്. ആ വഴി ചവിട്ടാൻ എന്റെ മകൾ മോഹിക്കേണ്ട.'' തെരേസ കലിച്ചെങ്കിലും ഇഗ്നി അവളെ ആശ്വസിപ്പിച്ചു. ''നമുക്കറിയാത്തതാണോ നമ്മുടെ മകളെ? കിന്റർഗാർട്ടൻ മുതൽ അവൾ ഇങ്ങനെയൊക്കെ തന്നെയാ. നമ്മുടെ മുന്നിലല്ലേ അവൾ വളർന്നുവന്നത്. ഞാനും നീയും കണ്ട കോളേജും പിള്ളാരുമൊന്നുമല്ല ഇക്കാലത്ത്. അവർ മറയില്ലാതെ കൂട്ടുകൂടും, തമ്മിൽ തല്ലും, ഇടപഴകും. അതിനപ്പുറം ഒന്നുമില്ല. ഹൗസ് സർജൻസി കഴിയുമ്പോൾ അതെല്ലാം മാഞ്ഞുപോകും. എല്ലാരും പി.ജിക്ക് ഒരു സീറ്റൊപ്പിക്കാനുള്ള തിരക്കിലും തിടുക്കത്തിലും കുടുങ്ങും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദമെടുക്കാൻ വലിയ ക്ലേശമൊന്നും ഉണ്ടാവില്ല. സീറ്റ് കിട്ടാനും എളുപ്പം. സിസി ആ വഴിക്ക് പോകും. ഉണ്ണിത്താന്റെ മകൻ അവന്റെ വഴിക്കും.''

ഇന്നും ഓർക്കുന്നു, തെരേസയും ഇഗ്നിയും പറഞ്ഞതൊന്നും മകൾ ശ്രദ്ധിച്ചുപോലുമില്ല. ചൂളമടിച്ചുകൊണ്ട് സിസി ഇഗ്നേഷ്യസ് കുളിക്കാൻ കയറി. കുളി ദേഹത്തിന് മാത്രമായിരുന്നു. തലച്ചോറും ഹൃദയവും അതിന്റെ വഴിക്ക് തുടർന്നു. ഹൗസ് സർജൻസി പാതിയാകും മുമ്പേ സിസി ഇഗ്നേഷ്യസ് അച്ഛന്റെയും അമ്മയുടെയും നെഞ്ചിലേക്ക് നിറയൊഴിച്ചു. ഉന്നം പിടിച്ചുള്ള വെടി. പുതു ഡോക്ടറല്ലേ. ചങ്കും കരളുമൊക്കെ എവിടാണെന്ന് നല്ല തിട്ടമായിരുന്നു. തെരേസാ കലിതുള്ളി അലമുറയിട്ടു. ഇരുന്നയിടത്ത് അനക്കമറ്റ് ഇഗ്നി ഒറ്റയിരുപ്പിരുന്നു. ആ വീടകത്തെ മാത്രം ബാധിച്ച ഒരു ഭൂകമ്പം. ഏതോ മണ്ണിടിച്ചിലിനടിയിൽ പെട്ടവളെപ്പോലെ തെരേസാ കരഞ്ഞുവിളിച്ചു. ഇഗ്നി അവളെ അണച്ചുപിടിച്ചു.

ഒരുമാസം കഴിയും മുമ്പേ ശാന്തമായ ഒരു വൈകുന്നേരത്തെ ഉലച്ചുകൊണ്ട് ഉണ്ണിത്താനും ഭാര്യയും ഭൂകമ്പം കഴിഞ്ഞ ആ വീട്ടിലേക്ക് നടന്നുകയറി. മകന് പെണ്ണ് ചോദിക്കാനെത്തിയവരായിരുന്നു അവർ. ഉറഞ്ഞുതുള്ളിയ തെരേസായെ ഇഗ്നി അകത്തൊരു മുറിയിലാക്കി. വന്നവർ മാന്യതയും മധുരവും ഉദാരമായി വിളമ്പി. ഇഗ്നേഷ്യസ് പനക്കൻ അതെല്ലാം ക്ഷമയോടെ കേട്ടു. ഒടുവിൽ പറഞ്ഞു: ''നിങ്ങൾ മകനെ ആരെക്കൊണ്ടും കെട്ടിക്കും. എനിക്കത് വയ്യ. ചരിത്രമുള്ളൊരു തറവാടും കുടുംബവുമാണിത്. പിതൃക്കൾ എന്നോട് പൊറുക്കില്ല. ദേശത്ത് മെത്രാനെ വാഴിക്കണമെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പോപ്പിന് നേരിട്ട് കത്തെഴുതിയ മാനികളുടെ കൂട്ടത്തിൽപെട്ടവരാണ് ഞങ്ങൾ. ഇത് ചോര വേറെ.''

