ഗസ്സ ഉച്ചകോടിയിൽ ഇൻഫന്റിനോയും; ഇസ്രായേൽ തകർത്ത സ്റ്റേഡിയങ്ങളുടെ പുനർനിർമാണത്തിന് ഫിഫ നേതൃത്വം നൽകും
text_fieldsഗസ്സയിലെ ഫുട്ബാൾ മൈതാനം അഭയാർഥി ടെന്റുകളായി മാറിയപ്പോൾ (ഇടത്), ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഡോണൾഡ് ട്രംപിനൊപ്പം
കൈറോ: രണ്ടു വർഷം നീണ്ട ഇസ്രായേൽ അധിനിവേശം തകർത്ത ഗസ്സയിലെ സ്റ്റേഡിയങ്ങളും പരിശീലന വേദികളും അകാദമികളും പുനർനിർമിക്കാൻ സഹായങ്ങളുമായി ഫിഫ രംഗത്തുണ്ടാവുമെന്ന് ആഗോള ഫുട്ബാൾ ഭരണസമിതി അധ്യക്ഷൻ ജിയാനി ഇൻഫന്റിനോ. ഈജിപ്തിലെ ശറമുൽ ശൈഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ടായിരുന്നു ഗസ്സയുടെ പുനർനിർമാണത്തിൽ ഫുട്ബാൾ വികസനത്തിൽ പിന്തുണയുമായി ഫിഫയുണ്ടാകുമെന്ന് ഇൻഫന്റിനോ അറിയിച്ചത്.
ഗസ്സയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുന്നത് ആവശ്യമായ സഹായവും സഹകരണവും ഉറപ്പാക്കാൻ ഫിഫ ഇവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഈജിപ്തിലെ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.
യുദ്ധം തകർത്ത മണ്ണിൽ സമാധാനവും, ഐക്യവും പ്രതീക്ഷയും തിരികെയെത്തിക്കുന്നതിൽ ഫുട്ബാളിന് സുപ്രധാന പങ്കുവഹിക്കാനാവുമെന്ന് പ്രഖ്യാപിച്ച ഇൻഫന്റിനോ, ഫലസ്തീൻ ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് ഗസ്സയിലെയും ഫലസ്തീനിലെയും ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് അറിയിച്ചു. ഗസ്സയിലെ കുട്ടികൾക്കും യുവാക്കൾക്കും ദുർഘടമായ സമയത്ത് ഫുട്ബാളിലൂടെ പുതിയ ജീവിതത്തിലേക്ക് തിരികെയെത്താൻ വഴിയൊരുക്കുകയാണ് ഫിഫയുടെ ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പങ്കാളികളുമായി ചേർന്ന് ചെറിയ കളിക്കളങ്ങളും ഫിഫ അറീനകളും ഒരുക്കി ഗസ്സയുടെ പുനർനിർമാണത്തിൽ ക്രിയാത്മക പങ്കുവഹിക്കുയാണ് ഫിഫയെന്ന് ഇൻഫന്റിനോ വ്യക്തമാക്കി. ‘ഫുട്ബാളിലൂടെ കുട്ടികൾക്ക് പ്രതീക്ഷയുടെ പുതിയ ആകാശം സൃഷ്ടിക്കുകയാണ്. ഈ സമയത്ത് അത് വളരെ വളരെ പ്രധാനമാണ്’ -ഇൻഫന്റിനോ പറഞ്ഞു.
70,000ത്തോളം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ടു വർഷത്തെ വംശഹത്യയിൽ നിരവധി ഫുട്ബാൾ താരങ്ങളും അത്‍ലറ്റുകളുമാണ് കൊല്ലപ്പെട്ടത്. സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ, ഫുട്ബാൾ അകാദമികൾ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു. ഫലസ്തീന്റെ മുൻ താരങ്ങളും യുവതാരങ്ങളും മുതൽ കുട്ടികൾ വരെ ഇസ്രായേൽ വംശഹത്യക്കിടെ കൊന്നൊടുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

