'ഹാറ്റ്സ് ഓഫ് ടു ക്യാപ്റ്റൻ, മുന്നിൽ നിന്ന് നയിച്ചു'; രോഹിത്തിനെ അഭിനന്ദിച്ച് ഷമ
text_fieldsചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും നായകൻ രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. 'ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ അത്ഭുതാവഹമായ പ്രകടനത്തിന് ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. 76 റൺസെടുത്ത് മുന്നിൽ നിന്ന് നയിക്കുകയും വിജയത്തിന് അടിത്തറയിടുകയും ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമയെയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ചു' -അഭിനന്ദന ട്വീറ്റിൽ ഷമ പറഞ്ഞു.
നേരത്തെ, രോഹിത് ശർമയുടെ ശരീര പ്രകൃതിയെ മോശം ഭാഷയിൽ വിമർശിച്ചതിനെ തുടർന്ന് ഷമ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. രോഹിത് ശർമ തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ഷമ മുഹമ്മദിന്‍റെ വിവാദ ട്വീറ്റ്. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോൺഗ്രസ് വക്താവിന്‍റെ പോസ്റ്റ്. വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ഇവർ ട്വീറ്റ് പിൻവലിച്ചിരുന്നു.
വിവാദത്തിൽ താൻ മാപ്പുപറയില്ലെന്നും കളിക്കാർ ഫിറ്റായിരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും, പറഞ്ഞത് നല്ല കാര്യം മാത്രമെന്നും ഷമ പറഞ്ഞിരുന്നു. 'ഫിസിക്കൽ ഫിറ്റ്നെസിനെ കുറിച്ച് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണ്. ഒരു കായികതാരം ഫിറ്റായിരിക്കേണ്ടതുണ്ട്. അവർ പലരുടെയും റോൾ മോഡലാണ്. ആ ഒരു രീതിയിൽ മാത്രമാണ് ഞാൻ പറഞ്ഞത്. അത് ആരെയും വേദനിപ്പിക്കാനോ കളിയാക്കാനോ ചെയ്തതല്ല. എല്ലാവരും വിർശിക്കുന്നു ബോഡി ഷെയിമിങ്ങ് ആണെന്ന്. സാധാരണ ഒരാളെ കുറിച്ച് പറയുമ്പോൾ അത് ബോഡി ഷെയിമിങ്ങാണ്. എന്നാൽ, കായികതാരത്തെ കുറിച്ച് പറയുമ്പോൾ അത് ബോഡി ഷെയിമിങ്ങല്ല. വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, ശ്രീനാഥ്, അങ്ങനെയുള്ള കളിക്കാരെല്ലാം ഫിസിക്കലി ഫിറ്റാണ്. രോഹിത് ശർമ അത്ര ഫിറ്റല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്' -ഷമ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.