ദർവീശ്

ചിത്രീകരണം: ദയാനന്ദൻതകർന്ന കടൽപാലത്തിനരികെ നിലാവെട്ടം പരന്ന രാത്രികടൽക്കരയിൽ മണമുഹമ്മദ് റാഫി എൻ.വിൽത്തിട്ട വിണ്ടുകീറിയ ഒരു നീർച്ചാൽ. അതിനപ്പുറവും ഇപ്പുറവും ചാടിച്ചാടി കളിക്കുന്ന റാഷിദ് അലി. ജാനറ്റ് മോർഫ്യൂസ് കുപ്പികൊണ്ട് വിളക്ക് നിർമിക്കുന്നു. കുപ്പിയിലെ പാതി മെർക്കുറി അവർ അന്നനാളത്തിലേക്ക് എരിച്ചിറക്കി കാലിയാക്കിയതാണ്. മണലിൽ കുഴിയെടുത്ത്...
Your Subscription Supports Independent Journalism
View Plansചിത്രീകരണം: ദയാനന്ദൻ
തകർന്ന കടൽപാലത്തിനരികെ നിലാവെട്ടം പരന്ന രാത്രി
കടൽക്കരയിൽ മണമുഹമ്മദ് റാഫി എൻ.വിൽത്തിട്ട വിണ്ടുകീറിയ ഒരു നീർച്ചാൽ. അതിനപ്പുറവും ഇപ്പുറവും ചാടിച്ചാടി കളിക്കുന്ന റാഷിദ് അലി. ജാനറ്റ് മോർഫ്യൂസ് കുപ്പികൊണ്ട് വിളക്ക് നിർമിക്കുന്നു. കുപ്പിയിലെ പാതി മെർക്കുറി അവർ അന്നനാളത്തിലേക്ക് എരിച്ചിറക്കി കാലിയാക്കിയതാണ്. മണലിൽ കുഴിയെടുത്ത് കുപ്പി സ്ഥാപിച്ചു, മൺചിരാത് വെക്കുന്ന സൂക്ഷ്മതയോടെ അവൾ കുപ്പിയുടെ മുകളിൽ മെഴുകുതിരി കത്തിച്ചു. കടൽക്കാറ്റ് തണുപ്പിച്ച അന്തരീക്ഷത്തിൽനിന്ന് ജാനറ്റ് അവളുടെ അമ്മവീട് ഓർത്തു. കാലങ്ങൾക്കുശേഷം മഴ വന്നതും ആ രാത്രി ഈയാംപാറ്റകൾ ഒന്നായി മുകളിലേക്ക് ആർത്തലച്ചെത്തുന്നതും പുരാതനഗന്ധമായി അവിടെ പരന്നു. ഈയാംപാറ്റകളെ കെണിയിൽ പിടിക്കാൻ എല്ലാ വിളക്കുകളും അണച്ച് ഇരുത്തിയുടെ മൂലയിൽ വെക്കുന്ന കിണ്ണവെള്ളത്തിലെ തിരിവിളക്കുപോലെ മോർഫ്യൂസ് വിളക്ക്. കടൽ അതീവമായ തോതിൽ വിജനമായിരുന്നു. കാലം കടലിൽ അസ്തമിച്ചപ്പോൾ ഇരുണ്ട കരയായി അത് പുനർജനിച്ചു. ആകാശത്തുനിന്നും മേഘത്തുണ്ടുകൾ അടർന്നു മഴജലം വീണു. മൺചിരാതണഞ്ഞു. ജാനറ്റ്, മണലിൽ മലർന്നുകിടക്കുകയായിരുന്ന റാഷിദ് അലിയുമായി ഇണചേർന്ന് മണൽപരപ്പിലേക്ക് ചരിഞ്ഞുവീണു. ശരദിന്ദു മേഘങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. രതി കണ്ടപ്പോൾതന്നെ ഇന്ദുവിന് ആനന്ദമായി. ജാനറ്റിനും അതീവമായ തോതിൽ ആനന്ദംവന്നു. പഞ്ചനക്ഷത്രങ്ങൾ മേഘപാളികൾക്കിടയിൽ മാഞ്ഞുപോയ രാത്രി, ഉള്ളിലെ കടലലകൾ മണൽതൊട്ട രാത്രി, കാലത്തിന്റെ അക്കരെ നേർത്തില്ലാതായ രാത്രി! എന്തൊരു സുന്ദരമായ രാത്രിയായിരുന്നു അത്. കടൽക്കാറ്റ് വന്ന് പൊതിഞ്ഞപ്പോൾ ഗർഭപാത്രത്തിലെന്നപോലെ ചുരുണ്ടുറങ്ങുന്ന