Begin typing your search above and press return to search.
proflie-avatar
Login

ഏഷ്യൻ പതാകയേന്തി ജപ്പാൻ, ആഫ്രിക്കൻ ഉദയമായി മൊറോക്കോ

സ്‍പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ജപ്പാൻ ചാമ്പ്യൻമാരാകു​മെന്നും ബെൽജിയവും ക്രെ​ായേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്നും മൊറോക്കോ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനങ്ങളിലൊന്നുമില്ലായിരുന്നു. എന്നാൽ, ഈ അട്ടിമറികൾ കേവല യാദൃശ്ചികതയായോ അപ്രതീക്ഷിത സംഭവമായോ കാണാനാവില്ല. ചെറുടീമുകളുടെ കൃത്യമായ കണക്കുകൂട്ടലുകളുടെയും തന്ത്രജ്ഞതയുടെയും പ്രതിഫലനമായി വേണം ഇതിനെ വായിച്ചെടുക്കാൻ. അറേബ്യൻ നൈറ്റ്സ് ഭാഗം രണ്ട്.

ഏഷ്യൻ പതാകയേന്തി ജപ്പാൻ, ആഫ്രിക്കൻ ഉദയമായി മൊറോക്കോ
cancel

"ത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഈ ലോകകപ്പ് ഇങ്ങനെയാണ്. ഇവിടെ എന്തും സംഭവിക്കാം, സംഭവിപ്പിക്കാം. ഇനിയും ജയിക്കാൻ തന്നെയാവും ഞങ്ങളുടെ ശ്രമം" - ജപ്പാൻ ക്യാപ്റ്റൻ മായ യോഷിദ സ്പെയിനിനെ തോൽപിച്ച ശേഷം നിറകണ്ണുകളോടെ പറഞ്ഞതാണിത്. 'വമ്പൻമാരും കുഞ്ഞൻമാരുമെന്ന' ഫുട്ബാളിന്റെ പതിവു സമവാക്യങ്ങൾ ഖത്തർ ലോകകപ്പ് തിരുത്തിയെഴുതുകയാണ്. ബെൽജിയം, ജർമനി, സ്പെയിൻ, ഫ്രാൻസ്, അർജന്റീന തുടങ്ങിയവ വൻമരങ്ങളെല്ലാം കളിയിലെ ഭൂകമ്പത്തിൽ വിറച്ചു.

സ്‍പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ജപ്പാൻ ചാമ്പ്യൻമാരാകു​മെന്നും ബെൽജിയവും ക്രെ​ായേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്നും മൊറോക്കോ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രവചനങ്ങളിലൊന്നുമില്ലായിരുന്നു. എന്നാൽ, ഈ അട്ടിമറികൾ കേവല യാദൃശ്ചികതയായോ അപ്രതീക്ഷിത സംഭവമായോ കാണാനാവില്ല. മറിച്ച് ചെറുടീമുകളുടെ കൃത്യമായ കണക്കുകൂട്ടലുകളുടെയും തന്ത്രജ്ഞതയുടെയും പ്രതിഫലനമായി വേണം ഇതിനെ വായിച്ചെടുക്കാൻ.