അത് പറഞ്ഞിട്ട് ഭിത്തിയിൽ നിരന്നിരിക്കുന്ന ഏഴു തലമുറ കാർന്നോന്മാരെ ഇഗ്നേഷ്യസ് പനക്കൻ ആദരവോടെ നോക്കി. ഉണ്ണിത്താനും അവരെ കണ്ടു. മീശപിരിയന്മാരായ അവരേഴുപേരെയും കണ്ടപ്പോൾ ഇഗ്നേഷ്യസ് പനക്കൻ പറയുന്നതിലും കാര്യമുണ്ടെന്ന് അയാൾക്കും തോന്നി. എങ്കിലും ആരെയും താണുവണങ്ങി പിന്തിരിയാൻ അയാൾക്ക് ഉദ്ദേശ്യമില്ലായിരുന്നു.

''എന്റെ ഒരേയോരു മകൻ ഒരു നസ്രാണിപ്പെണ്ണിനെ വിവാഹം കഴിക്കുന്നതിനോട് യോജിപ്പില്ലാത്തവരാണ് ഞങ്ങളും. സ്ഥാനി നായന്മാരാണ് ഞങ്ങൾ. പഴയ തറവാടികളും. ഇവളുടെ അമ്മൂമ്മയുടെ അമ്മാവൻ മഹാരാജാവിന്റെ കാലത്ത് മന്ത്രിയായിരുന്നു. ഇന്നും സമ്പത്തിനും സൽപ്പേരിനും കുറവില്ലാത്തവർ. മകനെ പിന്തിരിപ്പിക്കാൻ ഞങ്ങൾ ആവത് പരിശ്രമിച്ചു. അവൻ വഴങ്ങിയില്ല. പിന്നെ സമ്മതിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. നമ്മുടെ മക്കൾ ആലോചിച്ചും ചിന്തിച്ചും എടുത്ത തീരുമാനമാണിത്. വേണമെങ്കിൽ മക്കളുടെ സന്തോഷം പെരുപ്പിക്കാനും അത് പങ്കിടാനുമായി ഇപ്പോഴേ അവർക്കൊപ്പം നിൽക്കാം അതല്ലെങ്കിൽ മസിൽ പെരുപ്പിച്ച് ഇപ്പോൾ മക്കൾക്ക് ദുരിതം നൽകാം. എന്നിട്ട് കൊച്ചുമക്കൾ ആവുമ്പോൾ പടം മടക്കി അവർക്കൊപ്പം ചേരാം.'' തെല്ലുനേരം ഇടയിട്ടശേഷം അയാൾ തുടർന്നു: ''നമുക്കൊരുമിച്ച് ഇത് നടത്തിക്കൊടുക്കാം. അവരുടെ സന്തോഷമല്ലേ നമുക്ക് ഏറ്റവും വലുത്?''

ഇഗ്നേഷ്യസ് പനക്കൻ ഉണ്ണിത്താനെ നോക്കിയില്ല. അയാളുടെ വാചകങ്ങളുടെ ഓരങ്ങളിൽ ഒരു ഭീഷണി പമ്മുന്നുണ്ടെന്ന് തോന്നി. അതയാളെ അകമേ കടുപ്പിച്ചു. ഒരു മുടിഞ്ഞ ഹോമത്തിനും പനക്കന്മാരെ അളക്കാനും തളക്കാനുമാവില്ല.

''നമുക്കിത് ഇവിടെവെച്ച് മറക്കാം. നിങ്ങളിവിടെ വന്നതും ഞാൻ മറുത്തതും ഒക്കെ മറക്കാം. സിസി എന്റെ മകളാണെങ്കിൽ എന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ അങ്ങിനെ ഒരു മകൾ ഇല്ലെന്ന് ഞാനും തെരേസായും കരുതും.''