റാഷിദ് അലി. മൺചിരാതിൽ ബാക്കിയുള്ള മെർക്കുറിക്കൊപ്പം കലർന്ന മഴജലം കുടിക്കുന്ന ജാനറ്റ്. അവൾക്ക് വീണ്ടും കാമം പെരുത്ത കൃത്യസമയത്ത് പുതിയൊരു കടൽക്കാറ്റ് ആ വഴി വരുകയും അവളെ ഇറുകെ പുണരുകയും ചെയ്തു. ഏഴാനാകാശത്തുനിന്നും വന്ന രാത്രിയുടെ പതിനേഴാമത്തെ കാറ്റിനൊപ്പം ഇറങ്ങിവന്ന നിലാകഷണത്തിന്റെ പ്രഭയിൽ ജാനറ്റ് വീണ്ടും റാഷിദ് അലിയെ ഇക്കിളിയിട്ടുണർത്തി.
പഴയ പ്രേമകഥ
പ്രിയപ്പെട്ട റാഷിദ് അലി,
നീ ഇപ്പോൾ എവിടെയാണ്? 28 വർഷം! ഫൈനൽ ബി.എയുടെ അവസാന പരീക്ഷാദിവസം ഞാനിന്നുമോർക്കുന്നു. ബോധിയുടെ ചുവട്ടിൽ നമ്മളെല്ലാം ഇരുന്ന് ഗൃഹാതുരത്വം കടിച്ചുപറിച്ച വിരഹം കൊണ്ടുഴന്നുരുകിയ പകൽ. നട്ടുച്ച കത്തുന്ന സമയത്ത് പച്ചയും പച്ചയും ഇട്ട് ശോഭിമാഷുടെ രൂപത്തിൽ ഒരു പതിഞ്ഞ ശാന്തത അവിടേക്ക് നടന്നുവന്ന് നിർമാണത്തിലിരിക്കുന്ന 'ഖുർആൻ വായിക്കുന്ന സുഹ്റ' പ്രതിമ ഫണ്ടിലേക്ക് കോഷൻ ഡിപ്പോസിറ്റ് രസീത് ഒപ്പിട്ടുവാങ്ങി പോയത്. നിന്നെ കണ്ടാണ് മാഷ് അവിടെ പച്ച ബൈക്ക് നിർത്തിയത്. കഴിഞ്ഞദിവസം ആ പ്രതിമയുടെ പിറകുവശത്ത് കുറെ ആണുങ്ങൾ നിരന്നുനിന്ന് മൂത്രമൊഴിക്കുന്ന ചിത്രം എഫ്.ബിയിൽ കണ്ടു. ആരോ ഷെയർ ചെയ്തത്. തമാശക്ക് ആരോ ചെയ്തതാണെങ്കിലും എനിക്കത് നൊന്തു. പഴയ കാമ്പസ് ഓർമകൾ വല്ലാതെ ഇരച്ചെത്തി. നീ അവിടെ പിന്നീട് പോയിരുന്നോ? എഫ്.ബിയിൽ ഐഡി തപ്പി കുറെ കറങ്ങി. കണ്ടില്ല. നീ ഇപ്പോഴും പഴയ മാളത്തിൽതന്നെ ഒളിച്ചിരിക്കുകയായിരിക്കും അല്ലേ. അടുത്തമാസം 12ന് ഞാൻ നിസാമുദ്ദീൻ എക്സ്പ്രസിന് നാട്ടിലേക്കു വരുന്നു. നിന്നെ കാണണമെന്നുണ്ട്. നമുക്ക് പഴയ കൂട്ടുകളെ തപ്പിപ്പിടിക്കണം. ബോധിയുടെ ചുവട്ടിൽ പോയി ഒരു വൈകുന്നേരം ധ്യാനിച്ചിരിക്കണം. കുട്ടികളായി മാറി കുറച്ച് നിമിഷമെങ്കിലും ചുറ്റമുള്ളതിനെയെല്ലാം മറക്കണം! നീ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ട്. മുമ്പൊരിക്കൽ വന്നപ്പോൾ പ്രിയ പറഞ്ഞു. നീ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. മിക്കപ്പോഴും യാത്രയിലാണ്. പഴയ പോസ്റ്റൽ വിലാസം മാറിയിട്ടില്ല എന്നൊക്കെ. എന്റെ ഫോൺനമ്പറും ഇ-മെയിൽ വിലാസവും ചേർക്കുന്നു. പിന്നേയ്, തകർന്ന കടൽപാലങ്ങൾക്കരികെ ഓർമകൾ വീണുകിടക്കുന്ന ആ രാത്രി നീ മറന്നോ റാഷിദ്? ആ പൂർവാശ്രമത്തിൽ നമുക്കൊരിക്കൽകൂടി പോവണ്ടേ?
