വേനൽ കരുതൽ; കൊടും ചൂടിൽ കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്
text_fieldsമനാമ: രാജ്യത്ത് വേനൽക്കാലം അതിന്റെ തീവ്രതയിലേക്ക് കടക്കുകയാണ്. കൊടുംചൂടിൽ താപനില ക്രമാതീതമായി ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. അടച്ചിട്ട വാഹനങ്ങൾക്കുള്ളിൽ താപനില വളരെ വേഗം അപകടകരമായ നിലയിലേക്ക് എത്തുമെന്നതിനാൽ, കുട്ടികളെ ഒരു നിമിഷം പോലും വാഹനങ്ങളിൽ തനിച്ചാക്കുന്നത് അതീവ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.വേനൽക്കാലത്ത്, പുറത്തെ താപനില 30oC ആണെങ്കിൽ പോലും, വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ ഉൾഭാഗത്തെ താപനില 10 മിനിറ്റിനുള്ളിൽ 40oC ഉം, ഒരു മണിക്കൂറിനുള്ളിൽ 50oC ഉം കടക്കും.
ഇത് കുട്ടികളിൽ നിർജലീകരണം, ഹീറ്റ് സ്ട്രോക്ക്, തലച്ചോറിന് ക്ഷതം എന്നിവക്ക് കാരണമാവുകയും ചിലപ്പോൾ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യാം. കുട്ടികളുടെ ശരീരം മുതിർന്നവരെ അപേക്ഷിച്ച് വളരെ വേഗത്തിൽ ചൂടാകാൻ സാധ്യതയുണ്ട് എന്നതും ഓർക്കേണ്ടതാണ്.ഷോപ്പിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തു പോകുമ്പോൾ കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. എത്ര കുറഞ്ഞ സമയത്തേക്കാണെങ്കിൽപോലും ഈ പ്രവൃത്തി ഒഴിവാക്കണം.ഏതെങ്കിലും സാഹചര്യത്തിൽ കുട്ടി വാഹനത്തിനുള്ളിൽ കുടുങ്ങിയതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികാരികളെ അറിയിക്കുക. ഓർക്കുക, നിങ്ങളുടെ അശ്രദ്ധ ഒരു ജീവൻ അപഹരിക്കാൻ ഇടയാക്കരുത്. ഈ വേനൽക്കാലത്ത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അതീവ ജാഗ്രത പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

