വടാപാവിനോട് ‘നോ’ പറഞ്ഞു, ജിമ്മിൽ 800 വരെ റെപ്സ്; ബോഡിബിൽഡറെ പോലെ പണിയെടുത്ത് രോഹിത് ശർമ കുറച്ചത് 11 കിലോ
text_fieldsരോഹിത് ശർമ ആസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ പുറത്തായി മടങ്ങുന്നു, മുൻ ഐ.പി.എല്ലിനിടെ രോഹിത്
പെർത്: തടിച്ച ശരീരപ്രകൃതിയുടെ പേരിൽ ഇന്ത്യൻ ടീമിൽ ഏറ്റവും വിമർശനം നേരിട്ട താരമാണ് രോഹിത് ശർമ. ‘തടിച്ച ക്യാപ്റ്റൻ..’ എന്ന വിമർശനവുമായി കോൺഗ്രസ് വക്താക്കളിലൊരാളായ ഷമ മുഹമ്മദ് നടത്തിയ പരാമർശം ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചയായത് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു.
തന്റെ തടി കളത്തിൽ മാത്രമല്ല, പുറത്തും പ്രശ്നമാവുന്നുവെന്ന് തിരിച്ചറിഞ്ഞ രോഹിത് വിമർശകർക്ക് വായടപ്പൻ മറുപടി നൽകിയാണ് ഇപ്പോൾ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പ്രത്യക്ഷപ്പെട്ടത്.
പെർത്തിൽ ഇന്ത്യ തകർന്നടിഞ്ഞ മത്സരത്തിൽ, തോൽവിയും രോഹിതിന്റെയും വിരാട് കോഹ്‍ലിയുടെയും പ്രകടനവുമെല്ലാം വിലയിരുത്തിയ ആരാധകരുടെ ചർച്ചയിൽ രോഹിതിന്റെ ശരീരപ്രകൃതിയുടെ മാറ്റവും വലിയ ചർച്ചയായി.
കഴിഞ്ഞ ജൂൺ ഒന്നിന് മുംബൈക്കു വേണ്ടി അവസാന ഐ.പി.എൽ മത്സരം കളിച്ച ശേഷം, നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ മുൻ നായകനെ കണ്ടപ്പോൾ പട്ടിണികിടന്ന് മെലിഞ്ഞുണങ്ങിയോ എന്ന് ചോദിക്കാത്തവരുണ്ടാവില്ല.
തുടിച്ച കവിളുകൾ ഒന്നൊതുങ്ങിയിരിക്കുന്നു. വയറും ശരീരവും കുറച്ച്, കായിക താരത്തിന്റെ ശരീരത്തിലേക്ക് രോഹിത് മാറിയെന്നായി ആരാധകർ.
കടുത്ത ഭക്ഷണ നിയന്ത്രണങ്ങളും, ഫിറ്റ്നസിൽ ശ്രദ്ധ നൽകികൊണ്ടുള്ള പരിശീലനവും വർക്കൗട്ടുമായി ഏറെ കഠിനാധ്വാനം ചെയ്തുകൊണ്ട് താരം കുറച്ചത് 11 കിലോ.
മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായറുടെ കീഴിലായിരുന്നു രോഹിതിന്റെ വർകൗട്ട്. ഒന്നാം ഏകദിനത്തിന്റെ തിരിക്കിനിടയിൽ രോഹിതിന്റെ മാറ്റം അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ.
‘ദിവസവും മൂന്ന് മണിക്കൂർ വരെ ജിമ്മിൽ വർക്കൗട്ട് നടത്തും. കാർഡിയോ എക്സസൈസിൽ അധികം ശ്രദ്ധ നൽകിയിരുന്നില്ല. ആദ്യ അഞ്ച് ആഴ്ച ബോഡി ബിൽഡറുടെ മൈൻഡ് സെറ്റിൽ പരിശീലനം സജീവമാക്കി. ശരീരത്തിന്റെ ഓരോ ഭാഗവും ഉൾകൊള്ളും വിധം 700-800 റെപ്സ് ചെയ്തുകൊണ്ടായിരുന്നു വർക്കൗട്ട്. ദിവസവും ഒന്നര മണിക്കൂർ വരെ ഇത് നീണ്ടുനിന്നു. ചെസ്റ്റും ട്രൈസെപ്സും മാത്രമല്ല, ലൈറ്റ് വെയ്റ്റുകൾ ഉപയോഗിച്ചും കഠിനാധ്വാനം ചെയ്തു.
കാർഡിയോ മൂവ്മെന്റ് അടിസ്ഥാനമാക്കി 15 മുതൽ 20 മിനിറ്റ് വരെ ക്രോസ് ഫിറ്റും ചെയ്തു. ദിവസത്തിൽ മൂന്ന് മണിക്കൂർ എന്ന നിലയിൽ ആഴ്ചയിൽ ആറു ദിവസം. ഇത് മൂന്നു മാസം വരെ തുടർന്നു. എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വർക്കൗട്ട്. ഇന്ത്യൻ ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് അഡ്രിയാൻ ലെ റൂക്സ് ഇതറിഞ്ഞാൽ ചീത്ത വിളിക്കുമെന്നുറപ്പ്’ -അഭിഷേക് നായർ വിശദീകരിക്കുന്നു.
ഏതൊരു മുംബൈക്കാരന്റെയും ഇഷ്ടമായ വടാപാവും രോഹിത് ഭക്ഷണ ക്രമീകരണത്തിന്റെ ഭാഗമായി ഉപേക്ഷിച്ചതായി അഭിഷേക് പറഞ്ഞു. മൂന്ന് മണിക്കൂർ വർകൗട്ടിനു ശേഷം, 21 മണിക്കൂറും അദ്ദേഹം തന്റെ ഇഷ്ടങ്ങളെ നിയന്ത്രിച്ചുവെന്ന് പറയാം. 10 കിലോ ഭാരം കുറക്കാനായിരുന്നു ആദ്യം ലക്ഷ്യം വെച്ചത്. എന്നാൽ, അതിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. മനസ്സിൽ ഒരു ലക്ഷ്യവുമായി ഞങ്ങൾ തുടങ്ങി. പരിശീലനത്തിലും പോഷകാഹാരത്തിലും സ്ഥിരത നിലനിർത്തി തുടർന്നു. മത്സര ഷെഡ്യൂൾ ഉള്ളപ്പോൾ ഇത് തെറ്റും. എന്നാൽ ഞങ്ങൾ മൂന്ന് മാസത്തിൽ ലക്ഷ്യത്തിലേക്കെത്തി’ -രോഹിതിന്റെ ഫിറ്റ്നസ് യാത്രയെ കുറിച്ച് അഭിഷേക് വിശദീകരിച്ചു.
ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും പടിയിറങ്ങിയ താരം ശാരീരിക ക്ഷമതയും അത്‍ലറ്റിസവും നിലനിർത്തി 2027 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണക്രമത്തിൽ എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ബിരിയാണിയും ഒഴിവാക്കിയുള്ള മെനുവായിരുന്നു താരം പിന്തുടർന്നത്. കുതിര്‍ത്ത ബദാം, മുളപ്പിച്ച സാലഡ്, പഴങ്ങള്‍ ചേര്‍ത്ത ഓട്‌സ്, തൈര്, വെജിറ്റബിള്‍ കറി, പരിപ്പ്, പനീര്‍, പാല്‍, സ്മൂത്തികള്‍ എന്നിവയിലൂടെ പോഷകാഹാരവും നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