പഴയ ഓർമകളോടെ,
ജാനറ്റ്
ജാനറ്റ് ഡൽഹി ഉപേക്ഷിക്കാൻ തീരുമാനിച്ചുള്ള മടക്കയാത്രയിലാണ്. അവൾക്ക് മടുത്തു. കുറഞ്ഞകാലംകൊണ്ട് വല്ലാതെ മാറിപ്പോയ ഉത്തരേന്ത്യൻ ജീവിത പരിസരവുമായി തീരെ പൊരുത്തപ്പെടാൻ വയ്യാതായിരിക്കുന്നു. കേരളത്തിലെ പഴയ സഹപാഠികളെ കാണണം. അമ്മവീട്ടിൽ താമസിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. കുറച്ചുകാലത്തേക്കെങ്കിലും നാട്ടിലേക്ക് ഒരു ഷിഫ്റ്റിങ്. ഡൽഹിയിലെ പ്രവർത്തനപരിചയംവെച്ച് നാട്ടിൽ ഒരു പ്രിന്റ് മാധ്യമത്തിൽ ജോലി തരപ്പെടുത്തുക പ്രയാസമാവില്ല. അമ്മവീട്ടിലെ ബന്ധുക്കളും പഴയ കൂട്ടുകാരുമൊക്കെ ഉള്ള സ്ഥലം എന്ന നൊസ്റ്റാൾജിയയുമുണ്ട്. ഇത്രയും കാലം ഒരു കണക്കിന് ഒറ്റക്കായിരുന്നു ജീവിതം. അതിന്റെ സ്വാതന്ത്ര്യവും ആഘോഷവുമെല്ലാം മടുത്തിരിക്കുന്നു. ട്രെയിനിലിരുന്ന് വെറുതെ റാഷിദ് അലിയെ ഓർത്തു. വ്യക്തിബന്ധങ്ങളോട് അകൽച്ച പാലിച്ച് മനുഷ്യർക്കിടയിൽ ആശയബന്ധവും രാഷ്ട്രീയബന്ധവുമാണ് പ്രധാനമെന്ന് തുറന്നുപറയാറുണ്ടായിരുന്ന അരഗന്റ് എക്സ്ട്രീം ലെഫ്റ്റിസ്റ്റ്. പഴയ നക്സലൈറ്റ് എന്ന് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിരുന്ന സോഷ്യലിസ്റ്റ് സെക്കുലർ തീവ്രവാദി! ചില്ലറ ആരാധനയൊക്കെ അവനോട് പണ്ട് ഉള്ളിൽ വെച്ചുപുലർത്തിയിരുന്നു. ഇപ്പോഴും കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത ചില കാരണങ്ങൾകൊണ്ട് അത് വർക്ക്ഔട്ട് ആയില്ല. ഒരുപേക്ഷ, റാഷിദ് എന്തെങ്കിലും സൂചന തന്നിരുന്നെങ്കിൽ ഒരുമിച്ചു ജീവിക്കുന്നതിനെപ്പറ്റി ആലോചിച്ചേനെ. കടുത്ത ഈഗോയും പരപുച്ഛം വരെ എത്തുന്ന സെൽഫും വിടാതെ സൂക്ഷിക്കുന്ന അവനൊത്ത് കഴിഞ്ഞുകൂടുക പ്രയാസമായേക്കും എന്നൊരാൾ ഉള്ളിൽനിന്ന് ഓർമപ്പെടുത്തിയതുകൊണ്ടായിരിക്കും വേണ്ടെന്നുവെച്ചത്. അന്ന് പ്രിയയും അത് സൂചിപ്പിച്ചിരുന്നു എന്നാണ് ഓർമ. ''ഉള്ള സൗഹൃദം കളയണ്ട. ഹി ഈസ് നോട്ട് അറ്റ് ഈവൻ ടെൻ പെർസന്റേജ് റൊമാന്റിക്, ബട്ട് എ പൊളിറ്റിക്കൽ മൂരാച്ചി ആൾസോ.'' അവൾ തമാശയായി പറഞ്ഞത് ഇന്നും ഓർക്കുന്നു.
