Begin typing your search above and press return to search.
proflie-avatar
Login

കാൽപനിക ഫുട്ബാളും യൂറോപ്യൻ പ്രായോഗികതയും

കളിക്കാരും ആരാധകരുമെല്ലാം ഇവിടെ ഫുട്ബാൾ ആസ്വദിക്കുകയാണ്, അവരതിൽ ആനന്ദം കണ്ടെത്തുകയാണ്. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും കളിയും സംഘാടന മികവും നമ്മൾ ചർച്ച ചെയ്യുമ്പോൾ ബ്രസീൽ ആ കൂട്ടത്തിൽ നിന്നൊഴിവാക്കപ്പെടുന്നതിനുള്ള കാരണം ഫുട്ബാൾ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്ന് നിരന്തരം ഓർമിപ്പിക്കുന്ന ബ്രസീലിയൻ ശൈലിയാണ്. ഈ ആസ്വാദനത്തിന്റെ മൂർത്ത രൂപമാണ് ടിറ്റെയുടെ ബ്രസീൽ ഇന്നലെ പ്രദർശിപ്പിച്ചത്.

കാൽപനിക ഫുട്ബാളും യൂറോപ്യൻ പ്രായോഗികതയും
cancel

ജോഗാ ബൊനീറ്റോ - ദി ബ്യൂട്ടിഫുൾ ഗെയിം. ഈയടുത്തു നൽകിയ ഒരു അഭിമുഖത്തിൽ ബ്രസീലിയൻ വിങ്ങർ റാഫിൻഹ പറഞ്ഞു "ഞങ്ങൾ പത്ത് തരം നൃത്തങ്ങൾ പഠിച്ചാണ് വന്നിട്ടുള്ളത്. ഓരോ ഗോളിനും ഓരോ തരം നൃത്തം." ഇന്നലത്തെ ബ്രസീൽ- ദക്ഷിണ കൊറിയ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ആ പത്തു ഡാൻസ് നമ്പറുകളും മതിയാവാതെ വരുമോ എന്ന് തോന്നിപ്പോയി. ഗ്രൗണ്ടിലൂടെ നൃത്തം കളിക്കുന്ന പോലെ പാസ്സുകളും, ഡ്രിബ്ബിളുകളും കൊണ്ട് ബ്രസീൽ താരങ്ങൾ കളം വാണപ്പോൾ കൊറിയൻ താരങ്ങൾ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിനു മുൻപേ തന്നെ നാല് ഗോളുകൾ അവരുടെ വലയിൽ കേറിയിരുന്നു; ഒപ്പം നാല് തരം ഡാൻസ് സ്റ്റെപ്പുകളും. അവർക്കെല്ലാം അനായാസമായിരുന്നു, ചിലപ്പോൾ ഗ്രൗണ്ടിൽ അവർ മാത്രമായിരുന്നോ എന്നു തോന്നിപ്പോയി. ഡാനി ആൽവേസിനോട് നിങ്ങളീ 39ാം വയസ്സിലും കളിക്കുന്നതെന്തിനെന്ന് ആരോ ചോദിച്ചപ്പോൾ അയാളുടെ ഉത്തരം ലളിതമായിരുന്നു, എനിക്കതിഷ്ടമായതു കൊണ്ട്. ആഘോഷിക്കുകയാണവർ, സാംബാ താളത്തിൽ നൃത്തം ചെയ്യുകയാണവർ.

