Begin typing your search above and press return to search.
proflie-avatar
Login

കണക്കുകൾ തീർത്ത് ചാരമാക്കിയ രാത്രി

കണക്കുവീട്ടലിന്റെയും നഷ്ടക്കണക്കുകളുടെയും കണ്ണീരും പുഞ്ചിരിയും അലയടിച്ച ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം എന്നും ഓർമിക്കപ്പെടട്ടെ. ബാക്കിയായവർ ഇന്നുമുതൽ ഒറ്റ ലക്ഷ്യത്തിനായി പന്തുതട്ടും. അറേബ്യൻ നൈറ്റ്സ് ഭാഗം മൂന്ന്.

arabian nights three
cancel

ലോകപ്രശസ്ത ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ റ്റീരിയൻ ലാനിസ്റ്റർ പറയുന്ന ഒരു വാചകമുണ്ട്, "നീ സുരക്ഷിതവും സന്തോഷകരവും ആണെന്ന് കരുതുന്ന ഒരു നാൾ വരും. എന്നാൽ ആ സന്തോഷം നിന്റെ വായിലെ ചാരമായി മാറും. ഇനി തീർക്കാൻ കണക്കുകൾ ഒന്നും ബാക്കിയില്ലെന്ന് അന്ന് നീ അറിയും." ഗെയിം ഓഫ് ത്രോൺസിലെ നാടകീയതയെ വെല്ലുന്ന ഖത്തർ ലോകകപ്പിലെ ഇക്കഴിഞ്ഞ രാത്രിയിലെ ചില പ്രധാനികളെ പറ്റി പറയാതെവയ്യ. പക്ഷേ ഈ കഥകൾ ശരിക്കും പ്രതികാര കഥകൾ തന്നെയാണോ അല്ലയോ എന്നത് ഒരു തർക്കവിഷയമാണ്. കാരണം ഇത് പ്രതികാരത്തിന്റെയും പകരംവീട്ടലിൻ്റെയും അപ്പുറത്തുള്ള മറ്റെന്തോ ആണ്.

ഫുട്ബോൾ ലോകകപ്പ് പിന്തുടരുന്നവർ അടുത്തെങ്ങും മറന്നിരിക്കാൻ സാധ്യതയില്ലാത്ത ബന്ധമാണ് ഉറുഗ്വായുടെ ലൂയിസ് സുവാരേസും ഘാന നാഷണൽ ടീമും തമ്മിലുള്ളത്. 2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ഘാനക്കെതിരെയുള്ള സുവാരസിന്റെ ഹാൻഡ്ബോളും അതിനു നേടിയ പെനാൽറ്റി ക്രോസ്ബാറിലേക്ക് അടിച്ച അസമോവ ഗ്യാനിന്റെ തകർന്ന ഹൃദയവും ആരും മറക്കാനിടയില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമായിരുന്ന ഇന്നലത്തെ ഉറുഗ്വായ്-ഘാന കളി വെറും പ്രീക്വാർട്ടർ ടിക്കറ്റിന്റെ പ്രാധാന്യമുള്ള കളി മാത്രമായിരുന്നില്ല. മറിച്ചു പന്ത്രണ്ടു വർഷങ്ങൾ പിന്നോട്ട് പോകുന്ന ഒരു പ്രതികാര കഥ കൂടിയാണ്. ഘാനയിലെ ജനത ഇന്നും വെറുപ്പോടെ നോക്കിക്കാണുന്ന ഒരു താരമാണ് സുവാരസ്. കളിക്ക് മുൻപ് ഒരു ഘാനൻ പത്രപ്രവർത്തകൻ പറഞ്ഞത് സുവാരസ് ഒരു ചെകുത്താൻ ആണെന്നാണ്; ഒരു ജനതയുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ, എതിർകളിക്കാരെ കടിച്ചുപറിക്കുന്ന ഒരു ചെകുത്താൻ. ഘാനക്കു പ്രതികാരം ചെയ്യാൻ കളി തുടങ്ങി പതിനേഴു മിനിറ്റുകൾക്ക് ശേഷം ലഭിച്ച പെനാൽറ്റിയോളം നല്ല അവസരം വേറെ ഉണ്ടായിരുന്നില്ല. പക്ഷേ ആന്ദ്രേ ആയു തൊടുത്തുവിട്ട ഷോട്ട് സെർജിയോ റോച്ചെ രക്ഷപ്പെടുത്തി. ശേഷം 26, 32 മിനിറ്റുകളിൽ ഇരട്ട ഗോളുകളുമായി ഉറുഗ്വായ് താരം അരശേറ്റ ലീഡ് നേടിയപ്പോൾ ഘാനൻ ജനതയുടെ പ്രതികാരദാഹം കെട്ടുപോയി എന്നവർ കരുതിയിട്ടുണ്ടാവണം. കളിക്കിടയിൽ സുവാരസിനും സംഘത്തിനുമെതിരെയുണ്ടായ കൂക്കിവിളികൾ ആശങ്കയിലേക്കു വഴിമാറി. ഉറുഗ്വായ് പ്രീക്വാർട്ടറിലേക്കും ഘാന പുറത്തേക്കും എന്ന നില. ഘാനയിലെ ഒരാൾക്കും താങ്ങാൻ പറ്റാത്ത സന്ദർഭം. പക്ഷേ, ഇത് ഫുട്ബാൾ ആണ് – ഒടുവിലെ വിസിൽ മുഴങ്ങുന്നത് വരെ എന്തും സംഭവിക്കാവുന്ന ഗെയിം.