ട്രെയിൻ ആഗ്ര സ്റ്റേഷനിൽ എത്തി. ഇയർഫോണിൽ റാഷിദിനെയും ആ രാത്രിയെയും ഓർക്കുമ്പോൾ കേൾക്കാറുള്ള രബീന്ദ്രസംഗീതം വിരുന്നെത്തി.
''ഗൊധുലി-ഗൊഗൊനേ മേഘേ ഢേകെ ഛിലൊ താരാ...
ആമാർ ജാ കൊഥാ ഛിലൊ ഹൊയെ ഗേലോ ഷാരാ.
ഹൊയ്തൊ ഷെയ് തുമി ഷൊനൊനായ്,
ഷൊഹൊജെ ബിദായ് ദിലെ തായ്
ആകാശ് മുഖൊർ ഛിലൊ ജെതാഖാനോ...''
..............................
സാന്ധ്യശോഭ മാഞ്ഞു, രാവണിഞ്ഞു. മേഘപാളിയിൽ താരകളൊളിച്ചു...
സ്വപ്നത്തിലായിരുന്നല്ലോ നമ്മൾ.
എന്റെ വിഷാദവൈഖരി ഇരുളിൽ ഖിന്നയായി
രാവു മാഞ്ഞുപോയ്, സായംസന്ധ്യയും.
ഇനി തിരിച്ചുകിട്ടാത്ത വിധം.
തൊട്ടുമുന്നിൽ പർദ ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ വന്നിരുന്നു. ഉള്ള സീറ്റുകൾ പകുത്ത് കൂടെയുള്ള കുട്ടികളിൽ രണ്ടുപേരെ കൂടി അടുത്തിരുത്തി. കുറച്ചു മുതിർന്ന പയ്യൻ സീറ്റിന്റെ കമ്പി പിടിച്ച് നിൽക്കുകയാണ്. മൂത്തവൻ ജീൻസും ടീ ഷർട്ടും ഒരു തുർക്കിത്തൊപ്പിയും ധരിച്ചിട്ടുണ്ട്. മറ്റ് രണ്ട് കുഞ്ഞുകുട്ടികൾ പൈജാമ ധരിച്ചിരിക്കുന്നു. തൊപ്പിയും വെച്ചിട്ടുണ്ട്. അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒതുക്കാൻ കാണിക്കുന്ന വ്യഗ്രതപോലെ അവർ മൂന്നുപേരെയും രണ്ട് കൈകൾകൊണ്ട് വലയം ചെയ്തിരിക്കുന്നു. അകാരണമായത് എന്ന് മറ്റുള്ളവർക്ക് തോന്നുന്ന ഒരു ഭയം അവരുടെ ഉള്ളിലെവിടെയോ ഉറഞ്ഞുകൂടിയിട്ടുണ്ട്. ഒരു കൗതുകത്തിന് ജാനറ്റിന് അവരോട് സംസാരിക്കണമെന്ന് തോന്നി. കൂടെയുള്ള മറ്റുള്ളവർക്ക് അടുത്ത ബോഗിയിലാണ് സീറ്റ്. വാരാണസിയിലേക്ക് തിരികെ പോവുകയാണ്. ആഗ്രയിൽ ബന്ധുക്കളുണ്ട്. കുട്ടികളെ താജ്മഹൽ കാണിക്കാനും കുറച്ച് വസ്ത്രങ്ങൾ വാങ്ങാനും രണ്ടുദിവസം മുമ്പ് വന്നതാണ്. ബന്ധുവീട്ടിൽ തങ്ങി. കച്ചവടം ചെയ്താണ് ജീവിക്കുന്നത്. കുട്ടികളുടെ ബാപ്പക്ക് മതപഠനശാലയിൽ ജോലിയുമുണ്ട്. ബാക്കി സമയം വസ്ത്രക്കച്ചവടം. ഇപ്പോൾ പുറത്തെങ്ങും അധികം പോവാറില്ല. പഴയതുപോലെയല്ല.
