‘ലോകത്തിന്റെ കാർ തലസ്ഥാന’ത്തിൽ കാറുകൾ നിരോധിച്ച ഒരിടം; ഇവിടെ കാറുകളില്ല, പകരം ഒരാൾക്ക് ഒരു കുതിര
text_fieldsലോകത്തിന്റെ കാർ തലസ്ഥാനത്തിന് നടുവിൽ 600 ആളുകളും 600 കുതിരകളുമുള്ള വാഹനങ്ങളില്ലാത്ത ഒരു ശാന്തമായ ദ്വീപുണ്ട്, മാക്കിനാക് ദ്വീപ്. ഇവിടെയുള്ള പ്രധാന ഗതാഗത മാർഗം കുതിരവണ്ടികളും സൈക്കിളുകളുമാണ്. ലോകത്തിന്റെ കാർ തലസ്ഥാനമായ ഡെട്രോയിറ്റ് ഇതേ സംസ്ഥാനത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹെൻറി ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, ക്രൈസ്‌ലർ എന്നീ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് കാർ നിർമാതാക്കളുടെ ആസ്ഥാനമായി ഡെട്രോയിറ്റ് മാറി. ഹെൻറി ഫോർഡ് അസംബ്ലി ലൈൻ വഴി കാറുകളുടെ വൻതോതിലുള്ള ഉത്പാദനം ഇവിടെ ആരംഭിച്ചതാണ് ഡെട്രോയിറ്റിന്റെ പ്രാധാന്യം വർധിപ്പിച്ചത്. കാറുകളുടെ ഉത്പാദന കേന്ദ്രത്തിന് തൊട്ടടുത്ത് തന്നെ കാറുകൾ പൂർണ്ണമായും നിരോധിച്ച ഒരിടം.
മാക്കിനാക് ദ്വീപിൽ 1898 മുതൽ മോട്ടോർ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു. ഒരു കാർ എഞ്ചിന്റെ ശബ്ദം കേട്ട് കുതിരകൾ പരിഭ്രാന്തരായതിനെ തുടർന്നാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് പറയപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്തുള്ള ഹ്യൂറോൺ തടാകത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 3.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ചെറിയ ദ്വീപാണ് മാക്കിനാക്. ഇവിടെ ഏകദേശം 600ഓളം ആളുകളാണ് സ്ഥിരമായി താമസിക്കുന്നത്. എന്നാൽ വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരും. ഇവിടെ കുതിരകളാണ് പ്രധാന ഗതാഗത മാർഗം. ഇവ ടാക്സി സർവീസിനും വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനും, സാധനങ്ങളും ചവറുകളും നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
വേനൽക്കാലത്തെ തിരക്കേറിയ സീസണിൽ ദ്വീപിൽ ഏകദേശം 600-ഓളം കുതിരകൾ ഉണ്ടാകും. ഇത് ദ്വീപിലെ സ്ഥിരതാമസക്കാരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ദ്വീപിൽ പലതരം കുതിരകളെ ഉപയോഗിക്കാറുണ്ട്. വലിയ കുതിരകളായ പെർച്ചറോൺ, ബെൽജിയൻ ഡ്രാഫ്റ്റ് ഹോഴ്സുകൾ എന്നിവയെയാണ് പ്രധാനമായും ഭാരം വലിക്കുന്നതിനും ടൂറുകൾക്കും ഉപയോഗിക്കുന്നത്. കുതിരകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ കർശനമായ നിയമങ്ങളും പരിചരണ രീതികളും ദ്വീപിൽ നിലവിലുണ്ട്. വർഷത്തിൽ മിക്കവാറും എല്ലാ കുതിരകളെയും തണുപ്പുകാലം തുടങ്ങുമ്പോൾ മെയിൻലാൻഡിലെ ഫാമുകളിലേക്ക് മാറ്റും. ഏതാനും ചില കുതിരകൾ മാത്രമേ വർഷം മുഴുവനും ദ്വീപിൽ ഉണ്ടാകാറുള്ളൂ.
മിഷിഗൺ തടാകത്തെയും ഹ്യൂറോൺ തടാകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് സ്‌ട്രെയിറ്റ്സ് ഓഫ് മാക്കിനാക്. യൂറോപ്യൻ പര്യവേഷകർ വരുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഒഡാവ, ഓജിബ്‌വേ തുടങ്ങിയ തദ്ദേശീയ ഇന്ത്യൻ വർഗക്കാർക്ക് മത്സ്യബന്ധനത്തിനും, വേട്ടയാടലിനും, വ്യാപാരത്തിനും ഉള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു ഇവിടം. തടാകത്തിലെ വെള്ള മത്സ്യം പോലുള്ള മത്സ്യങ്ങളുടെയും, കരയിലെ മൃഗങ്ങളുടെയും ലഭ്യത കാരണം ഈ പ്രദേശത്തുള്ളവർക്ക് നല്ലൊരു ഉപജീവനമാർഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