ഹ്യുങ് മിൻ സോൺ

ഉറുഗ്വായ് കളി അവസാനിക്കുന്ന അതേസമയം എഡ്യൂ സിറ്റി സ്റ്റേഡിയത്തിൽ സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്ന ദക്ഷിണ കൊറിയ-പോർച്ചുഗൽ മത്സരത്തിന്റെ ഇഞ്ചുറി സമയത്തു ഫേസ് മാസ്ക് ധരിച്ചു കൊണ്ട് ഹ്യുങ് മിൻ സോൺ തന്റെ ഹാഫിൽ നിന്ന് പന്തുമായി കുതിച്ചു പോർച്ചുഗൽ ബോക്സിന്റെ അറ്റത്തുവരെ എത്തി. അവിടെ നിന്നും മൂന്നു പേരുടെ ഇടയിലൂടെ തൊടുത്ത മനോഹരമായ ത്രൂബോൾ ഹ്വങ് ഹീ ചാൻ വളരെ ഭംഗിയായി ഫിനിഷ് ചെയ്തു. കളി അവസാനിച്ചപ്പോ ഗോൾ ശരാശരിയിൽ ഉറുഗ്വായെ പിന്നിലാക്കി കൊറിയ പ്രീക്വാർട്ടറിൽ കടന്നു. തങ്ങൾക്കു നിഷേധിക്കപ്പെട്ട പെനാൽറ്റിയെ ചൊല്ലി ഉറുഗ്വായ് താരങ്ങൾ അപ്പോൾ റഫറിമാരെ വളഞ്ഞാക്രമിക്കുകയായിരുന്നു. ഘാനയുടെ താരങ്ങൾ നിരാശയോടെ തലകുനിക്കുകയും ചിലർ വിതുമ്പുകയുമായിരുന്നു.

