ഇനി ഫിറ്റ്നസില്ലായെന്ന് പറയരുത്..!, ഹിറ്റ്മാൻ കുറച്ചത് 20 കിലോ ശരീരഭാരം; ഡയറ്റ് രഹസ്യം പുറത്ത്..!
text_fieldsമുംബൈ: ഫിറ്റ്നസില്ലായെന്ന് പഴി ഏറെ കാലമായി കേൾക്കുന്നയാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. എന്നാൽ, വിമർശകരുടെ കണ്ണുതള്ളിക്കുന്ന, ഹിറ്റ് മാൻ ആരാധകരെ ആവേശം കൊള്ളിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വരാനിരിക്കുന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുൻപായി 20 കിലോയോളം ശരീരഭാരമാണ് രോഹിത് കുറച്ചത്. 95 കിലോയിൽ നിന്ന് 75 കിലോയിലേക്കാണ് മാറ്റം. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേദിയിലാണ് സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവുമാണ് താരത്തിന്റെ ശരീരഭാരം നിയന്ത്രിച്ചത്. എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങളും ബട്ടര്‍ ചിക്കൻ, ചിക്കൻ ബിരിയാണി എന്നിവ രോഹിത് പൂർണമായും ഒഴിവാക്കിയിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കുതിർത്ത ബദാം, മുളപ്പിച്ച സാലഡ്, പഴങ്ങൾ ചേർത്ത ഓട്സ്, തൈര്, വെജിറ്റബിൾ കറി, പരിപ്പ്, പനീർ, സ്മൂത്തികൾ എന്നിവയുൾപ്പെടെയാണ് ഡയറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുള്ളത്.
ആറ് കുതിർത്ത ബദാം, മുളപ്പിച്ച സാലഡ്, ജ്യൂസ് എന്നിവയോടെ രാവിലെ ഏഴിനാണ് രോഹിത് തന്റെ ദിവസം ആരംഭിക്കുന്നത്. 9.30ന് പഴങ്ങളും ഒരു ഗ്ലാസ് പാലും ചേർത്ത് ഓട്‌സ് കഴിക്കുന്നു. 11.30 ഓടെ, തൈര്, ചില്ല, തേങ്ങ വെള്ളം എന്നിവ കഴിക്കും. ഉച്ചയ്ക്ക് 1:30 ന് ഉച്ചഭക്ഷണത്തിൽ പച്ചക്കറി കറി, പരിപ്പ്, ചോറ്, സാലഡ് എന്നിവ ഉൾപ്പെടുത്തുന്നു. വൈകുന്നേരം 4:30 ഓടെ, അദ്ദേഹം ഡ്രൈ ഫ്രൂട്ട്‌സ് ചേർത്ത ഒരു ഫ്രൂട്ട് സ്മൂത്തി കഴിക്കുന്നു.
രാത്രി 7:30 ന് അത്താഴത്തിന് പനീർ, പച്ചക്കറികൾ, പുലാവ്, പച്ചക്കറി സൂപ്പ് എന്നിവ ഉണ്ടാകും. രാത്രി 9:30 ന്, ഒരു ഗ്ലാസ് പാലും മിക്സഡ് നട്സും. കൂടെ കാർഡിയോ & എൻഡുറൻസ് പരിശീലനവും. ഫിറ്റ്നസ് വിദഗ്ധനായ അഭിഷേക് നായരും ബി.സി.സി.ഐയുടെ പരിശീലക സംഘവുമാണ് കൂടെയുള്ളത്.
ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയിരുന്നു. ഏകദിനത്തിലും ശുഭ്മൻ ഗിൽ തന്നെയാണ് ടീമിന്‍റെ നായകനാകുന്നത്.
ഏകദിനത്തിൽ മികച്ച റെക്കോഡുള്ള ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത്. കോഹ്‍ലിയുടെ പിൻഗമായിയായി ഏകദിന ക്യാപ്റ്റൻസിയിലെത്തിയ രോഹിതിനു കീഴിൽ 56 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. 42 മത്സരങ്ങളിൽ വിജയവും, 12 തോൽവിയും ഒരു സമനിലയും വഴങ്ങി. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുകയും ഈവർഷം നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ടീമിന് കിരീടം നേടികൊടുക്കുകയും ചെയ്തു.
ഇന്ത്യ-വിൻഡീസ് ഒന്നാം ടെസ്റ്റ് വേദിയായ അഹ്മദബാദിൽ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർകർ, കോച്ച് ഗൗതം ഗംഭീർ, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് നായക മാറ്റത്തിൽ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

