സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്നു; കർശന നിയന്ത്രണങ്ങളുമായി ലോകരാജ്യങ്ങൾ, ടെക് കമ്പനികൾക്ക് മുന്നറിയിപ്പ്
text_fieldsഡിസംബർ 10 മുതൽ, പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയുന്നതിൽ പരാജയപ്പെടുന്ന ടെക് കമ്പനികൾക്ക് ഏകദേശം 32 മില്യൺ ഡോളർ (ഏകദേശം 270 കോടിയിലധികം രൂപ) വരെ പിഴ ചുമത്താൻ ആസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചു.
കുട്ടികളുടെ സുരക്ഷക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യത്തെ സാങ്കേതിക പരിമിതികൾ ചൂണ്ടിക്കാട്ടി വർഷങ്ങളായി ടെക് കമ്പനികൾ എതിർത്തുപോരുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കൂടുതൽ സർക്കാരുകൾ കർശനമായ നിയമങ്ങളുമായി മുന്നോട്ട് വരികയാണ്.
ആസ്ട്രേലിയ ഈ നിയമം നടപ്പിലാക്കിയതിന് ശേഷം യൂറോപ്പ്, ബ്രസീൽ, അമേരിക്കയിലെ ചില പ്രദേശങ്ങളും സമാനമായ മാതൃക പിന്തുടരാൻ ഒരുങ്ങുകയാണ്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, പ്രസിഡന്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയയിലെ പ്രായപരിധി നിശ്ചയിക്കുന്ന കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ, ഓൺലൈൻ ചൂഷണങ്ങൾ, നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വ്യാപനം എന്നിവയാണ് സർക്കാരുകളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം കൗമാരക്കാരിൽ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത എന്നിവ വർധിപ്പിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.
മുമ്പ് പ്രായം പരിശോധിക്കുക എന്നത് പ്രായോഗികമല്ലെന്ന് ടെക് കമ്പനികൾ വാദിച്ചിരുന്നുവെങ്കിലും, ഇപ്പോൾ കൂടുതൽ വികസിതമായ 'ഏജ് അഷുറൻസ്' സോഫ്റ്റ്‌വെയറുകൾ നിലവിലുണ്ട്. ഫേസ് അനാലിസിസ്, രക്ഷകർത്താക്കളുടെ അനുമതി, തിരിച്ചറിയൽ രേഖകളുടെ പരിശോധന, ഡിജിറ്റൽ തെളിവുകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഒരാളുടെ പ്രായം ഏകദേശമായി കണ്ടെത്താൻ സാധിക്കുമെന്ന് അധികൃതർ ഉറച്ചു വിശ്വസിക്കുന്നു. ഇതോടെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും എ.ഐ ചാറ്റ്‌ബോട്ടുകൾക്കും പോൺ സൈറ്റുകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ വരാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