ഒരു തരത്തിൽ നോക്കുകയാണെങ്കിൽ ഘാനയുടെ ജനതയ്ക്ക് തങ്ങൾ പുറത്തുപോയപ്പോൾ കൂടെ സുവാരസിന്റെ ടീമിനെയും വലിച്ചിടാൻ പറ്റി എന്ന് നെടുവീർപ്പിടാം. പക്ഷേ അതായിരിക്കുമോ അവർ ചിന്തിക്കുന്നുണ്ടാവുക? തങ്ങൾക്കു അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ, ഒരു മധുര പ്രതികാരം ചെയ്യാൻ കഴിയാതെ പോയ നിരാശയായിരിക്കുമോ അവരുടെ മനസിൽ? കളിക്ക് ശേഷം കരഞ്ഞുകൊണ്ടിരുന്ന സുവാരേസ് ശെരിക്കും 2010ൽ ചെയ്തത് തെറ്റാണോ?, അയാൾ ഒരു ചെകുത്താനോ ഒരു ഫുട്ബോൾ ഇതിഹാസമോ? ആ തർക്കങ്ങൾക്ക് ഇനിയും ഇടമുണ്ട്. പക്ഷേ എഡ്യൂ സിറ്റി സ്റ്റേഡിയത്തിൽ തന്റെ മാസ്ക് ഊരിക്കൊണ്ട് അത്യാഹ്ലാദത്താൽ കരഞ്ഞുപോയ ഹ്യുങ് മിൻ സോൺ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളെയായിരുന്നു അപ്പോൾ രുചിച്ചറിഞ്ഞത്. അയാൾ വലിച്ചൂരിയ മാസ്ക് നമുക്ക് ഒരു സൂപ്പർഹീറോ മാസ്ക് ആയിട്ടൊക്കെ ഉപമിക്കാവുന്നതാണ്. സോഷ്യൽ മീഡിയ പേജുകൾ ഇത്തരത്തിലുള്ള താരതമ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വമ്പൻ ടീമുകളെ വീഴ്ത്തിയ മറ്റൊരു കുഞ്ഞൻ രാജ്യത്തിന്റെ വലിയ ആഘോഷം.

ഏകദേശം രണ്ടു മണിക്കൂറിനു ശേഷം ആരംഭിച്ച സെർബിയ-സ്വിറ്റ്സർലൻഡ് മത്സരം സ്വിസ് താരങ്ങളായ ശാക്കക്കും ഷക്കിരിക്കും കേവലം പ്രീക്വാർട്ടറിനു വേണ്ടിയുള്ള കളി മാത്രമായിരുന്നില്ല. വർഷങ്ങളോളം അവർ നേരിട്ട സെർബിയൻ ഹിംസക്കെതിരെയുള്ള തുറന്ന പോരാട്ടമായിരുന്നു. അൽബേനിയൻ വംശജരായ ഇരുവർക്കും സെർബിയയുമായി പഴയൊരു കണക്ക് അപ്പോഴും ബാക്കിയാണ്. അൽബേനിയയിൽ ജനിച്ച ഷക്കിരിയുടെ മാതാപിതാക്കൾ തൊണ്ണൂറുകളിൽ സെർബ്-യൂഗോസ്ലാവിനെതിരെയുള്ള കൊസോവോയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. യുഗോസ്ലാവ്യയുടെ തകർച്ചയുടെ സമയത്തു നടന്ന മുസ്ലിം വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ ക്സെർഡൻ ഷക്കിരിയുടെ പിതാവ് ഇസെൻ ഷക്കിരി തന്റെ കുടുംബവുമായി സ്വിറ്റസർലണ്ടിലേക്കാണ് കുടിയേറിയത്. തന്റെ കരിയറിലുടനീളം കൊസോവൻ ജനതയ്ക്കായുള്ള പരസ്യ പിന്തുണ സ്വീകരിച്ച ഷക്കിരി ഇന്നലെ രാത്രി നേടിയ ആദ്യ ഗോൾ ആഘോഷിച്ചത് അൽബേനിയൻ ചിഹ്നമായ പരുന്തിനെ അനുകരിച്ചാണ്‌. സ്വിറ്റ്സർലണ്ടിലാണ് ജനിച്ചതെങ്കിലും ഗ്രാനിറ്റ് ശാക്കയുടെ കുടുംബം അൽബേനിയൻ വംശജരായ കൊസോവോക്കാരായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദി ഗാർഡിയൻ പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ ശാക്ക സെർബിയൻ രാഷ്ട്രം ആറു വർഷം തുറുങ്കിലടച്ച തന്റെ പിതാവിനെ പറ്റി പറഞ്ഞത് ഏറെ വികാരനിർഭരമായായിരുന്നു. 22ആം വയസ്സിൽ കോളേജ് വിദ്യാർഥിയായിരിക്കെ ആയിരുന്നു അവന്റെ പിതാവ് റാഗിപ് തുറുങ്കിലടക്കപ്പെട്ടത്. പതിനഞ്ചു വർഷത്തോളം റാഗിപിന്റെ അമ്മാവനും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഈ ലോകകപ്പിന്റെ തുടക്കത്തിൽ കൊസോവൻ രാജ്യത്തിന് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സന്ദേശം സെർബിയൻ ഡ്രസിങ് റൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനെതിരെ നടപടിയെടുക്കണമെന്ന കൊസോവൻ ഫുട്ബോൾ പ്രസിഡന്റിന്റെ പരാതിക്കു തൃപ്തികരമായ പ്രതികരണം ഇതുവരെ ഫിഫ നൽകിയിട്ടില്ല. 2008ലെ കൊസോവോയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതുവരെയും സെർബിയ അംഗീകരിച്ചിട്ടില്ലെന്നതാണ് വസ്തുത.

