വീണ്ടും കൂട്ട പിരിച്ചുവിടൽ; ചെലവ് ചുരുക്കാൻ 60,000 പേരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്
text_fieldsമൈക്രോസോഫ്റ്റ്
വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്.
കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ കമ്പനിയുടെ ഏറ്റവും പ്രശസ്തമായ ഡിവിഷനുകളിലെ ജീവനക്കാർക്കാണ് ഈ പദ്ധതി ബാധകമാകുക എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അതേസമയം സൈബർ സുരക്ഷ, ഡാറ്റ സെന്ററുകൾ, മാർക്കറ്റിങ് തുടങ്ങിയ ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഈ ഓഫർ ലഭിക്കില്ല. ‘പുറത്ത് പുതിയ അവസരങ്ങൾ തിരയുന്ന യോഗ്യരായ ജീവനക്കാർക്ക് പിന്തുണയോടെ മാറാമുള്ള അവസരമാണിത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനെ പുനഃസംഘടിപ്പിക്കാൻ ഇത് കമ്പനിയെ സഹായിക്കും’ മൈക്രോസോഫ്റ്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോൾമാൻ പ്രസ്താവനയിൽ പറഞ്ഞു.
എ.ഐയുടെ വളർച്ചയും അതിൽ വൻ നിക്ഷേപം വർധിച്ചതും കാരണം ഈ വർഷം നിരവധി ടെക് കമ്പനികൾ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ, ഏപ്രിലിൽ തങ്ങളുടെ 8,000 ജീവനക്കാരെ അതായത് 10 ശതമാനം പേരെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി വെട്ടിക്കുറക്കാൻ പദ്ധതിയിട്ടിരുന്നു. ആമസോൺ തങ്ങളുടെ റീട്ടെയിൽ വിഭാഗത്തിലുൾപ്പെടെ നിരവധി തവണ ജീവനക്കാരെ വെട്ടിക്കുറച്ചു.
ജൂണിൽ ഒറാക്കിൾ 21,000 ജോലികൾ അതായത് 13 ശതമാനം വെട്ടിക്കുറച്ചത് എ.ഐ കാരണമാണ്. എന്നാൽ ഈ പിരിച്ചുവിടലുകൾ കൂടുതൽ കാര്യക്ഷമതയിലേക്ക് നയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. മെറ്റ ഉൾപ്പെടെ ചില കമ്പനികൾ തങ്ങളുടെ പിരിച്ചുവിടൽ പദ്ധതികൾ പിൻവലിച്ചിട്ടുമുണ്ട്. മൈക്രോസോഫ്റ്റിലെ ഒരു മുതിർന്ന നേതാവായ റയാൻ റോസ്ലാൻസ്കി അടുത്തിടെ സോഷ്യൽ മീഡിയയിൽ തൊഴിൽ മേഖലയിലെ എ.ഐ സ്ലോപ്പിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു.
ലോകമെമ്പാടുമുള്ള 9,000 മുതിർന്ന എക്സിക്യൂട്ടീവുകളിൽ നടത്തിയ സർവേയിൽ 90 ശതമാനം പേരും തങ്ങളുടെ കമ്പനികളിൽ ഇതുവരെ എ.ഐ കൂടുതൽ ഉൽപ്പാദനക്ഷമതക്ക് കാരണമായിട്ടില്ലെന്ന് പറഞ്ഞതായി നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വർക്കിങ് പേപ്പറിൽ കണ്ടെത്തിയിരുന്നു.