പനക്കൻ അളന്നുമുറിച്ച് വാതിൽക്കലേക്ക് ചുവടുകൾ വെച്ചു. തുറന്ന് മലർത്തിയ വാതിലിന്റെ ഒരുവശത്തായി അയാൾ പുറത്തെ ആകാശങ്ങളിലേക്ക് നോക്കിനിന്നു. ഇനി മതി, കടക്ക് പുറത്ത് എന്ന് അയാൾ പറയാതെ പറയുകയായിരുന്നു. ഭാര്യയുടെ കൈപിടിച്ച് ഉണ്ണിത്താൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇഗ്നേഷ്യസ് പനക്കൻ വലിയ ശബ്ദത്തോടെ വാതിൽ കൊട്ടിയടച്ചു.



 കൊച്ചുകൊച്ച് ഭൂകമ്പങ്ങൾ വട്ടം ചുറ്റിയ ആ വീടകത്ത് സിസി മിണ്ടാപ്പെണ്ണായി. തെരേസാ വിഷം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ശവത്തിൽ ചവിട്ടിയേ അവനെക്കെട്ടാൻ നീ പോകൂ എന്ന് ആവർത്തിച്ചു. മകൾ അകമേ ഉറച്ചത് ഇഗ്നേഷ്യസ് അറിഞ്ഞു. എന്നിട്ടും അയാൾ സന്ദർഭത്തിന് ഇണങ്ങുന്ന യുക്തികൾകൊണ്ട് മകളോട് പയറ്റി. ഒടുവിൽ വാതിലുകളെല്ലാം തന്റെ മുന്നിൽ ഒന്നൊന്നായി അടഞ്ഞുതീരുന്നതും അയാൾ കണ്ടു. കോൺവൊക്കേഷന് മുമ്പേ സിസി ഹോസ്റ്റലിൽനിന്നും ഇറങ്ങിപ്പോയി. നന്ദു ഉണ്ണിത്താൻ കാറുമായെത്തിയിരുന്നു. അതോടെ തുളവീണ് കാറ്റൊഴിഞ്ഞ ബലൂൺപോലെ ആ വീടകം ചുക്കിച്ചുളിഞ്ഞു.

ഒരാഴ്ച കഴിഞ്ഞപ്പോൾ അനുനയവുമായി ഉണ്ണിത്താൻ ഇഗ്നേഷ്യസ് പനക്കനെ ഫോണിൽ വിളിച്ചു. തോറ്റ യുദ്ധം സമാപിപ്പിക്കാനുള്ള വിളിയാണതെന്ന് അറിഞ്ഞിട്ടും പനക്കൻ തരിമ്പും വഴങ്ങിയില്ല. ഞാനല്ല നിങ്ങളാണ് എന്നെ വിളിക്കുന്നതെന്ന് ധാർഷ്ട്യത്തോടെ പലവുരു പറഞ്ഞു. എവിടെയും എത്താതെ ആ സംഭാഷണങ്ങൾ പുകഞ്ഞവസാനിച്ചു.

ചതിക്കപ്പെട്ടവനായി പരാജിതനായി പുളിക്കൻ മാളത്തിലൊതുങ്ങി. കല്യാണം കഴിഞ്ഞ് ഒമ്പതാം മാസം സിസി പ്രസവിച്ചു. അത്രയുമെങ്കിലും കാത്തല്ലോയെന്ന് തെരേസ പുകഞ്ഞു. പേറ് കായംകുളത്തായിരുന്നു. കുഞ്ഞിന്റെ ചോറൂണും പേരിടലും അവിടെത്തന്നെ നടന്നു. പേരക്കുട്ടിയെ ലാളിക്കണമെന്ന കൊതിയും പൂതിയും മൂത്തുമുറ്റിക്കൊണ്ടിരിക്കെ കുഞ്ഞിനെയുമായി ഒരുനാൾ നന്ദുവും സിസിയും പനക്കൻ വീട്ടിലെത്തി. മഞ്ഞുരുകാൻ അധികനേരം വേണ്ടിവന്നില്ല. ബീഫ് ഫ്രൈയും പോർക്ക് വരട്ടിയതും പിന്നെയും പിന്നെയും തിന്നുന്ന മരുമകനെ കണ്ടതോടെ ആ തീൻമേശയിൽ തെരേസായുടെ ബാക്കി എതിർപ്പുകളും അലിഞ്ഞുപോയി. സൗഹൃദസന്ദർശനങ്ങൾ ഇങ്ങോട്ട് പലകുറി ഉണ്ടായെങ്കിലും കായംകുളത്തേക്ക് പോകാൻ പുളിക്കൻ കൂട്ടാക്കിയില്ല. അങ്ങനെയിരിക്കെ ഒരുനാൾ മകളുടെ ഫോൺ ദൂതെത്തി.

