Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളും സിലബസും സ്ക്രീനുകളുമില്ല, ഇവർ കൂളാണ്; സിംഗപ്പൂർ കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ഉത്തരാഖണ്ഡിൽ പ്രകൃതിയോട് ഇണങ്ങി ഒരു കുടുംബം

text_fields
bookmark_border
Uttarakhand
cancel
camera_alt

ഉത്തരാഖണ്ഡിൽ ജീവിക്കുന്ന കുടുംബം

നഗരങ്ങളിലെ തിരക്കുപിടിച്ച കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ശാന്തമായ മലയോര ഗ്രാമങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ ചുരുക്കം ചിലർ മാത്രമേ ഈ സ്വപ്നം യാഥാർത്ഥ്യമാക്കാറുള്ളൂ. അത്തരത്തിൽ സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഉത്തരാഖണ്ഡിലെ ബാസ്ഗാവ് എന്ന കൊച്ചുഗ്രാമത്തിലേക്ക് താമസം മാറിയ ദമ്പതികളാണ് ആദിത്യയും ഗരിമയും. തങ്ങളുടെ മകനായ വേദാസിന് പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ബാല്യം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ജീവിതത്തിൽ ഇത്രയും വലിയൊരു മാറ്റത്തിന് തയാറായത്.

ഷിംലയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ജനിച്ച ആദിത്യ, കോർപ്പറേറ്റ് മേഖലയിലെ വിജയമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് വിശ്വസിച്ചിരുന്നു. ഡൽഹിയിലെ ഫാഷൻ മാനേജ്‌മെന്‍റ് പഠനകാലത്താണ് അദ്ദേഹം ഗരിമയെ കണ്ടുമുട്ടുന്നത്. പഠനശേഷം ഗരിമക്ക് ലോകമെമ്പാടും യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന തരത്തിലുള്ള ഒരു ഉയർന്ന ജോലി ലഭിച്ചു. 2015ൽ വിവാഹിതരായ ഇവർ ആദിത്യയുടെ ജോലിയുടെ ഭാഗമായി സിംഗപ്പൂരിലേക്ക് താമസം മാറി.

എന്നാൽ കോർപ്പറേറ്റ് മേഖലയിലെ അമിത ജോലിഭാരവും മാനസിക സമ്മർദവും ഇവരുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങി. ജോലി ഉപേക്ഷിച്ച ഗരിമ ചൈൽഡ് സൈക്കോളജി പഠിക്കാൻ ആരംഭിച്ചതോടെയാണ് ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മാറുന്നത്. 'കോർപ്പറേറ്റ് അടിമകൾ' എന്നതിന്‍റ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയ ഇവർ ഏകദേശം 8 വർഷത്തെ കൃത്യമായ ആസൂത്രണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് സിംഗപ്പൂർ വിടാൻ തീരുമാനിച്ചത്. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ജോലി രാജിവെച്ച ആദിത്യ, ഗർഭിണിയായ ഭാര്യക്കൊപ്പം ഉത്തരാഖണ്ഡിലേക്ക് താമസം മാറി.

മകനായ വേദാസിനെ പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്നും മാറ്റിനിർത്തി, തികച്ചും വ്യത്യസ്തമായ 'അൺസ്‌കൂളിങ്' എന്ന രീതിയിലൂടെയാണ് ഇവർ വളർത്തുന്നത്. കുട്ടികളുടെ താത്പര്യങ്ങൾക്കും അവരുടെ സ്വഭാവികമായ കഴിവിനും മുൻഗണന നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. വേദാസ് ഇതുവരെ സാധാരണ സ്കൂളിൽ പോയിട്ടില്ല. യൂണിഫോം, സിലബസ്, പരീക്ഷകൾ, റിപ്പോർട്ട് കാർഡുകൾ എന്നിവയുടെ യാതൊരുവിധ സമ്മർദങ്ങളും അവനില്ല. എന്നാൽ പുസ്തകങ്ങൾക്കോ പരീക്ഷകൾക്കോ തങ്ങൾ എതിരല്ലെന്നും, വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മേൽ പഠനഭാരം അടിച്ചേൽപ്പിക്കുന്നതിനോട് മാത്രമാണ് വിയോജിപ്പെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. സ്വന്തം വേഗതയിൽ ലോകത്തെ മനസ്സിലാക്കാനും പഠിക്കാനുമാണ് അവർ മകന് അവസരം നൽകുന്നത്.

പ്രകൃതിയിൽ നിന്നുമാണ് വേദാസിന്റെ പഠനം തുടങ്ങുന്നത്. രാവിലെയുള്ള സൂര്യോദയം കാണുന്നതും, പക്ഷികളുടെ ശബ്ദം കേൾക്കുന്നതും, മഴയുടെ ഗന്ധം അറിയുന്നതുമെല്ലാം അവനെ സംബന്ധിച്ച് വലിയ പാഠങ്ങളാണ്. അവൻ മരങ്ങളിൽ കയറുകയും, കല്ലുകൾ വെച്ച് കളിക്കുകയും, പ്രാണികളെയും ചെടികളെയും നിരീക്ഷിക്കുകയും ചെയ്യുന്നു. പുതിയ കളികൾ സ്വയം കണ്ടുപിടിക്കുന്നതിനൊപ്പം, ചെളി ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാനും അവൻ സമയം കണ്ടെത്തുന്നു. തന്റെ ചുറ്റുപാടുകളിൽ നിന്നും അവൻ നിരന്തരം പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.

'ലൈഫ് ഓഫ് മായി' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തങ്ങളുടെ ജീവിതരീതികൾ ഇവർ ലോകത്തോട് പങ്കുവെക്കുന്നത്. ഈ ദമ്പതികളുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ജീവിതത്തിൽ യഥാർത്ഥ സന്തോഷം നൽകുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ധൈര്യമാണ് ഇവർ കാണിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു. തിരക്കുപിടിച്ച നഗരജീവിതത്തിൽ നിന്ന് മാറി ശാന്തമായൊരു ജീവിതം കൊതിക്കുന്നവർക്ക് ആദിത്യയുടെയും ഗരിമയുടെയും ജീവിതം വലിയൊരു പ്രചോദനമാണെന്ന് പലരും പറയുന്നു. പണത്തിനും കരിയറിനും പിന്നാലെ പായുന്നതിന് പകരം പ്രകൃതിയോട് ചേർന്ന് ലളിതമായി ജീവിക്കാൻ ഇവർ കാണിച്ച ധൈര്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the Family That Left Singapore Corporate Life for Slow Living
Next Story