3 - 2 എന്ന സ്കോറിന് വിജയിച്ച സ്വിറ്റസർലണ്ടിന്റെ ഗോൾ സ്കോററായ ഷക്കിരിയും കളിയിലെ താരമായ ശാക്കയും കളിയുടെ ഇടയിലും കളിക്ക് ശേഷവും നിരന്തരം സെർബിയൻ ബെഞ്ചിനുനേരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടിരുന്നു. ഇന്നലത്തെ തങ്ങളുടെ വിജയം സെർബിയയോട് നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കൊസോവോക്കുവേണ്ടി അവർ സമർപ്പിച്ചു. ഫുട്ബോളിലൂടെ ഒരു മധുരപ്രതികാരം.

വിൻസെന്റ് അബൂബക്കർ

ശക്തരായ ബ്രസീലിനെതിരെ ഗോൾ നേടിയ കാമറൂൺ താരം വിൻസെന്റ് അബൂബക്കറിനെ പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. 92ആം മിനുറ്റിൽ വിജയഗോൾ നേടിയ അബൂബക്കർ ഷർട്ടൂരി ആഘോഷിച്ചതിന് രണ്ടാം മഞ്ഞക്കാർഡും കൊണ്ട് ഗാലറിയിലേക്കു നടന്നു. ഇന്നലത്തെ വിജയത്തിൽ കാമറൂണിന് പ്രായോഗികമായി ടൂർണമെന്റിൽ വലിയ നേട്ടമില്ല. അവർ പുറത്താണ്. ബ്രസീൽ ഒന്നാം സ്ഥാനത്തും. പക്ഷേ ഗോൾ നേടിയ ഹീറോയായി അബൂബക്കറിനും ജനതയുടെ അഭിമാനമായി കാമറൂൺ ടീമിനും നാട്ടിലേക്ക് തിരിക്കാം. പ്രതികാരത്തിന്റെയും നഷ്ടക്കണക്കുകളുടെയും കണക്കുവീട്ടലിന്റെയും കണ്ണീരും പുഞ്ചിരിയും അലയടിച്ച ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം എന്നും ഓർമിക്കപ്പെടട്ടെ. ബാക്കിയാവുന്ന പതിനാറ് ടീമുകളും ഇന്നുമുതൽ ഒറ്റ ലക്ഷ്യത്തിനായി പന്തുതട്ടും.

Show More expand_more
News Summary - arabian nights three