Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ആശുപത്രി മതിൽ തകർന്ന് ഡോക്ടർ മരിച്ചു

text_fields
bookmark_border
ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ആശുപത്രി മതിൽ തകർന്ന് ഡോക്ടർ മരിച്ചു
cancel
camera_altദേശീയ ദുരന്ത നിവാരണ സേന

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കനത്ത മഴ തുടരുന്നു. ചമോലി ജില്ലയിലെ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ക്വാർട്ടേഴ്സിന് സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് ഡോക്ടർ മരിച്ചു. നാരായൺബഗാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കൽ ഓഫീസർ ഇൻ-ചാർജായിരുന്ന ഡോ. നവീൻ ദിമ്രിയാണ് മരിച്ചത്.

ശനിയാഴ്ച ആശുപത്രി ക്വാർട്ടേഴ്സിന് പിന്നിലെ മതിൽ മഴയിൽ തകർന്നത് പരിശോധിക്കുന്നതിനിടെയാണ് അപകടം. പരിശോധനക്കിടെ മതിൽ തകർന്നുവീണ് അദ്ദേഹം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് ഉടൻ ഡോക്ടറെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയി​ലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരു ഡോക്ടർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴ വ്യാപക നാശനഷ്ടങ്ങളാണ് വിതക്കുന്നത്. വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്ന് ഋഷികേശ്–ബദ്രിനാഥ് ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ദേശീയപാതയിലെ സിറോബഗർ–ഖൻക്ര മേഖലയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ആയിരക്കണക്കിന് തീർഥാടകരും നാട്ടുകാരും വഴിയിൽ കുടുങ്ങി. പുലർച്ചെ മുതൽ മലമുകളിൽ നിന്ന് വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ദേശീയപാത ഏകദേശം പത്ത് മണിക്കൂർ അടച്ചിടേണ്ടിവന്നു. മഴ തുടരുന്നതിനാൽ റോഡ് വൃത്തിയാക്കാനുള്ള ശ്രമങ്ങൾക്കും തടസ്സം നേരിട്ടു. ഒടുവിൽ ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംസ്ഥാനത്ത് ജൂലൈ 17 വരെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തുടർച്ചയായ മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം പൊതുജനങ്ങളോടും തീർഥാടകരോടും അഭ്യർഥിച്ചു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uttarakhand hospital wall collapse kills doctor
Next Story