കഴിഞ്ഞ ദിവസം സുഹൃത്തുമായി സംസാരിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു ഫുട്ബാൾ ആസ്വാദനവും വിശകലനവും എന്തുമാത്രം സാങ്കേതികത്വം നിറഞ്ഞതാണെന്ന്. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും സ്ഥിരമായി കാണുന്ന കേരളത്തിലെ ഫുട്ബാൾ പ്രേമികൾ ടീം ഫോർമേഷൻ, അറ്റാക്കിങ്, ഡിഫൻഡിങ്, പ്രസ്സിങ് എന്നിവയാണ് കണിശതയോടെ പരിശോധിക്കുന്നത്. എന്നാലിവർ എന്തുകൊണ്ടാണ് ബ്രസീലിനെ ആരാധിക്കുമ്പോഴും അവരുടെ കളിയെ പുകഴ്ത്തുമ്പോഴുമെല്ലാം നമ്മൾ കളിയാക്കിപ്പറയാറുള്ള 'കവിതയെഴുത്ത്' സ്വീകരിക്കുന്നത് എന്നത് ആലോചിക്കേണ്ട സംഗതിയാണ്. ബ്രസീലിന്റെ കാര്യം വരുമ്പോൾ മാത്രം എന്തുകൊണ്ട് കാല്‍പനികത ഏറെ സ്വീകാര്യമാവുന്നു? ഇവിടെയാണ് ഡാനി ആൽവേസിന്റെ വാക്കുകൾ ഒന്നുകൂടി അടിവരയിട്ട് വെക്കേണ്ടത്. കളിക്കാരും ആരാധകരുമെല്ലാം ഇവിടെ ഫുട്ബാൾ ആസ്വദിക്കുകയാണ്, അവരതിൽ ആനന്ദം കണ്ടെത്തുകയാണ്. ഇവിടെ ഫുട്ബാളിന്റെ ആസ്വാദനത്തിനാണ് കൂടുതൽ മൂല്യം നൽകപ്പെടുന്നത്. അല്ലാതെ അതിന്റെ സാങ്കേതികതയിലെ സമ്പൂർണതയ്ക്കല്ല. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും കളിയും സംഘാടന മികവും നമ്മൾ ചർച്ച ചെയ്യുമ്പോൾ ബ്രസീൽ ആ കൂട്ടത്തിൽ നിന്നൊഴിവാക്കപ്പെടുന്നതിനുള്ള കാരണം ഫുട്ബാൾ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്ന് നിരന്തരം നമ്മെ പഠിപ്പിക്കുന്ന ബ്രസീലിയൻ ശൈലിയാണ്. ഈ ആസ്വാദനത്തിന്റെ മൂർത്ത രൂപമാണ് ടിറ്റെയുടെ ബ്രസീൽ ഇന്നലെ പ്രദർശിപ്പിച്ചത്.

റിചാർലിസന്റെ ഗോൾ നോക്കൂ. അറ്റാക്കിങ് തേർഡിൽ കിട്ടിയ പന്ത് തന്റെ തല കൊണ്ട് നിയന്ത്രിച്ച്, കൊറിയൻ ഡിഫൻഡറെ വകഞ്ഞുമാറ്റി മാർക്വിൻഹോസിനു എത്തിക്കുന്നു. റിചാർലിസൺ അവിടെ നിർത്തുന്നില്ല. അയാൾ തിയാഗോ സിൽവ നൽകാൻ പോകുന്ന പാസിനായുള്ള ഓട്ടം അവിടെത്തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രതീക്ഷ തെറ്റിക്കാതെ മാർക്വിൻഹോസ്‌ സിൽവക്കു പന്ത് നൽകി പിന്നെ ഒരു മികച്ച ത്രൂ ബാളിലൂടെ സിൽവ റിചാർലിസണ്‌ അത് നീട്ടിക്കൊടുത്തു. റിചാർലിസൺ, ഗോൾ!! കൊറിയൻ ഡിഫൻഡർമാർ വെറും കാഴ്ചക്കാർ മാത്രം. ഇത്രമാത്രം ഒത്തിണക്കത്തിലും പരസ്പര ധാരണയിലും ഒരു ടീം കളിക്കുമ്പോൾ എന്തുചെയ്യാനാകും! ജോഗാ ബൊനീറ്റോ - ബ്രസീൽ വന്നത് കളി ജയിക്കാൻ മാത്രമല്ല, കളിയെ ആസ്വദിക്കാനും ആസ്വദിപ്പിക്കാനുമായാണ്.

