മെസ്സിപ്പടയുടെ കേരള യാത്രവൈകും..? നവംബറിലെ രണ്ട് മത്സരങ്ങൾ ആഫ്രിക്കയിലെന്ന് അർജന്റീന മാധ്യമങ്ങൾ
text_fieldsബ്വേനസ്ഐയ്റിസ്: ലയണൽ മെസ്സിയെയും അർജന്റീനയുടെ ലോകചാമ്പ്യൻ സംഘത്തെയും വരവേൽക്കാൻ കേരളത്തിൽ ഒരുക്കങ്ങൾ തകൃതിയാവുന്നതിനിടെ മലയാളി ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയുമായി അർജന്റീന മാധ്യമങ്ങൾ.
നവംബറിൽ നിശ്ചയിച്ച അർജന്റീനയുടെ കേരളത്തിലെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് പ്രമുഖ സ്പോർട്സ് ചാനലായ ‘ടിവൈ.സി സ്പോർട്സും’ മുൻഡോ ആൽബിസെലസ്റ്റെയും റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു മാസം മുമ്പാണ് അർജന്റീന ടീമിന്റെ കേരളാ ടൂർ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ തന്നെയാണ് ടീം പര്യടനം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സരത്തിന് വേദിയൊരുക്കാനുള്ള നടപടികളുമായി കേരള സർക്കാറും സ്പോൺസർമാരും മുന്നോട്ടുപോകുന്നതിനിയൊണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകൾ അർജന്റീന മാധ്യമങ്ങൾ പുറത്തുവിടുന്നത്.
നിലവിൽ നവംബർ ആദ്യവാരത്തിൽ അംഗോളയിൽ അർജന്റീന കളിക്കും. 50ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മെസ്സിപ്പട അംഗോളയിലെത്തുന്നത്. ഇതിനു പിന്നാലെ നവംബർ 15-17 തീയതിയിൽ കേരളത്തിലെത്തുമെന്നാണ് ഷെഡ്യൂൾ. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം രണ്ടാം മത്സരവും ആഫ്രിക്കൻ വൻകരയിൽ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോകകപ്പിൽ അട്ടിമറി കുതിപ്പുമായി മുന്നേറി സെമി ഫൈനൽ വരെയെത്തിയ മൊറോക്കോയെ നേരിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അർജന്റീന മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഡിസംബറിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പിന് മുമ്പായി ഈ രണ്ടു മത്സരങ്ങൾ മാത്രമായിരിക്കും ടീം കളിക്കുന്നത്.
ലോകചാമ്പ്യന്മാരായ മെസ്സിയെയും സംഘത്തെയും വരവേൽക്കാനൊരുങ്ങുന്ന ഇന്ത്യയിലെ അർജന്റീന ആരാധകർ വലിയ നിരാശയാണ് ഈ നീക്കങ്ങമെന്ന് ടി.വൈ.സി സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അർജന്റീനയുടെ മത്സരത്തിന് കൊച്ചി കലൂർ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ രണ്ടാഴ്ച മുമ്പ് കൊച്ചി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ വിവരങ്ങൾ സ്പോൺസർമാർ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

