Begin typing your search above and press return to search.
proflie-avatar
Login

മൊറോക്കൻ കാറ്റിൽ വേരറ്റുപോയ ടിക്കി ടാക്ക

മൊറോക്കൻ കാറ്റിൽ വേരറ്റുപോയ ടിക്കി ടാക്ക
cancel

അഷ്‌റഫ് ഹകീമി.. സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ മൊറോക്കോൻ ദമ്പതികളായ ഹസ്സനും സൈദക്കും പിറന്നവൻ. ഇന്നലെ നാലാമത്തെ പെനൽറ്റി എടുക്കാൻ വളരെ ശാന്തനായാണ് ഹകീമി നടന്നുവന്നത്. തന്റെ ടീമംഗങ്ങൾ നേടിക്കൊടുത്ത ലീഡിന്റെ ബലം കൂടെയുണ്ടെങ്കിലും ഇതൊരു ലോകകപ്പ് ഷൂട്ട് ഔട്ടാണ്. പക്ഷെ അതിന്റെ വ്യാകുലതകളൊന്നും അയാൾ പ്രകടിപ്പിച്ചില്ല. മറിച്ച് സ്പാനിഷ് ഗോൾകീപ്പർ ഉനായി സിമോൺ നല്ല ഭയത്തിലായിരുന്നു. കാരണം ഇത് തടഞ്ഞില്ലെങ്കിൽ സ്പെയിൻ പുറത്തേക്കു പോവും. ഇതേതു വശത്തെക്കാവും ഹകീമി അടിക്കുക എന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. പക്ഷെ ലോകത്തെല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ടൊരു മനോഹരമായ പനേങ്ക കിക്ക്‌. ഒരു ചെറുതലോടൽ കിട്ടിയ പന്ത് വളരെ മെല്ലെ,അതിന്റെ സമയമെടുത്തുകൊണ്ട് ഉനായി സിമോനെയടക്കം കാഴ്ചക്കാരനാക്കി ഗോൾവലയുടെ മധ്യഭാഗത്ത് മൃദുവോടെ പതിച്ചു. തികഞ്ഞ ആത്മവിശ്വാസമുള്ള ഒരാൾക്ക് മാത്രം അടിക്കാൻ കഴിയുന്ന പനേങ്ക കിക്ക്‌.

ശക്തരായ സ്പാനിഷ് ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും തന്റെ വേരുകളുള്ള മൊറോ​ക്കോക്കായി ബൂട്ടുകെട്ടാൻ നിശ്ചയിച്ചയാളാണ് ഹകീമി. സ്പാനിഷുകാർക്കെതിരായ ചരിത്ര വിജയത്തിലേക്കുള്ള ആ കിക്ക് തൊടുക്കാൻ ഹകീമിയോളം യോഗ്യത ആർക്കാണുള്ളത്?. ഫ്രഞ്ച്-സ്പാനിഷ് കോളനിവത്കരണത്തിനു ഇരയാക്കപ്പെട്ട അനേക ലക്ഷം മൊറോക്കൻ ജനതയുടെ പിന്തുണയും പ്രാർഥനയും കൂടെയുള്ളപ്പോൾ ആ പന്ത് പോസ്റ്റിലേക്കല്ലാതെ എങ്ങോട്ടുതെറിക്കാനാണ്.. ഹകീമിയോടൊപ്പം ഈ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹകീം സിയാഷ്, സുഫിയാൻ അംറബാത്, യൂസഫ് എൽ-നെസീരി, നുസൈർ മസ്രാവി എന്നിവരെല്ലാം മൊറോക്കോയുടെ വീരനായകരാകുകയാണ്.