ക്ഷമ, അച്ചടക്കം, കൃത്യമായ ആക്രമണോത്സുകത, പ്രസിങ് ഗെയിം – ഈ നാലു ഘടകങ്ങളാണ് ജപ്പാനെയും മൊറോക്കോയെയും അതാത് ഗ്രൂപ്പുകളിലെ ചാമ്പ്യന്മാരാക്കിയത്. കേവലം ബോൾ പൊസഷനും ഷോട്ടുകളും മാത്രമല്ല ഇപ്പോഴുള്ള കളി മികവിന്റെ അളവുകോൽ. എഫക്ടീവ് പൊസഷൻ അതായത് കിട്ടിയ പന്തുകൊണ്ട് എങ്ങനെ അറ്റാക്ക് ചെയ്യാൻ കഴിയും എന്ന ഒരു ഘടകം ഇപ്പോഴത്തെ ഫുട്ബാൾ ഡാറ്റ അനലിസ്റ്റുകൾ പരിഗണിക്കുന്നുണ്ട്. പന്ത് കൈവശം വെക്കാതെയും കളി നിയന്ത്രിക്കാം എന്നും ഇതേ അനലിസ്റ്റുകൾ തന്നെ പറയുന്നു. വലിയ കളിക്കാരുള്ള ടീമിന് കൂടുതൽ സമയം പന്ത് നൽകി ഏറെ അച്ചടക്കത്തോടെ പതിനൊന്നുപേരേയും സംഘടിപ്പിച്ചു വളരെ പെട്ടെന്ന് വേഗതയേറിയ ഒരു കൗണ്ടറിൽ എതിരാളിയെ വീഴ്ത്തുക എന്ന തന്ത്രം ജപ്പാൻ അതിമനോഹരമായി നമുക്ക് കാണിച്ചുതന്നു. മൊറോക്കോയുടേത് അൽപ്പം കൂടി സമഗ്രതയുള്ള കളിയായിരുന്നു. യൂറോപ്യൻ ലീഗുകളിൽ കളിച്ചുപരിചയമുള്ള അവരുടെ താരങ്ങൾ കൃത്യമായ നീക്കങ്ങളോടെയാണ് പന്തുതട്ടിയത്.

കഴിഞ്ഞയാഴ്ച ബെൽജിയവുമായി പോരിനിറങ്ങിയ മൊറോക്കോ കണക്കു കൂട്ടിത്തന്നെയാണ് കളിക്കാൻ വന്നത്. ഹസാർഡും ഡിബ്രൂയ്നെയും വിട്‌സിലും ചേർന്ന് മധ്യനിരയിലെ ആധിപത്യം നേടുകയും തുടർന്ന് ഡിഫെൻസ് ലൈൻ ഭേദിച്ച് സ്ട്രൈക്കെർക്ക് പാസ് ചെയ്ത് ഗോൾ നേടുകയും ചെയ്യുക എന്ന തന്ത്രവുമായാണ് ബെൽജിയം വന്നത്. എന്നാൽ മൊറോക്കോ വെറുതെ പ്രതിരോധിക്കാൻ നിന്നില്ല, കേവല പ്രതിരോധം ഡിബ്രൂയ്നെയെ പോലുള്ള അതികായർക്കു ഒരിക്കലും ഭൂഷണമല്ല എന്ന നിശ്ചയം അവർക്കുണ്ടായിരുന്നു. കടുത്ത പ്രെസിങ്ങിലൂടെയും മാൻ ടു മാൻ മാർക്കിങ്ങിലൂടെയും ബെൽജിയത്തിന്റെ സമർഥമായ മിഡ്‌ഫീൽഡിനെ അവർ പൂട്ടി എന്നുതന്നെ പറയാം. കടുത്ത പ്രസിങ്ങിന്റെ ഫലമായി എപ്പോഴും ഉണ്ടാവാറുള്ള ലൂസ് ബോൾ വീണ്ടെടുക്കുക എന്ന ദൗത്യവും മോറോക്കൻ താരങ്ങൾ ഭംഗിയായി നടപ്പിലാക്കി. എൽ നെസീരിയുടെയും ഹക്കിം സീയെച്ചിന്റെയും അപകടം വിതച്ച സെറ്റ് പീസുകളും അവർക്കു ചെമ്പടയുടെ മേൽ മുൻ‌തൂക്കം നൽകി. ബെൽജിയത്തിനെതിരെ അവർ നേടിയ രണ്ടു ഗോളുകളും ഈ മികച്ച പ്ലാനിന്റെ പ്രതിഫലനമായിരുന്നു. ഇന്നലെ കാനഡയോട് നേടിയ വിജയവും അവരുടെ ആക്രമണോത്സുകതയുടെ വിജയം തന്നെയാണ്.