വേഷവും മറ്റും നോക്കി പരിഹാസവും അപഹസിക്കലും ഭീഷണിയും നേരിടേണ്ടിവരുന്നു. ഡൽഹിയിലേക്ക് വരുമ്പോൾ കുറച്ചുപേർ വന്ന് ബാഗും കവറുകളുമൊക്കെ പരിശോധിച്ചു. മാംസം മണക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. കുട്ടികൾ ഭയന്നുപോയി.

സമ നൃത്തം
ചെറുതായി മയങ്ങിപ്പോയി. ഫോൺ റിങ്ങടിക്കുന്നു, പരിചിതമായ നമ്പർ. ഒരു സ്റ്റോറി ചെയ്യുന്നതിന്റെ ഭാഗമായി രണ്ടുദിവസം താമസിച്ച സൂഫിദർഗയിലേതാണ്. അവരെന്തിനാണാവോ വിളിക്കുന്നത് എന്നാലോചിച്ചതും തിരിച്ചറിയാൻ പറ്റാത്ത ശബ്ദം മറുതലക്കൽനിന്ന് പറയുന്നു; ''ജാനറ്റ് ഞാൻ റാഷിദ്അലിയാണ്.'' അത്ഭുതം തോന്നി. കേരളത്തിലേക്ക് ഒരുത്തനെ തേടി ചെല്ലുമ്പോൾ അവനിതാ ഇവിടെ ദർഗയിൽ അലഞ്ഞുതിരിയുന്നു. ഒരു മണിക്കൂറിനകം ദർഗയുടെ സ്റ്റേഷൻ എത്തും. എന്തായാലും അവനെയുംകൊണ്ടേ ഇനി നാട്ടിലേക്കുള്ളൂ. ജാനറ്റിന്റെ നമ്പർ അവനെവിടെനിന്ന് കിട്ടി എന്നൊന്നും പറഞ്ഞില്ല. അങ്ങോട്ട് ചെല്ലാനും പറയുന്നില്ല. വെറുതെ ഓർത്തു. അവനെ കാണുമ്പോൾ തിരിച്ചറിയാനൊക്കുമോ? ഡൽഹിയിലേക്ക് കയറ്റി അയക്കാൻ വന്നതോർത്തു. 28 വർഷം മുമ്പ്. ലഗേജുകൾ അവനായിരുന്നു മുക്കാലും പിടിച്ചത്. ബർത്തിൽ കൊണ്ടുവന്നാക്കി വലിയ വേദനയോടെയായിരുന്നു പിരിഞ്ഞുപോയത്. അക്കാലത്ത് ഒരുദിവസംപോലും പരസ്പരം കാണാതിരുന്നിട്ടില്ല. പെട്ടെന്നൊരു ദിനം എഴുന്നേറ്റപ്പോൾ വേദനയുടെ ഒരു കടലിനക്കരെയിക്കരെ ആയപോലെ കുറച്ചുസമയം അഭിമുഖമിരുന്നു കരഞ്ഞു. അന്നവൻ കയറ്റി അയക്കാൻ വന്നപ്പോൾ ചുമന്ന ഒരു VIP സ്യൂട്ട് കെയ്സ് ഇപ്പഴും കൂടെയുണ്ടല്ലോ എന്ന് ഓർത്തു. ചിലത് അങ്ങനെയാണ്. ഓരോ തട്ടിക്കൊട്ടലുകൾക്കുശേഷവും ഉപേക്ഷിക്കരുതേ എന്നു പറഞ്ഞങ്ങ് കൂടെപ്പോരും. ചില വസ്തുക്കൾ, ഓർമകൾ, അനുഭവങ്ങൾ, വ്യക്തികൾ അങ്ങനെയങ്ങനെ ചിലത്. വെറുതെ ഒരു കൗതുകത്തിന് ഇടക്ക് കളിപ്പന്തുപോലെ തട്ടിത്തട്ടി ഓമനിച്ച് കൊണ്ടുനടക്കാൻ മെമ്മറി ചിപ്പിൽ കുടിയേറുന്ന ഭൂതകാല പരിദേവനങ്ങൾ!