റിചാർലിസൺ

ഗോൾകീപ്പർ അലിസനെ മാറ്റി, വേവേർട്ടനെ ഇറക്കിയപ്പോൾ തന്റെ സ്‌ക്വാഡിലെ 26 താരങ്ങളെയും കൽപ്പിക്കുന്ന ലോകകപ്പിലെ ആദ്യ കോച്ചായി ടിറ്റെ ചരിത്രം കുറിച്ചു. യൂറോപ്യൻ പ്രായോഗികതയെ തള്ളിക്കളയുന്നു എന്ന് പറഞ്ഞാലും തങ്ങളുടെ കളിയിൽ അതും കൂട്ടിച്ചേർക്കാൻ ബ്രസീൽ ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇന്നലത്തെ രണ്ടാം പകുതി. ആദ്യ പകുതിയിൽ അനായാസം നാല് ഗോളുകൾ നേടിയ ടീം രണ്ടാം പകുതിയായപ്പോൾ അവരുടെ വേഗതയും നീക്കങ്ങളുമെല്ലാം കുറച്ചത് കാണാനാവും. കൂടുതൽ അധ്വാനിച്ചു ക്ഷീണിതരാകേണ്ട, പരിക്ക് ഒരു വില്ലന്റെ രൂപത്തിൽ കളിക്കാരെ ബാധിക്കരുത് എന്ന തികച്ചും പ്രായോഗികമായ തീരുമാനം. ഇതൊരു മോശം തീരുമാനമെന്നോ ഫുട്ബാളിന്റെ രസംകൊല്ലിയെന്നോ നമുക്ക് പറയാനാവില്ല. മറിച്ചു വരാനിരിക്കുന്ന മത്സരങ്ങളെ മുന്നിൽകണ്ട് എടുത്ത ഉചിതമായൊരു തീരുമാനം. ഇവിടെയാണ് യൂറോപ്യൻ പ്രായോഗികവാദം ഫുട്ബാൾ ലോകത്തെ എത്രത്തോളം സ്വാധീനിച്ചു എന്നു നമ്മൾ മനസ്സിലാക്കേണ്ടത്.

ഡിഫൻസ് നിരയൊഴിച്ച് നിർത്തിയാൽ മിഡ്‌ഫീൽഡ്, അറ്റാക്കിങ് ലൈനുകൾ ഏതെന്ന് വ്യക്തമല്ലാത്ത വിധം ചടുലമായ ബ്രസീലിയൻ നിര, രണ്ടാം പകുതിയിലെത്തിയപ്പോൾ കുറച്ചുകൂടി അച്ചടക്കം പാലിക്കുന്നത് കണ്ടു. ആധുനിക ഫുട്ബാളിൽ വിജയം കൈവരിക്കാൻ ആസ്വാദനം മാത്രമല്ല, പ്രായോഗികതയും വളരെ പ്രധാനപ്പെട്ടതാണെന്നുള്ള യൂറോപ്യൻ ശൈലി ബ്രസീലും ഒരുതരത്തിൽ ഏറ്റെടുത്തുവെന്നാണ് തെളിയുന്നത്. തൊണ്ണൂറാം മിനിട്ടിലും കളിയുടെ മനോഹാരിതക്ക് ഒരു കോട്ടവും സംഭവിക്കരുതെന്നു വാശിപിടിക്കുന്ന യോഹാൻ ക്രൈഫിന്റെ ശൈലി മുറുകെപ്പിടിക്കുന്ന പെപ് ഗ്വാർഡിയോള അടക്കമുള്ളവർ ഇന്ന് തങ്ങളുടെ കളിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല, കാലത്തിന്റെ അനിവാര്യതായിട്ടു വേണം മനസിലാക്കാൻ.

അൽജനൂബ് സ്റ്റേഡിയത്തിൽ അവസാനിച്ച ക്രൊയേഷ്യ-ജപ്പാൻ പോരാട്ടം ഈ പ്രായോഗികതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. സ്ലോ ഫുട്ബാൾ കളിച്ച് ദീർഘനേരം എതിരാളിയെ ഗോൾ നേടാൻ അനുവദിക്കാതെയുള്ള ക്രോയേഷ്യൻ രീതി ഇന്നലെ അവർ ജപ്പാനെതിരെയും ഭംഗിയായി നടപ്പിലാക്കി. 2018 ലോകകപ്പ് കണ്ടവർക്കറിയാം തങ്ങളുടെ എല്ലാ നോക്കൗട്ട് ഗേമിലും ക്രൊയേഷ്യ 120 മിനിറ്റ് വരെ കളിച്ചാണ് ഫൈനൽ വരെയെത്തിയത്. എതിരാളിയെ കുഴപ്പിക്കും വിധം പതുക്കെയാക്കി അവരെ ശാരീരികമായും മാനസികമായും തളർത്തിക്കൊണ്ടുള്ള കളി ഇന്നലെ അവർ ജപ്പാനെതിരെയും പുറത്തെടുത്തു. പെനൽറ്റി ഷൂട്ടൗട്ട് വരെയുള്ള നീക്കങ്ങൾ കൃത്യമായി കണക്കുകൂട്ടിയാണ് ക്രൊയേഷ്യ മുന്നോട്ടു പോയത്. പെനൽറ്റി ഷൂട്ടൗട്ടിനെ നിർണയിക്കുന്ന പ്രധാന ഘടകമായ അനുഭവസമ്പത്തും ജപ്പാനുമേൽ അവർക്ക് ആവോളമുണ്ടായിരുന്നു. ഇന്നലെ സേവ് ചെയ്ത മൂന്ന് ഷോട്ടുകളും കണ്ടാൽ മനസിലാവും ജാപ്പനീസ് താരങ്ങൾ എത്രത്തോളം സമ്മർദ്ദത്തിലായിരുന്നുവെന്ന്. ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ചിനെ തെല്ലും ഭയപ്പെടുത്താതിരുന്ന ഷോട്ടുകളായിരുന്നു അത് മൂന്നും. പക്ഷേ അനുഭവസമ്പത്തുള്ള ക്രൊയേഷ്യക്കാർ തങ്ങളുടെ ജോലി ഗംഭീരമായി തന്നെ നിർവഹിച്ചു.

ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യപ്പറ്റി പറയുമ്പോൾ ലൂക്കാ മോഡ്രിച്ചിനെപ്പറ്റി എങ്ങനെയാണു പറയാതിരിക്കുക. ഗ്രൗണ്ടിലെ ഏറ്റവും പ്രായമേറിയ കളിക്കാരനായ ആ മുപ്പത്തിയേഴുകാരൻ ക്യാപ്റ്റൻ ഇന്നലെയും തളരാതെ തന്നെ മധ്യനിര നിയന്ത്രിച്ചു. പ്രായാധിക്യത്താൽ തന്റെ വേഗതക്കും പ്രതിരോധശേഷിക്കും ഇടിവുപറ്റിയ ഈ റയൽ മാഡ്രിഡ് ഇതിഹാസം മികച്ച പാസുകളാൽ ഇപ്പോഴും ക്രൊയേഷ്യൻ മധ്യനിര തന്റെ കയ്യിൽ ഭദ്രമായി സൂക്ഷിക്കുന്നു. നാല് വർഷം മുൻപ് എല്ലാ കളിയിലും മുഴുസമയം കളിച്ച മോഡ്രിച് ഇന്നലെ 97ആം മിനിറ്റിൽ സബ് ചെയ്തപ്പോൾ ഏതൊരു ഫുട്ബാൾ ആരാധകനും ഒന്ന് വിഷമിച്ചിട്ടുണ്ടാവാം. ക്രൊയേഷ്യൻ താരങ്ങൾക്കും ആരാധകർക്കും അത് ചെറിയ ആശങ്കയും പരത്തിയിട്ടുണ്ടാവാം. ഇന്നും പകരക്കാരനില്ലാത്ത ഈ ഫുട്ബാൾ ഇതിഹാസത്തിന്റെ പ്രായം അയാളെ ഇനിയെത്രനാൾ കളിക്കാനനുവദിക്കും എന്നതൊരു വലിയ ചോദ്യമാണ്. മോഡ്രിച്ചിന് പുറമെ ഭൂരിഭാഗം ക്രൊയേഷ്യൻ താരങ്ങളും മുപ്പതു പിന്നിട്ടവരാണ്. കഴിഞ്ഞ ലോകകപ്പിൽ നടപ്പാക്കിയ സ്ലോ ഫുട്ബാൾ കൊണ്ട് വേഗതയും കഴിവും ആവോളമുള്ള കരുത്തരായ ബ്രസീലിയൻ നിരയെ എങ്ങനെ പിടിച്ചു കെട്ടാനാവും, എത്ര സമയം അവരെ പ്രതിരോധിക്കാനാവും എന്ന ആശങ്കയിലായിരിക്കും ക്രൊയേഷ്യൻ ക്യാമ്പിപ്പോൾ. പ്രായോഗികതയും ചടുലതയും തമ്മിൽ ക്വാർട്ടറിൽ മാറ്റുരക്കുമ്പോൾ ഈ ചോദ്യങ്ങളാവും കളിയെ നിർണയിക്കുക.

Show More expand_more
News Summary - arabian nights six