Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപബ്ലിക് വൈഫൈ...

പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഫോണിലെ വിവരങ്ങൾ ചോർത്തപ്പെടാമെന്ന് മൈക്രോസോഫ്റ്റ്

text_fields
bookmark_border
public wifi
cancel
camera_alt

പ്രതീകാത്മക ചിത്രം

ലോകമെമ്പാടുമുള്ള ഹോട്ടലുകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗസ്റ്റ് വൈഫൈ ശൃംഖലകൾ ലക്ഷ്യമിട്ട് അത്യാധുനിക രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നതായി മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജൻസ് സംഘത്തിന്റെ മുന്നറിയിപ്പ്.

'ക്യാപ്റ്റീവ് ക്രഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റർനെറ്റ് ഹൈജാക്കിങ് കഴിഞ്ഞ മെയ് മാസം മുതൽ സജീവമാണ്. പ്രശസ്ത റഷ്യൻ ഹാക്കിങ് ഗ്രൂപ്പായ മിഡ്‌നൈറ്റ് ബ്ലിസാർഡിന്റെ (എ.പി.ടി 29 അല്ലെങ്കിൽ കോസി ബെയർ) ഭാഗമായ 'സ്റ്റോം-2945' എന്ന ഉപവിഭാഗമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.

ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ തെളിയുന്ന 'ക്യാപ്റ്റീവ് പോർട്ടൽ' സ്‌ക്രീനുകളെയും പബ്ലിക് നെറ്റ്‌വർക്കുകളെയും ദുരുപയോഗം ചെയ്താണ് ഹാക്കർമാർ വ്യാജ ട്രാഫിക് തരംഗങ്ങൾ സൃഷ്ടിക്കുന്നത്.

പല രാജ്യങ്ങളിലെയും ഹോട്ടലുകളിലും പൊതുവേദികളിലും ഇത്തരം വൈഫൈ ശൃംഖലകൾ വ്യാപകമായി ചോർത്തപ്പെട്ടതായി മൈക്രോസോഫ്റ്റ് കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേറ്റ് തലത്തിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് കടന്നുകയറുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങൾ നടത്തുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെലിയാക്വസ്റ്റും സ്ഥിരീകരിക്കുന്നു.

ഹോട്ടലുകളിലെയും മറ്റും വൈഫൈ അടിസ്ഥാനസൗകര്യങ്ങൾ ഹാക്ക് ചെയ്യുന്ന ഇവർ, കണക്റ്റ് ചെയ്യുന്ന ഉപയോക്താക്കളെ വ്യാജ പോർട്ടലുകളിലേക്കും വ്യാജ പോപ്പ്-അപ്പുകളിലേക്കും തിരിച്ചുവിടുന്നു. നെറ്റ്‌വർക്ക് കണക്റ്റായ ഉടൻ തന്നെ, സാധാരണ നടക്കാറുള്ള സുരക്ഷാ പരിശോധനയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളെക്കൊണ്ട് വ്യാജ ഫയലുകൾ ഡൗൺലോഡ് ചെയ്യിക്കുകയോ അവരുടെ രഹസ്യ ലോഗിൻ വിവരങ്ങൾ കൈക്കലാക്കുകയോ ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് ഈ ആക്രമണം നടക്കുന്നത്.

വ്യാജ ബ്രൗസർ അപ്‌ഡേറ്റുകൾ: ഹോട്ടൽ വൈഫൈയിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്ന ഉപയോക്താക്കളുടെ സ്‌ക്രീനിൽ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാനോ നെറ്റ്‌വർക്ക് തകരാറുകൾ പരിഹരിക്കാനോ ആവശ്യപ്പെടുന്ന പോപ്പ്-അപ്പുകൾ തെളിയുന്നു.

നിങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലയിൽ നിന്ന് സംശയകരമായ ട്രാഫിക് കണ്ടെത്തിയിട്ടുണ്ട്. ഗൂഗ്ൾ സെർച്ച് ഉപയോഗിക്കാൻ സെക്യൂരിറ്റി ചെക്ക് പൂർത്തിയാക്കുക എന്ന രീതിയിലുള്ള ഔദ്യോഗിക ഗൂഗ്ൾ മുന്നറിയിപ്പുകളെ പോലും അനുകരിച്ചാണ് ഇത്തരം സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

അക്കൗണ്ട് ടേക്ക്ഓവറുകൾ: ഉപയോക്താക്കളെ തികച്ചും യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ലോഗിൻ സ്‌ക്രീനുകളിലേക്ക് തിരിച്ചുവിടുന്നു. അവിടെ വ്യക്തിഗത വിവരങ്ങളോ പാസ്‌വേഡോ നൽകുന്നതോടെ, ഇരകളുടെ മൈക്രോസോഫ്റ്റ് 365 അക്കൗണ്ടുകൾ ഹാക്കർമാരുടെ നിയന്ത്രണത്തിലാകും.