അഷ്റഫ് ഹകീമി മൊറോക്കൻ പതാകയുമായി

ഫുട്ബാളിൽ ഒന്നും സുനിശ്ചിതമല്ല. താരങ്ങളും, കളിമികവും, തന്ത്രങ്ങളും ഒന്നും. ചിലതു കാലക്രമേണ ഇല്ലാതാവും, ചിലതു അതിനേക്കാൾ വലുതെന്തോ വരുമ്പോൾ വഴിമാറിക്കൊടുക്കാൻ ബാധ്യസ്ഥരാവും. യൊഹാൻ ക്രൈഫിന്റെ കാലഘട്ടം മുതൽ നിർമിച്ചെടുത്ത, ബാഴ്സലോണയിലൂടെ ലോകത്തെ അതിശയപ്പെടുത്തിയ സ്പാനിഷ് ടികി-ടാക ശൈലി നോക്കൂ. പൊസഷൻ, പൊസിഷൻ എന്നീ അടിസ്ഥാന മൂല്യങ്ങൾ കൊണ്ട് നിർമിക്കപ്പെട്ട ഈ ശൈലി കഴിഞ്ഞ ഏതാനും നാളുകളായി ബാഴ്സലോണക്ക് തന്നെ വിനയായിമാറിക്കൊണ്ടിരിക്കുകയാണ്. പന്തടക്കമില്ലാതെ തന്നെ കളിയെ നിയന്ത്രിക്കാൻ പഠിച്ച ടീമുകൾക്കു ഈ പൊസഷൻ ഫുട്ബോൾ കാര്യമായൊരു വെല്ലുവിളിയുമുയർത്തുന്നില്ല. ലൂയിസ് എന്റിക്വയുടെ സ്പാനിഷ് നിരക്ക് പന്തടക്കം ആവോളമുണ്ടായിരുന്നെങ്കിലും അവർക്കൊരിക്കലും മൊറോക്കൻ പ്രതിരോധ നിരക്ക് ഭീഷണിയാവാൻ സാധിച്ചില്ല.ലക്ഷ്യബോധമില്ലാതെ വശങ്ങളിലേക്ക് പാസ് നൽകി കളിച്ചവർ വിജയിക്കുമെന്ന തോന്നൽ ഉണ്ടാക്കിയതേയില്ല. ഇതേ ശൈലികൊണ്ട് ഫുട്ബാൾ ലോകത്തെ അതിശയിപ്പിച്ച നിലവിലെ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയടക്കം നിരന്തരം മാറ്റങ്ങൾക്കായി ശ്രമിക്കുമ്പോൾ എന്റിക്വയുടെ സ്പാനിഷ് സംഘം പരിണാമങ്ങളില്ലാതെ വലയുന്നു. പൊസഷൻ ഇല്ലാതെ മികച്ച അച്ചടക്കത്തോടെ കളിക്കുന്ന ടീമുകളുടെ കളിയെ നെഗറ്റിവ് ഫുട്ബാൾ എന്ന് പറയുന്നവർ ഇന്നലത്തെ സ്പാനിഷ് ടീമിന്റെ കളിയെയും ബോറിങ് ആയിട്ട് തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. മറുപക്ഷത്ത് തങ്ങളുടെ അവസരത്തിനായി കാത്തുനിന്ന മൊറോക്കാൻ താരങ്ങൾ ഒരോ തവണ പന്തിനെ മുന്നോട്ടു കൊണ്ടുപോയപ്പോഴും അപകടം മണത്തിരുന്നു. ഇന്നലത്തെ കളിയിൽ എടുത്തുപറയേണ്ട പ്രകടനം മൊറോക്കൻ ഡിഫൻസിവ് മിഡ്‌ഫീൽഡർ സുഫിയാൻ അംറബാത്തിനെയാണ്. സെർജിയോ ബുസ്‌കസ്റ്റ്സ് എന്ന ഇതിഹാസതാരത്തെയും, പെഡ്രി, ഗാവി എന്നിവരടങ്ങുന്ന യുവതാരങ്ങളെയും കളിയിൽ നിലയുറപ്പിക്കാൻ അയാൾ അനുവദിച്ചില്ല. മൂവരുടെയും മുന്നോട്ടുള്ള പാസുകൾ തടയുക മാത്രമല്ല, മികച്ച കൗണ്ടർ അറ്റാക്കിനും അയാൾ വഴിയൊരുക്കി. അറ്റംപ്റ് ചെയ്ത ടാക്കിളുകളും, ഗ്രൗണ്ട് ഡ്യൂവലുകളും നൂറു ശതമാനം കൃത്യതയോടെയാണ് അംറബാത് നിറവേറ്റിയത്. മൊറോക്കോയുടെ പെനൽറ്റി ഹീറോയായ ഗോൾകീപ്പർ യാസീൻ ബൊനൗയെയുടെ പ്രകടനവും ഇവിടെ പരാമർശിക്കാതിരിക്കാനാകില്ല. ഹകീമിയുടെ ശാന്തത കണ്ട ഞെട്ടിയ ലോകം ഈ സെവിയ്യ ഗോൾകീപ്പറെ കൂടി നോക്കണം. അപാരമായ ആത്മവിശ്വാ​സത്തോടെയാണ് അയാൾ ആ മൂന്നു പെനൽറ്റിയും സേവ് ചെയ്തത്. ഗോൾ ലൈനിന്റെ മധ്യഭാഗത്തു നിന്ന് സ്പാനിഷ് ടേക്കർമാരെ സൂക്ഷ്മം നിരീക്ഷിച്ചു അവസാനനിമിഷം വരെ ഒരു വശത്തേക്ക് ഡൈവ് ചെയ്യാതെ കിക്ക് എടുത്തതിന് ശേഷം മാത്രം കൃത്യമായ ദിശയിലേക്കു ചാടി രക്ഷപ്പെടുത്തിയ മൂന്നുപെനൽറ്റിയും മൊറോക്കോയ്ക്ക് സമ്മാനിച്ചത് ചരിത്രമാണ്. ലോകകപ്പ് ക്വാർട്ടർ കളിക്കുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി.

