മെസ്സിക്കും അർജന്‍റീനക്കുമായി കലൂർ സ്റ്റേഡിയം ഒരുങ്ങുന്നു; നവീകരണത്തിന് 70 കോടി
text_fieldsനവീകരണത്തിന്‍റെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറിയിലെ കസേരകൾ മാറ്റുന്നു
രതീഷ് ഭാസ്കർ
കൊച്ചി: കൊച്ചിയിൽ പന്തുതട്ടാൻ എത്തുന്ന സൂപ്പർ സ്റ്റാർ മെസ്സിക്കും അർജന്‍റീന ടീമിനുമായി കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് പുതുക്കിപ്പണിയൽ ആരംഭിച്ചിരിക്കുന്നത്. 70 കോടി ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങളെന്ന് മുഖ്യ സ്‌പോൺസറും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിച്ച് ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത്. 50,000 കാണികൾക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വി.വി.ഐ.പി ഗാലറികളും വി.വി.ഐ.പി പവിലിയനും ഒരുക്കും. സ്റ്റേഡിയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും നടപടികൾ പുരോഗമിക്കുകയാണ്. സീലിങ് കൂടുതൽ ബലപ്പെടുത്തുകയും ചെയ്യും.
സ്റ്റേഡിയത്തിന്‍റെ ചുറ്റും അറ്റകുറ്റപ്പണികൾ നടത്തുമെന്നും റിപ്പോർട്ടർ എം.ഡി അറിയിച്ചു. ജി.സി.ഡി.എയിൽനിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിർമാണം തുടങ്ങി. ടിക്കറ്റ് നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ ആഴ്ച പ്രഖ്യാപനമുണ്ടാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവിൽ പ്രചരിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും സ്പോൺസർമാർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി. രാജീവ്, എം.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുത്ത യോഗതീരുമാനങ്ങൾ നടപ്പാക്കാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ മേൽനോട്ടത്തിൽ സമിതി രൂപവത്കരിച്ചു. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ജില്ല കലക്ടർ ജി. പ്രിയങ്ക നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ട്.
മെസ്സിയെയും ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും കാണാൻ എല്ലാ ഫുട്ബാൾ പ്രേമികൾക്കും അവസരമൊരുക്കുന്ന തരത്തിലാകും സജ്ജീകരണങ്ങളെന്നും സ്പോൺസർമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