ദർഗയിൽ ചെന്നന്വേഷിച്ചപ്പോൾ അവനവിടെയുണ്ട്. ദർവീശ് വേഷത്തിലാണെങ്കിലും തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. കണ്ണുകൾക്ക് പഴയപോലെ വെള്ളാരംകല്ലിന്റെ തിളക്കം. വിയർപ്പിന് ചന്ദനഗന്ധം. പെട്ടെന്ന് ഹഗ് ചെയ്യാൻ തോന്നി. ധൈര്യം വരുന്നില്ല. അവൻ പക്ഷേ, അത് തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു. ദർവീശുകളുടെ ആചാരമര്യാദയുടെ ഭാഗമെന്നോണം അവൻ പതിയെ ആലിംഗനംചെയ്ത് പുഞ്ചിരിക്കുന്നു. കുറച്ചുനേരം മിഴികൾ ഇമവെട്ടാതെ നോക്കിനിന്നു. ഇവന് പ്രായമാവുന്നില്ലല്ലോ ദൈവമേ, ഞാനാണെങ്കിൽ തടിച്ച് ചീർത്ത് ഒരുമാതിരി.
''ജാനറ്റ് നമുക്ക് ഒരുപാട് പറയാനുണ്ടല്ലേ... ഇന്നിവിടെ ഒരു ദർവീശ് സന്ധ്യയുണ്ട്. പാക്കിസ്ഥാനിലുള്ള ഗായിക ആബിദാ പർവീൺ ആണ് വരുന്നത്. സമ നൃത്തവുമുണ്ട്. ഇപ്പോൾ എനിക്ക് അതിനുവേണ്ട സൗകര്യങ്ങൾ ചെയ്യാനുള്ള ധൃതികളുണ്ട്. അത് കഴിഞ്ഞ നേരം ഇവിടെയുള്ള ദർഗയിൽ നമുക്കൊരുമിച്ചിരിക്കാനുള്ള സൗകര്യമുണ്ടാക്കാം. ഇപ്പോൾ തൽക്കാലം നിനക്ക് വിശ്രമിക്കാനുള്ള മുറി ശെരിയാക്കട്ടെ.'' അതുപറഞ്ഞതും കൂടെയുള്ള ഒരു ദർവീശിനെ കാര്യങ്ങൾ ഏൽപിച്ച് അവൻ മാഞ്ഞു.
സന്ധ്യ. ദർഗയുടെ സമീപത്ത് വർത്തുളാകൃതിയിലുള്ള ഹാളിൽ ദർവീശുകൾ സംഗീതത്തിനകമ്പടിയായി സമയാരംഭിച്ചു. ചുറ്റും നിലത്തിരിക്കുന്ന ദർവീശുകളിൽനിന്ന് അവനെ തിരിച്ചറിയാൻ പ്രയാസപ്പെട്ടുകൊണ്ടിരിക്കെ പതിയെ വന്ന് തൊട്ട് ഒരു ദർവീശ് അവനിരിക്കുന്ന ഇടത്തേക്ക് ശ്രദ്ധതിരിച്ചു. അവന്റെ വെള്ളാരങ്കല്ലുകൾ തിളങ്ങുന്നു. അതിന്റെ ഓറയിൽ അവനും തിളങ്ങുന്നു. സമീപത്ത് ചെന്നിരുന്നപ്പോൾ മായാലോകത്തകപ്പെട്ട അവധൂതന്റെ പുഞ്ചിരി. മൗനികളുടെ ആന്തരിക സഞ്ചാരം. ജീവന്റെ ഹർഷോന്മാദം. കനലുകൾ താണ്ടി ആത്മാവിനുവേണ്ടിയുള്ള അഭയം തേടിയെത്തിയ ഏകാകികളുടെ പർണശാല. സമ കഴിഞ്ഞതും ആബിദാ പർവീൺ ഖയാൽ പാടുന്നു.