യൂറോപ്യൻ താരങ്ങളുടെ അത്രയും ശാരീരികശേഷിയോ, ഉയരമോ ഇല്ലെന്ന പ്രതികൂല ഘടകത്തെയും മറികടകന്നാണ് ജപ്പാൻ പന്തുതട്ടിയത്. ചടുലമായ പാസിങ്, വിങ്ങുകളിലെ വേഗത എന്നിവ കൊണ്ട് ലോകകപ്പിലെ ഫേവറിറ്റുകളായ സ്പാനിഷ്, ജർമൻ ഡിഫൻഡർമാരെ ചെറുതൊന്നുമല്ല അവർ ബുദ്ധിമുട്ടിച്ചത്. ഇരുകളിയിലും 5-4 -1 എന്ന ഫോർമേഷനിലിറങ്ങിയ അവർ അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്ത് പെട്ടെന്നുള്ള കൗണ്ടർ കൊണ്ട് ഗോൾ നേടുക എന്ന തന്ത്രമാണ് പയറ്റിയത്. എന്നാൽ ഇരുകളിയിലും ആദ്യപാദത്തിൽ പിറകോട്ട് പോയ അവർ വളരെ മികച്ച രീതിയിൽ തന്നെ തിരിച്ചെത്തി വിജയംകൊയ്തു. ജാപ്പനീസ് മാനേജർ ഹാജിമേ മോറിയാസു തന്ത്രപരമായി ഫോർമേഷൻ മാറ്റിയതും സബ്സ്റ്റിട്യുഷനിറക്കിയതും വിജയമുറപ്പിച്ച സ്പെയിനിനെയും ജർമനിയെയും രണ്ടാം പകുതിയിൽ അതിശയപ്പെടുത്തി എന്ന് പറയാം.

ഹാജിമേ മോറിയാസു

5-4-1 എന്ന ഡിഫെൻസീവ് ഫോർമേഷനിൽ പ്രതിരോധ ഭടനായി കളിച്ച മിടൂണ ഒരു എക്സ്ട്രാ അറ്റാക്കറായി പരിണമിക്കുകയാണുണ്ടായത്. അതുമൂലം മധ്യനിരയിൽ ആധിപത്യം നേടാനും ജപ്പാന് കഴിഞ്ഞു. ജർമനിക്കെതിരെ ക്ഷമയോടെ കളിച്ചു അവസാനത്തെ ഇരുപതു മിനിറ്റിൽ ആക്രമണം തുടങ്ങിയ അവർ ഇന്നലെ സ്പെയിനിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അറ്റാക്കാരംഭിച്ചു. പന്ത് തങ്ങളുടെ കാലുകളിൽ ഭദ്രമായി സൂക്ഷിച്ചുകൊണ്ട് മെല്ലെ കളി ജയിക്കാമെന്ന ജർമനിയുടെയും സ്പെയിനിന്റെയും ഉദ്ദേശം അവർ ഈയൊരു മാറ്റത്തിലൂടെ കടപുഴക്കിയെറിഞ്ഞു. 83 മിനിറ്റിലായിരുന്നു ജർമനിയോട് ലീഡ് നേടിയതെങ്കിൽ 48, 51 മിനിറ്റുകളിൽ തുടരെ ഗോൾ നേടിക്കൊണ്ട് സ്പെയിനിനെ അവർ സ്‌തബ്ദരാക്കി. ആവോ തനാകാ നേടിയ രണ്ടാം ഗോൾ ഇനിയുള്ള കാലം വാദപ്രതിവാദത്തിനു വഴിവെച്ചേക്കാം. ഔട്ട് ലൈനിൽ നിന്നും കവോരു മിറ്റോമ നൽകിയ പാസ് ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചു അകത്താണെന്ന് റഫറി വിധിച്ചു. ആധുനിക സാങ്കേതികവിദ്യ അതിന്റെ മൂർച്ഛതയിൽ ഉപയോഗിക്കുന്ന ഈ ലോകകപ്പിൽ അതിനെതിരെ വാദിക്കാനൊക്കില്ല എന്നു സാരം. സ്പെയിനിനെതിരെ ലീഡ് നേടിയ ശേഷം ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ വേണ്ടിത്തന്നെ നിലകൊണ്ട ജപ്പാൻ പിന്നെ പുറത്തെടുത്തത് ഒരു മാസ്റ്റർക്ലാസ് ഡിഫൻസീവ് തന്നെയാണ്. ബുസ്‌കറ്റ്സിനും സംഘത്തിനും ഒരു രീതിയിലും തങ്ങളുടെ തനതായ പാസിങ് ശൈലി പുറത്തെടുക്കാൻ ജാപ്പനീസ് താരങ്ങൾ അവസരം കൊടുത്തില്ല. ഒരു ഗുണവുമില്ലാതെ വശങ്ങളിലേക്ക് അവർ പാസിട്ടു കളിച്ചു. സ്പെയിനിന്റെ 83 ശതമാനം പൊസഷനും ആയിരത്തിനുമേലെയുള്ള പാസുകളും കേവലം 228 പാസുകൾ കൊണ്ട് ജപ്പാൻ ഒന്നുമല്ലാതെയാക്കി. അതെ, പന്ത് കൈവശം വെക്കാതെ അവർ കളിയെ നിയന്ത്രിച്ചു!

