ആസ്‌ട്രേലിയയുടെ മാതൃക പിന്തുടരാൻ കേന്ദ്രം; സോഷ്യൽ മീഡിയക്ക് ഇന്ത്യയിലും നിയന്ത്രണം വരുന്നു
text_fieldsന്യൂഡൽഹി: ആസ്‌ട്രേലിയക്ക് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് വിവിധ കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഡൽഹിയിൽ നടന്ന എ. ഐ ഇംപാക്ട് സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ ബ്ലാക്ക്‌മെയിലിങ്, ഡീപ് ഫേക്ക് ദൃശ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. എന്നാൽ ഏതൊക്കെ പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടി വരികയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല.
‘സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുക എന്നത് ലോകമെമ്പാടും ഇപ്പോൾ അംഗീകരിക്കപ്പെട്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഡീപ് ഫേക്ക് ഭീഷണി, പ്രായപരിധി നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയിൽ നിയന്ത്രണങ്ങൾ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നതെ’ന്ന് മന്ത്രി കൂട്ടിചേർത്തു.
സോഷ്യൽ മീഡിയ നിയന്ത്രണത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾ കർശന നിലപാടുകളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ആസ്‌ട്രേലിയ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ആസ്‌ട്രേലിയ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ത്രെഡ്സ്, ടിക് ടോക്ക്, എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ കിക്ക്, ട്വിച്ച് എന്നിവക്കാണ് നിരോധനം.
ആസ്‌ട്രേലിയക്ക് പിന്നാലെ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഡെൻമാർക്കും നിയമം പാസാക്കിയിരുന്നു. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് സ്പെയിൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ ഇത്തരമൊരു നിയന്ത്രണം വരുന്നത് മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഗൂഗ്ൾ തുടങ്ങിയ ആഗോള ടെക് ഭീമന്മാരെ സാരമായി ബാധിക്കാനിടയുണ്ട്. ഇന്ത്യയിലെ ഭീമമായ ഉപഭോക്തൃ അടിത്തറ കണക്കിലെടുക്കുമ്പോൾ ഇത്തരം നിയമങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് വലിയ വെല്ലുവിളിയാകും ഉയർത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