''മുജേ ഭേ- ഖുദി യെ തൂ നെ
നാ ഹസാർ ഹേ ന ഖതാർ ഹെ, ന രാജ ഹേ നെ ദു ആ ഹേയ്
ന ഖയാൽ എ ബന്ദഗീ ഹേയ് ന തമാന എ ഖുധേ...''
വർത്തുളാനന്ദ വേദനസംഹാരി കുടിച്ചു കിനാവു കുടഞ്ഞു ഞാനുണർന്നു.
ഹൃദയനയനങ്ങളുടെ വിസ്മയം.
ഉയിരിന്റെ ചെവിയിൽ അനാദിയിൽനിന്നുയിർക്കൊണ്ട നാദം!
നീയില്ല ഞാനില്ല മോഹമില്ല കാമനകളും സ്മൃതിയുടെ ദുഃഖങ്ങളും, കാണുന്നതൊന്നും കാഴ്ചയല്ല!
വിസ്മൃതിയുടെ മായമാത്രം
ഇല്ല ദൂരങ്ങൾ ഭീതികൾ അഭിലാഷങ്ങൾ പ്രാർഥനകളും!
നിതാന്ത വിസ്മയമായ സ്നേഹമെന്ന ഞാൻ തേടുന്നു
അഭയത്തിന്റെ മഹാ ആകാശപ്പൊരുൾ!
പരിത്യക്തയായ
ജാനറ്റ്
''ജാനറ്റ്, എന്താ നീ ഈ പഴയ സെന്റിമെൻസുമായി ഇറങ്ങിയതാണോ? കാലം പെട്ടെന്നങ്ങ് മാറിപ്പോയില്ലേ... പഴയ കോളേജിൽ ഒരുമിച്ചുപോയി താമസിച്ചു നൊസ്റ്റാൾജിയ അടിക്കുന്നതൊന്നും വർക്ക്ഔട്ട് ആവുമെന്ന് തോന്നുന്നില്ല! പഴയ ബുദ്ധനൊന്നും അവിടെയില്ല.''
''ബുദ്ധന് എന്തുപറ്റി? ബോധി ഇപ്പോൾ അവിടെയില്ലേ?''
''ഇല്ല. ബുദ്ധപ്രതിമ ആരോ തകർത്തു. പകരം കാവിയണിഞ്ഞ ഒന്ന് നിർമിച്ചു.''
വാജിദ് അലി ഷായുടെ ബാബുൾ മൊരാ... അപ്പോൾ ദൂരെ എവിടെനിന്നോ അലയടിക്കുന്നു.
ഞാൻ ഈ ദേശത്തെ ഉപേക്ഷിക്കുന്നു...
അതിർത്തികൾ എനിക്ക് വലിയ വേദനയാണ് തരുന്നത്...
''ബോധിക്കു ചുറ്റും നാമിരുന്ന് കാറ്റ് കൊണ്ട പടവുകളും ഇല്ല. കുറച്ചുമുമ്പ് ഒരു ഡോക്യുമെന്ററി ഷൂട്ടിന് പോയപ്പോൾ കണ്ടതാണ്. ഞാനെന്തായാലും അവിടേക്കില്ല. പ്രിയയെ കൂടെക്കൂട്ടൂ. എല്ലാം കണ്ടുവരൂ. ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്ന പ്രീഡിഗ്രി ബ്ലോക്കിലെ ടെന്നീസ് കോർട്ടും മറ്റും... സുൾഫി വരുമായിരിക്കും. ശ്ലഥകാലസ്മൃതികളിൽ ബോധി എന്ന ഒരു കഥ അന്നത്തെ മാഗസിനിൽ അവൻ എഴുതിയിരുന്നില്ലേ? ഒരു പ്രവചനംപോലെ തോന്നുന്നു അക്കഥ. ബുദ്ധൻ ഇറങ്ങിപ്പോയപ്പോൾ അനാഥമായ മരുപ്പറമ്പ് പോലെ ആയ ബോധി ഗയ.''
അതും പറഞ്ഞ് റാഷിദ് വേദനയോടെ പുഞ്ചിരിക്കുന്നു.