ഉണ്ണിത്താനും പത്‌നിയും ഗുരുവായൂർ പോകുന്നു. മൂന്നാംനാളേ മടങ്ങൂ. അച്ഛനും അമ്മയും ഇവിടെ വന്ന് രാപ്പാർക്കണം. സിസി ഫോൺ നന്ദുവിന് കൈമാറി. അവനും ക്ഷണം ആവർത്തിച്ചപ്പോൾ പുളിക്കനും തെരേസായും പിന്നെ അമാന്തിച്ചില്ല. പേരക്കുട്ടിക്ക് സമ്മാനങ്ങളുമായി അവർ കായംകുളത്തേക്ക് വെച്ചുപിടിച്ചു. സൂര്യൻ ഒന്നൊതുങ്ങിയപ്പോൾ അവർ വീടെത്തി. ആദ്യമായി അവിടെ കാലുകുത്തുകയാണെന്ന് അവർക്ക് തോന്നിയതേയില്ല. മരുമകന്റെ വീടും വീട്ടകങ്ങളും പുളിക്കനിഷ്ടമായി. അതിന്റെയൊക്കെ നേരവകാശികൾ തന്റെ മകളും പേരക്കുട്ടിയും ആണെന്നത് ആലോചിച്ചപ്പോൾ അയാളും തെരേസയും അകമേ തുടുത്തു. മകൾ അച്ഛനും അമ്മക്കും പ്രിയപ്പെട്ട വിഭവങ്ങളൊരുക്കി. അമ്മായിയപ്പന് പ്രിയപ്പെട്ട ഹെന്നസി കോഞ്ഞ്യാക് നന്ദൻ കരുതിയിരുന്നു. രാത്രിനിലാവിൽ കുളിർന്ന് പൂമുഖത്തിരുന്ന് പുളിക്കൻ അയാൾക്ക് ഏറ്റവും പ്രിയങ്കരമായ കോഞ്ഞ്യാക് ഓൺ ദ് റോക്‌സ് നൊട്ടിനുണഞ്ഞ് സേവിച്ചു. ഫ്രഞ്ച് കോഞ്ഞ്യാക്കിന്റെ പ്രൊഡക്ഷൻ രഹസ്യങ്ങൾ അയാൾ മരുമകന് വിളമ്പി. സിസി പേരക്കുട്ടിയെ പുളിക്കന്റെ മടിയിലിരുത്തി.

രാവിലെ ഇടിയപ്പവും സ്റ്റൂവുമായിരുന്നു പ്രാതൽ. നിറവും സൈസും ഇണങ്ങിയ കാരറ്റിന്റെയും ഉരുളക്കിഴങ്ങിന്റെയും തുണ്ടുകൾ മുട്ടക്കൊപ്പം കൊഴുത്ത തേങ്ങാപ്പാലുമായി കലർന്ന് സ്റ്റൂവിന് രുചിയേറ്റി. പുളിക്കൻ കുടുംബം ആനന്ദത്തിലായിരുന്നു. കൈ കഴുകുന്നിടത്തുവെച്ച് പുളിക്കൻ മരുമകനോട് പറഞ്ഞു: ''ഞാനൊന്ന് വീട്ടിപ്പോയിവരാം. എന്റെ പേരക്കുട്ടിക്ക് വേണ്ടി എനിക്കും ചിലത് ചെയ്യാനുണ്ട്. മറുക്കരുത്.'' നന്ദു നല്ല മൂഡിലായിരുന്നു. ''അച്ഛൻ ഇഷ്ടമുള്ളത് പോലെ ആവാം. ഞാൻ മറുക്കില്ല.''