ബുസ്ക്വറ്റ്സ് പെനൽറ്റി പാഴാക്കിയ നിരാശയിൽ

തന്റെ കിക്ക് നഷ്ടപ്പെടുത്തിയ സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ ബുസ്‌ക്‌ട്സ്‌ തന്റെ അവസാന ലോകകപ്പ് മത്സരമാവും ഇന്നലെ കളിച്ചത്. തീർച്ചയായും ഒരു കാലഘട്ടത്തിന്റെയും, ഒരു ഫുട്ബാൾ ശൈലിയുടെയും വക്താവ് തന്നെയായി അയാൾ ഓർമിക്കപ്പെടും. പക്ഷെ ഈ പെനൽറ്റി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഈ പടിയിറക്കം എതൊരു സാമ്രാജ്യവും ഒരുനാൾ വീഴും എന്ന പാഠം പ്രതീകാത്മായി നമുക്ക് കാണിച്ചുത്തരുന്നു. കളിക്ക് ശേഷം തങ്ങളുടെ പതാകക്കൊപ്പം ഫലസ്തീൻ പതാകയും വീശിയ മൊറോക്കൻ താരങ്ങൾ എന്ത് തരത്തിലുള്ള അധിനിവേശവും ഒരു നാൾ അവസാനിക്കും എന്ന സന്ദേശം കൂടിയാണ് ലോകത്തോട് ഉയർത്തിപ്പിടിച്ചത്.

മേൽ പറഞ്ഞ മറ്റൊരു കൈമാറൽ അല്പസമയ ശേഷം ലുസൈൽ സ്റ്റേഡിയത്തിലും നമ്മൾ കണ്ടു. ലോകകപ് സ്റ്റാർട്ടിങ് ഇലവനിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാനായി കളത്തിലിറങ്ങി ഉജ്ജ്വലമായ ഹാട്രികിനാൽ സ്വിസ് പ്രതിരോധത്തെ തകർത്ത ഗോൺസാലോ റാമോസിന്റെ രാത്രികൂടിയായിരുന്നു ഇന്നലെ. നീണ്ട ഇരുപതു വർഷത്തോളം പോർച്ചുഗലിന് വേണ്ടി പന്തുതട്ടിയ അന്താരാഷ്‌ട്ര ഫുട്ബാളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ, അഞ്ചു ബാലൻ ഡി ഓർ ജേതാവായ, CR7 എന്ന ​ആഗോള ബ്രാൻഡ് സ്റ്റാർട്ടിങ് ലൈനപ്പിൽ ഇല്ലാതായപ്പോൾ തീർച്ചയായും ഭൂരിഭാഗം ജനതയും ഒന്ന് ഞെട്ടിയിട്ടുണ്ടാവും. സമീപ കാലത്ത് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഫോമിലെത്താത്ത ഈ 37 കാരൻ ബെഞ്ചിലാവുമോ എന്ന സൂചനകളുണ്ടായിരുന്നെങ്കിലും നിർണായക മത്സരത്തിൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഈ തീരുമാനമെടുക്കും എന്നാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷെ സാന്റോസിന്റെ തീരുമാനം പൂർണമായും ശെരിവെക്കുന്നവിധം ഗോൺസാലോ റാമോസ് കളം നിറഞ്ഞാടിയപ്പോൾ സ്വിസ് പടക്ക് മറുപടിയൊന്നുമില്ലായിരുന്നു. സൂപ്പർ താരങ്ങളായ ബ്രൂണോ ഫെർണാണ്ടസും, ബെർണാർഡോ സിൽവയും തങ്ങളുടെ മിന്നും ഫോം കൊണ്ട് മിഡ്‌ഫീൽഡ് അടക്കി വാണു. മിന്നും ഗോളുകൾ മാത്രമല്ല തന്റെ കയ്യിലുള്ളതെന്നു ഗോൺസാലോ റാമോസ് ഇന്നലെ വ്യക്തമാക്കി. ഇന്നത്തെ കാലത്തു റൊണാൾഡോ ചെയ്യാൻ പാടുപെടുന്ന പ്രെസിങ്, ലിങ്ക് അപ്പ് പ്ലേയ്, എതിർ ടീമിന്റെ പാസിംഗ് ബ്ലോക്ക് ചെയ്യുക എന്ന കാര്യങ്ങൾ റാമോസ് ചെയ്യുന്നു. അതുകൊണ്ടുതന്നെ ആരെ കളിപ്പിക്കണം എന്ന് സാന്റോസിനു ഇപ്പോൾ സംശയിക്കേണ്ടതില്ല. ഗ്രൂപ്പ് കളികളിൽ ബുദ്ധിമുട്ടിയ പോർചുഗൽ ഇന്നലത്തെ കളിയോടുകൂടി ബാക്കിയുള്ളവർക്ക് തങ്ങൾ ഇവിടെയുണ്ടെന്ന ശക്തമായ സന്ദേശം കൂടിയാണ് നൽകുന്നത്..


ഫുട്ബാൾ ഒരു കാലചക്രം പോലെത്തന്നെയാണ്, അതാർക്ക് വേണ്ടിയും കാത്തിരിക്കില്ല, വന്മരങ്ങളെല്ലാം ഒരു നാൾ വീഴുമെന്ന പ്രകൃതി നിയമം ബെഞ്ചിലിരിക്കുന്ന റൊണാൾഡോയും തലകുനിച്ചു നടക്കുന്ന ബുസ്ക്വറ്റ്സും കാണിക്കുന്നു.

Show More expand_more
News Summary - Morocco knock out Spain on penalties