ഗ്രൂപ്പ് എഫിലെ ബെൽജിയം-ക്രൊയേഷ്യ കളി ആദ്യപാദത്തിൽ അതിവിരസമായിരുന്നു. ജയത്തിൽ കുറഞ്ഞ ഒന്നും ഭൂഷണമല്ലാതിരുന്ന ബെൽജിയൻ സംഘം അതിന്റെ യാതൊരുവിധ ലക്ഷണവും കാണിക്കാതെയാണ് കളിച്ചത്. കഴിഞ്ഞയാഴ്ച ഡിബ്രൂയ്നെ തങ്ങൾക്കു വയസ്സായി എന്നൊരു അഭിമുഖത്തിൽ പറഞ്ഞത് അവരുടെ കളിയിലും അപ്പോൾ കണ്ടു. ക്രൊ​യേഷ്യൻ താരങ്ങൾ നടത്തിയ ആക്രമണങ്ങളെ ഗോൾ കീപ്പർ തിബോ കോർട്ടോയുടെ ഒരൊറ്റ ബലത്തിലാണ് പലപ്പോഴും ബെൽജിയം ചെറുത്തത്. ബെൽജിയൻ മധ്യനിരയും ആക്രമണനിരയും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നു. രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ നിരന്തരം ചാൻസുകൾ കിട്ടിയെങ്കിലും ലുക്കാക്കു അവിശ്വസനീയമാം വിധം പാഴാക്കുക കൂടി ചെയ്തതോടെ വിധി ​തീരുമാനമായി. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബെൽജിയവും ജർമനിയും ഇനി അവരുടെ ഭാവിയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. 2014 ലോകകപ്പിൽ ആരംഭം കൊണ്ട ബെൽജിയത്തിന്റെ സുവർണ തലമുറ അവരുടെ അസ്തമയത്തിൽ എത്തിയിക്കുന്നു. ജമാൽ മുസിയാല, ലിറോയ്​ സാനെ, ഗ്നാബ്രി അടക്കമുള്ള യുവതാരങ്ങളുള്ള ജർമനി അടുത്ത യൂറോകപ്പിന് വേണ്ടി തയ്യാറെടുക്കും.

റൊമേലു ലുകാകു

ഇന്നലത്തെ താരങ്ങളായ മൊറോക്കോയുടെയും ജപ്പാന്റെയും കോച്ചുമാർ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാവാം. പക്ഷേ അധിക കായികക്ഷമത ആവശ്യമുള്ള അവരുടെ കളി ശൈലിയിൽ എത്രത്തോളം സ്ഥിരത പുലർത്താനാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 120 മിനിറ്റ് വരെ നീളാവുന്ന നോക്കൗട്ട് മത്സരങ്ങളിൽ അതിന്റെ പ്രായോഗിതകയെ നമ്മൾ കണ്ടറിയണം. അഞ്ചു പേരെ സബ്സ്റ്റിറ്റ്യൂഷൻ ചെയ്യാമെന്ന പുതിയ നിയമം അവർക്ക് അനുകൂലമായിരിക്കും. യോഷിദ പറഞ്ഞത് പോലെ എന്തും സംഭവിക്കാം. ആശംസകൾ നേരാം നമുക്ക് ഈ പോരാളികൾക്ക്.

Show More expand_more
News Summary - arabian nights two