ഊണുകാലത്തിന് മുമ്പേ അയാൾ മടങ്ങിയെത്തി. ഒരു ബാക്പാക്കിൽ എന്തൊക്കെയോ അയാൾ കൊണ്ടുവന്നിരുന്നു. പണ്ട് തന്റെ മകളെ വരുതിയിലാക്കാനായി നന്ദുവിന്റെ അച്ഛൻ ഹോമം നടത്തിയപ്പോൾ ഇഷ്ടിക കൂട്ടിയ അതേയിടത്ത് പുൽപായയിൽ ചമ്രം പടിഞ്ഞ് പുളിക്കനിരുന്നു. അയാളുടെ വലം ഭാഗേ ചുവന്ന കാലിക്കോ ബയന്റിട്ട ബൈബിളും ഇടം ഭാഗേ സ്റ്റീൽ മൊന്തയിൽ നിറയെ ഹാനാൻ വെള്ളവും. പുളിക്കന്റെ അകം തുളുമ്പി. ബൈബിൾ തുറന്ന് നേരത്തേ അടയാളം ചെയ്തിരുന്ന യേശുവിന്റെ ജ്ഞാനസ്‌നാനഭാഗം അയാൾ വായിച്ചു. തെരേസ ആമേൻ ചൊല്ലി. ശേഷം മൊന്ത തുറന്ന് മടിയിൽ കിടന്നിരുന്ന പേരക്കുട്ടിയുടെ ശിരസ്സിൽ ഹാനാൻ വെള്ളം സമൃദ്ധമായി ഒഴുക്കി. ''ജ്ഞാനസ്‌നാനം വഴി എനിക്ക് ലഭ്യമായ അധികാരം ഉപയോഗിച്ച് ഞാൻ നിന്നെയും സ്‌നാനപ്പെടുത്തുന്നു. ഇനിമേൽ നീ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും. എന്റെയും നിന്റെയും പിതാക്കന്മാരുടെ ദൈവം നിന്നെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.'' താൻ ചെയ്തതിൽ ആനന്ദിതനായി ഇഗ്നേഷ്യസ് പുളിക്കൻ കുഞ്ഞുമായി എഴുന്നേറ്റു. ലോകം കീഴടക്കിയ അലക്‌സാണ്ടറിന്റെ ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.

വൈകാതെ ഇഗ്നിയും തെരേസായും വീട്ടിലേക്ക് മടങ്ങി. ലോകം അവരെയും അവർ ലോകത്തെയും കണ്ടില്ല. തങ്ങളുടെ കാലം കൂടിയപ്പോൾ പുളിക്കൻ കുടുംബവും ഉണ്ണിത്താൻ കുടുംബവും ലോകത്തിൽനിന്നും നീങ്ങിപ്പോയി. നന്ദുവിനും സിസിക്കും മൂന്ന് മക്കൾ പിറന്നു. അവരിപ്പോൾ പ്രണയനഗരമായ പാരീസിലെ താഴുകളുടെ പാലത്തിൽ നിൽക്കുകയാണ്. അവരുടെ പേരുകൾ ആഴത്തിൽ മുദ്രണംചെയ്ത പിത്തളത്താഴ് പ്രണയപ്പാലത്തിന്റെ അഴികളിൽ രണ്ടുപേരും ചേർന്ന് അണിയിച്ചു. ശേഷം അവർ പരസ്പരം പുഞ്ചിരിച്ചു. സിസി താക്കോലുകൾ സീൻ നദിയിലേക്ക് എറിഞ്ഞു. അവരുടെ പ്രണയം ഇനി എന്നും ഭദ്രമുദ്രിതം.

മൂത്തമകൻ മുന്നിൽ ഉത്സാഹത്തോടെ നടക്കുന്നു. ഇളയ രണ്ടുമക്കൾ സിസിയുടെയും നന്ദുവിന്റെയും വിരലുകളിൽ പിടിച്ചിരിക്കുന്നു. ''അച്ഛനമ്മമാരെ ആരെയും പിണക്കാതിരിക്കാൻ നമ്മൾ ശ്രദ്ധവെച്ചത് എത്ര നന്നായി. അവർ ആ സമാധാനത്തിൽ കടന്നുപോയി. ഇനിയിപ്പോൾ ലോകം നമ്മുടേത്.'' പ്രണയപ്പാലത്തിന്റെ നടുവിൽനിന്ന് നന്ദൻ സിസിയെ പുണർന്ന് ഉമ്മ​െവച്ചു. മക്കൾ അത് കണ്ടുനിന്നു. മൂത്തമകൻ ആരോടെന്നില്ലാതെ പറഞ്ഞു: ''ഞാനും പ്രണയിക്കും. ഞങ്ങളും ഈ പാലത്തിൽ വന്ന് ഒരു പൂട്ടിടും. ഒരു സ്വർണപ്പൂട്ട്.''

സീൻ നദിയിലെ കാറ്റ് അവരെ തഴുകി.

l