മെസ്സിയുടെ കേരള സന്ദർശനം: ഒരുക്കങ്ങൾ വിലയിരുത്തി അർജന്റീന മാനേജർ; കലൂർ സ്റ്റേഡിയം സന്ദർശിച്ചു
text_fieldsഅർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കായിക മന്ത്രി വി. അബ്ദുറഹ്മാനൊപ്പം കലൂർ സ്റ്റേഡിയത്തിൽ
കൊച്ചി: നവംബറിൽ കേരളം വേദിയൊരുക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ദേശീയ ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര മത്സര വേദിയായ കൊച്ചിയിലെത്തി. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഹെക്ടർ ഡാനിയേൽ കബ്രേര, കായിക മന്ത്രി വി. അബ്ദുർറഹ്മാൻ, സ്പോൺസർമാർ എന്നിവർക്കൊപ്പമാണ് കലൂർ ജവഹാർലാൽനെഹ്റു സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയത്. ടീ മാനേജറുടെ നേതൃത്വത്തിലുളള അർജന്റീന സംഘം വേദിയുടെ കാര്യത്തിൽ പൂർണ സംതൃപ്തനാണെന്ന് കായിക മന്ത്രി വി. അബ്ദുർറഹ്മാൻ അറിയിച്ചു.
പിച്ച്, കാണികളുടെ ഇരിപ്പിട സൗകര്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളിൽ സംഘം ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചതായും, ഇവ ഉൾപ്പെടെ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടീം അംഗങ്ങളുടെ സുരക്ഷ, താമസ സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ആദ്യ ഘട്ട സന്ദർശനം പൂർണ സംതൃപ്തി അറിയിച്ചാണ് മാനേജറുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങുന്നത്.
നവംബർ 15നും 18നുമിടയിലാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ദേശീയ ടീം കേരളത്തിലെത്തുന്നത്. മത്സരത്തിന് കലൂർ സ്റ്റേഡിയം വേദിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം വന്നത്. നേരത്തെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഹോട്ടൽ ഉൾപ്പെടെ സൗകര്യങ്ങൾ കണക്കിലെടുത്ത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
അർജന്റീനയുടെ എതിരാളികൾ ആരെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. ആസ്ട്രേലിയക്കാണ് സാധ്യത കൂടുതൽ. ഇക്കാര്യത്തിൽ നടപടികൾ ഏറെ മുന്നോട്ട് പോയെന്നാണ് വിവരം.
അർജന്റീന ടീമിന്റെ കേരള സന്ദർശനവും, കൊച്ചി നഗരവും സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും ഉൾപ്പെടുത്തി മാനേജർക്ക് മുമ്പാകെ വീഡിയോ അവതരണവും നടത്തി.
കേരളത്തിലെ മുഴുവനാളുകൾക്കും മെസ്സിയെ കാണാനാവും -മന്ത്രി
കൊച്ചി: ടിക്കറ്റെടുത്ത് കളി കാണുകയെന്നതിനുമപ്പുറം കേരളത്തിലെ മുഴുവനാളുകൾക്കും മെസ്സജയെ കാണാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. ഫാൻമീറ്റോ, റോഡ് ഷോയോ എന്താണ് നടത്തുകയെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അർജന്റീന ഫുട്ബാൾ അസോസിയേഷൻ വെന്യൂ മാനേജർ ഹെക്ടർ ഡാനിയൽ കബ്രേരക്കൊപ്പം കലൂർ സ്റ്റേഡിയത്തിൽ നടത്തിയ അവലോകനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയത്തിലെ ഫീൽഡാണ് പ്രധാനമായും പരിശോധിച്ചത്. കൊച്ചിയിലെ ഫീൽഡ് മികച്ചതായതുകൊണ്ടാണ് കളി ഇങ്ങോട്ട് മാറ്റിയത്. ചില പോരായ്മകൾ പരിഹരിക്കാനായി അറ്റകുറ്റപ്പണിക്ക് ടെൻഡർ നൽകിയിട്ടുണ്ട്.
രണ്ടുദിവസത്തിനകം പ്രവൃത്തി ആരംഭിക്കും. ലൈറ്റുകൾക്കും പ്രശ്നമുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. കേടായ ചില സീറ്റുകൾ മാറ്റാനുമുണ്ട്. ഇവയെല്ലാം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. മറ്റു പ്രശ്നങ്ങളൊന്നുമില്ല. തിരുവനന്തപുരമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഫീൽഡ് കഠിനമായതിനാൽ കൊച്ചി തന്നെ തീരുമാനിക്കുകയായിരുന്നു. ഹോട്ടൽ, യാത്രാസൗകര്യങ്ങൾ, എത്തിപ്പെടാനുള്ള എളുപ്പം തുടങ്ങിയവകൂടി പരിഗണിച്ചാണ് കൊച്ചിയെ ഉറപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