''റാഷിദ്, പല രാത്രികളിലും ദുഃസ്വപ്നങ്ങൾ കണ്ടുകണ്ടു ഹൃദയം തകർന്ന് ഉറക്കം വരാറില്ലായിരുന്നു. കൊല്ലപ്പെട്ട കുറെ മനുഷ്യർ കുഴിമാടത്തിൽനിന്നെഴുന്നേറ്റ് നിരനിരയായി എന്നിലേക്ക് നടന്നുവന്ന രാത്രിയാണ് ഞാൻ ഉത്തരേന്ത്യ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. വിള നശിച്ചും വിറ്റുപോവാതെയും ഇറച്ചി കൈവശംവെച്ചും പശുത്തോലുരിച്ചും കൊല്ലപ്പെട്ട 38ഓളം മനുഷ്യർ. ഏറ്റവും മുന്നിൽ ഒരു കുറിയ മനുഷ്യൻ, ആ കുഞ്ഞുമുഖമുള്ള മനുഷ്യൻ കുറുങ്കുഴലൂതി വിഷാദവൈഖരി ഉതിർക്കുന്നുണ്ട്. അയാളുടെ ഷഹനായി മരണപ്പെട്ടവരുടെ അമ്മമാരുടെ നിശ്വാസങ്ങൾ വേദനകളായി ഏറ്റുപാടുന്നു. പിന്നീട് ഉറക്കം വന്നേയില്ല.''
''ജാനറ്റ്, പ്ലീസ്... പഴയകാലം ഞാനുപേക്ഷിച്ചു. എന്റെ നെഞ്ചിനത് കനത്തഭാരമാണ്. ഒരൊളിച്ചോട്ടമായി നിനക്ക് വ്യാഖ്യാനിക്കാം. പക്ഷേ, എനിക്കും അതിജീവിക്കേണ്ടേ? ഞാനിപ്പോൾ വായിക്കുന്നത് അക്ഷരരഹിതമായ പുസ്തകത്തിലെ ശൂന്യത നിറഞ്ഞ താളുകളാണ്. ഞാനിപ്പോൾ കേൾക്കുന്നത് സംലയനത്തിന്റെ നിതാന്ത പൊരുളാണ്! ഞാനിപ്പോൾ അറിയുന്നത് മഹാമൗനത്തിന്റെ രതിമൂർച്ഛയാണ്.
നീ പഴയ എന്നെ പൂർണമായും മറന്നുപേക്ഷിക്കുക.''
ദർഗയിലെ മഖ്ബറയിൽ വസിക്കുന്ന സൂഫികൾക്കുള്ള ഖവ്വാലി അർച്ചന ആരംഭിച്ചിരിക്കുന്നു. കുന്തിരിക്കത്തിന്റെയും ചന്ദനത്തിരികളുടെയും ഗന്ധവും പുകയും വമിക്കുന്നു.ആ ദർവീശ് നടന്നകലുന്നു...
''ഹം തോ ഹേ പർദേശ് മെ നിഖ് ലാ ഹോ ഗാ ചാന്ദ്...''
l
പിൻകുറിപ്പ്:
സമ നൃത്തം: ധ്യാനത്തിന്റെയും പ്രാർഥനാചടങ്ങിന്റെയും ഭാഗമായി നടത്തുന്ന ഒരു സൂഫി ചടങ്ങാണ് സമ. അഹം എന്ന ഭാവം വെടിഞ്ഞ് അപരനോടുള്ള സ്നേഹത്തിലൂടെ സത്യം കണ്ടെത്തി നടത്തുന്ന ആത്മീയപൂർണതയിലേക്കുള്ള യാത്രയെ ഇത് പ്രതിനിധാനംചെയ്യുന്നു. തംബുരു, മണികൾ, ഓടക്കുഴലുകൾ തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ നടത്തുന്ന ഈ വർത്തുള നൃത്തം പ്രപഞ്ചത്തിൽനിന്ന് ശേഖരിച്ച ഗുണപരമായ ഊർജവും (Positive energy) സ്നേഹവും ചുറ്റുമുള്ളവരിലേക്ക് പരത്തുന്നു. സമയിൽ പങ്കെടുക്കുന്നവർ പരിപൂർണമായ നിശ്ശബ്ദതയിൽകൂടി സ്വയം നിയന്ത്രിച്ചാൽ വാജിദ് എന്ന ഒരു ട്രാൻസ് അവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും.