ഇത് വഴി സ്വകാര്യ ഇമെയിലുകൾ, വൺഡ്രൈവ് രേഖകൾ, കമ്പനികളുടെ ആന്തരിക ശൃംഖലകൾ എന്നിവയിലേക്ക് ആക്രമികൾക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നു. ഉപകരണങ്ങളിൽ വ്യാജ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടു കഴിഞ്ഞാൽ, ആ സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കും.

ഇരയാക്കപ്പെടുന്ന വ്യക്തി ടൈപ്പ് ചെയ്യുന്ന കീസ്ട്രോക്കുകൾ ചോർത്താനും, ഓഡിയോ-വിഡിയോ റെക്കോർഡ് ചെയ്യാനും, സ്‌ക്രീൻഷോട്ടുകൾ എടുക്കാനും, ബ്രൗസർ കുക്കികളും പാസ്‌വേഡുകളും മോഷ്ടിക്കാനും ഉപകരണം വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കാനും സ്റ്റോം-2945 ഗ്രൂപ്പിന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.

നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്യുമ്പോൾ കാണാൻ സാധ്യതയുള്ള ചില വ്യാജ വിൻഡോകളെക്കുറിച്ചും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

winupdate: "Working on updates… Don't turn off your computer" എന്ന് കാണിക്കുന്ന വ്യാജ വിൻഡോസ് അപ്‌ഡേറ്റ് സ്‌ക്രീൻ

defender: വിൻഡോസ് സെക്യൂരിറ്റിയുടെ വ്യാജ വൈറസ് സ്കാൻ

directx: ഡയറക്ട് എക്സ് (DirectX) ഇൻസ്റ്റാളർ സന്ദേശം

vcredist: മൈക്രോസോഫ്റ്റ് വിഷ്വൽ സി++ ഇൻസ്റ്റാളേഷൻ പ്രോംപ്റ്റ്

sysopt: ഡിസ്ക് ഓപ്റ്റിമൈസേഷൻ ടൂൾ

netfix: വ്യാജ വിൻഡോസ് നെറ്റ്‌വർക്ക് ഡയഗ്നോസ്റ്റിക്‌സ് ടൂൾ

browser: വ്യാജ ബ്രൗസർ അപ്‌ഡേറ്റ് നിർദേശം

pdfview: ഡോക്യുമെന്റ് വ്യൂവർ ഇൻസ്റ്റാൾ ചെയ്യാനുള്ള സന്ദേശം

മുൻകരുതൽ നിർദേശങ്ങൾ

പൊതു വൈഫൈ ശൃംഖലകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത യാത്രക്കാരും കമ്പനികളുടെ ഐ.ടി വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു.

പേഴ്‌സണൽ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിക്കുക: ഹോട്ടലുകളിലെയും പൊതുസ്ഥലങ്ങളിലെയും വൈഫൈ ശൃംഖലകൾ പരമാവധി ഒഴിവാക്കുക. പകരം സ്വന്തം ഫോണിലെ സെല്ലുലാർ ഹോട്ട്‌സ്‌പോട്ടുകളോ എൻക്രിപ്റ്റ് ചെയ്ത സ്വകാര്യ കണക്ഷനുകളോ ഉപയോഗിക്കുക.

പോപ്പ്-അപ്പുകൾ അവഗണിക്കുക: ഹോട്ടൽ പോർട്ടലുകൾ വഴിയോ അപ്രതീക്ഷിതമായോ ലഭിക്കുന്ന ബ്രൗസർ അപ്‌ഡേറ്റുകൾ, സെക്യൂരിറ്റി ടൂളുകൾ, നെറ്റ്‌വർക്ക് സർട്ടിഫിക്കറ്റുകൾ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയൊന്നും യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത്.

വിവരങ്ങൾ കൈമാറുന്നത് പരിമിതപ്പെടുത്തുക: ജീവനക്കാർ യാത്രകളിലോ പൊതു വൈഫൈ ശൃംഖലകളിലോ ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന രഹസ്യ വിവരങ്ങളുടെ അളവ് നിയന്ത്രിക്കാൻ കമ്പനികൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftWi-FiwarningCyber SafetyPublic Wi-Fi
News Summary - പബ്ലിക് വൈഫൈയിൽ വീഴരുത്! വിഡിയോയും ഓഡിയോയും ചോർത്തപ്പെടാമെന്ന് മൈക്രോസോഫ്റ്റിന്‍റെ മുന്നറിയിപ്പ്
Next Story